പാർട്ടികളുടെ
ഔദാര്യവും
‘നന്ദികേട്’ കാണിക്കുന്ന
വോട്ടർമാരും

ജനാധിപത്യത്തിൽ സർക്കാർ നൽകേണ്ട പൗരരുടെ അവകാശങ്ങൾ നേതാക്കളുടെ ഔദാര്യമായി മാറുമ്പോഴാണ് കൈക്കൂലി സംസ്കാരം സാധാരണവൽക്കരിക്കപ്പെടുന്നത്. കുടിവെള്ളം, ആരോഗ്യം, തൊഴിൽ, സുരക്ഷ, പൊതു ഗതാഗതം- ഇവയെല്ലാം പൗരാവകാശങ്ങൾ അല്ലാതെ “ആരുടെയോ സഹായം” ആകുന്ന നിമിഷം മുതൽ വോട്ടും ഒരു കൃതജ്ഞതാചടങ്ങായി മാറുന്നു- ലീഷ മഞ്ജു എഴുതുന്നു.

“എടോ, വേഗം പൊയ്ക്കോ, അവിടെ അവർ തയ്യൽ മിഷ്യൻ കൊടുക്കുന്നുണ്ട്, സ്ത്രീകൾക്കെല്ലാം,” രഞ്ജിതയുടെ ഫോൺ കാൾ. അയൽവക്കമാണ്, നല്ല അടുപ്പവുമുണ്ട്.
“എവിടെ?”
“നമ്മുടെ കോർപറേറ്റർ വിരാജ് കാട്ടേയുടെ ഓഫീസിൽ, ഗോവിന്ദ് ഗാർഡൻ ഹോട്ടലിന്റെ അടുത്ത്,” രഞ്ജിത തിടുക്കത്തിലാണ്.

ഇതെന്തു കഥയെന്ന് ഒരു നിമിഷം ആലോചിച്ചു.

മനുഷ്യപ്പറ്റില്ലാത്ത, എന്തെങ്കിലും ചെയ്തു കിട്ടണമെങ്കിൽ ആയിരങ്ങൾ എണ്ണി മേടിക്കുന്ന, സ്വന്തം കുടുംബക്കാരെ എല്ലാ പാർട്ടിയിലും നിർത്തി ഏതു ഭാഗം ജയിച്ചാലും ഭരണം ഉറപ്പാക്കുന്ന നേതാവാണ്‌. വീട്ടിലെ സ്ത്രീകൾക്ക് പട്ടികളുടെ പോലും വില കൊടുക്കാത്ത, അവരുടെ ആത്മഹത്യകളും മരണങ്ങളും പുറലോകം അറിയാതെ മറയ്ക്കുന്ന കൂട്ടർ. പെട്ടെന്ന് സ്ത്രീകളോടൊരു സ്നേഹം!

“പക്ഷെ എനിക്ക് മിഷ്യൻ വേണ്ടടോ,” സംഗതി പിടികിട്ടാതെ പറഞ്ഞു. “സ്ത്രീകൾക്ക് വെറുതെ കിട്ടുന്നതാടോ, തനിക്കു വേണ്ടെങ്കിൽ ആർക്കെങ്കിലും കൊടുക്കാമല്ലോ,” രഞ്ജിത നിർബന്ധത്തിലാണ്.

ഇലക്ഷൻ അടുത്തല്ലോ എന്ന് അപ്പോഴാണ് ഓർത്തത്.

“എടോ, ഇത് കൈക്കൂലിയാ, വോട്ടുപിടുത്തം”, കേട്ടിട്ടും രഞ്ജിതയ്ക്ക് വലിയ കുലുക്കമില്ല.
“ഇവിടുള്ള എല്ലാവരും പോയി മേടിച്ചു, എന്താണേൽ നമുക്കെന്താ?”

പുനെയിലെ ഐ.ടി പാർക്ക് ആയ ഹിഞ്ഞവ്ഡിയുടെ (ഹിഞ്ചേവാഡി) അടുത്തുള്ള അപാർട്ട്മെൻറ് സൊസൈറ്റി ആണ്. വിദ്യാസമ്പന്നരായ, കൂടുതലും ടെക്നോളജി മേഖലയിൽ ജോലി ചെയ്യുന്ന കോസ്മൊപോളിറ്റൻ കൂട്ടം. അവരാണ് ഒരുകാലത്തും ഉപയോഗിക്കാൻ പോലും ചാൻസ് ഇല്ലാത്ത ഒരു തയ്യൽ മിഷ്യൻ മേടിക്കാൻ ഓടുന്നത്; അതും ഇലക്ഷൻ സ്റ്റണ്ടാണെന്ന് അറിഞ്ഞുതന്നെ.

അല്ലെങ്കിലും ഫ്രീ ആയി കിട്ടുന്നതെല്ലാം, അതിന്റെ ഉദ്ദേശ്യവും പരിണാമവും ഒരു നിമിഷം ആലോചിക്കുകപോലും ചെയ്യാതെ, രണ്ടും കയ്യും നീട്ടി മേടിക്കുന്നതിന് വിദ്യാഭ്യാസ- ജീവിതനിലവാരം ഒരിക്കലും നമ്മൾക്ക് തടസ്സമല്ലല്ലോ.

പേരുകേട്ട പൂനെ സിറ്റി ആണെങ്കിലും പുറംലോകമറിയാത്ത അദിലാബാദിലെ ഭീംപൂർ ആണെങ്കിലും അങ്ങനെ തന്നെ.

നക്സലിസത്തിന്റെ സ്വാധീനം സൂചിപ്പിക്കുന്ന ‘റെഡ് കോറിഡോർ’ ലിസ്റ്റിൽ പെട്ട, മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന, തെലുങ്കാനയിലെ അദിലാബാദ് ജില്ല. മൌര്യ, ശതവാഹന, കക്കാത്യ, ഗോണ്ട്, ബിജാപൂർ ഷാ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന ദേശം. ജന്മിത്വത്തിനെതിരെ തൊണ്ണൂറുകളുടെ ആദ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച ആദ്യകാല കർഷകസമരങ്ങളുടെ വിളനിലം. ഇപ്പോൾ രാജ്യത്തെ 250 അതിദരിദ്ര ജില്ലകളിൽ ഒന്ന്.

നക്സലിസത്തിന്റെ സ്വാധീനം സൂചിപ്പിക്കുന്ന ‘റെഡ് കോറിഡോർ’ ലിസ്റ്റിൽ പെട്ട, മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന, തെലുങ്കാനയിലെ അദിലാബാദ് ജില്ല. ജന്മിത്വത്തിനെതിരെ തൊണ്ണൂറുകളുടെ ആദ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച ആദ്യകാല കർഷകസമരങ്ങളുടെ വിളനിലം. ഇപ്പോൾ രാജ്യത്തെ 250 അതിദരിദ്ര ജില്ലകളിൽ ഒന്ന്.
നക്സലിസത്തിന്റെ സ്വാധീനം സൂചിപ്പിക്കുന്ന ‘റെഡ് കോറിഡോർ’ ലിസ്റ്റിൽ പെട്ട, മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന, തെലുങ്കാനയിലെ അദിലാബാദ് ജില്ല. ജന്മിത്വത്തിനെതിരെ തൊണ്ണൂറുകളുടെ ആദ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച ആദ്യകാല കർഷകസമരങ്ങളുടെ വിളനിലം. ഇപ്പോൾ രാജ്യത്തെ 250 അതിദരിദ്ര ജില്ലകളിൽ ഒന്ന്.

മറാത്ത് വാഡയിലെ നാന്ദെഡിൽ നിന്ന് സംഘടനയുടെ ഡയറക്ടർക്കൊപ്പം അദിലാബാദ് വഴി ഭീംപൂർ എത്തിയപ്പോൾ ഉച്ച കഴിഞ്ഞു.

ഗ്രാമത്തിന്റെ നടുക്കുള്ള മന്ദിർ ശൂന്യമായിരിക്കുന്നത് കണ്ടപ്പോൾ ആദ്യം എന്തോ അപകടം മണത്തു. പതിവില്ലാത്ത നിശ്ശബ്ദത. ഒന്നാമത്, നക്സൽ സാന്നിധ്യവും അതുമായി ബന്ധപ്പെട്ട പോലീസ് സന്നാഹവും ഏറ്റുമുട്ടലുകളും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലം. പോരെങ്കിൽ, രാജ്യസഭാ ഇലക്ഷൻ തലേന്ന് കഴിഞ്ഞിട്ടേയുള്ളു. എന്തെങ്കിലും കാര്യമായി നടന്നു കാണുമെന്ന പേടിയോടെ ഒരു വീടിന്റെ ഇറയത്ത് കേറി; പ്രൊജക്റ്റിന്റെ വോളണ്ടറി സ്റ്റാഫ് ആയ ലോക്കൽ ആനിമേറ്ററിന്റെ വീട്ടിൽ. ഡയറക്ടർ റാത്തോഡ് അകത്തു കേറിച്ചെന്ന് തിരിച്ചു വന്നപ്പോൾ ആനിമേറ്റർ ഒപ്പമുണ്ട്; കണ്ണു തുറക്കാൻ പറ്റാതെ, കാൽ വേച്ചുവേച്ച്, ബോധം വീഴാത്ത നിലയിൽ.

ജനങ്ങൾ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന സംവിധാനത്തിൽനിന്ന്, ഭരണകൂടവും പണവും ചേർന്ന് ജനങ്ങളുടെ തെരഞ്ഞെടുപ്പുകളെ നിർമ്മിക്കുന്ന സംവിധാനത്തിലേക്കാണോ നമ്മൾ നീങ്ങുന്നത്?

കാര്യമന്വേഷിച്ചപ്പോൾ അയാൾ ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു; രണ്ടു ദിവസം മുന്നേ, ഇലക്ഷന്റെ തലേന്ന് വൈകീട്ട്, ഗ്രാമത്തിലെത്തിയ ടാങ്കർ ലോറിയെക്കുറിച്ച്. അതിൽ നിറച്ച് വീര്യം കൂടിയ ചാരായം. എല്ലാവർക്കും ഇഷ്ടംപോലെ കുടിക്കാം. ഒപ്പം കോഴിക്കറിയും. ആണും പെണ്ണും പ്രായമായവരും ഇല്ലാത്തവരും എന്നിങ്ങനെ സകലരും പട്ടയിൽ ആറാടി. പിറ്റേന്ന് ഇലക്ഷൻ പോയിട്ട്, അതിന്റെ പിറ്റേന്ന് പണിക്കു പോകാൻ പോലും കെൽപില്ലാതെ കിടപ്പാകുകയും ചെയ്തു.

ചാരായം കഴിക്കാത്ത ഏതെങ്കിലും പെണ്ണുങ്ങൾ ഉണ്ടെങ്കിൽത്തന്നെ ആണുങ്ങൾ ഇല്ലാതെ അവർ എങ്ങനെ ഒറ്റയ്ക്ക് അടുത്ത ഗ്രാമത്തിൽ നടന്നുപോയി വോട്ടു ചെയ്യാൻ? എങ്ങനെയെങ്കിലും എത്തിയാൽ തന്നെ അവരുടെയൊക്കെ പേരിൽ നേരത്തെ തന്നെ വോട്ടു വീണിട്ടുമുണ്ടാകും.

പാരമ്പര്യമായി പണം കൊടുത്തും കോഴി, ആട് തുടങ്ങിയ വളർത്തുജീവികളെ കൊടുത്തും കൊണ്ടിരുന്ന സ്ഥാനാർഥികൾ കുറച്ചുകൂടി ഫുൾ പ്രൂഫ് ആയി കൈക്കൊണ്ട നടപടി. എന്തൊക്കെ കൊടുത്താലും വോട്ട് ചെയ്യുമ്പോൾ എവിടെ കുത്തുമെന്ന് അത്ര ഉറപ്പില്ലല്ലോ. അതിനുവേണ്ടി പല പണികളും ചെയ്തിട്ടുണ്ട്. ഉപ്പിൽ തൊട്ട് സത്യം ചെയ്യിക്കൽ ഉൾപ്പെടെ. പക്ഷെ നേതാക്കളെ പോലെ തന്നെ നാട്ടുകാരും ചതി പഠിച്ചെന്ന് ചില തെരഞ്ഞെടുപ്പുകൾ തെളിയിച്ചു. അതോടെയാണ് ഇവന്മാരെയൊക്കെ വീട്ടിൽ തളർത്തിക്കിടത്താൻ നേതാക്കൾ ഉറപ്പിച്ചത്. ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന അണിയാളുകളും, കാശു കൊടുത്ത് ഇറക്കുന്ന കൂലിക്കാരും മാത്രം വോട്ടു ചെയ്‌താൽ മതിയെന്ന് തീരുമാനിച്ചത്.

കാലം മാറി. ലോകം മാറി. കാഴ്ചയും കാഴ്ചപ്പാടുകളും മാറി. പക്ഷെ വോട്ടുപിടുത്തം മാറിയില്ല, സ്ട്രാറ്റെജി മാറിയെന്നുമാത്രം. ഇപ്പോൾ തെരഞ്ഞെടുപ്പ് കൈക്കൂലി വെറും കവറുകളിലോ ചാക്കുകളിലോ ആയി ഒതുങ്ങുന്നില്ല.

ഓരോ ഫോണിലേക്കും കൃത്യമായി എത്തുന്ന വീഡിയോകളായും വ്യാജവാർത്തകളായും ഭയങ്ങളായും ജാതി- മത വികാരങ്ങളായും അത് മാറിയിട്ടുണ്ട്. ഒരുകാലത്ത് വോട്ട് പിടിക്കാൻ ചാരായ ടാങ്കർ മതി ആയിരുന്നെങ്കിൽ, ഇന്ന് ഓരോ വീട്ടിലെയും ഓരോ മൊബൈൽ ഫോൺ തന്നെ പ്രചാരണവാഹനമാണ്. നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പൊതു റാലികളെക്കാൾ ഇന്റർനെറ്റിന്റെ മറവിൽ പതിയിരുന്ന് പെയ്ഡ് ന്യൂസും ‘കൂലിപ്പിന്തുണ’യും അരങ്ങു കീഴടക്കുന്നു.

തെരഞ്ഞെടുപ്പുകാലം ജനാധിപത്യ ഉത്സവത്തേക്കാൾ ഓഫർ സീസണായി തോന്നിത്തുടങ്ങുന്നു. ജനങ്ങൾ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന സംവിധാനത്തിൽനിന്ന്, ഭരണകൂടവും പണവും ചേർന്ന് ജനങ്ങളുടെ തെരഞ്ഞെടുപ്പുകളെ നിർമ്മിക്കുന്ന സംവിധാനത്തിലേക്കാണോ നമ്മൾ നീങ്ങുന്നത്?

2024-ലെ ലോക്സഭാ ഇലക്ഷന്റെ ചെലവ് കണക്ക് ഒന്ന് നോക്കാം.
ലോകത്ത് ഇന്നേവരെ നടന്ന ഏറ്റവും ചെലവേറിയ ജനാധിപത്യപ്രക്രിയ. രാഷ്ട്രീയ പാർട്ടികൾ ചെലവിട്ട തുക 1,35,000 കോടിയിലേറെ. തൊട്ടുമുമ്പുള്ള ലോക്സഭാ ഇലക്ഷന്റെ ചെലവിന്റെ ഇരട്ടിയിലധികം. ഒരു വോട്ടിന് ചെലവ് 1400 രൂപ.

അനധികൃതമായ പണം, സാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തത് 10,000 കോടി. (പിടിക്കപ്പെടാത്തത് അപ്പോൾ ഊഹിക്കാവുന്നതേയുള്ളൂ.)

ഗവണ്മെന്റ് ഇലക്ഷൻ വർഷത്തിൽ പരസ്യങ്ങൾക്ക് ചെലവിട്ടത് 1200 കോടി.
ഇലക്ഷൻ കമ്മീഷൻ വാർഷിക ബജറ്റ് 340 കോടി രൂപ.
ജയിച്ച പാർട്ടി ബി ജെ പി ചെലവിട്ടത് 1737 കോടി രൂപ. ബാക്കിയുള്ള ഏഴ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ ചെലവിനേക്കാൾ 680 കോടി രൂപ കൂടുതൽ.

ഇത്രയും പണം കറങ്ങുന്ന തെരഞ്ഞെടുപ്പിൽ സാധാരണ പൗരർക്ക് എവിടെയാണ് സ്ഥാനം? നാട്ടുകാർക്കുവേണ്ടി പ്രവർത്തിക്കുന്ന, ജനപ്രശ്നങ്ങൾ അറിയുന്ന, കൃത്യമായ നിലപാടുള്ള, എന്നാൽ കോടികളോ പാർട്ടിപിന്തുണയോ ഇല്ലാത്ത ഒരാൾക്ക് തെരഞ്ഞെടുപ്പിൽ എന്തെങ്കിലും അലകളുണ്ടാക്കാൻ അവസരമില്ലാതാക്കുന്ന ഈ അവസ്ഥ എങ്ങനെയാണ് ജനാധിപത്യമാകുന്നത്?

ഗവണ്മെന്റ് ഇലക്ഷൻ വർഷത്തിൽ പരസ്യങ്ങൾക്ക് ചെലവിട്ടത് 1200 കോടി. ഇലക്ഷൻ കമ്മീഷൻ വാർഷിക ബജറ്റ് 340 കോടി രൂപ. ജയിച്ച പാർട്ടി ബി ജെ പി ചെലവിട്ടത് 1737 കോടി രൂപ. ബാക്കിയുള്ള ഏഴ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ ചെലവിനേക്കാൾ 680 കോടി രൂപ കൂടുതൽ.
ഗവണ്മെന്റ് ഇലക്ഷൻ വർഷത്തിൽ പരസ്യങ്ങൾക്ക് ചെലവിട്ടത് 1200 കോടി. ഇലക്ഷൻ കമ്മീഷൻ വാർഷിക ബജറ്റ് 340 കോടി രൂപ. ജയിച്ച പാർട്ടി ബി ജെ പി ചെലവിട്ടത് 1737 കോടി രൂപ. ബാക്കിയുള്ള ഏഴ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ ചെലവിനേക്കാൾ 680 കോടി രൂപ കൂടുതൽ.

പാർട്ടികളുടെ ചെലവും സ്ഥാനാർഥികളുടെ അംഗീകൃത ചെലവും തമ്മിൽ വലിയൊരു ഗ്യാപ്പുണ്ട്. ഷാഡോ എക്സ്പെൻഡിച്ചർ വെറും നിഴൽരേഖ! ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുക (സംസ്ഥാനത്തിന്റെ വലിപ്പമനുസരിച്ച്) ലോകസഭാ ഇലക്ഷന് 75- 95 ലക്ഷവും രാജ്യസഭാ ഇലക്ഷന് 28 – 40 ലക്ഷവുമാണ്.

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ എന്ന പോലെ അണികളെ മൊത്തം ആഴ്ചകളോളം തീറ്റിപ്പോറ്റുന്നതിനും നാടുനീളെ കറങ്ങാനുള്ള പെട്രോളിനും മീഡിയ സ്പോൺസർഷിപ്‌, റാലികൾ, നോട്ടീസ്, ഫ്ലെക്സ് അലങ്കാരങ്ങൾക്കും ഈ പൈസ എവിടെ തികയാനാണ്? കേരളത്തിലെ രാജ്യസഭാ ഇലക്ഷനുപോലും പ്രതിദിനം ആറു ലക്ഷത്തിൽ കൂടുതലാണ് ചെലവെന്ന് കണക്കുകൾ പറയുന്നു. അപ്പോഴാണ് ജനാധിപത്യത്തിന്റെ സൂത്രങ്ങൾ പിന്നെയും കണ്ണിൽ പെടുന്നത്. പൈസ ചെലവഴിക്കാൻ സ്ഥാനാർഥിക്ക് മാത്രമേ ലിമിറ്റുള്ളൂ, പാർട്ടിക്കില്ല.

ഈ പണം മുഴുവൻ എവിടെനിന്ന് വന്നെന്ന് കാണിക്കാനും കാണിക്കാതിരിക്കാനുമുള്ള സൂത്രങ്ങൾ വേറെ. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ മാത്രമേ പാർട്ടികൾ വെളിപ്പെടുത്തേണ്ടതുള്ളൂ. അതിനു താഴെയുള്ളതെല്ലാം അജ്ഞാത സ്രോതസ്സുകളാണ്. രാഷ്ട്രീയ പാർട്ടികൾക്കും ഇലക്ഷൻ ഫണ്ടിനും സംഭാവന ചെയ്യുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇൻകം ടാക്സ് ഇളവുമുണ്ട്‌. കമ്പനികൾ അവരുടെ അറ്റാദായത്തിന്റെ 7.5% മാത്രമേ സംഭാവന ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന പിൻവലിച്ചിട്ടുണ്ട്. പോരാതെ, ഇത്തരം സംഭാവനകൾ ആദായത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്യാം.

അവകാശമുള്ള പങ്കാളികളിൽ നിന്ന് പൗരൻമാർ പതുക്കെ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കളായി മാറുന്നു. അങ്ങനെ രാഷ്ട്രീയം വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ വലിയ ചോദ്യങ്ങളിൽ നിന്ന് പതുക്കെ “ആര് എന്ത് തരുന്നു” എന്ന ഇടപാടിലേക്ക് ചുരുങ്ങുന്നു.

ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 43% നൽകിയിരുന്ന ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ 2024- ലെ സുപ്രീംകോടതി വിധി വരുന്നതുവരെ രഹസ്യമായിരുന്നു. (ജനങ്ങൾക്ക് ആ വിവരങ്ങൾ ലഭ്യമാക്കാനുള്ള വിധി വന്നതോടെ അതിൽ നിന്നുള്ള വരുമാനവും കുറഞ്ഞു.) പിന്നെ പലവിധ സർക്കാർ വകുപ്പുകൾ വഴി കൊടുക്കുന്ന വിവിധ സേവകളും സേവനങ്ങളും. ഇങ്ങനെ പരിധിയില്ലാത്ത പണപ്പെട്ടികൾ ഉള്ളപ്പോൾ പുനെയിലെ തയ്യൽ മിഷ്യനും ഭീംപൂരിലെ ചാരായവും ഒക്കെ വെറും ഞാഞ്ഞൂലുകൾ.

ജനാധിപത്യത്തിൽ സർക്കാർ നൽകേണ്ട പൗരരുടെ അവകാശങ്ങൾ നേതാക്കളുടെ ഔദാര്യമായി മാറുമ്പോഴാണ് കൈക്കൂലി സംസ്കാരം സാധാരണവൽക്കരിക്കപ്പെടുന്നത്. കുടിവെള്ളം, ആരോഗ്യം, തൊഴിൽ, സുരക്ഷ, പൊതു ഗതാഗതം — ഇവയെല്ലാം പൗരാവകാശങ്ങൾ അല്ലാതെ “ആരുടെയോ സഹായം” ആകുന്ന നിമിഷം മുതൽ വോട്ടും ഒരു കൃതജ്ഞതാചടങ്ങായി മാറുന്നു.

അപ്പോൾ തയ്യൽ മിഷ്യനും ചാരായവും വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങളല്ല; ജനാധിപത്യത്തെ വ്യക്തിപരമായ കടപ്പാടുകളാക്കി മാറ്റുന്ന സാമൂഹിക പരിശീലനങ്ങളാണ്. തെരഞ്ഞെടുപ്പ് അഴിമതി എന്ന് കേൾക്കുമ്പോൾ നമ്മൾ പലപ്പോഴും വ്യക്തികളുടെ ധാർമ്മിക തകർച്ചയെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ ഇവിടെ പ്രശ്നം ചില മോശം നേതാക്കൾ മാത്രമല്ല; അങ്ങനെ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു രാഷ്ട്രീയ- സാമ്പത്തിക സംവിധാനമാണ്.

തെരഞ്ഞെടുപ്പ് ജയിക്കാൻ പണം വേണം. പണം സമാഹരിക്കാൻ കോർപ്പറേറ്റുകൾ വേണം. കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്താൻ അധികാരം വേണം. അധികാരം നിലനിർത്താൻ വീണ്ടും തെരഞ്ഞെടുപ്പ് ജയിക്കണം. അങ്ങനെ ജനാധിപത്യം പതുക്കെ ഒരു അടച്ച സാമ്പത്തിക വലയമായി മാറുന്നു. യാഥാർത്ഥ്യത്തെക്കാൾ പോസ്റ്ററുകളിലെ മുഖങ്ങളും, ആശയങ്ങളേക്കാൾ വലിയ സ്പോൺസർമാരും തീരുമാനിക്കുന്ന ജനാധിപത്യത്തിൽ, ജനങ്ങൾ പങ്കാളികളോ കാണികളോ എന്ന ചോദ്യം ബാക്കി.

തയ്യൽ മിഷ്യനും ചാരായവും വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങളല്ല; ജനാധിപത്യത്തെ വ്യക്തിപരമായ കടപ്പാടുകളാക്കി മാറ്റുന്ന സാമൂഹിക പരിശീലനങ്ങളാണ്.
തയ്യൽ മിഷ്യനും ചാരായവും വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങളല്ല; ജനാധിപത്യത്തെ വ്യക്തിപരമായ കടപ്പാടുകളാക്കി മാറ്റുന്ന സാമൂഹിക പരിശീലനങ്ങളാണ്.

ഇതിലെ ഏറ്റവും അപകടകരമായ കാര്യം അഴിമതി നടക്കുന്നു എന്നതല്ല; അത് സമൂഹം സ്വാഭാവികമായി സ്വീകരിച്ചു തുടങ്ങുന്നു എന്നതാണ്.

തയ്യൽ മിഷ്യൻ വാങ്ങാൻ ഓടിയ ഐടി പ്രൊഫഷണലിനും ചാരായ ടാങ്കറിനായി കാത്തിരുന്ന ഭീംപൂരിലെ തൊഴിലാളിക്കും ഇടയിൽ ജീവിത സാഹചര്യങ്ങളിൽ വലിയ വ്യത്യാസമുണ്ടാകാം. പക്ഷെ “ഫ്രീ ആയി കിട്ടുന്നതെന്തും വാങ്ങാം, സദാചാരം പിന്നെയാകട്ടെ,” എന്ന രാഷ്ട്രീയ മനോഭാവത്തിൽ രണ്ടുപേരും ഒരേ സിസ്റ്റത്തിന്റെ ഭാഗങ്ങളാകുന്നു. അവകാശമുള്ള പങ്കാളികളിൽ നിന്ന് പൗരൻമാർ പതുക്കെ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കളായി മാറുന്നു. അങ്ങനെ രാഷ്ട്രീയം വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ വലിയ ചോദ്യങ്ങളിൽ നിന്ന് പതുക്കെ “ആര് എന്ത് തരുന്നു” എന്ന ഇടപാടിലേക്ക് ചുരുങ്ങുന്നു. വോട്ട് ഒരു രാഷ്ട്രീയനിലപാടല്ലാതെ തിരിച്ചടക്കേണ്ട കടമായി മാറുന്ന നിമിഷം പൗരരുടെ ആത്മാഭിമാനം ക്ഷയിക്കുന്നു; ജനാധിപത്യം ജീർണിക്കുന്നു.

ഇത്തവണ പുനെ ഇലക്ഷൻ മാർക്കറ്റിൽ പുതിയൊരിനം ആണ് ട്രെൻഡ്. പുണ്യ സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ. ഷിർദി മുതൽ അഷ്ടഗണപതി വരെ. ലക്ഷ്വറി ബസ്സിൽ യാത്ര. സുഖ ഭക്ഷണം, താമസം. എല്ലാം ഫ്രീ. അതും സ്ഥാനാർഥിയുടെ ഭാര്യ നടത്തുന്ന സാംസ്‌കാരിക സംഘടനയുടെ പേരിൽ. മിനിസ്ട്രി ഓഫ് കൾച്ചർ നിന്നുള്ള ഫണ്ട് ഉപയോഗിച്ച്.

ദൈവത്തെ ഇടയ്ക്ക് കേറ്റിയതുകൊണ്ടു നന്ദികേടും വാക്കുമാറ്റവും വോട്ടുമാറ്റവും ഉണ്ടാവില്ലെന്ന് ഉറപ്പിച്ച ബുദ്ധി നമിക്കാതെ വയ്യ.


Summary: Political party offers to voters in elections and controversies, Leesha Manju writes an analysis.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. 15 വര്‍ഷം വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments