1992 ഡിസംബർ ആറിന് ഹിന്ദുത്വശക്തികൾ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസ്അധികാരത്തിലിരുന്നിട്ടും പള്ളി സംരക്ഷിക്കാനായില്ല. ആത്മാർഥമായി അതിനു ശ്രമിച്ചില്ല എന്നതാണ് യാഥാർഥ്യം. മസ്ജിദ് തകർക്കപ്പെടുമെന്ന് ഉറപ്പായ വേളയിലും യു.പിയിലെ ബി.ജെ.പി സർക്കാറിൽ പ്രതീക്ഷയർപ്പിച്ചു റാവു സർക്കാർ. ഫലം, ഹിന്ദുത്വർ അവരുടെ ലക്ഷ്യം തടസ്സമില്ലാതെ പൂർത്തീകരിച്ചു.
ബാബരി മസ്ജിദ് തകർച്ച ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രതിധ്വനി സൃഷ്ടിച്ചു. അക്രാമക ഹിന്ദുത്വം അധികാരരാഷ്ട്രീയത്തിലേക്ക് കണ്ണുവെക്കുന്നത് ബാബരി തകർച്ചക്കു പിറകെയാണ്. 1925-ൽ രൂപം കൊണ്ടെങ്കിലും അധികാരം സ്വപ്നം കാണാൻ മാത്രമുള്ള ആത്മവിശ്വാസമാണ് 1992 ഡിസംബർ ആറ് ആർ.എസ്. എസിനു നല്കിയത്.
ബാബരി തകർച്ചയുടെ കാലത്ത് കേരളത്തിലും ഭരണത്തിൽ കോൺഗ്രസ് തന്നെ. അവരുടെ പ്രധാന സഖ്യകക്ഷി മുസ്ലിംലീഗ്. പള്ളി പൊളിക്കാൻ കൂട്ടുനിന്ന കോൺഗ്രസുമായി സഖ്യം അവസാനിപ്പിക്കണമെന്ന നിലപാടെടുത്ത് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടുവിന് പുറത്തുപോകേണ്ടിവന്നു. അദ്ദേഹം പിന്നീട് ഐ.എൻ.എൽ രൂപീകരിച്ചു. അബ്ദുന്നാസർ മഅ്ദനിയുടെ പി.ഡി. പി പിറക്കുന്നതും ഈ നാളുകളിൽ തന്നെ. ഇതേ കാലത്തുതന്നെ കേരളത്തിൽ മറ്റൊരു സംഘടനക്ക് അരങ്ങൊരുക്കപ്പെടുന്നുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നാണ് അതിന് ബീജാവാപമുണ്ടാകുന്നത്. നാദാപുരത്തും പരിസരങ്ങളിലും 1980 ന്റെ അവസാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തിപ്പെട്ടുവന്ന മുസ്ലിം വിരുദ്ധമെന്നാരോപിക്കപ്പെട്ട നീക്കങ്ങൾ കായികമായി ചെറുക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ട മുസ്ലിം യുവാക്കളുടെ കൂട്ടായ്മയായിരുന്നു അത്. ആദ്യകാലത്ത് വളരെ രഹസ്യമായും പ്രാദേശികമായും പ്രവർത്തിച്ച ഈ വിഭാഗം 1993 നവംബറിൽ കോഴിക്കോട് ടൗൺഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ച് പരസ്യപ്രവേശം വിളംബരപ്പെടുത്തി. അന്നുവരെ നാഷണൽ ഡിഫൻസ് ഫോഴ്സ് എന്നറിയപ്പെട്ട സംഘം ആ കൺവെൻഷനിൽ ഡവലപ്മെൻറ് ഫ്രണ്ട് എന്ന പേരിലേക്ക് മാറി.
മനുഷ്യാവകാശ പ്രശ്നങ്ങളുയർത്തിയും മുകുന്ദൻ സി. മേനോനെ പോലെ പൊതുമുഖമുള്ളവരെ ചേർത്തുനിർത്തിയും ‘തനിനിറം' മറച്ചുവെക്കാനാണ് ആദ്യകാലങ്ങളിൽ അവർ ശ്രമിച്ചത്. പക്ഷേ വേണ്ടത്ര വിജയിച്ചില്ല.
പിന്നെയും ഒരു വർഷം കഴിഞ്ഞ്, 1994 ലെ മനുഷ്യാവകാശ ദിനത്തിൽ കോഴിക്കോട്ട് റാലി നടത്തികൊണ്ടാണ് അവർ തെരുവിലേക്കിറങ്ങുന്നത്. വൈകാരികതയുടെ നിലപാടുതറയിൽ അവർ ആളെ കൂട്ടി. ആശയപരമായി നിങ്ങൾ ഏതുപക്ഷത്ത് എന്ന ചോദ്യത്തെ ഞങ്ങൾ മുസ്ലിംകളുടെ പൊതുപ്ലാറ്റ്ഫോം ആണെന്ന മറുപടികൊണ്ടാണ് അവർ നേരിട്ടത്. ഞങ്ങൾക്ക് സംഘടനാ വിഭാഗീയതകളിൽ താല്പര്യമില്ല എന്നവർ ഊന്നിപ്പറഞ്ഞു. പക്ഷേ പിൽക്കാലം അവർ മൗദൂദിയൻ മതരാഷ്ട്രവാദ നിലപാടുകൾ മറയില്ലാതെ തന്നെ പറഞ്ഞുതുടങ്ങി. അവരെ എതിർക്കുന്നവരെ ശത്രുക്കളായി കണ്ടുതുടങ്ങി. ഈ സംഘത്തിന്റെ അപകടം ആദ്യം മണത്തത് സുന്നി വിഭാഗമാണ്. ആദ്യകാലം മുതൽ അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് എൻ.ഡി. എഫിന്റെ വളർച്ച വലിയ അളവിൽ തടഞ്ഞുനിർത്തിയത്. ആശയപരമായ ആ പ്രതിരോധത്തെ എൻ.ഡി.എഫ് നേരിട്ടത് സുന്നികളെ സമുദായത്തിലെ ഒറ്റുകാരായി ചിത്രീകരിച്ചുകൊണ്ടാണ്.
മനുഷ്യാവകാശ പ്രശ്നങ്ങളുയർത്തിയും മുകുന്ദൻ സി. മേനോനെ പോലെ പൊതുമുഖമുള്ളവരെ ചേർത്തുനിർത്തിയും ‘തനിനിറം' മറച്ചുവെക്കാനാണ് ആദ്യകാലങ്ങളിൽ അവർ ശ്രമിച്ചത്. പക്ഷേ വേണ്ടത്ര വിജയിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ എൻ.ഡി.എഫ് പ്രതി ചേർക്കപ്പെട്ടു. സ്വന്തം വിലാസം ഭാരമായി അനുഭവപ്പെട്ടുതുടങ്ങിയ കാലത്താണ് തമിഴ്നാട്ടിലും കർണാടകയിലുമുള്ള ചില സംഘടനകളെ ഒപ്പം ചേർത്ത് 2006 ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. പേരു മാറ്റി പ്രവർത്തന ഇടം വിപുലപ്പെടുത്തിയപ്പോഴും സംഘടനയുടെ നിയന്ത്രണം കേരളത്തിലെ എൻ.ഡി.എഫ് നേതാക്കളുടെ കയ്യിൽ തന്നെയായിരുന്നു.
മുസ്ലിംകളുടെ തല കൊയ്യാൻ ഫാഷിസം തക്കം പാർത്തിരിക്കുന്ന കാലത്ത് സംഘടനാപരമായ അഭിപ്രായഭേദങ്ങൾ മാറ്റിവെച്ച് മുസ്ലിം സമുദായം ഒന്നാകണം എന്നായിരുന്നു പോപ്പുലർ ഫ്രണ്ട് നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്. ഇസ്‌ലാം അപകടത്തിലാണ് എന്നതായിരുന്നു ആ സംസാരങ്ങളുടെയെല്ലാം ആകെത്തുക. മുസ്ലിം സംരക്ഷകരുടെ വേഷമണിയാൻ അവർക്ക് അത്തരം ആഖ്യാനങ്ങൾ ആവശ്യമായിരുന്നു. ഇന്ത്യയിൽ ഇസ്ലാമിക ജീവിതം സാധ്യമാണ് എന്ന് കഴിഞ്ഞ വർഷം ഒരു വേദിയിൽ എസ്.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജാഫർ സാദിഖ് നടത്തിയ ഒരു പരാമർശത്തെ സമൂഹമാധ്യമങ്ങളിൽ ഇടംവലം നിന്ന് ആക്രമിച്ചത് പോപ്പുലർ ഫ്രണ്ട് പ്രൊഫൈലുകളായിരുന്നു. ഇന്ത്യ മുസ്ലിംകൾക്ക് ജീവിക്കാൻ കൊള്ളാതായി എന്ന് പ്രസംഗിച്ചാൽ മാത്രം തൃപ്തമാകുന്ന മനോനില എങ്ങനെ രൂപപ്പെട്ടു. ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ സംബോധന ചെയ്യണം എന്നതിൽ പാരമ്പര്യ ഇസ്ലാമിനോട് പോപ്പുലർ ഫ്രണ്ടിന് കലഹിക്കേണ്ടിവരുന്നതിന്റെ പശ്ചാത്തലം, പി.എഫ്.ഐ പിന്തുടരുന്ന മൗദൂദിയൻ ആശയങ്ങളാണ്.
പോപ്പുലർ ഫ്രണ്ടിനും ആർ.എസ്.എസിനുമിടയിൽ സമീകരണത്തിന്റെ സാദ്ധ്യതകൾ തേടാൻ ഞാൻ മുതിരുന്നില്ല. രണ്ടും വേർതിരിച്ചുതന്നെ വിശകലനം ചെയ്യപ്പെടണം.
2014 ൽ നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുമ്പും പി.എഫ്.ഐ പറഞ്ഞുകൊണ്ടിരുന്നത് മുസ്ലിംകൾ അപകടത്തിലാണ് എന്നുതന്നെയാണ്. സംഘ്പരിവാർ ഫാഷിസം വലിയ ഭീഷണി തന്നെ. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും കഠിനമായ ഭീഷണിയും മറ്റൊന്നല്ല. ആർക്കും തർക്കമില്ല. സംഘ്പരിവാർ ഫാഷിസം മോദിക്കുമുമ്പും ഇവിടെയുണ്ട്. മോദിക്കുശേഷവും നിലനില്ക്കുകയും ചെയ്യും. കാരണം, അതൊരു മനോനിലയാണ്. അതിനു നിലനിൽക്കാൻ ഒരുപാട് ഒളിയിടങ്ങൾ ഇന്ത്യയിലുണ്ട്. രാഷ്ട്രീയമായി തോല്പിക്കപ്പെടുമ്പോഴും സംസ്‌കാരികമായി അതിന്റെ വേരാഴ്ന്നുതന്നെ കിടപ്പുണ്ടാകും. പോപ്പുലർ ഫ്രണ്ട് കിനാവ് കാണുന്നതുപോലെ കായികമായി തോല്പിക്കാൻ കഴിയുന്ന ഒന്നല്ല ഇന്ത്യൻ ഫാഷിസം. ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് ഇന്ത്യൻ ഫാഷിസം എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുപോലും അറിയാതെയുള്ള അതിവൈകാരികതയാണ് പോപ്പുലർ ഫ്രണ്ട് കളത്തിലിറക്കിയത്. ആർ.എസ്.എസിന്റെ വളർച്ചയെ തടഞ്ഞുനിർത്തി എന്ന മട്ടിലുള്ള അവകാശവാദങ്ങൾ എത്ര പൊള്ളയായിരുന്നു എന്ന് ഇപ്പോൾ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
പോപ്പുലർ ഫ്രണ്ടിനും ആർ.എസ്.എസിനുമിടയിൽ സമീകരണത്തിന്റെ സാദ്ധ്യതകൾ തേടാൻ ഞാൻ മുതിരുന്നില്ല. രണ്ടും വേർതിരിച്ചുതന്നെ വിശകലനം ചെയ്യപ്പെടണം. പോപ്പുലർ ഫ്രണ്ട് ഉണ്ടായതുകൊണ്ട് ആർ.എസ്.എസ് വളർന്നു എന്നതുപോലുള്ള ആരോപണങ്ങൾ പി.എഫ്.ഐക്ക് ഇല്ലാത്ത വലുപ്പം കല്പിച്ചുനല്കലാകും. പോപ്പുലർ ഫ്രണ്ടിനെ രണ്ടുതലങ്ങളിൽ (സാമുദായികം, ജനാധിപത്യം) പരിശോധിക്കുമ്പോൾ എത്തിച്ചേരാവുന്ന ചില നിഗമനങ്ങളുണ്ട്. മുസ്ലിം ജീവിതത്തെ സൃഷ്ടിപരമായ വിധത്തിൽ സ്വാധീനിക്കാവുന്ന ഒന്നും ഈ കാലത്ത് പോപ്പുലർ ഫ്രണ്ടിൽ നിന്നുണ്ടായിട്ടില്ല. അതേസമയം, സമുദായത്തെ കൂടുതൽ അരക്ഷിതമാക്കാവുന്ന പ്രചാരണങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ മധ്യമസ്വഭാവത്തെ അപകടപ്പെടുത്തുന്ന വിധം അതിവൈകാരികതയുടെ മേച്ചിൽപ്പുറങ്ങളിലേക്ക് യുവാക്കളെ തെളിച്ചുകൊണ്ടു പോകാനാണ് ഈ സംഘം ഉദ്യമിച്ചത്. അതിനുവേണ്ടി ഇസ്ലാമിലെ ചരിത്രസന്ദർഭങ്ങളെപ്പോലും എങ്ങനെ ദുരുപയോഗിച്ചു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് കടപ്പുറത്തെ പി.എഫ്.ഐ വേദിയിൽ അഫ്സൽ ഖാസിമിയുടെ പ്രസംഗം. ഖാസിമി പറഞ്ഞതിനപ്പുറം ആ ചരിത്രസന്ദർഭം മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയെ ഓർമിപ്പിച്ചവരോട്, നിങ്ങൾ മുട്ടിലിഴഞ്ഞോളൂ എന്ന മട്ടിലാണ് പി.എഫ്.ഐ ഹാൻഡിലുകൾ പ്രതികരിച്ചത്. വാളു കൊണ്ട് ഇസ്‌ലാം സ്ഥാപിക്കപ്പെട്ടു എന്ന ഓറിയന്റലിസ്റ്റ് വാദത്തെ ബലപ്പെടുത്തുന്ന വിധത്തിൽ ചരിത്രത്തിൽ ‘ഇടപെടുകയാണ്' അഫ്സൽ ഖാസിമി ചെയ്തത്. തങ്ങളുടെ എല്ലാ അരുതായ്മകൾക്കും ഇസ്ലാമിൽ നീതീകരണമുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു അത്. മതനേതൃത്വം അത് ചൂണ്ടിക്കാണിച്ച നാളുകളിൽ പോപ്പുലർ ഫ്രണ്ട് പ്രകടിപ്പിച്ച അസഹിഷ്ണുത മറക്കാറായിട്ടില്ല.
ജമാഅത്തെ ഇസ്ലാമിയുമായി പോപ്പുലർ ഫ്രണ്ടിനുള്ള നാഭീനാള ബന്ധം ഇ. അബൂബക്കറിന്റെ ആത്മകഥയിൽ വായിക്കാം.
ജനാധിപത്യത്തെ പാടേ നിരാകരിക്കുന്നതാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ ദാർശനിക അടിത്തറ. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ബ്രദർ ഹുഡ് ഉൾപ്പടെ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം ബോധ്യമാകും. ജനാധിപത്യം അംഗീകരിക്കുന്നവർക്ക് മുസ്ലിമാകാൻ കഴിയില്ല എന്നതുപോലുള്ള അബദ്ധങ്ങൾ ഉന്നയിക്കപ്പെട്ടത് രാഷ്ട്രീയ ഇസ്ലാമിന്റെ തോളിലേറിയാണ്. പോപ്പുലർ ഫ്രണ്ട് പിന്തുടർന്നത് ഈ ജനാധിപത്യവിരുദ്ധതയാണ്. ജമാഅത്തെ ഇസ്ലാമിയുമായി പോപ്പുലർ ഫ്രണ്ടിനുള്ള നാഭീനാള ബന്ധം ഇ. അബൂബക്കറിന്റെ ആത്മകഥയിൽ വായിക്കാം. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടു എന്നതിനർത്ഥം അവരുയർത്തിപ്പിടിച്ച ആശയങ്ങൾ മണ്ണടിഞ്ഞു എന്നല്ല. അത് നിരോധനം കൊണ്ടോ ജയിൽവാസം കൊണ്ടോ ഇല്ലാതാകില്ല, അത് ഇല്ലാതാകാൻ ജനാധിപത്യപ്രചാരണം ശക്തിപ്പെടുത്തുക വഴി മാത്രമേ സാധ്യമാകൂ.
ജനാധിപത്യ പ്രസ്ഥാനങ്ങൾ ഇനിയാണ് ഉണർന്നുപ്രവർത്തിക്കേണ്ടത്. വൈകാരികതക്കുമേൽ പടുത്തുയർത്തുന്ന ഏത് പ്രസ്ഥാനത്തിനും വന്നുഭവിക്കാവുന്ന വ്യതിയാനങ്ങളാണ് പി.എഫ്.ഐക്ക് സംഭവിച്ചത്. ജനാധിപത്യം വൈകാരികതയല്ല, വിവേകപൂർണമായ രാഷ്ട്രീയപ്രയോഗം ആണെന്ന് തിരിച്ചറിയുന്നിടത്താണ് ഇന്ത്യനവസ്ഥയിൽ ഒരു പ്രസ്ഥാനം അതിജീവിക്കാൻ അർഹത നേടുന്നത്. ജനാധിപത്യത്തെ നിരാകരിക്കുന്നത് പി.എഫ്.ഐ മാത്രമാണോ? നിശ്ചയമായും അല്ല. ആർ.എസ്.എസ് നമ്മുടെ രാഷ്ട്രമൂല്യങ്ങളോട് തുടർന്നുവരുന്ന നിഷേധസമീപനം ആരും മറന്നിട്ടില്ല. അവിടെ അങ്ങനെയുണ്ട് എന്നതുകൊണ്ട് ഇവിടെ ഇങ്ങനെ ആകാമെന്നില്ല. എന്തുകൊണ്ട് നിങ്ങൾ ഇങ്ങനെ ആയി എന്ന് ചോദിക്കുമ്പോൾ അവർ അങ്ങനെ ആയതുകൊണ്ട് എന്ന ഉത്തരം എങ്ങനെയാണ് ജനാധിപത്യത്തിന് സ്വീകാര്യമാവുക. ആർ.എസ്.എസിന്റെ ഫോട്ടോകോപ്പിയാകാൻ പോപ്പുലർ ഫ്രണ്ട് ആവശ്യമുണ്ടോ എന്ന ചോദ്യം പല കോണുകളിൽ നിന്ന് ഉയർന്നതും ഈ മട്ടിലുള്ള ന്യായവാദങ്ങൾ കൊണ്ടാണ്. ▮