നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടിവന്ന സാഹചര്യം, പരീക്ഷാ സംവിധാനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരേണ്ടി വന്ന പുതിയ പരിഷ്‌കാരങ്ങൾ, ഇതെല്ലാം കഴിഞ്ഞ് ബി.ജെ.പി നേരിട്ട രാഷ്ട്രീയ പരീക്ഷണമായിരുന്നു ബിഹാറിലെ ബങ്കിപ്പുർ ഉപതെരഞ്ഞെടുപ്പ്. ഒരു നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പെന്നതിനപ്പുറം, ജനരോഷം വോട്ടായി മാറുമോ, യുവജന രാഷ്ട്രീയം ഭരണകക്ഷിയെ വെല്ലുവിളിക്കുമോ, പുതിയ രാഷ്ട്രീയ ബദലുകൾക്ക് ജനങ്ങൾ അവസരം നൽകുമോ എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ഫലങ്ങൾ നൽകുന്നത്.
ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേശീയ ശ്രദ്ധ മുഴുവൻ പതിയുന്നത് ബങ്കിപ്പുരിലാണ്. ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ 18964 വോട്ടുകളുടെ ലീഡിലാണ്. അദ്ദേഹത്തിന് 61075 വോട്ടും ബിജെപിയുടെ നീരജ് കുമാറിന് 42111 വോട്ടും ലഭിച്ചു.
1995 മുതൽ തുടർച്ചയായി ബി ജെ പിയുടെ കൈവശമുള്ള മണ്ഡലമാണ് ബങ്കിപ്പൂർ. നവീൻ കിഷോർ പ്രസാദ് സിൻഹയും പിന്നീട് അദ്ദേഹത്തിന്റെ മകൻ നിതിൻ നബിനും ചേർന്ന് മൂന്ന് പതിറ്റാണ്ടോളം ഇവിടെ ബി ജെ പി ആധിപത്യം നിലനിർത്തി. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ചതിനെ തുടർന്നാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതുകൊണ്ടുതന്നെ ബങ്കിപ്പൂരിലെ വിജയം ഒരു സീറ്റ് നഷ്ടപ്പെടുന്നതോ നേടുന്നതോ മാത്രമല്ല, ബി ജെ പിയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴുന്നുണ്ടോ എന്നതിന്റെ രാഷ്ട്രീയ സൂചകവുമാണ്.

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ യാത്രയും ഈ ഫലത്തെ അസാധാരണമാക്കുന്നു. 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി 238 മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായില്ല. അന്ന് കിഷോർ സ്വയം മത്സരരംഗത്തിറങ്ങിയിരുന്നില്ല. ബങ്കിപ്പൂർ അദ്ദേഹത്തിന്റെ ആദ്യ നേരിട്ടുള്ള ജനവിധിയാണ്. ഈ തെരഞ്ഞെടുപ്പ് വിജയം ജൻ സുരാജിന്റെ ആദ്യ നിയമസഭാ വിജയമെന്നതിലുപരി ബിഹാറിൽ ഒരു പുതിയ രാഷ്ട്രീയ ബദലിന്റെ ഉദയമാണ് സൂചിപ്പിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിനെ ദേശീയതലത്തിൽ കൂടുതൽ നിർണായകമാക്കിയത് നീറ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലമാണ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരങ്ങൾ രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളിലൊന്നായി മാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കേണ്ട സാഹചര്യം സർക്കാരിന് നേരിടേണ്ടിവരികയും ചെയ്തു. ബങ്കിപ്പൂർ പ്രചാരണത്തിലും ഈ വിഷയം പ്രധാന ചർച്ചയായി മാറി. ഭരണകക്ഷിക്കെതിരായ യുവജന അസംതൃപ്തി തിരഞ്ഞെടുപ്പ് ഫലത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന ചോദ്യമാണ് ഈ മണ്ഡലത്തെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കിയത്. പ്രശാന്ത് കിഷോറിന്റെ വിജയം ജൻ സുരാജിന്റെ ആദ്യ നിയമസഭാ വിജയം മാത്രമല്ല. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബി ജെ പി ആധിപത്യത്തിന് ലഭിക്കുന്ന ഏറ്റവും ശക്തമായ മുന്നറിയിപ്പായിരിക്കും.
