വിജയ് വിജയിക്കുമാ ഇല്ലയാ?

‘‘ജാതി രാഷ്ട്രീയത്തില്‍ തട്ടി മുടന്തിപ്പോയ ഒരു ജനതയെ ഒരു കാലത്ത് ഒരുമിപ്പിച്ചു നിര്‍ത്തിയത് ഇവരുടെ സിനിമകളും തിയറ്ററിലെ വെള്ളിവെളിച്ചവുമാണ്. പലര്‍ക്കും സിനിമ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. സ്‌ക്രീനിലെ നായകനെ ദൈവത്തെ പോലെ കണ്ട് ആരാധിക്കുന്ന ആരാധകരുടെ ഗ്രൗണ്ട് സപ്പോര്‍ട്ട് രാഷ്ട്രീയത്തിലും ഇവര്‍ക്ക് വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞു’’

മിഴ്നാടിന്റെ രാഷ്ട്രീയത്തില്‍ സിനിമയ്ക്ക് എക്കാലവും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. തിയറ്ററും തിരക്കഥയും കടന്ന് വളരുന്ന താരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നത് തമിഴര്‍ക്ക് പുതിയ അനുഭവമല്ല. സി എന്‍ അണ്ണാദുരൈ മുതല്‍ എം ജി രാമചന്ദ്രന്‍വരെ. ശിവാജി ഗണേശന്‍ മുതല്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ വരെ. അങ്ങനെ പോകുന്നതാണ് തമിഴ് രാഷ്ട്രീയത്തിലെ സിനിമയുടെ സ്വാധീനം. സിനിമയെ ഇത്ര വിദഗ്ധമായി രാഷ്ട്രീയത്തില്‍ ഉപയോഗിച്ച മറ്റൊരു സംസ്ഥാനം ഉണ്ടോ എന്നതും സംശയമാണ്. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരാവുന്നുണ്ടെങ്കിലും തമിഴ്നാട്ടിലേത് പോലെ സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇത്ര പ്രാധാന്യമില്ലെന്നതാണ് സത്യം. കേരളത്തില്‍ സുരേഷ് ഗോപിയുടെയും മുകേഷിന്റെയുമൊന്നും രാഷ്ട്രീയ പ്രവേശനം മലയാളികള്‍ക്കിടയില്‍ എത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നത് നമുക്ക് അറിയുന്നതാണ്.

സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധത പ്രചരിപ്പിക്കാന്‍ സിനിമകള്‍ ഉപയോഗിച്ചിരുന്നു. പച്ചയ്ക്ക് രാഷ്ട്രീയം പറയുന്ന സിനിമകള്‍ അന്ന് ധാരാളം ഉണ്ടായിട്ടുമുണ്ട്. പക്ഷേ അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഉള്‍പ്പെടെ പലരും രാഷ്ട്രീയത്തില്‍ സിനിമ കലര്‍ത്തുന്നതിനോട് കൃത്യമായ എതിര്‍പ്പ് രേഖപ്പെടുത്തിയവരായിരുന്നു. സിനിമയെ ഒരു വിദേശ കലാരൂപം മാത്രമായി കണ്ടതാവാം കാരണം. പക്ഷേ അന്നു മുതല്‍ തന്നെ ദ്രാവിഡ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം സിനിമയെ രാഷ്ട്രീയമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികള്‍ ഇങ്ങനെ രാഷ്ട്രീയത്തില്‍ സിനിമ കലര്‍ത്തുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ പുച്ഛിച്ച് തള്ളുകയായിരുന്നു ചെയ്തത്. കെ കാമരാജിനെ പോലുള്ള അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സിനിമാക്കാര്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയെ തന്നെ ചോദ്യം ചെയ്തവരായിരുന്നു. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ദ്രാവിഡര്‍ അതി വിദഗ്ധമായി തന്നെ രാഷ്ട്രീയത്തില്‍ സിനിമ കലര്‍ത്തി. സിനിമയില്‍ രാഷ്ട്രീയവും.

സി.എൻ. അണ്ണാദുരൈ, പെരിയാർ ഇ.വി. രാമസ്വാമി / Photo: Wikimedia Commons

പിന്നീട് തമിഴര്‍ കണ്ടത് രാഷ്ട്രീയവും സിനിമയും രണ്ടല്ലാത്ത കുറേ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളായിരുന്നു. തമിഴ് ഭാഷയെ അതി വിദഗ്ധമായി ഉപയോഗിച്ചിരുന്ന എഴുത്തുകാരനും എഴുതിയ കഥകള്‍ പലതും സിനിമായാക്കിയ കലാകാരനുമായിരുന്ന സി എന്‍ അണ്ണാദുരൈ ആയിരുന്നു തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രി എന്നതും ഓര്‍ക്കേണ്ടതാണ്. ദ്രാവിഡ സിദ്ധാന്തങ്ങളെ അദ്ദേഹം അതിവിദഗ്ധമായി സിനിമയില്‍ അവതരിപ്പിച്ചു. ദ്രാവിഡ രാഷ്ട്രീയക്കാര്‍ നിര്‍മ്മിച്ച സിനിമകളില്‍ ബോക്സ് ഓഫീസ് ഹിറ്റായ 1952ല്‍ പുറത്തിറങ്ങിയ പരാശക്തിക്ക് തമിഴ് രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. ശിവാജി ഗണേശന്റെ ഉള്‍പ്പെടെയുള്ളവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. പരാശക്തിക്ക് തിരക്കഥയെഴുതുന്നത് അന്ന് 28 വയസ് മാത്രം ഉണ്ടായിരുന്ന ഒരു യുവ എഴുത്തുകാരനായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ പിന്നീട് അനിഷേധ്യ സ്ഥാനം ഉണ്ടാക്കിയെടുത്ത ആ എഴുത്തുകാരന്റെ പേര് എം കരുണാനിധി എന്നായിരുന്നു. അന്ന് ഡി എം കെ നിര്‍മിക്കുന്ന സിനിമകള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കടുത്ത സെന്‍സര്‍ഷിപ്പ് നടപടികളും നേരിടേണ്ടി വരുന്നുണ്ട്. ഇത് പല സിനിമകളെയും ബോ്ക്സ് ഓഫീസ് പരാജയമാക്കുന്നതിനും കാരണമാകുന്നുണ്ട്. തുടര്‍ന്ന് ദ്രാവിഡ പാര്‍ട്ടികളില്‍ നിന്നു മുഖ്യമന്ത്രിയാകുന്നവരില്‍ ഏഴില്‍ അഞ്ചുപേരും എഴുത്തുകാരായോ അഭിനേതാക്കളായോ തമിഴ് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. ഇതില്‍ ഏറ്റവും വിജയിച്ചത് എം ജി ആറും ജയലളിതയുമായിരുന്നു.

എന്നാല്‍ എം ജി ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയ ജീവിതം സിനിമാ ജീവിതത്തിന്റെ ബാക്കിയായിരുന്നില്ല. രാഷ്ട്രീയം സിനിമാജീവിതത്തിന്റെ പൂരിപ്പിക്കലായിരുന്നു അവര്‍ക്കെല്ലാം. സിനിമയും സിനിമാ താരങ്ങളും തമിഴ് രാഷ്ട്രീയത്തിലും തമിഴരുടെ മനസിലും അത്രകണ്ട് ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ മാത്രം വളര്‍ന്നു കഴിഞ്ഞു എന്നതിന്റെ ഉദാഹരണമായിരുന്നു ആ ജീവിതങ്ങള്‍. എന്നാല്‍ എം ജി ആറിന്റെയും ജയലളിതയുടെയും തന്ത്രങ്ങള്‍ പയറ്റി പാളിപ്പോയവരും തമിഴ് രാഷ്ട്രീയത്തില്‍ ഏറെയുണ്ട്. ക്യാപ്റ്റന്‍ വിജയകാന്ത് മുതല്‍ കമല്‍ ഹാസന്‍ വരെ. അരാധക പിന്തുണ കൊണ്ടു മാത്രം എല്ലായ്പ്പോഴും തമിഴ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമായിരുന്നു സിനിമയില്‍ നിന്ന് തന്നെയെത്തിയ ഈ താരങ്ങളുടെ രാഷ്ട്രീയജിവിതം.

ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പുരട്ചി തലൈവര്‍ എം.ജി.ആര്‍

ജാതി രാഷ്ട്രീയത്തില്‍ തട്ടി മുടന്തിപ്പോയ ഒരു ജനതയെ ഒരു കാലത്ത് ഒരുമിപ്പിച്ചു നിര്‍ത്തിയത് ഇവരുടെ സിനിമകളും തിയറ്ററിലെ വെള്ളിവെളിച്ചവുമാണ്. പലര്‍ക്കും സിനിമ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. സ്‌ക്രീനിലെ നായകനെ ദൈവത്തെ പോലെ കണ്ട് ആരാധിക്കുന്ന ആരാധകരുടെ ഗ്രൗണ്ട് സപ്പോര്‍ട്ട് രാഷ്ട്രീയത്തിലും ഇവര്‍ക്ക് വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. സ്‌ക്രീനിലെ ഹീറോയിസം ജീവിതത്തിലും തുടരുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരെ തങ്ങളുടെ അനുയായികളാക്കി മാറ്റാന്‍ അവര്‍ക്ക് പെട്ടെന്ന് കഴിഞ്ഞെന്ന് വേണം കരുതാന്‍. സാധാരണക്കാര്‍ക്കു വേണ്ടി പോരാടുന്ന നായക വേഷങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിച്ച് നേടിയ ജനപ്രീതിയാണ് പിന്നീട് ഇവര്‍ രാഷ്ട്രീയത്തിലും ഉപയോഗിക്കുന്നത്. നമ്മ വീട്ടു പിള്ളൈ, ഉലകം ചുറ്റും വാലിബന്‍, ആയിരത്തില്‍ ഒരുവന്‍, ഏഴൈ തോഴന്‍ തുടങ്ങിയ ചിത്രങ്ങള്‍ എ ജി ആറിന് നേടിക്കൊടുത്ത ജനപ്രീതി ചെറുതായിരുന്നില്ല. ക്യാപ്റ്റന്‍ വിജയകാന്തും, ശരത്തും, ഉദയനിധിയുമെല്ലാം ഇതേ പാത പിന്തുടര്‍ന്നവര്‍ തന്നെ. എല്ലാ തമിഴരെയും ഒരു മേല്‍ക്കൂരയ്ക്ക് മേല്‍ ഒന്നിപ്പിക്കാന്‍ കഴിഞ്ഞത് അന്നുമിന്നും സിനിമാ തിയേറ്ററുകള്‍ക്ക് മാത്രമായിരുന്നു.

വിജയുടെ ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കൾ ഇയ്യക്കത്തിന്‍റെ നേതൃത്വത്തില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ വിജയ്

സിനിമയില്‍ നിന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ താരമായി എത്തുന്നത് തമിഴരുടെ ഇളയദളപതി എന്നറിയപ്പെടുന്ന വിജയ് ആണ്. തമിഴക വെട്രി കഴകം എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. സിനിമയിലൂടെ ഉണ്ടാക്കിയെടുത്ത പ്രശസ്തിയെയും ആരാധക വൃന്ദത്തെയും രാഷ്ട്രീയത്തിലും പ്രയോഗിക്കുക എന്ന അജണ്ട തന്നെയാണ് വിജയും മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായയി വിജയ് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകളും വിജയ സിനിമകളില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രത്യക്ഷപ്പെട്ടിരുന്ന രാഷ്ട്രീയ വിഷയങ്ങളിന്മേലുള്ള അഭിപ്രായങ്ങളുമെല്ലാം വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന തന്നിരുന്നു. എങ്കിലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൃത്യമായി വെളിപ്പെടുത്തലുകള്‍ നടത്താതിരുന്ന വിജയ് കഴിഞ്ഞ ദിവസം വളരെ പെട്ടന്ന് രാഷ്ട്രീയ പാര്‍ട്ടി പാര്‍ട്ടി പ്രാഖ്യാപിച്ചതിനു പിന്നില്‍ തിരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്‍പ് വിജയ് നടത്തിയ പല രാഷ്ട്രീയ പ്രസ്താവനകളുടെയും അടിസ്ഥാനത്തില്‍ തമിഴ് വെട്രി കഴകം ഒരു സംഘപരിവാര്‍ വിരുദ്ധ കക്ഷിയായിരിക്കുമെന്നുറപ്പ്. ഈയടുത്തകാലത്തിറങ്ങിയ മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സിനിമകള്‍ കൃത്യമായ സംഘപരിവാര്‍ വിരുദ്ധത പ്രകടിപ്പിച്ചിരുന്നു എന്നതും തമിഴ് വെട്രി കഴകത്തിനെ കുറിച്ച് അങ്ങനെ ചിന്തിക്കാനുള്ള വകയാണ്. 2021 ലെ ഇലക്ഷന് വോട്ട് ചെയ്യാന്‍ സൈക്കിളിലെത്തിയതും പ്രളയബാധിതരെ സഹായിക്കാന്‍ വിജയ് തന്നെ നേരിട്ടെത്തിയതുമെല്ലാം നടന്‍ എന്നതിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ ഇമേജ് വര്‍ദ്ധിപ്പിച്ചിരുന്നു.

ഡി.എം.ഡി.കെ എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന വിജയ്കാന്ത്‌

2026 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഒരു കോടി ആംഗങ്ങളെ പാര്‍ട്ടിയില്‍ അംഗങ്ങളായി ചേര്‍ക്കാനും പദ്ധതിയുണ്ട്. വിജയ് ഫാന്‍സ് ക്ലബുകള്‍ പല വിധത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ടെന്നതും വിജയിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുണയാകുമെന്നുറപ്പ്. എന്നാല്‍ കൃത്യമായ ഹോം വര്‍ക്കുകള്‍ നടത്തിയാണോ വിജയ് മത്സരത്തിനിറങ്ങുന്നതെന്നതും കണ്ട് തന്നെ അറിയണം. എങ്കിലും നിലവില്‍ തമിഴ് രാഷ്ട്രീയത്തില്‍ സ്റ്റാലിന് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം ശക്തനായ ഒരു എതിരാളി ഇല്ലാത്ത സാഹചര്യത്തില്‍ തമിഴക വെട്രി കഴകത്തിന് വോട്ട് പിടിക്കാന്‍ കഴിഞ്ഞാല്‍ അതിന് തമിഴ് രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത സാധ്യതകള്‍സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ല. എന്നാല്‍ അതിലുമുപരി ബി ജെ പി ക്കാണ് തമിഴക വെട്രി കഴകം വലിയ വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് മറ്റൊരു യാതാര്‍ത്ഥ്യം.

Comments