പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാർച്ചും ആർ.എസ്.എസിന്റെ ഡ്രില്ലും

‘അള്ളാഹു അക്ബർ' എന്നുവിളിക്കുന്ന
പാർട്ടികളുണ്ടായാൽ എന്തുസംഭവിക്കും?

ഹിന്ദുത്വവാദികളെ എതിർക്കുന്ന മതേതരസഖ്യത്തിൽ

ഹിന്ദുത്വയെ എതിർക്കാൻ ഒരു മതനിരപേക്ഷ മനുഷ്യൻ പോപ്പുലർ ഫ്രണ്ടിനൊപ്പം ഇറങ്ങി എന്നിരിക്കട്ടെ? അയാൾ എന്തുമുദ്രാവാക്യം വിളിക്കണം, തക്ബീർ? അതോ ജയ് ശ്രീറാം? ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ എപ്പോഴെങ്കിലും തോൽപ്പിക്കാൻ സാധ്യതയുള്ള മതനിരപേക്ഷ മനുഷ്യരെ വർഗീയത പറഞ്ഞു ചിതറിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും ബി.ജെ.പി. നയിക്കുന്ന കേന്ദ്ര സർക്കാർ നിരോധിക്കുമ്പോൾ ഈ രണ്ടു കക്ഷികളെയും ഒരു വിധം അറിയുന്ന മനുഷ്യർക്ക്, ചിലർക്കെങ്കിലും, ഒരാശയക്കുഴപ്പം ഉണ്ടാകും. ഈ ലേഖകനുണ്ട്.

പലതരം കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിനുനേരെ സർക്കാർ ഉയർത്തിയിരിക്കുന്നത്. അതിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം മുതൽ കൊലപാതകങ്ങളും കൈവെട്ടുകേസുമൊക്കെയുണ്ട്. കേന്ദ്ര സർക്കാർ വിജ്ഞാപനമനുസരിച്ച് ഈ സംഘടനയെ നിരോധിച്ചില്ലെങ്കിൽ അവർ തങ്ങളുടെ അട്ടിമറിശ്രമങ്ങൾ തുടരും, ഭീകരവാദികളുടെ ഭരണത്തിനുവേണ്ടിയുള്ള ശ്രമവും രാജ്യവിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങളും തുടരും.

ഒപ്പം ഒരു കാര്യം കൂടി കുറ്റപത്രത്തിൽ കാണുന്നുണ്ട്: ‘സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുക, ജനാധിപത്യം എന്ന ആശയത്തെത്തന്നെ അട്ടിമറിക്കുക, രാജ്യത്തിന്റെ ഭരണഘടനാപരമായ അധികാരത്തോട് ബഹുമാനക്കുറവ് കാണിക്കുക.'

ഹിന്ദുത്വശക്തികൾ ഇന്ത്യ കീഴടക്കിക്കഴിഞ്ഞെന്നും അവർക്കെതിരെയുള്ള പ്രതിരോധമരൂപമാണ് തങ്ങളെന്നുമാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ അനുയായികളെ വിശ്വസിപ്പിച്ചുവച്ചിരിക്കുന്നത്, അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇത് കാണുമ്പോൾ നമ്മൾ ആലോചിച്ചുപോവില്ലേ, ആരാണ് ഈ രാജ്യത്തിന്റെ ഭരണഘടനയെ, അതിന്റെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കാൻ നോക്കുന്നത്; അങ്ങേയറ്റം വൈവിധ്യം നിറഞ്ഞ ഈ നാടിനു പിടിച്ചുനിൽക്കാനുള്ള മുന്നുപാധിയായ മതേതരത്വം പോലുള്ള അടിസ്ഥാന ആശയങ്ങളെ അള്ളുവയ്ക്കാൻ നോക്കുന്നത്, ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങി ജനാധിപത്യമെന്ന ആശയത്തെത്തന്നെ പരിഹാസ്യമാംവിധം ദുർബലമാക്കുന്നത്, ആരാണ് സമൂഹത്തിലെ വിഭാഗങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുന്നത് എന്നൊക്കെ?

അപ്പോൾ ബി.ജെ.പി.യും ആർ.എസ്​.എസുമൊക്കെ നമ്മുടെ കൺമുമ്പിൽ തെളിഞ്ഞുവരില്ലേ? അവരുടെ ചെയ്തികളും?

ആശയക്കുഴപ്പം അതുകൊണ്ടാണ്: എന്തുകൊണ്ടാണ് ഈ സഖ്യകക്ഷികൾ ഇങ്ങനെ പരസ്പരം പെരുമാറുന്നത്?

കോഴിക്കോട് നടന്ന പോപ്പുലർ ഫ്രണ്ടിന്റെ ജനമഹാസമ്മേളനത്തിൽ നിന്ന്

ആർ.എസ്​.എസും പോപ്പുലർ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന് പലരും പറയാറുണ്ട്. ഈ ലേഖകന് ആ അഭിപ്രായമില്ല. അങ്ങനെ പറയണമെങ്കിൽ ഒരു ശാക്തിക ബലാബലത്തിന്റെ ആവശ്യമുണ്ട്. അന്താരാഷ്ട്ര ഇസ്​ലാമിക തീവ്രവാദത്തിന്റെ കൊളുത്തുകൾ കൂട്ടിച്ചേർത്താൽ പോലും അങ്ങനെയൊരു സമീകരണം യുക്തിഭദ്രമാകില്ല. ആർ.എസ്​.എസ്.​ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ലോകം അംഗീകരിച്ച ഭരണാധികാരികളാണ്; ആധികാരികമായ അധികാരമുള്ളവരാണ്; ഭരണകൂടത്തിന്റെ എല്ലാ ലിവറുകളുടെയും നിയന്ത്രണമുള്ളവരാണ്. കൊള്ളക്കാരും ക്രിമിനലുകളുമായ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന കൊച്ചുപ്രവിശ്യകളുടെ ഭരണം കൈയാളുന്നതുപോലെയല്ല ആർ.എസ്​.എസ്.​ ജനാധിപത്യ ഇന്ത്യ ഭരിക്കുന്നത്.

അപ്പോൾപ്പിന്നെ ആ സമീകരണത്തിന്​ അർഥമില്ല, പിന്നെങ്ങിനെ അവർ സഖ്യകക്ഷികളാകും?

ഹിന്ദുത്വശക്തികൾ ഇന്ത്യ കീഴടക്കിക്കഴിഞ്ഞെന്നും അവർക്കെതിരെയുള്ള പ്രതിരോധരൂപമാണ് തങ്ങളെന്നുമാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ അനുയായികളെ വിശ്വസിപ്പിച്ചുവച്ചിരിക്കുന്നത്, അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ മതേതര ജനാധിപത്യകക്ഷികൾ ആരും സംഘ്പരിവാറുമായി യുദ്ധത്തിനില്ലെന്നും, ഇന്ത്യൻ സ്​റ്റേറ്റിന്റെ എല്ലാ രൂപങ്ങളും പൂർണമായി ഹിന്ദുത്വയ്ക്കു കീഴടങ്ങിയെന്നും ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കു തങ്ങളുടേതല്ലാത്ത മറ്റുവഴിയില്ലെന്നും അവർ പറയുന്നു; സർവശക്തന്റെ മാർഗത്തിലാണ് തങ്ങൾ യുദ്ധം ചെയ്യുന്നതെന്നും അതിൽ രക്തസാക്ഷിയാകേണ്ടിവന്നാൽ അത് ബഹുമതിയാകുമെന്നും പറയുന്നു; പിന്നെ തക്ബീർ വിളിക്കുന്നു.

ഹിന്ദുത്വശക്തികൾക്കെതിരെയുള്ള പോരാട്ടം പതിനാലോ പതിനഞ്ചോ ശതമാനം വരുന്ന ഇന്ത്യൻ മുസ്​ലിം ചെയ്യേണ്ടത് ആ സമുദായത്തിന്റെ മാത്രം കേന്ദ്രീകരണത്തിലൂടെയാണ് എന്ന വിചിത്രവാദത്തിന്​ ബലം പകരാൻ വക്രയുക്തികളുപയോഗിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്.

വാസ്തവത്തിൽ ഈ വാദങ്ങൾക്കൊക്കെ സംഘപരിവാറിന്റെ വാദങ്ങളുടെ ഛായയുണ്ട് എന്ന് സൂക്ഷിച്ചുനോക്കിയാൽ കാണാം. അർധസത്യങ്ങളും അസത്യങ്ങളും സത്യങ്ങളുമായി മിശ്രണം ചെയ്ത്​ ഇരവാദം മുഴക്കി തങ്ങളുടെ സാധ്യതാപ്രദേശങ്ങളിൽ വിപണനം ചെയ്യുക എന്ന പയറ്റിത്തെളിഞ്ഞ സംഘപരിവാർ പരിപാടി. ആ പറഞ്ഞതിലൊക്കെ സത്യത്തിന്റെ നിഴലുകളുണ്ട്; പക്ഷെ ഹിന്ദുത്വശക്തികൾക്കെതിരെയുള്ള പോരാട്ടം പതിനാലോ പതിനഞ്ചോ ശതമാനം വരുന്ന ഇന്ത്യൻ മുസ്​ലിം ചെയ്യേണ്ടത് ആ സമുദായത്തിന്റെ മാത്രം കേന്ദ്രീകരണത്തിലൂടെയാണ് എന്ന വിചിത്രവാദത്തിന്​ ബലം പകരാൻ വക്രയുക്തികളുപയോഗിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്.

photo: Rashtriya Swayamsevak Sangh,fb page

ഇന്ത്യ ഹിന്ദുത്വവാദികളുടെ കൈയിലായി എന്ന പോപ്പുലർ ഫ്രണ്ടടക്കമുള്ള പൊളിറ്റിക്കൽ ഇസ്​ലാമിസ്റ്റുകളുടെ വാദത്തിന്റെ പൊരുളാണ് ആദ്യം അന്വേഷിക്കേണ്ടത്; ഒപ്പം മതേതര-ജനാധിപത്യകക്ഷികൾ ഈ പോരാട്ടത്തിൽ എവിടെയും ഇല്ല എന്ന നരേറ്റീവും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. 303 സീറ്റുകളാണ് നേടിയത്. മിക്കവാറും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ പാർട്ടിയും സഖ്യകക്ഷികളും ചേർന്ന് തൂത്തുവാരി. സംസ്ഥാനങ്ങളിലെ എൻ.ഡി.എ.യുടെ വിജയം നോക്കുക (ബ്രാക്കറ്റിൽ ആകെ സീറ്റുകൾ): ഉത്തർപ്രദേശ് 64 (80), മഹാരാഷ്ട്ര 41 (48), ബിഹാർ 39 (40), മധ്യപ്രദേശ് 28 (29 ) കർണാടകം 26 (28) ഗുജറാത്ത് 26 (26), രാജസ്ഥാൻ 25 (25), ജാർഖണ്ഡ് 12 (14), ഛത്തിസ്ഗഢ് 9 (11), ഹരിയാന 10 (10), ദൽഹി 7 (7).

എന്നാൽ ഇതിൽ എത്ര സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് ഈ നിലയിലുള്ള വിജയം കിട്ടി? ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ ബി.ജെ.പി.യ്ക്ക് സാധാരണഗതിയിൽ അധികാരത്തിൽ വരാൻ സാധിക്കും?

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമബംഗാൾ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ബി.ജെ.പി. ഒരു ശക്തിയേ അല്ല; അവരുടെ സർക്കാരുകൾ നിലനിൽക്കുന്ന കർണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ജനവിധി അട്ടിമറിച്ച്​ ഭരണം പിടിച്ചെടുത്തതാണ്. ജാർഖണ്ഡിലും ഛത്തിസ്ഗഡിലും ഇതരകക്ഷികൾ പലപ്പോഴും ബി.ജെ.പി.യെ തോൽപ്പിക്കും. ബിഹാറിൽ ഇപ്പോൾ അവർക്ക് ഭരണം നഷ്ടപ്പെട്ടു. ഗുജറാത്തിലും ഹരിയാനയിലും കഴിഞ്ഞ പ്രാവശ്യം കഷ്ടിച്ചാണ് ഭരണം കിട്ടിയത്. പശ്ചിമബംഗാളിൽ, ഇന്ത്യയിൽ ഇതുവരെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിയും പ്രയോഗിക്കാത്ത മുഴുവൻ അടവുകളും പരീക്ഷിച്ചിട്ടും രക്ഷപ്പെട്ടില്ല.

പോപ്പുലർ ഫ്രണ്ടും അസദുദ്ദീൻ ഒവൈസിയുടെ എം.ഐ.എമ്മും പശ്ചിമബംഗാളിലെ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും അസമിലെ ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്​ ഫ്രണ്ടുമുൾപ്പെടെയുള്ള കക്ഷികൾ ചെയ്യുന്നത് മതേതരപാർട്ടികളുടെ ചെറുത്തുനിൽപ്പിനെ ദുർബലമാക്കുകയാണ്​.

ഇന്നത്തെ ഇന്ത്യയിൽ ബി.ജെ.പി.യ്ക്ക് നാടൻഭാഷയിൽ, പാട്ടും പാടി ജയിക്കാവുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശും അസമും മാത്രമാണ്; ഈ രണ്ടു സംസ്ഥാനങ്ങളിലും വർഗീയത പരമാവധി ഇളക്കിവിട്ട്​ ജയം കൊയ്യാൻ ബി.ജെ.പി.ക്കാകുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ അവയൊഴികെ മറ്റു സംസ്ഥാനങ്ങളിൽ ജനാധിപത്യ- മതേതര ശക്തികൾ ബി.ജെ.പി.യ്ക്കും ഹിന്ദുത്വ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും മുൻപിൽ വലിയ പ്രതിരോധമുയർത്തുന്നുണ്ട്.

അബ്ബാസ് സിദ്ദിഖി, അസദുദ്ദിൻ ഒവൈസി

ഈ പ്രതിരോധത്തെ ദുർബലപ്പെടുത്താനാണ് പലപ്പോഴും പോപ്പുലർ ഫ്രണ്ടടക്കമുള്ള ഇസ്​ലാമിസ്റ്റ്- മുസ്​ലിം വർഗീയകക്ഷികളുടെ ശ്രമം. പോപ്പുലർ ഫ്രണ്ടും അസദുദ്ദീൻ ഒവൈസിയുടെ എം.ഐ.എമ്മും പശ്ചിമബംഗാളിലെ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്​ ഫ്രണ്ടുമുൾപ്പെടെയുള്ള കക്ഷികൾ ചെയ്യുന്നത് മതേതരപാർട്ടികളുടെ ചെറുത്തുനിൽപ്പിനെ ദുർബലമാക്കുന്നു എന്നതുമാത്രമല്ല, സംഘപരിവാറിന് അവരുടെ മുദ്രാവാക്യങ്ങൾ കൂടുതൽ ഉറക്കെ വിളിക്കാനാവശ്യമായ പശ്ചാത്തലം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു എന്നതാണ്.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്?

ഇന്ത്യൻ ജനസംഖ്യയിലെ എൺപതുശതമാനത്തോളം പേർ കണക്കനുസരിച്ച് ഹിന്ദുക്കളാണ്. (അതിൽ ആദിവാസികളും ദലിതരുമൊക്കെ ഉൾപ്പെടുന്നുണ്ട്). ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായകസമയങ്ങളിൽ, അധികാരകേന്ദ്രങ്ങളിൽ, പദവികളിൽ ഒക്കെ ഹിന്ദുത്വവാദികൾ ഇരുന്നിട്ടുണ്ട്; ഇരിക്കുന്നുമുണ്ട്. മഹാത്മാ ഗാന്ധിയുടെ ആശീർവാദത്തിലും പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലും കുറച്ചുനാൾ കോൺഗ്രസിന് ഒരു പുരോഗമനമുഖമുണ്ടായിരുന്നു; കടുത്ത എതിർപ്പുകൾക്കിടയിലും കൊള്ളാവുന്ന ഒരു ഭരണഘടന ഇന്ത്യയ്ക്കുണ്ടാവുന്നത് ആ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വവാദികളുടെ കൈകളാൽ മഹാത്മാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അക്കൂട്ടർക്കും അവരുടെ രാഷ്ട്രീയമുഖങ്ങൾക്കും ശബ്ദം നഷ്ടപ്പെട്ടതുകൊണ്ടാണ് അതുപോലും സാധിച്ചത്. ഒപ്പം, പുരോഗമനരാഷ്ട്രീയം കൊണ്ടുനടന്നവർക്ക്​ ഇന്ത്യയെപ്പറ്റിയുണ്ടായിരുന്ന സ്വപ്നങ്ങളുടെ പ്രേരണാശക്തിയും.

ഇപ്പോഴെന്താണ് മാറ്റം? ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നായ മതേതരത്വത്തിന്റെ അടിക്കല്ലിളക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ ഇന്ത്യൻ ഭരണകൂടം എങ്ങനെയാണ് കണ്ടത്? ‘ആക്രമണകാരികളെ അവരുടെ വസ്ത്രംകൊണ്ട് നിങ്ങൾക്ക്​ തിരിച്ചറിയാം' എന്നുപറഞ്ഞത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ് ലോക്‌സഭയിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുത്ത മണ്ഡലത്തെ നോക്കി, ‘ന്യൂനപക്ഷം ഭൂരിപക്ഷമായ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാക്കൾ ഓടിപ്പോയിരിക്കുന്നു' എന്നുപറഞ്ഞത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ സ്ത്രീകൾ നടത്തിയ സമരത്തിൽ നിന്ന്

അപ്പോഴും, ഈ പശ്ചാത്തലമൊക്കെ ഉള്ളപ്പോഴും, ജനസംഖ്യയുടെ അഞ്ചിൽ നാലും ഒരു മതത്തിൽപ്പെട്ടവരായിരിക്കുമ്പോഴും സംഘപരിവാരം ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയിലെ മുസ്​ലിംകൾക്ക് അനർഹമായ പരിഗണന സർക്കാരുകളിൽനിന്ന്​ കിട്ടിയെന്നും അവരെ പ്രീണിയിപ്പിക്കാൻ രാഷ്ട്രീയകക്ഷികൾ മത്സരിക്കുകയാണെന്നും ‘ഹിന്ദു അപകടത്തിലാ'ണെന്നുമാണ്. വാസ്തവത്തിൽ ഇന്ത്യൻ മുസ്​ലിമിന്റെ അവസ്ഥ രജീന്ദർ സച്ചാർ കമ്മീഷൻ ആർക്കും മനസിലാകുന്ന ഭാഷയിൽ എഴുതിവെച്ചിട്ടുണ്ട്: അതുപ്രകാരം ഭൂരിപക്ഷം മുസ്​ലിംകളുടെയും അവസ്ഥ ദലിതരുടേതിനേക്കാൾ മോശമാണ്. എന്നുവച്ചാൽ, ഇന്ത്യൻ ജനതയുടെ എൺപതുശതമാനം വരുന്ന ഹിന്ദുക്കളിലെ ഒരു ന്യൂനപക്ഷമായ ഹിന്ദുത്വവാദികളുടെ കൈകളിലാണ് ഇന്ത്യയിലെ ഭരണമിരിക്കുന്നത്; ഇന്ത്യൻ മുസ്​ലിമിന്റെ അവസ്ഥ അങ്ങേയറ്റം അപരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. അതിനർഥം ‘ഹിന്ദു അപകടത്തിൽ' എന്ന പരിവാരത്തിന്റെ മുദ്രാവാക്യം ഒരു കള്ളമാണ്; എന്നാൽ ഇന്ത്യൻ മുസ്​ലിമിനെ കാത്തിരിക്കുന്നത് ഭീഷണമായ ഭാവിയാണ് എന്നത് ഒരു യാഥാർഥ്യമാണ്.

ബി.ജെ.പി.യുടെ സാമ്പത്തികനയത്തെ എതിർക്കുമ്പോൾ അത് എല്ലാ മനുഷ്യരുടെയും ജീവിതത്തെ ദുരിതത്തിലാക്കുന്നു എന്ന മതനിരപേക്ഷ ന്യായമാണ് മുന്നോട്ടുവയ്ക്കേണ്ടത്; അതാണ് ഭൂരിപക്ഷ സമുദായത്തിനുപോലും ബോധ്യമാവുക.

ഈ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം വരണമെങ്കിൽ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്​ഇന്ത്യയിലുണ്ടായിരുന്നപോലെ മതേതര- ജനാധിപത്യ- പുരോഗമനശക്തികൾക്ക്​ രാഷ്ട്രീയത്തിൽ മേൽക്കൈ കിട്ടണം. അതിന്​ രണ്ടു കാര്യങ്ങൾ സംഭവിക്കണം.
ഒന്ന്: മതേതരശക്തികളുടെ ഏകീകരണം. ഇന്ത്യയിലെ മഹാഭൂരിപക്ഷം മനുഷ്യരും ഇപ്പോഴും വർഗീയതയ്ക്കെതിരാണെന്നും ഹിന്ദുത്വവാദത്തിനെതിരെ മൃദു ഹിന്ദുത്വവാദം ഫലിക്കില്ലെന്നും ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള നാട്ടിൽ ഒരുതരത്തിലുമുള്ള ഏകപക്ഷീയത്വവും ഗുണപ്രദമാവില്ല എന്നുമുള്ള തിരിച്ചറിവുള്ള ശക്തികളുടെ ഒത്തുചേരൽ; അവർ മുന്നോട്ടുവയ്ക്കുന്ന ഒരു ബദൽ പരിപാടി, അതിന്റെ പ്രചാരണം.

രണ്ട്: വർഗീയത എന്നത് മനുഷ്യന്റെ കണ്ണിൽ പൊടിയിടാനാണെന്നും, അത് മനുഷ്യരുടെ പ്രശ്‌നങ്ങൾ പരിഹരിക്കില്ലെന്നും, ഏതാനും ചില മുതലാളിമാർക്ക് സമ്പത്ത്​ തീറെഴുതുന്ന ബി.ജെ.പി. സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മറയിടാനാണ് ‘ഹിന്ദു അപകടത്തിൽ' എന്ന മുദ്രാവാക്യം എന്നും യഥാർഥത്തിൽ 80 ശതമാനം വരുന്ന ഹിന്ദുക്കളിലെ ഭൂരിപക്ഷവും ബാക്കിയുള്ള സാധാരണക്കാരെപ്പോലെ ഈ സാമ്പത്തികനയത്തിന്റെ ഇരകളാണെന്നുമുള്ള കേവലസത്യം മനുഷ്യരെ ബോധ്യപ്പെടുത്താനാവുക.

ഈ രണ്ട് പ്രക്രിയയിലും പോപ്പുലർ ഫ്രണ്ടിന്റെയോ അതുപോലുള്ള ന്യൂനപക്ഷ വർഗീയശക്തികളുടെയും റോളെന്താണ്?

photo: Rss group,fb page

വൈവിധ്യങ്ങളെ ഇല്ലാതാക്കാക്കി ഈ രാജ്യത്തിന്റെ ഭാവിയെ ഇരുളിലാക്കുന്ന ഭരണത്തിന് ‘ജയ് ശ്രീരാം' എന്നു വിളിച്ചും ‘ഹിന്ദു അപകടത്തിൽ' എന്ന മുദ്രാവാക്യം മുഴക്കിയും പ്രതിരോധം തീർക്കുന്ന ഹിന്ദുത്വവാദികളെ എതിർക്കുന്ന മതേതരസഖ്യത്തിൽ ‘അള്ളാഹു അക്ബർ' എന്നുവിളിക്കുന്ന പാർട്ടികളുണ്ടായാൽ എന്തായിരിക്കും ആ സഖ്യത്തിന്റെ ധാർമികാധികാരം? ഒരൊറ്റ തക്ബീർ വിളികൊണ്ട്​ അക്കൂട്ടർ ആ സഖ്യത്തെ ഹിന്ദുത്വശക്തികളുമായി തുല്യതപ്പെടുത്തുകയല്ലേ ചെയ്യുക? ആ നിലവാരത്തിലേക്ക് വലിച്ചുതാഴ്ത്തുകയും. അതിനെ എങ്ങനെയായിരിക്കും ഹിന്ദുത്വശക്തികൾ ഉപയോഗിക്കുക?

ഇന്ത്യയിൽ 15 സംസ്ഥാനത്ത്​ റെയ്ഡ്​ നടന്നു. എന്നാൽ പ്രതിഷേധം, അതും അക്രമങ്ങൾ നടത്തിയുള്ള പ്രതിഷേധം നടന്നത് കേരളത്തിലും തമിഴ്നാട്ടിലും മാത്രം. കേരളത്തിൽ പൊതുമുതൽ നശിപ്പിച്ചും ആളുകളുടെനേരെ മെക്കിട്ടുകയറിയും പൊലീസുദ്യോഗസ്ഥരെ വരെ ആക്രമിച്ചുമാണ് ഇക്കൂട്ടർ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചത്.

ബി.ജെ.പി.യുടെ സാമ്പത്തികനയത്തെ എതിർക്കുമ്പോൾ അത് എല്ലാ മനുഷ്യരുടെയും ജീവിതത്തെ ദുരിതത്തിലാക്കുന്നു എന്ന മതനിരപേക്ഷ ന്യായമാണ് മുന്നോട്ടുവയ്ക്കേണ്ടത്; അതാണ് ഭൂരിപക്ഷ സമുദായത്തിനുപോലും ബോധ്യമാവുക. ആ നയങ്ങളുടെ ഇരകൾ ന്യൂനപക്ഷ സമുദായം മാത്രമല്ലെന്നും ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷം ആളുകളും അക്കൂട്ടത്തിലുണ്ടെന്നും അവർ ഒരുമിച്ചുനിന്നാൽ മാത്രമെ അതിൽനിന്ന്​ രക്ഷപ്പെടാനാവൂ എന്നുമുള്ള രാഷ്ട്രീയം മുന്നോട്ടുവയ്ക്കുമ്പോൾ, അതിൽ വർഗീയവാദികളുണ്ടായാൽ അതിലെന്തു വിശ്വാസ്യത?

ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ ഒരു ചെറുന്യൂനപക്ഷം വർഗീയവാദികളായാൽ അവർക്ക്​ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടും, ഭരണം അവരുടെ പിടിയിലാവുകയും ചെയ്യും. ഇന്ത്യയിലെ മുഴുവൻ ന്യൂനപക്ഷങ്ങളും വർഗീയവാദികളായാലും ആ ചെറിയ ന്യൂനപക്ഷ ഹിന്ദുത്വവാദികൾക്ക്​ നമ്മുടെ ജനാധിപത്യസമ്പ്രദായത്തിൽ മേൽക്കൈയുണ്ടാകും. അവരെ തോൽപ്പിക്കണമെങ്കിൽ മതേതരമനുഷ്യരുടെ കൂട്ടായ്മയ്ക്കുമാത്രമേ സാധിക്കൂ. ഒരു ന്യൂനപക്ഷ വർഗീയശക്തിയുടെ സാന്നിധ്യം മതേതരശക്തികളുടെ സഖ്യത്തെയും സ്വാഭാവികമായും വർഗീയമാക്കും; എണ്ണത്തിന്റെ കളിയിൽ അവർ തോറ്റുപോവുകയും ചെയ്യും. ഭരണം എന്നും ഹിന്ദുത്വശക്തികളുട കൈയിൽ ഇരിക്കുകയും ചെയ്യും.

ഭൂരിപക്ഷ വർഗീയതയെ എപ്പോഴെങ്കിലും തോൽപ്പിക്കാൻ സാധ്യതയുള്ള മതനിരപേക്ഷ മനുഷ്യരെ വർഗീയത പറഞ്ഞു ചിതറിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്

അതല്ലായെങ്കിൽ, ഹിന്ദുത്വയെ എതിർക്കാൻ ഒരു മതനിരപേക്ഷ മനുഷ്യൻ പോപ്പുലർ ഫ്രണ്ടിനൊപ്പം ഇറങ്ങി എന്നിരിക്കട്ടെ. അയാൾ എന്തുമുദ്രാവാക്യം വിളിക്കണം, തക്ബീർ? അതോ ജയ് ശ്രീറാം? ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ എപ്പോഴെങ്കിലും തോൽപ്പിക്കാൻ സാധ്യതയുള്ള മതനിരപേക്ഷ മനുഷ്യരെ വർഗീയത പറഞ്ഞു ചിതറിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് പോപ്പുലർ ഫ്രണ്ടിനുള്ളത് എന്ന് കാണേണ്ടിവരും. മനുഷ്യർ വിഭജിക്കപ്പെട്ടാൽ അതിന്റെ ഗുണം വർഗീയവാദികൾക്കായിരിക്കും എന്ന് മനസിലാക്കാൻ അത്ര ബുദ്ധിമുട്ടുണ്ടോ? വർഗീയവാദികൾ പരസ്പരം പോഷിപ്പിക്കുകയും ഭൂരിപക്ഷ വർഗീയവാദികൾ അതിന്റെ ഏറ്റവും വലിയ നേട്ടം കൊയ്യുകയും ചെയ്യും എന്നും മനസിലാക്കാനും.

മതേതരശക്തികളെ പോപ്പുലർ ഫ്രണ്ട് ദുർബലമാക്കുന്ന വേറെയും കാരണങ്ങളുണ്ട്. അവർക്കുനേരെ അടുത്തിടെ നടന്ന റെയ്ഡുകൾക്കുനേരെയുണ്ടായ പ്രതികരണം നോക്കുക. ഇന്ത്യയിൽ 15 സംസ്ഥാനത്ത്​ റെയ്ഡ്​ നടന്നു. എന്നാൽ പ്രതിഷേധം, അതും അക്രമങ്ങൾ നടത്തിയുള്ള പ്രതിഷേധം നടന്നത് കേരളത്തിലും തമിഴ്നാട്ടിലും മാത്രം. കേരളത്തിൽ പൊതുമുതൽ നശിപ്പിച്ചും ആളുകളുടെനേരെ മെക്കിട്ടുകയറിയും പൊലീസുദ്യോഗസ്ഥരെ വരെ ആക്രമിച്ചുമാണ് ഇക്കൂട്ടർ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചത്. തമിഴ്‌നാട്ടിലാവട്ടെ, ബി.ജെ.പി.- ആർ.എസ്​.എസ്​. ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ പെട്രോൾ ബോംബെറിഞ്ഞാണ് മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഇക്കൂട്ടർ പ്രതിഷേധിച്ചത്.

മണിക്കൂറുകൾക്കുള്ളിൽ പ്രതികാര കൊലപാതകം സംഘടിപ്പിക്കാനും പ്രതികളെ അനേകനാളത്തേയ്ക്കു ഒളിപ്പിച്ചുവയ്ക്കാനും വിദേശത്തയക്കാനും കഴിയുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.

ഇന്ത്യയിൽ മതനിരപേക്ഷതയോട്​ നൂറുശതമാനം കൂറുപുലർത്തുന്ന ഈ രണ്ട് സംസ്ഥാനങ്ങളിൽ അക്രമസമരം സംഘടിപ്പിക്കുകവഴി ‘മതേതര' സർക്കാരുകൾ ഭരിക്കുന്ന സ്ഥലങ്ങളിൽ മുസ്​ലിംകൾക്ക്​ എന്ത് അക്രമവും നടത്താം, അവിടത്തെ ഹിന്ദുഭൂരിപക്ഷത്തിന്​ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവുമില്ല എന്ന പരിവാർവാദത്തിന്​ ശക്തിപകരുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്തത്. ഇതിന്റെ ക്രൂരമായ മറ്റൊരു ഫലം, ഈ രണ്ട് സംസ്ഥാനങ്ങളിലും മതേതര സർക്കാരുകൾക്കുകീഴിൽ മുസ്​ലിം ന്യൂനപക്ഷം സുരക്ഷിതരായിരിക്കുമ്പോഴും ഈ അക്രമപരമ്പരകൾ ഉത്തരേന്ത്യൻ മുസ്​ലിമിന്റെ ജീവിതം കൂടുതൽ അപകടകരമാക്കും എന്നതാണ്.

മണിക്കൂറുകൾക്കുള്ളിൽ പ്രതികാര കൊലപാതകം സംഘടിപ്പിക്കാനും പ്രതികളെ അനേകനാളത്തേയ്ക്കു ഒളിപ്പിച്ചുവയ്ക്കാനും വിദേശത്തയക്കാനും കഴിയുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ടി.ജെ. ജോസഫ് മാഷുടെ കൈ വെട്ടിയപ്പോൾ അവർ ഒരു പ്രതികാരം ചെയ്യുകയല്ല ചെയ്തത്, മറിച്ച് അവരുടെ മതത്തിന്റെ ശിക്ഷാവിധി നടപ്പാക്കുകയാണ്. അത്തരമൊരു പ്രതികരണത്തെ ഇന്ത്യയിലെയും കേരളത്തിലെയും മുക്കാലേ മുണ്ടാണി മുസ്​ലിംകളും തള്ളിക്കളഞ്ഞു എന്നുകൂടി ഓർക്കുമ്പോൾ എന്ത് മുദ്രാവാക്യമാണ് ഇക്കൂട്ടർ മുന്നോട്ടുവയ്ക്കുന്നത്, ആരുടെ വാദമാണ് ഇവർ ഉന്നയിക്കുന്നത് എന്നൊരു ചോദ്യം ഉയരേണ്ടതുണ്ട്.

ഇന്ത്യൻ മുസ്​ലിമിന്റെ അപരവത്കരണവും നിലനില്പിനുനേരെയുള്ള ഭീഷണിയും ആയുധങ്ങളാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിനെ നിയമം മൂലം നേരിടുകയാണ് വേണ്ടത്, നിരോധിക്കുകയല്ല, ഒപ്പം അവർ ആയുധമാക്കുന്ന വസ്തുതകളെ മതനിരപേക്ഷ സമൂഹം ഗൗരവമായി ഏറ്റെടുക്കുകയും ചെയ്യണം.

ജനാധിപത്യ മതേതര ശക്തികൾക്ക് ഭൂരിപക്ഷമുള്ള നാടാണ് ഇന്ത്യ ഇപ്പോഴും. അവരുടെ കോമൺ പ്ലാറ്റ്ഫോം​ ഒരുക്കിയാണ്, നമ്മുടെ നാടിന്റെ രാഷ്ട്രീയ പ്രക്രിയയുടെ ഒരു ഘട്ടത്തിൽ പല കാരണങ്ങളും കൊണ്ട് അധികാരത്തിലെത്തിയ ഹിന്ദുത്വവാദികളെ നേരിടേണ്ടത്. ആയിരക്കണക്കിനു കൊല്ലം കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത ഒരു ഘടനയിൽ കേവലം പത്തുകൊല്ലം എന്നത് വളരെ നീണ്ട കാലയളവൊന്നുമല്ല, പ്രതീക്ഷ നഷ്ടപ്പെട്ടവരെപ്പോലെ പ്രവർത്തിക്കാൻ. അതിനു സാംഗത്യവുമില്ല.

കൊടുംവർഗീയതയുടെ വക്താക്കളോട്​ ഒന്നും പറയാനില്ല; പക്ഷെ ഹിന്ദുത്വശക്തികൾക്കെതിരെ പോരാടാനുള്ള വേദിയായി പോപ്പുലർ ഫ്രണ്ടിനെ കണ്ടവർ പോലും ഇക്കാര്യം തിരിച്ചറിയുകയുകയും ഒരു ജനാധിപത്യവിരുദ്ധ- മതനിരപേക്ഷ വിരുദ്ധ സംഘടന, വർഗീയശക്തികൾക്ക് വളംവച്ചുകൊടുക്കാനേ ഉപകരിക്കൂ എന്ന് മനസിലാക്കി ആ വഴി ഉപേക്ഷിക്കുകയും മതേതരശക്തികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയുമാണ് വേണ്ടത്. ▮

Comments