കേരളത്തിൽ കോൺഗ്രസിൻെറ (Congress) ഏറ്റവും ഉറച്ച ലോക്സഭാ മണ്ഡലമാണ് വയനാട് (Wayanad Lok Sabah Elections 2024). അതിനാൽ തന്നെയാണ് 2019-ൽ രാഹുൽ ഗാന്ധിക്കായി (Rahul Gandhi) ഒരു സുരക്ഷിത മണ്ഡലമെന്ന ആലോചന വന്നപ്പോൾ ദേശീയ കോൺഗ്രസ് നേതൃത്വവും വയനാട് തെരഞ്ഞെടുത്തത്. ദേശീയതലത്തിൽ കോൺഗ്രസ് ദയനീയ തിരിച്ചടി നേരിട്ടപ്പോഴും രാഹുൽ ഫാക്ടർ ഗുണം ചെയ്തു. 20ൽ 19 സീറ്റിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് കയറിയപ്പോൾ രാഹുലിൻെറ വരവിന് തിളക്കമേറി. രാജ്യത്ത് കോൺഗ്രസിന് അത്തവണ ആകെ ലഭിച്ചത് 52 സീറ്റുകളായിരുന്നു. 2024-ലും കേരളത്തിൽ പരീക്ഷിച്ച് വിജയിച്ച രാഹുൽ ഫാക്ടർ തുടരാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനിച്ചത്. അത് വീണ്ടും വിജയം കാണുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനൊപ്പം കേരളത്തിൽ യു.ഡി.എഫ് നേടിയത് 18 സീറ്റ്. അതേസമയം ഉത്തരേന്ത്യയിൽ ഗാന്ധി കുടുംബത്തിൻെറ സ്വന്തം മണ്ഡലമായ റായ്ബറേലിയിലും രാഹുൽ വിജയിച്ചതോടെ ഏതെങ്കിലും ഒരിടത്ത് രാജിവെക്കണമെന്ന അവസ്ഥ വന്നു. വയനാടിൻെറ എം.പി സ്ഥാനം രാഹുൽ രാജിവെച്ച ഒഴിവിലേക്കാണ് സഹോദരി പ്രിയങ്ക ഗാന്ധി (Priyanka Gandhi) വരുന്നത്. വയനാട്ടിൽ വീണ്ടും സർപ്രൈസ്. 2019-ൽ രാഹുൽ വന്ന പോലെത്തന്നെ ആരും പ്രതീക്ഷിക്കാത്ത തീരുമാനം.
2019-ൽ മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങിയ പ്രിയങ്കയ്ക്ക് ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കമാണ്. ആദ്യം രാഷ്ട്രീയ പ്രവേശനം പോലും വേണ്ടെന്ന് വെച്ചിരുന്ന പ്രിയങ്ക ഉത്തരേന്ത്യയിലാണ് നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഉത്തർ പ്രദേശിൻെറയും മധ്യപ്രദേശിൻെറയുമൊക്കെ തെരഞ്ഞെടുപ്പ് ചുമതല പ്രിയങ്കക്കുണ്ടായിരുന്നു. ഉത്തർപ്രദേശ് വിട്ട് ആദ്യമായാണ് നെഹ്റു കുടുംബത്തിലെ ഒരാൾ കന്നിയങ്കത്തിനിറങ്ങുന്നത് എന്ന പ്രത്യേകത വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസും ഇന്ത്യാ സഖ്യവും നേടിയ വമ്പൻ മുന്നേറ്റം നിലനിർത്താൻ രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരണമെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെയാണ് പ്രിയങ്കയുടെ കേരളത്തിലേക്കുള്ള വരവിന് കളമൊരുങ്ങിയത്. 2004 മുതൽ കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും സജീവമായിരുന്നെങ്കിലും 2019ലാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. രാഹുൽ വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച അതേ വർഷം.
2004-ൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ സോണിയാ ഗാന്ധിയുടെ കാമ്പയിൻ മാനേജറായിട്ടാണ് പ്രിയങ്ക തുടങ്ങുന്നത്. ഉത്തർപ്രദേശിലെ കോൺഗ്രസ് വേദികളിൽ അവർ പിന്നീട് സജീവമായി ഉണ്ടായിരുന്നു. എന്നാൽ അപ്പോഴും കോൺഗ്രസിൻെറ ഔദ്യോഗിക സംഘടനാ ചുമതലകളിലേക്ക് വരാൻ മടിച്ചു. 2019-ലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. അങ്ങനെ ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ മാത്രം പ്രവർത്തിച്ചിരുന്ന പ്രിയങ്ക ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. സംഘടനാ രാഷ്ട്രീയത്തിൽ പ്രധാന പദവിയിലെത്തിയിട്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ പിന്നെയും വൈകി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്ക് പകരക്കാരിയായി റായ്ബറേലിയിലോ അമേത്തിയിലോ പ്രിയങ്ക മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമെല്ലാം ശക്തമായ സമ്മർദ്ദം ചെലുത്തിയെങ്കിലും മത്സരരംഗത്തിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
2019-ൽ സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചത് മുതൽ പ്രയങ്ക ഗാന്ധി ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ബലത്തിലാണ് 2024 ആവുമ്പോഴേക്കും യു.പി രാഷ്ട്രീയം കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും അനുകൂലമായത്. 2019-ൽ രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേത്തിയിലടക്കം വലിയ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത്. 2014 നെയും 2019നെയും അപേക്ഷിച്ച് 2024-ൽ യു.പി യിൽ ഇന്ത്യാ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. ഇത് നിലനിലനിർത്താൻ റായ്ബറേലിയിൽ രാഹുൽ ഗാന്ധി തുടരണമെന്നും പാർലമെന്റിൽ പ്രിയങ്കയും എത്തുന്നതോടെ പ്രതിപക്ഷനിര കൂടുതൽ ശക്തരാകുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറിയും കോൺഗ്രസ് വലിയ വെല്ലുവിളിയൊന്നും നേരിടുന്നില്ല. വയനാട്ടിൽ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ രാഹുൽ ഗാന്ധിക്ക് 431770 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2024-ൽ 36442 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രധാന ചർച്ചയാവാൻ പോവുന്ന ഒരു വിഷയം വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തമാണ്. ജൂലൈ 30-ന് പുലർച്ചെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ 400-ലധികം പേർ മരണപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ദുരന്തമുണ്ടായി രണ്ട് മാസം പിന്നിട്ടിട്ടും വയനാടിന് ഒരു രൂപ പോലും കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ലാത്തതും വലിയ ചർച്ചയായി തെരഞ്ഞെടുപ്പിൽ ഉയർന്ന് വരും. കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും വയനാടിനായുള്ള കേന്ദ്ര സഹായത്തിനായി കൂടുതൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.
മണ്ഡലത്തിൽ യു.ഡി.എഫിന് പുറമെ ഇടതുമുന്നണി സ്ഥാനാർഥിയുടെ കാര്യത്തിലും തീരുമാനം ആയിട്ടുണ്ട്. മുൻപ് വയനാട്ടിൽ സ്ഥാനാർഥിയായിട്ടുള്ള സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയാണ് മത്സരിക്കാൻ പോവുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സത്യൻ മൊകേരിയെ വയനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസിൻെറ കുത്തക മണ്ഡലമായ വയനാട്ടിൽ നേരത്തെ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നൽകിയിട്ടുള്ള നേതാവാണ് സത്യൻ മൊകേരി. 2014ലാണ് അദ്ദേഹം നേരത്തെ സ്ഥാനാർഥിയായിട്ടുള്ളത്. മണ്ഡലത്തിൽ 3,56,165 വോട്ടുകൾ നേടിയ അദ്ദേഹം വെറും 20,870 വോട്ടിനാണ് കോൺഗ്രസിലെ എം.ഐ ഷാനവാസിനോട് പരാജയപ്പെട്ടത്. 2019-ൽ രാഹുൽ ഗാന്ധിക്കെതിരെ പി.പി സുനീറിനെയും 2024-ൽ ആനി രാജയെയുമാണ് സി.പി.ഐ മത്സരിപ്പിച്ചത്. സത്യൻ മൊകേരി 38.92 ശതമാനം വോട്ട് നേടിയിടത്ത് നിന്ന് സുനീർ 25.24 ശതമാനവും ആനി രാജ 26.09 ശതമാനം വോട്ടുമാണ് നേടിയത്.
ബി.ജെ.പിക്ക് വലിയ സ്വാധീനമൊന്നുമില്ലാത്ത ലോക്സഭാ മണ്ഡലമാണെങ്കിലും 2024ൽ 1,41,045 (13 ശതമാനം) വോട്ട് നേടാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാർഥി. ഇത്തവണ പാർട്ടിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. തമിഴ് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിൻെറ പേര് ഇപ്പോൾ സാധ്യതാ പട്ടികയിൽ ഉയർന്നുകേൾക്കുന്നുണ്ട്. പ്രിയങ്കക്കെതിരെ ദേശീയ പ്രാധാന്യമുള്ള ഒരാൾ മത്സരിക്കണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കരുതുന്നത്. ശോഭ സുരേന്ദ്രൻ, എം.ടി.രമേശ്, നവ്യ ഹരിദാസ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.