ഹിന്ദുത്വശക്തികൾ ഭരണം നിലനിർത്തുന്നടത്തോളം കാലം ഇന്ത്യയിലെ പൗരർക്ക്​ ആ തുറന്ന മനസ് നേടിയെടുക്കുവാൻ പ്രയാസമാകും. / Photo: Narendra Modi, Fb Page

പാതിവഴിയേ നാം മറന്നുപോയി,
​മതേതര രാഷ്ട്രത്തിലേക്കുള്ള നടത്തം...

കേവലം ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത എന്നിങ്ങനെ കാണുന്നതിനുപകരം പരസ്​പരം ഊർജം പകർന്ന്​ വളരുന്ന തീവ്രവാദികളായാണ് ഇസ്​ലാമിസ്റ്റുകളെയും, ഹിന്ദുത്വവാദികളെയും കാണേണ്ടത്

‘ഞങ്ങൾ മുസ്​ലിംകളല്ല, ശരിക്കും ചരിത്രം അന്വേഷിച്ചുപോയാൽ എന്റെ പൂർവികർ രജപുത്രരാണ്, പിന്നീട് എന്തോ കാരണം കൊണ്ട് മതം മാറിയതാണ്. അങ്ങനെ വരുമ്പോൾ യഥാർത്ഥത്തിൽ ഞങ്ങൾ ഹിന്ദുക്കളാണ്, മുസ്​ലിംകളല്ല'- ‘റോക്​സ്​ സ്​റ്റാർ’ എന്ന സിനിമക്കുവേണ്ടി എ.ആർ. റഹ്​മാൻ ഒരുക്കിയ ഒരു സൂഫി ഗാനത്തെചൊല്ലി തുടങ്ങിയ സംഭാഷണം ഇർഫാൻ അവസാനിപ്പിച്ചത് അങ്ങനെയായിരുന്നു.

‘നിങ്ങൾ, മലയാളികൾക്ക് ഇസ്​ലാമിനോട് വലിയ താത്പര്യമാണ്', ഡൽഹിയിലെ ജുമാ മസ്ജിദിലേക്ക് പോകാനുള്ള വഴി ആരാഞ്ഞപ്പോഴും, നിസാമുദ്ദിൻ ദർഗയിലേക്ക് പോകാൻ കൂട്ടുവന്നപ്പോഴും ഇർഫാൻ ആവർത്തിച്ചു.

ഇസ്​ലാം എന്നുകേട്ടാൽ റൂമിയുടെ പ്രണയമോ, ഇബ്‌നു ഖൽദൂനിന്റെ ചരിത്രവിശകലനമോ, മാൽക്കോം എക്‌സിന്റെ ഉശിരൻ പ്രസംഗമോ, മുഹമ്മദലിയുടെ ജീവിതമോ ഒക്കെ മനസിലേക്ക് വന്നിരുന്ന എനിക്ക് ഇർഫാനെ മനസിലാക്കുവാൻ ബുദ്ധിമുട്ടായിരുന്നു. വളരെ റിച്ചായ ഒരു ചരിത്ര - സാംസ്‌കാരിക പൈതൃകത്തിൽ നിന്നുകൊണ്ട് സ്വന്തം അസ്തിത്വത്തെക്കുറിച്ച് പറയാനൊരു വിമുഖത, ആ അസ്തിത്വത്തെക്കുറിച്ച് പറയുമ്പോഴും അത് എത്രത്തോളും ദൃഢമായി പറയണം എന്നതിനെ കുറിച്ചുള്ള ആശങ്ക, ഇനി അങ്ങനെ പറഞ്ഞാൽ തന്നെ കൂടെ ‘മൂന്നുതലമുറകൾക്കുമുൻപ് ഞങ്ങൾ ഹിന്ദുക്കളായിരുന്നു' എന്നോ മറ്റോ ചേർക്കേണ്ടി വരുന്ന അവസ്ഥ.

സമുദായങ്ങളും, ജാതികളും ശ്രേണീകരിക്കപ്പെട്ട സാമൂഹികയാഥാർഥ്യത്തിനുമുന്നിൽ സുരക്ഷിതത്വം തേടുന്ന വ്യക്തികൾ നടത്തുന്ന വിഫലശ്രമങ്ങളാണ്, അത്തരം പൂർവ്വകാല അസ്തിത്വങ്ങളുടെ തെരെഞ്ഞെടുപ്പ്. / Photo: Wikimedia Commons

കഴിഞ്ഞകാലത്തേക്കുനോക്കി തനിക്ക് ഏറ്റവും സുരക്ഷിതമായ അസ്തിത്വം തെരഞ്ഞെടുക്കുന്ന രീതി ഇന്ത്യൻ മനസിന് അന്യമല്ല. സമുദായങ്ങളും, ജാതികളും ശ്രേണീകരിക്കപ്പെട്ട സാമൂഹികയാഥാർഥ്യത്തിനുമുന്നിൽ സുരക്ഷിതത്വം തേടുന്ന വ്യക്തികൾ നടത്തുന്ന വിഫലശ്രമങ്ങളാണ്, അത്തരം പൂർവകാല അസ്തിത്വങ്ങളുടെ തെരെഞ്ഞെടുപ്പ്. മാറുന്ന രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് നാം അനുവർത്തിച്ചുപോരുന്ന ഈ തെരെഞ്ഞെടുക്കൽ ഇന്ന് ഇന്ത്യൻ ജനതയുടെ മുഖമുദ്രയാണ്. സ്വതന്ത്ര ഇന്ത്യ വളരെ മുൻപേ നടന്നുതുടങ്ങിയിരുന്ന ‘എല്ലാ മതങ്ങളെയും ഒരേപോലെ ചേർത്തുനിർത്തിയുള്ള മതേതര രാഷ്ട്രത്തിലേക്കുള്ള നടത്തം' നാം പാതിവഴിയേ മറന്നതിന്റെ ഫലം. ആ മറവിയെക്കുറിച്ചും ഇന്ത്യൻ സെക്യുലറിസത്തിന്റെ ഭാവിയെക്കുറിച്ചുമാണ് ഈ വിചാരം.

ഇന്ത്യയുടെ പ്രാചീനകാലത്തോ, മധ്യകാലത്തോ ഉണ്ടായിരുന്ന ഒരു ഭരണകൂടസങ്കൽപ്പത്തിന്റെയും ഭാഗമായിരുന്നില്ല ‘സെക്യുലറിസം' എന്ന ആശയം. പൂർണമായും യൂറോപ്പിൽ നടന്ന രാഷ്ട്രീയ സാമൂഹിക വിപ്ലവങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഒരു രാഷ്ട്രസങ്കൽപ്പത്തിന്റെ ഭാഗമാണത്.

‘ഇന്ത്യൻ സെക്യുലറിസം' എന്ന സങ്കൽപ്പം പൂർണമായും ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രാവർത്തികമാക്കേണ്ട ഒരു പദ്ധതിയായിട്ടാണ് ഭരണഘടനാശില്പികൾ വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ പ്രാചീനകാലത്തോ, മധ്യകാലത്തോ ഉണ്ടായിരുന്ന ഒരു ഭരണകൂടസങ്കൽപ്പത്തിന്റെയും ഭാഗമായിരുന്നില്ല ‘സെക്യുലറിസം' എന്ന ആശയം. പൂർണമായും യൂറോപ്പിൽ നടന്ന രാഷ്ട്രീയ സാമൂഹിക വിപ്ലവങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഒരു രാഷ്ട്രസങ്കൽപ്പത്തിന്റെ ഭാഗമാണത്. എല്ലാ മതങ്ങളിൽ നിന്നും അകലം പാലിക്കുന്ന ഭരണകൂടവും, മതപരമായ എന്തിനെയും പൊതുഇടങ്ങളിൽ നിന്ന്​ ഒഴിവാക്കി അവ പൗരരുടെ വ്യക്തിജീവിതത്തിലേക്കുമാത്രം ഒതുക്കുന്ന നിയമനിർമാണങ്ങളും പാശ്ചാത്യ സെക്യുലറിസത്തിന്റെ പ്രത്യേകതകളാണ്. ലിബറൽ - ജനാധിപത്യ രാഷ്ട്രങ്ങളിൽ ഭരണകൂടവും മതവും വ്യക്തമായ വേർതിരിവ് പ്രാവർത്തികമാക്കുമ്പോൾ ഇന്ത്യയിൽ അങ്ങനെയല്ല.

ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾ നടത്തിയ പ്രതിഷേധം. / Photo: Sultan Mahmud, Fb

മതങ്ങൾ ഇന്ത്യൻ ജനതയുടെ പൊതുജീവിതത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഭരണകൂടവും അതേരീതിയിൽ പ്രവർത്തിക്കേണ്ട ആവശ്യകത നിലനിൽക്കുന്നു. വ്യക്തികളുടെ മൗലികാവകാശങ്ങൾക്ക് കോട്ടം വരാത്ത രീതിയിൽ മതങ്ങൾ പൊതുജീവിതത്തിലും, വ്യക്തിജീവിതത്തിലും നിലനിർത്തുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുമുണ്ട്. ഇത്തരം സെക്യുലർ ചിന്തയെ ‘പോസിറ്റീവ് സെക്യുലറിസം' എന്നുകണ്ടാണ് ഇന്ത്യയിലെ കോടതികൾ മനസിലാക്കുന്നത്. സ്‌കൂൾ യൂണിഫോമുകളിൽ ഹിജാബ് ഉൾപ്പെടുത്താമോ എന്നതിൽ തുടങ്ങി അയോധ്യ വിഷയത്തിൽ വരെ ഇന്ത്യയുടെ ‘പോസിറ്റീവ് സെക്യുലറിസം' ചർച്ചയാക്കപ്പെട്ടിരുന്നു.

രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം ഇന്ത്യയിൽ എന്നും നിലനിന്നുപോരുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയാധികാരം നേടുവാൻ മത്സരിക്കുന്ന പാർട്ടികൾ മതങ്ങളെ ഉപയോഗിക്കും. രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം നെഹ്റു അടക്കമുള്ള നേതാക്കളെ വിഷമിപ്പിച്ചിരുന്നപ്പോൾ, ഗാന്ധി അത്തരമൊരു ബന്ധത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നത് സ്വാതന്ത്ര്യസമരചരിത്രത്തിന്റെ യാഥാർഥ്യമാണ്. രാഷ്ട്രത്തെ അമ്മയായോ, ദേവിയായോ കാണുന്നതിൽ തുടങ്ങുന്ന ദേശീയത ഇന്ത്യൻ മുസ്​ലിംകൾക്ക് എത്രത്തോളം വൈകാരികമായി തോന്നുന്ന ഒന്നാണ് എന്ന സംശയം ഗാന്ധി പരിഹരിച്ചിരുന്നത് ഇസ്​ലാം നേരിടുന്ന പ്രശ്‌നങ്ങളെക്കൂടി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കികൊണ്ടാണ്.

ഒരു ഹിന്ദു തിയോക്രസിയാകുന്ന അവസ്ഥയ്ക്കും സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം പേറുന്ന സെക്യൂലറിസത്തിനുമിടയിൽ എവിടെയോ ആണ് ഇന്ത്യയുടെ നിലനിൽപ്പ് എന്ന് ചരിത്രകാരൻ പാട്രിക് ഫ്രഞ്ച് അഭിപ്രായപ്പെടുന്നത് ശ്രദ്ധേയമാണ്.

മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇന്ത്യൻ ജനതയെ വൈകാരികമായി ഒരുമിച്ചുനിർത്തിയപ്പോൾ രാഷ്ട്രത്തിൽ പ്രധാനമായും ഉദയംകൊണ്ടത് രണ്ട് ദേശീയതകളാണ്; ഹിന്ദുമതം അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയതയും, ഇസ്​ലാമിന്റെ സ്വാധീനമുള്ള ദേശീയതയും. നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലമത്രയും ഈ രണ്ട് ദേശീയതകളെ നിലനിർത്തുകയും അവ പരമാവധി നിയന്ത്രണവിധേയമാക്കുകയും ചെയ്തപ്പോൾ, മറുവശത്ത് പാകിസ്താൻ എന്ന ‘ഇസ്​ലാമിക്ക് റിപ്പബ്ലിക്ക്' യാഥാർഥ്യമായി നിലനിന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള വൈരത്തെക്കാൾ ഒരേ ഭൂമികയിലെ രണ്ട് രാജ്യാതിർത്തികൾ തമ്മിലുള്ള വേർതിരിവ് മതത്തിന്റെ പേരിലാണോ എന്ന സ്വാഭാവികചോദ്യത്തിന് മറുപടിയെന്നോണമാണ് ഇന്ത്യ സ്വന്തം ‘സെക്യുലർ' അസ്തിത്വം രാഷ്ട്രത്തിന്റെ സ്വഭാവമായി ഉറപ്പിക്കുന്നത്. നെഹ്റു തുടക്കമിട്ട ഈ പദ്ധതിയ്ക്ക് പിന്നീട് പുരോഗതി ഉണ്ടായില്ല എന്നതാണ് ഇന്ന് നാം നേരിടുന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ കാതൽ.

നെഹ്റു തുടക്കമിട്ട ‘സെക്യുലർ' അസ്തിത്വം രാഷ്ട്രത്തിന്റെ സ്വഭാവമായി ഉറപ്പിക്കുക എന്ന പദ്ധതിയ്ക്ക് പിന്നീട് പുരോഗതി ഉണ്ടായില്ല എന്നതാണ് ഇന്ന് നാം നേരിടുന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ കാതൽ. / Photo: Wikimedia Commons

ലിബറൽ ആശയങ്ങളുടെ സ്വാധീനവും, ഗാന്ധിയുടെ കൊലപാതകവും എല്ലാം ചേർന്ന് ഒരുക്കിത്തീർത്ത സാഹചര്യം തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് ഒരിക്കലും സഹായകമല്ലാതിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് ഉദാരവത്കരണത്തിനുശേഷമുള്ള ഇന്ത്യയിലെത്തിനിൽക്കുമ്പോൾ, ‘സെക്യുലർ' രാജ്യമാകാനുള്ള തീരുമാനം പോലും ഹിന്ദുസമൂഹം മുസ്​ലിം സമുദായത്തോട് ചെയ്യുന്ന പരിഗണനയയാണ് പൊതുവേ മനസിലാക്കപ്പെടുന്നത്. ഒരു ഹിന്ദു തിയോക്രസിയാകുന്ന അവസ്ഥയ്ക്കും സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം പേറുന്ന സെക്യൂലറിസത്തിനുമിടയിൽ എവിടെയോ ആണ് ഇന്ത്യയുടെ നിലനിൽപ്പ് എന്ന് ചരിത്രകാരൻ പാട്രിക് ഫ്രഞ്ച് അഭിപ്രായപ്പെടുന്നത് ശ്രദ്ധേയമാണ്.

തീവ്രവാദി ബന്ധം ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘടനകളെ ഭരണകൂടം നിരോധിക്കുമ്പോൾ ആർ.എസ്​. എസ് , വിശ്വ ഹിന്ദു പരിഷത്ത് എന്നിങ്ങനെയുള്ള തീവ്രഹിന്ദുത്വ സംഘടനകൾ പ്രവർത്തിക്കുന്നത് ഒരു വൈരുധ്യമാണ്.

ലോകത്താകമാനം കരുത്താർജിച്ച് വളരുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. സാമ്പത്തികഞെരുക്കം, പ്രകൃതിക്ഷോഭങ്ങൾ, അഭയാർഥിപലായനം എന്നിങ്ങനെ ലോകം നേരിടുന്ന പല പ്രശ്‌നങ്ങൾക്കുമുള്ള മറുപടിയെന്നോണമാണ് തീവ്രവലതുപക്ഷ പാർട്ടികൾ ലോകത്ത് പലയിടങ്ങളിലായി ഭരണകൂടത്തിന്റെ ഭാഗമാകുന്നത്. സമൂഹം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളെ നേരിടുന്നതിനുപകരം തങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു ശത്രുവിൽ സർവ പഴിയും ചാരി വിദ്വേഷത്തിൽ വളരുന്ന അത്തരം രാഷ്ടീയമുന്നേറ്റങ്ങളെ തീവ്രവലതുപക്ഷമായും, ഫാഷിസ്റ്റായും കണക്കാക്കാം. സ്വീഡനിലും, ഇറ്റലിയിലും തീവ്രവലതുപക്ഷ പാർട്ടികൾ അധികാരം നേടിയത് മുതൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നേടിയതുവരെ ലോകത്തിന്റെ രാഷ്ട്രീയത്തെ മാറ്റിതീർത്തിട്ടുണ്ട്. യൂറോപ്പിൽ തീവ്രമായ മുസ്​ലിംവിരുദ്ധതയുടെ കഥകൾ ഉറവിടംകൊള്ളുമ്പോൾ അതിന് തെളിവെന്നോണം അഫ്ഗാനിസ്ഥാനിൽ നിന്ന്​ താലിബാന്റെ വാർത്തകൾ നമ്മുടെ കാതുകളിലെത്തുന്നു. വാർത്തകൾ പെരുകുമ്പോൾ മുസ്​ലിം സമുദായം പൊതുവെ പ്രശ്‌നക്കാരാണ് എന്ന പൊതുബോധം ഉറപ്പിക്കപ്പെടുന്നു.

പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ നേതാവാകുന്നതിനുപകരം അമ്പലങ്ങൾക്ക് കല്ലിട്ടും, പുതുതായി പണിത പാർലമെൻറ്​ സമുച്ചയത്തിൽ ഹിന്ദു വിധിപ്രകാരമുള്ള പൂജകളിൽ പങ്കെടുത്തും ‘സെക്യുലർ വിരുദ്ധ’ സന്ദേശം നൽകുന്നു. / Photo: Narendra Modi, Fb Page

ആഗോള പ്രതിസന്ധികളിൽ നിന്ന്​ ആഭ്യന്തര രാഷ്ട്രീയപ്രശ്‌നങ്ങളുണ്ടാവുന്നതും മറിച്ചും ഇന്ന് സർവസാധാരണമാണ്. ദക്ഷി​ണേഷ്യയിലെ രാജ്യങ്ങളായ ചൈന, മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ അഭയാർഥികളെ നേരിടുന്നതിൽ അഭയാർഥിവിരുദ്ധതയും മുസ്​ലിംവിരുദ്ധതയും ഒരുപോലെ കടന്നുവരുന്നത് യാദൃച്​ഛികമല്ല. രാഷ്ട്രതന്ത്രജ്ഞത എന്ന പേരിൽ മനുഷ്യരെ കൂട്ടത്തോടെ അതിർത്തി കടത്തുമ്പോൾ ഓർക്കേണ്ടത് ഫാഷിസ്റ്റ് ഇറ്റലിയുടെയും, നാസി ജർമനിയുടെയും ചരിത്രമാണ്. പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ നേതാവാകുന്നതിനുപകരം അമ്പലങ്ങൾക്ക് കല്ലിട്ടും, പുതുതായി പണിത പാർലമെൻറ്​ സമുച്ചയത്തിൽ ഹിന്ദുവിധിപ്രകാരമുള്ള പൂജകളിൽ പങ്കെടുത്തും ‘സെക്യുലർ വിരുദ്ധ’ സന്ദേശം നൽകുന്നു. രാഷ്ട്രപതിയാകട്ടെ, ആദിവാസി അസ്തിത്വം നിലനിർത്തുമ്പോഴും സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഹൈന്ദവപൂജകളിൽ പങ്കെടുക്കുന്നു. കേവലം വ്യക്തിപരമായ പ്രവൃത്തി എന്നതിനേക്കാൾ ഭരണകൂടത്തിന്റെ മുഖ്യ അജണ്ടകൾ എന്തെല്ലാമാണെന്ന് ഇതിൽ നിന്ന് വായിച്ചെടുക്കാം.

ഇന്ത്യയിൽ ഇന്ന് തീവ്രവാദ ആശയങ്ങളുടെ പ്രചാരണത്തിന് ഹിന്ദുത്വ തീവ്ര വലതുപക്ഷവും, ഇസ്​ലാമിസ്റ്റുകളും പരസ്​പരം ഊർജം പകരുന്ന കാഴ്ച ഒരിക്കലും രാഷ്ട്രത്തിന്റെ സെക്യുലർ സ്വഭാവത്തിനും, സമാധാനത്തിനും അഭികാമ്യമല്ല.

തീവ്രവാദിബന്ധം ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള സംഘടനകളെ ഭരണകൂടം നിരോധിക്കുമ്പോൾ ആർ.എസ്​.എസ്., വിശ്വഹിന്ദു പരിഷത്ത് എന്നിങ്ങനെയുള്ള തീവ്രഹിന്ദുത്വ സംഘടനകൾ പ്രവർത്തിക്കുന്നത് ഒരു വൈരുധ്യമാണ്. മതമൗലികവാദികളെയും തീവ്രവലതുപക്ഷവാദികളെയും ഒരുപോലെ എതിർക്കേണ്ട ഭരണകൂടം ചിലരെ മാത്രം നിരോധിക്കുകയും, ചിലർക്ക് സംരക്ഷണം നല്കുകയും ചെയ്യുന്നതും നാം കണ്ടു. കേവലം ഭൂരിപക്ഷവർഗീയത, ന്യൂനപക്ഷവർഗീയത എന്നിങ്ങനെ കാണുന്നതിനുപകരം പരസ്​പരം ഊർജം പകർന്ന്​ (Cumulative Extremism) വളരുന്ന തീവ്രവാദികളായാണ് ഇസ്​ലാമിസ്റ്റുകളെയും, ഹിന്ദുത്വവാദികളെയും കാണേണ്ടത് (‘the way in which one form of extremism can feed off and magnify other forms'). ചരിത്രകാരനായ റോജർ ഈറ്റ് വെൽ, ഫാഷിസത്തെ കുറിച്ച് വിശദീകരിക്കുമ്പോൾ നടത്തുന്ന ഈ കണ്ടെത്തൽ ആഗോള തലത്തിൽ വന്നുകൊണ്ടിരിക്കുന്ന അധികാരമാറ്റങ്ങളെ വ്യക്തമാക്കുന്നതാണ്. ഇന്ത്യയിൽ ഇന്ന് തീവ്രവാദ ആശയങ്ങളുടെ പ്രചാരണത്തിന് ഹിന്ദുത്വ തീവ്രവലതുപക്ഷവും, ഇസ്​ലാമിസ്റ്റുകളും പരസ്​പരം ഊർജം പകരുന്ന കാഴ്ച ഒരിക്കലും രാഷ്ട്രത്തിന്റെ സെക്യുലർ സ്വഭാവത്തിനും, സമാധാനത്തിനും അഭികാമ്യമല്ല.

മതമൗലികവാദികളെയും തീവ്രവലതുപക്ഷവാദികളെയും ഒരു പോലെ എതിർക്കേണ്ട ഭരണകൂടം ചിലരെമാത്രം നിരോധിക്കുകയും, ചിലർക്ക് സംരക്ഷണം നല്കുകയും ചെയ്യുന്നതും നാം കണ്ടു.

സെക്യുലർ മനോഭാവത്തിന്റെ തകർച്ച ഇന്ന് ഏകദേശം എല്ലാ മതവിഭാഗങ്ങളെയും മൗലികവാദികളായി മാറ്റുന്നതും കാണാം. സ്ത്രീവിരുദ്ധത, സ്വവർഗാനുരാഗത്തോടുള്ള ഭയം, വംശീയത എന്നിങ്ങനെ മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയും അപരത്വവും ഇന്ന് സാധാരണമാണ്. പരസ്പരം ബഹുമാനത്തിൽ തുടങ്ങി മതങ്ങളെ പരസ്​പരം ചരിത്രപരമായി മനസിലാക്കുന്ന കാലത്തേക്ക് ഇന്ത്യൻ സമൂഹത്തിന് ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. ഭരണകൂടമായിരുന്നു ഈ സമൂഹത്തെ അത്തരത്തിൽ നയിക്കേണ്ടിയിരുന്നത്. ഹിന്ദുത്വശക്തികൾ ഭരണം നിലനിർത്തുന്നിടത്തോളം കാലം ഇന്ത്യയിലെ പൗരർക്ക്​ ആ തുറന്ന മനസ് നേടിയെടുക്കുവാൻ പ്രയാസമാകും. ▮

Comments