നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് 7.5 ശതമാനം പേരും നൽകിയത് മത- സാമുദായിക പരിഗണന വച്ച് എന്നാണ്. ട്രൂ കോപ്പി തിങ്ക് നടത്തിയ പ്രീ പോൾ സർവേയിലാണ് വോട്ടിങ്ങിൽ മതവും സമുദായവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ശ്രദ്ധേയ കണ്ടെത്തലുകൾ.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ വോട്ടുചെയ്യുന്നവരാണ് ഭൂരിപക്ഷവും; 63.2 ശതമാനം. സ്ഥാനാർഥിയുടെ വ്യക്തിത്വത്തിന് 21.6 ശതമാനവും പ്രാദേശിക വിഷയങ്ങൾക്ക് ഏഴു ശതമാനവും പേർ വോട്ടുചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു. 0.7 ശതമാനം പേരാണ് മറ്റു വിഷയങ്ങൾ പരിഗണിക്കുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള വോട്ടിംഗ് രീതിയിലും ഈ ഘടകങ്ങൾ സവിശേഷമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർവേയിൽ കണ്ടെത്തി.
നഗരങ്ങളിൽ മത- സാമുദായിക പരിഗണന വച്ച് വോട്ടുചെയ്യുന്നവരുടെ ശതമാനം 6.3 ആണ്, ഗ്രാമങ്ങളിലാകട്ടെ ഇത് 8 ശതമാനമാണ്. രാഷ്ട്രീയ നിലപാടുവെച്ച് നഗരങ്ങളിൽ വോട്ടുചെയ്യുന്നവർ 66.6 ശതമാനം വരുമ്പോൾ ഗ്രാമങ്ങളിൽ ഇത് 61.8 ശതമാനമാണ്.
സ്ഥാനാർഥിയുടെ വ്യക്തിത്വത്തെ നഗരങ്ങളിൽ 20.2 ശതമാനം പേർ പരിഗണിക്കുമ്പോൾ ഗ്രാമങ്ങളിൽ 8 ശതമാനമാണ്.
നഗരങ്ങളിൽ 6.3 ശതമാനം പേർ പ്രാദേശിക വിഷയങ്ങളാണ് പരിഗണിക്കുന്നത്, ഗ്രാമങ്ങളിൽ ഇത് 7.4 ശതമാനമാണ്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ വോട്ടുചെയ്യുന്നവരെ മതത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴും ശ്രദ്ധേയമായ കണ്ടെത്തലുകളുണ്ടായി.
സർവേയിൽ പങ്കെടുത്ത മുസ്‌ലിംകളിൽ 69.3 ശതമാനം പേരും ഹിന്ദുക്കളിൽ 69.8 ശതമാനം പേരുമാണ് രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നത്. എന്നാൽ, ക്രിസ്ത്യാനികളിൽ ഇത് 41.8 ശതമാനം മാത്രമാണ്. മതം വെളിപ്പെടുത്താത്തവരിൽ 51.7 ശതമാനം പേരും രാഷ്ട്രീയ നിലപാടുവെച്ച് വോട്ടുചെയ്യുന്നവരാണ്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന മുസ്‌ലിംകളിൽ 51.7 ശതമാനം എൽ.ഡി.എഫിനെയും 46.8 ശതമാനം യു.ഡി.എഫിനെയും 1.2 ശതമാനം എൻ.ഡി.എയെയുമാണ് പിന്തുണക്കുന്നത്.
ക്രിസ്ത്യാനികളിൽ ഇത് എൽ.ഡി.എഫ്- 60.9 ശതമാനം, യു.ഡി.എഫ്- 34.5 ശതമാനം, എൻ.ഡി.എ-3.1 ശതമാനം വീതമാണ്.
രാഷ്ട്രീയ നിലപാടെടുക്കുന്ന ഹിന്ദു വോട്ടർമാരിൽ 66.8 ശതമാനവും എൽ.ഡി.എഫിനെയാണ് പിന്തുണക്കുന്നത്. 21.5 ശതമാനം യു.ഡി.എഫിനെയും 11.3 ശതമാനം എൻ.ഡി.എയെയും പിന്തുണക്കുന്നു.
മതം വെളിപ്പെടുത്താത്തവരിൽ 65.3 ശതമാനം പേർ എൽ.ഡി.എഫിനെയും 26.2 ശതമാനം യു.ഡി.എഫിനെയും 6.9 ശതമാനം എൻ.ഡി.എയെയും പിന്തുണക്കുന്നു.
സ്ഥാനാർഥിയുടെ വ്യക്തിത്വം നോക്കി വോട്ടുചെയ്യുന്നവരിൽ മുസ്‌ലിംകൾ 17.8 ശതമാനവും ഹിന്ദുക്കൾ 18.1 ശതമാനവും വരും. എന്നാൽ, ക്രിസ്ത്യാനികളുടെ ശതമാനം ഇതിൽ കൂടുതലാണ്; 33.8. മതം വെളിപ്പെടുത്താത്തവരിൽ 28.3 ശതമാനമാണ് സ്ഥാനാർഥിയുടെ വ്യക്തിത്വം പരിഗണിക്കുന്നത്.
മുസ്‌ലിംകളിൽ 4.4 ശതമാനവും ഹിന്ദുക്കളിൽ 6.9 ശതമാനവും പ്രാദേശിക വിഷയങ്ങളാണ് വോട്ടുചെയ്യാൻ പരിഗണിക്കുന്നത്. എന്നാൽ, ക്രിസ്ത്യാനികളിൽ ഇത് 15.7 ശതമാനമാണ്. മതം വെളിപ്പെടുത്താത്തവരിൽ 8 ശതമാനമാണ് പ്രാദേശിക വിഷയങ്ങൾ പരിഗണിക്കുന്നത്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ വോട്ടുചെയ്യുന്നത് എൽ.ഡി.എഫിനാണ് ഏറ്റവും ഗുണകരമാകുക; 61.9 ശതമാനം. 30.3 ശതമാനം യു.ഡി.എഫിനും 7 ശതമാനം എൻ.ഡി.എക്കും ഇത് ഗുണം ചെയ്യും.
സ്ഥാനാർഥികളുടെ വ്യക്തിത്വം ഇത്തവണ കൂടുതൽ തുണയ്ക്കുക യു.ഡി.എഫിനെയാണ്; 49.5 ശതമാനം. 41.6 ശതമാനം എൽ.ഡി.എഫിനെയും 7.2 ശതമാനം എൻ.ഡി.എയെയും ഈ ഘടകം തുണയ്ക്കും.
ജാതി- മത പരിഗണനകൾ ഏറ്റവും കൂടുതൽ പിന്തുണക്കുക യു.ഡി.എഫിനെയാണ്; 39.8 ശതമാനം. എൽ.ഡി.എഫിനെ 24.3 ശതമാനവും എൻ.ഡി.എയെ 30.3 ശതമാനവും ഈ ഘടകം പിന്തുണയ്ക്കും. മറ്റുള്ളവരെ 5.6 ശതമാനവും.
ജാതി- മത പരിഗണന എൽ.ഡി.എഫിനെ നഗരങ്ങളിൽ 19 ശതമാനവും ഗ്രാമങ്ങളിൽ 26.8 ശതമാനവും പിന്തുണക്കും. യു.ഡി.എഫിനെ നഗരങ്ങളിൽ 25.5 ശതമാനവും ഗ്രാമങ്ങളിൽ 46.5 ശതമാനവും സഹായിക്കും. ജാതി- മത പരിഗണന നഗരങ്ങളിൽ എൻ.ഡി.എയെ 49.6 ശതമാനവും ഗ്രാമങ്ങളിൽ 21.3 ശതമാനവും പിന്തുണക്കും.
പ്രാദേശിക വിഷയങ്ങൾ ഏറ്റവും കൂടുതൽ തുണയ്ക്കുക എൽ.ഡി.എഫിനെയാണ്; 34.1 ശതമാനം. ഈ വിഷയം യു.ഡി.എഫിനെ 32.2 ശതമാനവും എൻ.ഡി.എയെ 13.1 ശതമാനവും തുണയ്ക്കുന്നു.