പോപ്പുലർ ഫ്രണ്ടിനെ ആദ്യം ‘നിരോധിച്ചത്'
മുസ്​ലിം സമൂഹമാണ്

പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ട ഘട്ടത്തിൽ, സമുദായ സംഘടനകൾക്ക് കിട്ടിയ ഏക മെച്ചം, ഒരു ബഹുസ്വര സമൂഹത്തിൽ സംഘടിതമായി ജീവിക്കുമ്പോൾ എന്തൊക്കെ ചെയ്തുകൂടാ എന്നവർ മനസ്സിലാക്കി എന്നതാണ്. അതോടൊപ്പം തീവ്രതക്കെതിരെ, ആഭ്യന്തരമായ ഒരു ജാഗ്രത വളർത്തിയെടുക്കാൻ അത് കാരണമാകുകയും ചെയ്​തു.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.
മുജാഹിദ് വിദ്യാർഥി വിഭാഗത്തിന്റെ സംസ്ഥാന കൗൺസിൽ നടക്കുകയാണ്. കൗൺസിലിലേക്ക് അല്പം താമസിച്ചുവന്ന അംഗത്തെ നേതൃത്വത്തിലെ ഒരു ഉന്നത നേതാവ് ചോദ്യംചെയ്യുന്നു. ഏതു ബസിൽ വന്നു, എവിടെ ഇറങ്ങി, കൂടെ ആരാണ് ഉണ്ടായിരുന്നത്, കൗൺസിൽ കഴിഞ്ഞ്​ എങ്ങോട്ടാണ് പോകുന്നത് തുടങ്ങി പൊലീസ് മുറയിലുള്ള ചോദ്യംചെയ്യൽ. അന്ന് ആ കൗൺസിലിൽ അംഗമായിരുന്ന ഞാൻ ശരിക്കും പകച്ചുപോയി.

ആ കൗൺസിലിൽ പ്രധാന ചർച്ചാവിഷയം നാട്ടിൽ അപകടകരമായി വേരൂന്നിക്കൊണ്ടിരിക്കുന്ന ഒരു മുസ്​ലിം രഹസ്യവിഭാഗത്തെക്കുറിച്ചായിരുന്നു. പുതുതായി രംഗത്തുവന്ന രഹസ്യസംഘത്തിന്റെ സ്വഭാവവും പ്രകൃതങ്ങളും അവിടെ വിശദീകരിക്കപ്പെട്ടു. ചെറുപ്പക്കാരെ വശീകരിച്ച്​, രാത്രിയുടെ അന്ത്യയാമങ്ങളിൽ മെഴുകുതിരിവെട്ടത്തിൽ രഹസ്യമായി സംഘടിപ്പിച്ച്​, പ്രതിജ്ഞ ചൊല്ലിച്ചാണ് സംഘടനയിൽ അംഗമാക്കുന്നത്. രഹസ്യസംഘടനയിൽ അംഗമാവുന്നവർ രക്തസാക്ഷ്യത്തിന് തയ്യാറാണെന്ന് ‘ബൈഅത്ത്’ (വിശ്വാസപ്രതിജ്ഞ) ചൊല്ലണം. സംഘടനയിൽ ചേർന്ന ഒരാൾക്ക് മടങ്ങാൻ കഴിയില്ല. മാത്രമല്ല, സംഘടന ഏൽപ്പിക്കുന്ന ഏതു ദൗത്യവും അവർ ചെയ്യാൻ ബാധ്യസ്ഥനാണ്. ഇസ്​ലാമിക ഗ്രന്ഥങ്ങളും ചരിത്രവും ഉദ്ധരിച്ച് ആവേശം കൊള്ളിച്ച് യുദ്ധോത്സുകരാക്കുകയാണ് ഈ സംഘടനയെന്നും എല്ലാ മുസ്​ലിം മത-രാഷ്ട്രീയസംഘടനകളിലും വേദികളിലും ഈ ഗൂഢവിഭാഗം നുഴഞ്ഞുകയറിയിട്ടുണ്ട് എന്നും നേതാക്കൾ മുന്നറിയിപ്പുനൽകി. തങ്ങളുടെ യഥാർഥ ആശയം പ്രകടമാക്കാതെ ഒളിച്ചുവെക്കുന്ന രീതി (ഇതിന് ​സാങ്കേതികമായി ‘തഖിയ' എന്നാണു പറയുന്നത്) ഈ സംഘടന അനുവർത്തിക്കുന്നു. അതിനാൽ കടുത്ത നിരീക്ഷണം അനിവാര്യമായിരിക്കുന്നു.

തുടക്കത്തിൽ പരാമർശിച്ച ചോദ്യംചെയ്യാൽ ആ നിരീക്ഷണത്തിന്റെ ഭാഗമായിരുന്നു എന്ന് അപ്പോൾ എനിക്ക് മനസ്സിലായി.

2006 ലെ സ്വാതന്ത്ര്യ ദിനത്തിൽ എൻ.ഡി.എഫ് നടത്തിയ ഫ്രീഡം പരേഡ്.

ആ വൈകിവന്ന ആളെപ്പറ്റി ചില ‘രഹസ്യ'വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. പിന്നീട് ആ സുഹൃത്തുമായി സംസാരിച്ചപ്പോൾ അയാളെക്കുറിച്ചുള്ള സംശയത്തിൽ കഴമ്പുണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. അതേസമയം, പ്രവർത്തകരിൽ കുറച്ചുപേരെങ്കിലും ആ രഹസ്യവിഭാഗത്തോട് ചായ്​വുള്ളവരായിട്ടുണ്ടെന്ന് മനസ്സിലാക്കിയാണ് സംഘടന ശക്തമായ നിരീക്ഷണം ആരംഭിച്ചത്. ആ രഹസ്യസംഘടനയുടെ പേരായിരുന്നു എൻ.ഡി.എഫ്.

അന്നത്തെ മുജാഹിദ് യുവജന സംഘടനയുടെ പ്രധാന പരിപാടി എൻ.ഡി.എഫിനെതിരെ പ്രവർത്തകരെ ബോധവത്കരിക്കുക എന്നതായിരുന്നു. ‘മതം തീവ്രവാദത്തിനെതിരെ' എന്ന പേരിൽ വിപുലമായ കാമ്പയിൻ അവർ സംഘടിപ്പിച്ചു. എൻ.ഡി.എഫിലേക്കുള്ള മുസ്​ലിം യുവാക്കളുടെ ഒഴുക്ക് തടയാൻ പരിപാടികൾ ആസൂത്രണം ചെയ്തു. എൻ.ഡി.എഫിന്റെ രഹസ്യപ്രവർത്തനങ്ങൾ മണത്തറിഞ്ഞ്​ പ്രതിരോധിക്കുകയായിരുന്നു അന്നവർ. ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക' എന്ന രീതിയിൽ ജാഗ്രത്തായി പ്രവർത്തിക്കുന്ന ഒരു കേഡർ വിഭാഗത്തെ വാർത്തെടുത്താണവർ മുന്നോട്ടുപോയത്. ചിട്ടയും അച്ചടക്കവും വിജിലന്റുമായ ഒരു വിഭാഗത്തെ അതിനായി രൂപവത്കരിച്ചു.

എൻ.ഡി.എഫിനെ നേരിട്ടാക്രമിക്കാൻ ആദ്യഘട്ടത്തിൽ ജമാഅത്തെ ഇസ്​ലാമിക്ക് സാധിക്കുമായിരുന്നില്ല. അതിന്റെ പ്രധാന കാരണം, താത്വികമായി ജമാഅത്തെ ഇസ്​ലാമിക്ക് എൻ.ഡി.എഫിനോട് വിരോധമുണ്ടാകാൻ ന്യായമില്ല എന്നതാണ്.

ഇത് മുജാഹിദ് സംഘടനയിൽ മാത്രം സംഭവിച്ച കാര്യമല്ല. സമസ്ത ഇ.കെ. വിഭാഗം വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫും സമാന അവസ്ഥയിലൂടെ കടന്നുപോയതായി അതിന്റെ നേതാക്കൾ എഴുതിയിട്ടുണ്ട്. സംഘടനയുടെ പ്രവർത്തകർ എൻ.ഡി.എഫിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവരെ തടയാനായി ‘രഹസ്യ വിങിനെ സൂക്ഷിക്കുക' എന്ന പേരിൽ എസ്.കെ.എസ്.എസ്.എഫ്. കാമ്പയിൻ നടത്തിയിരുന്നു. ഇ.കെ. അബൂബക്കർ മുസ്ലിയാർ അടക്കമുള്ള സമുന്നത സമസ്ത നേതാക്കളെ ഈ വിഷയം ധരിപ്പിക്കുകയും തീവ്രവാദത്തെ ചെറുക്കേണ്ടതിന്റെ അടിയന്തിരപ്രാധാന്യം മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് സാദിഖലി ശിഹാബ് തങ്ങൾ ഈയിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കാന്തപുരം സുന്നി വിഭാഗവും മതതീവ്രവാദത്തെ എതിർക്കാൻ പ്രത്യേകം പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇ.കെ. അബൂബക്കർ മുസ്ലിയാർ, സാദിഖലി ശിഹാബ് തങ്ങൾ

എൻ.ഡി.എഫ്. ആസൂത്രിതമായി സമുദായത്തിൽ വേരൂന്നിത്തുടങ്ങിയപ്പോഴാണ് മുസ്​ലിം ലീഗിന് അതിനുള്ളിലെ രാഷ്ട്രീയ അപകടം മനസ്സിലായത്. അതോടെ ശക്തമായ ചെറുത്തുനിൽപ്പുമായി യൂത്ത് ലീഗ് രംഗത്തുവന്നു. ലീഗ്​ വേദികളിൽ അക്കാലത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് എൻ.ഡി.എഫ്. ആണ്. ഇതര മത സമുദായ സംഘടനകളെയും അതിനായി ലീഗ് അണിനിരത്തി. ലീഗിന്റെ അണികളെ തീവ്രവാദചിന്തയിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ അതുവഴി അവർക്ക് സാധിച്ചു. ഇതിന് അപവാദം എന്നുപറയാവുന്നത് ജമാഅത്തെ ഇസ്​ലാമിയാണ്. എൻ.ഡി.എഫിനെ നേരിട്ടാക്രമിക്കാൻ ആദ്യഘട്ടത്തിൽ അവർക്ക് സാധിക്കുമായിരുന്നില്ല. അതിന്റെ പ്രധാന കാരണം, താത്വികമായി ജമാഅത്തെ ഇസ്​ലാമിക്ക് എൻ.ഡി.എഫിനോട് വിരോധമുണ്ടാകാൻ ന്യായമില്ല എന്നതാണ്. എൻ.ഡി.എഫ്. അതിന്റെ നീതീകരണമായി മുന്നോട്ടുവെക്കുന്ന മതപരമായ പ്രമാണങ്ങളും ന്യായവാദങ്ങളും മൗലാന മൗദൂദിയും സയ്യിദ് ഖുതുബും അടക്കമുള്ളവർ എഴുതിയ പുസ്തകങ്ങളിലുള്ളവയും അത് ജമാഅത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പരിഭാഷപ്പെടുത്തി വിതരണം നടത്തുന്നവയും ആയിരുന്നു. മാത്രമല്ല, എൻ.ഡി.എഫിന്റെ സ്ഥാപകനേതാക്കളിൽ പലരും നിരോധിത സംഘടനയായ ‘സിമി’യുടെ നേതാക്കളായിരുന്നു. ‘സിമി’ ആകട്ടെ, ആശയപരമായി ജമാഅത്തെ ഇസ്​ലാമിയുമായി വിയോജിച്ചിരുന്നില്ല.
അതിനെല്ലാം പുറമേ, മുസ്​ലിം അരക്ഷിതാവസ്ഥയെക്കുറിച്ച് നിരന്തരം എഴുതുകയും കോൺഗ്രസിനും മുസ്​ലിം ലീഗിനും എതിരെ ശബ്ദിക്കുകയും ചെയ്തത് ജമാഅത്തെ ഇസ്​ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമാണ്​ എന്നതിനാൽ എൻ.ഡി.എഫിനെ നേർക്കുനേർ എതിർക്കാൻ അവർക്ക് പരിമിതികളുണ്ടായിരുന്നു. എങ്കിലും പിൽക്കാലത്ത് എൻ.ഡി.എഫും അതുയർത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളും സമുദായത്തിന് മൊത്തത്തിൽ ദുഷ്‌പേരുണ്ടാക്കുകയും തേജസ് പത്രവും പ്രസിദ്ധീകരണ വിഭാഗവും പോഷക ഘടകങ്ങളുമെല്ലാം സ്ഥാപിച്ച് അവർ ഒരു സമാന്തര ഇസ്​ലാമിക രാഷ്ട്രീയസംഘടനയായി വളരാനും തുടങ്ങിയപ്പോൾ അത് തങ്ങൾക്ക് സംഘടനാപരമായി വെല്ലുവിളി ഉയർത്തും എന്ന ഘട്ടത്തിൽ ജമാഅത്തെ ഇസ്​ലാമിയും എൻ.ഡി.എഫിനും അതിന്റെ പിൽക്കാലരൂപങ്ങൾക്കും എതിരെ നിലകൊണ്ടു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്‌.ഐ.ഒ നടത്തിയ കേരള നിയമസഭാ മാർച്ചിൽ നിന്ന്. / Photo: Muzzammil Hanagi , Fb

എൻ.ഡി.എഫ്. രൂപീകൃതമായത് മലബാറിലാണെങ്കിലും അതിന്​ ഈ മേഖലയിൽ വലിയ വേരോട്ടമുണ്ടാക്കാൻ കഴിയാതിരുന്നത്, മുസ്​ലിം സമുദായ സംഘടനകളുടെ ശക്തമായ പ്രതിരോധം കൊണ്ടാണെന്ന് വ്യക്തമാണ്. 2006-ലാണ് എൻ.ഡി.എഫ്. പോപ്പുലർ ഫ്രണ്ട് ആയി മാറിയത്. ഈ കാലയളവിൽ പലതരം ഇടപെടലുകളിലൂടെ സമുദായത്തിനുള്ളിൽ കയറിപ്പറ്റാൻ അവർ ശ്രമിച്ചിട്ടുണ്ട്. സാധിക്കാതെപോകുകയായിരുന്നു. സച്ചാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന സമരങ്ങൾ, സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ലവ് ജിഹാദ്, എൻ.ആർ.സി.- സി.എ.എ. സമരം, വഖഫ് സമരങ്ങൾ എന്നിങ്ങനെ സമുദായം ഒന്നിച്ച ഘട്ടങ്ങളിലെല്ലാം പോപ്പുലർ ഫ്രണ്ടിനെ ദൂരെ മാറ്റിനിർത്തുകയാണവർ ചെയ്തത്. ശ്രദ്ധേയമായ കാര്യം, പോപ്പുലർ ഫ്രണ്ടിനെതിരെ നിൽക്കുന്ന എല്ലാ സമുദായസംഘടനകളും ലീഗിന് അനുകൂലമായിരുന്നില്ല എന്നതാണ്. ലീഗിന്റെ പല നിലപാടുകളെയും എതിർക്കുകയും അതിന്റെ ദൗർബല്യങ്ങളെ ചോദ്യംചെയ്തും തന്നെ തീവ്രവാദവിരുദ്ധ ചേരിയിൽ ഒന്നിച്ചുനിൽക്കാൻ സമുദായ സംഘടനകൾ തയ്യാറായി.

നിയമപരമായി നിരോധിക്കുംമുമ്പേ തന്നെ ഉജ്വലമായ രാഷ്ട്രീയബോധം കൊണ്ട് കേരളത്തിലെ മുസ്​ലിം സമൂഹം മതരാഷ്ട്രീയ തീവ്രവാദത്തെ അവരുടെ സമഷ്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്

കേരളത്തിലെ മുസ്​ലിം സമൂഹത്തിനും രാജ്യത്തെ സെക്യുലർ ഫാബ്രിക്കിനും പോപ്പുലർ ഫ്രണ്ട് ദോഷം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. കൊല്ലും പ്രതികാരവും കൈവെട്ടും അക്രമങ്ങളും അടക്കം ആ പ്രസ്ഥാനമുണ്ടാക്കിയ അനർഥങ്ങൾ ചില്ലറയല്ല. അതുകൊണ്ടുതന്നെ ഏതൊരു സമുദായത്തിനുവേണ്ടിയാണോ രക്ഷകരായി അവർ സ്വയം അവരോധിച്ചത്, അതേ സമുദായത്താൽ തന്നെ അവർ തിരസ്‌കൃതരായി. ഇങ്ങനെ ഒരനുഭവം ലോകത്ത് മറ്റൊരു മതതീവ്രവാദ സംഘടനക്കും ഉണ്ടാകാനിടയില്ല. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ട ഘട്ടത്തിൽ, അതുകൊണ്ട് സമുദായ സംഘടനകൾക്ക് കിട്ടിയ ഏക മെച്ചം, ഒരു ബഹുസ്വര സമൂഹത്തിൽ സംഘടിതമായി ജീവിക്കുമ്പോൾ എന്തൊക്കെ ചെയ്തുകൂടാ എന്നവർ മനസ്സിലാക്കി എന്നതാണ്. അതോടൊപ്പം തീവ്രതക്കെതിരെ, ആഭ്യന്തരമായ ഒരു ജാഗ്രത വളർത്തിയെടുക്കാൻ അത് കാരണമായി എന്നതും.

ഇത്രയും പറഞ്ഞത്, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ഒരു മഹത്തായ കാര്യമാണ് എന്ന് വിശദീകരിക്കാനല്ല. നിയമപരമായി നിരോധിക്കുംമുമ്പേ തന്നെ ഉജ്വലമായ രാഷ്ട്രീയബോധം കൊണ്ട് കേരളത്തിലെ മുസ്​ലിം സമൂഹം മതരാഷ്ട്രീയ തീവ്രവാദത്തെ അവരുടെ സമഷ്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നു വ്യക്തമാക്കാനാണ്. കേരളത്തിലെ ഭൂരിപക്ഷ സമുദായ സംഘടനകൾ ഹിന്ദുത്വ തീവ്രവാദത്തോട് ഇങ്ങനെ കർക്കശസമീപനം കൈക്കൊണ്ടിട്ടുണ്ടോ എന്നും സാന്ദർഭികമായി പരിശോധിക്കാവുന്നതാണ്.

സച്ചാർ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ഉയർന്ന സമരങ്ങൾ, സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ലവ് ജിഹാദ്, എൻ.ആർ.സി.- സി.എ.എ. സമരം, വഖഫ് സമരങ്ങൾ എന്നിങ്ങനെ സമുദായം ഒന്നിച്ച ഘട്ടങ്ങളിലെല്ലാം പോപ്പുലർ ഫ്രണ്ടിനെ ദൂരെ മാറ്റിനിർത്തുകയാണവർ ചെയ്തത്.

ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് മുസ്​ലിം ബഹുജന പ്രസ്ഥാനങ്ങളുടെ പിന്തുണ അതിനൊട്ടുമില്ല എന്നറിയാത്തതുകൊണ്ടല്ല, അത് നന്നായി അറിയുന്നതുകൊണ്ടാണ്. ജീവിച്ചിരിക്കുന്ന പോപ്പുലർ ഫ്രണ്ടിനോട് ഇല്ലാത്ത അനുഭാവവും സഹതാപവും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രാണ്ടിനോട് മുസ്​ലിം സമൂഹത്തിനുണ്ടാകാനുള്ള സാധ്യത അവർ കാണുന്നുണ്ടാകാം. ആർ.എസ്.എസ്. എല്ലാവിധ സംഹാരശേഷിയോടും കൂടി, ഭരണകൂടത്തണലിൽ നിലനിൽക്കെ, മുസ്ലിം തീവ്രവാദ സംഘടനയെ നിരോധിക്കുമ്പോൾ, സ്ലീപ്പിങ് സെല്ലിൽ കിടക്കുന്ന പോപ്പുലർ ഫ്രണ്ടിന്​ മുസ്​ലിം മനസ്സുകളിലേക്ക് ചേക്കേറാൻ കഴിഞ്ഞേക്കും എന്നവർ കണക്കുകൂട്ടുന്നുണ്ടാവണം. അഞ്ചുവർഷത്തെ നിരോധനഘട്ടം പിന്നിട്ട് അത് മടങ്ങിവരുമ്പോൾ കൂടുതൽ കരുത്തുനേടാം എന്നും വലതുപക്ഷ തീവ്രവാദം മനഃപായസം ഉണ്ണുന്നുണ്ടാകണം. അങ്ങനെ സംഭവിച്ചാൽ അപ്പോഴെങ്കിലും മതതീവ്രവാദം ചൂണ്ടിക്കാണിച്ച്​ ഹിന്ദു ഏകീകരണം സൃഷ്ടിച്ച് കേരളത്തിൽ താമര വിരിയിക്കാം എന്നാകാം ആഗ്രഹചിന്ത.

മതത്തിന്റെ പേര്​ പറഞ്ഞുകൊണ്ടുള്ള ‘പ്രതിരോധ'ത്തിന്റെ സാധുതയെയാണ് മതനേതൃത്വം തള്ളിക്കളഞ്ഞത്. ആയുധമെടുക്കാൻ ഒരു വ്യക്തിക്കോ സംഘത്തിനോ അവകാശമില്ലെന്നും അതിന് ഇസ്​ലാമികപ്രമാണങ്ങളുടെ പിൻബലമില്ലെന്നും അവർ സംശയരഹിതമായി പ്രഖ്യാപിച്ചു.

മതത്തിന്റെ ആധാരങ്ങളിൽ കാലൂന്നിനിന്ന് ഇസ്​ലാമിന്റെയും മുസ്ലിംകളുടെയും സംരക്ഷകരാണ് തങ്ങളെന്ന് വിശ്വസിപ്പിക്കാനാണ് എൻ.ഡി.എഫ്. ആദ്യം ശ്രമിച്ചത്. തിയേറ്റർ കത്തിക്കൽ മുതൽ മിശ്രവിവാഹത്തിനെതിരെ നടത്തിയ ഓപ്പറേഷൻ വരെ അതിന്റെ ഭാഗമായിരുന്നു. എന്നാൽ മതത്തിന്റെ പേര്​ പറഞ്ഞുകൊണ്ടുള്ള ‘പ്രതിരോധ'ത്തിന്റെ സാധുതയെയാണ് മതനേതൃത്വം തള്ളിക്കളഞ്ഞത്. ആയുധമെടുക്കാൻ ഒരു വ്യക്തിക്കോ സംഘത്തിനോ അവകാശമില്ലെന്നും അതിന് ഇസ്​ലാമികപ്രമാണങ്ങളുടെ പിൻബലമില്ലെന്നും അവർ സംശയരഹിതമായി പ്രഖ്യാപിച്ചു. ഒരു സമുദായത്തെ വികാരംകൊള്ളിച്ച്​ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് തീവ്രവാദികൾ ചെയ്യുന്നതെന്നും അത് ദൈവവിരോധം ആണെന്നുമാണ് അവർ പഠിപ്പിച്ചത്. മതസംഘടനകളും നേതാക്കളും മതത്തിന്റെ ഭാഷയിൽ തന്നെയാണ് പോപ്പുലർ ഫ്രണ്ടിനെ നേരിട്ടത്.

എന്നാൽ, പോപ്പുലർ ഫ്രണ്ടിനെ സൃഷ്ടിച്ച ചില രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്ന വശത്തിനുനേരെ കണ്ണടച്ചിട്ടുകാര്യമില്ല. സ്വതന്ത്ര ഇന്ത്യയിൽ ബി.ജെ.പി. അധികാരത്തിൽ വരുംമുമ്പുതന്നെ നടന്ന അനേകം വർഗീയ കലാപങ്ങൾ, ന്യൂനപക്ഷഹത്യകൾ, ബാബറി മസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശഹത്യ, കേന്ദ്രത്തിൽ ബി.ജെ.പി. അധികാരത്തിൽ വന്നശേഷമുള്ള ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾ, സി.എ.എ.- എൻ.പി.ആർ.- എൻ.ആർ.സി., സച്ചാർ കമ്മിഷൻ ചൂണ്ടിക്കാട്ടിയ സാമൂഹിക- രാഷ്ട്രീയ- ഔദ്യോഗിക രംഗങ്ങളിലെ മുസ്ലിം പിന്നാക്കാവസ്ഥ, യു.പി.എ. ഭരണകാലത്തുണ്ടായ വ്യാജ ഏറ്റുമുട്ടലുകളും മുസ്​ലിംകൾക്കെതിരെ ആരോപിച്ച ഭീകരതയും, അപരവത്കരണം... ഇങ്ങനെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ആശങ്ക ഉളവാക്കുന്ന, അരക്ഷിതബോധം സൃഷ്ടിക്കുന്ന നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ രാജ്യത്തെ മതേതരകക്ഷികൾ വേണ്ടവിധം
തയ്യാറാകുന്നില്ലെന്നുമാത്രമല്ല, പലപ്പോഴും ദയനീയമായി പരാജയപ്പെടുകയുമായിരുന്നു.

ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് മുസ്​ലിം ബഹുജന പ്രസ്ഥാനങ്ങളുടെ പിന്തുണ അതിനൊട്ടുമില്ല എന്നറിയാത്തതുകൊണ്ടല്ല, അത് നന്നായി അറിയുന്നതുകൊണ്ടാണ്.

മതതീവ്രവാദത്തെ എതിർക്കുന്ന സെക്യുലർ കക്ഷികൾ അതേ ഊക്കോടെ, അത്തരം കക്ഷികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നില്ല. പലപ്പോഴും മൃദുഹിന്ദുത്വ നിലപാടുകൾ കൈക്കൊള്ളുകയും ചെയ്യുന്നു. എന്നുമാത്രമല്ല, ഭരണഘടനയും നിയമസംവിധാനവും മതേതര-ജനാധിപത്യമൂല്യങ്ങളും മുറുകെ പിടിച്ച്​ ഒരു സാംസ്‌കാരികസമൂഹം എന്ന നിലയിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സ്വയം സംഘടിക്കുന്ന മുസ്​ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ വിശ്വാസത്തിലെടുക്കാതെ വർഗീയ ചാപ്പയടിച്ച് മാറ്റിനിർത്തുകയും ചെയ്യുന്നു. ഒറ്റയ്ക്കുവന്നാൽ കൊള്ളാം, ഒന്നിച്ചുവന്നാൽ കൊള്ളില്ല എന്നതാണ് മതേതര രാഷ്ട്രീയകക്ഷികളുടെ അപ്രഖ്യാപിത നയം.

ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്​ ശുഭകരമല്ല വർത്തമാനകാല ഇന്ത്യയുടെ അവസ്ഥ എന്ന്​ എല്ലാവരും അംഗീകരിക്കുന്നു. അവർ സ്വത്വപരമായി കടുത്ത ഭീഷണി നേരിടുന്നു. ആത്യന്തികവാദം അതിന്​ പരിഹാരമല്ല. ജനാധിപത്യവും രാഷ്ട്രീയവുമായ പരിഹാരങ്ങൾ മാത്രമാണ് കരണീയം. എങ്കിൽ ആരാണ്
അവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുക? ഈ ചോദ്യത്തെ സമചിത്തതയോടെ നേരിടാതെ വർഗീയ മനോഭാവത്തെയും മത-സാമുദായിക തീവ്രവാദത്തെയും പൂർണമായി പിഴുതുമാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. തീവ്രവാദം അടിസ്ഥാനപരമായി ഒരു മനോഭാവമാണ്. ആ മനോഭാവം പൊട്ടിമുളയ്ക്കുന്ന സാഹചര്യം നിലനിർത്തിക്കൊണ്ട്, നിയമംകൊണ്ട് നിരോധിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം സദുദ്ദേശ്യപരമല്ലെന്നേ പറയാൻ കഴിയൂ. ▮


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments