ബോബ് ഡിലന്, കെ.ജി. ജോർജിന്, പിണറായി വിജയന് ജന്മദിനാശംസകൾ

ഇന്ന് ബോബ് ഡിലന്റെ ജന്മദിനമാണ്. പത്ര വാർത്തയനുസരിച്ച് കെ.ജി. ജോർജിനും പിണറായി വിജയനും ഇന്ന് ജന്മദിനമാണ്. മൂന്നുപേരും ഈ ലോകത്തിനെ അവരവരുടെ രീതിയിൽ സേവിക്കുന്നവരാണ്. മൂന്നുപേർക്കും ജന്മദിനാശംസകൾ.

വേണു

സംഭവിക്കണമെന്ന് കഠിനമായി ആഗ്രഹിച്ചത് സംഭവിച്ചുവെന്നറിയുമ്പോൾ പെട്ടെന്നുണ്ടാകുന്ന ആഹ്ലാദത്തിന്റെ ആവേശത്തിൽ, പരിസരം മറന്ന് ഉച്ചത്തിൽ പ്രതികരിച്ചു പോയ രണ്ടനുഭവങ്ങളാണ് എന്റെ ഓർമയിലുള്ളത്.

ആദ്യത്തെ അനുഭവം തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്കുള്ള വിമാനത്തിൽ വെച്ചാണ് ഉണ്ടായത്. 1995 സെപ്റ്റംബറിലായിരുന്നു അത്.

അന്നൊക്കെ വിമാനത്തിൽ വിശാലമായി ഭക്ഷണവും പത്രങ്ങളും കിട്ടും. പുകവലിയും ആകാം. അന്നത്തെ ലോക ചെസ് ചാമ്പ്യനായ ഗാരി കാസ്പറോവിന് വെല്ലുവിളിയുമായി ഒരു മദ്രാസുകാരൻ പയ്യൻ ന്യൂയോർക്കിൽ ലോക കിരീടത്തിനായി കളിക്കുന്ന സമയമായിരുന്നു അത്. അന്ന് കാസ്പറോവിനെ നേരിടാൻ യോഗ്യത നേടിയ ആ മദ്രാസുകാരൻ വിശ്വനാഥൻ ആനന്ദ് ആയിരുന്നു. ലോക ചെസ്സിൽ ആർക്കും തൊടാനാകാത്ത ഉയരത്തിലാണ് അന്ന് കാസ്പറോവിന്റെ സ്ഥാനം. ആനന്ദിന്റെ വെല്ലുവിളി എങ്ങനെ അവസാനിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

ഗാരി കാസ്പറോവിനോട് മത്സരിക്കുന്ന വിശ്വനാഥൻ ആനന്ദ്
ഗാരി കാസ്പറോവിനോട് മത്സരിക്കുന്ന വിശ്വനാഥൻ ആനന്ദ്

ആദ്യത്തെ കളി സമനിലയിൽ പിരിഞ്ഞത് ആനന്ദിന്റെ ധീരതയുടെ അടയാളമായി വാഴ്ത്തപ്പെട്ടു. അടുത്ത കളി കാസ്പറോവ് ജയിക്കും എന്ന് പലരും പറഞ്ഞെങ്കിലും അതും സമനിലയായി. ആനന്ദിനെ ആളുകൾ കുടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഏവരേയും അതിശയിപ്പിച്ചും കാസ്പറോവിനെ തിർത്തും അസ്വസ്ഥനാക്കിയും അടുത്ത ആറു കളിയടക്കം ആദ്യത്തെ എട്ട് കളികളികളും ആനന്ദ് സമനിലയിലാക്കി. കാസ്പറോവിനെതിരെയുള്ള ഓരോ സമനിലകളും ആനന്ദിന്റെ ചെറുത്തുനിൽപ്പിന്റെ വിജയങ്ങളായി ലോകം കണ്ടു. ഒമ്പതാമത്തെ കളി കഴിഞ്ഞ ദിവസമായിരുന്നു. ഫലം അറിഞ്ഞിട്ടില്ല.

രാവിലെ ആറ് മണിക്കുള്ള മദ്രാസ് വിമാനത്തിൽ കയറി ഇരുന്ന ഉടനെ പത്രമെടുത്ത് സ്‌പോർട്സ്​ പേജ് തുറന്നപ്പോൾ ആദ്യം കണ്ടത് ആനന്ദിന് വിജയം എന്ന വാർത്തയാണ്. ലോകത്തെ ഞെട്ടിച്ച്, എട്ട് സമനിലകൾക്കൊടുവിൽ ഒമ്പതാമത്തെ കളി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വിജയിച്ചിരിക്കുന്നു! കാസ്പറോവിന് തോൽവി. ഞാനറിയാതെ എന്റെയുള്ളിൽ നിന്ന് ഉച്ചത്തിൽ ഒരു ആഹ്ലാദാരവം പുറത്ത് വന്നു. അടുത്തിരുന്നവർ തിരിഞ്ഞ് നോക്കി. അതുകണ്ട് ഒരു എയർ ഹോസ്റ്റസ് ധൃതിയിൽ വന്ന് ‘ആർ യൂ ഓക്കേ’, എന്ന് ചോദിച്ചു. ഗംഭീരം, എന്ന് പറഞ്ഞ് ഞാനവർക്ക് വാർത്ത കാണിച്ചു കൊടുത്തു. അത് ശ്രദ്ധിക്കാതെ അവർ പോയി വിമാനം അപകടത്തിൽ പെട്ടാൽ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദീകരിക്കാൻ തുടങ്ങി. ഒരു മാസത്തിലധികം നീണ്ടു പോയ ചാംപ്യൻഷിപ്പിന്റെ ഒടുവിൽ ആനന്ദിനെ തോൽപ്പിച്ച് കാസ്പറോവ് കിരിടം നിലനിർത്തി. അന്ന് കളി നടന്നത് ന്യൂയോർക്കിലെ ഒരു അംബരചുംബിയുടെ 107-ാമത്തെ നിലയിൽ വെച്ചായിരുന്നു. അത് ഇന്നില്ല. 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിൽ നടന്ന വിമാനാക്രമണത്തിൽ തകർന്ന് വീണ വേൾഡ് ട്രേഡ് സെന്റർ ആയിരുന്നു അത്.

ബോബ് ഡിലൻ
ബോബ് ഡിലൻ

രണ്ടാമത്തെ അനുഭവം, രണ്ടുവർഷം മുമ്പ് ബോബ് ഡിലന് സാഹിത്യത്തിന്​ നൊബേൽ സമ്മാനം കിട്ടിയെന്ന വാർത്ത കണ്ടപ്പോഴായിരുന്നു. അതും ഞാൻ ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്നതും ഒട്ടും പ്രതീക്ഷിക്കാത്തതുമായിരുന്നു.
ബോബ് ഡിലന്റെ വരികൾ നോബൽ സമ്മാനം അർഹിക്കുന്ന ഉത്തമ സാഹിത്യ രചനകളാണെന്ന വ്യക്തമായ വിശ്വാസത്തോടൊപ്പം, നോബൽ സമ്മാനദാതാക്കൾക്ക് അങ്ങനെ തോന്നാനിടയില്ല എന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു.

ഉത്തമ കവിതയുടെ നേർത്ത വിഹായസ്സിൽ വിശ്രമിക്കുന്ന വിശ്വാസികൾ ഡിലന്റെ പാട്ടുകൾ കവിതയല്ലെന്ന് പരിഹസിച്ചു. എന്നാൽ നൊബേൽ സമ്മാനം കൊടുക്കുന്നത് കവിതയ്ക്കല്ല സാഹിത്യത്തിനാണെന്നും, പാട്ടെഴുത്ത് കവിതയുടെ ഒരു ഉപശാഖയല്ലെന്നും, സാഹിത്യ മഹാവൃക്ഷത്തിലെ ഒരു സ്വതന്ത്ര ശാഖയാണെന്നും അവർ മറന്നു പോയി. പാട്ടെഴുത്തും കവിതയെഴുത്തും രണ്ടാണെന്ന്, രണ്ടും പരീക്ഷിച്ചിട്ടുള്ളവർക്ക് അറിയാം. യഥാർത്ഥ കവികൾക്ക് വളരെ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നതും, അല്ലാത്തവർക്ക് വളരെ എളുപ്പവുമായ ഒരു സാഹിത്യ ശാഖയാണ് കവിത എന്നും നാം ഓർക്കണം.

കെ.ജി. ജോർജ് / ഫോട്ടോ : ആർ.കെ. ശ്രീജിത്ത്
കെ.ജി. ജോർജ് / ഫോട്ടോ : ആർ.കെ. ശ്രീജിത്ത്

ഇന്ന് ബോബ് ഡിലന്റെ ജന്മദിനമാണ്. പത്ര വാർത്തയനുസരിച്ച് കെ.ജി. ജോർജിനും പിണറായി വിജയനും ഇന്ന് ജന്മദിനമാണ്. മൂന്നുപേരും ഈ ലോകത്തിനെ അവരവരുടെ രീതിയിൽ സേവിക്കുന്നവരാണ്. മൂന്നുപേർക്കും ജന്മദിനാശംസകൾ.

പിണറായി വിജയൻ
പിണറായി വിജയൻ


Summary: ഇന്ന് ബോബ് ഡിലന്റെ ജന്മദിനമാണ്. പത്ര വാർത്തയനുസരിച്ച് കെ.ജി. ജോർജിനും പിണറായി വിജയനും ഇന്ന് ജന്മദിനമാണ്. മൂന്നുപേരും ഈ ലോകത്തിനെ അവരവരുടെ രീതിയിൽ സേവിക്കുന്നവരാണ്. മൂന്നുപേർക്കും ജന്മദിനാശംസകൾ.


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments