യു.ഡി.എഫിനോട്, പ്രത്യേകിച്ച് കേരള കോൺഗ്രസുകളോട് ആഭിമുഖ്യമുള്ള മണ്ഡലമാണ് പിറവം. 2012 മുതൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബാണ് ജയിക്കുന്നത്. ടി.എം. ജേക്കബിന്റെ മരണത്തെതുടർന്ന് 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ, മകനായ അനൂപ് ജേക്കബ് 12,071 വോട്ടിനാണ് സി.പി.എമ്മിലെ എം.ജെ. ജേക്കബിനെ തോൽപ്പിച്ചത്. 2016ൽ അനൂപിന്റെ ഭൂരിപക്ഷം 6195 വോട്ടായി ചുരുങ്ങി. ഇത്തവണയും അനൂപ് ജേക്കബാണ് യു.ഡി.എഫ് സ്ഥാനാർഥി. അനൂപിന്റെ മൂന്നാമത്തെ മത്സരം.
ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് പോയത്, പിറവത്തെ യു.ഡി.എഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്ന ആശങ്കകൾക്കിടക്കാണ് പൊടുന്നനെ എൽ.ഡി.എഫിൽ വൻ വിവാദം പൊട്ടിവീണത്. ജോസ് കെ. മാണി വിഭാഗത്തിനാണ് എൽ.ഡി.എഫ് പിറവം നൽകിയത്. അവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ഉഴവൂരിലെ ഒരു ഹോമിയോ ഡോക്ടറായ സിന്ധുമോൾ ജേക്കബിനെ. കാര്യം അവിടംകൊണ്ടൊന്നും നിന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രയായി മത്സരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി.
മാത്രമല്ല, അവർ സി.പി.എം ഉഴവൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു, കഴിഞ്ഞ ഡിസംബറിൽ അംഗത്വം പുതുക്കിയില്ലെന്നും പറയുന്നു. ഒരു സി.പി.എം അംഗത്തെ ജോസ് കെ. മാണി സ്വന്തം നിലക്ക് സ്ഥാനാർഥിയാക്കുന്നത് ആത്മാഭിമാനമുള്ള സി.പി.എമ്മുകാരന് നോക്കിനിൽക്കാനാകുമോ? ബ്രാഞ്ച് കമ്മിറ്റി സിന്ധുമോളെ പുറത്താക്കിയതായി പ്രഖ്യാപിച്ച് പോസ്റ്ററൊട്ടിച്ചു. എന്നാൽ, താൻ സ്വതന്ത്രയായാണ് മത്സരിച്ചതെന്നും തന്റെ സ്ഥാനാർഥിത്വത്തിന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നും പറഞ്ഞ് സിന്ധുമോൾ രംഗത്തുവന്നു.
അവർ പറഞ്ഞത് ശരിയായിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം അവരെ പിന്തുണച്ച് രംഗത്തുവന്നപ്പോൾ മനസ്സിലായി. അതായത്, സി.പി.എമ്മും ജോസ് കെ.മാണിയും ഒന്നിച്ചിരുന്ന് കൂടിയാലോചിച്ചെടുത്ത തീരുമാനമാണിത്. പഴയ കേരള കോൺഗ്രസ് കുടുംബമാണ് സിന്ധുവിൻേറതെന്നും സ്വതന്ത്രയായാണ് അവർ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ളതെന്നും ജോസ് കെ. മാണി സാക്ഷ്യപത്രം നൽകി.
കേരള കോൺഗ്രസിന്റെ ചിഹ്‌നത്തിൽ പിറവത്ത് ഒരു യാക്കോബായ സഭാംഗം മത്സരിച്ചാൽ, കൂളായി മണ്ഡലം ഇടതുപക്ഷത്താകുമെന്ന ലളിതസൂത്രമായിരുന്നു സി.പി.എമ്മിനും ജോസ് മോനും. അതുണ്ടോ ഈ ബ്രാഞ്ച് കമ്മിറ്റിക്ക് മനസ്സിലാക്കുന്നു. അവർക്ക് തങ്ങൾ ഒട്ടിച്ച പോസ്റ്റർ കീറിക്കളയേണ്ടിവന്നു. ഇപ്പോൾ, തങ്ങൾക്കുവേണ്ടാത്ത ആ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി വോട്ടുചോദിക്കുകയാണവർ.
പൊട്ടിത്തെറിയുണ്ടായത് ജോസ് കെ. മാണിയുടെ പാർട്ടിയിലാണ്. യൂത്ത് ഫ്രണ്ട് എം. സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭാംഗവുമായ തന്നെ പിറവത്ത് മത്സരിപ്പിക്കാമെന്ന തീരുമാനമുണ്ടായിരുന്നുവെന്നും, എന്നാൽ ആ സീറ്റ് പണം വാങ്ങി മറിച്ചുവിൽക്കുകയായിരുന്നുവെന്നുമുള്ള ഗുരുതര ആരോപണം ജോസ് കെ. മാണിക്കെതിരെ ജിൽസ് പെരിയപുരം ഉന്നയിച്ചു. പിറവം സീറ്റ് വാങ്ങാനുള്ള പണം തന്റെ കൈവശമില്ലെന്നും ജിൽസ് കരഞ്ഞുപറഞ്ഞു. ജിൽസിന്റെ അനുയായികൾ പിറവം നഗരത്തിൽ ജോസ് കെ. മാണിയുടെ കോലം കത്തിച്ചു. നോട്ടടി യന്ത്രത്തിന്റെ മാതൃക പ്രകടനക്കാർ ചുമലിലേന്തിയിരുന്നു.
സിന്ധുമോൾക്കെതിരെ യു.ഡി.എഫും സ്ഥാനാർഥി അനൂപും അധികൃതരെ സമീപിച്ചിരിക്കുകയാണ്. സിന്ധുമോളുടെ സ്ഥാനാർഥിത്വം കൂറുമാറ്റ നിരോധന നിയമപ്രകാരം റദ്ദാക്കാൻ മുഖ്യതെരഞ്ഞെടുപ്പു കമീഷണർക്ക് യു.ഡി.എഫ് പരാതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രയായി മത്സരിച്ച സിന്ധുമോൾ ആ സ്ഥാനം രാജിവെക്കാതെ കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്‌നത്തിൽ നിയമസഭയിലേക്ക് മത്സരിക്കുന്നുവെന്നാണ് പരാതി.
യാക്കോബായ സഭ പരസ്യമായി തന്നെ സ്ഥാനാർഥി നിർണയത്തിലും മറ്റും ഇടപെടുന്ന മണ്ഡലം കൂടിയാണ് പിറവം.
അതുകൊണ്ട്, ഇരുമുന്നണികളും സഭയെ പിണക്കാറില്ല. എന്നാൽ, ബി.ജെ.പിയുമായുള്ള പുതിയ സഭാ ബാന്ധവം, വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തങ്ങളുടെ നിർദേശം സി.പി.എം തള്ളിക്കളഞ്ഞുവെന്ന് യാക്കോബായ സഭ വിമർശിക്കുകയും ചെയ്തു. പിറവത്ത് യാക്കോബായ സഭക്കാരനായ സ്ഥാനാർഥി വേണമെന്നായിരുന്നു ആവശ്യം. സിന്ധുമോൾ ജേക്കബിനെ സഭാംഗമായി കാണാനാകില്ലെന്നാണ് സഭ പറയുന്നത്.
രാഷ്ട്രീയവും മതപരവുമായ അടിയൊഴുക്കുകളാകും ഇത്തവണ പിറവത്തെ ജനവിധി നിർണയിക്കുക. 2012ൽനിന്ന് 2016ലെത്തിയപ്പോൾ അനൂപിന്റെ ഭൂരിപക്ഷത്തിൽ പകുതിയോളമാണ് ഇടിവുണ്ടായത്. പുതുതായി രൂപപ്പെടുന്ന സമവാക്യങ്ങൾക്ക് ഈ ഭൂരിപക്ഷത്തെ മറികടക്കാനായേക്കാം. അങ്ങനെയായാൽ കഴിഞ്ഞ രണ്ടുതവണയുണ്ടായ ജനിവിധിയായിരിക്കില്ല ഇത്തവണ.
തദ്ദേശ തെരഞ്ഞെടുപ്പിൽ പിറവം, കൂത്താട്ടുകുളം നഗരസഭകൾ എൽ.ഡി.എഫിനാണ് ലഭിച്ചത്. ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ ഏഴെണ്ണം യു.ഡി.എഫും രണ്ടെണ്ണം എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
1977 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ടി.എം ജേക്കബ് ആദ്യമായി നിയമസഭയിലെത്തി. 1980ൽ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് (യു) സ്ഥാനാർഥി പി.സി. ചാക്കോ ജയിച്ചു.
1982ൽ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനായിരുന്നു ജയം. 1987-ൽ സി.പി.എമ്മിന്റെ ആദ്യ ജയം, ഗോപി കോട്ടമുറിക്കലിലൂടെ. 1991ൽ ടി.എം ജേക്കബ് മണ്ഡലം തിരിച്ചു പിടിച്ചു. 2006 വരെ ജേക്കബായിരുന്നു എം.എൽ.എ. 2006ൽ സി.പി.എമ്മിന്റെ എം.ജെ. ജേക്കബ് തിരിച്ചുപിടിച്ചു. 2011ൽ വീണ്ടും ടി.എം. ജേക്കബ്.