പേരാമ്പ്രയുടെ ഗതികേടുകൾ

സ്ഥാനാർഥി നിർണയം ലാഭകരമായ ബിസിനസാക്കി മാറ്റുന്ന പാർട്ടി തന്ത്രത്തിന്റെ നിസ്സഹായരായ ഇരകളാവുകയാണ് പേരാമ്പ്രയിലെ ഒരു വിഭാഗം വോട്ടർമാർ. അവർക്കുമുന്നിൽ, തെരഞ്ഞെടുപ്പിന് ഒരു ഓപ്ഷനില്ല.

Election Desk

1980 മുതൽ 2016 വരെയുള്ള ഒമ്പതുതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സി.പി.എം ജയിക്കുന്ന മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. സമീപകാലത്ത് നടന്ന ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു 2016ലേത്. സി.പി.എമ്മിലെ ടി.പി. രാമകൃഷ്ണൻ കേരള കോൺഗ്രസി (എം) ലെ മുഹമ്മദ് ഇക്ബാലിനെ തോൽപ്പിച്ചത് വെറും 4101 വോട്ടിനാണ്.

മുമ്പത്തെ തെരഞ്ഞെടുപ്പിൽ, 2011ൽ സി.പി.എമ്മിലെ കെ. കുഞ്ഞമ്മദിന്റെ ഭൂരിപക്ഷം 15,269 വോട്ടായിരുന്നു, മുഹമ്മദ് ഇക്ബാലിനെതിരെ തന്നെ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ എതിർ സ്ഥാനാർഥിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇപ്പോൾ എൽ.ഡി.എഫിലാണ്. അതുകൊണ്ട് ശരിക്കും എൽ.ഡി.എഫിനെ സംബന്ധിച്ച് ‘എതിരില്ലാത്ത' ഒരു തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ടി.പി. രാമകൃഷ്ണൻ തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

മാണി ഗ്രൂപ്പ് മുന്നണി വിട്ട ഒഴിവിൽ, സീറ്റ് ലഭിച്ചത് മുസ്‌ലിം ലീഗിനാണ്. സ്ഥാനാർഥി പട്ടിക, ലീഗ് പേരാമ്പ്രയെ ഒഴിച്ചിട്ടാണ് ആദ്യം പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ കിട്ടാഞ്ഞിട്ടല്ല, സംസ്ഥാന നേതൃത്വം തീരുമാനിച്ച ആ സ്ഥാനാർഥിയെ വേണ്ട എന്ന് മണ്ഡലത്തിലെ പ്രാദേശിക അണികൾക്ക് നിർബന്ധം. പരസ്യമായിത്തന്നെ അവർ പ്രതിഷേധിച്ചു.

പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിംകുട്ടിയെയാണ് ലീഗ് പരിഗണിച്ചത്. ട്രാവൽ ആന്റ് ടൂറിസം മേഖലയിലെ വ്യവസായിയാണ്, നല്ല ജീവകാരുണ്യമുള്ളയാളാണ്... ലീഗിന്റെ കണക്കിൽ ഒരു സ്ഥാനാർഥിയാകാൻ വേണ്ട ഇത്തരം മികച്ച ഗുണഗണങ്ങളെല്ലാമുള്ള ആൾ തന്നെയാണ് ഇബ്രാഹിംകുട്ടി. എന്നാൽ, അണികൾ സമ്മതിക്കുന്നില്ല. കാരണം, പണം കൊടുത്താണ് ഇബ്രാഹിംകുട്ടി സീറ്റ് വാങ്ങിയതെന്ന് ലീഗുകാർ തന്നെയായ ലീഗിന്റെ ശത്രുക്കൾ സോഷ്യൽ മീഡിയയിൽ പ്രചാരണമഴിച്ചുവിട്ടു.

‘ഏതെങ്കിലും മുന്നണിയിൽനിന്ന് സീറ്റ് കാശ് കൊടുത്ത് വാങ്ങാൻ തനിക്ക് ശേഷിയില്ല' എന്നെല്ലാം ഇബ്രാഹിംകുട്ടി നെഞ്ചത്തുകൈവെച്ച് പറഞ്ഞെങ്കിലും ആര് വിശ്വസിക്കാൻ? എതിർ സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ പറഞ്ഞത്, ഇബ്രാഹിംകുട്ടിയുടെ രീതികൾ വെച്ച് ഈ ആരോപണം തള്ളിക്കളയാനാകില്ല എന്നാണ്. അപ്പോൾ, ഇബ്രാഹിംകുട്ടിയുടെ കൂടുതൽ ചില രീതികൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. വ്യവസായികൾക്ക് ബി.ജെ.പി നേതാക്കളോട് തൊട്ടുകൂടായ്മ കാണിക്കാനാകില്ല എന്ന ഋജുവായ സത്യം തിരിച്ചറിയാത്ത ഏതോ യൂത്ത്‌ലീഗുകാരുടെ പണിയായിരുന്നുവത്രേ.

അതോടെ, പ്രാദേശിക അണികൾ തിളച്ചുമറിഞ്ഞു. പാണക്കാട്ടുനിന്ന് കൊണ്ടുവന്ന പട്ടിക അംഗീകരിക്കുന്ന പ്രശ്‌നമില്ല, ഇങ്ങനെയൊരാളെ കോണി ചിഹ്‌നത്തിൽ മത്സരിക്കാൻ അനുവദിക്കില്ല- അവർ ആണയിട്ടു. അണികളുടെ വികാരത്തിന് സി.പി.എമ്മിനുപോലും കീഴടങ്ങേണ്ടിവന്ന സ്ഥിതിയാണ്. ലീഗ് നേതൃത്വം വഴങ്ങി. ഇബ്രാഹിംകുട്ടിക്ക് കോണി കൊടുക്കുന്ന പ്രശ്‌നമേയില്ല. പകരം, യു.ഡി.എഫിന്റെ പൊതുസ്വതന്ത്രനായി മത്സരിക്കും. ‘‘പ്രാദേശിക തലത്തിൽനിന്ന് ഇബ്രാഹിംകുട്ടിയെ മത്സരിപ്പിക്കണമെന്ന് ആവശ്യമുയർന്നു. മത്സരിക്കണമെന്ന് ഇബ്രാഹിംകുട്ടിയും ആവശ്യപ്പെട്ടു. ഈ രണ്ടു ആവശ്യങ്ങളും പരിഗണിച്ച് അദ്ദേഹത്തെ പിന്തുണക്കാൻ തീരുമാനിച്ചു'' എന്നാണ് വിശദീകരണം.

2019- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില
2019- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില

ഒരു ‘പൊതു' ചേർത്തപ്പോൾ ലീഗ് നേതൃത്വത്തിനും അണികൾക്കും യു.ഡി.എഫിന് ആകമാനവും സ്വീകാര്യനായി മാറി ഈ സ്ഥാനാർഥി. പെയ്ഡ് പരാതിയും യോഗി സൗഹൃദവുമെല്ലാം മറന്ന് ഏപ്രിൽ ആറിന് അണികൾ അച്ചടക്കത്തോടെ ബൂത്തിൽ പോയി വോട്ടുചെയ്തുകൊള്ളും.

എന്നാൽ, കെ.പി.സി.സി പ്രസിഡന്റിന്റെ ഒരു നാക്കുപിഴയിൽ പിടിച്ച് സ്ഥലത്തെ ചില കോൺഗ്രസുകാർ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. 40 വർഷമായി മാണി വിഭാഗം മത്സരിക്കുന്ന സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാകുമെന്ന് ഏതോ ദുർബല നിമിഷത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞുപോയിട്ടുണ്ട്. ആ വാക്കിൽ പിടിച്ച്, പേരാമ്പ്രയിൽ പൊതുസ്ഥാനാർഥിയെ നിർത്തുമെന്നൊക്കെ 'കോൺഗ്രസ് കൂട്ടായ്മ' ഭീഷണി മുഴക്കിയിരുന്നു.

സ്ഥാനാർഥി നിർണയം ലാഭകരമായ ബിസിനസാക്കി മാറ്റുന്ന പാർട്ടി തന്ത്രത്തിന്റെ നിസ്സഹായരായ ഇരകളാവുകയാണ് പേരാമ്പ്രയിലെ ഒരു വിഭാഗം വോട്ടർമാർ. അവർക്കുമുന്നിൽ, തെരഞ്ഞെടുപ്പിന് ഒരു ഓപ്ഷനില്ല. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണെങ്കിലും പേരാമ്പ്രയിൽ മികച്ച ഒരു രാഷ്ട്രീയ മത്സരത്തിന്റെ സാധ്യത സൂചിപ്പിക്കുന്നതാണ് 2016ലെ തെരഞ്ഞെടുപ്പുഫലം. ആ സാധ്യത ഇത്തവണ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

1957 മുതൽ മിക്കവാറും കമ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിക്കുന്ന മണ്ഡലം. മൂന്നുതവണ മാത്രമാണ് കമ്യൂണിസ്റ്റുകാരല്ലാത്തവർ ജയിച്ചത്. 1957ൽ സി.പി.ഐയുടെ കുമാരൻ മഠത്തിലാണ് ജയിച്ചത്. 1960ൽ പി.എസ്.പി- കോൺഗ്രസ് മുന്നണിക്കുവേണ്ടി പി.എസ്.പിയിലെ പി.കെ. നാരായണൻ നമ്പ്യാരും 1970ൽ കോൺഗ്രസിലെ കെ.ജി. അടിയോടിയും 1977ൽ കേരള കോൺഗ്രസിലെ ഡോ. കെ.സി. ജോസഫും എം.എൽ.എമാരായി. 1980ൽ സി.പി.എമ്മിന്റെ വി. ദക്ഷിണാമൂർത്തി. 1982, 1987 വർഷങ്ങളിൽ എ.കെ. പത്മനാഭൻ. തുടർന്ന് രണ്ടു തെരഞ്ഞെടുപ്പുകളിൽ എൻ.കെ. രാധ. 2001ൽ ടി.പി. രാമകൃഷ്ണൻ. 2006, 2011 വർഷങ്ങളിൽ കെ. കുഞ്ഞമ്മദ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ യു.ഡി.എഫിന് 13,204 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫ് തൂത്തുവാരി.
അരിക്കുളം, മേപ്പയൂർ, തുറയൂർ, ചെറുവണ്ണൂർ, പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപ്പാറ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.



Summary: സ്ഥാനാർഥി നിർണയം ലാഭകരമായ ബിസിനസാക്കി മാറ്റുന്ന പാർട്ടി തന്ത്രത്തിന്റെ നിസ്സഹായരായ ഇരകളാവുകയാണ് പേരാമ്പ്രയിലെ ഒരു വിഭാഗം വോട്ടർമാർ. അവർക്കുമുന്നിൽ, തെരഞ്ഞെടുപ്പിന് ഒരു ഓപ്ഷനില്ല.


Comments