നരേന്ദ്ര മോദിക്ക് മറുപടിയുമായി പിണറായി വിജയൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ലെന്ന തിരിച്ചറിവ് വലിയ വെപ്രാളത്തിലേക്കും നിരാശയിലേക്കുമാണ് ഇവരെ നയിച്ചിരിക്കുന്നു

Election Desk

കേരളത്തിനെതിരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ കേരളത്തിനെതിരേ ആക്ഷേപം ചൊരിയുകയാണെന്ന് പിണറായി വിജയൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ലെന്ന തിരിച്ചറിവ് വലിയ വെപ്രാളത്തിലേക്കും നിരാശയിലേക്കുമാണ് ഇവരെ നയിച്ചിരിക്കുന്നതെന്നും അതാണ് തീർത്തും തെറ്റായ കാര്യം പറയാൻ ബി ജെ പിയേയും മോദിയേയും പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പി നൽകുന്ന പരസ്യങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സ്ഥലമാണ് കേരളം. എന്നാൽ നേട്ടങ്ങൾ നുണകൾകൊണ്ട് മൂടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ബിഹാറിനെ പോലെയാണ് കേരളത്തിലെ അഴിമതി എന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ അറിയാം. ഇന്ത്യയിൽ ഏറ്റവും അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയ സ്റ്റഡീസും ട്രാൻസ്പിരസി ഇന്റർനാഷണലും ചേർന്ന് നടത്തിയ സർവെയിലാണ്. അതിനപ്പുറം ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്. കേരളത്തിന് നൽകാനുള്ള പണം വെട്ടിക്കുറച്ചിട്ട് സംസ്ഥാനത്തിന് എതിരെ ആക്ഷേപം ചൊരിയുകയാണ്. കേരളത്തിന് എതിരെ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം വിമർശിച്ചു.

ഉയർന്ന ആരോഗ്യ സൂചിക, നവീകരിച്ച സാമൂഹിക സുരക്ഷ, മികച്ച ക്രമസമാധാനം, അനിയോജ്യമായ ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിന് മാതൃകയായാണ് നിലകൊള്ളുന്നത്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ തുടങ്ങി കേരളം മുൻകൈയെടുത്ത സംരംഭങ്ങൾ ആഗോളതലത്തിൽ വരെ അനുകരിച്ചിട്ടുണ്ട്.

''പതിനാലാം ധനകാര്യ കമ്മീഷനിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രനികുതി വിഹിതം ആകെ കേന്ദ്രനികുതി വരുമാനത്തിന്റെ 42 ശതമാനമാക്കി. ഇത് ബിജെപി സർക്കാരിന്റെ നേട്ടമായാണ് അവതരിപ്പിക്കുന്നത്. പക്ഷേ ഇപ്പോഴത്തെ നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തലിനെ പറ്റി റിപ്പോർട്ടേർസ് കളക്ടീവ് പുറത്തുവിട്ട വാർത്ത നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതല്ലേ?

2014ൽ പ്രധാനമന്ത്രിയായ ഉടനെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്ര മോദി ധനകാര്യ കമ്മീഷനിൽ സമ്മർദം ചെലുത്തി എന്നാണ് നീതി ആയോഗ് സിഇഒ തുറന്നുപറഞ്ഞത്. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 33 ശതമാനായി വെട്ടിക്കുറയ്ക്കാനാണ് മോദി ശ്രമിച്ചത്'', മുഖ്യമന്ത്രി പറഞ്ഞു.

Comments