ഭക്ഷണം, ഭാഷണം

രാഷ്​ട്രീയ ജാഗ്രതയെക്കുറിച്ച്​ ​ചില ഓർമപ്പെടുത്തലുകൾ

ഞാൻ, എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാഷിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആ വേദന പരസ്യമായി രേഖപ്പെടുത്തുകയും അതു തിരുത്തി മുന്നോട്ടു പോകുന്നതുമായിരിക്കും ജനാധിപത്യ മര്യാദ എന്ന ബോധത്തിനുമേൽ വീണ്ടും അടി കിട്ടി. ആത്മാർഥമായ ഒരു സോറി പോലും അർഹിക്കാത്ത, ഖേദപ്രകടനത്തെ പോലും മാനിക്കാതെ പരിഹസിക്കുന്ന ഒരാൾക്കൂട്ടത്തെ നേരിടാൻ ചെറിയ കരുത്തൊന്നും പോരാ എന്നതും തിരിച്ചറിവായി.

2022 അവസാനിക്കുന്നതും 2023 തുടങ്ങുന്നതും ഭക്ഷണത്തിലും ഭാഷണത്തിലും പുലർത്തേണ്ട വലിയ രാഷ്ട്രീയജാഗ്രതയെ കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ്.

കഴിഞ്ഞവർഷം കുഴിമന്തി എന്ന പേരിനെ കുറിച്ചുണ്ടായ ഒരു വിവാദത്തിൽ ഞാനും ഉൾപ്പെട്ടുപോയി. നിർഭാഗ്യവശാൽ, അതൊരു പ്രത്യേക വിഭാഗത്തിൽ പെട്ട മനുഷ്യരുടെ ഭക്ഷണമാണെന്നുകണ്ട് അവരെ അവഹേളിക്കാനായി ഞാൻ ചെയ്ത പരാമർശമെന്ന വ്യാഖ്യാനങ്ങളുണ്ടായി. വ്യക്തിപരമായി 2022 ൽ എന്നെ ഏറ്റവും വിഷമിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു അത്. കുഴികുത്തി ഭക്ഷണം കഴിച്ചിരുന്ന ജനവിഭാഗങ്ങളെ ഓർത്തിട്ടാണ് ആ വാക്ക് അപ്രിയമായത് എന്ന വ്യാഖ്യാനം ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അറേബ്യൻ വിഭവമായതിനാലാണ് അത് വെറുക്കുന്നതെന്ന് മറ്റൊരു വിഭാഗം.

എന്റെ മക്കൾ കുഴിമന്തി കഴിക്കാനായി എത്ര കഷ്ടപ്പാടും സഹിക്കും. അതവരുടെ ഇഷ്ടം. അവരുടെ സ്വാതന്ത്ര്യം. അത്ര തന്നെയല്ലേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും?

കുഴിമന്തി എന്ന വാക്ക് എനിക്കിഷ്ടമല്ല. ആ ഭക്ഷണം കഴിക്കുന്നതും ഇഷ്ടമല്ല. ഒരു ഭക്ഷണം ഇഷ്ടമാണ്, അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല, എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും? അതിന് ബാലൻസ്​ ചെയ്യാനായി, വഴുവഴുത്തതുകൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ പൊളിറ്റിക്കലി കറക്​റ്റ്​ ആകുമോ? മാംസാഹാരി vs സസ്യാഹാരി എന്നൊരു യുദ്ധമൊന്നും സങ്കൽപ്പത്തിൽ പോലുമുണ്ടായിരുന്നില്ല. സാമ്പാർ, തോരൻ, രസം ഇതൊന്നും കഴിക്കനിഷ്ടമില്ലാത്ത എന്റെ മക്കൾക്ക് കുഴിമന്തി വളരെ ഇഷ്ടമാണ്. എന്റെ മക്കൾ കുഴിമന്തി കഴിക്കാനായി എത്ര കഷ്ടപ്പാടും സഹിക്കും. അതവരുടെ ഇഷ്ടം. അവരുടെ സ്വാതന്ത്ര്യം. അത്ര തന്നെയല്ലേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും? എന്നാൽ അങ്ങനെയല്ല എന്നും ഭക്ഷണത്തെ കുറിച്ചുള്ള ഭാഷണങ്ങളും വളരെ അപകടം പിടിച്ചതാണെന്നും ആ സംഭവം എന്നെ ബോധ്യപ്പെടുത്തി.

യാന്ത്രികമായും നിർബ്ബന്ധങ്ങൾക്കു വഴങ്ങിയും ഉണ്ടാകേണ്ടതല്ല പൊളിറ്റിക്കൽ കറക്​റ്റ്​നസ്​. അത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് എന്ന് ഞാൻ കരുതുന്നു. ശീലദോഷങ്ങളാൽ ഇടക്ക് കാൽവഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാം എന്ന് എഫ്​.ബിയിൽ ഞാൻ മാപ്പെഴുതി. എന്റെ പരാമർശം പിൻവലിക്കുകയും ചെയ്തു. ഏതു രൂപത്തിലായാലും ഫാഷിസത്തെ നേരിടേണ്ടതുണ്ട് എന്നറിയായ്കയല്ല.

പരിഹാസരൂപത്തിൽ അട്ടഹാസം സൂചിപ്പിക്കുന്ന ധാരാളം സ്​മൈലികൾ ആ മാപ്പ് പറച്ചിലിനു താഴെ കണ്ടപ്പോൾ ഫാഷിസത്തിന്റെ ശക്തി എന്നെ വീണ്ടും അസ്വസ്ഥയാക്കി. ഞാൻ, എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാഷിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആ വേദന പരസ്യമായി രേഖപ്പെടുത്തുകയും അതു തിരുത്തി മുന്നോട്ടു പോകുന്നതുമായിരിക്കും ജനാധിപത്യ മര്യാദ എന്ന ബോധത്തിനുമേൽ വീണ്ടും അടി കിട്ടി. ആത്മാർഥമായ ഒരു സോറി പോലും അർഹിക്കാത്ത, ഖേദപ്രകടനത്തെ പോലും മാനിക്കാതെ പരിഹസിക്കുന്ന ഒരാൾക്കൂട്ടത്തെ നേരിടാൻ ചെറിയ കരുത്തൊന്നും പോരാ എന്നതും തിരിച്ചറിവായി.

എല്ലാ ഭക്ഷണസാധനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടുവാൻ സാധ്യമല്ല. അതിന് അതിന്റേതായ കാരണങ്ങളുമുണ്ടാകും. സ്വന്തം വയറിനെ കുറിച്ചുള്ള ഉത്കണ്ഠകൾ, ഭയങ്ങൾ ഒക്കെ ശുദ്ധിയെ കുറിച്ചുള്ളതായി വായിക്കുന്നത് അതിവായന തന്നെയാണ്. എന്റെ ഭക്ഷണം, നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ്? ജാതിസങ്കടമനുഭവിച്ചിട്ടില്ലാത്തതിന്റെ പ്രിവിലേജാണോ ഇത്തരം തോന്നലുകൾ?

എന്റെ സവർണ്ണനാമവും രൂപവും പെണ്ണെന്ന നിലയിലുള്ള പ്രിവിലേജും കൊണ്ടാണ് എഫ്​.ബിയിൽ ഇത്രയും പിന്തുണയൊക്കെ കിട്ടുന്നതെന്നുകൂടി പറഞ്ഞാണ് അദ്ദേഹം ആ ദീർഘകാല സൗഹൃദത്തിന് വിരാമമിട്ടത്.

2022 ൽ തന്നെ വീണ്ടുമൊരടി കിട്ടി. വർഷങ്ങളായി വ്യക്തിപരമായും കുടുംബപരമായും സൗഹൃദത്തിലുണ്ടായിരുന്ന ഒരു സുഹൃത്തിൽ നിന്നാണത് കിട്ടിയത്. സുഹൃത്തുക്കൾക്കിടയിലും സംസ്‌കാരികരംഗത്തും ഉന്നതമായ നിലയൊക്കെ ഉണ്ടായിരുന്ന അയാൾക്ക് എന്നെക്കുറിച്ച് ഒരു ദിവസം ഒരു വെളിപാടുണ്ടാകുന്നു. അയാളുടെ ജാതി എനിക്ക് പ്രശ്‌നമാണെന്നും അയാളുടെ ജാതി കാരണം അയാളൊരു മണ്ടനാണെന്നു ഞാൻ കരുതുന്നുവെന്നും. അയാളിതു പറയുന്നതു വരെ, ആ നിമിഷം വരെ അയാളൊരു മിടുക്കനാണെന്നായിരുന്നു എന്റെ ധാരണ.

സത്യത്തിൽ അയാളുടെ പേരുതന്നെ അയാളുടെ മതമെന്തെന്നു വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് എന്നല്ലാതെ ജാതി ഊഹിച്ചെടുക്കാനുള്ള വിദ്യ എനിക്ക് വശമില്ലായിരുന്നു. അതറിഞ്ഞിട്ടെനിക്കാവശ്യമില്ലാത്തതുകൊണ്ടാണ്. ദീർഘകാലമായി കുടുംബസൗഹൃദമുള്ള ഒരാൾക്ക് പെട്ടെന്ന് ഞങ്ങൾ രണ്ടു ജാതിയാണെന്ന് തോന്നിപ്പിച്ച സാഹചര്യം ഒന്നേയുണ്ടായുള്ളു. അയാൾ ഇടപെട്ട ഒരു വിവാദത്തിൽ ഞാൻ എതിർപക്ഷത്തായിരുന്നു.

അന്നുവരെ അയാളുടെ ജാതി എനിക്കോ എന്റെ ജാതി അയാൾക്കോ പ്രശ്‌നമായിരുന്നില്ല. അല്ലെങ്കിൽ തന്നെ ഞാനത് എന്തിനാലോചിക്കണം? ആരെന്തു ജാതിയായാലെനിക്കെന്ത്? മനുഷ്യരെ ഉപദ്രവിക്കുന്ന ജാതി / മനുഷ്യരെ ഉപദ്രവിക്കാത്ത ജാതി- ഈ രണ്ടു ജാതി മനുഷ്യരെ കുറിച്ചേ എനിക്കറിയൂ. അതൊക്കെ ജാതിസങ്കടമെന്തെന്നറിയാത്ത ഒരാളുടെ പ്രിവിലേജാണോ?

എന്റെ സവർണ്ണനാമവും രൂപവും പെണ്ണെന്ന നിലയിലുള്ള പ്രിവിലേജും കൊണ്ടാണ് എഫ്​.ബിയിൽ ഇത്രയും പിന്തുണയൊക്കെ കിട്ടുന്നതെന്നുകൂടി പറഞ്ഞാണ് അദ്ദേഹം ആ ദീർഘകാല സൗഹൃദത്തിന് വിരാമമിട്ടത്.

2022 ൽ ഏറ്റവുമൊടുവിൽ കേട്ടത് ഹൈലൈറ്റ് മാൾ മുസ്​ലിമിന്റെ ഉടമസ്ഥതയിലുള്ളതാണെന്നറിഞ്ഞിട്ടാണത്രേ വലിയ പൊട്ടു തൊടുന്ന ഞാൻ, ഷക്കീല വിഷയത്തിൽ ഷക്കീലക്കനുകൂലമായി പോസ്റ്റിട്ടത് എന്നാണ്. ഹൈലൈറ്റ് മാൾ ആണോ ഷക്കീലയാണോ മുസ്​ലിം എന്നത് ആ സമയം വരെ ചിന്തിക്കേണ്ട സാഹചര്യം എനിക്കുണ്ടായിട്ടില്ലായിരുന്നു. അതും ജാതിസങ്കടമെന്തെന്നറിയാത്ത ഒരാളനുഭവിക്കുന്ന പ്രിവിലേജാണോ?

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിൽ നിന്ന്

കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനവും സ്‌കൂൾ യുവജനോത്സവ ഭക്ഷണപ്പുരയിലെ സസ്യാഹാര വിതരണവുമാണ് 2023 തുടക്കത്തിൽ തന്നെ വിവാദമാകുന്നത്. ആദ്യത്തെ വിഷയത്തിന്റെ ഗൗരവകരമായ പ്രാധാന്യം മറികടന്നും തുടരുകയാണ്, താരതമ്യേന അപ്രധാനമായ രണ്ടാമത്തെ ചർച്ച.

ചണ്ഡാലഭിക്ഷുകിയുടെയും ദുരവസ്ഥയുടെയും നൂറാം വാർഷികമാഘോഷിക്കുന്ന ഈ കാലത്ത് നാമെവിടെവരെ പുരോഗമിച്ചു എന്നത് ഒരു ചിന്താവിഷയം തന്നെയാണ്. മാതംഗി സവർണ്ണാധികാരികളെ പ്രതിയുള്ള തന്റെ ഭയം കൊണ്ടാണ് ‘അല്ലലാലങ്ങു ജാതി മറന്നിതോ' എന്ന് ബുദ്ധഭിക്ഷുവിനെ സ്വജാതിയുടെ നിലവിലുള്ള കീഴാളാവസ്ഥ ഓർമ്മിപ്പിക്കുന്നത്. ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ' എന്നത് ബുദ്ധഭിക്ഷുവിന്റെ പ്രിവിലേജാണ്. പൈദാഹം മാത്രമുണ്ടായിരുന്ന ബുദ്ധഭിക്ഷുവിനെ ജാതി ഓർമ്മിപ്പിച്ച്​ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് മാതംഗിയാണ്. ജാതിനിമിത്തമായ ദുഃഖങ്ങളും ക്ലേശങ്ങളും അപമാനങ്ങളും അസൗകര്യങ്ങളും അവ അനുഭവിക്കുന്നവർക്കല്ലാതെ മറ്റാർക്കും എത്രതന്നെ വിശദമായി ഘോഷിച്ചാലും തലയിൽ കയറില്ലെന്ന് കുമാരനാശാൻ ജാതിസങ്കടത്തിലെഴുതിയിട്ടുമുണ്ട്.

കുമാരനാശാൻ / Photo:Wikimedia Commons

1902 ലാണ് കുമാരനാശാൻ വിവേകോദയം മാസികയിൽ ജാതിസങ്കടം എഴുതിയത്: ‘‘കേരളത്തിൽ ഒട്ടാകെ നോക്കിയാൽ ഇപ്പോൾ പിന്നോക്കം നിൽക്കുന്ന വർഗ്ഗക്കാർക്ക് പൂർവ്വാധികമായ സ്വാതന്ത്ര്യവും സൗകര്യങ്ങളും ഉണ്ടായിരുന്നു എന്നത് ശരി തന്നെ. പറയർ മുതൽ മേൽപോട്ടുള്ള എല്ലാ ജാതിക്കാരും ഇപ്പോൾ അവരവരുടെ കാര്യങ്ങൾ മുമ്പിലത്തേക്കാൾ അറിഞ്ഞും സ്വാതന്ത്ര്യ രുചിയോടു കൂടിയും പ്രവർത്തിച്ചു വരുന്നു എന്നു കാണുന്നത് ആശ്വാസജനകമാണ്.'’

ആശാൻ തുടർന്നെഴുതുന്നതിങ്ങനെ: ‘‘അവരുടെ മുന്നോട്ടുള്ള ഗതിയെ ജാതി തടയുന്നതു കണ്ടാൽ അവർക്കുള്ള ക്ഷമകേട് വർദ്ധിച്ചു വരുകയാണെന്നുള്ള വസ്തുതയെ അപലപിക്കാൻ കഴിയുന്നതല്ല. അതിനു വല്ലവരും അവരെ കുറ്റം പറയുന്നത് അബദ്ധവുമാണ്. അജ്ഞാനം വിട്ട് ബോധം വരികയും ചവിട്ടു കൊണ്ട് തഴമ്പിച്ച തൊലി സ്പർശജ്ഞാനമുദിക്കുകയും ചെയ്യുമ്പോൾ മുൻപ് സഹ്യമായിരുന്ന വേദനയെ കുറിച്ച് അധികം സങ്കടം പറയുന്നുവെങ്കിൽ അവർ അതിനെ ഇപ്പോൾ അധികമറിയുന്നു എന്നു മാത്രമേ അർഥമുള്ളു എന്നാണ്.’’

​​​​​​​വ്യക്തിപരമായി ഓരോരുത്തർക്കും ഭക്ഷണശീലം ഓരോന്നാകാം. എവിടെ നിന്ന് എന്തു കഴിക്കണം എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളുടെ മേൽ ജാതിപ്പേരു പറഞ്ഞ് പരിഹസിക്കുകയും കുതിര കയറുകയും ചെയ്യുന്നതും ഫാഷിസമാണെന്ന് തിരിച്ചറിയണം.

അതെ, ശരിയാണ്. ഒരിക്കൽ പോലും ജാതിസങ്കടമറിയാത്തവർ അതറിഞ്ഞവരുടെ അവസ്ഥകളെ കൂടുതൽ മനസ്സിലാക്കണം. രാഷ്ട്രീയജാഗ്രത ഉള്ളവരാകണം; ഭാഷയിൽ, നോട്ടത്തിൽ ചേഷ്ടകളിൽ ജീവിത ശൈലികളിൽ എല്ലാം.

വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾ എന്ന കവിതയിൽ കവി തന്റെ ഒരു ബാല്യകാലാനുഭവമാണ് ആവിഷ്‌കരിക്കുന്നത്. ജ്യേഷ്ഠനും അനുജനും സവർണ്ണജാതിക്കാരെങ്കിലും കുടുമ വളർത്തിയ ദൈന്യങ്ങൾ എന്നാണ് കവി വിശേഷിപ്പിക്കുന്നത്. ഉച്ചഭക്ഷണസമയത്ത് മറ്റു കുട്ടികളൊക്കെ ഭക്ഷണം കഴിച്ച് വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഭക്ഷണം കഴിക്കാതെ വിശപ്പടക്കി പ്രകൃതിനിരീക്ഷണം നടത്തിക്കഴിയാനാണ് ഇവരുടെ ദുർവിധി. ഇത് ഊണിന് വകയില്ലാത്തതിനാലല്ല. വീട്ടിൽ പോയി ശുദ്ധാശുദ്ധം മാറ്റി ഊണു കഴിച്ചു വരാനുള്ള നേരമില്ലാത്തതിനാലാണ്. മറ്റു കുട്ടികളെ പോലെ ഇവർക്ക് ചായക്കടകളിലൊന്നും പ്രവേശിക്കാനാകില്ല. അവിടെയും ശുദ്ധാശുദ്ധ ഫ്യൂഡൽ പ്രശ്‌നമുണ്ടല്ലോ. അശുദ്ധി സംബന്ധമായ അസ്വസ്ഥത ഉളവാക്കുന്ന ജാത്യാചാരത്തെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ലാതെ വളർന്നുവരുന്ന പുതിയ തലമുറയാണ്. എങ്കിലും ശുദ്ധാശുദ്ധം തെറ്റിച്ചാൽ ഘോരമായ ശിക്ഷയുണ്ടാകുമെന്ന ഭയമുണ്ടവർക്ക്.

Photo: Amal Jose,

കായൽക്കരയിൽ വെച്ച് ജ്യേഷ്ഠൻ അനുജനോട് ഒരു കഥ പറയുന്നുണ്ട്. അത് തറവാട്ടിലെ കാരണവരുടെ കഥയാണ്. മിഠായിക്കാരന്റെ കയ്യിൽനിന്ന് മധുരം വാങ്ങിത്തിന്നതിന്റെ പേരിൽ വീട്ടിൽ അടിയുടെ പൂരം തന്നെ നടത്തിയ സ്ഥൂലമഹോന്നത വിഗ്രഹനും സകല ജനാദൃതനുമായിരുന്ന വലിയമ്മാവനെ കുറിച്ചാണ് കഥ. കഴുത്തിലണിഞ്ഞ രുദ്രാക്ഷവും നെറ്റിത്തടത്തിലും ശരീരത്തിലും പൂശിയ ഭസ്മവും കുറിയും. വലിയമ്മാവൻ അതാണ്. ശുദ്ധാശുദ്ധങ്ങളിൽ കണിശക്കാരനും കർക്കശനും. ആ വലിയമ്മാവൻ വഞ്ചിയിൽ ഒരു രാത്രിയിൽ യാത്ര ചെയ്യുമ്പോൾ വിശപ്പുകൊണ്ട് സഹികെട്ട് അരയന്മാർ കൊണ്ടു വെച്ച കടുമണക്കുന്ന മീൻ കറിയും ചോറും കട്ടുതിന്നുന്ന കഥയാണ് ചേട്ടൻ അനിയനോട് പറയുന്നത്. ഭക്ഷണത്തിന്റെ പ്രലോഭനത്തെ അയാൾക്കു പോലും തടുക്കാനായില്ല എന്നത് നർമം കലർത്തി കവിത സൂചിപ്പിക്കുന്നുണ്ട് . ഭക്ഷണമുണ്ടായിട്ടും വിശന്നിരിക്കേണ്ടി വരുക, സഹജീവികളെ സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാക്കുക തുടങ്ങിയതെല്ലാം അക്കാലത്തെ കാരണവന്മാരുടെ ശിക്ഷയാണ്. കാലം മാറി, ലോകം വികസിച്ചു. ഫ്യൂഡൽ ആചാരമര്യാദകൾ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു.

തൽക്കാലം കേരളത്തിലെ പൊതു സമൂഹത്തിൽ, ഭക്ഷണത്തിന്റെ പേരിൽ ജാതിപരമായ വേർതിരിവ് പ്രകടമായി ഉണ്ടെന്നു പറയാനാവില്ല.

ഇന്ന് അതേ കായൽക്കരയിൽ കവി നില്ക്കുന്നു. തുറമുഖത്തേക്ക് പല ദിക്കുകളിൽ നിന്നും ദേശങ്ങളിൽ നിന്നും കപ്പലുകൾ വന്നടുക്കുന്നുണ്ട്. മനുഷ്യർ തമ്മിൽ പരസ്പരം ബന്ധമില്ലാതിരുന്ന കാലവും അവസ്ഥയും മാറി. മാനവികതയേയും സ്വാതന്ത്രൃത്തേയും കുറിച്ചുള്ള സങ്കൽപങ്ങൾ വികസിച്ചു. ഇന്ന് പല നാട്ടുകാരോടൊപ്പം ജാതി മത ഭേദമില്ലാതെ ഇടപെടാൻ കഴിയുന്ന കാലത്തേക്ക് കവിതയുടെ ദർശനം വികസിക്കുന്നുണ്ട്. സമഗ്രമായ ഒരു സംസ്‌കാര സമന്വയത്തിനായുള്ള കവിയുടെ ആഗ്രഹം പ്രകടമാക്കുന്ന കവിതയാണ് കടൽക്കാക്കകൾ. വൈചിത്ര്യങ്ങൾക്കൊപ്പം അതിന്റെ മുദുലതയെയും മാനവികതയെയും സ്വീകരിക്കാനാണ് കവി കൊതിക്കുന്നത്.

Photo : Masood Mangalam

വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾക്ക് 1970 ൽ എഴുതിയ അവതാരികയിൽ പി. ഏ. വാരിയർ ഇങ്ങനെ എഴുതി: ‘‘ഇക്കഴിഞ്ഞ ഒരു തലമുറക്കാലം കൊണ്ട് നമ്മുടെ സാമൂഹ്യ ജീവിതത്തിലെ പല സങ്കുചിത വലയങ്ങളും ഭേദിക്കപ്പെട്ടു. അന്ധവിശ്വാസങ്ങൾ പലതും പുറന്തള്ളപ്പെട്ടു. അനാചാരങ്ങൾ ആട്ടിയകറ്റപ്പെട്ടു. എന്നാലും നാം സമഗ്രമായ സംസ്‌കാര സമന്വയത്തിന് സന്നദ്ധരായിട്ടുണ്ടോ? നമ്മെ ചുറ്റിനിന്നിരുന്ന പഴയ വലയങ്ങൾ ഓരോന്നു പോയപ്പോൾ, നാമറിയാതെ ചില പുതിയ വലയങ്ങൾ നമ്മെ കെട്ടി മുറുക്കുന്നില്ലേ? എല്ലാത്തരം സങ്കോചങ്ങളെയും തകർത്തു വികസിക്കാൻ നമ്മുടെ ഹൃദയം വിശാലത നേടിയിട്ടുണ്ടോ?'’

ഈ ചോദ്യം ഇന്നും പ്രസക്തമാണ്. തൽക്കാലം കേരളത്തിലെ പൊതു സമൂഹത്തിൽ, ഭക്ഷണത്തിന്റെ പേരിൽ ജാതിപരമായ വേർതിരിവ് പ്രകടമായി ഉണ്ടെന്നു പറയാനാവില്ല. പൊതുവിടങ്ങളിൽ എല്ലാത്തരം ഭക്ഷണവും എല്ലാവർക്കും കിട്ടാവുന്നതും ഒരുമിച്ചിരുന്നു കഴിക്കാവുന്നതുമായ സാഹചര്യമാണ് നിലവിലുള്ളത്. പുരോഗമനപരമായി കാലവും ജീവിതരീതികളും ഒട്ടേറെ മാറിക്കഴിഞ്ഞു. ജാതിതിരിച്ച് ഭക്ഷണത്തിന് പേരിട്ടിരുന്നതും വിളമ്പിയിരുന്നതുമായ സംഭവങ്ങൾ ചരിത്രപുസ്തകങ്ങൾ തിരഞ്ഞാലല്ലാതെ കിട്ടില്ല. എന്നാൽ വ്യക്തിപരമായി ഓരോരുത്തർക്കും ഭക്ഷണശീലം ഓരോന്നാകാം. എവിടെ നിന്ന് എന്തു കഴിക്കണം എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളുടെ മേൽ ജാതിപ്പേരു പറഞ്ഞ് പരിഹസിക്കുകയും കുതിര കയറുകയും ചെയ്യുന്നതും ഫാഷിസമാണെന്ന് തിരിച്ചറിയണം.

ഇന്ന് കേരളത്തിൽ ഏതെങ്കിലും ഒരു ഭക്ഷണത്തെ ജാതിപ്പേരുമായി ചേർത്ത് കെട്ടിയിട്ടാൽ അതൊരു ഇല്ലാക്കെട്ടാവുകയേ ഉള്ളൂ. മുന്നോട്ട് വളരെയധികം സഞ്ചരിച്ചു കഴിഞ്ഞ ഒരു സമൂഹത്തെ, അത്തരം ഇല്ലാക്കെട്ടുകൾ, പിന്നോട്ടു നടത്തുകയാകും ചെയ്യുക. പിന്നോട്ടു നടത്തുന്നതിനെയല്ല പുരോഗമനമെന്നു പറയുക.

Photo : P A Muhammad Riyas, FB Page

ഭക്ഷണത്തിനും ഭാഷണത്തിനും അർഥവികാസമാണ് സംഭവിക്കേണ്ടത്. സങ്കുചിതാർഥങ്ങളിലേക്ക് അതിനെ ചുരുക്കുന്ന ജാതിഭീതികളിലേക്ക് തിരിച്ചു നടക്കലല്ല പുരോഗമനം. സങ്കുചിതവും താത്കാലികവുമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി, തല്ലും വെട്ടും കൊണ്ടായാലും വേണ്ടില്ല കുത്തിത്തിരിപ്പുണ്ടാക്കിയാൽ മതി എന്ന് ചിന്തിക്കുന്നവർ ആകരുത് രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും മാധ്യമങ്ങളും. സമൂഹത്തിലെ മാലിന്യങ്ങളെ കൊത്തിപ്പെറുക്കിക്കളഞ്ഞ് അനന്തസ്വാതന്ത്ര്യത്തിലേക്ക് പറക്കുന്ന കടൽക്കാക്കകളാകേണ്ടവരാണ് എഴുത്തുകാർ. അർഥശങ്കകളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കലായിരിക്കരുത് അവരുടെ പണി.

ക്ഷുദ്രകാര്യങ്ങളിൽ പ്രൗഢി നടിക്കുന്നവരെ, അവരിനി എന്തു പുരോഗമനമാണ് പ്രസംഗിക്കുന്നതെങ്കിലും ഭയക്കണം, അകറ്റി നിർത്തണം.

സ്‌നേഹത്തിന്റെയും ചുമതലാബോധത്തിന്റെയും പൊരുൾപക്ഷികളിൽ നിന്നാണ് മനുഷ്യർ പഠിക്കേണ്ടതെന്ന് വൈലോപ്പിള്ളി പറയുന്നത് അതുകൊണ്ടാണ്. അനന്തത സ്വപ്നം കാണുന്ന പക്ഷികളെ നോക്കിയാകണം പുതുതലമുറ കടൽക്കാറേററ്റ് സ്വപ്നങ്ങൾ കാണുന്നത്. സ്വപ്നദർശികൾ ജീവിച്ചിരിക്കുന്നതു കൊണ്ടുമാത്രമാണ് നാളെ, ഇന്നത്തേക്കാൾ മോശമാവില്ല എന്ന് പ്രതീക്ഷിക്കാനാകുന്നത്. ▮


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments