നോവലുകൾ എനിക്ക് ജീവനാണ്.
ലോകത്ത് ഇറങ്ങുന്ന ഏറ്റവും മികച്ച നോവലുകൾ വായിച്ച് ഫിക്ഷന്റെ ലോകത്ത് ജീവിക്കാനാണ് ഞാൻ ജീവിതത്തിൽ ഏറെ ആഗ്രഹിക്കുന്നത്. പക്ഷേ ജോലിയുടെ മുന്നോട്ടുപോക്കിനുവേണ്ടത് കുറെ വസ്തുതകളും വിവരങ്ങളുമൊക്കെ സമ്പാദിക്കാൻ കഴിയുന്ന വായനയാണ്. നിത്യേന മാറിമാറിവരുന്ന രാഷ്ട്രീയസംഭവവികാസങ്ങളിൽ സത്യസന്ധവും യാഥാർഥ്യം വെളിപ്പെടുത്തുന്നതുമായ നിലപാട് സ്വീകരിക്കാൻ ഒരു ജേണലിസ്റ്റിന് അത്തരം വായനകളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ നിരന്തരമായ നോവൽ വായനയ്ക്കുള്ള കാലം ഇനിയും വരുമെന്ന പ്രതീക്ഷയിൽ നോൺ ഫിക്ഷൻ വായനയിലേക്ക് മാറേണ്ടിവരുന്നുണ്ട്, പലപ്പോഴും.
ഇത്തരത്തിൽ പ്രധാനപ്പെട്ട ഒന്ന് ഈ അടുത്ത സമയത്തുണ്ടായത്, നിയമജ്ഞനായ എ.ജി. നൂറാനിയുടെ 2002ൽ പുറത്തിറങ്ങിയ ‘സവർക്കറും ഹിന്ദുത്വയും' എന്ന ഗ്രന്ഥത്തിന്റെ പുനർവായന.
ഇതൊരു ‘ലെഫ്റ്റ് വേഡ്’ പ്രസിദ്ധീകരണമാണ്. ഇന്നും പ്രസിദ്ധീകരണ രംഗത്തുണ്ടെങ്കിലും തൊണ്ണൂറുകളിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇടതു പ്രസിദ്ധീകരണശാലയാണ് ന്യൂഡൽഹി ആസ്ഥാനമായ ‘ലെഫ്റ്റ് വേഡ്’. നൂറാനിയെപ്പോലുള്ള നിയമജ്ഞരുടെയും ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, കെ.എൻ.പണിക്കർ തുടങ്ങിയ ചരിത്രകാരരുടെയും മറ്റും മൗലിക നിരീക്ഷണങ്ങൾ വർഗീയതയ്‌ക്കെതിരായ രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമായി പുസ്തകങ്ങളായി ‘ലെഫ്റ്റ് വേഡി’ൽ നിന്ന് വന്നു.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ ആർ.എസ്.എസിന്റെ സംഘടനാശരീരത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയുമുള്ള നൂറാനിയുടെ പുസ്‌തകങ്ങളായിരുന്നു. നൂറാനിയുടെ ഘനഗംഭീരങ്ങളായ ലേഖനങ്ങൾ ഫ്രണ്ട്‌ലൈനിൽ പ്രസിദ്ധീകരിക്കാറുണ്ട്. അവ പഠിക്കുന്ന കാലത്തേ മനസ്സിരുത്തി വായിക്കുന്ന ശീലവുമുണ്ടായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ‘ലെഫ്റ്റ് വേഡ്’ വഴി വന്ന രണ്ട് പുസ്തകങ്ങൾ കയ്യിലെത്തുന്നത്. ഒന്ന്, ‘സവർക്കറും ഹിന്ദുത്വയും'. രണ്ട്, ‘ആർ.എസ്.എസും ബി.ജെ.പിയും- ഒരു തൊഴിൽ വിഭജനം'.
നൂറാനിയുടെ ലേഖനങ്ങളുടെ പ്രത്യേകത സൂക്ഷ്മമായ വസ്തുതാപ്രതിപാദനമാണ്. തന്റെ വാദത്തിന് പിൻബലമായ വസ്തുതകൾ തീയതി സഹിതം ഉറപ്പുവരുത്തി മാത്രമേ അദ്ദേഹം ഉദ്ധരിക്കൂ. 92 -ാമത്തെ വയസ്സിലും എന്തെങ്കിലും എഴുതിയാൽ ആ പ്രജ്ഞയുടെ ശോഭ എഴുത്തിൽ തെളിയും. അപാരമായ ഓർമയും വസ്തുതകളുടെ കൃത്യതയും ആശയകണിശതയും അദ്ദേഹത്തിന്റെ ഏത് കൊച്ചുലേഖനത്തിലും കണ്ടെടുക്കാം. നിയമപ്രാഗത്ഭ്യവും മാധ്യമപ്രവർത്തക കുശലതയും ചേർന്ന ആ എഴുത്തിന് പകരംവയ്ക്കാൻ നമുക്ക് മറ്റൊന്നുമില്ല.
സവർക്കറെ ‘ദേശീയനായകനാ'യി ആദ്യമായി വിശേഷിപ്പിക്കുന്നത് 2002-ലാണ്. 2002 മെയ് നാലിന് ആൻഡമാനിലെ പോർട്ട്ബ്ലെയർ വിമാനത്താവളത്തിന് ‘വീർ സവർക്കർ എയർപോർട്ട്’ എന്ന് പുനർനാമകരണം ചെയ്ത് എൽ.കെ. അദ്വാനി നടത്തിയ പ്രസംഗത്തിലാണത്. ഇതൊരു തുടക്കമാണെന്ന് നൂറാനി എഴുതി.
‘സവർക്കറും ഹിന്ദുത്വയും' പ്രവാചകസ്വഭാവമുള്ള കൃതിയാണ്. 2002- ൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായി എൻ.ഡി.എ സർക്കാർ അധികാരത്തിലിരുന്ന സമയത്താണ് പുസ്തകം പുറത്തുവരുന്നത്. ബി.ജെ.പി വി.ഡി.സവർക്കറെ തങ്ങളുടെ ആചാര്യനായി അംഗീകരിച്ചുകൊണ്ടുള്ള ആദ്യ പ്രസ്താവനകൾ പുറത്തുവരുന്ന കാലം അതാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന എൽ.കെ. അദ്വാനി 1991 മാർച്ച് 12ന് ഒരു സെമിനാറിൽ സവർക്കറുടെ ദേശാഭിമാനത്തെക്കുറിച്ചും എഴുത്തുശീലത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നുവെങ്കിലും സവർക്കറെ ‘ദേശീയനായകനാ'യി ആദ്യമായി വിശേഷിപ്പിക്കുന്നത് 2002-ലാണ്. 2002 മെയ് നാലിന് ആൻഡമാനിലെ പോർട്ട്ബ്ലെയർ വിമാനത്താവളത്തിന് ‘വീർ സവർക്കർ എയർപോർട്ട്’ എന്ന് പുനർനാമകരണം ചെയ്തുനടത്തിയ പ്രസംഗത്തിലാണത്. ഇതൊരു തുടക്കമാണെന്ന് നൂറാനി എഴുതി. മഹാത്മാഗാന്ധിയെ മാറ്റി സവർക്കറെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ഹിന്ദുത്വശക്തികളുടെ ശ്രമത്തിന്റെ ശിലാസ്ഥാപനം കൂടിയാണ് അതെന്ന് അദ്ദേഹം പുസ്തകത്തിൽ സമർഥിച്ചു. നരേന്ദ്രമോദിയോ അമിത് ഷായോ ചിത്രത്തിലെവിടെയും ഇല്ലാതിരുന്ന കാലത്തുതന്നെ രണ്ടുപതിറ്റാണ്ടിനു ശേഷം രാജ്യത്ത് സംഭവിക്കാനിടയുള്ള ആപത്തിനെക്കുറിച്ച് പ്രവചനാത്മകമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ഈ നിയമവിദുഷി.
1999 മുതൽ 2004 അധികാരത്തിലിരിക്കവേ വാജ്‌പേയ് സർക്കാരിന് ഹിന്ദുത്വവിഷയങ്ങൾ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയുംവിധമുള്ള ജനവിധിയുണ്ടായിരുന്നില്ല. ബാബരി മസ്ജിദ് അതിനകം തകർത്തുകഴിഞ്ഞിരുന്നെങ്കിലും ‘രാമജൻമഭൂമി' എന്ന് അവർ വിശേഷിപ്പിക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയൽ, ഏക സിവിൽ കോഡ്, ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന 370-ാം വകുപ്പ് പിൻവലിക്കൽ (2019 ആഗസ്റ്റ് 5ന് ഇത് നടപ്പാക്കി) തുടങ്ങിയ അജൻഡകൾ അലമാരയിൽ നിന്ന് പുറത്തെടുക്കാൻ സഖ്യകക്ഷികൾ അനുവദിച്ചിരുന്നില്ല. എന്നാലും, 1990 മുതൽ പറഞ്ഞുതുടങ്ങിയ ‘ഹിന്ദുത്വ' പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ സവർക്കറെ ആസ്ഥാന ആചാര്യനാക്കുകയെന്ന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യം അദ്വാനിക്ക് നിർവഹിക്കേണ്ടിയിരുന്നു. അതാണ് പോർട് ബ്ലെയറിൽ നടന്നത്.
ഈ സന്ദർഭത്തെ കൃത്യമായി ചരിത്രവത്കരിക്കുകയെന്ന ദൗത്യമാണ് ‘സവർക്കറും ഹിന്ദുത്വയും' എന്ന പുസ്തകം നിർവഹിക്കുന്നത്. ആറ് അധ്യായങ്ങളിലായി ആരാണ് സവർക്കർ എന്നും ഗാന്ധിവധം ഉൾപ്പെടെ ഏതൊക്കെ ക്രിമിനൽ കുറ്റങ്ങളിലാണ് സവർക്കർക്കെതിരെ പരോക്ഷപങ്കാളിത്തം ആരോപിക്കപ്പെട്ടതെന്നും തെളിവുകളുടെ അഭാവത്തിൽ എങ്ങനെ രക്ഷപ്പെട്ടന്നും ഏതുവിധത്തിലാണ് സവർക്കർ മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ നേർവിപരീതമാകുന്നത് എന്നുമെല്ലാം സൂക്ഷ്മമായി നൂറാനി പ്രതിപാദിക്കുന്നു. സവർക്കർ 1923 - ൽ ‘Hindutva: Who is a Hindu?' എന്ന ലേഖനത്തിലൂടെ മുന്നോട്ടുവച്ച ‘ഹിന്ദുത്വ', സ്വാമി വിവേകാനന്ദന്റേയും അരബിന്ദഘോഷിന്റെയും മറ്റും ‘ഹിന്ദൂയിസം' അല്ലെന്ന പരിപ്രേക്ഷ്യം ആദ്യമേ അദ്ദേഹം സ്ഥാപിക്കുന്നു. ദൈവവിശ്വാസി പോലുമല്ലാത്ത സവർക്കർക്ക് മതം ഒരു വിഷയമായിരുന്നില്ല. ഇന്ത്യയെ ഭൂമിശാസ്ത്ര ദേശീയതയെ മറികടന്ന് സാംസ്‌കാരിക ദേശീയതയിലേക്ക് നയിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ പദ്ധതിയാണ് ഹിന്ദുത്വ. സവർക്കർ തന്നെ തന്റേത് ഹിന്ദൂയിസവുമായി തെറ്റായി സമപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു.
പക്ഷേ 1980-ൽ രൂപംകൊണ്ട ബി.ജെ.പിയെ സംബന്ധിച്ച് 1996-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാത്രമാണ് ‘ഹിന്ദുത്വ’ എന്ന വാക്ക് കടന്നുവരുന്നത്. 1998 -ൽ ആവർത്തിച്ചു. ഇതിനുമുൻപ് 1990 സെപ്തംബർ 24ന് അയോധ്യ പ്രക്ഷോഭത്തിന്റെ ഭാഗമായി രഥയാത്രയ്ക്ക് തുടക്കമിട്ട് ഹിന്ദുത്വ ആശയം അദ്വാനി പറഞ്ഞിരുന്നു. ഇതെല്ലാം സവർക്കറിലേക്ക് എത്തുകയും അദ്വാനിയുടെ ഈ ‘യൗവനകാല വിഗ്രഹ'ത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നത് പുതിയ നൂറ്റാണ്ട് ഉദയം ചെയ്ത ശേഷമാണ്.
സവർക്കറെക്കുറിച്ച് ഏറ്റവും സൂക്ഷ്മമായ പരിശോധന നൂറാനി നടത്തുന്നത് ഗാന്ധിവധത്തിൽ പ്രതിചേർക്കപ്പെട്ടിട്ടും രക്ഷപ്പെടാൻ കഴിഞ്ഞതിനെക്കുറിച്ചാണ്. ഗൂഢാലോചനക്കുറ്റമാണ് സവർക്കറിനെതിരെ ചുമത്തിയത്. (രണ്ടോ മൂന്നോ കൊലക്കുറ്റങ്ങളിൽ പ്രതിചേർക്കപ്പെട്ടെങ്കിലും നേരിട്ട് തോക്കെടുക്കാൻ കഴിയാത്ത വിധം ഭീരുവായിരുന്നു സവർക്കർ എന്ന് ഗൂഢാലോചനക്കേസുകളിൽ നിന്ന് വ്യക്തമാണെന്ന് നൂറാനി). തലനാരിഴയ്ക്കാണ് ഗാന്ധിവധത്തിൽ ശിക്ഷിക്കപ്പെടുന്നതിൽനിന്ന് സവർക്കർ രക്ഷപ്പെട്ടത്. ഇന്ത്യൻ നിയമപ്രകാരം ഗൂഢാലോചനക്കേസിന്റെ പ്രത്യേകത, ഓരോ തെളിവും ഗൂഢാലോചന ആരോപിക്കപ്പെട്ടയാളുമായി ബന്ധപ്പെടുത്തുന്ന വഴി തെളിയിക്കപ്പെടണം. കേസിലെ മാപ്പുസാക്ഷിയായ ദിഗംബർ ബാദ്‌ഗെയുടെ, സവർക്കർക്കെതിരായ മൊഴി സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് സവർക്കറെ കോടതി വെറുതേവിട്ടത്. എന്നാൽ ജഡ്ജി ആത്മചരൺ ഈ മാപ്പുസാക്ഷിയുടെ മൊഴികളെ വിധിപ്രസ്താവത്തിൽ പൂർണമായി സ്വീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത് ശ്രദ്ധേയമായി: ‘‘അദ്ദേഹം തന്റെ മൊഴി നേരേ ചൊവ്വേ പറയാൻ തയാറായി. ക്രോസ് എക്‌സാമിനേഷൻ അദ്ദേഹം ഒഴിവാക്കിയില്ല, ഏതെങ്കിലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനോ കൃത്യമായി മറുപടി നൽകാതിരിക്കാനോ ശ്രമിച്ചില്ല’’.
കേവലം ഒരേയൊരു തെളിവിന്റെ അഭാവത്തിലാണ് സവർക്കർ ശിക്ഷിക്കപ്പെടാതെ പോയത് എന്നുചുരുക്കം.
ന്യൂഡൽഹിയിലെ മഹാത്മാഗാന്ധി മ്യൂസിയം മുഖമാഗസിനായ ‘അന്തിം ജനി'ൽ വി.ഡി.സവർക്കറുടെ സംഭാവനകൾ വിശദീകരിക്കുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയെന്ന വാർത്തവരെ കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കഴിഞ്ഞ നാളുകളിൽ ബ്രിട്ടീഷ് അധികാരികളോട് മാപ്പുചോദിച്ചതിന്റെയും ജയിലിൽ നിന്ന് രക്ഷപ്പെടാൻ താണുകേണ് അപേക്ഷിച്ചതിന്റെയും വ്യക്തമായ തെളിവുകൾ കൂടി എ.ജി. നൂറാനി പുസ്തകത്തിൽ മുന്നോട്ടുവയ്ക്കുന്നു. പിൽക്കാലത്ത് ദേശീയരാഷ്ട്രീയത്തിൽ പല സന്ദർഭങ്ങളിലും ചർച്ചാവിഷയമായ ഈ സന്ദർഭങ്ങളുടെ ആധികാരികചിത്രം മതനിരപേക്ഷ ജനാധിപത്യവിശ്വാസികൾക്ക് വലിയൊരു ആശ്രയമാണ്. സവർക്കറുടെ ദേശീയവാദം ഇതര മതങ്ങളോടുള്ള വിദ്വേഷം വഹിക്കുന്നതിന്റെയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഓരോ സന്ദർഭത്തിലും സവർക്കർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളിൽ നിന്ന് പ്രശംസ കിട്ടുന്നതിന്റെയും വിശദാംശങ്ങൾ വീണ്ടും വായിക്കുന്നത് നമ്മെ ഞെട്ടിക്കും.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ മഹാത്മാഗാന്ധി മ്യൂസിയം അതിന്റെ മുഖമാഗസിനായ ‘അന്തിം ജനി'ൽ വി.ഡി.സവർക്കറുടെ സംഭാവനകൾ വിശദീകരിക്കുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയെന്ന വാർത്തവരെ കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഗാന്ധി സ്മൃതി, ഗാന്ധി ദർശൻ എന്നിങ്ങനെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ് ഗാന്ധി മ്യൂസിയം കൈകാര്യം ചെയ്യുന്നത്. ഇവയുടെ ചെയർപേഴ്സൺ പ്രധാനമന്ത്രി നരേന്ദ്രമോദിയും. സവർക്കറിന്റെ മുഖചിത്രത്തോടെ പുറത്തുവന്ന ഈ പ്രസിദ്ധീകരണം രാഷ്ട്രപിതാവായ ഗാന്ധിജിക്ക് എന്തുമാത്രം അപമാനകരമാണ് എന്നത് മനസ്സിലാക്കാൻ നൂറാനിയുടെ പുസ്തകത്തിന്റെ വായന സഹായിക്കും. മാത്രവുമല്ല, 2002- ൽ കണ്ടുതുടങ്ങിയ ഭൂരിപക്ഷ വർഗീയതയുടെ തീനാളങ്ങൾ മുസ്ലിം വിരോധത്തിന്റെ അഗ്‌നിഗോളങ്ങളായി പരിണമിക്കുന്ന കാഴ്ചയിലേക്കെത്തുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യസംരക്ഷണത്തിന് നൽകേണ്ടിവരുന്ന വിലയെക്കുറിച്ച് രണ്ടുപതിറ്റാണ്ടുമുൻപേ നമ്മെ ബോധ്യപ്പെടുത്തിയ എ.ജി. നൂറാനിയെപ്പോലൊരു മഹാമേരുവിനുമുന്നിൽ വിനയാന്വിതരാകാനേ കഴിയൂ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.