ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയും വർത്തമാനവുമായി സി.പി.ഐ (എം), സി.പി.ഐ എന്നീ രാഷ്ട്രീയകക്ഷികൾക്കുള്ള ബന്ധം അതീവദുർബ്ബലവും നേർത്തതുമാണ്. ലോകരാഷ്ട്രീയ ഭൂമികയിൽ ഇടതുപക്ഷ രാഷ്ട്രീയം ചെറുത്തുനിൽപ്പും പ്രതിരോധവും ഇടയ്ക്കിടെ സൃഷ്ടിക്കുന്നുണ്ടെങ്കിലും മുതലാളിത്ത ചൂഷണവ്യവസ്ഥയെ അടിമുടി ഉലയ്ക്കുകയും തകർക്കുകയും ചെയ്യുന്ന മുന്നേറ്റങ്ങൾക്കുള്ള പ്രായോഗികപ്രാപ്തി അതിൽ കാണാനാവുന്നില്ല എന്നതാണ് വാസ്തവം. ചരിത്രപരമായ നിരവധി കാരണങ്ങൾ അതിനുണ്ട്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം ലോകരാഷ്ട്രീയത്തിലും ലോകത്തിന്റെ ശാക്തിക ബലാബലത്തിലുമുണ്ടായ മാറ്റങ്ങളടക്കമുള്ള നിരവധി കാരണങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ കാണാനാകും. സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിലുണ്ടായിരുന്ന ഭരണകൂടങ്ങളുടെയും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെയും ആന്തരിക പ്രശ്നങ്ങളുടെ പ്രത്യയശാസ്ത്രപരവും ഘടനാപരവുമായ പ്രതിസന്ധികളും വൈരുദ്ധ്യങ്ങളും അതിനൊപ്പമുണ്ട്. എന്തൊക്കെയായാലും മുതലാളിത്ത വ്യവസ്ഥയും അതിന്റെ കൂടുതൽ രൂക്ഷമായ ചൂഷണരൂപമായ നവ ഉദാര രാഷ്ട്രീയ സമ്പദ് ഘടനയും 21-ാം നൂറ്റാണ്ടിൽ ലോകത്ത് അധികാരരൂപമെന്ന നിലയിൽ മേധാവിത്തം നേടി. 21-ാം നൂറ്റാണ്ടിന്റെ കാൽദശകം പിന്നിടുമ്പോഴാകട്ടെ നവ ഉദാര രാഷ്ട്രീയ സമ്പദ് ഘടനയിൽ നിന്നും മുതലാളിത്ത ലോകക്രമം വലതുപക്ഷ ഫാഷിസ്റ്റുകളുടെ പുത്തൻ വലതുപക്ഷ രാഷ്ട്രീയ, സാമ്പത്തിക ലോകക്രമത്തിലേക്ക് നീങ്ങുകയാണ്. മുതലാളിത്ത ചൂഷണത്തിന്റെയും നവ ഉദാരീകരണത്തിന്റെയും സംവിധാനമോ ഘടനയോ അതിന്റെ മൂലധനഭീകരതയുടെ പ്രയോഗമോ ഒന്നുമായി ഭിന്നതകളൊന്നും ഈ പുതിയ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കില്ല.
എന്നാൽ ആഗോളീകരണത്തിന്റെയും നവ ഉദാരീകൃത ലോക സാമ്പത്തിക ക്രമത്തിന്റെയുമിടയിൽ ദേശരാഷ്ട്ര കേന്ദ്രീകൃതവും ക്ഷുദ്ര ദേശീയതയുടെ ഫാഷിസ്റ്റ് സ്വഭാവങ്ങളുള്ളതുമായ ഭരണകൂടങ്ങൾ പല ലോകരാഷ്ട്രങ്ങളിലും നിലവിൽ വരികയാണ്. യു എസ് എ-യിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഈ രാഷ്ട്രീയ, സാമ്പത്തിക പ്രവണത ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക വൈരുധ്യങ്ങളെ കൂടുതൽ രൂക്ഷമാക്കുകയാണ്. ദേശരാഷ്ട്രങ്ങളുടെ അതിരുകളില്ലാത്ത മൂലധനപ്പാച്ചിലുകൾക്കിടയിൽ ദേശരാഷ്ട്രാതിർത്തികളുടെ അതിരുകൾ വീണ്ടും തെളിയുന്നു. ഇത് മുതലാളിത്തം ആദ്യമായി നേരിടുന്ന പ്രതിസന്ധിയല്ല. എന്നാലത് ഓരോ തവണയും അതിഭീകരമായ പ്രത്യാഘാതങ്ങൾ ലോകത്തിനു നൽകിയാണ് കടന്നുപോയിട്ടുള്ളത്. ഈ കാലവും സമാനമായ ഭീതികൾ ഉയർത്തുന്നുണ്ട്.

യു.എസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് അയാളുടെ രണ്ടാമൂഴത്തിൽ തുടങ്ങിവെച്ച “തീരുവ യുദ്ധം” മുതലാളിത്തത്തിന്റെ ആവർത്തിക്കുന്ന ആന്തരിക പ്രതിസന്ധിയുടെക്കൂടി പ്രതിഫലനമാണ്. ഇങ്ങനെയല്ലെങ്കിൽ മറ്റൊരു രൂപത്തിൽ മുതലാളിത്തം അതിന്റെ വ്യവസ്ഥാ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കും. അത്തരത്തിലുള്ള വൻ സാമ്പത്തിക കുഴപ്പങ്ങളും അതിന്റെ ഘടനാപ്രതിസന്ധികളും കുറച്ചുകാലത്തേക്ക് മറികടക്കുകയോ അതിനെ താത്ക്കാലികമായി തടഞ്ഞുനിർത്തുകയോ ചെയ്യുകയോ ആണ് മുതലാളിത്തം ചെയ്യുന്നത്. എന്നാൽ അങ്ങനെയാണെങ്കിൽക്കൂടി അനിവാര്യമായ മട്ടിൽ അത് താനെ തകർന്നുപോകില്ല. മഹാഭൂരിപക്ഷം ജനങ്ങളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടും ചൂഷണം ചെയ്തുകൊണ്ടും പ്രകൃതിവിഭവങ്ങൾക്ക് മുകളിലുള്ള ചൂഷണം ഭയാനകമായ രീതിയിൽ രൂക്ഷമാക്കിക്കൊണ്ടുമാണ് മുതലാളിത്തം ഈ പ്രതിസന്ധികളിൽ നിന്നും തങ്ങളുടെ വ്യവസ്ഥയെ തകരാതെ പിടിച്ചുനിർത്തുന്നത്. ഭൂമിയിലെ ജീവന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന തരത്തിലേക്ക് മുതലാളിത്തചൂഷണം മനുഷ്യരാശിയെ എത്തിച്ചത് അങ്ങനെയാണ്.
ആഗോള വരുമാനത്തിന്റെ 52%-വും ലോക ജനസംഖ്യയിലെ ഏറ്റവും ധനികരായ 10%ത്തിന്റെ കയ്യിലേക്കാണ് പോകുന്നത്. ദരിദ്രരായ പകുതിയോളം വരുന്ന മനുഷ്യർക്ക് കേവലം 8% മാത്രമാണ് മൊത്തം വരുമാനത്തിന്റെ പങ്കു കിട്ടുന്നത്. ആഗോള സമ്പത്തിന്റെ 76% കയ്യടക്കിവെച്ചിരിക്കുന്നത് കേവലം 10% വരുന്ന മനുഷ്യരാണ്. ആഗോള ജനസംഖ്യയുടെ പാതിവരുന്ന ദരിദ്രരായ മനുഷ്യരുടെ കയ്യിൽ സമ്പത്തിന്റെ കേവലം 2% മാത്രമാണുള്ളത്. വരുമാനത്തിന്റെയും സമ്പത്തിന്റെയും ഇത്രയും ഭീകരമായ അസന്തുലിതാവസ്ഥയിൽ മാത്രമാണ് മുതലാളിത്തത്തിന്റെ ജൈവഘടനയും അതിന്റെ ആവാസവ്യവസ്ഥയും നിലനിന്നുപോവുക. അതുകൊണ്ടുതന്നെ രൂക്ഷമാകുന്ന ഏതുതരം മുതലാളിത്ത ഉത്പാദന, വിപണി പ്രതിസന്ധിയേയും അവർ നേരിടുന്നത് സമ്പത്തിന്റെ കേന്ദ്രീകരണവും മനുഷ്യരുടെ തൊഴിലിനും ഒരാകൃതിവിഭവങ്ങൾക്കും മുകളിലുള്ള ചൂഷണവും രൂക്ഷമാക്കിക്കൊണ്ടാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി പി ഐ (എം) അതിന്റെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് വീണ്ടും നാട്ടിലിറങ്ങുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ആകാംക്ഷ ഭരണകൂടത്തിനോ കോർപ്പറേറ്റുകൾക്കോ ഇല്ല.
വിപണിക്കും മൂലധനത്തിന്റെ കൊള്ളപ്പാച്ചിലിനുമിടയിൽ മുതലാളിത്ത വ്യവസ്ഥയുടെ സാമ്രാജ്യത്വ രൂപങ്ങളും അതിന്റെ മത്സരങ്ങളുമുണ്ടാക്കുന്ന അതിഭീകരമായ ദുരിതങ്ങൾ മനുഷ്യരാശി മുഴുവനുമാണ് നേരിടേണ്ടിവരുന്നത്. അത് രണ്ടാം ലോകമഹായുദ്ധമായാലും അതിനു ശേഷമുള്ള, വികസിത മുതലാളിത്ത രാജ്യങ്ങൾ പ്രത്യേകിച്ചും യു എസ് എ യുടെ നേതൃത്വത്തിൽ നടത്തിയ അധിനിവേശങ്ങളായാലും ഇത്തരത്തിൽ മുതലാളിത്ത ചൂഷണക്രമത്തെ നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനും വേണ്ടിയാണ്. മുതലാളിത്ത സാമ്പത്തികക്രമത്തിന്റെ താത്പര്യങ്ങളില്ലാത്ത ഒരു യുദ്ധമോ അധിനിവേശമോ പോലും നമുക്ക് വികസിത മുതലാളിത്ത രാജ്യങ്ങളിൽ നിന്നോ, അമേരിക്കൻ സാമ്രാജ്യത്തത്തിൽ നിന്നോ കാണാനാകില്ല.
എന്നാൽ ഈ താത്പര്യങ്ങൾക്കൊപ്പം സങ്കുചിത ദേശീയതയുടെ ഫാഷിസ്റ്റ് രാഷ്ട്രീയംകൂടി കൂട്ടുചേരുമ്പോൾ അത് മാരകമായൊരു മിശ്രിതമാണ്. അത് ഉദാര ജനാധിപത്യ വാചകമടിയുടെ ദുർബ്ബലമായ നാട്യങ്ങൾപ്പോലും ഉപേക്ഷിക്കുകയും വിപണിയുടെ താത്പര്യങ്ങളെ ദേശീയതയുടെ കൂടെ കൂട്ടിക്കെട്ടുകയും ചെയ്യും. എങ്ങനെയാണോ തുറന്ന വിപണിയും അതിരുകളില്ലാത്ത വിപണിയും നവ ഉദാരീകരണ നയങ്ങളും മുതലാളിത്തത്തിന്റെ ഘടനാപ്രതിസന്ധികളെ മറികടക്കുന്നതിനുള്ള പുത്തൻ ചൂഷണമാർഗങ്ങളായി അവതരിച്ചത്, അതുപോലെത്തന്നെയാണ് തീവ്രവലതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സങ്കുചിത ദേശീയതയുടെ ദേശരാഷ്ട്ര അതിരുകൾ വീണ്ടും മൂലധന വ്യവഹാരത്തിന്റെ ഇടയിലുള്ള മാനദണ്ഡമാക്കുന്ന നടപടികളും. താരിഫ് യുദ്ധത്തിലെ അവസാന അങ്കം യു എസും ചൈനയും തമ്മിലായിമാറുന്നത് മുതലാളിത്ത ഉത്പാദനത്തിന്റെയും അമിതോൽപ്പാദനത്തിന്റെയും അടിസ്ഥാനക്കുഴപ്പങ്ങളുടെ പേരിലാണ് എന്നും കാണാം. അതിനെ നേരിടുമ്പോൾ യു എസും യൂറോപ്യൻ യൂണിയനും ചൈനയും രാജ്യങ്ങളുടെ ദേശീയത താത്പര്യങ്ങൾ എന്നതിനേക്കാൾ തങ്ങളുടെ ഉത്പാദന, വിപണി താത്‌പര്യങ്ങളുടെ പിടിവലികളിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നുകാണാം. ആത്യന്തികമായി തീവ്രവലതുപക്ഷം മുതലാളിത്തക്കുഴപ്പങ്ങളുടെ രാഷ്ട്രീയ സൃഷ്ടിയാണ്. എന്നാലത് എല്ലായ്പ്പോഴും മുതലാളിത്തത്തിന്റെ ഘടനാതാത്പര്യങ്ങൾ മാത്രമാകില്ല തങ്ങളുടെ അജണ്ടയാക്കുക എന്നത് കാണാതെ പോകരുത്. അതാണ് മറ്റ് ഭരണകൂടങ്ങളേക്കാൾ ഫാഷിസ്റ്റ്, വലതുപക്ഷ ഭരണകൂടങ്ങളെ ആപൽക്കരമായ രീതിയിൽ വ്യത്യസ്തമാക്കുന്നത്.

ഇത്തരത്തിലുള്ള ആഗോള സാഹചര്യത്തിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമകാലിക പ്രസക്തിയെന്താണ്? തീർച്ചയായും അത് ചരിത്രത്തിലെ ഏറ്റവും പ്രസക്തമായ ചരിത്ര മുഹൂർത്തത്തിലാണ് നിൽക്കേണ്ടത്. കാരണം മുതലാളിത്തത്തിന്റെ ആഭ്യന്തരക്കുഴപ്പങ്ങളും പ്രതിസന്ധികളും രൂക്ഷമാവുകയും അതിനെ സംരക്ഷിക്കാൻ വേണ്ടി ഭരണവർഗം തീവ്ര വലതുപക്ഷത്തിന്റെ രാഷ്ട്രീയസംരക്ഷണം തേടുകയും ചെയ്യുന്ന കാലത്ത് ജനങ്ങളുടെ സമരപ്രതിരോധങ്ങളുടെയും വർഗവൈരുധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ അതിലെ വർഗ്ഗരാഷ്ട്രീയ മുന്നണിയുടെ നേതൃത്തിന്റെയും കുന്തമുനയാകുകയാണ് ചരിത്രന്യായങ്ങളും പ്രത്യയശാസ്ത്ര ദൃഢതയും വെച്ചുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടത്. അത് ചെയ്യാനാകുന്നുണ്ടോ എന്നും അതിനുള്ള സജ്ജതയും സന്നദ്ധതയും തയ്യാറെടുപ്പും ശേഷിയും രാഷ്ട്രീയ സത്യസന്ധതയും വർഗ്ഗരാഷ്ട്രീയ തെളിമയും ഉണ്ടോ എന്നതാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി ഇക്കാലത്ത് നിലനിർത്തേണ്ടതും നിർണയിക്കേണ്ടതും നിശ്ചയിക്കേണ്ടതും. ഇന്ത്യയിലെ ഏറ്റവും വലിയ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി പി ഐ (എം) അതിന്റെ മറ്റൊരു പാർട്ടി കോൺഗ്രസ് കൂടി അവസാനിപ്പിച്ചു സാമോദം പിരിഞ്ഞ ഈ സമയത്ത് മേൽപ്പറഞ്ഞ ഏതെങ്കിലുമൊരു ചരിത്ര, പ്രത്യയശാസ്ത്ര പരീക്ഷയെ അതിജീവിക്കാൻ കഴിയാത്ത മറ്റൊരു സംഘടന മാത്രമായി അവർ ചുരുങ്ങിയ കാഴ്ച മാത്രമാണ് കാണുക.
മുതലാളിത്ത ചൂഷണക്രമത്തിനുള്ളിൽ പരിഷ്‌ക്കരണ പദ്ധതികളുമായി പ്രവർത്തിക്കുന്ന സംഘമായിട്ടല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിഭാവനം ചെയ്തിട്ടുള്ളത്. അത്തരത്തിലൊരു നിലനിൽപ്പിനു വേണ്ടിയല്ല അതിന്റെ ഘടന ഉണ്ടാക്കിയെടുത്തതും രൂപപ്പെട്ടതും.
തീവ്ര വലതുപക്ഷം മുന്നോട്ടുവെക്കുന്ന പുതിയ സങ്കുചിത ദേശീയതയുടെയും ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെയും ഒപ്പം തന്നെ കോർപ്പറേറ്റ്, സ്വകാര്യ മൂലധനത്തിന്റെ കൊള്ളകൂടി അവർ സാധ്യമാക്കുന്നുണ്ട്. ഒരുതരത്തിൽ കൊളോണിയൽ കൊള്ളയുടെ മറ്റൊരു രൂപത്തിലാണ് അദാനിയും അംബാനിയും പോലുള്ള കോർപ്പറേറ്റുകൾ ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിക്കുന്നത്. അതായത് എങ്ങനെയാണോ മുതലാളിത്തം അതിന്റെ ആഭ്യന്തര പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്ന കൊള്ളയിലൂടെ മറികടക്കാൻ ശ്രമിക്കുന്നത് അതാണ് ഇന്ത്യയിലും കാണുന്നത്. ഈ ആഗോള, ദേശീയ രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയോടും അതിന്റെ ബഹുതല പ്രകടനങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ അതിന്റെ വർഗ്ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിലനിർത്തുന്നത്. അങ്ങനെ നോക്കുമ്പോൾ ലോകത്തെങ്ങും കോർപ്പറേറ്റുകൾ പാവസർക്കാരുകളെക്കൊണ്ട് നടത്തിക്കുന്ന, കോർപ്പറേറ്റുകളുടെ താത്‌പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന കരാറുകളുടെ ഉത്തമമാതൃകയായ വിഴിഞ്ഞം അദാനി തുറമുഖം കേരളത്തിന്റെ വലിയ വികസനനേട്ടമായി പൊക്കിക്കാണിക്കുകയും തങ്ങൾ തന്നെ ആരോപിച്ച 6000 കോടി രൂപയുടെ ആരോപണം മായ്ചു കളയുകയും അക്ഷരാർത്ഥത്തിൽ അദാനിയുടെ ബലൂൺ പറത്തുകയും ചെയ്യുന്ന കേരളത്തിലെ സി പി എം നേതൃത്വത്തിലുള്ള സർക്കാരും ആ പാർട്ടിയും എന്തെങ്കിലും തരത്തിൽ ഈ ചൂഷണക്രമത്തിന്റെ പുതിയ രാഷ്ട്രീയ കാലാവസ്ഥയോട് പോരാട്ടം പ്രഖ്യാപിക്കുന്നില്ല എന്നതാണ് വസ്തുത.
കാലാകാലം കൂടുമ്പോൾ അരങ്ങേറുന്ന ആചാരപരമായ ചില പാട്ടും കളിയുമല്ലാതെ എന്തെങ്കിലും പ്രയോഗ, പ്രത്യയശാസ്ത്ര സംഭാവനകൾ മാർക്സിയൻ പ്രത്യയശാസ്ത്ര പ്രയോഗങ്ങൾക്കോ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനോ തൊഴിലാളിവർഗ രാഷ്ട്രീയത്തിനോ അത് നൽകുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ ഏറ്റവും വലിയ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി പി ഐ (എം) അതിന്റെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് വീണ്ടും നാട്ടിലിറങ്ങുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ആകാംക്ഷ ഭരണകൂടത്തിനോ കോർപ്പറേറ്റുകൾക്കോ ഇല്ലാത്തതും അതുകൊണ്ടാണ്. സംഘടനാപരമായ ചില അധികാരപദവികളുടെ പങ്കുവെക്കലുകളും ഒരു തെരഞ്ഞെടുപ്പ് സംഘം എന്ന നിലയിലുള്ള നിലനിൽപ്പിനായുള്ള ചില കുറുക്കുവിദ്യകളുടെ കഷായമുണ്ടാക്കലുമല്ലാതെ പ്രത്യേകിച്ചൊന്നും അവിടെനിന്നും ഉണ്ടായിട്ടുമില്ല.

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പ് വിപ്ലവ കാലാവസ്ഥയുടെ സാമാന്യം സമീപസ്ഥമായ ഒരു കാലത്തല്ലാതെ അതിദീർഘമായൊരു പാർലമെന്ററി തെരഞ്ഞടുപ്പ് രാഷ്ട്രീയ കാലാവസ്ഥയിലേക്കും ആവാസവ്യവസ്ഥയിലേക്കും പരിണമിക്കുക എന്നത് വാസ്തവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മുതലാളിത്ത ചൂഷണക്രമത്തിനുള്ളിൽ പരിഷ്‌ക്കരണ പദ്ധതികളുമായി പ്രവർത്തിക്കുന്ന സംഘമായിട്ടല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിഭാവനം ചെയ്തിട്ടുള്ളത്. അത്തരത്തിലൊരു നിലനിൽപ്പിനു വേണ്ടിയല്ല അതിന്റെ ഘടന ഉണ്ടാക്കിയെടുത്തതും രൂപപ്പെട്ടതും. എന്നാൽ എക്കാലത്തും അത്തരത്തിലൊരു രാഷ്ട്രീയ കാലാവസ്ഥതന്നെ ഉണ്ടാകണമെന്ന് പറയുകയും വാശിപിടിക്കുകയും അങ്ങനെയാണ് എല്ലാകാലത്തുമെന്ന് വിശകലനത്തീർപ്പുകളിൽ എത്തുകയും ചെയ്യുന്ന ഒരാൾ മാർക്സിസ്റ്റല്ല, കാരണം കാലത്തെ വിശകലനം ചെയ്യാനുള്ള മാർക്സിസ്റ്റ് രാഷ്ട്രീയയുക്തിയുടെ പ്രത്യയശാസ്ത്ര ആയുധങ്ങളുടെ ഉപയോഗം അയാൾക്കന്യമാണ്.
അതുകൊണ്ട്, പുതിയ വെല്ലുവിളികളുടെ സാഹചര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളെ അപ്രസക്തമാക്കുന്നില്ല. വിപ്ലവത്തിനുള്ള അടിയന്തരമോ കുറച്ചെങ്കിലും അകലെപ്പോലുമോ ആയ മൂർത്തസാഹചര്യങ്ങളൊന്നും ഇല്ലാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. അതിന്റെ വിപ്ലവ പരിപാടിയെപ്പോലും അപ്രസക്തമാക്കുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങളോട് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ, നിസ്വർഗ പോരാട്ടത്തിന്റെ ഭാഷയിലാണോ പ്രതികരിക്കുന്നത് എന്ന അടിസ്ഥാനപരമായ പ്രശ്നമുണ്ട്. അങ്ങനെയായാൽ മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന രാഷ്ട്രീയശരീരത്തിന് ജീവനുണ്ടാകൂ. ആ അർത്ഥത്തിൽ ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷം സംസാരിക്കുന്ന ശവശരീരങ്ങളാണ്. അതിന്റെ തൊഴിലാളിവർഗ രാഷ്ട്രീയ ജീവൻ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ രാഷ്ട്രീയ,സമ്പദ്‌വ്യവസ്ഥ കാഴ്ചപ്പാടുകൾ അദാനിയുടെ വികസനമെന്ന പരസ്യവാചകത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.
നിലവിലെ സാഹചര്യങ്ങളോട് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ, നിസ്വർഗ പോരാട്ടത്തിന്റെ ഭാഷയിലാണോ പ്രതികരിക്കുന്നത് എന്ന അടിസ്ഥാനപരമായ പ്രശ്നമുണ്ട്. അങ്ങനെയായാൽ മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന രാഷ്ട്രീയശരീരത്തിന് ജീവനുണ്ടാകൂ.
ഇന്ത്യയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ജനകീയ സമരം കർഷക സമരമായിരുന്നു. കാർഷിക മേഖലയിലെ ഉത്പ്പാദനവും വിതരണവും വിപണനവുമെല്ലാം കോർപ്പറേറ്റുകളുടെ കുത്തകവ്യാപാരത്തിന് കീഴിൽ വരുന്ന നിയമനിർമ്മാണത്തിനായിരുന്നു മോദി സർക്കാർ നടപടികളെടുത്തത്. ഇതിനെതിരെ ഇന്ത്യയിലെ, പ്രത്യേകിച്ചും വടക്കേ ഇന്ത്യയിലെ കർഷ സംഘടനകൾ വലിയ പ്രക്ഷോഭം നടത്തി. നാമമാത്ര കൃഷിസ്ഥല ഉടമകൾ, ചെറുകിട കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരെല്ലാം ഐക്യമുന്നണിയായിനിന്ന സമരമായിരുന്നു അത്. ആ സമരത്തിൽ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ കർഷക സംഘടനകളും ഉണ്ടായിരുന്നു. കർഷക മരണ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായി. എന്നാൽ ആ സമരത്തിന് ശേഷം അതിനെ വർഗ്ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടതുപക്ഷ രാഷ്ട്രീയശേഷി രാജ്യത്തില്ലായിരുന്നു. പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പ് മുന്നണികളിൽ കയറിയിറങ്ങിനിൽക്കുന്ന രാഷ്ട്രീയമല്ലാതെ മറ്റൊരുതരത്തിലും കമ്മ്യൂണിസ്റ്റ് പാർടി സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനോ അതിന്റെ രാഷ്ട്രീയത്തെ പുതുകാലങ്ങളിലേക്ക് പരിവർത്തിപ്പിക്കാനോ കഴിയാത്ത രാഷ്ട്രീയവന്ധ്യതയാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്. അത് തിരിച്ചറിയാനുള്ള യാതൊരു ശേഷിയും ഈ മുഖ്യധാര ഇടതുപക്ഷ നേതൃത്വം കാണിക്കുന്നില്ല. മധുരൈ പാർടി കോൺഗ്രസിനുശേഷവും പാടിയ പാട്ടുകൾ ഒന്നുകൂടി തെറ്റിപ്പാടുകയെന്നല്ലാതെ മറ്റൊരു രാഷ്ട്രീയസന്ദേശവും ഇന്ത്യൻ സമൂഹത്തിന് സി പി ഐ (എം) നൽകുന്നില്ല.

പശ്ചിമ ബംഗാളിലെ 34 വർഷക്കാലത്തെ സംസ്ഥാനഭരണം അവസാനിക്കുന്നത് വികസനത്തെക്കുറിച്ചുള്ള കോർപ്പറേറ്റ് മൂലധന, മുതലാളിത്ത കാഴ്ചപ്പാട് അതേപടി ആവർത്തിക്കുകയാണ് തങ്ങളുടെ ചരിത്രനിയോഗമെന്ന് സി പി എം നേതൃത്വം തീരുമാനത്തിലെത്തിയതിന്റെകൂടി ഭാഗമായാണ്. അതല്ലാതെ തന്നെ വലിയ രാഷ്ട്രീയപ്രശ്നങ്ങളുള്ള ഒരു സംവിധാനമായി ബംഗാളിൽ അത് മാറിയിരുന്നുവെങ്കിലും പൊടുന്നനെയുള്ള തിരിച്ചടിയുടെ കാരണം മറ്റേതൊരു ബൂർഷ്വാ, വലതുപക്ഷ സർക്കാരിനെപ്പോലെയും വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും ചരിത്രനിയോഗം കുത്തക മൂലധനത്തിന് പതിച്ചുനൽകുകയും അതിന്റെ ഭരണകൂട ദല്ലാളുകളാവുകയും ചെയ്യുന്നതിൽ സി പി ഐ (എം) നേതൃത്വത്തിന് അന്നും ഇന്നും ഒരു പിശകും തോന്നിയിട്ടില്ല എന്നതുകൊണ്ടാണ്. ശത്രുക്കളുടെ ഗൂഢാലോചനയുടെ ഇരവാദത്തിൽ അഭയം കണ്ടെത്തുന്ന ചാരുകസേര വിലാപങ്ങൾ മാത്രമാണത്. ചാരുകസേരകൾ പോലും അവർക്ക് നഷ്ടപ്പെടുന്നു എന്നത് മാത്രമാണ് സി പി എം നേതൃത്വത്തെ ചെറുതായെങ്കിലും അലോസരപ്പെടുത്താനിടയുള്ള ഒരേയൊരു സംഗതി.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലോകത്ത് തകരാതെ പിടിച്ചുനിന്ന അപൂർവ്വം കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊന്നിൽ ഏറ്റവും വലുതായിരുന്നു സി പി ഐ (എം) എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പും വളർച്ചയും സാധ്യമാക്കാൻ ആവശ്യമായ രാഷ്ട്രീയപ്രയോഗങ്ങളെ സി പി ഐ (എം) അപ്പോഴേ കയ്യൊഴിയാൻ തുടങ്ങിയിരുന്നു എന്നതുകൂടിയാണ്.
ഒരു സംഘടനാ ശരീരം എന്ന നിലയിൽ സി പി ഐ (എം) ഒപ്പം സി പി ഐയും എത്ര ശുഷ്ക്കിച്ചുപോയി എന്നത് എന്തെങ്കിലുംതരത്തിൽ പിടികിട്ടിയതിന്റെ ഒരു ലക്ഷണവും ഇരുകക്ഷികളും അവയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിപ്പിക്കുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം നേരിടുന്നത്. ഇടതുപക്ഷത്തിന്റെ യുവജന സംഘടനകളെ നോക്കൂ. ഭാവനാത്മകമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എന്തെങ്കിലുമൊരു തിരി അവിടെത്തെളിയുന്നുണ്ടോ. പകരം ഏതോ കാലത്ത് ഉപേക്ഷിച്ചുപോകേണ്ട തരത്തിലുള്ള ആക്രോശഹുങ്കാരങ്ങളുമായി മൃതരാഷ്ട്രീയത്തിനും ജനാധിപത്യവിരുദ്ധ പ്രയോഗങ്ങൾക്കും മുന്നിൽ നിൽക്കുകയാണ് അവർ ചെയ്യുന്നത്.

വ്യവസ്ഥയെ നിരന്തരം ഉലയ്ക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. വ്യവസ്ഥയുടെ ഭാഗമായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോഴും ഈ രാഷ്ട്രീയ പരിപാടി ഉപേക്ഷിക്കാൻ പാടില്ല. അതിനുപകരം ഭരണകൂടത്തെ പരമാവധി ശക്തിപ്പെടുത്താനാണ് കേരളത്തിലടക്കം സി പി ഐ (എം) ശ്രമിക്കുന്നത്. ബംഗാളിൽ സമരം ചെയ്യുന്നവർക്കും കർഷകർക്കും കര്ഷകത്തൊഴിലാളികൾക്കും നേരെ ഭരണകൂടത്തിന്റെ ഏറ്റവും ഭീകരമായ ആക്രമണം അഴിച്ചുവിട്ടാണ് അത് തങ്ങളുടെ ‘വ്യവസായവത്ക്കരണത്തിനെ’ പ്രതിരോധിക്കാൻ ശ്രമിച്ചത്. കേരളത്തിലിപ്പോൾ നടക്കുന്ന ആശ തൊഴിലാളികളുടെ സമരത്തെ സംസ്ഥാന സർക്കാർ നേരിടുന്ന രീതി നോക്കിയാലും ഭരണകൂടം തൊഴിലാളി സമരങ്ങളോട് സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ വഴികൾ മാത്രമാണ് തെളിഞ്ഞുകാണുക. UAPA എന്ന ജനാധിപത്യവിരുദ്ധ നിയമം കേരളത്തിൽ പ്രയോഗിക്കാൻ, അതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ പ്രയോഗിക്കാൻ സി പി ഐ (എം) നേതൃത്വത്തിലുള്ള സർക്കാരിന് ഒരു മടിയുമുണ്ടായിട്ടില്ല. ഒമ്പത് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മാവോവാദി വേട്ടയുടെ പേരിൽ നടത്താനും കേരളത്തിലെ എൽ ഡി എഫ് സർക്കാർ മടിച്ചില്ല.
പരിസ്ഥിതി പ്രശ്നങ്ങളോടും പാരിസ്ഥിതിക രാഷ്ട്രീയത്തോടും മുതലാളിത്ത വികസനത്തിന്റെ അതേ ഭാഷയിലുള്ള എതിർപ്പാണ് കേരളത്തിൽ സി പി ഐ (എം) ഉയർത്തുന്നത്. കേരളത്തിനുപുറത്ത് സി പി ഐ (എം) വേറെയെന്തെങ്കിലും ഓലയെഴുത്തുകൾ ഇക്കാര്യത്തിൽ വ്യത്യസ്തമായി പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഏകകാരണം അവിടെയൊന്നും അവർക്ക് അധികാരസാധ്യതയില്ല എന്നതാണ്. പരിമിതമായ രാഷ്ട്രീയാധികാരത്തെപ്പോലും മുതലാളിത്ത ചൂഷണക്രമവുമായുള്ള പോരാട്ടമായി മാറ്റാനുള്ള ചരിത്രപരമായ ചുമതലയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. എന്നാൽ രാഷ്ട്രീയാധികാരത്തെ സമ്പൂർണ്ണമായും വ്യവസ്ഥയുടെ വിധേയദാസ്യമായി മാറ്റുകയെന്ന പണിയാണ് സി പി ഐ (എം) ചെയ്യുന്നത്.
എന്തിനു കമ്മ്യൂണിസ്റ്റാകണം എന്ന ചോദ്യത്തിന് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്നതിനപ്പുറം വ്യവസ്ഥാവിരുദ്ധതയുടെ രാഷ്ട്രീയക്ഷോഭം തൊട്ടുതീണ്ടാത്ത സംഘശരീരത്തെക്കൂടി വളർത്തിയെടുത്തതോടെ മാരകമായ ജനാധിപത്യ വിരുദ്ധതയും മൂലധനവിധേയത്വവുമുള്ള ഒരു സംഘമായി സി പി ഐ (എം).
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലോകത്ത് തകരാതെ പിടിച്ചുനിന്ന അപൂർവ്വം കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊന്നിൽ ഏറ്റവും വലുതായിരുന്നു സി പി ഐ (എം) എന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പും വളർച്ചയും സാധ്യമാക്കാൻ ആവശ്യമായ രാഷ്ട്രീയപ്രയോഗങ്ങളെ സി പി ഐ (എം) അപ്പോഴേ കയ്യൊഴിയാൻ തുടങ്ങിയിരുന്നു എന്നതുകൂടിയാണ്. എങ്കിൽപ്പോലും സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ചയുടെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗഭാവിയെക്കുറിച്ചും അല്പമെങ്കിലും സംവാദങ്ങൾ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ചെറിയ ആകാശത്ത് നടന്നു. എന്നാൽ അതിൽ നിന്നും സി പി ഐ (എം) സ്വരുക്കൂട്ടിയെടുത്ത പാഠമെന്നത് വികസനത്തിന്റെ അവസാന ബസ് കോർപ്പറേറ്റ് മൂലധനത്തിന്റെയാണ് എന്നാണ്. സി പി ഐ (എം) ന്റെ അവസാന ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ അതങ്ങനെത്തന്നെ പറയുകയും ചെയ്തു.
ഇതിനൊപ്പം ജനാധിപത്യ കേന്ദ്രീകരണമെന്ന, ഒരു വിപ്ലവ കാലാവസ്ഥയിൽ മാത്രം, ഒരു ഒഴിവാക്കാനാകാത്ത സംഘപ്രയോഗം എന്ന നിലയിൽ നിലനിൽക്കാൻ സാധ്യമായ ജനാധിപത്യ കേന്ദ്രീകരണ സംവിധാനത്തെ കൂടുതൽ കർക്കശമായി നിലനിർത്തുകയും ചെയ്തു. അതോടെ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയകാല ചർച്ചകൾക്കും സംവാദങ്ങൾക്കും മുഖം തിരിഞ്ഞുനിന്നുകൊണ്ട് കോർപ്പറേറ്റ് മൂലധനത്തിന്റെയും മുതലാളിത്ത ചൂഷണക്രമത്തിന്റെയും പരിപാടികൾ ചെമ്പട്ടിൽപ്പൊതിഞ്ഞു നടപ്പാക്കുന്ന അച്ചടക്കമുള്ളൊരു സംഘമായി സി പി ഐ (എം) മാറി. എന്തിനു കമ്മ്യൂണിസ്റ്റാകണം എന്ന ചോദ്യത്തിന് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്നതിനപ്പുറം വ്യവസ്ഥാവിരുദ്ധതയുടെ രാഷ്ട്രീയക്ഷോഭം തൊട്ടുതീണ്ടാത്ത സംഘശരീരത്തെക്കൂടി വളർത്തിയെടുത്തതോടെ മാരകമായ ജനാധിപത്യ വിരുദ്ധതയും മൂലധനവിധേയത്വവുമുള്ള ഒരു സംഘമായി സി പി ഐ (എം). മധുരൈ പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ അതിലൊന്നും പ്രത്യേകിച്ചൊരു മാറ്റവുമുണ്ടായിട്ടില്ല.

നീണ്ടകാലം ഭരണത്തിലിരുന്ന ബംഗാളും ത്രിപുരയും പോലുള്ള സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടുകഴിഞ്ഞാൽ രാഷ്ട്രീയാക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിനുപോലും ശക്തിയില്ലാതെ പാർട്ടിസംഘടന പോലും അതിവേഗം ശുഷ്കമായിപ്പോകുന്നത് അവശേഷിക്കുന്ന സി പി എം നേതൃത്വത്തിന് പരിഹരിക്കാനാകാത്ത കുഴപ്പമാണെന്നത് വ്യക്തമാണ്. ബംഗാളിലെ തോൽവിയുടെ കണക്കുകൾ അതാണ് കാണിക്കുന്നത്. നന്ദിഗ്രാം-സിംഗൂർ സമരങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് 2011-ൽ 34 കൊല്ലക്കാലത്തെ നീണ്ട അധികാരകാലത്തിനു ശേഷം സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ബംഗാളിൽ വലിയ തെരഞ്ഞെടുപ്പ പരാജയം നേരിടുന്നത്. ആ തെരഞ്ഞെടുപ്പിൽ (2011) സി.പി.എമ്മിനു കിട്ടിയത് 30.08 % വോട്ടാണ്. സഖ്യകക്ഷികൾക്കെല്ലാം കൂടി ഇടതുമുന്നണി ഏതാണ്ട് 40% വോട്ട് നേടിയിരുന്നു. എന്നാൽ 2016 -ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കെത്തിയപ്പോഴേക്കും സി.പി.എം വോട്ടുവിഹിതം 19.75%-മായി കുറയുകയാണുണ്ടായത്. പാർട്ടിസംഘടനയാകട്ടെ അതിവേഗം ദുർബ്ബലമായിക്കൊണ്ടിരുന്നു.
ഇന്ത്യയിലെ ദേശീയ പൊതുതെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് കക്ഷികളുടെ പ്രകടനം നോക്കിയാലും മുരടിപ്പിൽ നിന്നും പുറത്തുകടക്കാനുള്ള ശേഷി അവർ ഒരുകാലത്തും പ്രകടമാക്കിയിട്ടില്ല എന്ന് കാണാം.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി കരുതിയിരുന്ന ഗ്രാമീണ ബംഗാളിൽ സി പി എം ജനശത്രുക്കളായി കണക്കാക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. അത്തവണ (2016)-ൽ ബി ജെ പി 10.16% വോട്ട് നേടി. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് രണ്ടുതവണ അധികാരത്തിലിരിക്കുകയും സാമാന്യം മോശമായ രീതിയിൽ ഭരിക്കുകയും ചെയ്തിട്ടും ജനങ്ങൾ സി പി എമ്മിനെ ഒരുതരത്തിലും തിരിച്ചുവരാൻ അനുവദിച്ചില്ല. 2021-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം വോട്ടുവിഹിതം 4.71%-മായി. ബി ജെ പി വോട്ടുവിഹിതമാകട്ടെ 37.97%-മായി ഉയർന്നു. ബംഗാൾ നിയമസഭയിലെ 294 അംഗങ്ങളിൽ ഒരൊറ്റ ഇടതുമുന്നണി സാമാജികർ പോലും ഇപ്പോഴില്ല. ഈ ദുരന്തത്തെ കേവലമായ ഉൾപ്പാർട്ടി കിഞ്ചനവർത്തമാനങ്ങളും വെല്ലുവിളികളും കൊണ്ട് മറികടക്കാമെന്ന, അവരവർക്കുപോലും ബോധ്യമില്ലാത്തൊരു ജഡാവസ്ഥയിലാണ് സി പി എം എന്നതാണ് വസ്തുത. ഇത്ര ഭീകരമായൊരു ദുരന്തത്തിലേക്ക് പാർട്ടി സംഘടനയെ കൊണ്ടുചെന്നെത്തിച്ച നേതൃത്വം ഇപ്പോഴും ലെനിനിസ്റ്റ് സംഘടനാ ആചാരങ്ങളുടെ പേരിൽ റെഡ് വളണ്ടിയർമാരുടെ പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ തുറന്ന വാഹനത്തിലെത്തുന്നു എന്നതാണ് പ്രഹസനം.

ഇതിനിടയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബംഗാളിൽ സി പി എം വാശിയോടെ തകരുകയായിരുന്നു. 2014-ൽ 29.71%-മാണ് സി പി എം വോട്ടുവിഹിതം. 2019-ലേക്കെത്തിയപ്പോൾ അത് 6.34%-മായി. 2024-ൽ പതനം തുടർന്ന് 5.67% ത്തിലെത്തി. ഏതാണ്ട് ഒന്നരപ്പതിറ്റാണ്ടോളമായി എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് നയിക്കുന്ന നേതൃത്വത്തിനോ അതിന്റെ സംഘടനാ രൂപത്തിനോ യാതൊരുവിധ ചോദ്യംചെയ്യലുകളും നേരിടേണ്ടാത്തവിധത്തിൽ ഭദ്രമാണ് അതിന്റെ ആത്മഹത്യാപരമായ ആന്തരികസ്വരൂപം എന്നതാണ് പ്രശ്നം.
ത്രിപുരയിൽ 2018-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം നഷ്ടമായപ്പോൾ സി പി എമ്മിന് 42% വോട്ടുണ്ടായിരുന്നു. സീറ്റുകൾ 16. എന്നാൽ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ (2023) അത് 24.6%-മായി കുത്തനെ കുറഞ്ഞു. സീറ്റുകൾ 11. സഖ്യകക്ഷിയായ കോൺഗ്രസ് 6.7% വോട്ടു നേടി. 2018-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലം 1.8% വോട്ടാണുണ്ടായിരുന്നത്. ബി ജെ പിക്ക് 4.2% വോട്ട് കുറഞ്ഞു. ജനം ബി ജെ പിക്കെതിരെ വോട്ടുചെയ്യാൻ തയ്യാറാകുന്ന അവസ്ഥയിലും അവർ സി പി എമ്മിന് വോട്ടു ചെയ്യാൻ സന്നദ്ധരല്ല എന്നാണവസ്ഥ. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നതിനോട് ജനാധിപത്യപരമായ യാതൊരുവിധ സംവാദത്തിനും തയ്യാറാകുന്നില്ല എന്നുമാത്രമല്ല അതിനുള്ള ശേഷിയും സി പി എം കാണിക്കുന്നില്ല എന്നതാണ് പ്രശ്നം.
ഇന്ത്യയിലെ ദേശീയ പൊതുതെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് കക്ഷികളുടെ പ്രകടനം നോക്കിയാലും ഈ മുരടിപ്പിൽ നിന്നും പുറത്തുകടക്കാനുള്ള ശേഷി അവർ ഒരുകാലത്തും പ്രകടമാക്കിയിട്ടില്ല എന്ന് കാണാം. 1967-ലെ പൊതുതെരഞ്ഞെടുപ്പിൽ സി പി എമ്മിന് ലഭിച്ചത് 4.28% വോട്ടാണ്. ഏറ്റവും കൂടുതൽ വോട്ടുവിഹിതം കിട്ടിയ 1989-ൽ അത് 6.55 %-മാണ്. 2019-ൽ 1.75%-മാണ്. 2024-ലെ ദേശീയ പൊതുതെരഞ്ഞെടുപ്പിൽ 1.76% എന്ന ദയനീയാവസ്ഥയിൽ ദേശീയ രാഷ്ട്രീയ കക്ഷി എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം പോലും നിലനിർത്താൻ കഴിയാത്ത വിധത്തിൽ വട്ടം തിരിയുകയാണ് സി പി ഐ (എം). എന്തുതരത്തിലാണ് ഈ കക്ഷിയുടെ നേതൃത്വം ഇനിയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി തങ്ങൾത്തന്നെ നോക്കിക്കൊള്ളാം മറ്റാരും അതിൽ അഭിപ്രായം പോലും പറയേണ്ട എന്ന നിലപാടെടുക്കുന്നത്. പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ കൊണ്ടുവരുന്ന പുതിയ നേതൃനിരയാകട്ടെ പഴയതും ഇപ്പോഴും നേതൃത്വപരമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന പഴയ നേതൃത്വത്തിൽനിന്നും രാഷ്ട്രീയഭാവനയുടെ ദാരിദ്ര്യവും നിലവിലെ സംഘടനാസംവിധാനത്തിന്റെ വരണ്ട ഘടനയും പാരമ്പര്യസ്വത്തെന്നോണം ഭയഭക്തിബഹുമാനങ്ങളോടെ സ്വീകരിക്കുന്ന തുടർച്ചക്കാർ മാത്രമാണ്. എന്തെങ്കിലും തരത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്ര പ്രതിസന്ധികളെ സംഘടനാപരമായും സൈദ്ധാന്തികമായും അഭിമുഖീകരിക്കാനോ അതിൽ പുതിയ അതിജീവന, പ്രതിരോധ രാഷ്ട്രീയസാധ്യതകൾ സൃഷ്ടിക്കാനോ കഴിയാത്തവരാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗകല്പനകൾക്കും അന്യമാകേണ്ട നിരവധി ദോഷങ്ങൾ ഒരു നേട്ടമായാണ് ഇപ്പോൾ സി പി ഐ (എം) കൊണ്ടുനടക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലോകചരിത്രം ജനാധിപത്യമൂല്യങ്ങളെയും വർഗ്ഗരാഷ്ട്രീയം സാധ്യമാക്കേണ്ട സമൂഹനിർമ്മാണത്തിൽ ജനങ്ങൾക്കുള്ള നിരന്തരമായ പങ്കിനേയും അതിന്റെ പ്രയോഗപാതകളിൽ അതിവേഗം കയ്യൊഴിഞ്ഞതിന്റെ ഫലംകൂടിയാണ് സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കൂട്ടത്തകർച്ച. ഇന്ത്യയിൽ സി പി ഐ (എം) അത്തരത്തിലുള്ള ദോഷങ്ങൾ ബാധിക്കാൻ പാകത്തിലൊരു രാഷ്ട്രീയാധികാരം കയ്യാളിയില്ല എന്ന് പറയാം. എന്നാൽ അതിന്റെ അതിവിദൂരഛായയിൽ ഇന്ത്യയിലെ ഒരു ചെറിയ പ്രവിശ്യയായ പശ്ചിമ ബംഗാളിൽ ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലിരുന്നപ്പോഴും അവരുണ്ടാക്കിയെടുത്തത് ഏകപക്ഷീയമായ സംഘടനാധികാരത്തിന്റെ രൂപമായിരുന്നു. ബൂർഷ്വാ കക്ഷികളും വലതുപക്ഷ കക്ഷികളും ഒരു സാമാന്യപ്രയോഗമായി കൊണ്ടുനടക്കുന്ന പല കാര്യങ്ങളെയും അച്ചടക്കമുള്ള സംഘടനാശരീരത്തിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ടാണ് വിലപിക്കാൻപോലും ആളില്ലാതെ അത് മാഞ്ഞുപോയത്.
ജനാധിപത്യം ഒരു രാഷ്ട്രീയാധികാരപ്രക്രിയ മാത്രമായി നിലനിൽക്കില്ലെന്നും അതൊരു സാമൂഹ്യജീവിത ക്രമമാണെന്നും ഉറപ്പാക്കുമ്പോഴാണ് ഫാഷിസത്തിന് നിലനിൽക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രതിയാവാസവ്യവസ്ഥ രൂപപ്പെടുന്നത്. അതാണ് ഫാഷിസത്തിനെതിരായ വലിയ പ്രതിരോധവും ചെറുത്തുനിൽപ്പും.
മധുരൈ പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ ഇത്തരത്തിലുള്ള ദോഷങ്ങളെ സ്ഥാപനവത്ക്കരിച്ച അവസ്ഥയിലാണ് സിപിഐ (എം). ഇന്ത്യയിൽ അതിന്റെ അവസാനത്തെ അധികാരത്തുരുത്തായി അവശേഷിക്കുന്ന കേരളത്തിലെ ഒരു നേതാവായിരുന്ന പിണറായി വിജയൻ ഇന്നിപ്പോൾ ആ പാർട്ടിയുടെ ഏകഛത്രാധിപതിയായി വാഴ്ത്തപ്പെടുന്നു. വ്യക്തിപൂജയുടേയും അത്തരത്തിലൊരു സർവ്വാധികാരിയും സർവ്വശക്തനുമായ നേതാവിനെയും ചുറ്റിപ്പറ്റിയുള്ള വാഴ്ത്തുസംഘങ്ങളുടെയും തിക്കുംതിരക്കുമാണ് കാണാനാവുക.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി താൻ എത്രത്തോളം പിണറായിക്കും അയാളുടെ അധികാരത്തിനും വിധേയനാണ് എന്നാണ് തന്റെ സ്ഥാനലബ്ധിയുടെ ആദ്യ ദിവസങ്ങളിൽത്തന്നെ ഉറക്കെപ്പറയാൻ ശ്രമിച്ചത്. ‘പിണറായി നമ്മെ നയിക്കും’ മട്ടിലുള്ള പ്രസ്താവനകൾക്കൊണ്ട് അന്തരീക്ഷം നിറയ്ക്കുകയായിരുന്നു പുതിയ ജനറൽ സെക്രട്ടറി. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയവും സി പി ഐ (എം)-ഉം അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന രാഷ്ട്രീയാവസ്ഥയിൽ നിൽക്കുമ്പോൾ അതിന്റെ വെല്ലുവിളികളോട് സംവദിക്കുന്ന എന്തെങ്കിലുമൊരു പ്രത്യയശാസ്ത്ര, പ്രയോഗധീരതയുടെ ജ്വലനം നമുക്ക് ബേബിയിൽ കാണാനാകാത്തത് ബേബിയുടെ വ്യക്തിപരമായ ശേഷികളുടെയോ സാധ്യതകളുടെയോ ചെറുപ്പംകൊണ്ടു മാത്രമല്ല, സി പി ഐ (എം) എന്ന പാർട്ടിക്ക് അത്തരത്തിലൊരു പ്രത്യയശാസ്ത്ര, പ്രയോഗ സാധ്യതയിലേക്കെത്താനുള്ള മാർക്സിയൻ രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് ആരോഗ്യവും ഇല്ലാത്തതുകൊണ്ടുകൂടിയാണ്.

ഇന്ത്യ നേരിടുന്ന അടിയന്തര രാഷ്ട്രീയ പ്രതിസന്ധി അതിന്റെ ബഹുസ്വര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ആശയത്തിന് നേരെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ഉയർത്തുന്ന വെല്ലുവിളിയും ആക്രമണവുമാണ്. കോർപ്പറേറ്റ് മൂലധന ഭീകരതയുമായി അഭേദ്യമായ വിധത്തിൽ ബന്ധപ്പെട്ടതാണ് അതെങ്കിൽക്കൂടി ബൂർഷ്വാ ഉദാര ജനാധിപത്യത്തെക്കൂടി അസാധ്യമാക്കുന്നവിധത്തിലാണ് ഫാഷിസം പ്രവർത്തിക്കുക. തീർച്ചയായും ഫാഷിസത്തിനെതിരായ ഐക്യമുന്നണി എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രയോഗം അതിന്റെ സമൂർത്തമായ രൂപത്തിലെത്തേണ്ടത് ഇപ്പോളാണ്. എന്നാൽ അത്തരത്തിലൊരു ചരിത്രഘട്ടത്തിൽ അതിസങ്കുചിതമായ നിലപാടുകളെടുത്തുകൊണ്ട് ദേശീയതലത്തിലെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിയെ ചെറുതാക്കിക്കാണിക്കാനും അതിനെ ദുർബ്ബലമാക്കാനുമാണ് സി പി ഐ (എം) ശ്രമിക്കുന്നതെന്നത് അമ്പരപ്പിക്കുന്ന രാഷ്ട്രീയമൗഢ്യമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുഖ്യധാര ഇടതുപക്ഷ കക്ഷികൾക്ക് ഇന്ത്യയിൽ മഹാത്ഭുതങ്ങളൊന്നും ഉണ്ടാക്കാൻ അടുത്തൊന്നും സാധ്യമല്ലെന്ന് മാത്രമല്ല കയ്യിലുള്ള കേരളം പോലൊരു പ്രദേശം പോലും ഉള്ളിൽ നിന്നും വലതുപക്ഷ രാഷ്ട്രീയം കാർന്നുതിന്നുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഈ ഘട്ടത്തിൽ ഇടതുപക്ഷത്തിന് ചെയ്യാനാകുന്ന ചരിത്രദൗത്യമെന്നത് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് എല്ലാതലങ്ങളിലും പങ്കാളിത്തവും രാഷ്ട്രീയ നേതൃത്വവും തെളിമയും നൽകുക എന്നതാണ്. അതിനുപകരം തങ്ങളുടെ പ്രതിധ്വനികളും പ്രതിബിംബങ്ങളും മാത്രമുള്ള മായക്കൊട്ടാരങ്ങളിൽ കാലം കഴിക്കാൻ തീരുമാനിക്കുന്ന ഇടതുപക്ഷ നേതൃത്വം തന്നെയാണ് മദുരൈ കോൺഗ്രസിൽ നിന്നും ഇറങ്ങിവരുന്നത്. ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ ചരിത്രപരിണാമത്തിനെ സി പി ഐ (എം) ഇപ്പോഴും മനസിലാക്കുന്നത് തങ്ങളുടെ പത്ത് നിയമസഭാ സീറ്റുകളും പഞ്ചായത് ഭരണവുമൊക്കെ വെച്ചാണ് എന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആഗോള ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയപോരാട്ടങ്ങളുടെ ചരിത്രത്തിനുതന്നെ അപമാനമാണ്.
തീർത്തും ജനാധിപത്യവിരുദ്ധമായ വലതുപക്ഷ ഫാഷിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിനെ തങ്ങളുടെ ജനാധിപത്യ വിരുദ്ധതയുടെയും സർവ്വശക്തനും സർവ്വാധികാരിയുമായ ഫാഷിസ്റ്റ് പുരുഷനേതാവിന്റെ കീഴിലും സൈനികഭാഷയിലുള്ള ഹിന്ദുത്വ സംഘടനകളാലും പാകപ്പെടുത്തുമ്പോൾ അതിനെതിരെയുള്ള ഏറ്റവും വലിയ സമരമെന്നത് ജനാധിപത്യത്തിന്റെ സംവാദഭാഷയുടേതാണ്. ജനാധിപത്യം ഒരു രാഷ്ട്രീയാധികാരപ്രക്രിയ മാത്രമായി നിലനിൽക്കില്ലെന്നും അതൊരു സാമൂഹ്യജീവിത ക്രമമാണെന്നും ഉറപ്പാക്കുമ്പോഴാണ് ഫാഷിസത്തിന് നിലനിൽക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രതിയാവാസവ്യവസ്ഥ രൂപപ്പെടുന്നത്. അതാണ് ഫാഷിസത്തിനെതിരായ വലിയ പ്രതിരോധവും ചെറുത്തുനിൽപ്പും. എന്നാൽ വ്യവസ്ഥാപിത ഇടതുപക്ഷം വലതുപക്ഷ ഫാഷിസ്റ്റ് രാഷ്ട്രീയഭാഷയെ തങ്ങളുടെ ദുരധികാര ഭാഷയായി ഉൾക്കൊള്ളുന്നതാണ് നാം കാണുന്നത്. സർവ്വാധികാരിയും സർവ്വശക്തനുമായ നേതാവ്, അയാൾക്ക് ചുറ്റുമുള്ള വാഴ്ത്തുപാട്ട് സംഘങ്ങൾ, അധികാരത്തിന്റെ പല തലങ്ങളുമായും ദല്ലാൾപണിക്ക് പ്രാപ്തരായ ഇടനിലക്കാർ, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വർഗധാരയുടെ പരിസരത്തില്ലാത്ത ധനികവര്ഗത്തിൽ നിന്നും പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന പുത്തൻവർഗ നേതാക്കൾ, പൗരസമൂഹത്തോടും അതിന്റെ സംവാദവിമർശനങ്ങളോടുമുള്ള ഹിംസാത്മകമായ വെറുപ്പ്, വിധേയരും ശിങ്കിടികളുമല്ലാത്ത മറ്റെല്ലാവരെയും ശത്രുക്കളായി മാത്രം കാണുന്ന ജനാധിപത്യ വിരുദ്ധത, മാധ്യമങ്ങളെ ഒരു ജനാധിപത്യാശയം എന്ന നിലയിൽത്തന്നെ സഹിക്കാനും ഉൾക്കൊള്ളാനുമുള്ള നിഷേധാത്മകമായ വിമുഖത, കോർപ്പറേറ്റ് മൂലധനത്തെ വികസനത്തിന്റെ സ്വർഗ്ഗമായി പ്രചരിപ്പിക്കൽ, രാഷ്ട്രീയാശയങ്ങളെയും ചരിത്രത്തെയും തങ്ങൾക്കൊപ്പമുള്ള ജനസമൂഹത്തെ പറ്റിക്കാനുള്ള കേവലം പൊള്ളയായ കെട്ടുകാഴ്ചകളാക്കി മാറ്റൽ എന്നിങ്ങനെ എന്താണോ ഒരു വലതുപക്ഷ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തെ സാധ്യമാക്കുന്നത് അതെല്ലാമാണ് തങ്ങളെയും നിലനിർത്തുകയെന്നു കരുതുന്ന, അത്തരം പ്രയോഗങ്ങളിൽ നാൾക്കുനാൾ അഭിരമിക്കുന്ന ഒരു സംഘടനയുടെ ദേശീയ സമ്മേളനമാണ് മദുരൈ നഗരത്തിൽ കഴിഞ്ഞത്. അതിൽനിന്നും ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ്, മാർക്സിയൻ രാഷ്ട്രീയം അതിന്റെ പുതുക്കലും കുതിക്കലും നടത്താനുള്ള രാഷ്ട്രീയചർച്ചകൾ പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നടത്തേണ്ട സമരത്തിൽ ബൂർഷാ ഉദാര ജനാധിപത്യത്തിന്റെ തിടുക്കമെങ്കിലും അവർ കാട്ടണം എന്നുള്ളത് മാത്രമാണ് ആഗ്രഹിക്കാവുന്നത്. അതിൽപ്പോലും സങ്കുചിതമന്ദതയുടെ സന്ദേഹ സാധ്യതകളാണ് മധുരൈയിൽ നിന്നും കേട്ടതെന്നത് പ്രതീക്ഷാനിർഭരമായ ഇടതുപക്ഷ കാലത്തെയല്ല മുന്നോട്ടുവെക്കുന്നത്.