ഒന്ന്:
ചിതയിലെ വെളിച്ചം
കർക്കടകത്തിൽ കത്തിയെരിഞ്ഞ ആ ചിത കേരള രാഷ്ട്രീയത്തിന് ബാക്കിയാക്കുന്നതെന്താണ്? വികാരവിക്ഷോഭങ്ങളുടെ വാവുബലികൾ കഴിഞ്ഞ് യുക്തിക്കും പ്രയോഗത്തിനും നിരയ്ക്കുന്ന വല്ലതും വി.എസ്. അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റിന്റെ ശേഷബാക്കി മലയാളത്തിനു പകർന്നു നൽകുകയുണ്ടായോ?
നമ്മുടെ നിലനിൽപ്പിന്റെ രാഷ്ട്രീയത്തിനും അതിന്റെ കുൽസിതത്വത്തിനും അതിലൂടെ നാം വളച്ചുകെട്ടിക്കൊണ്ടിരിക്കുന്ന ബോധാതിർത്തികൾക്കും ചില പരിക്കുകളും വിള്ളലുകളും വി.എസ് സമ്മാനിച്ചു എന്ന കാര്യം, അദ്ദേഹത്തിന്റെ അകമെതിരികൾക്കു പോലും സമ്മതിക്കേണ്ടി വരും. "ലെനിനിസ്റ്റ് സംഘടനാ ചട്ടക്കൂടുകൾ വിഎസ് ലംഘിക്കുന്നു" എന്ന പിണറായി വിജയന്റെ ആക്ഷേപവാക്യത്തിന് "മാർക്സിസത്തിന്റെ ഉള്ളടക്കം നഷ്ടപ്പെട്ടാൽ ലെനിനിസത്തിന് എന്തർത്ഥം" എന്ന് വി.എസ് തിരിച്ചടിച്ചിരുന്നു. ഇക്കാലയളവിലൊന്നും തന്നെ "വികസനം, വികസനം" എന്നല്ലാതെ, "മാർക്സിസം" എന്നു പേരിനു പോലും ഉച്ചരിച്ചു കണ്ടിട്ടില്ലാത്ത കമ്യൂണിസ്റ്റുകാർക്ക്, തീർച്ചയായും ഈ നിലയിൽ വി.എസിന്റെ ചിത ഒരു വെളിച്ചമായി ഭവിക്കേണ്ടതാണ്. ഇത്ര തുറന്നടിച്ച് "സഖാക്കളെ" കുരിശു കയറ്റേണ്ടിവരുന്നത്, ലെനിനിസ്റ്റ് ചട്ടക്കൂടിന്റെ ആ യന്ത്രം ഇന്നെത്തിനിൽക്കുന്ന പരിതാപാവസ്ഥയും മധ്യവർത്തി മനോഭാവവും അതിൽ നുഴഞ്ഞുകയറിയ അന്യവർഗ ചിന്താഗതിയും ഓർത്തും അനുഭവിച്ചുമാണ്.
വിദ്യാർത്ഥി പ്രസ്ഥാനവും അതിന്റെ കൊലക്കത്തി രാഷ്ട്രീയവും പയറ്റി, ഇസ്തിരി ചുളിയാത്ത കുപ്പായത്തിനുള്ളിൽ തങ്ങളുടെ മത്സരക്കൊതികളുടെ ചോരയിറ്റുന്ന ദംഷ്ട്രകൾ ഒളിച്ചുവെയ്ക്കുന്ന അഭിനവ കമ്യൂണിസ്റ്റ് കാസനോവകൾ, യഥാർത്ഥത്തിൽ ഇന്ത്യൻ കമ്യൂണിസം വിഭാവനം ചെയ്ത വർഗ മുന്നണികളെക്കുറിച്ചോ അതു ലക്ഷ്യമിട്ട "ഉട്ടോപ്യകളെക്കുറിച്ചോ" സാമാന്യമായി പോലും അറിവില്ലാത്തവരാണ് എന്ന നിലകൂടി ഓർക്കുമ്പോൾ, വി.എസിന്റെ ചിതയിൽ നിന്നുള്ള കനലുകൾക്ക് ചില ഭൂതകാലങ്ങളെക്കുറിച്ചു പറയാതെ വയ്യ.
വി.എസിന് 101 വയസ്സുവരെ ആയുർദൈർഘ്യം ലഭിച്ചതുകൊണ്ടാകണം, സ്വരാജും രാജീവും ഐസക്കും പിണറായിയും കോടിയേരിയും ഗോവിന്ദൻ മാഷുമെല്ലാം കരുതിയത്, വി.എസ് തങ്ങളിൽ ഒരുവനാണെന്ന്. ഇ.എം.എസിന്റെ ശിഷ്യത്വത്തിൽ, തമാശപ്പടക്കങ്ങളുടെ ആൾക്കൂട്ടങ്ങളിൽ, മലബാറി ഭക്ഷണചേരുവകളുടെ രസത്തിൽ, മുഖ്യമന്ത്രിപദം ആവോളം നുണഞ്ഞ സഖാവ് നായനാർക്കും മുൻപ് കമ്യൂണിസത്തിന്റെ കനൽപഥങ്ങളിൽ ചവിട്ടി വന്നതാണ് വി.എസ് എന്ന സത്യമെന്ന് നാം ഓർക്കാറില്ല. എൺപതുകൾക്കു ശേഷമുള്ള വി.എസിന്റെ സമരവീര്യങ്ങളുടെ മാധ്യമ പ്രതിനിധാനങ്ങളിൽ, ഒരു "ഭൂതത്തെ" കണ്ടെന്ന പോലെ നടുങ്ങിയ "കമ്യൂണിസ്റ്റ് കാസനോവകൾ", ആ "പ്രേതബാധയെ" എങ്ങനെ കുടിയൊഴിപ്പിക്കാമെന്നാണ് ഒരു ലജ്ജയുമില്ലാതെ ആലോചിച്ചത്. കമ്യൂണിസ്റ്റ് കൊലക്കത്തികളുടെ സംഘടനാബലങ്ങൾ അതിനുപയോഗിച്ചപ്പോൾ, സ്വന്തം പിതൃത്വത്തിന് നേരെ തന്നെയാണ് കത്തിയോങ്ങുന്നത് എന്ന കാര്യം പോലും അവർ മറന്നുപോയി.

രണ്ട്:
ഇഎംഎസിന്റെ ചരിത്രത്തിൽ
വളരെ അവ്യക്തതകളും ഏറെ തൊട്ടുകൂടായ്മകളും നിറഞ്ഞ ഇ.എം.എസിന്റെ "കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രാ’’ഖ്യാനത്തിൽ, വി.എസ് ഉദയം ചെയ്ത തിരുവിതാംകൂറിലെ സവിശേഷ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ച് ഒട്ടു വിശദമായി പറയുന്നുണ്ട്.
ഇ.എം.എസ് എഴുതുന്നു:
"ബൂർഷ്വാ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനം അനുസരിച്ചു നടക്കുന്ന പ്രസ്ഥാനം, തൊഴിലാളികൾ സ്വയം സംഘടിച്ച് അവരുടെ ആവശ്യങ്ങൾക്കു വേണ്ടി നടത്തുന്ന പണിമുടക്ക് എന്നീ രണ്ട് സംരംഭങ്ങളെ യോജിപ്പിക്കുന്ന ഒരു വ്യാപക ബഹുജന പ്രസ്ഥാനമായിരുന്നു ഉത്തരവാദ ഭരണ പ്രക്ഷോഭം."
"ആലപ്പുഴയിലെ തൊഴിലാളികൾക്ക് ആശയപരവും സംഘടനാപരവുമായ നേതൃത്വം നൽകിയിരുന്നത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും അതിന്റെ നേതാവായിരുന്ന കൃഷ്ണപിള്ളയുമായിരുന്നു. അദ്ദേഹത്തിന്റെ സുശിക്ഷിതമായ നേതൃത്വത്തിൽ വളർന്നു വരാൻ തുടങ്ങിയ ഒരു യുവതലമുറ ആലപ്പുഴയിലെ തൊഴിലാളികളുടെയിടയിൽ നിന്ന് ഈ പണിമുടക്ക് രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ആദ്യത്തെ കാൽവെപ്പ് നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കേരള രാഷ്ട്രീയത്തിൽ തന്നെയും വ്യക്തിമുദ്ര പതിപ്പിച്ച പലരും ഇതോടെയാണ് കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. "
"ആലപ്പുഴയിലെ തൊഴിലാളികൾക്കു മുന്നിൽ നിന്നുകൊണ്ട് തിരുവിതാംകൂറിലെ ജനതയാകെ നടത്തുന്ന ഈ സമരത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പൊതു ജനാധിപത്യ പ്രസ്ഥാനത്തിന്റെയും അതിൽ നിർണായക ശക്തിയായി പ്രവർത്തിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും പൂർണമായ പിന്തുണയുണ്ടായിരുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹിമാൻ പ്രസിഡണ്ടായി ഒരു തിരുവിതാംകൂർ സമര സഹായ സമിതി രൂപീകരിച്ചത്. സമിതിയുടെ തീരുമാനമനുസരിച്ചാണ് എകെജിയുടെ നേതൃത്വത്തിൽ ഒരു ജാഥ മലബാറിൽ നിന്ന് പുറപ്പെട്ട് തിരുവിതാംകൂറിൽ എത്തിയത്. തുടർന്ന് മുഹമ്മദ് യൂസുഫിന്റെ നേതൃത്വത്തിൽ മറ്റൊരു ജാഥയും ഇതു പോലെ തിരുവിതാംകൂറിലെത്തി."
"ഉത്തരവാദ ഭരണ രാഷ്ട്രീയത്തിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ടും അടിയന്തരമായി നേടി കിട്ടേണ്ട കുറേ സാമ്പത്തിക ആവശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുമുള്ള ഒരു അവകാശ പത്രികയെ ആസ്പദമാക്കി ആലപ്പുഴ തൊഴിലാളികൾ പ്രഖ്യാപിച്ച പൊതുപണിമുടക്കാണ് 1938-ലെ ഉത്തരവാദ ഭരണസമരത്തെ ഏറ്റവും ജീവസുറ്റതാക്കിയത്."
"ആ പാരമ്പര്യം ആലപ്പുഴയിലെ തൊഴിലാളികൾ ഇപ്പോഴും തുടർന്നു. ‘സ്വതന്ത്ര തിരുവിതാംകൂർ’, ‘അമേരിക്കൻ മോഡൽ’ എന്നീ രണ്ടു നിർദ്ദേശങ്ങൾക്കെതിരായി വളർന്നുകൊണ്ടിരുന്ന ജനരോഷത്തിന് സംഘടിതരൂപം നൽകുന്നതിൽ ആലപ്പുഴയിലെ കയർത്തൊഴിലാളികളും മറ്റു തൊഴിലാളി വിഭാഗങ്ങളും മുന്നണിയിൽ തന്നെ നിന്നു. സംഘടിതമായ ഒരു കർഷകപ്രസ്ഥാനം ഇല്ലാതിരുന്ന അന്നത്തെ തിരുവിതാംകൂറിൽ ആലപ്പുഴക്ക് ചുറ്റും കിടക്കുന്നതും അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകളിൽ പെട്ടതുമായ നാട്ടിൻപുറങ്ങളിൽ വിശേഷിച്ചും നാട്ടു പ്രമാണിമാർക്കെതിരായി ഗ്രാമീണ ദരിദ്ര വിഭാഗങ്ങളെ അണിനിരത്തുന്നതിൽ ആലപ്പുഴയിലെ സംഘടിത തൊഴിലാളിവർഗം നേതൃത്വപരമായ പങ്കുവഹിച്ചു. ഇതിന്റെ അലയടിച്ച് വിദ്യാർത്ഥികൾ, മറ്റുവിഭാഗങ്ങളിൽ പെട്ട ഇടത്തരക്കാർ എന്നിവരും "സ്വതന്ത്ര തിരുവിതാംകൂറിനെയും" "അമേരിക്കൻ മോഡലിനെയും" തള്ളിക്കളയാനുള്ള പ്രസ്ഥാനത്തിൽ അണിനിരന്നു. അതായത്, അവർണ്ണ ഹിന്ദുക്കളിലും അഹിന്ദുക്കളിലും പെട്ട ജനവിഭാഗങ്ങൾ മിക്കവാറും മുഴുവൻ തന്നെ, സവർണ്ണ ഹിന്ദുക്കളിൽ പെട്ട ദേശീയ വാദികളോടൊപ്പം തിരുവിതാംകൂറിനെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിൽ നിർത്താൻവേണ്ടി ദിവാൻ ഭരണത്തിനെതിരായി അണിനിരന്നിരുന്നു. എന്നാൽ ദേശീയ പ്രസ്ഥാനത്തിന് രക്തവും മാംസവും നൽകിയത് തൊഴിലാളിവർഗമാണ്. തൊഴിലാളി വർഗമാകട്ടെ സംഘടിതമായ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ നേതൃത്വത്തിൽ പ്രവർത്തിക്കുകയായിരുന്നു താനും. ‘സ്വതന്ത്ര തിരുവിതാംകൂറിനും ‘അമേരിക്കൽ മോഡലിനും’ എതിരായി അഖില തിരുവിതാംകൂർ അടിസ്ഥാനത്തിൽ വലിയൊരു ബഹുജന മുന്നേറ്റം രൂപം കൊണ്ട കാര്യം വിവരിച്ചുവല്ലോ. ഏതാണ്ട് ഒരു പതിറ്റാണ്ടുമുമ്പ് ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള ആദ്യത്തെ ബഹുജന സമരം നടന്നപ്പോൾ എന്നപോലെ ഇപ്പോൾ ഇതിന്റെ മുൻനിരയിലും ആലപ്പുഴ, ചേർത്തല, മുഹമ്മ എന്നീ പ്രദേശങ്ങളിലെ കയർ തൊഴിലാളികൾ നിലയുറപ്പിച്ച കാര്യവും പറഞ്ഞു കഴിഞ്ഞു.
ഈ മാതൃക പിന്തുടർന്ന് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ വിഭാഗം തൊഴിലാളികളും കുട്ടനാടടക്കം ആ പ്രദേശത്തുള്ള കർഷകത്തൊഴിലാളികളും കുടികിടപ്പുകാരും നാട്ടുപ്രമാണിമാർക്ക് എതിരായി അണിനിരന്നു. കൂടുതൽ ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന കൃഷിക്കാരാകട്ടെ സാമ്പത്തികമായി നോക്കിയാൽ കർഷകത്തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികളുടെ മുന്നേറ്റം പൂർണമായി ഇഷ്ടപ്പെട്ടില്ലെങ്കിലും അവർകൂടി ഉൾക്കൊള്ളുന്ന ജനതയുടെ വികാരം അവരെയും സ്വാധീനിച്ചു. അങ്ങിനെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ബഹുഭൂരിപക്ഷം ജനങ്ങൾ "അമേരിക്കൻ മോഡൽ അറബിക്കടലിൽ" മുതലായ മുദ്രാവാക്യങ്ങൾ ഉയർത്തി സമര രംഗത്തിറങ്ങുന്ന ആലപ്പുഴയിലെ തൊഴിലാളിവർഗത്തിന്റെ പിന്നിൽ അണിനിരന്നു.

ഇതാണ് ഒരു വശത്തെങ്കിൽ, മറുവശത്ത് സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കൻ മോഡലിനും എന്നപോലെ ദിവാൻ ഭരണത്തിനും അനുകൂലമായ മറ്റൊരു പ്രസ്ഥാനവും വളർന്നു വന്നിരുന്നു. എണ്ണത്തിൽ കുറവാണെങ്കിലും സാമ്പത്തിക ശക്തി, മുഖ്യപ്രചാരണ മാധ്യമമായ പത്രങ്ങളുടെ മേലുള്ള പിടി മുതലായവ നിമിത്തം രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ കഴിവുള്ള പ്രമാണിമാർ ഈ രണ്ടാം വിഭാഗമാണ്. ദിവാൻ ഭരണത്തിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ അനുഭവിച്ച്, ആ ഭരണം ആചന്ദ്രതാരം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഗവർമെന്റ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇതിൽപ്പെടും. ഈ വിഭാഗത്തിൽ ഭൂരിഭാഗം ചില പ്രത്യേക ജാതികളിലും മതവിഭാഗങ്ങളിലും പെട്ടവരായിരുന്നതിനാൽ ആ ജാതികളുടെയും മതവിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ദിവാൻ ഭരണം തുടർന്ന് നിലനിൽക്കണമെന്നും അതിന് "അമേരിക്കൻ മോഡൽ" പ്രയോജനപ്പെടുമെന്നും സ്വതന്ത്ര ഇന്ത്യയിൽ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി തിരുവിതാംകൂർ തുടരണമെന്നും കരുതുന്നവർ ആ സമുദായങ്ങളിൽ ധാരാളമായിരുന്നു.
തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അരിശം കൊള്ളുന്ന മുതലാളിമാർ, കർഷകത്തൊഴിലാളി മുന്നേത്തിൽ അസ്വസ്ഥരായ വൻകിട ഭൂവുടമകൾ എന്നീ വിഭാഗങ്ങളും ഇക്കൂട്ടത്തിൽ തന്നെ പെടും. ഈ വിവിധ വിഭാഗങ്ങളെയെല്ലാം സംഘടിപ്പിച്ച് അണിനിരത്തി ജനാധിപത്യ പ്രസ്ഥാനത്തെയും തൊഴിലാളിമുന്നേറ്റത്തേയും തകർക്കാനാണ് ദിവാൻ ഭരണം കോപ്പുകൂട്ടിയത്. ഇതിനവർ ഉപയോഗിച്ച ആയുധങ്ങളിൽ ഒന്ന് സ്റ്റേറ്റ് കോൺഗ്രസ് തൊഴിലാളി സംഘടനകൾ, ഇടതുപക്ഷ പ്രസ്ഥാനം എന്നിവയെ ശാരീരികമായി നേരിടാൻ വേണ്ടി രൂപപ്പെടുത്തിയ ഗുണ്ടാപടയാണ്. യോഗം കലക്കുക, ജനാധിപത്യ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ശാരീരിക ആക്രമണങ്ങൾക്കിരയാക്കുക എന്നിവയിലൂടെ ജനങ്ങളുടെ മനക്കരുത്ത് തകർക്കാനാണ് ഇതവർ സംഘടിപ്പിച്ചത്. ജനാധിപത്യ തൊഴിലാളി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഘാടകരുടെയും പ്രവർത്തകരുടെയും ജീവനു പോലും രക്ഷയില്ലെന്ന ബോധം പരത്താൻ അവർ കഴിവുള്ളതെല്ലാം ചെയ്തു. പോലീസിന്റെയും ഭരണയന്ത്രത്തിന്റെയും മുഴുവൻ പിന്തുണയോടെ സംഘടിതമായ ഈ ഗുണ്ടാസംഘത്തെ നേരിട്ട് ജനങ്ങളെ ശത്രുവിന്റെ ശാരീരിക ആക്രമണങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ വേണ്ട സന്നാഹങ്ങൾ ഉണ്ടാക്കുന്നത് ഈ സാഹചര്യത്തിൽ തൊഴിലാളി വർഗത്തിന്റെ കടമയായിത്തീർന്നു. അതുകൊണ്ട് തൊഴിലാളി യൂണിയനുകളുടെയും ഇടതുപക്ഷ പാർട്ടികളുടെയും പ്രവർത്തനത്തിന്റെ അഭേദ്യഭാഗമായി വളണ്ടിയർ സംഘടന രൂപംകൊണ്ടു."
"എന്നാൽ ശത്രുവിന്റെ താന്തോന്നിത്തിനെതിരായി പാർട്ടി ആവിഷ്കരിച്ച മറുതന്ത്രത്തിൽ കേന്ദ്രസ്ഥാനം വഹിക്കുന്നത് ആശയപരമായും രാഷ്ട്രീയമായും ജനങ്ങളെ ബോധവാന്മാരാക്കുന്ന ജോലിയാണ്. ഒരു പതിറ്റാണ്ടു മുമ്പ് സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദ്യത്തെ ഉത്തരവാദ ഭരണസമരം നടന്നതിനേക്കാൾ ഇതിനുള്ള കഴിവ് നേടിയ ഒരു നേതൃത്വം കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപത്തിൽ ഈ പത്തു വർഷക്കാലത്ത് രൂപം കൊണ്ടിരുന്നു താനും."
വർഗരാഷ്ട്രീയത്തിനു പകരം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്, അക്കാദമിക സൗഭാഗ്യങ്ങൾക്കകത്തു നിന്നും പിറക്കുന്ന "മലബന്ധ ചിന്തകളുടെ" മീഡിയോക്രസിക്ക്, എന്നാൽ മാർക്സിസത്തിന്റെ ജൈവ രാഷ്ട്രീയത്തിന്റെ അനശ്വരമായ ഇന്റർനാഷണലിനെ നിശ്ശബ്ദമാക്കാൻ കഴിയില്ല.
‘‘പോലീസുകാരെ കൊണ്ടു മാത്രമോ, പോലീസും ഗുണ്ടാവിഭാഗങ്ങളും ചേർന്ന സംയുക്ത ശക്തിക്കോ തൊഴിലാളി പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റ് പാർട്ടിയെയും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ആകെ പട്ടാള ഭരണം ഏർപ്പെടുത്തുക, ദിവാൻ ഭരണത്തിന്റെ തലവനായ സർ സി.പി. രാമസ്വാമി അയ്യർ പട്ടാള മേധാവിയായി സ്വയം മാറുക എന്ന ദൂരം വരെ ഭരണകർത്താക്കൾക്ക് നീങ്ങേണ്ടി വന്നു. ഈ സന്ദർഭത്തിലും തൊഴിലാളി വർഗവും കമ്യൂണിസ്റ്റ് പാർട്ടിയും കീഴടങ്ങിയില്ല. പോലീസിനെയും ഗുണ്ടാവിഭാഗങ്ങളെയും ചെറുത്തുനിൽക്കാൻ വേണ്ടി സംഘടിപ്പിച്ച വളണ്ടിയർസേന പട്ടാളത്തെയും നേരിടാൻ തയ്യാറായി. നിരായുധരായ ദരിദ്രർക്ക് ശേഖരിക്കാൻ കഴിയുന്ന പ്രാകൃതമായ ആയുധങ്ങൾ മാത്രം ഏന്തിയിട്ടാണെങ്കിലും പട്ടാളത്തിനെ നേരിടാൻ തൊഴിലാളിവർഗ വിപ്ലവകാരികൾ തയ്യാറായി. "വാരിക്കുന്ത വിപ്ലവം" എന്നപേരിൽ അപഹസിക്കപ്പെട്ട സമരമുറകൾ അനുസരിച്ചുള്ള ഏറ്റുമുട്ടൽ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിലും ചേർത്തല താലൂക്കിലെ വയലാറിലും നടന്നു’’.
രണ്ടിടത്തും തൊഴിലാളിവർഗചേരി പരാജയമടഞ്ഞു. രണ്ടിലും കൂടി നൂറ്റു കണക്കിനു സഖാക്കൾ രക്തസാക്ഷികളായി. അതിലും എത്രയോ കൂടുതലാളുകൾ പട്ടാള ഭരണത്തിന്റെ ക്രൂര നടപടിക്കിരയായി പോലീസ് ലോക്കപ്പുകളിലും സബ്ജയിലുകളിലും മാസങ്ങളോളം കഴിച്ചുകൂട്ടി. ആയിരക്കണക്കിനാളുകളുടെ ജീവിതം ആകെ താറുമാറായിപ്പോയി."
"പുന്നപ്ര-വയലാർ സമരം നടക്കുന്നതിന് മൂന്നുനാലു മാസം മുമ്പ് തുടങ്ങിയതും പുന്നപ്ര- വയലാർ സമരം അടിച്ചമർത്തുന്നതിനു ശേഷം രണ്ടു വർഷക്കാലം ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ പിടിച്ചുകൊണ്ട് തുടർന്നതുമായ തെലുങ്കാന സമരത്തെക്കുറിച്ചു കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും. ആ സമരം പുന്നപ്ര- വയലാർ പോലെ ഏതാനും ആഴ്ചകൾക്കുള്ളിൽ അടിച്ചമർത്തപ്പെട്ടില്ല. ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ട് അവസാനാർദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഹൈദരാബാദിൽ പ്രവേശിച്ച് ആ സ്റ്റേറ്റിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കാൻ ഭരണക്കാർ സമ്മതിക്കുന്നതു വരെ, ഇന്ത്യയിലെ ആകെയുള്ള ജനാധിപത്യവാദികളുടെ ആത്മാർത്ഥ പിന്തുണയോടെ അതു തുടർന്നു. ഈ സമരത്തിനിടയ്ക്ക് ഹൈദരാബാദ് സ്റ്റേറ്റിലെ തെലുങ്ക് ഭാഷക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ കൃഷിക്കാർ, വർഗശത്രുക്കളായ വൻകിട ഭൂപ്രഭുക്കളുടെ ഭൂമി പിടിച്ചെടുത്തു നിർധനർക്കിടയിൽ വിതരണം നടത്തുകയും വർഗ ശത്രുവിനെതിരെ പോരാട്ടം ഫലപ്രദമായി നടത്തുന്നതിന് സായുധരായ ഗറില്ലകളുടെ "ദളങ്ങൾ" രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഹൈദരാബാദ് സ്റ്റേറ്റിലെ തെലങ്കാന പ്രദേശം ഒരർത്ഥത്തിൽ വിമോചിത പ്രദേശമായി മാറി."

"രണ്ടു രൂപത്തിലാണെങ്കിലും ഒരു കാര്യത്തിനുവേണ്ടി നടന്ന രണ്ടു സമരങ്ങളാണ് പുന്നപ്ര- വയലാറും തെലുങ്കാനയുമെന്നർത്ഥം. മുമ്പ് നടന്ന ബോംബെ നാവിക കലാപം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ വിപ്ലവകരമായ ഉയർന്ന രൂപത്തിൽ എത്തിയ സമരങ്ങളാണ് രണ്ടും."
ഇ.എം.എസ് മറ്റൊരു അധ്യായത്തിൽ തുടരുന്നു:
"രണ്ടേകാൽ കൊല്ലക്കാലം നിലനിന്ന കമ്യൂണിസ്റ്റ് ഗവർമെന്റ് അംഗീകരിച്ച ജനക്ഷേമ നടപടികളിൽ ഏറ്റവും പ്രധാനമായത് 1959 ജൂണിൽ നിയമസഭ പാസാക്കിയ കാർഷിക ബന്ധ ബില്ലാണെന്ന വിലയിരുത്തൽ ഇന്ന് അനിഷേധ്യമാണ്. എന്നാൽ ഈ ബിൽ തയ്യാറാക്കി നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ ഗവൺമെന്റ് എടുത്ത ഒരു നടപടിക്ക് വമ്പിച്ച ചരിത്ര പ്രാധാന്യമുണ്ട്. ഈ നടപടി ഇല്ലായിരുന്നെങ്കിൽ പിന്നീട് പാസാക്കിയ നിയമം പോലും നിഷ്പ്രയോജനമാകുമായിരുന്നു. സത്യപ്രതിജ്ഞക്കു ശേഷം ഒരാഴ്ച തികയും മുമ്പ് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്ന ഒരു ഓർഡിനൻസ് ഗവർമെന്റ് പുറപ്പെടുവിച്ചു.
1957 ഏപ്രിൽ 11-ന് ഒഴിപ്പിക്കലും കുടിയിറക്കലും തടഞ്ഞു. പാട്ടബാക്കി വന്നാൽ പോലും ആ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പിന്നീട് ബിൽ തയ്യാറായി നിയമമാക്കുമ്പോൾ നോക്കുകയല്ലാതെ ആ കാരണത്താൽ പോലും ഒഴിപ്പിക്കലും കുടിയിറക്കലും അനുവദിക്കുകയില്ല. ഈ നിലയിലും അതു നിലവിൽ വരുത്താൻ വേണ്ടി സംഘടിത കർഷക പ്രസ്ഥാനവും കൂടിച്ചേർന്ന് ഒഴിപ്പിക്കലും കുടിയിറക്കലും മിക്കവാറും ഇല്ലാതാക്കിത്തീർത്തു എന്നതാണ് ഓഡിനൻസ് കേരളീയർക്കു നൽകിയ സംഭാവന.
സംഘടിതമായ കർഷകപ്രസ്ഥാനം വളർന്നുവന്നിട്ടുള്ള മലബാർ പ്രദേശത്തും കൊച്ചി പ്രദേശത്തും ഒഴിപ്പിക്കൽ നടപടി തടയൽ എന്ന വ്യവസ്ഥ ഉപയോഗിച്ച് "ഉള്ള ഭൂമിയിൽ ഉറച്ചുനിൽക്കുക" എന്ന നിലപാടെടുക്കാൻ കൃഷിക്കാരെ ഇതു സഹായിച്ചു. കർഷകത്തൊഴിലാളികൾ, കുടികിടപ്പുകാർ മുതലായ ഗ്രാമീണ ദരിദ്രർ സംഘടിതരായി പുന്നപ്ര- വയലാർ പോലുള്ള സമരങ്ങൾ നടത്തിയ ഇടങ്ങളിൽ കുടിയിറക്കൽ തടയാനുള്ള നീക്കം ശക്തിപ്പെട്ടു. പോരെങ്കിൽ കർഷകപ്രസ്ഥാനമോ, കാർഷിക തൊഴിലാളികളടക്കമുള്ള ഗ്രാമീണ ദരിദ്രരുടെ പ്രസ്ഥാനങ്ങളോ വളർന്നിട്ടില്ലാത്ത സ്ഥലങ്ങളിൽ അതു വ്യാപിക്കാനും സഹായിച്ചു. അങ്ങിനെ കൃഷിക്കാരുടെയും കാർഷിക തൊഴിലാളികളുടെയും മറ്റു ഗ്രാമീണ ദരിദ്രരുടെയും പ്രസ്ഥാനങ്ങൾ കേരളത്തിലാകമാനം വ്യാപിച്ചു ശക്തിപ്പെടുത്താൻ ഈ നടപടി സഹായിച്ചു.”
(ഇ.എം.എസ് നമ്പൂതിരിപ്പാട്, കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ, അധ്യായങ്ങൾ 18, 46, 47, 48, 94)
നഗരത്തിലെ തൊഴിലാളി വർഗത്തെയോ കർഷകത്തൊഴിലാളികൾ അടങ്ങുന്ന ദരിദ്രരായ നാട്ടിൻപുറത്തുകാരെയോ ഉൾകൊള്ളുന്ന യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടിയാവാൻ, എഴുപതുകൾക്കു ശേഷം മുന്നണി രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പിന്നെയൊരിക്കലും കഴിഞ്ഞില്ല.
മൂന്ന്:
വികസനം എന്ന കമ്യൂണിസ്റ്റ് ദുരന്തം
കാർഷിക പ്രക്ഷോഭങ്ങളിലൂടെ ഉയർന്നുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ തൊഴിലാളി വർഗ വാചോടാപങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, ഒരു കർഷക മുന്നണി പാർട്ടിയായി നിലകൊണ്ടു. അതിന്റെ വർഗസ്വഭാവം "കർഷകപരം" എന്നതിൽ നിന്ന് ഒട്ടും മുന്നോട്ടോ പിന്നോട്ടോ പോകുകയുണ്ടായില്ല. ഇടത്തരം കർഷകരുടെ വർഗസ്വഭാവത്തിൽ മേൽക്കോയ്മയുള്ള ആ പാർട്ടി, ഇടത് വലതായി പിളർന്ന് നടുമധ്യത്തിൽ നിന്ന് ഊർദ്ധശ്വാസം വലിക്കുന്ന ചിത്രമാണ് 1964-ലേയും എഴുപതിലെയും പിളർപ്പുകൾക്കു ശേഷം നമുക്ക് കാണാനാവുക. നഗരത്തിലെ തൊഴിലാളി വർഗത്തെയോ കർഷകത്തൊഴിലാളികൾ അടങ്ങുന്ന ദരിദ്രരായ നാട്ടിൻപുറത്തുകാരെയോ ഉൾകൊള്ളുന്ന യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടിയാവാൻ, എഴുപതുകൾക്കു ശേഷം മുന്നണി രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പ് കക്ഷി രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പിന്നെയൊരിക്കലും കഴിഞ്ഞില്ല. പി. കൃഷ്ണപിള്ളയുടെയും കെ. ദാമോദരന്റെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കാലം കഴിഞ്ഞതോടെ, ഭരണത്തിലേറാനും ഭരണവർഗങ്ങളുടെ ആഗോള ഫണ്ടുകൾ തിരിമറി ചെയ്ത് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലകൊള്ളാനുമുള്ള അടവുനയങ്ങളുടെ "കൺസൾട്ടൻസിയായി" പാർട്ടി മാറി.
അതോടൊപ്പം, ഇ.എം.എസിന്റെ കാലം മുതലുള്ള കമ്യൂണിസ്റ്റ്- -ഇടതുപക്ഷ സർക്കാറുകളുടെ വികസനനയം വലിയൊരു പ്രതിസന്ധിയെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. "ജന്മി -നാടുവാഴിത്തം" എന്ന് ഇ.എം.എസ് വിളിച്ച ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് മുതലാളിത്ത വികസനത്തിലൂടെ സോഷ്യലിസം എന്ന, മാർക്സ് പോലും തള്ളിക്കളഞ്ഞിരുന്ന "സ്റ്റേജ് സിദ്ധാന്ത"ത്തിന്റെ പാപ്പരായ ആശയങ്ങളുടെ യുക്തിയിലാണ്, ഇ.എം.എസിന്റെ ഭരണനേതൃത്വം കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തെ നോക്കിക്കണ്ടത്. ഗ്രാസിം വ്യവസായം മാവൂരിൽ കൊണ്ടുവരുന്നതിനു വഴിവിട്ട പല പിന്നണി സഹായങ്ങളും ചെയ്യുകയും, അത് പരിസ്ഥിതിവിനാശത്തിന്റെ എക്കാലത്തെയും കേരള മോഡലായി പരിണമിക്കുകയും ചെയ്തത് ഇതിനെത്തുടർന്നായിരുന്നു.
ഗ്രാസിം തീർത്ത മാലിന്യക്കെടുതിയിൽ നിന്ന് ചാലിയാറിനെയും പരിസരപ്രദേശത്തെയും വീണ്ടെടുക്കാൻ ജനങ്ങൾ നടത്തിയ സമരങ്ങളും അതിന്റെ വിജയങ്ങളും ഇ.എം.എസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അകം പൊള്ളയായ വികസനനയങ്ങളെ തുറന്നുകാട്ടുന്നതിലേക്കു നയിച്ചു. മാവൂർ സമരവും സൈലന്റ് വാലി പ്രക്ഷോഭവും കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി മുന്നോട്ടു വെച്ച വികസനനയത്തിനു മുമ്പിൽ ചോദ്യചിഹ്നങ്ങളായി ഉയർന്നു. കേരളം ഒരു പാരിസ്ഥിതിക ലോല പ്രദേശമാണെന്നും വികസന വായ്ത്താരിയേക്കാൾ പ്രകൃതിയുടെ സംരക്ഷണവും പരിരക്ഷയുമാണ് (Conservation and Preservation) കേരളീയ വികസനത്തിന് അടിത്തറയാകേണ്ടതെന്നും ബുദ്ധിജീവികളും അക്കാദമീഷ്യരും പരിസ്ഥിതി വിദഗ്ധരും ചൂണ്ടിക്കാണിച്ചുവെങ്കിലും, ഇഎംഎസിന്റെ "സ്റ്റേജ് തിയറിയിൽ" തന്നെ വികസന പരിപ്രേക്ഷ്യം മുന്നോട്ട് പോയി. പിന്നീട് നാലാം ലോക വാദക്കാരുടെയും, അതിന്റെ ഉത്പന്നമായ തോമസ് ഐസക്കുമാരുടെയും റിച്ചാർഡ് ഫ്രാങ്കിമാരുടെയും എംപിരിക്കൽ ഗവേഷണങ്ങളുടെ പാപ്പരായ നിഗമനങ്ങളും, ഇഎംഎസിന്റെ വികസന നയങ്ങളുടെ പിന്തുടർച്ച തന്നെയായിരുന്നു. അത് ഇപ്പോൾ അക്കാദമിക വേഷത്തിലായിരുന്നുവെന്നു മാത്രം. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കേരള വികസന സെമിനാറുകളിലൂടെ, ഇ.എം..എസ് തന്നെയാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിനു മുന്നോടിയായ ഈ പരിവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തത്. ആ പ്രസ്ഥാനം പല പകൽ സ്വപ്നങ്ങളും മുന്നോട്ടുവെച്ചെങ്കിലും അവ കലാശിച്ചത് റോഡ് വികസനം എന്ന ഒരൊറ്റ നീക്കത്തിലായിരുന്നു. ഭൂരിപരിഷ്കരണം പോലെ ജനകീയാസൂത്രണ പ്രസ്ഥാനവും മുതലാളിത്ത വികസനത്തിലൂടെ കേരളത്തെ, അതിന്റെ ഉത്പാദന മേഖലയെ മുരടിപ്പിച്ചു കൊണ്ട്, വൈകല്യങ്ങളുടെ ഒരു കൺസ്യൂമർ സംസ്കാരമാക്കി മാറ്റുകയാണുണ്ടായത്.

അതേസമയം, ആഗോള സാമ്പത്തിക ശക്തികൾ, ഈ ‘കേരള മോഡലിനെ’ ഒരു 'ആഗോള വിജയ മാതൃകയായി' മുന്നോട്ട് വെച്ചുകൊണ്ടുള്ള പ്രചാരണം നൽകുവാനും തുടങ്ങി. കേരളത്തെ തങ്ങളുടെ നിയോ ലിബറൽ വികസനങ്ങളുടെ പരീക്ഷണ ശാലയാക്കാനുള്ള ശ്രമങ്ങളായി ഇതു വികസിച്ചു. അങ്ങിനെ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ വിപ്ലവ പ്രതീക്ഷകളുടെ എല്ലാ വാചകക്കസർത്തുകളും പെട്ടിയിലടച്ച കമ്യൂണിസ്റ്റ് ധൈഷണികർ, ‘ജനകീയാസൂത്രണം’ എന്നപേരിൽ പിൽക്കാലത്ത് നടപ്പിലാക്കിയത്, ലോകബാങ്ക്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ, എഡിബി വികസന മോഡലുകളായിരുന്നു എന്നു കാണാം. നിയോ ലിബറൽ നയങ്ങളെപ്പറ്റിയും സർക്കാറുകളുടെ സമ്പത്തിക-ഘടനാ പുന:ക്രമീകരണ നീക്കങ്ങളെക്കുറിച്ചും പറഞ്ഞു പഠിപ്പിച്ച ഇടതുപക്ഷ പാഠശാലകളും സാംസ്കാരിക സദസ്സുകളും ഇതോടെ അവസാനിപ്പിക്കുകയും, വികസനത്തിന്റെ നിയോലിബറൽ നയങ്ങൾ ഒരു വിമൃഷ്ടിയും കൂടാതെ ഇടതുപക്ഷ സർക്കാറുകൾ നടപ്പിലാക്കാൻ മുതിരുകയും ചെയ്തു. നാലാം ലോക സിദ്ധാന്തക്കാരുടെ വാദങ്ങളും, അതിന്റെ പ്രയോഗ രൂപമായിരുന്ന ജനകീയാസൂത്രണ പ്രസ്ഥാനവും വിപ്ലവ വാചോടാപങ്ങൾ തീർക്കുകയും, ഇടതുപക്ഷം സാമ്രാജ്യത്വ വികസനത്തിന്റെ ഏജൻസിയായ "എൻജിഒ" ആയി അധ:പതിക്കുകയും ചെയ്തു.

കർഷക ഫർക്കകളിലൂടെയും കമ്യൂണിസ്റ്റ് സെല്ലുകളിലൂടെയും കേഡർ വിപ്ലവ പാർട്ടി സിദ്ധാന്തത്തിൽ കെട്ടിപ്പടുത്ത കേരളത്തിലെ കെട്ടുറപ്പുള്ള ലെനിനിസ്റ്റ് സംഘടനയെ, ഇത്തരത്തിൽ, നിയോലിബറൽ നയങ്ങൾ നടപ്പിലാക്കാനുള്ള യന്ത്രമായി അതിന്റെ നേതൃത്വം പരിണമിപ്പിച്ചു. പിണറായി വിജയന്മാർ, ജയരാജന്മാർ, രാജീവുകൾ, ഐസക്കുമാർ എന്നിങ്ങനെ ഇതു നടപ്പിലാക്കാൻ പറ്റിയ ഒരു നേതൃനിരയും താഴെ തലങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സിൽബന്ധികളുടെ മറ്റൊരു നിരയും സൃഷ്ടിച്ചു. എംപിരിസസത്തിന്റെ ഈ പുത്തൻ പ്രവണതകളെ, പ്രഭാത് പട്നായിക്കിനെ പോലുള്ള മാർക്സിയൻ സാമ്പത്തിക വിശാരദരും സാംസ്കാരിക മേഖലയിൽ നിന്ന് എം.എൻ വിജയനെപ്പോലുള്ള ബുദ്ധിജീവികളും വിമശിക്കുകയും, അവരുടെയെല്ലാം "വിഭാഗീയമെന്നു" വിളിക്കപ്പെട്ട പ്രവർത്തനങ്ങളിലൂടെ, കമ്യൂണിസത്തിന്റെ ആദ്യകാലത്തെ ഒരു നേതാവിനെ അവർക്ക് തങ്ങളുടെ ചേരിയിൽ കൊണ്ടുവരുവാനും കഴിഞ്ഞു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അതുവരെ കാണാത്ത ഒരു പ്രതിഭാസത്തിന് അങ്ങിനെ നാം സാക്ഷിയായി.
നാല്:
എ.ഡി.ബി എന്തു ചെയ്തു?
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച പരിപ്രേക്ഷ്യങ്ങൾ തൊണ്ണൂറുകളിൽ വിവിധ നിലയിൽ ഉയർന്നുവരികയുണ്ടായി. ഒരു ഭാഗത്ത് എ.ഡി.ബി വികസന നയത്തിനെതിരെ ഉയർന്ന സമരങ്ങൾ, ‘എ.ഡി.ബി എന്തു ചെയ്യുന്നു’ എന്ന പുസ്തകം. എ.ഡി.ബി ഉണ്ടാക്കാൻ ഉദ്ദേശിച്ച ഏഷ്യൻ വികസന ഇടനാഴിയെക്കുറിച്ചുള്ള പഠനങ്ങൾ. മറുഭാഗത്ത്, "സ്ത്രീകളുടെ വിമോചനം സാമ്പത്തിക സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ (എസ് എച്ച് ജി) വഴി" എന്ന നിലയിലുള്ള, നോബേൽ ജേതാവും ബംഗ്ലാദേശിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രകാരനുമായ മുഹമ്മദ് യൂനുസിന്റെ ഗ്രാമീണ സാമ്പത്തിക യൂണിറ്റുകളെ സംബന്ധിച്ച കാഴ്ചപ്പാടുകൾ, വിഭവ വികസന ഭൂപടങ്ങൾ നിർമ്മിച്ചുകൊണ്ട് ഓരോ പ്രദേശത്തെയും വികസനത്തെയും അവിടുത്തെ എല്ലാ നിലയിലുള്ള വിഭവശേഷിയെയും അതിന്റെ വിനിയോഗത്തെയും കുറിച്ചു സാധ്യമായ പഠനങ്ങൾ, നീർമറി പ്രദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വികസനം എന്ന കാഴ്ചപ്പാട്, ആസൂത്രണത്തിൽ ജനകീയ പങ്കാളിത്തം എന്ന ആശയം. അതേസമയം, പ്രാഥമികോൽപാദന മേഖലകളെ കയ്യൊഴിഞ്ഞുകൊണ്ട് വികസനം എന്നാൽ ഗ്രാമീണ റോഡുകളുടെ നിർമ്മാണമാണെന്ന കാഴ്ചപ്പാടിന്റെ ശാശ്വതീകരണം…
ഇതെല്ലാം നാലാം ലോകവാദക്കാരും പാർട്ടിയിലെ നിയോലിബറൽ പക്ഷക്കാർ പൊതുവേയും ഏറ്റെടുത്ത സാമ്രാജ്യത്വ വികസന അജണ്ടകളായി വികസിക്കുകയാണുണ്ടായത്. "കേരള വികസനം" എന്ന പേരിൽ കേരളീയരുടെ മണ്ണിനെയും മനസ്സിനെയും എന്നെന്നേക്കുമായി അപകടപ്പെടുത്തുന്ന നിലകളിലേക്ക് ഇതെല്ലാം കൊണ്ടെത്തിച്ചതായി കാണാം. ഇതോടൊപ്പം, ഇതിനെതിരെ ഉയർന്ന പ്രതിരോധ ശബ്ദങ്ങളെ ദുർബലമാക്കുകയും അവയെ തെറ്റായ നിലയിൽ ലേബൽ ചെയ്ത് അരികുവൽക്കരിക്കുകയും ചെയ്തതിലൂടെയാണ്, എ.ഡി.ബിയും ലോകബാങ്കും വേൾഡ് ട്രേഡ് ഓർഗനൈസേഷനും മുന്നോട്ടു വെച്ച ഈ വികസന മോഡലുകളുടെ, ഒരു വിമൃഷിയും ഇല്ലാത്ത നടത്തിപ്പുകാരായി ഇടതുപക്ഷം മാറിയത്.
ഗ്വാളിയോർ റയോൺസ് സ്ഥാപനത്തിലൂടെ മുതലാളിത്ത മൂലധനത്തെ ആകർഷിക്കുക എന്ന, ഇ.എം.എസിന്റെ മേധാവിത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് നേതൃത്വസർക്കാരുകളുടെ വികസന അജണ്ടകൾ, കേരളീയ വനോൽപ്പന്നങ്ങളുടെയും വിഭവങ്ങളുടെയും കൊടിയ ചൂഷണത്തിലേക്കും, പാരിസ്ഥിതിക വിനാശത്തിലേക്കും രോഗാതുരമായ സാമൂഹികാവസ്ഥയിലേക്കുമാണ് നയിച്ചത് എന്നു നാം കണ്ടല്ലോ. അതിനെതിരെ തുടക്കം മുതൽ ജനങ്ങൾ രംഗത്തിറങ്ങിയിട്ടും ട്രേഡ് യൂണിയൻ നേതാക്കളും മുതലാളിമാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് തൊഴിൽ അവസരത്തിന്റെയും തൊഴിലാളിവർഗ നിർമ്മാണത്തിന്റെയും പേരുപറഞ്ഞ്, കൊടിയ ദുരന്തങ്ങളെയാണ് ഇ.എം.എസും കൂട്ടാളികളും കേരള മണ്ണിൽ വിളിച്ചു വരുത്തിയത്.
മദ്യവില്പനയിലൂടെയും ഗൾഫ് പണത്തിലൂടെയും ലോട്ടറി വ്യവസായത്തിലൂടെയും വരുമാനം കണ്ടെത്തേണ്ട ഒരു വെറും "കൺസ്യൂമർ സ്റ്റേറ്റ്" ആയി കേരളത്തെ മാറ്റി തീർത്തു എന്നതാണ് കമ്യൂണിസം കേരളത്തിനു നൽകിയ സംഭാവന.
ഭൂപരിഷ്കരണത്തെ തുടർന്ന് ഭൂമി തുണ്ടുവൽക്കരിക്കപ്പെട്ട് കാർഷിക വ്യവസ്ഥ തകരുകയും, ദലിതരും ആദിവാസിയും കോളനിവാസത്തിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്ത ദുരന്തം ഒരുഭാഗത്ത് നിലനിൽക്കെത്തന്നെ, തുടർന്നു കൊണ്ടുവന്ന "വ്യവസായവൽക്കരണം" എന്ന കാഴ്ചപ്പാടിനു പിന്നിലെ പാരിസ്ഥിതികമായ അന്ധതയുടെ ധൈഷണിക മരവിപ്പു കൂടി കൂടിച്ചേർന്ന്, രംഗം പൂർണ്ണ നിലയിൽ വഷളാകുകയായിരുന്നു എന്നർത്ഥം. കേരളം എന്ന സവിശേഷ പാരിസ്ഥിതിക പ്രദേശത്തെ മനസ്സിലാക്കാതെ, അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും വികസന മാതൃകകളുടെ പരീക്ഷണ ഇടമായി, ഇടതുപക്ഷം കേരളത്തെ ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി മാറ്റുകയായിരുന്നുവെന്നു ചുരുക്കം. കേരളത്തിന്റെ ഈ പാരിസ്ഥിതിക സവിശേഷത മനസ്സിലാക്കാൻ കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും കഴിഞ്ഞില്ല എന്നതാണ് മാവൂർ സമരത്തോടും സൈലന്റ് വാലി പ്രക്ഷോഭത്തോടും അവർ കൈകൊണ്ട ഏറ്റവും അപലപനീയവും ജനദ്രോഹകരവുമായ നിലപാടുകൾ.
മദ്യവില്പനയിലൂടെയും ഗൾഫ് പണത്തിലൂടെയും ലോട്ടറി വ്യവസായത്തിലൂടെയും വരുമാനം കണ്ടെത്തേണ്ട ഒരു വെറും "കൺസ്യൂമർ സ്റ്റേറ്റ്" ആയി കേരളത്തെ മാറ്റി തീർത്തു എന്നതാണ് കമ്യൂണിസം കേരളത്തിനു നൽകിയ സംഭാവന. അതേസമയം, "എവിടെ കുഞ്ഞു പിറന്നാലും" അതിന്റെ ഉത്തരവാദി തങ്ങളാണ് എന്ന "എട്ടുകാലി മമ്മൂഞ്ഞിന്റെ പല്ലവി" പാടുന്നവരായിത്തീർന്നു കമ്യൂണിസ്റ്റുകാർ. ഭൂപരിഷ്കരണ ബില്ലിനെ അത്തരമൊരു തുറുപ്പുചീട്ടായാണ് അവർ അകത്തും പുറത്തും പ്രചരിപ്പിച്ചത്. അവർ കൊളുത്തി വിട്ട സമരാഗ്നികൾ, അവർ തന്നെ കെടുത്തിക്കളഞ്ഞ ചരിത്രമാണ് കേരള രൂപീകരണത്തിനു ശേഷമുള്ള മുന്നണി രാഷ്ട്രീയം ബാക്കിയാക്കിയത്. ആലപ്പുഴയിൽ നിന്നാരംഭിച്ച പരമ്പരാഗത വ്യവസായ മേഖലയിലെയും കാർഷിക മേഖലയിലെയും ദരിദ്രരായ തൊഴിലാളികളെ സംഘടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിൽ നിന്ന്, ഐക്യകേരളം രൂപപ്പെട്ടതോടെ മുന്നണി ഭരണ രാഷ്ട്രീയത്തിലേക്ക് തങ്ങൾ പിന്നാക്കം മറഞ്ഞ കാര്യം ഇ.എം.എസ് തന്നെ തന്റെ ചരിത്രാഖ്യാനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മുപ്പതുകളിലെയും നാല്പതുകളിലെയും കാർഷിക പ്രക്ഷോഭങ്ങളിലൂടെ മലബാറിൽ കമ്യൂണിസം വളർന്നുവരികയും കമ്യൂണിസ്റ്റ് കർഷക ഫർക്കകൾ കയ്യൂരും കരിവള്ളൂരും ഒഞ്ചിയവും മുനമ്പവും പാടിക്കുന്നും അടങ്ങുന്ന കർഷക പ്രക്ഷോഭങ്ങളെയും അതിൽ നിരവധി രക്തസാക്ഷികളെയും സൃഷ്ടിക്കുകയും, അത് കേരളത്തിലെ ഇടത്തരം കാർഷിക വർഗങ്ങളും പാട്ട കുടിയാൻമാരും അടങ്ങുന്ന ജനതയെ കമ്യൂണിസ്റ്റുകാരുടെ കൂടെ നിർത്തുകയും, അതോടൊപ്പം പുന്നപ്ര- വയലാറിന്റെ സവിശേഷ സമരോജ്ജത്തിൽ നിന്നുള്ള തിരുവിതാംകൂറിന്റെ പിന്തുണയും കൂടിച്ചേർന്ന്, കേരള രൂപീകരണത്തിലേക്കും, ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാറിലേക്കും നയിക്കുകയും ചെയ്തെങ്കിലും തൊഴിലാളി വർഗവും കർഷകത്തൊഴിലാളികളും ചേർന്നു തീർത്ത പുന്നപ്ര-വയലാർ മുന്നേറ്റത്തിന്റെ പാരമ്പര്യങ്ങളെ ശരിയായി തിരിച്ചറിയാനും മുന്നോട്ടുകൊണ്ടു പോകാനും കഴിയാതെ അതിന്റെ ഭൂതങ്ങളെ അടക്കം ചെയ്യാനുള്ള വ്യഗ്രതയാണു പിൽക്കാല കമ്യൂണിസ്റ്റു നാമധാരികൾ കാണിച്ചത്. ഈ പാപക്കറകളെപറ്റിയാണ് പിൽക്കാലത്ത് ഇ.എം.എസിന് എഴുതേണ്ടി വന്നത്.
ഇടത്തരം കൃഷിക്കാരെയും പാട്ട കുടിയാന്മാരെയും തങ്ങളുടെ പിന്നിൽ അണിനിരത്തിയുള്ള വിജയമുണ്ടാക്കിയ ശേഷം രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ, കുടികിടപ്പ് ഓഡിനൻസ് പ്രഖ്യാപിച്ചപ്പോൾ അത് ഫലത്തിൽ നടപ്പിലാക്കിയത്, ആലപ്പുഴയിലെ കർഷകത്തൊഴിലാളികളും തൊഴിലാളി വർഗവും നടത്തിയ ജാഗരണ പ്രസ്ഥാനത്തിലൂടെയായിരുന്നുവെന്നും ഇ.എം.എസ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ എഴുപതുകളിൽ ആരംഭിച്ച മുന്നണി രാഷ്ട്രീയത്തിന്റെ "സാമുദായിക- വർഗീയ" സമവാക്യങ്ങളിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്വയം തലവച്ചു കൊടുത്തതോടെ കേരളത്തിൽ ഇതിന്റെ തുടർച്ചയായി വളർന്നു വരേണ്ടിയിരുന്ന കർഷകത്തൊഴിലാളി മുന്നേറ്റം നിലച്ചതിനെപ്പറ്റിയും ഇ.എം.എസ് പരിതപിക്കുന്നു. ഇതോടെ, ഇടതു-വലത്- മധ്യ വ്യതിയാനങ്ങളിൽപ്പെട്ട് കമ്യൂണിസം അതിന്റെ കുത്തുപാള എടുക്കാനാരംഭിച്ച ചരിത്രത്തിന്റെ ഇങ്ങേയറ്റമായാണ് പിണറായിയുടെ തലമുറയും ഇന്നത്തെ കമ്യൂണിസത്തിന്റെയും തത്സ്ഥിതി. കമ്യൂണിസം കയ്യൊഴിഞ്ഞ ഈ അടിത്തട്ട് രാഷ്ട്രീയമാണ് ദലിത്, സ്‌ത്രീ, പാരിസ്ഥിതിക പ്രസ്ഥാനങ്ങളായി പിൽക്കാലത്ത് പ്രകാശനം കണ്ടത്. ഇതിന്റെ പൈതൃകം, പക്ഷേ ഇടത്തരക്കാരുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെയും ജീവനക്കാരുടെയും അധ്യാപക സംഘടനകളുടെയും സർവ്വോപരി പാർട്ടി ബ്യൂറോക്രസിയുടെയും കയ്യിലായ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു നഷ്ടപ്പെടുകയാണുണ്ടായത്. എഴുപതുകൾക്കു ശേഷം ഒരു തെരഞ്ഞെടുപ്പു പാർട്ടി മാത്രമായി കമ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന ഇ.എം.എസിന്റെ കുറ്റസമ്മതം ഇത്തരത്തിലാണ് പ്രസക്തമാകുന്നത്. ഇ.എം.എസിന്റെ തന്നെ "വായില്ലാ കുന്നിലപ്പൻ വികസന നയങ്ങളും" അതിന്റെ "പിണറായി, ഐസക്ക് നാലാം ലോകവാദ തുടർച്ചകളും" ചേർന്ന്, കേരളം ഇന്നു കാണുന്ന കമ്യൂണിസ്റ്റ്-പാരിസ്ഥിതിക ദുരന്ത പ്രദേശമായി ചരിത്രത്തിൽ സ്ഥാനം നേടി.

കമ്യൂണിസ്റ്റുകാർ തുടക്കം മുതലേ കൈക്കൊണ്ട വ്യവസായ വികസന നയത്തിന്റെ വൈകല്യത്തിന്റെ വികസിത രൂപമാണ് എക്സ്പ്രസ് ഹൈവേകളും ആറുവരിപ്പാതകളും കൊണ്ടുപോകുന്ന കേരളീയരുടെ ഇന്നത്തെ ജീവിതം. "ഇടവഴികൾ ഇടിച്ചു നിരത്തി വികസന പാതകൾ വെട്ടാം" എന്ന വിദ്യാർത്ഥി പ്രസ്ഥാന കാലത്തെ അപക്വമായ ഒരു മുദ്രാവാക്യത്തിന്റെ പങ്കുപറ്റുകാരാകാൻ വിധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ അബദ്ധസൃഷ്ടികളുടെ മുൻകയ്യിൽ നിർമ്മിക്കപ്പെടുന്ന പുതു കേരളം. ബിർളയെ പൾപ്പു കമ്പനി നിർമ്മിക്കാൻ വിളിച്ചുവരുത്തിയത് മുതലുള്ള ഇ.എം.എസിന്റെ വികസന നയത്തിന്റെ പാപ്പരായ സമീപനം തൊട്ട്, പിണറായിയുടെ "ഗഡ്ഗരിപ്പാതകൾ" വരെ നീളുന്ന "വികസന ഭ്രാന്ത്", യഥാർത്ഥത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകളോ ഭൂമിശാസ്ത്രമോ കാലാവസ്ഥയോ കണക്കിലെടുക്കുന്നതായിരുന്നില്ല. കൈത്തറി, കശുവണ്ടി, കയർ, ഓട്, നെയ്‌ത്ത് വ്യവസായങ്ങൾ അടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ വളർത്തുക എന്ന ശരിയായ വികസനലക്ഷ്യത്തിനു പകരം, ബൂർഷ്വാ മൂലധനം ആകർഷിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണം ത്വരിതപ്പെടുത്തുക എന്ന, മുതലാളിത്ത ശക്തികൾ പോലും രണ്ടാമതൊന്നാലോചിച്ചു കൈകൊള്ളുന്ന നടപടികൾ, അന്ധമായ പ്രത്യയശാസ്ത്ര ധാരണകൾ വെച്ച് ഇ.എം.എസ്- പിണറായി അച്ചുതണ്ടുകൾ നടപ്പിലാക്കിയതിന്റെ ഈ ദുരന്തങ്ങൾ നാം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. അങ്ങിനെ, ദേശീയ ബൂർഷ്വ, ബഹുരാഷ്ട്ര മൂലധന ശക്തികൾക്ക് വഴിമാറുന്നതിനനുസരിച്ച് ഇ.എം.എസിന്റെ മുതലാളിത്ത വികസനം എന്ന അജണ്ട, നിയോലിബറൽ വികസന മാതൃകയായി വികസിച്ച ദുരന്തത്തിന്റെ പേരാണ് പിണറായി സർക്കാർ.
ഈ ട്രാജക്ടറിയിൽ സൈലന്റ് വാലി പ്രക്ഷോഭങ്ങളും അതിന്റെ വിജയവും ഉണ്ടാക്കിയ പ്രതീക്ഷകളിൽ നിന്ന് പഠിക്കാൻ മാർക്സിസ്റ്റുകാർ തയ്യാറായില്ല എന്നു നാം കാണണം. മാത്രമല്ല, പാരിസ്ഥിതിക പ്രശ്നം ഉയർത്തിയ എല്ലാ പ്രക്ഷോഭ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും, പാർട്ടി സംഘടനാ ബലവും പോലീസ് സംവിധാനങ്ങളും കൊണ്ട് അടിച്ചമർത്തുന്ന ഗുജറാത്ത് പോലീസ് നയങ്ങളുടെ കേരളപതിപ്പുകൾക്കു തന്നെയാണ് നാം സാക്ഷിയാകുന്നത്. തങ്ങളുടെ പണമൊഴുക്കിനു തടസ്സമാകുന്ന എല്ലാത്തിനെയും "തീർക്കേണ്ട" പട്ടികയിൽ ചേർത്ത്, നിഷ്ഠൂരമായ പീഡനങ്ങൾക്ക് വിധേയമാക്കാൻ സ്വന്തം "അടിയന്തരാവസ്ഥ ഭൂതകാലങ്ങളൊന്നും" മുഖ്യമന്ത്രിക്കും പാർട്ടിക്കും തടസ്സമാകുന്നില്ല എന്ന വിചിത്രവസ്തുതയും നാം കണ്ടു. തലക്കു പിന്നിൽ വെടിവെച്ച് എം.എൽ പ്രക്ഷോഭകാരികളെ കൊല്ലുകയും വിദ്യാർത്ഥി പ്രക്ഷോഭകാരികളെ അവരുടെ കുടുംബങ്ങൾ പാർട്ടി പാരമ്പര്യത്തിൽ നിന്നുള്ളവരായിട്ടു പോലും നിഷ്കരുണം വേട്ടയാടുകയും ചെയ്യാൻ, നിയോ- "ലിബറലിസത്തിന്റെ ഭ്രാന്തൻ മനസ്സ്" മുഖ്യമന്ത്രിക്ക് കരുത്തും ബലവും നൽകിയതിന്റെ ചോരപ്പാടുകൾ അഭിനവ കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലും മുഖത്തുനിന്ന് മായ്ച്ചുകളയാൻ കഴിയുന്നതല്ല. ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന്റെ പശ്ചാത്തലവും ഇതു തന്നെയായിരുന്നു. ഈ സാഹചര്യങ്ങളിൽ നിന്നാണ്, ആദ്യകാല കമ്യൂണിസ്റ്റിന്റെ ഉട്ടോപ്യൻ സ്വപ്നങ്ങളുടെ തിരുശേഷിപ്പുകൾ വലിയ ചുടുകാട്ടിലെ ആ ചിതാഭസ്മത്തിൽ നിന്ന് നാം പെറുക്കിക്കൂട്ടാൻ ശ്രമിക്കുന്നത്.
അഞ്ച്:
കരിയർ വിപ്ലവകാരികൾ
സി.പി.ഐ- എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്, പാർട്ടിയും സി.ഐ.ടി.യു വിഭാഗങ്ങളും തമ്മിലുണ്ടായ പടല പിണക്കങ്ങളിൽ വി.എസ് പാർട്ടിയോടൊപ്പം നിന്ന് ശക്തമായ നടപടികൾ കൈകൊള്ളുന്നതിൽ മുൻപന്തിയിലായിരുന്നു. ബാലാനന്ദനും സരോജിനി ബലാനന്ദനും ലോറൻസും ഉൾപ്പെടുന്ന മുതിർന്ന സി.ഐ.ടി.യു നേതാക്കളെയും സഹകാരികളെയും പലനിലയിൽ പാർട്ടിയുമായുള്ള ബന്ധം വിടർത്തുന്നതിലേക്കു നയിച്ച, മുഖം നോക്കാതെയും സീനിയോറിറ്റി പരിഗണിക്കാതെയും നടപടികൾ കൈക്കൊണ്ടു. സി.ഐ.ടി.യു വിഭാഗം ദേശാഭിമാനി കേന്ദ്രീകരിച്ചു "സേവ് സി.പി.ഐ.എം ഫോറം" രൂപീകരിക്കുന്നതിൽ വരെ എത്തിയ പരിതസ്ഥിതികളുടെ പശ്ചാത്ത ലത്തിലായിരുന്നു ഇതെല്ലാം. എറണാകുളം പോലെ വ്യാവസായിക രംഗത്ത് സി.ഐ.ടി.യു പ്രവർത്തിക്കുന്ന ഇടങ്ങളിൽ നിന്ന് വളർന്നുവന്ന നേതാക്കളാണ് വിഎസിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഈ നടപടികൾക്കു വിധേയമായത്.

കേരള രൂപീകരണത്തോടെ കാർഷിക മുന്നണികളുടെ പ്രസക്തി ചോർന്നു പോവുകയും കർഷക സംഘത്തിനും കർഷകത്തൊഴിലാളികൾക്കും ഉണ്ടായിരുന്ന വർഗസമരത്തിന്റെ ശത്രു-മിത്ര ദ്വന്ദങ്ങൾ നഷ്ടമാവുകയും കേരളം ഒരു കൺസ്യൂമർ സമൂഹമായി പരിവർത്തിക്കുകയും ചെയ്ത സാഹചര്യങ്ങളിൽ പിന്നെ വ്യവസായശാലകളിൽ തൊഴിലാളികളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സി.ഐ.ടി.യുവിന്റെ സാന്നിധ്യമാണ് ഒരു വർഗ സംഘടന എന്ന നിലയിൽ കമ്യൂണിസത്തിന്റെ ഫോൾഡറിനകത്തു നിലനിന്നത്. വിപ്ലവ ലക്ഷ്യങ്ങൾ ഇല്ലാതായ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഭൂതകാലത്തിൽ നിന്നു പകർന്നു ലഭിച്ച ഇത്തരം വർഗപരമായ കൂട്ടായ്മകളും സംഘടനകളും പുതിയ സാഹചര്യത്തിൽ പാർട്ടിക്ക് ഒരു ബാധ്യതയാകുന്നത് സ്വാഭാവികമായിരുന്നു. ഇതിനകം, ഒരു മധ്യവർഗ സമൂഹമായി വികസിച്ച കേരളത്തിലെ കമ്യൂണിസത്തിന് എൻ.ജി.ഒ യൂണിയനുകൾ, അധ്യാപക സംഘടനകൾ, ജീവനക്കാരുടെ യൂണിയനുകൾ എന്നിവയുടെ ഒരു ആകെത്തുകയായി നിലനിൽക്കേണ്ട ബാധ്യതയേ ഉള്ളൂ എന്ന നിലവന്നിരുന്നു. വർഗ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ഇല്ലാതാവുകയും മധ്യവർഗ സ്വത്വങ്ങൾ തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും സ്വാധീനിക്കുന്ന സ്ഥിതിയിലേക്കു വളരുകയും ചെയ്തു. മതവും സാമുദായികതയും മധ്യവർഗ ജീവിതത്തിൽ സവിശേഷമായ സാംസ്കാരിക നിലനിൽപ്പ് നേടിയെടുക്കുകയും, സമുദായമായും ജാതിയായും മതമായും രാഷ്ട്രീയത്തിൽ സമ്മർദ്ദ ഗ്രൂപ്പുകൾ സൃഷ്ടിക്കുവാനും തുടങ്ങി. രാജ്യത്ത് വളർന്നുവന്ന മധ്യവർഗ രാഷ്ട്രീയവും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ മത-ജാതി- സാമുദായിക സ്വത്വവാദവും, കമ്യൂണിസത്തിന്റെ വർഗരാഷ്ട്രീയത്തിനു പകരം വെയ്ക്കപ്പെടുന്ന സ്ഥിതിവിശേഷം ഉയർന്നുവന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ "മീഡിയോക്കർ ബുദ്ധിജീവിതം" സ്വത്വ വാദത്തിലൂന്നിയ ഇത്തരം സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാനും തുടങ്ങി. അങ്ങനെ വർഗ രാഷ്ട്രീയത്തിന്റെ നിലനിൽപ്പ് സ്വത്വരാഷ്ട്രീയം കൊണ്ടു പോയി. മാർക്സിസത്തെ മുതലാളിത്ത വികസനത്തിന്റെ വായ്ത്താരികൾ കയ്യാളി. മണ്ണും മനുഷ്യനും അതിലെ മൂർത്ത യാഥാർത്ഥ്യങ്ങളും പരിഗണനാ വിഷയമല്ലാതാവുകയും, സിദ്ധാന്തത്തിന്റെയും പ്രത്യയശാസ്ത്ര കണ്ണാടി കാഴ്ചകളുടെയും, നിലനിൽപ്പിന്റെ അതിജീവനം തേടിയുള്ള നിലപാടുകളുടെയും, കരിയർ രാഷ്ട്രീയത്തിന്റെയും ഒരു "സംസ്കാരം", ലെനിനിസത്തിന്റെ "പ്രൊഫഷണൽ വിപ്ലവകാരികൾ" എന്ന സങ്കൽപ്പനത്തെ കയ്യേറുകയും ചെയ്തു. പുതുതലമുറ ഹരിശ്രീ കുറിച്ചത് മുകളിൽ പറഞ്ഞ ഈ കണ്ണാടിക്കാഴ്ചകളിലായിരുന്നു.
കമ്യൂണിസത്തോടു ചേർന്നുനിന്ന, ഏറെക്കുറെ "സാഹിത്യ അരിസ്റ്റോക്രസിയിൽ" നിന്നും കടന്നുവന്ന സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും തങ്ങളുടെ "കാവ്യപ്രതിപക്ഷ"ത്തിന്റെ കാല്പനിക കാഴ്ചപ്പാടുകളിൽ നിന്ന് ഇതിനെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും എതിർക്കാൻ തുടങ്ങി. ഇതു വികസിച്ച്, അത് സിപിഐഎമ്മിലെ നേരത്തെത്തന്നെ ശക്തിയാർജ്ജിച്ചിരുന്ന വിഭാഗീയ പ്രവണതകളും പ്രതികാരവാഞ്ചകളുമായി സംഗമിച്ച്, ഇടതുപക്ഷ മുഖ്യധാരയ്ക്കുള്ളിൽ പുതിയ ഒരു പ്രതിപക്ഷമായി വളർന്നു. എം.എൻ വിജയനെ പോലുള്ളവരുടെമേൽ ഇതിന്റെ നേതൃത്വം വന്നുപെട്ടു. പരമ്പരാഗത മലയാളി മന:ശാസ്ത്രത്തിൽ നിന്ന് കാര്യങ്ങൾ നോക്കിക്കാണുന്ന ഒരാൾക്ക് പ്രതിരോധത്തിന്റെ ഈ "കേരളീയ ഗ്രാമീണ നൊസ്റ്റാൾജിയ രാഷ്ട്രീയത്തിൽ" ചില ശരികൾ തോന്നിയതിൽ അത്ഭുതമില്ല. മാധ്യമങ്ങളും, തങ്ങളുടെ സെൻസേഷണലിസത്തിന്റെയും പ്രചാരണത്തിന്റെയും അസംസ്കൃത വസ്തുവായി ഈ "നൊസ്റ്റാൾജിയ"യെ ധാരാളമായി ഉപയോഗിച്ചു.
ഇങ്ങനെ, നിയോ ലിബറലിസം കേരളീയ ഗ്രാമീണ സ്വപ്നങ്ങളുടെ കടയ്ക്കൽ മുറിവേൽപ്പിക്കുന്ന സാഹചര്യങ്ങളിൽ, മണ്ണിനെയും മനുഷ്യനെയും സംബന്ധിച്ച ഉൽക്കണ്ഠകൾ ഉയർന്നുവന്നു. ആലപ്പുഴയിലെ ജീവിത നേരുകളിൽ നിന്ന്, ഏറെ പീഡാനുഭവങ്ങളിലൂടെ കമ്യൂണിസത്തിന്റെ ആദ്യകാലങ്ങളിലൂടെ കടന്നുവന്ന, ആ അപൂർവമായ പ്രതിഭയ്ക്ക്, വി.എസിന്, തീർച്ചയായും ഈ ഉൽകണ്ഠകൾ വന്നുചേരുക സ്വാഭാവികമായിരുന്നു. ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നുള്ള ചിന്തയുടെ നേരുകളിൽ നിന്ന് ഉയിർകൊണ്ട ഈ ആലോചനകൾ, കേരളത്തിലെ, മുൻസൂചിപ്പിച്ച, പരമ്പരാഗത മാര്ക്സിയൻ വലയത്തിൽ വളർന്ന ബുദ്ധിജീവികളുടെ പ്രതിരോധ ചിന്തകളുമായി ചേർന്ന്, പുതിയൊരു രൂപം കൈക്കൊള്ളുകയായിരുന്നു. ഇത്തരം ഒരു ധൈഷണിക രൂപീകരണത്തിന് (Intellectual Formation) പല അടരുകളുണ്ട്. അതിൽ മുൻപന്തിയിൽ "പിണറായിസത്തിൽ" അകപ്പെട്ട കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ച വേവലാതികളായിരുന്നു. ഈ വേവലാതികളിൽ നിന്ന് കേരളത്തിന്റെ സമകാലം നേരിടുന്ന പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കുമുള്ള സഞ്ചാരം, ഒരു കമ്യൂണിസ്റ്റുകാരന്റെ ജൈവികമായ നിലപാടിൽ നിന്നുയർന്നു വന്നതായിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു വി.എസിന്റെ പിൽക്കാല രാഷ്ട്രീയ ഇടപെടലുകൾ.
എഴുപതുകളിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലൂടെ ഭൂബന്ധബിൽ പ്രയോഗത്തിൽ വരുത്താനും വി.എസിന്റെ മുൻകൈ പ്രധാനമായിരുന്നു എന്നതും അനിഷേധ്യമായ ചരിത്രമാണ്. കേരളത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം തന്നെ വി.എസിന്റെ പ്രവർത്തനോർജ്ജത്തിൽ പിറന്ന ഒന്നായിരുന്നു.
ആറ്:
വി.എസിന്റെ അബോധങ്ങൾ
എല്ലാ ആൾക്കൂട്ടങ്ങൾക്കിടയിലും വി.എസിൽ ഒരു "ഏകാകിയെ" നമുക്ക് ദർശിക്കാനാകും. ദുഃഖിതനായ ഒരു മനുഷ്യൻ. അനാഥത്വം. ജീവിത ദുരന്തങ്ങളിലേക്ക് എടുത്തറിയപ്പെട്ട ബാല്യ-കൗമാരങ്ങൾ. നിരന്തരം പോരാടുന്ന ഒരു മനുഷ്യന്റെ പാത തെരഞ്ഞെടുക്കാൻ തന്റെ ഈ ബാല്യ-കൗമാരങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കും. ദൈവികമായ വിധിയുടെ അനീതിയും സാമൂഹ്യനീതിയുടെ നിഷേധവും ഒരേസമയം അദ്ദേഹം അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ അസ്തിത്വത്തെ സംബന്ധിച്ച ആലോചനകളും അതു സംബന്ധിച്ച ചോദ്യങ്ങളും അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അതിന്റെ ഓർമ്മകളിൽ നിന്ന് ഓടിയൊളിക്കാനെന്നവണ്ണമാകണം, നിരന്തരമായി പ്രക്ഷോഭത്തിൽ ഏർപ്പെടുക എന്ന പാതയിൽ വി.എസ് സ്വയം കണ്ടെത്തിയത്.
ജീവിതത്തിൽ കവിഞ്ഞ ഒരു പാഠപുസ്തകം അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. ഒരു ഭാഗത്ത് അമ്മയുടെ വസൂരിബാധ കണ്ട കുട്ടിക്കാലം ഒരു മായാസ്മരണയാണ്. ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഈ ഓർമ്മയിൽ നിന്നായിരുന്നു വി.എസിന്റെ ഉത്തരം. അതേസമയം, സവർണ്ണ മാടമ്പിമാർ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകൾ. കീഴാളതയെ അറിയാനും കീഴാളരോടുള്ള മേലാളന്റെ സമീപനം മനസ്സിലാക്കാനും അച്ഛൻ സഹായിച്ചിരിക്കണം. പ്രതിരോധത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിനേ നിലനിൽപ്പുള്ളൂ എന്ന്, അച്ഛൻ സമ്മാനിച്ച അര ബെൽറ്റ് അദ്ദേഹത്തെ സദാ ഓർമിപ്പിച്ചിരിക്കണം. മേലാളമായ എല്ലാത്തിനോടും വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളേണ്ട അനിവാര്യതകളാകണം ഇതെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.
ഇ.എം.എസ് സർക്കാർ അധികാരത്തിലെത്തുന്നതിൽ സി.പി.ഐയുടെ അന്നത്തെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി (ജില്ലാ രൂപീകരണത്തിനു മുമ്പ്) എന്ന നിലയിൽ ചെറുതല്ലാത്ത പ്രവർത്തനം വി.എസിന്റെ മുൻകൈയിൽ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കുടിയിറക്കൽ- കുടികിടപ്പ് ഓർഡിനൻസ് നിലവിൽ വരുത്താനും, എഴുപതുകളിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിലൂടെ ഭൂബന്ധബിൽ പ്രയോഗത്തിൽ വരുത്താനും വി.എസിന്റെ മുൻകൈ പ്രധാനമായിരുന്നു എന്നതും അനിഷേധ്യമായ ചരിത്രമാണ്. കേരളത്തിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം തന്നെ വി.എസിന്റെ പ്രവർത്തനോർജ്ജത്തിൽ പിറന്ന ഒന്നായിരുന്നു. കർഷകസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമായ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയെയും അതു കൊണ്ടുവരാൻ ശ്രമിച്ച സാമൂഹിക പരിഷ്കരണങ്ങളെയും നിലനിർത്താനും നിലവിൽ വരുത്താനും നടപ്പിലാക്കാനും കർഷകത്തൊഴിലാളി പ്രസ്ഥാനം വഹിച്ച പങ്കിനെ ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം തന്നെ പലവട്ടം പരാമർശിക്കുന്നുണ്ട്.
എഴുപതുകളോടെ, സിവിൽ സമൂഹത്തിൽ നിന്ന് പിൻവാങ്ങി സംസ്ഥാന ഭരണം കയ്യാളുക എന്ന ഏക ലക്ഷ്യത്തിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വയം വെട്ടിച്ചുരുങ്ങുകയും ചെയ്യുന്നതോടെ, കർഷകസംഘം മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളും ആലപ്പുഴയിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം ഉയിർകൊണ്ടതിന്റെ സാഹചര്യങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് കൈമോശം വരുന്ന ചിത്രമാണ് നാം കാണുന്നത്. എഴുപതുകളോടെ യുവജന സംഘടനകളെയും വിദ്യാർത്ഥി സംഘടനകളെയും ഇളക്കിവിട്ട് ക്രമസമാധാനം തകർക്കുകയും, കൊലക്കത്തി രാഷ്ട്രീയത്തിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഒരു മധ്യവർഗാടിത്തറയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം മുന്നോട്ടു പോയത്. ഇതിന്റെ ഗുണഭോക്താക്കളാകട്ടെ പരമ്പരാഗത മേഖലയിലെ തൊഴിലാളികളോ കർഷകത്തൊഴിലാളികളോ എന്തിന് കർഷകരോ പോലുമല്ലാത്ത നിലവന്നു. "വ്യവസായവൽക്കരണം" എന്ന വികസന ഉട്ടോപ്യയിൽ അത് അധ:പതിപ്പിക്കുകയും ചെയ്തു. എളമരം കരീം പോലുള്ള ഒരു ബുർഷ്വാ ഉപാസകനെ സി.ഐ.ടി.യു പ്രസ്ഥാനത്തിലൂടെ സൃഷ്ടിക്കുകയും, അത് തൊഴിലാളി പ്രസ്ഥാനത്തിന്റെ പേരിലുള്ള, കളങ്കം പുരണ്ട കൈമടക്കിന്റെ രാഷ്ട്രീയമാകുകയും ചെയ്തത് ചരിത്രം നൽകുന്ന സാക്ഷ്യമാണ്. ഇങ്ങനെയുള്ള നിരവധി നേതാക്കൾ ഉയർന്നുവന്നു. ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു "തന്നെപ്പോറ്റി വർഗമായി" തൊഴിലാളികളെ മാറ്റുകയും, അത് കേരളത്തിന്റെ യഥാർത്ഥ വികസന മുന്നേറ്റങ്ങൾക്കാകെ ചീത്തപ്പേരുകൾ തീർക്കുകയും, പരിസ്ഥിതി മുന്നാക്കങ്ങളെയാകെ തകർക്കുകയും ചെയ്തതിന്റെ ചരിത്രമാണ് കേരളത്തിലെ "വ്യവസായ തൊഴിലാളികളുടെ ചരിത്രം" എന്നും നമുക്ക് കാണാനാകും. ഇങ്ങനെ കർഷകപ്രസ്ഥാനങ്ങളും പരമ്പരാഗത തൊഴിലാളി പ്രസ്ഥാനങ്ങളും നശിക്കുകയും, ഫാക്ടറി തൊഴിലാളി പ്രസ്ഥാനം അഴിമതിയിൽ മുങ്ങി മരിക്കുകയും ചെയ്ത സാഹചര്യങ്ങളിലാണ്, മധ്യവർഗ പ്രത്യയശാസ്ത്രത്തിലൂന്നിയ, യുവജന-വിദ്യാർഥി സംഘടനകളുടെ ആക്രമണ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ സേനകളുടെ പിൻബലത്തിൽ, കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) അതിന്റെ ഇടവിട്ടുള്ള ഭരണസാരഥ്യത്തിൽ വരാൻ തുടങ്ങിയത്.
തന്റെ ജീവിതാടിത്തറയെയും താൻ വന്ന വർഗ പരിതസ്ഥിതികളെയും തന്റെ കമ്യൂണിസ്റ്റ് നിയോഗങ്ങളെയും വഞ്ചിക്കപ്പെടുന്ന ഈ സ്ഥിതിവിശേഷം, വി.എസ് അച്യുതാനന്ദൻ ബോധത്തിലും അബോധത്തിലും അറിഞ്ഞിരുന്നു. തന്റെയും തന്റെ പ്രസ്ഥാനത്തിന്റെയും ചരിത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് മാഞ്ഞുപോകുന്നതും സവർണമാടമ്പി ജീവിതത്തിന്റെ ശേഷബാക്കിയായി കമ്യൂണിസം കണ്ടാലറിയാത്തവിധം മാറിമറിയുന്നതും അദ്ദേഹമറിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു പ്രതിവിപ്ലവം നടന്നതായി അദ്ദേഹം ആഴത്തിൽ മനസ്സിലാക്കി. എഴുപതുകളോടെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയും, ആലപ്പുഴയിലെ പുന്നപ്ര-വയലാറിന്റെ ഊർജ്ജദായിനികളെയും സ്വയം വഞ്ചിച്ചുകൊണ്ട്, ഒരു മധ്യവർഗ മലബാർ പാർട്ടിയുടെ കയ്യൂക്കും നെഞ്ചൂക്കും കൊലപാതക രാഷ്ട്രീയവുമായി കേരള കമ്യൂണിസം മാറിപ്പോയതും അദ്ദേഹത്തെ വ്യസനിപ്പിച്ചിരിക്കണം. ഈ പരിതസ്ഥിതികളെ എങ്ങനെ മാറ്റിതീർക്കാം എന്ന ചിന്തയുടെ ഏകാകിത്വമാണ് വി.എസിനെ പിൽക്കാലത്ത് ഒരു ഒറ്റയാൻ പോരാളിയാക്കി തീർത്തിട്ടുണ്ടാവുക.
ലെനിനിസ്റ്റ് സംഘടനയുടെ നാലതിരുകൾ പലപ്പോഴും ഒരു പീഡന കേന്ദ്രമാണെന്നും, അത് കയ്യാളുന്നവന്റെ കൈയിലെ മരപ്പാവ മാത്രമാണെന്നും, സിദ്ധാന്തങ്ങളും സംഘടനാ തീരുമാനങ്ങളുമല്ല, ജീവിതത്തിന്റെ ശക്തിസ്രോതസ്സുകളാണ് പ്രവർത്തനങ്ങൾക്കും തീരുമാനങ്ങൾക്കും പ്രേരകമാകേണ്ടതെന്നുമുള്ള ശരിയായ "മാർക്സിസം", ആലപ്പുഴയിലെ കോൾ നിലപ്പാടങ്ങളും കശുവണ്ടിശാലകളും കയർപിരി കേന്ദ്രങ്ങളും കായൽപ്പരപ്പുകളും ആസ്പിൻ കമ്പനിയിലെ തൊഴിലാളി ജീവിതവും വി.എസിന് പറഞ്ഞു കൊടുത്തിരുന്നു. ജലത്തിന്റെ ആ പ്രമേയങ്ങളാണ് പരിസ്ഥിതി രാഷ്ട്രീയമായി അദ്ദേഹത്തിൽ കുടിയേറിയിരിക്കുക.
മലബാറിലെ കർഷക പ്രസ്ഥാനങ്ങൾക്ക് "ഭൂമി"യായിരുന്നു പ്രാഥമിക നിയാമക ശക്തിയെങ്കിൽ, ആലപ്പുഴയിലെ കീഴാള ജീവിതത്തിന് "ജല"മാണ് രാഷ്ട്രീയം നൽകിയത്. ലാറ്ററേറ്റ് മഴക്കാടുകളിൽ ഭൂമിശാസ്ത്ര അതിരുള്ള, ചെങ്കൽ ഭൂമിയിലെ "ഇരുമ്പ് കഷണങ്ങൾ ആത്മാവിൽ കയറ്റിയ", (Iron in the soul -Sartre) മലബാറി കമ്യൂണിസത്തിന്റെ വാശിക്കും പ്രതികാര ബുദ്ധിക്കും നെഞ്ചൂക്കിനും താൻപോരിമയ്ക്കും ചോരപുരണ്ട തെയ്യക്കോലങ്ങളുടെ പാരമ്പര്യത്തിനും പകരം, സ്ത്രീ ഭാവങ്ങളുള്ള, ജലത്തിന്റെ വൈകാരികതയും ജീവിതോന്മുഖതയുമായിരുന്നു ആലപ്പുഴയിലെ ജീവിതം അവിടുത്തെ രാഷ്ട്രീയത്തിനു സമ്മാനിച്ചത്. അതിനാൽ ഭൂപ്രശ്നത്തിൽ തുടങ്ങിയ കമ്യൂണിസത്തെ, ജല രാഷ്ട്രീയത്തിലേക്കും സ്ത്രീ-പരിസ്ഥിതി പക്ഷങ്ങളിലേക്കും ഉണർത്താനുള്ള ശ്രമങ്ങൾ വി.എസ് അച്യുതാനന്ദിൽ അന്തർഹിതമായ ഒന്നായിരുന്നു എന്നു കാണാം. ജലത്തിന്റെ ആ രാഷ്ട്രീയമായിരുന്നു വി.എസിന്റെ രാഷ്ട്രീയം.
ഭൂമിയെ സംബന്ധിച്ച് തെക്കൻ മലബാറിലെ മാപ്പിളമാരും വടക്കൻ മലബാറിലെ തീയ കമ്യൂണിസ്റ്റുകളും അടങ്ങുന്ന കർഷകപ്രസ്ഥാനങ്ങൾ ഉയർത്തിയ പ്രശ്നത്തെ ഭൂപരിഷ്കരണങ്ങളിലൂടെ കമ്യൂണിസ്റ്റ് ഭരണം സാക്ഷാത്കരിക്കാൻ ശ്രമിച്ചപ്പോൾ, അതിനായി വി.എസിന്റെ പ്രസ്ഥാനം ആവുന്നതെല്ലാം ചെയ്തത് ചരിത്രമാണ്. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റം സാധ്യമാക്കിയ കുടിക്കിടപ്പവകാശ സമരങ്ങൾ പിൽക്കാലത്ത് മധ്യവർഗ സവർണ മലയാളി കയ്യാളുന്ന ചിത്രത്തിൽ നിന്നാവണം അതിനെതിരെ, കർഷകത്തൊഴിലാളികളുടെ രാഷ്ട്രീയത്തെത്തന്നെ പുന:പ്രതിഷ്ഠിക്കാൻ വിഎസിന്റെ മുൻകയ്യിൽ നടന്ന പടനീക്കങ്ങൾ. ആലപ്പുഴയിലെ കായൽ നിലങ്ങളെ നികത്താതെ കാക്കാൻ വി.എസ് നടത്തിയ മുന്നാക്കങ്ങൾ തൊട്ടുതുടങ്ങുന്നതാണത്. വി.എസിന്റെ മരണാനന്തര ചരമക്കുറിപ്പിൽ, മുൻ മന്ത്രി ജി. സുധാകരൻ ഒരു സാക്ഷീ ഭാവത്തോടെ ഇക്കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തുന്നുണ്ട്:

"കുട്ടനാട് പാടശേഖരങ്ങൾ നികത്തി റബ്ബറോ അതുപോലുള്ള വിളകളോ നട്ട് വ്യവസായ അധിഷ്ഠിത കാർഷിക ഉത്പാദന മേഖലയാക്കാനുള്ള ശ്രമങ്ങൾ1970-80കളിൽ നടന്നിരുന്നു. പാടംനികത്തി കരയാക്കിയാൽ വലിയ വിലകിട്ടും. കർഷകത്തൊഴിലാളികളുടെ ശല്യവും ഒഴിവാക്കാം. ഇങ്ങനെ പലവിധ ദുഷ്ട ചിന്തകളോടെയാണ് കുട്ടനാട്ടിലെ ജന്മിവർഗ്ഗവും കാർഷിക മുതലാളിമാരും അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ സർക്കാരിന്റെ സഹായത്തോടെ മണ്ണ് കൂനകൂട്ടി പാടങ്ങൾ നികത്താൻ അനുവാദം കൊടുത്തത്. കുട്ടനാട് നെൽകൃഷി സംരക്ഷണ സമിതി രൂപീകരിച്ച് കുട്ടനാട്ടിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും സമരങ്ങൾ നടന്നു. "വെട്ടിനിരത്തൽ സമരം" എന്നു ശത്രുക്കൾ ആക്ഷേപിച്ച ഈ സമരത്തിലൂടെ കുട്ടനാട്ടിലെ നെൽക്കൃഷിയെ നിലനിർത്താനും ജലാശയങ്ങളെ സംരക്ഷിക്കാനും കഴിഞ്ഞു. കാർഷികവും സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം മാത്രമല്ല, പരിസ്ഥിതി സംരക്ഷണ പ്രാധാന്യം കൂടിയുള്ള മഹത്തായ സമരമായി ചരിത്രത്തിൽ അതു സ്ഥാനം നേടി. പാലക്കാട് പോലുള്ള നെൽകൃഷി മേഖലകളിലൊക്കെ ധാരാളം നിലം നികത്തപ്പെട്ടപ്പോൾ, കുട്ടനാട് താലൂക്കിന്റെ വെറും പത്തു ശതമാനം മാത്രമേ ഇപ്പോഴും നികത്തപെട്ടിട്ടുള്ളൂ. വി.എസ് ആയിരുന്നു ഈ സമരങ്ങളുടെ ഊർജ്ജസ്രോതസ്സും സംഘടിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതും.”
1930-കളുടെ ഒടുവിൽ നീലംപേരൂർ, കാവാലം പ്രദേശങ്ങളിൽ താമസിച്ച് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്" വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കിയതും, "1970-കളിൽ മിച്ചഭൂമി സമരവും കുടികിടപ്പു സമരവും നയിച്ചുകൊണ്ട്" ആധുനിക കേരളത്തെ വീണ്ടെടുക്കുകയും ചെയ്ത സമരങ്ങളുടെ തുടർച്ചയായി വേണം കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കാൻ നടത്തിയ ഐതിഹാസികമായ മുന്നേറ്റത്തെ കാണാൻ. കർഷകത്തൊഴിലാളി പ്രശ്നം ഭൂമിയുടെ മാത്രമല്ല, കൃഷിയുടെയും സ്ത്രീ മനസ്സിന്റെയും പ്രശ്നമാണെന്ന യാഥാർത്ഥ്യങ്ങളിലേക്കുണർത്തുന്ന തുടർ സമരങ്ങൾക്കാണ് പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് നേതൃത്വം കൊടുത്തത്, മധ്യവർഗ്ഗ മനോഭാവങ്ങളുടെ നാലതിരിൽ, സവർണ്ണതയുടെ പുതിയ പൊയ്ക്കോലങ്ങളിൽ ലെനിനിസ്റ്റ് സംഘടനയെ നയിച്ച "അഭിനവ കാസനോവകൾക്ക്" തിരിച്ചറിയാൻ കഴിയുന്നതായിരുന്നില്ല അത്. അതിനാൽത്തന്നെ, ആ "ട്രൂ മാർക്സിസം," "വൾഗർ മാർക്സിസ്റ്റുകളാൽ" നിരന്തരം വേട്ടയാടപ്പെട്ടു.
ജലവൈദ്യുതി പദ്ധതിക്കും അണുശക്തി നിലയത്തിനും എതിരായ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾക്ക് തുണയായതിന് 1988-ൽ പാർട്ടി പോളിറ്റ് ബ്യൂറോയുടെ താക്കീത് വി.എസിനു ലഭിച്ചു. 1988-ൽ വെട്ടിനിരത്തൽ സമരത്തിന്റെ പേരിൽ താക്കീത്. എ.ഡി.ബി കരാറിനെ ചൊല്ലി സഹമന്ത്രിമാരും സിപിഐ (എം) നേതാക്കളുമായ ടി.എം. തോമസ് ഐസക്, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ വിമർശിച്ചതിന് 2007 ജനുവരിയിൽ പോളിറ്റ് ബ്യൂറോയുടെ താക്കീത്. പിണറായി വിജയനുമായുള്ള പരസ്യമായ എട്ടുമുട്ടലിനെ ചൊല്ലി പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്തായി. അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽപ്പന നടത്തുന്ന ക്രമക്കേടുകൾ വിവാദമായപ്പോൾ, പാർട്ടിയോട് ആലോചിക്കാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന്, ഇതു പാർട്ടിക്കും ധനമന്ത്രി ഐസക്കിനും എതിരാണ് എന്ന നിലയിൽ, 2011-ൽ പാർട്ടിക്കുള്ളിൽ ശാസന. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് ഭാര്യ കെ.കെ. രമയ്ക്ക് പിന്തുണ നൽകിയതിന് 2012-ൽ പരസ്യ ശാസന. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ വി.എസ് എടുത്ത നിലപാടിനെതിരെ മൂന്നുമാസത്തിനുശേഷം വീണ്ടും പരസ്യ ശാസന. വിഷയത്തിൽ 2013-ൽ വീണ്ടും അച്ചടക്ക നടപടി.

"കീഴടങ്ങുക എന്നാൽ മരണമാണ്" എന്നറിഞ്ഞ ഒരു കമ്യൂണിസ്റ്റിന് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ പ്രക്ഷോഭത്തിന്റെയും ലെനിസ്റ്റ് ലംഘനങ്ങളുടെയും മാർക്സിസത്തെ തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. പോലീസ് പീഡനങ്ങൾക്കൊടുവിൽ കൊന്നുതള്ളി എന്നു കരുതി ഉപേക്ഷിച്ച മൃതദേഹത്തിലെ അവസാനത്തെ ജീവനിൽ നിന്ന് ഉയിർകൊണ്ട പുനർജന്മത്തിന്റെ ഉടമയായിരുന്ന വി.എസിന്, ഇത്തരം ഒരു പ്രക്ഷോഭ പാത തിരഞ്ഞെടുക്കുന്നതിൽ ഒരുതരത്തിലുള്ള കൂസലും ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ സാക്ഷ്യപ്പെടുത്തുന്നതാണ്. താൻ പ്രതിനിധീകരിച്ച വർഗത്തിന്റെ രക്തത്തിലും മാംസത്തിലും കെട്ടിപ്പടുത്ത ഒരു പാർട്ടിയെ അതിന്റെ ശരിയായ ട്രജക്ടറിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ, അസ്തിത്വത്തിന്റെ രഹസ്യമറിഞ്ഞ, "മരണത്തിന്റെ രുചി നുണഞ്ഞ" ഒരു രാഷ്ട്രീയ പ്രവർത്തകന് അനിവാര്യമായിരുന്നു. അതൊരു നിയോഗമായിരുന്നു. തെരഞ്ഞെടുപ്പു കക്ഷി രാഷ്ട്രീയം തിരിക്കുന്ന കുൽസിത ബുദ്ധിമതിത്വത്തിൽ കുടുങ്ങിപ്പോയ ലെനിനിസ്റ്റ് ധൈഷണികതയെ, ജീവിതത്തിന്റെ യഥാർത്ഥ നിയാമക ശക്തി കൊണ്ടു പകരം വെയ്ക്കുവാനുള്ള ആ പരിശ്രമങ്ങളിൽ വി.എസ് എല്ലാ അടവും പയറ്റി. പരാജയപ്പെടും എന്നറിഞ്ഞിട്ടും മുന്നോട്ടുപോയി. അത്തരമൊരു കോസ്മിക് നൃത്തമാണ്, നടരാജ നൃത്തമാണ്, വി.എസ് കേരള രാഷ്ട്രീയത്തിൽ സാക്ഷാത്കരിച്ചത്. ഭരണവർഗത്തിന്റെ "വൈഷ്ണവ സുഖാലസ്യങ്ങളിൽ" വർഗ രാഷ്ട്രീയത്തെ സ്വയം ഒറ്റിക്കൊടുത്ത സംഘടനയിൽ, "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യമാണ് വി.എസ് ഉയർത്തിയത്. അത് ഇ.എം.എസിന്റെ ഇല്ലം വിട്ടിറങ്ങിയ "ഭൂതദയ"യുടെ രാഷ്ട്രീയത്തേക്കാൾ ഒരു പടി കടന്ന്, കീഴാളവും പ്രകൃതിപ്രോക്തവും ജീവിതോന്മുഖവും മാക്സിയനും നീത്ചേയിയനുമായിരുന്നു. തത്വചിന്തയും സിദ്ധാന്തവും ജീവിതത്തിൽ നിന്നുയിർക്കൊള്ളുന്നതാണ് എന്ന സത്യത്തിന്മേൽ അദ്ദേഹം ഒരു തത്വചിന്തകനും സൈദ്ധാന്തികനുമായി നിലകൊള്ളുന്നു. വി.എസ് പകരുന്ന ഈ തത്വചിന്തയിൽ നിന്നാണ് ഇനിമേൽ കേരള രാഷ്ട്രീയവും ജീവിതവും മുന്നോട്ടു പോകേണ്ടത്.
ഏഴ്:
കമ്യൂണിസത്തിന്റെ മൃഗതൃഷ്ണ
കമ്മ്യൂണിസത്തിന് ജീവൻ നൽകിയ കമ്മ്യൂണിസത്തിന്റെ ഉള്ളിലെ മെരുങ്ങാത്ത "മൃഗതൃഷ്ണ"യായിരുന്നു വി.എസ്. കമ്യൂണിസത്തിന്റെ "ഡിസൈർ" (Desire). ആ തൃഷ്ണയും ആവേഗവും നഷ്ടപ്പെടുമ്പോൾ, കമ്യൂണിസം ഉർദ്ധശ്വാസം വലിക്കുന്നു. ലെനിനിസം ഒരു തട്ടിപ്പ് സംഘടനയായി മാറുന്നു. കമ്യൂണിസത്തിന്റെ ജീവൻ നഷ്ടമാകുന്നു. വർഗരാഷ്ട്രീയത്തിനു പകരം സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്, അക്കാദമിക സൗഭാഗ്യങ്ങൾക്കകത്തു നിന്നും പിറക്കുന്ന "മലബന്ധ ചിന്തകളുടെ" മീഡിയോക്രസിക്ക്, എന്നാൽ മാർക്സിസത്തിന്റെ ജൈവ രാഷ്ട്രീയത്തിന്റെ അനശ്വരമായ ഇന്റർനാഷണലിനെ നിശ്ശബ്ദമാക്കാൻ കഴിയില്ല. സ്വത്വത്തിന്റെ കേവല പ്രത്യയശാസ്ത്രത്തിൽ ജീവിതനിയാമക ശക്തികളെ കണ്ടത്താൻ ശ്രമിച്ചവരുടെ രാഷ്ട്രീയ അജണ്ടകൾക്ക് വി.എസ് മുഖ്യ ശത്രുവാകുന്നത് ആ നിലയിലാണ്. പരിഷ്കരിച്ചെടുക്കേണ്ട ഒരു "ബീസ്റ്റായി", "മെരുങ്ങാത്ത ഒരു വെട്ടുപോത്തായി", വി.എസിനെ അവർ നോക്കിക്കണ്ടത് അതിനാലാണ്. കാരണം ജീവിത നിയാമകശക്തികൾ ആശയങ്ങളുടെ യുജിസി പെരുക്കങ്ങളിലോ, തങ്ങൾ അകപ്പെട്ടു പോയ പൊട്ടക്കിണറുകളിലോ അല്ല കുടിയിരിക്കുന്നത്, അത് മനുഷ്യന്റെ ഉള്ളിൽ ഉണരുന്ന ഉണ്മയുടെ അനശ്വരഗാനങ്ങളിലാണ്. ആ ഗാനമായിരുന്നു വി.എസ്. കമ്യൂണിസ്റ്റ് അബോധത്തിലെ മെരുങ്ങാത്ത ആ ജന്തുലോകത്തെയാണ്, ആ കമ്യൂണിസ്റ്റ് ജൈവികതയെയാണ് വി.എസ് പ്രതിനിധീകരിച്ചത്. ഉള്ളിൽ അന്തർഹിതമായ ഈ കമ്യൂണിസ്റ്റ് ഇച്ഛയുടെ ശക്തിയെ ആദരിക്കാനാണ്, കർക്കടക കൊടും മഴയെ കൂസാതെ, കണ്ണീർവാർത്തുകൊണ്ട്, ജനതതി, മരിച്ചിട്ടും മരിക്കാത്ത ആ ഇച്ഛയുടെ കാവൽക്കാരായി "ഞങ്ങളുണ്ട്" എന്നു പ്രഖ്യാപിച്ചത്. നേരും നുണയും തമ്മിലുള്ള "കർബല"യുടെ കണ്ണീരായി, കമ്യൂണിസ്റ്റുകാർ കേരളത്തിൽ ആരംഭിച്ച "ബദറി"ന്റെ പരിസമാപ്തിയായിരുന്നു ആ ശവ ഘോഷയാത്ര. കമ്യൂണിസത്തിന്റെ അന്ത്യയാത്രയും.

ഒരടിമയുടെ അനുഭവങ്ങളെ "മാസ്റ്റര്‍ലി" ആയ ഇടപെടലാക്കി പരിവർത്തിപ്പിച്ച വി.എസിന്റെ രാഷ്ട്രീയ ജീവിതം സമാനതകളില്ലാത്തതാണ്. കമ്യൂണിസത്തിന്റെ അവസാന അവധൂതന്റെ, നിശ്ചേഷ്ടമായിട്ടും വെട്ടിത്തിളങ്ങുന്ന മുഖശില്പം കാണാൻ, പേരക്കുട്ടികളെ ഒക്കെത്തെടുത്ത് കണ്ണീർമഴയിൽ ഓടിയെത്തി അമ്മമാർ അതിനുസാക്ഷ്യം പറയുന്നു. പെണ്ണൊരുമയുടെ രാഷ്ട്രീയമായി, പരിസ്ഥിതിക വിനാശത്തിന്റെ കേരളീയ ഉൽണ്ഠകളായി, വയൽക്കിളികളായി, കയ്യേറുന്ന വനഭൂമിയെകുറിച്ചുള്ള ആദിവാസിയുടെ കണ്ണീരായി, ഭൂമാഫിയയെ ചൊല്ലിയുള്ള കർഷകന്റെ നെഞ്ചെരിപ്പായി, കമ്യൂണിസത്തിന്റെ ചോരയിലും മലത്തിലും പിറന്ന കോളനി ജീവിതദുരന്തമായി ജലത്തിന്റെ അടിയന്തര രാഷ്ട്രീയമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറായി, തിരുന്നാവായയിലെ ചരിത്രസ്മാരകങ്ങളായി, മാറിയ കേരളത്തിനു മറുമരുന്നായ ഇച്ഛയുടെ ശുഭാപ്തിവിശ്വാസമായി, ബുദ്ധിജീവികൾ എന്നു സ്വയം കരുതിവശായി അക്കാദമിക മാർക്സിസം ഉരുട്ടിക്കളിക്കുന്ന പ്രൊഫസർമാർക്കും ഡോക്ടർമാർക്കും താക്കീതായി, രാഷ്ട്രീയ നേരിന്റെ തനിമയിൽ തെളിവ് തീർക്കുന്ന ദീപ വെളിച്ചമായി, ആ ചിതയിൽ നിന്ന് ആശയങ്ങൾ ഉയരുക തന്നെ ചെയ്യും.
