കേരളത്തിന്റെ മാത്രമല്ല, ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ സവിശേഷമായൊരു നില ഉണ്ടാക്കിയാണ് വി.എസ്. അച്യുതാനന്ദൻ നമ്മുടെ കാലത്തെ കടന്നുപോയത്. അത് സവിശേഷമായൊരു ചരിത്രനിർമ്മിതിയായി മാറുന്നത്, ജീവിച്ച കാലങ്ങളോട് സമൂർത്തമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്തൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയജീവിതമാക്കി തന്നെ നിരന്തരം പുതുക്കിയെടുക്കാനുള്ള രാഷ്ട്രീയാർജ്ജവം വി.എസ് കാണിച്ചു എന്നതുകൊണ്ടാണ്.
വാസ്തവത്തിൽ നിരന്തരം പുതുക്കുക എന്നത് മനുഷ്യരുടെ രാഷ്ട്രീയ, സാമൂഹ്യ ജീവിത ഘടനകളിലെ അനിവാര്യമായ സംഗതിയാണ്. അതാണ് കേവലമായ ജന്തുസഹജമായ ചോദനകളിൽ അധിഷ്ഠിതമായ ജീവിതങ്ങളിൽ നിന്ന് മനുഷ്യരെ ബോധപൂർവ്വമുള്ള തീരുമാനങ്ങളുടെ ഭാഗമായി സമൂഹത്തെ ക്രിയാത്മകമായി ചലിപ്പിക്കാൻ സഹായിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിനോടുള്ള നിരന്തരമായ പ്രതികരണങ്ങളും അവയുമായുള്ള സംഘർഷങ്ങളും അതിൽനിന്നും പുതിയ രാഷ്ട്രീയ, സാമൂഹ്യ ജീവിതക്രമങ്ങളെയുണ്ടാക്കലുമാണ് മനുഷ്യനാഗരികതയുടെ വഴി.
ഈ നൈരന്തര്യത്തെ രാഷ്ട്രീയമായി നിശ്ചയിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നത്. മനുഷ്യസമൂഹത്തിന്റെ നിരന്തരമായ പുതുക്കിനിശ്ചയിക്കലുകളെ വർഗ്ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുകയും വർഗ്ഗവിഭജിതമായ, നാനാതരം ചൂഷണങ്ങളിലൂടെ മാത്രം നിലനിൽക്കുന്ന രാഷ്ട്രീയ, സാമൂഹ്യാധികാരങ്ങളുടെ സകല ഘടനകളെയും തകർക്കുകയും സമത്വത്തിലും പരസ്പരവിശ്വാസത്തിലും നിലനിൽക്കുന്നൊരു രാഷ്ട്രീയ, സാമൂഹ്യ ക്രമമുണ്ടാക്കുകയുമാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. ഇത് ആദർശാത്മകമായ ഒരു കാല്പനിക കിനാവല്ല. എന്നാലതിന് ആചന്ദ്രതാരം വിജയിക്കുന്ന മാതൃകകളോ എക്കാലത്തേക്കുമുള്ള നിയതമായ പ്രയോഗപദ്ധതികളോ ഇല്ല. അത് ഓരോ കാലത്തും അതിന്റെ വെല്ലുവിളികളോട് നേരിട്ടെതിരിട്ട് രൂപപ്പെടുന്നവയാണ്. അത്തരത്തിൽ രൂപപ്പെടണമെങ്കിൽ ജീവിക്കുന്ന കാലത്തോട് തുറന്നു സംവദിക്കാനും ആ ജനാധിപത്യ സംവാദപദ്ധതിയുടെ കലങ്ങിമറിയലുകളിലൂടെ തന്നെ രൂപപ്പെടുത്താൻ അനുവദിക്കുകയും വേണം. താൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയജീവിതത്തിലേക്ക് ഇറങ്ങിയ നീതിയുടെ സ്വപ്നങ്ങളുമായി തൊട്ടുനിൽക്കുന്ന അത്തരത്തിലൊരു സന്നദ്ധതയെ രാഷ്ട്രീയജീവിതത്തിന്റെ ഉത്തരാർദ്ധത്തിലും അതിവേഗം സാധ്യമാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു എന്നതുകൊണ്ടാണ്, കമ്മ്യൂണിസ്റ്റായി തുടങ്ങിയ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റുകാരനായി മരിച്ചത്.
വി.എസ് ജനിക്കുന്നു
വി.എസ് രാഷ്ട്രീയജീവിതം തുടങ്ങിയ കാലം കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിലെ വലിയ രാഷ്ട്രീയസമരങ്ങളുടെ കാലമാണ്. സ്വാതന്ത്ര്യസമരത്തിന്റെ കടലിരമ്പങ്ങളിൽ നിന്നും ആർക്കും ഒളിക്കാൻ പോലുമാകാത്ത കാലം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് സംഘടിതമായൊരു രൂപം ഇന്ത്യയിലാകെ ഉണ്ടായിത്തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം ഉണ്ടാവുകയും അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ചുരുട്ടിയ മുഷ്ടികളിലും ഇങ്ക്വിലാബുകളിലുമായി അതിവേഗത്തിൽ പടർന്നുതുടങ്ങുകയും ചെയ്തു. ഇക്കാലയളവിൽ കേരളത്തിന്റെ സാമൂഹ്യജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന നാടുവാഴി, ജന്മിത്വ വ്യവസ്ഥതിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപപ്പെട്ടു. ഈ രാഷ്ട്രീയ, സാമൂഹ്യ സംഘർഷത്തിൽ കര്ഷകത്തൊഴിലാളിപ്പോരാട്ടങ്ങൾക്കും നാടുവാഴി /രാജാധിപത്യത്തിനെതിരായ സമരത്തിലും നേതൃസ്ഥാനത്ത് പ്രവർത്തിച്ചാണ് വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ രൂപപ്പെടുന്നത്. ജീവിച്ച കാലത്തോട് സമൂർത്തമായി ഇടപെട്ടാണ് അക്കാലത്തെ മറ്റെല്ലാ കമ്മ്യൂണിസ്റ്റ്കാരെയും പോലെ വി.എസും വരുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ചരിത്രത്തിന്റെ ഭാഗമാണ് ഇതെല്ലാം. അതിലെല്ലാം പാർട്ടിയിൽ നിന്ന് ഭിന്നമായൊരു ഇടപാടും പാർട്ടി നേതൃത്വത്തിലെ മറ്റ് സഖാക്കളെപ്പോലെ വി.എസിനും ഇല്ല. അതുകൊണ്ടുതന്നെ തമസ്ക്കരണത്തിന്റെയോ വിസ്മൃതിയുടെയോ പ്രശ്‌നം അക്കാല വി.എസിനു നേരിടേണ്ടിവരില്ല.
എന്നാൽ 1990-കളുടെ പകുതിയിൽ തുടങ്ങി 2001-ലെ പ്രതിപക്ഷ നേതൃസ്ഥാനം മുതൽ മറ്റൊരു തരത്തിലുള്ള വളരെ കൃത്യമായൊരു രാഷ്ട്രീയരൂപമാർജ്ജിച്ച വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയപ്രവർത്തനം പല നിലകൾക്കൊണ്ടും ഔദ്യോഗികമായ പാർട്ടി സ്വീകാര്യതയ്ക്ക് പുറത്താണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തോട് അഭേദ്യമായി ചേർന്നുനിൽക്കുന്ന, ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെയുള്ള ആറുപതിറ്റാണ്ടു കാലത്തോളം വരുന്ന വി.എസിന്റെ പാർട്ടി സംഘടനാ രാഷ്ട്രീയജീവിതത്തിൽ നിന്ന് ഗുണപരമായൊരു മാറ്റമുണ്ടായ ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം വരുന്ന കാലം, അതിപ്രസക്തവും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽത്തന്നെ സവിശേഷമായൊരു സ്ഥാനമുണ്ടാക്കുന്നതും.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രഘട്ടങ്ങളിലെല്ലാം, അത് ഇന്ത്യയിലാകട്ടെ ആഗോളമണ്ഡലത്തിലാകട്ടെ, കർക്കശവും ദൃഢവുമായ സംഘടനാശരീരത്തെയാണ് രാഷ്ട്രീയപ്രയോഗത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇത്തരത്തിലൊരു സംഘടനാശരീരത്തിലൂടെയല്ലാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തനം അസാധ്യമാണെന്നാണ് അവിതർക്കിതമായൊരു നിശ്ചയമായി കൊണ്ടുനടന്നതും. വിപ്ലവത്തിന്റെ ആസന്നകാലത്തോ അല്ലെങ്കിൽ വിപ്ലവത്തിന്റെ നടപ്പുകാലത്തോ പ്രയോഗിച്ച സംഘടനാരൂപമാണ് അതിന്റെയൊന്നും ഛായകൾ പോലുമില്ലാത്ത കാലത്തും കൊണ്ടുനടക്കേണ്ടതും പ്രയോഗിക്കേണ്ടതും എന്നാണ് ഇപ്പോൾപ്പോലും നിലനിർത്താൻ ശ്രമിക്കുന്ന സംഘടനാബോധം. സംഘടനാ ശരീരത്തെക്കുറിച്ചുള്ള ഈയൊരു ബോധത്തെയാണ് വി.എസ് മറികടന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കാതെ പോയ രാഷ്ട്രീയനവീകരണമാണ് വി.എസിന് സാധ്യമായത്. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളിലും അധികാരത്തർക്കങ്ങളിലും വി.എസിനൊപ്പം നിന്ന വലിയൊരു വിഭാഗം നേതാക്കളും ഇത്തരത്തിലൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നവീകരണപ്രക്രിയ സാധ്യമായവരായിരുന്നില്ല.
ആദ്യകാലങ്ങളിൽ വി എസിന്, ഈ സംഘടനാ ശരീരത്തിന്റെ ജൈവഘടനയെ ഉല്ലംഘിക്കുക എന്നത്, അതിന്റെ എല്ലാ അർത്ഥത്തിലും ബോധപൂർവ്വമായൊരു തെരഞ്ഞെടുപ്പായിരുന്നില്ല. മറിച്ച്, ഇതേ സംഘടനാശരീരത്തിന്റെ അധികാരനിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ പരാജയങ്ങളിൽനിന്നുമുണ്ടായ അനിവാര്യതയായിരുന്നു. എന്നാൽ കാലക്രമേണ അത് ബോധപൂർവമായൊരു തെരഞ്ഞെടുപ്പായി മാറുന്നത് നമുക്ക് കാണാം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് അത് വലിയൊരു വെല്ലുവിളിയായിരുന്നു. ഒരുപക്ഷേ, കേരളത്തിൽ ആ പാർട്ടിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും കർക്കശമായ സംഘടനാശാഠ്യങ്ങളും നിയന്ത്രണത്വരയും പ്രകടിപ്പിച്ചൊരു നേതാവ്, അതേ പ്രവണതകളേയും അതേ ഘടനയേയും പാർട്ടിക്ക് പുറത്തുപോകാതെത്തന്നെ ചോദ്യംചെയ്യുക എന്നതായിരുന്നു ആ വെല്ലുവിളി. ആ വെല്ലുവിളിയാകട്ടെ, കേവലമായൊരു സംഘടനനിയന്ത്രണത്തിന്റെയോ ഘടനയുടെയോ പ്രശ്നമായി ഒതുങ്ങുകയോ ചുരുങ്ങുകയോ ചെയ്തില്ല എന്നതായിരുന്നു അതിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ പാർട്ടിയെ കുഴപ്പിച്ചുകളഞ്ഞ സംഗതി. അവിടെവെച്ചാണ് വി.എസ് വാസ്തവത്തിൽ വി.എസ് കൂടി ഭാഗമായ ഔദ്യോഗിക കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൽ നിന്ന് വഴിമാറുന്നത്. അതൊരു കമ്മ്യൂണിസ്റ്റ് വഴിയായിരുന്നു എന്നതിൽ സംശയമില്ല, പക്ഷെ തീർച്ചയായും അതിനു കമ്മ്യൂണിസ്റ്റ് സംഘടനാശരീരത്തിന്റെ ചരിത്രഭാരങ്ങളില്ലായിരുന്നു.
മാറുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം,
ലോകക്രമം
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ തർച്ചയുടെ കാലമായിരുന്നു 1990-കൾ. ലോകത്തിലെ ആദ്യ സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയൻ തകർന്നു. ആ രാജ്യം തന്നെ ഇല്ലാതായി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി തകർന്നു, അധികാരം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലും പ്രയോഗത്തിലും ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായി മാറാമെന്നതിന് ഉദാഹരണങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു. ചൂഷണത്തിനെതിരായ, സമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലെ കമ്യൂണിസ്റ്റ് കക്ഷികളുടെ മുന്നണിപ്പോരാളിസ്ഥാനം ദുർബ്ബലമാവുകയോ മാഞ്ഞുപോകുകയോ ചെയ്തുകൊണ്ടിരുന്നു.

ലോകത്താകട്ടെ മുതലാളിത്ത ചൂഷണം എതിരാളികളില്ലാത്ത പുതിയ ലോകക്രമത്തിൽ അതിന്റെ അതിഭീഷണമായ പ്രത്യാഘാതങ്ങളോടെ അലറിക്കുതിച്ചുകൊണ്ടിരുന്നു. മുതലാളിത്തമല്ലാതെ മറ്റ് വഴികളൊന്നുമില്ല എന്നും നവ-ഉദാരവത്ക്കരണവും പുതിയ വിധികളായി. ആഗോള സോഷ്യലിസ്റ്റ് ചേരിയുടെ നിലനിൽപ്പ് തങ്ങളുടെ രാഷ്ട്രീയാസ്തിത്വത്തിന്റെ ഭാഗമായിത്തന്നെ കരുതിയിരുന്ന ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കൂട്ടത്തകർച്ച കടുത്ത തിരിച്ചടിയിലേക്കുള്ള പാത തുറന്നെങ്കിലും സംഘടനാ യന്ത്രമെന്ന നിലയിൽ അവർ പിടിച്ചുനിന്നു. എന്നാലത് ഏതെങ്കിലും തരത്തിലുള്ള കമ്മ്യൂണിസ്റ്റ്, മാർക്സിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തിന്റെ വിപ്ലവകരമായ പുതുക്കലുകളിലൂടെയല്ല സംഭവിച്ചത്. അതുവരെയുണ്ടായിരുന്ന സംഘടനാ യന്ത്രത്തെ പുതിയ ലോകസാഹചര്യങ്ങളുയർത്തിയ പ്രത്യയശാസ്ത്രപരമോ, പ്രയോഗപരമോ ആയ പ്രശ്നങ്ങളെ പ്രായോഗികമായി അഭിസംബോധനചെയ്യാതെ നിലനിർത്തുക മാത്രമായിരുന്നു ചെയ്തത്. ഒപ്പംതന്നെ സാവകാശത്തിൽ മുതലാളിത്തവ്യവസ്ഥയുടെ രാഷ്ട്രീയ, സാമ്പത്തിക ക്രമത്തെ അതിന്റെ പുതിയ രീതികളിൽ അംഗീകരിക്കാനും പാർട്ടി തയ്യാറായി.
ഈയൊരു മാറ്റം ലോകാത്താകെയുണ്ടായി. അതിനൊപ്പം മുതലാളിത്തചൂഷണത്തിന്റെ, നവ ഉദാരീകരണത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾക്കെതിരെ ലോകത്ത് ചെറിയ സമരങ്ങൾ ഉയർന്നുതുടങ്ങുകയു ചെയ്തു. ഇന്ത്യയിലും ഇത്തരം സമരങ്ങളും ചെറുത്തുനില്പുകളുമുണ്ടായിത്തുടങ്ങി. മുതലാളിത്ത വികസനത്തിനായി ഉപജീവനമാർഗങ്ങളും ഭൂമിയും നഷ്ടമാകുന്ന മനുഷ്യർ, കൂടുതൽ സമഗ്രാധിപത്യരീതികളിലേക്ക് പോകുന്ന ഭരണകൂടം, ജനകീയസമരങ്ങൾക്കുനേരെ നടത്തുന്ന ഭീകരമായ അടിച്ചമർത്തലുകൾ, രൂക്ഷമായ തൊഴിൽ ചൂഷണം, മുതലാളിത്തവ്യവസ്ഥയും അതിന്റെ നടത്തിപ്പും ഭൂമിയിലെ ജീവന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും വിധത്തിലാക്കിയത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിങ്ങനെയായി നിരവധി പ്രശ്നങ്ങളും ഉയർന്നുവന്നു.
കേരളീയ സമൂഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയഭാവനയെയും ജനാധിപത്യത്തിലെ നിരന്തര പ്രതിപക്ഷത്തിന്റെ രാഷ്ട്രീയസൗന്ദര്യത്തെയുമാണ് വി.എസിനെ സാധ്യമാക്കിയ കാലത്ത് മലയാളികളുടെ ജനശരീരം പ്രസരിപ്പിച്ചത്.
എന്നാൽ ആഗോള സോവിയറ്റ് ചേരിയുടെ തകർച്ചയിൽ സ്തംഭിച്ചുപോയ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഇത്തരം പ്രശ്നങ്ങളെയൊന്നും തൊലിപ്പുറമേയല്ലാതെ സ്പർശിച്ചില്ല. മുതലാളിത്ത വികസനത്തിന്റെ മാതൃകയെ അംഗീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നവർ പ്രഖ്യാപിക്കുകയും ചെയ്തു.
ദിശ മാറിയൊഴുകുന്ന വി.എസ്
ഈയൊരു ചരിത്രസാഹചര്യത്തിലാണ് വി.എസ്. അച്യുതാനന്ദൻ പാർട്ടിയുടെ സംഘടനാശരീരത്തിൽ നിന്ന് ദിശ മാറുന്നത്. നേരത്തെ പറഞ്ഞപോലെ ആദ്യകാലങ്ങളിൽ അത് ബോധപൂർവ്വമായൊരു വഴിമാറലായിരുന്നില്ല എങ്കിലും പിന്നീടത് മുതലാളിത്ത ചൂഷണത്തിന്റെയും അതിന്റെ നവ ഉദാരീകരണത്തിന്റെയും സൃഷ്ടികളായ പ്രശ്നങ്ങളിലുള്ള ഇടപെടലുകളുടെയും പ്രതിരോധ സമരങ്ങളുടെയും രൂപത്തിലേക്ക് മാറി. ചരിത്രപരമായൊരു പുതുക്കൽ ഉണ്ടാക്കിയെടുക്കാൻ ഒരു രാഷ്ട്രീയ സംഘടനാ രൂപമെന്ന നിലയിൽ കഴിയാതെപ്പോയ പാർട്ടി സംഘടനയും അതിനു കഴിഞ്ഞ വി.എസ് അച്യുതാനന്ദനും തമ്മിൽ അനിവാര്യമായും നടന്ന സംഘർഷങ്ങളാണ് പല രൂപത്തിൽ നാം പിന്നീട് കണ്ടത്.

കാലം ആവശ്യപ്പെടുന്ന പുതുക്കലുകൾക്ക് തയ്യാറാകാതെ, മുതലാളിത്തത്തിന്റെ കൂടുതൽ മികച്ച നടത്തിപ്പുകാരാകാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ ബംഗാളിൽ പ്രത്യക്ഷത്തിൽത്തന്നെ തകർന്നു. എന്നാൽ തിരിച്ചുപോക്കില്ലാത്ത വിധം മുതലാളിത്ത നടത്തിപ്പിന്റെ രാഷ്ട്രീയായുക്തിയെ സ്വീകരിച്ച സംഘടനയ്ക്ക് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ഒരു ബൗദ്ധികവ്യായാമം പോലുമല്ലാതായി. അവിടെയാണ് വി.എസ്. ഈ ചരിത്രസന്ദർഭത്തെ അസാധാരണമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയജാഗ്രതയോടെ പിടിച്ചെടുത്തത്. അതൊരു ചരിത്രസന്ദർഭത്തിലെ, കാലത്തിലെ രൂപപ്പെടലാണ്. അതുകൊണ്ടാണ് അതിനുമുമ്പുള്ള വി.എസ്. അച്യുതാനന്ദനിലുള്ള പലതും അവസാന രണ്ടു പതിറ്റാണ്ടിലെ വി.എസിൽ പ്രകടമായ തരത്തിൽ കാണാനാകാതെ പോകുന്നത്. അതിനു മുമ്പുള്ള നിലപാടുകളിൽ നിന്നുള്ള വൈരുധ്യങ്ങൾ പോലും കാണാനാകുന്നത്. കാരണം അതൊരു രാഷ്ട്രീയമായ പുതുക്കലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കാതെ പോയ ഈ രാഷ്ട്രീയനവീകരണമാണ് വി.എസിന് സാധ്യമായത്. പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളിലും അധികാരത്തർക്കങ്ങളിലും വി.എസിനൊപ്പം നിന്ന വലിയൊരു വിഭാഗം നേതാക്കളും ഇത്തരത്തിലൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയനവീകരണപ്രക്രിയ സാധ്യമായവരായിരുന്നില്ല. അതുകൊണ്ടാണവർ വിഭാഗീയതയിൽ തോറ്റ വി.എസിൽ നിന്ന് വിഭാഗീയതയിൽ ജയിച്ച പിണറായി വിജയനിലേക്ക് ‘രക്ഷകാ’ എന്ന നിലവിളിയോടെ ഓടിയെത്തിയത്. മെച്ചപ്പെട്ട രാഷ്ട്രീയാധികാരജീവിതം മാത്രമായിരുന്നു അവർക്ക് പ്രശ്നം.
രാഷ്ട്രീയസമരങ്ങൾ കൊണ്ടു മാത്രമാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജൈവാസ്തിത്വം സാധ്യമാകുന്നത്. അതില്ലാതാകുമ്പോൾ അതിനു പുറത്തു നടത്തുന്ന സമരങ്ങളാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമെന്ന് തിരിച്ചറിയാൻ വി.എസിനു കഴിഞ്ഞു.
വി.എസ് ജീവിച്ച ജനശരീരം
ലോകത്തെങ്ങും നവ ഉദാരീകരണ കാലത്തുയർന്ന സമരങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടേതുപോലെ, ചരിത്രപരമായിത്തന്നെ സംഘടിതവും ശിക്ഷിതവുമായ സംഘടനാരൂപങ്ങളുടെ നേതൃത്വത്തേക്കാളേറെ, ജനങ്ങളുടെ പൊടുന്നനെയുള്ള കൂടിച്ചേരലും പ്രതിരോധവും സമരങ്ങളും അവയുടെ പലവിധ തുടർച്ചകളുമായിരുന്നു അക്കാലത്തുയർന്നുതുടങ്ങിയത്. കേരളത്തിൽ വി.എസ്. അച്യുതാനന്ദനെ സാധ്യമാക്കിയ രാഷ്ട്രീയ കാലാവസ്ഥ ഇപ്പറഞ്ഞ പ്രതിരോധത്തിന്റെ ജനശരീരമായിരുന്നു. അങ്ങനെയാണ് പാർട്ടിയുടെ സംഘടനാശരീരം പ്രായോഗികാർത്ഥത്തിൽ പുറത്താക്കിയതും ആ മട്ടിൽത്തന്നെ അതിനു പുറത്തുപോന്നതുമായ വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജനശരീരത്തിൽ ജീവിച്ചത്.
ലോകത്തെങ്ങും മുതലാളിത്ത, നവ- ഉദാരീകരണ ഭരണകൂട നടപടികൾക്കും ഭരണകൂടങ്ങൾക്കുമെതിരെ നടന്ന സമരങ്ങളിൽ സോവിയറ്റ് തകർച്ചക്ക് ശേഷമുള്ള കാലത്ത് പ്രത്യേകമായും നമുക്ക് ഈ ജനശരീരത്തെ കാണാനാകും. കേരളത്തിൽ സംഘടിത രാഷ്ട്രീയകക്ഷികളുടെ പിടിയിൽനിന്ന് കുതറിനിന്ന ജനങ്ങൾ അത്തരത്തിലൊരു ജനശരീരമായി ചേർന്നത് വി.എസ്. അച്യുതാന്ദനൊപ്പമായിരുന്നു. ആ ജനശരീരവും പാർട്ടിയുടെ സംഘടനാ ശരീരവും തമ്മിലുള്ള ബലാബലത്തിൽ പാർട്ടി തോറ്റുകൊണ്ടിരുന്നു എന്നതാണ് വസ്തുത. സംഘടനയ്ക്കുള്ളിൽ സാമ്പ്രദായിക പാർട്ടി സംഘടനയുടെ ഘടനയും അതിനെ ഉപയോഗിച്ചുള്ള പുത്തൻ മുതലാളിത്ത ദാസ്യവും വിജയിച്ചുനിന്നെങ്കിലും അതിനുപുറത്ത് വി.എസ്. അച്യുതാനന്ദൻ കേരളത്തിൽ സാധാരണക്കാരായ മനുഷ്യരുടെ ഒരു പുതിയ പ്രതിരോധനിരയുണ്ടാക്കുകയായിരുന്നു. ഈ പ്രതിരോധം വി.എസിന്റെ വ്യക്തിപരമായ സൃഷ്ടിയായിരുന്നില്ല എന്നു കൂടിയാണ് നമ്മളിതുവരെ പറഞ്ഞതും. എന്നാൽ അതിനു പാകമായ, അല്ലെങ്കിൽ അത്തരത്തിലൊന്നിനെ ആവശ്യപ്പെടുന്ന ചരിത്രസന്ദർഭത്തെ കൈനീട്ടിപ്പിടിച്ച വി.എസ്. കുട്ടനാട്ടിലെ ചളിനിലങ്ങളിൽ വിപ്ലവം വിതയ്ക്കാനിറങ്ങിയ ആ പഴയ കമ്മ്യൂണിസ്റ്റുകാരനായിരുന്നു.

1990-കൾ മുതൽ വി.എസ്. ഏറ്റെടുത്ത പ്രശ്നങ്ങളിലെല്ലാം ഈ ചെറുത്തുനിൽപ്പിന്റെ ധാര കാണാം. പാരിസ്ഥിതിക സമരങ്ങൾ വി.എസ്. അച്യുതാനന്ദന്റെ ഏറ്റവും സജീവമായ സമരനിലമാകുന്നത് അങ്ങനെയാണ്. മുതലാളിത്ത ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ ഭൂമിയിലെ ആവാസവ്യവസ്ഥയെത്തന്നെ തകർക്കുകയും കാലാവസ്ഥാ മാറ്റമടക്കമുള്ള വലിയ കുഴപ്പങ്ങൾ ഈ കാലഘട്ടത്തിന്റെ ഏറ്റവും അപായകരമായ പ്രതിസന്ധികളാക്കി മാറ്റുകയും ചെയ്യുമ്പോഴാണ് കേരളത്തിൽ പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ പ്രയോഗഭൂമിയിലേക്ക് വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് വരുന്നത്.
വെട്ടിനിരത്തൽ സമരമെന്ന് ആക്ഷേപിക്കപ്പെട്ട നിലംനികത്തൽ വിരുദ്ധ സമരത്തിലൂടെ കൃഷിഭൂമിയുടെ സാമൂഹ്യ ഉടമസ്ഥത എന്ന രാഷ്ട്രീയ പ്രശ്നമാണ് ഉയർന്നത്. അതേസമയം അക്കാലങ്ങളിലും പിന്നീടിങ്ങോട്ടുമെല്ലാം പാരിസ്ഥിതിക രാഷ്ട്രീയത്തിനോട് പ്രകടമായ ശത്രുതയാണ് പാർട്ടി സംഘടന സ്വീകരിച്ചത്. പാരിസ്ഥിതിക രാഷ്ട്രീയമെന്നത് 21-ാം നൂറ്റാണ്ടിലെ വർഗ്ഗസമര രാഷ്ട്രീയത്തിന്റെ പരിപാടി കൂടിയാണ്. എന്നാൽ മുതലാളിത്ത വികസനമല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് പ്രയോഗത്തിലാക്കിയ പാർട്ടിക്ക് പാരിസ്ഥിതിക രാഷ്ട്രീയ സമരങ്ങൾ വികസനംമുടക്കി സമരങ്ങൾ മാത്രമായി. ലോകമെങ്ങുമുള്ള മുതലാളിത്ത വിരുദ്ധ രാഷ്ട്രീയസമരങ്ങളിലെ ഈ രാഷ്ട്രീയ പ്രമേയത്തെ സാധ്യമായ തരത്തിലെല്ലാം പ്രയോഗിക്കാൻ വി.എസ് ശ്രമിച്ചുവെന്നത് ചെറിയ കാര്യമല്ല.
മതികെട്ടാൻ, ജീരകപ്പാറ, പൂയംകുട്ടി, പ്ലാച്ചിമട തുടങ്ങി മൂന്നാർ വരെയെത്തിയ സമരങ്ങളെല്ലാം ഈ രാഷ്ട്രീയപ്രയോഗത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ഇതിലെല്ലാം പാർട്ടി സംഘടന അതിന്റെ കടുത്ത അസംതൃപ്തി പ്രകടമാക്കിയായിരുന്നു വി.എസിനെ നേരിട്ടത്. അപ്പോഴെല്ലാം പാർട്ടിയുടെ സംഘടനാശരീരത്തിൽ നിന്ന് വി.എസിനെ പുറത്തേക്ക് കളയാതിരുന്നത് പാർട്ടിയുടെകൂടെ നിലനിൽപ്പ് സാധ്യമാക്കുന്ന ജനങ്ങളുൾപ്പെട്ട ജനശരീരത്തിന്റെ മറ്റൊരു ആവാസവ്യവസ്ഥയിൽ വി.എസ് ഒരു പുതിയ സമരജീവിതമുണ്ടാക്കിയിരുന്നു എന്നതുകൊണ്ടാണ്.
സ്വാതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള നിലപാട് ഇത്തരത്തിൽ, ആഗോള മുതലാളിത്ത വിരുദ്ധ സമരങ്ങളുമായാണ് ചേർത്തുവെക്കേണ്ടത്. അതാകട്ടെ സാമ്പ്രദായിക മട്ടിലുള്ള ഒരു പ്രശ്നവുമല്ല. കോവിഡ് കാലത്ത് ഡാറ്റാ വ്യവഹാരത്തിൽ പുതിയ മുതലാളിത്ത ചൂഷണക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ കേരളത്തിലെ പാർട്ടി സംഘടനാ നേതൃത്വം അതിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയവിഷയമല്ല എന്ന മട്ടിൽ തള്ളിക്കളയാനാണ് ശ്രമിച്ചതെന്നത് സ്വതന്ത്ര സോഫ്റ്റ് വെയർ വിഷയത്തിലെ നിലപാടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
പാർട്ടി സംഘടനയ്ക്ക് പുറത്തുള്ള പൊതുസമൂഹത്തിൽ വി.എസ്. അച്യുതാനന്ദൻ രണ്ട് പ്രധാന പ്രവണതകളെ പ്രതിനിധീകരിച്ചു.
ഒന്ന്: കേരളത്തിൽ രാഷ്ട്രീയ കക്ഷികളുടെ സംഘടിത ഘടനയ്ക്കു പുറത്ത് രൂപപ്പെടാൻ ശ്രമിക്കുന്ന ഒരു പൗരസമൂഹമണ്ഡലത്തെ അതിനിർണ്ണായകമായൊരു ഘട്ടത്തിൽ മുന്നിൽനിന്നു നയിച്ചു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനയിൽ തന്റെ ജീവിതത്തിന്റെ മുക്കാൽ നൂറ്റാണ്ടും ജീവിച്ചതിനുശേഷം ഇത്തരത്തിൽ പൗരസമൂഹത്തിന്റെ അയഞ്ഞതും തുറന്നതുമായ വ്യവഹാരമാതൃകകളിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുതലാളിത്ത വിരുദ്ധവും സാമ്പ്രദായിക കക്ഷിരാഷ്ട്രീയ പ്രമേയങ്ങൾക്ക് പുറത്തുള്ളതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയെന്നത് ഒട്ടും എളുപ്പമല്ല. അതിനുള്ള വി.എസിന്റെ വഴക്കപ്രശ്നം മാത്രമല്ല, അത് സ്വീകരിക്കാനുള്ള പൗരസമൂഹത്തിന്റെ സന്നദ്ധതയും വലിയ പ്രശ്‌നമാണ്. എന്നാൽ അത്തരത്തിലൊരു പ്രശ്നത്തെ കേരളീയ സമൂഹം കുറച്ചുകാലത്തേക്ക് മറികടക്കുകയും വി.എസ്. അതിന്റെ വാഹനമാവുകയും ചെയ്തു. കേരളത്തിലെ ജനാധിപത്യ പൗരസമൂഹത്തിന്റെ ചരിത്രപരമായ രൂപപ്പെടലിൽ ഈയൊരു കാലഘട്ടം ഒട്ടും ചെറുതല്ലാത്ത പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഐസ്ക്രീം പാർലർ കേസ് മുതൽ സൂര്യനെല്ലി, വിതുര കേസുകൾ വരെ, നീതിബദ്ധമായൊരു നിലപാട് പുലർത്തിയത് ചെറിയ കാര്യമല്ലായിരുന്നു.
രണ്ട്: ജനാധിപത്യമെന്നാൽ വോട്ടു ചെയ്യാൻ വരിനിൽക്കുന്നൊരു ദിവസം മാത്രമാണെന്നതിൽ നിന്ന്, അത് രാഷ്ട്രീയാധികാരത്തിലുള്ള നിരന്തരമായ ഇടപെടലാണെന്നത് നമ്മുടെ സമൂഹത്തിന് സാധ്യമാക്കാൻ കഴിയാത്ത ഒന്നാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മാത്രമല്ല മുഖ്യമന്ത്രിയെന്ന നിലയിലും വി.എസ്. അച്യുതാനന്ദൻ വാസ്തവത്തിൽ അസാധാരണമായ തരത്തിൽ ഇത്തരത്തിലൊരു ഇടപെടലിനെയാണ് പ്രതിനിധീകരിച്ചത്. ഒരു അധികാരസ്ഥാനത്തിന്റെ ഭാഗമായല്ല, ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛയുടെ സ്വാഭാവികമായൊരു തുടർച്ചയായാണ് വി.എസ്. തന്നെ ഈ രണ്ടു പദവികളിലും രൂപപ്പെടുത്തിയത്. രാഷ്ട്രീയാധികാരത്തോട് നിരന്തര പ്രതിപക്ഷമായിരിക്കുക എന്നതാണ് ജനാധിപത്യ സമൂഹത്തിൽ ഒരു ജനതയ്ക്ക് ഏർപ്പെടാനാകുന്ന ഏറ്റവും ജൈവമായ രാഷ്ട്രീയ പ്രക്രിയ. വി.എസ് അച്യുതാനന്ദൻ രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഈ ജനാധിപത്യ ജൈവപ്രക്രിയയെ അസാമാന്യമായ രാഷ്ട്രീയധൈര്യത്തോടെയും അതീവകൗശലത്തോടെയും പ്രയോഗിച്ചുകൊണ്ടിരുന്നു. അത്തരത്തിലൊരു വി.എസിന് പാർട്ടി സംഘടനയ്ക്കുള്ളിൽ ശ്വസിക്കാനാകില്ല. ജനാധിപത്യത്തിന്റെ നിരന്തര പ്രതിപക്ഷമെന്ന പൗരസമൂഹസങ്കല്പനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രമല്ല രാഷ്ട്രീയകക്ഷികളുടെ സംഘടനാശരീരങ്ങളൊന്നും നിലവിൽ ഉൾക്കൊള്ളുന്നില്ല. ജലത്തിൽ മീനെന്നപോലെ ജനങ്ങളിലായിരുന്നു വി.എസ് അപ്പോൾ ശ്വസിച്ചത്.
സംഘടനാ അച്ചടക്കവും
പ്രത്യയശാസ്ത്ര അച്ചടക്കവും
പാർട്ടി സംഘടനയുടെ അച്ചടക്കം എന്തുതരം അച്ചടക്കമാണ് എന്ന ചോദ്യം ഒരു സംഘടനാ പ്രശ്‌നത്തിനപ്പുറം പൊതുസമൂഹത്തിന്റെ രാഷ്ട്രീയപ്രശ്നമായത് വി.എസിലൂടെയാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രണ്ടുതരം അച്ചടക്കങ്ങളുണ്ടാകും. ഒന്ന് അതിന്റെ സംഘടനാ അച്ചടക്കം. മറ്റൊന്ന് അതിന്റെ പ്രത്യയശാസ്ത്ര അച്ചടക്കം.
ആധുനിക, ജനാധിപത്യ രാഷ്ട്രീയത്തിൽ അച്ചടക്കമെന്നത് മതസമാനമായ വിശ്വാസവും ഒട്ടിച്ചേർന്നുനിൽക്കലുമല്ല. അത് കൂടുതൽ ജനാധിപത്യസാധ്യതയിലേക്കുള്ള ഒരു ക്രമീകരണം മാത്രമാകണം. എന്നാൽ അങ്ങനെയൊന്നുമല്ല അത് രൂപപ്പെട്ടതെന്ന് ചരിത്രം കാണിക്കുന്നുണ്ട്. പ്രത്യയശാസ്ത്രപരമായ അച്ചടക്കം നഷ്ടപ്പെടുന്നൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘശരീരം അപകടകരമായ രീതിയിൽ മനുഷ്യരുടെ അച്ചടക്കത്തെ ദുരുപയോഗിക്കുന്നൊരു സംവിധാനമായി മാറും. കേരളത്തിൽ ഇത് സംഭവിക്കുന്നത് ഒട്ടും സങ്കീർണ്ണമല്ലാത്ത പ്രക്രിയയിലൂടെയാണ്. അത്രയും ലളിതമായാണ് അത് സംഭവിക്കുന്നത്. വി.എസ് ഈ പ്രക്രിയയിൽ സംഘടനാ അച്ചടക്കത്തെ ലംഘിക്കുകയും പ്രത്യയശാസ്ത്രപരമായ അച്ചടക്കത്തിനൊപ്പമാണ് താനെന്ന് പറയുകയും ചെയ്തു.

സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോരുന്ന വി.എസ്. അച്യുതാന്ദൻ അങ്ങനെ ചെയ്യുന്നത് പാർട്ടിക്ക് പുറത്താണ് പാർട്ടി എന്നറിഞ്ഞതുകൊണ്ടാണ്. വി.എസിനെ “Capital punishment’- ന് വിധേയനാക്കണം എന്ന് സംസ്ഥാന സമ്മേളനത്തിൽ ഒരു യുവപ്രതിനിധി പ്രസംഗിച്ചത് (അത്തരത്തിലുള്ള ഉൾപ്പാർട്ടി ഗുണ്ടകൾക്ക് കിട്ടുന്ന സ്ഥാനലബ്‌ധികൾ ഒട്ടും വൈകാതെ അയാളെത്തേടിയെത്തിയെന്നത് സ്വാഭാവികം) ചരിത്രപരമായിത്തന്നെ യാദൃച്ഛികമല്ലായിരുന്നു. അന്നേക്കൊരു രണ്ടര പതിറ്റാണ്ടു മുമ്പായിരുന്നുവെങ്കിൽ പാർട്ടി സംസ്ഥാന സമ്മേനത്തിൽനിന്ന് ഇറങ്ങിപ്പോകുന്ന വി.എസ്. അച്യുതാനന്ദന് ആ വഴിക്ക് നേരെപ്പോവുകയേ പറ്റുമായിരുന്നുള്ളു. എന്നാൽ വി.എസ്. ഇറങ്ങിപ്പോരുന്ന കാലം അതല്ലായിരുന്നു. പാർട്ടിയുടെ സംഘടനാ ശരീരത്തിനുപുറത്ത് ഇടതുപക്ഷമെന്ന രാഷ്ട്രീയഭാവനയെ നിലനിർത്തുന്നൊരു ജനശരീരത്തിൽ വി.എസ് തന്റെ രാഷ്ട്രീയാഭയം സാധ്യമാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കളെയെല്ലാം കൂവിയോടിച്ച, മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിൽ വി.എസ്. അച്യുതാനന്ദൻ നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾക്കിടയിൽ കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ സമരങ്ങളുടെ മുഴുവൻ വിശ്വാസ്യതയും സാന്ദ്രീകരിച്ചിരുന്നത് ഈ രാഷ്ട്രീയാഭയത്തിന്റെ ചരിത്രസന്ദർഭങ്ങളിലൊന്നായിരുന്നു. അതിനെ മറികടക്കാനുള്ള ശേഷി പാർട്ടിയുടെ സംഘടനാ ശരീരത്തിന് നഷ്ടപ്പെടുകയും ചെയ്തു.
ഏകശിലപോലൊരു പാർട്ടി സംഘടന ഒപ്പം നിന്നിട്ടും വി.എസിനോടുള്ള യുദ്ധത്തിൽ പിണറായി വിജയൻ പൊതുസമൂഹത്തിനുള്ളിൽ തുടർച്ചയായി പരാജയപ്പെട്ടത് കേരളം വി.എസിനു ചുറ്റും തീർത്ത ഈ രാഷ്ട്രീയ ഐക്യദാർഢ്യത്തിന്റെ നെടുങ്കോട്ടയിൽ തട്ടിയായിരുന്നു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയശരികൾ അവസരവാദ രാഷ്ട്രീയത്തിന്റെയും മുതലാളിത്ത വിധേയത്വത്തിന്റെയും നടകളിൽ എറിഞ്ഞുടയ്ക്കാൻ ശ്രമിച്ചപ്പോഴെല്ലാം പാർട്ടിക്ക് പുറത്തുനിന്നുള്ള പാർട്ടിക്കകത്തെ സമരകാലത്തിൽ വി.എസ് എതിർപ്പുകളുയർത്തി. PDP, DIC പാർട്ടികളുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങൾക്കെതിരെ പാർട്ടിയിൽ പ്രതിരോധം തീർത്തത്, പാർട്ടിക്കുള്ളിലെ പിന്തുണ കൊണ്ടല്ല പുറത്തുള്ള പിന്തുണ കൊണ്ടാണ്. വി.എസിനെതിരെ ഹാരിസ് അബൂബക്കറെന്ന പുത്തൻ വ്യവസായി സുഹൃത്തിനെ കൈരളി ടി.വിയിൽ അഭിമുഖം നടത്തി ആക്രമിക്കാൻ മാത്രം പക്ഷങ്ങളും സഖ്യങ്ങളും രൂപപ്പെട്ടിരുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വി.എസ് എടുത്ത നിലപാടുകൾക്കും കേരളത്തിലെ പൊതുസമൂഹത്തിൽ സാവകാശം ഉയർന്നുവന്ന സ്ത്രീവിമോചന രാഷ്ട്രീയത്തോട് ചേർന്നുനിന്നതുകൊണ്ട് വലിയ പിന്തുണയാണ് ലഭിച്ചത്. ഐസ്ക്രീം പാർലർ കേസ് മുതൽ സൂര്യനെല്ലി, വിതുര കേസുകൾ വരെ, നീതിബദ്ധമായൊരു നിലപാട് പുലർത്തിയത് ചെറിയ കാര്യമല്ലായിരുന്നു. പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കാണിച്ചവരെ കയ്യാമം വെച്ചു നടത്തിക്കും എന്നുപറഞ്ഞ വി.എസിന്, മുഖ്യമന്ത്രിയായിട്ടും അതിനു കഴിഞ്ഞില്ല എങ്കിലും അതുതന്നെ വീണ്ടും ആവർത്തിച്ച വി.എസിന് പഴയ അതേ സ്വീകാര്യത ജനങ്ങളിൽ നിന്നു കിട്ടിയത്, വി.എസിന്റേത് ഒരു രാഷ്ട്രീയ നിലപാടാണെന്നും അതിന്റെ പ്രയോഗശത്രുക്കൾ ആരാണെന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ടായിരുന്നു.
ഏകശിലപോലൊരു പാർട്ടി സംഘടന ഒപ്പം നിന്നിട്ടും വി.എസിനോടുള്ള യുദ്ധത്തിൽ പിണറായി വിജയൻ പൊതുസമൂഹത്തിനുള്ളിൽ തുടർച്ചയായി പരാജയപ്പെട്ടത് കേരളം വി.എസിനു ചുറ്റും തീർത്ത ഈ രാഷ്ട്രീയ ഐക്യദാർഢ്യത്തിന്റെ നെടുങ്കോട്ടയിൽ തട്ടിയായിരുന്നു.
പാടവരമ്പിലെ ചളിയിൽ പുതയുന്ന കാലുകൾ വലിച്ചെടുത്ത് കര്ഷകത്തൊഴിലാളികളോട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പറഞ്ഞും സംഘടനയുണ്ടാക്കിയും വീണ്ടും ഇരുളിൽ നടക്കുന്ന ചെറുപ്പക്കാരനെ കാത്തിരുന്നതിൽ ഏറ്റവുമടുത്തുണ്ടായിരുന്നത് മരണമായിരുന്നു. അതിഭീകരമായ മർദ്ദനങ്ങൾക്കൊടുവിൽ മരിക്കാതെ പോയതിന്റെ യാദൃച്ഛികതക്ക് ആറു പതിറ്റാണ്ടിപ്പുറം ചളിയിൽനിന്ന് മരണത്തിലേക്കും മരണത്തിൽ നിന്ന് വീണ്ടും ചളിയിലേക്കുമിറങ്ങി അയാൾ കൂടിയുണ്ടാക്കിയ പാർട്ടിയുടെ അന്നത്തെ സെക്രട്ടറി, “കാലിലൊരു കമ്പു കൊണ്ടെന്നോ മറ്റോ പറയുന്നെന്ന്” പഴയ ചെറുപ്പക്കാരനായ പുതിയ വൃദ്ധനെ ആക്ഷേപിച്ചപ്പോൾ, ഇടികൊണ്ടും മുതുകൊടിഞ്ഞും ചോര തുപ്പിയും വെടിയുണ്ട തിന്നും മറഞ്ഞുപോയ മനുഷ്യർ ഒരൊറ്റ ശരീരമായി കേരളത്തിൽ പിടഞ്ഞെഴുന്നേറ്റിരുന്നു.
നീതിയുടെ രാഷ്ട്രീയക്ഷോഭങ്ങളെയാണ് വി.എസ്. തന്റെ രാഷ്ട്രീയജീവിതത്തിലെ നിറഞ്ഞ കാലങ്ങളിലെല്ലാം ആടിയത്. കേരളീയ സമൂഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയഭാവനയെയും ജനാധിപത്യത്തിലെ നിരന്തര പ്രതിപക്ഷത്തിന്റെ രാഷ്ട്രീയസൗന്ദര്യത്തെയുമാണ് വി.എസിനെ സാധ്യമാക്കിയ കാലത്ത് മലയാളികളുടെ ജനശരീരം പ്രസരിപ്പിച്ചത്. രാഷ്ട്രീയസമരങ്ങൾ കൊണ്ടു മാത്രമാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജൈവാസ്തിത്വം സാധ്യമാകുന്നത്. അതില്ലാതാകുമ്പോൾ അതിനു പുറത്തു നടത്തുന്ന സമരങ്ങളാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമെന്ന് തിരിച്ചറിയാൻ വി.എസിനു കഴിഞ്ഞു. നീതിക്കുവേണ്ടിയുള്ള സമരങ്ങൾക്കാണ് പാർട്ടി. അകത്തുനിന്നും അതുണ്ടാകുന്നില്ലെങ്കിൽ സമരം പുറത്തുപോയുണ്ടാക്കണം. ജലത്തിൽ മീനെന്നപോലെ നീതിക്കുവേണ്ടിയുള്ള നിരന്തരമായ സമരങ്ങളിലാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ ജീവിക്കുന്നതെന്ന് വി.എസ്. തിരിച്ചറിഞ്ഞിരുന്നു.
