ഫ്രാൻസ്, ചിലി, സ്പെയിൻ, ഇന്ത്യ:
നാല് സമരങ്ങൾ, ഒറ്റ രാഷ്ട്രീയം

ഫ്രാൻസിലും ചിലിയിലും സ്​പെയിനിലും ഇന്ത്യയിലും നടക്കുന്ന സമരങ്ങൾ, അവ എത്ര താൽക്കാലികവും ഹ്രസ്വവും ആയിരുന്നാലും ആഗോളതലത്തിലെയും ദേശീയതലങ്ങളിലെയും മൂലധന താൽപ്പര്യങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ ശക്തമായി അനാവരണം ചെയ്തു കഴിഞ്ഞിരിക്കുന്നുവെന്ന് എഴുതുന്നു ഡോ. ടി.ടി. ശ്രീകുമാർ. ഈ ദശകത്തിലെ ഏറ്റവും പ്രധാനമായ ഈ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ പ്രത്യയശാസ്ത്രപാരസ്പര്യം വിശകലനം ചെയ്യുന്നു.

ഫാക്ടറികളുടെ അന്ത്യവും മൂലധനത്തിന്റെ പിൽക്കാല തന്ത്രങ്ങളും സംഘടിത തൊഴിലാളിവർഗ്ഗ എകീകരണങ്ങൾക്ക് സാധ്യത കുറച്ചെങ്കിലും സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസരീതിയിൽനിന്ന് രാഷ്ട്രീയ രൂപീകരണങ്ങൾക്കുള്ള സാധ്യതകൾ വളരെക്കാലമായി ചരിത്രത്തിൽ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

തൊഴിലാളിവർഗ്ഗത്തെപ്പോലെ സ്വത്വപരമായ സാമ്പത്തികാടിസ്ഥാനം ഇവർക്കില്ലെങ്കിലും തൊഴിൽരഹിതരായ ചെറുപ്പക്കാരും വിദ്യാർഥികളും ഏതാണ്ട് ഒരേ മോഹങ്ങളും മോഹഭംഗങ്ങളും പങ്കുവയ്ക്കുന്നവർ എന്ന നിലയിൽ നിയോ ലിബറൽ കാലത്തെ സവിശേഷ രാഷ്ട്രീയ സഖ്യശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിലെ താൽക്കാലികതകൾ മാറ്റിവച്ച് ചിന്തിക്കുകയാണെങ്കിൽ, വിപ്ലവശക്തി എന്ന നിലയിൽ തൊഴിലാളി കർഷക വിഭാഗങ്ങളുമായി ഐക്യപ്പെടാൻ കഴിയുന്ന സാമൂഹിക പ്രതിഭാസമായി വിദ്യാർഥികളും ‘തൊഴിലില്ലാപ്പട’ എന്ന് പറയാവുന്ന വിഭാഗങ്ങളും ആത്മബോധം കൈവരിക്കുന്ന കാഴ്ചയാണ് നാമിപ്പോൾ ലോകമെമ്പാടും ദർശിക്കുന്നത്.

ആഗോളതലത്തിൽ ഇപ്പോൾ നടക്കുന്ന നാല് സമരങ്ങൾ ഇത്തരമൊരു സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ്. ഫ്രാൻസ്, ചിലി, സ്പെയിൻ, ഇന്ത്യ എന്നിവിടങ്ങളിലുടനീളം, പ്രത്യക്ഷത്തിൽ വ്യത്യസ്തമെന്ന് തോന്നുന്ന മുദ്രാവാക്യങ്ങളുയർത്തി, എന്നാൽ ആഗോള മൂലധനത്തിന്റെ സാമ്പത്തികതന്ത്രങ്ങളെയും ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധതയേയും വെല്ലുവിളിച്ച് യുവാക്കളുടെ പ്രക്ഷോഭങ്ങൾ ഏതാണ്ട് ഒരേസമയം വികസിച്ചുകൊണ്ടിരിക്കുകയാണ്.

ഫ്രാൻസിൽ വിദ്യാർത്ഥികൾ കൃത്യമായി പ്രവർത്തിക്കുന്ന സ്കൂളുകളും ആവശ്യത്തിന് പൊതുനിക്ഷേപവും, വിദ്യാർഥിനിബിഡമായ ക്ലാസ് റൂമുകളിലെ അസൗകര്യങ്ങളും മുൻനിർത്തിയാണ് സമരം ചെയ്യുന്നത്.

ചിലിയൻ വിദ്യാർത്ഥികൾ നിയോ ലിബറൽ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിനെ ചെറുക്കുന്ന വിശാലമായ സമരമുഖത്താണ്.

സ്പെയിനിലെ യുവാക്കൾ സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കുന്നതിൽനിന്ന് അവരെ തടയുന്ന അതിഭീമമായ ഭവന- ജീവിതച്ചെലവ് പ്രതിസന്ധിക്കെതിരെയാണ് ശക്തമായ സമരവേദി തുറന്നിട്ടുള്ളത്.

ഫ്രാൻസ്, ചിലി, സ്​പെയിൻ എന്നീ രാജ്യങ്ങളിലെ യുവതയുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും പിന്നിൽ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ചില സമാനതകളും രാഷ്ട്രീയമായ ചോദ്യങ്ങളുമുണ്ട്.

ഇന്ത്യയിലെ കോക്റോച്ച് ജനതാപാർട്ടിയും (CJP) ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ആരംഭിച്ച സമരം താൽക്കാലിക വിജയത്തിനുശേഷം പിരിഞ്ഞുപോകാതെ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളുടെ സുതാര്യതക്കും വിശ്വാസ്യതക്കും വേണ്ടിയുള്ള വലിയ ജനാധിപത്യ പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുന്നു. അവർ ക്രോണി മൂലധനത്തിനും മതഭൂരിപക്ഷ ഇല്ലിബറൽ ഭരണകൂടത്തിനുമെതിരെയുള്ള അഭൂതപൂർവ്വമായ പ്രഹരശേഷി നേടിയ വിപ്ലവശക്തിയായി മാറിയിരിക്കുന്നു.

ഈ രാഷ്ട്രങ്ങളിലെ യുവതയുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും പിന്നിൽ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ചില സമാനതകളും രാഷ്ട്രീയമായ ചോദ്യങ്ങളുമുണ്ട്. തങ്ങളുടെ ഭാവിയെ നിർണ്ണയിക്കുന്ന സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങൾ ഉത്തരവാദിത്തരഹിതവും, സുതാര്യതയില്ലാത്തതും, ജനാധിപത്യപരമായ സമ്മതം രൂപപ്പെടുത്തിയ സാമൂഹിക വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയാത്തവയുമായി മാറുമ്പോൾ, പാർലമെന്റിൽ ഭൂരിപക്ഷമുള്ളപ്പോൾത്തന്നെ, ഭരണകൂടത്തിന് എങ്ങനെ ജനാധിപത്യസാധുത അവകാശപ്പെടാൻ കഴിയുമെന്ന് ഈ പുതിയ വിപ്ലവശക്തി ചോദിക്കുകയാണ്. ആ ചോദ്യം ഉണ്ടാകുന്നതുതന്നെ വിപ്ലവകരമായ മാറ്റമാണ്. ഇന്ത്യയിൽ വിശേഷിച്ചും തെരഞ്ഞെടുപ്പ് നിരങ്കുശം രാഷ്ട്രീയ- സ്ഥാപന മേൽനോട്ടത്തിലുള്ള റിഗ്ഗിംങ്ങായി, വോട്ട്-ചോരിയായി മാറുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ സമരമെന്നതുതന്നെ ഇതിന്റെ ഭരണകൂടവിരുദ്ധ വിപ്ലവസ്വഭാവം വ്യക്തമാക്കുന്നതാണ്.

മറ്റൊരർത്ഥത്തിൽ, ആഗോളതലത്തിൽ വിദ്യാർഥി-യുവജന രോഷങ്ങൾക്ക് അടിസ്ഥാനവർഗ്ഗത്തിന്റെ വിപ്ലവലക്ഷ്യങ്ങളുമായുള്ള നാഭീനാളബന്ധമാണ് ഫ്രാൻസിലും ചിലിയിലും സ്പെയിനിലും ഇന്ത്യയിലും നടക്കുന്ന സമരങ്ങൾ വെളിവാക്കുന്നത്.

SIR-നെതിരെ ബെംഗളൂരുവിൽ CJP സംഘടിപ്പിച്ച ‘ഫ്രീഡം പാർക്ക്’ സമരത്തിൽ നിന്ന്.
SIR-നെതിരെ ബെംഗളൂരുവിൽ CJP സംഘടിപ്പിച്ച ‘ഫ്രീഡം പാർക്ക്’ സമരത്തിൽ നിന്ന്.

വിദ്യാർത്ഥികളുടെ
പുതിയ ഫ്രഞ്ച് വിപ്ലവം

ഈ മാറ്റത്തിന്റെ ഏറ്റവും വ്യക്തമായ സമകാലിക ആവിഷ്കാരം നൽകുന്നതാണ് ഇപ്പോൾ ഫ്രാൻസിൽ നടക്കുന്ന വിദ്യാർഥി പോരാട്ടം. മറ്റൊരു ഫ്രഞ്ച് വിപ്ലവം തന്നെയാണ് വിദ്യാർഥികൾ അഴിച്ചുവിട്ടിരിക്കുന്നത്. വിദ്യാർത്ഥിബഹുലമായ ക്ലാസ് മുറികൾ, അധ്യാപകരുടെ കുറവ്, പഴകി ദ്രവിച്ച സ്കൂൾ കെട്ടിടങ്ങൾ, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും എന്നിവയെ മുൻനിർത്തി 2026 സെപ്റ്റംബറിൽ പാരീസ് മേഖലയിൽ ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് രാജ്യത്തുടനീളം വ്യാപിച്ചു. ഒക്ടോബർ ആറ് ആയപ്പോഴേക്കും ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രകടനങ്ങളിലെ പങ്കാളിത്തം 2,66,000 കടന്നു. നൂറുകണക്കിന് സ്കൂളുകൾ ഉപരോധമോ തടസ്സങ്ങളോ നേരിട്ടു. അധ്യാപകരും മാതാപിതാക്കളും യൂണിയനുകളും മറ്റ് തൊഴിലാളികളും വിദ്യാർത്ഥികളോടൊപ്പം ചേരുന്നു. വിപുലമായ മൂലധനവിരുദ്ധ- ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി അത് മാറിയിരിക്കുന്നു.

ഫ്രാൻസ് ഒരേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയും പൊതു ചെലവുകൾ കുറയ്ക്കാനുള്ള നിയോ ലിബറൽ സമ്മർദ്ദവും നേരിടുകയായിരുന്നു എന്നതിനാൽ, സർക്കാരിന്റെ 2027-ലെ നിർദ്ദിഷ്ട ബജറ്റ് നിർദ്ദേശങ്ങൾ ഈ പ്രതിഷേധത്തെ കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു. സാധാരണ പൗരർ ആശ്രയിക്കുന്ന പൊതുസ്ഥാപനങ്ങളിൽ സാമ്പത്തിക അച്ചടക്കം അടിച്ചേൽപ്പിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ചുള്ള വലിയൊരു സംവാദത്തിലേക്ക്, സ്കൂൾ ഭരണത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള പരാതികൾ മാത്രമായി അവസാനിപ്പിക്കാമായിരുന്ന വിഷയത്തെ വിദ്യാർത്ഥികൾ വിപ്ലവകരമായി അവിടെ മാറ്റിമറിച്ചുകഴിഞ്ഞിരിക്കുന്നു.

ഫ്രാൻസിൽ, അധ്യാപകരും മാതാപിതാക്കളും യൂണിയനുകളും മറ്റ് തൊഴിലാളികളും വിദ്യാർത്ഥികളോടൊപ്പം ചേരുന്നു. വിപുലമായ മൂലധനവിരുദ്ധ- ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി അത് മാറിയിരിക്കുന്നു.

ഇവിടെയാണ് കൃത്യമായി ഇപ്പോൾ നടക്കുന്ന ഫ്രഞ്ച് വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രാധാന്യം കണ്ടെത്തേണ്ടത്‌. അധ്യാപകരുടെ കുറവ് തുടക്കത്തിൽ പ്രാദേശിക ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു. തകർന്ന ക്ലാസ് മുറി ഭരണപരമായ പ്രശ്നമായിരിക്കാം. എന്നാൽ നൂറുകണക്കിന് സ്കൂളുകൾ സമാന അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഭരണപരമായ പരാജയത്തിന് വിപുലമായ രാഷ്ട്രീയ വിശദീകരണം ലഭിക്കുന്നു. തങ്ങൾക്ക് ലഭിക്കുന്ന അപര്യാപ്തമായ സൗകര്യങ്ങൾ ബജറ്റുകൾ, നികുതി, ചെലവഴിക്കൽ, പൊതുവിഭവങ്ങളുടെ വിതരണം എന്നിവയെക്കുറിച്ചുള്ള മൂലധനപ്രേരിതമായ നിയോലിബറൽ തീരുമാനങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന യാഥാർത്ഥ്യം വിദ്യാർത്ഥികൾ തിരിച്ചറിയാൻ തുടങ്ങുന്നു. കേവലമായ പരാതികൾ, അവയുടെ പിന്നിലെ രാഷ്ട്രീയ മുൻഗണനകളുടെ വർത്തമാനവും ചരിത്രവും വൈരുദ്ധ്യാത്മകമായി അനാവരണം ചെയ്യപ്പെടുമ്പോൾ വലിയൊരു രാഷ്ട്രീയബോദ്ധ്യത്തിലേക്ക്, സ്വയംബോധത്തിലേക്ക് പ്രക്ഷോഭകർ പ്രവേശിക്കുകയാണ്.

മൂലധനത്തിന് അരുനിൽക്കുന്ന സർക്കാരിന്റെ ഹിംസാത്മക പ്രതികരണം ജനാധിപത്യപരമായ സമരത്തെ കൂടുതൽ വിപുലമാക്കുന്നു-ആയിരക്കണക്കിന് അറസ്റ്റുകൾ, അമിതമായ പോലീസ് ശക്തി ഉപയോഗിച്ചെന്ന ആരോപണങ്ങൾ, കൗമാരക്കാരായ പ്രതിഷേധക്കാർക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകൾ എന്നിവ, മൂലകാരണമായ വിദ്യാഭ്യാസ ആവശ്യങ്ങൾക്കൊപ്പം പ്രതിഷേധിക്കാനുള്ള അവകാശത്തെക്കൂടി തർക്കത്തിന്റെ ഭാഗമാക്കി മാറ്റുകയാണ്.

ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് കോടതി ഇടപെടൽ തന്നെയുണ്ടായി. ഫ്രാൻസിൽ അധ്യാപകരുടെ ദൗർലഭ്യവും മറ്റ് പരാതികളും പരിഹരിക്കുന്നതിന് സർക്കാർ ഇപ്പോൾ അടിയന്തര നടപടികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ വിദ്യാർഥി പ്രസ്ഥാനം വഴങ്ങാതെ തുടരുകയാണ്, കാരണം മറ്റൊന്നുമല്ല- പ്രതിഷേധം പ്രാഥമിക രാഷ്ട്രീയ അജണ്ടയിൽനിന്ന് വിപ്ലവാത്മകമായ ദേശീയാവശ്യങ്ങളിലേക്ക് മുന്നേറിയിരിക്കുന്നു.

ഫ്രാൻസിൽ വിദ്യാർത്ഥികൾ കൃത്യമായി പ്രവർത്തിക്കുന്ന സ്കൂളുകളും ആവശ്യത്തിന് പൊതുനിക്ഷേപവും, വിദ്യാർഥിനിബിഡമായ ക്ലാസ് റൂമുകളിൽ ആവശ്യമായ സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.
ഫ്രാൻസിൽ വിദ്യാർത്ഥികൾ കൃത്യമായി പ്രവർത്തിക്കുന്ന സ്കൂളുകളും ആവശ്യത്തിന് പൊതുനിക്ഷേപവും, വിദ്യാർഥിനിബിഡമായ ക്ലാസ് റൂമുകളിൽ ആവശ്യമായ സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.

ചിലിയിലെ
വർഗ്ഗ ജനാധിപത്യ
ഐക്യമുന്നണി

സമാനമായ, എന്നാൽ ആശയപരമായി കുറച്ചുകൂടി രൂക്ഷമായ ഒരു പോരാട്ടം ചിലിയിൽ വികസിക്കുന്നുണ്ട്. പ്രസിഡന്റ് ജോസ് അന്റോണിയോ കാസ്റ്റിന്റെ സർക്കാരിന്റെ നിർദ്ദിഷ്ട 2027 ബജറ്റിനെ നേരിട്ട് ചോദ്യം ചെയ്ത് "വിദ്യാഭ്യാസത്തിന് ഒരു പൈസ പോലും കുറയ്ക്കരുത്" എന്ന മുദ്രാവാക്യമുയർത്തി ‘കോൺഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ചിലെ’ (Confech) ഒക്ടോബർ ഒന്നിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ആയിരക്കണക്കിനാളുകൾ സാന്റിയാഗോയിലൂടെ മാർച്ച് ചെയ്തു. മുപ്പതോളം സിവിൽ സൊസൈറ്റി സംഘടനകൾ പ്രക്ഷോഭത്തെ പിന്തുണച്ചു. വിദ്യാഭ്യാസച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിനും സ്കൂൾ ഭക്ഷണവിതരണം ഉൾപ്പെടെയുള്ള പദ്ധതികളിലെ സാധ്യതയുള്ള വെട്ടിക്കുറവുകൾക്കുമെതിരെ അധ്യാപകരും പബ്ലിക് സെക്ടർ തൊഴിലാളികളും ട്രേഡ് യൂണിയൻ സംഘടനകളും വിദ്യാർത്ഥികളോടൊപ്പം ചേർന്നു സമരത്തിന് തയ്യാറായിരിക്കുന്നു.

ചിലിയിലും രൂപംകൊള്ളുന്നത് നിയോലിബറൽ മൂലധന വ്വസ്ഥയുടെ ചതിക്കുഴികൾ തിരിച്ചറിയുന്ന വിശാലമായ വർഗ്ഗ ജനാധിപത്യ ഐക്യമുന്നണിയാണ്. വിദ്യാഭ്യാസമേഖലയിലെ ആവശ്യങ്ങളെ വിദ്യാഭ്യാസ വ്യവസ്ഥയുടെതന്നെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന്റെ വിമർശനമാക്കി മാറ്റുന്ന ദീർഘകാല ചരിത്രം ചിലിയൻ വിദ്യാർത്ഥിരാഷ്ട്രീയത്തിനുള്ളതുകൊണ്ട് ചിലിയുടെ ഉദാഹരണം പ്രത്യേകിച്ച് ശ്രദ്ധേയമാണ്. സാമ്പത്തിക തടസ്സങ്ങൾക്കുള്ള സാങ്കേതികമായി ഒഴിവാക്കാനാവാത്ത പ്രതികരണമാണ് സാമ്പത്തിക അച്ചടക്കം (austerity) എന്ന വാദത്തെ നിലവിലെ പ്രസ്ഥാനവും നിരസിക്കുകയാണ്. ദേശീയ ബജറ്റ് എന്നത് കേവലം എന്തോ കണക്കുപുസ്തകം മാത്രമല്ല. അത് സാമൂഹിക മുൻഗണനകളുടെ ശ്രേണിയെ പ്രകടിപ്പിക്കുന്നു. അതിനാൽ, പൊതുവിദ്യാഭ്യാസത്തിനായുള്ള ചെലവ് കുറയ്ക്കുക എന്നത് സാമ്പത്തിക ക്രമീകരണത്തിന്റെ ചെലവുകൾ ആരു വഹിക്കണം എന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയ തീരുമാനമെടുക്കലാണ്.

വിദ്യാർത്ഥികൾ കേവലം മികച്ച വിദ്യാഭ്യാസ സേവനം ആവശ്യപ്പെടുന്ന ഉപഭോക്താക്കൾ മാത്രമായി സ്വയം കണക്കാക്കുന്നതിനു പകരം സാമൂഹികവിഭവങ്ങളുടെ വിതരണത്തെ ചോദ്യംചെയ്യുന്ന പൗരരായി പ്രവർത്തിക്കാൻ തുടങ്ങുന്നു.

ഒക്ടോബറിലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു ചിലിയൻ വിദ്യാർത്ഥി, വിദ്യാർത്ഥികളെ ബാധിക്കുന്ന വെട്ടിക്കുറവുകളെ പൊതുവായി തൊഴിലാളിവർഗം നേരിടുന്ന തൊഴിലില്ലായ്മയോടും മറ്റ് പൊതുസേവനങ്ങളിലെ വെട്ടിക്കുറവുകളോടും നേരിട്ട് ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ടായിരുന്നു. തൽഫലമായി, പ്രസ്ഥാനം വിദ്യാർത്ഥികളെക്കൂടാതെ അധ്യാപകരെയും ട്രേഡ് യൂണിയനുകളെയും ആകർഷിച്ചുകൊണ്ട് വലിയ ജനകീയ പ്രക്ഷോഭമായി വളരുകയാണ്.

ഇതൊരു പ്രധാനപ്പെട്ട മാറ്റമാണ്. കാരണം വിദ്യാർത്ഥികൾ കേവലം മികച്ച വിദ്യാഭ്യാസ സേവനം ആവശ്യപ്പെടുന്ന ഉപഭോക്താക്കൾ മാത്രമായി സ്വയം കണക്കാക്കുന്നതിനു പകരം സാമൂഹികവിഭവങ്ങളുടെ വിതരണത്തെ ചോദ്യംചെയ്യുന്ന പൗരരായി പ്രവർത്തിക്കാൻ തുടങ്ങുന്നു. സർവ്വകലാശാലകൾക്ക് എത്ര പണം ലഭിക്കും എന്നു മാത്രമല്ല, സാമ്പത്തിക പുനഃസംഘടനയുടെ ഭാരം വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും തൊഴിലാളികളും ചുമക്കേണ്ടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഇതോടൊന്നിച്ച് ഉയർന്നുവരുന്നു.

നിയോ ലിബറൽ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിനെ ചെറുക്കുന്ന വിശാലമായ സമരമുഖത്താണ് ചിലിയൻ വിദ്യാർത്ഥികൾ.
നിയോ ലിബറൽ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസച്ചെലവ് വെട്ടിക്കുറയ്ക്കുന്നതിനെ ചെറുക്കുന്ന വിശാലമായ സമരമുഖത്താണ് ചിലിയൻ വിദ്യാർത്ഥികൾ.

സ്​പെയിനിൽനിന്ന്
സോഷ്യലിസ്റ്റ് മുദ്രാവാക്യം

ഇതേ ‘പുതുതലമുറ പ്രതിസന്ധി’യുടെ മറ്റൊരു തലത്തെയാണ് സ്പെയിൻ പ്രതിനിധീകരിക്കുന്നത്. അവിടെ നിലവിലുള്ള പ്രക്ഷോഭം പ്രധാനമായും ഒരു വിദ്യാർത്ഥി പ്രക്ഷോഭമല്ല, അങ്ങനെ വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. യുവാക്കൾ നിർണ്ണായക സ്ഥാനം വഹിക്കുന്ന ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട വിശാലമായ പ്രസ്ഥാനമാണിത്. സ്പെയിനിലെ ഭവനപ്രതിസന്ധി, മുതിർന്നവരുടെ ജീവിതത്തിലേക്കുള്ള ഏറ്റവും പ്രാഥമികമായ മാറ്റങ്ങളിലൊന്നായ- സ്വന്തം മാതാപിതാക്കളുടെ വീട് വിട്ടിറങ്ങാനുള്ള ശേഷിയെ- പ്രയാസകരമാക്കി മാറ്റി.

സ്പെയിനിലെ യൂത്ത് കൗൺസിലിന്റെ കണക്കനുസരിച്ച്, ഒരാൾക്ക് മാത്രമായി താമസിക്കാനുള്ള ശരാശരി വാടകവീടിന്റെ ചെലവ് ഒരു യുവതൊഴിലാളിയുടെ ശരാശരി ശമ്പളത്തിന്റെ ഏകദേശം 98.7 ശതമാനത്തിലെത്തിയിരിക്കുന്നു. അതേസമയം സ്വതന്ത്രമായി ജീവിക്കുന്ന 16 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ അനുപാതം 2025-ൽ എക്കാലത്തെയും കുറഞ്ഞ നിരക്കായ 14.5 ശതമാനമായി കുറഞ്ഞു. ഇതവിടെ അവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന വലിയ സാംസ്കാരിക പ്രതിസന്ധികൂടിയാണ് എന്നതോർക്കണം.

സ്പെയിനിലെ ഏറ്റവും പുതിയ പ്രതിഷേധങ്ങൾക്ക് പെട്ടെന്നുള്ള കാരണം, ഏകദേശം എഴുപത് വർഷമായി താമസിച്ചിരുന്ന തന്റെ വീട്ടിൽ നിന്ന് 87- കാരിയായ മാരികാർമെൻ അബാസ്കലിനെ സെപ്റ്റംബറിൽ കുടിയൊഴിപ്പിച്ചതാണ്. എന്നാൽ, വിജയകരമായ സാമൂഹികപ്രസ്ഥാനങ്ങളിൽ സംഭവിക്കുന്നതുപോലെ, ഈ പ്രത്യേക സംഭവം ഒരു വലിയ ഘടനാപരമായ പ്രശ്നത്തിലേക്ക് വെളിച്ചം വീശുന്ന കണ്ണാടിയായി മാറി. പ്രതിഷേധക്കാർ മാഡ്രിഡിലെ പ്യൂർട്ട ഡെൽ സോളിൽ ക്യാമ്പ് സ്ഥാപിക്കുകയും പ്രതിഷേധം സ്പെയിനിലുടനീളം പടർന്നുകയറുകയും ചെയ്തു. ഒക്ടോബർ മൂന്നിന് പതിനായിരക്കണക്കിനാളുകൾ മാഡ്രിഡിലും മറ്റ് നിരവധി നഗരങ്ങളിലും വാടകക്കാർക്ക് സംരക്ഷണം നൽകണമെന്നും കുടിയൊഴിപ്പിക്കലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് ചെയ്തു. അടിയന്തരമായി ഭവനപ്രശ്നം പരിഹരിക്കുന്നതിന് പാർലമെന്റ് നിസ്സഹകരിച്ചത് പ്രതിഷേധം തീവ്രമാക്കി.

സ്പെയിനിലെ ഏറ്റവും പുതിയ പ്രതിഷേധങ്ങൾക്ക് പെട്ടെന്നുള്ള കാരണം, ഏകദേശം എഴുപത് വർഷമായി താമസിച്ചിരുന്ന തന്റെ വീട്ടിൽ നിന്ന് 87- കാരിയായ മാരികാർമെൻ അബാസ്കലിനെ സെപ്റ്റംബറിൽ കുടിയൊഴിപ്പിച്ചതാണ്.
സ്പെയിനിലെ ഏറ്റവും പുതിയ പ്രതിഷേധങ്ങൾക്ക് പെട്ടെന്നുള്ള കാരണം, ഏകദേശം എഴുപത് വർഷമായി താമസിച്ചിരുന്ന തന്റെ വീട്ടിൽ നിന്ന് 87- കാരിയായ മാരികാർമെൻ അബാസ്കലിനെ സെപ്റ്റംബറിൽ കുടിയൊഴിപ്പിച്ചതാണ്.

അതുകൊണ്ട്, സ്പെയിൻ പുതുതലമുറയുടെ ജെൻ-സി രാഷ്ട്രീയത്തിലൂടെ മാർക്സിസം കൂടി ഉന്നയിച്ച സാമൂഹിക പുനരുൽപ്പാദനത്തിന്റെ ചോദ്യം വീണ്ടും ഉയർത്തുകയാണ്. യുവാക്കൾക്ക് ജോലിയുണ്ടോ എന്ന് മാത്രമല്ല, തങ്ങളുടെ വേതനംകൊണ്ട് സ്വതന്ത്രമായ സാമൂഹിക നിലനിൽപ്പ് സാധ്യമാക്കാൻ അതവരെ അനുവദിക്കുന്നുണ്ടോ എന്നതുകൂടിയാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ക്ലാസിക്കൽ ബൂർഷാ ധനശാസ്ത്രത്തിന്റെ നിയോ- ലിബറൽ ഫാൻസി ഡ്രസ്സ് അപര്യാപ്തമാവുന്നു. ഒരാൾക്ക് സാങ്കേതികമായി തൊഴിലുണ്ടായിരിക്കാം, എങ്കിലും അവർക്ക് വീട് വാടകയ്ക്കെടുക്കാൻ കഴിയുന്നില്ല. അപ്പോൾ ഉദാര മുതലാളിത്തം വിപണിയിലൂടെ വാഗ്ദാനം ചെയ്ത മഹത്തായ സ്വാതന്ത്ര്യം വെറും ഇല്ല്യൂഷൻ ആയി മാറുന്നു. തൊഴിലുണ്ട് എന്നത് യാതൊരു സ്വയംപര്യാപ്തതയും ഇപ്പോൾ ഉറപ്പുനൽകുന്നില്ല. വിദ്യാഭ്യാസം സാമൂഹികവളർച്ചയുടെ ഉറപ്പുകൾ നൽകുന്നില്ല. മുതിർന്നവരുടെ ജീവിതം പാരമ്പര്യമായി ലഭിച്ച കുടുംബവിഭവങ്ങളെ മാത്രം ആശ്രയിച്ചായി മാറുന്നു. അതില്ലെങ്കിൽ പട്ടിണിയാകുന്നു. അതിനാൽ, പ്രത്യക്ഷത്തിൽ ഭവന പ്രതിസന്ധിയായി തോന്നുന്നത് തലമുറകൾ തമ്മിലുള്ള അസമത്വത്തിന്റെയും പുതുതലമുറയുടെ അതിജീവനത്തിന്റെയും സാമൂഹിക പ്രതിസന്ധിയായിത്തന്നെയാണ് മനസ്സിലാക്കേണ്ടത്.

വീട് ഒരു നിക്ഷേപമായി കാണുന്നതിനുപകരം അതൊരു മൌലികാവകാശമായി പരിഗണിക്കണമെന്നാണ് സ്​പെയിനിലെ പ്രതിഷേധക്കാരുടെ ആവശ്യം.

വീട് എന്നത് സാമൂഹിക ആവശ്യകത എന്നതിൽനിന്ന് സാമ്പത്തിക സ്വത്തായി മാറ്റുന്നതിനെതിരെ സ്പെയിനിലെ പ്രസ്ഥാനം സവിശേഷമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊരു സോഷ്യലിസ്റ്റ് മുദ്രാവാക്യമായി മാറുകയാണ്. മാരികാർമെൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് പുതിയ ഉടമസ്ഥതയിലായതിനുശേഷം അവരെ കുടിയൊഴിപ്പിച്ചത് പ്രതീകാത്മകമായി ശക്തമായത്, ഉപഭോഗമൂല്യവും (use value) വിനിമയമൂല്യവും (exchange value) തമ്മിലുള്ള ഈ സംഘർഷത്തെ അത് വ്യക്തമാക്കിയതുകൊണ്ടാണ്: അവിടെ താമസിച്ച ആൾ ഒരു വീടായി കണ്ട കെട്ടിടം, നിക്ഷേപമൂലധനത്തിന്റെ വീക്ഷണകോണിൽനിന്ന് മൂല്യം വർദ്ധിപ്പിക്കുന്ന സാമ്പത്തിക സ്വത്തായി മാത്രം മനസ്സിലാക്കപ്പെടുന്നു. വീട് ഒരു നിക്ഷേപമായി കാണുന്നതിനുപകരം അതൊരു മൌലികാവകാശമായി പരിഗണിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം, അതിനാൽ വാടക നിരക്കുകൾക്കും അപ്പുറത്തേക്ക്, സ്വത്തിന്റെ ഘടനയിലേക്കുതന്നെ എത്തപ്പെടുന്ന രാഷ്ട്രീയ മുദ്രാവാക്യമാവുന്നു.

സ്പെയിനിലെ യുവാക്കൾ സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കുന്നതിൽനിന്ന് അവരെ തടയുന്ന അതിഭീമമായ ഭവന- ജീവിതച്ചെലവ് പ്രതിസന്ധിക്കെതിരെയാണ് ശക്തമായ സമരവേദി തുറന്നിട്ടുള്ളത്.
സ്പെയിനിലെ യുവാക്കൾ സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കുന്നതിൽനിന്ന് അവരെ തടയുന്ന അതിഭീമമായ ഭവന- ജീവിതച്ചെലവ് പ്രതിസന്ധിക്കെതിരെയാണ് ശക്തമായ സമരവേദി തുറന്നിട്ടുള്ളത്.

യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ 'കോക്റോച്ച് ജനതാപാർട്ടി'യുടെ (CJP—സി.ജെ.പി) വളർച്ചയും രൂപീകരണവും ശ്രദ്ധേയമാണ്. പരീക്ഷാക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, നിയമനങ്ങളിലെ അനിശ്ചിതത്വം, തൊഴിലില്ലായ്മ, അതുപോലെ സുതാര്യമല്ലാത്ത ഭരണപരമായ തീരുമാനങ്ങളാൽ ഭാവിതന്നെ മാറിമറിയാൻ സാധ്യതയുള്ള യുവാക്കളുടെ അതീവ ദുർബലാവസ്ഥ എന്നിങ്ങനെ ഇന്ത്യൻ യുവാക്കൾക്ക് പെട്ടെന്ന് തിരിച്ചറിയാവുന്ന പ്രശ്നങ്ങളിൽനിന്നാണ് CJP രൂപം കൊണ്ടത്. ജന്തർമന്തറിൽ അവർ നടത്തിയ ജൂലൈ മാസത്തെ പ്രക്ഷോഭം ശക്തമായ ജനകീയപിന്തുണ ആർജ്ജിക്കുകയും, അത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തതാണ്.

എന്നാൽ ആഗോളതലത്തിൽ എന്നതുപോലെ ഇവിടെയും ഈ മുന്നേറ്റം വിദ്യാഭ്യാസമേഖലയിൽമാത്രം ഒതുങ്ങിനിന്നില്ല. മൂന്ന് മാസങ്ങൾക്കുശേഷം, ഒക്ടോബർ 10-ന് ജന്തർമന്തറിൽ വീണ്ടും ഒത്തുചേരാൻ സി.ജെ.പി യുവാക്കളെ ആഹ്വാനം ചെയ്തിരിക്കുന്നു. ഇത്തവണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഘടനാപരമായ മാറ്റങ്ങളും ആവശ്യപ്പെട്ടാണ് സമരം പുനരാരംഭിക്കുന്നത്. അതിലുപരി, SFI, AISF, AISA, DYFI, AIYF തുടങ്ങിയ സംഘടിത വിദ്യാർത്ഥി- യുവജന സംഘടനകളെ സി.ജെ.പിയുമായി ഒന്നിപ്പിക്കാൻ ഈ പുതിയ പ്രക്ഷോഭത്തിന് കഴിഞ്ഞിട്ടുമുണ്ട്.

തൊഴിൽ ലഭിച്ചതുകൊണ്ടുമാത്രം മുതിർന്ന ഒരാൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാനാവില്ലെന്ന് സ്പെയിനിലെ യുവതൊഴിലാളികൾ മനസ്സിലാക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചാൽപോലും സമരം അവസാനിക്കില്ലെന്ന് CJP സഹ കൺവീനർ സൗരവ് ദാസ് വ്യക്തമാക്കിയിരിക്കുന്നു. കാരണം, തെരഞ്ഞെടുപ്പ് സംവിധാനത്തിൽതന്നെ മാറ്റംവരുത്തുക എന്നതിലേക്കാണ് ഇപ്പോൾ ആവശ്യം നീങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള ഈ യാത്ര ശ്രദ്ധേയമാണ്: "എന്തുകൊണ്ടാണ് ഞങ്ങളുടെ പരീക്ഷകൾ ഇത്ര മോശമായി കൈകാര്യം ചെയ്യപ്പെടുന്നത്?" എന്ന ചോദ്യത്തിൽ തുടങ്ങിയ മുന്നേറ്റം, "വോട്ടർപട്ടികയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്ന സ്ഥാപനങ്ങളെ നമുക്ക് വിശ്വസിക്കാനാകുമോ?" എന്ന ചോദ്യത്തിലേക്ക് എത്തിനിൽക്കുന്നു.

രാഹുൽഗാന്ധി രാജ്യത്തുടനീളം പല ഘട്ടങ്ങളിലായി ഈ ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ അനുരണനങ്ങൾ തീർച്ചയായും ഈ പ്രക്ഷോഭത്തിന്റെ ഉള്ളടക്കത്തിൽ കാണാൻ കഴിയും. പക്ഷെ ഇത് കൂടുതൽ ഘടനാപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഇടതുപക്ഷ സ്വഭാവമുള്ള മുന്നേറ്റമായാണ് വികസിക്കുന്നതെന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിയുന്നത്‌. കാരണം പരീക്ഷാനടത്തിപ്പിനെക്കുറിച്ചുണ്ടായ തിരിച്ചറിവിൽനിന്നാണ് സുതാര്യതയില്ലാത്ത സ്ഥാപനപരമായ അധികാരത്തെക്കുറിച്ചുള്ള പൊതുവായ അനുഭവങ്ങളുടെ മേഖലയിലേക്ക് വിദ്യാർഥി- യുവജന രാഷ്ട്രീയം പ്രവേശിക്കുന്നത്. ജീവിതത്തിൽ മാസങ്ങളോ വർഷങ്ങളോ നീണ്ട തയ്യാറെടുപ്പുകൾ, പരീക്ഷാ ചോദ്യപേപ്പർ ചോരുന്നതിലൂടെയോ വിശദീകരണമില്ലാത്ത ഭരണപരമായ തീരുമാനങ്ങളിലൂടെയോ അർത്ഥശൂന്യമായിപ്പോകാമെന്ന് പരീക്ഷാർത്ഥികൾ തിരിച്ചറിയുന്നു.

ജന്തർമന്തറിൽ 'കോക്റോച്ച് ജനതാപാർട്ടി' നടത്തിയ ജൂലൈ മാസത്തെ പ്രക്ഷോഭം ശക്തമായ ജനകീയപിന്തുണ ആർജ്ജിച്ചു.
ജന്തർമന്തറിൽ 'കോക്റോച്ച് ജനതാപാർട്ടി' നടത്തിയ ജൂലൈ മാസത്തെ പ്രക്ഷോഭം ശക്തമായ ജനകീയപിന്തുണ ആർജ്ജിച്ചു.

ആവർത്തിച്ചുള്ള പരാതികൾ നൽകിയിട്ടും ക്ലാസ്മുറിയിലേക്ക് അധ്യാപകരെ ലഭിക്കുന്നില്ലെന്ന് ഒരു ഫ്രഞ്ച് വിദ്യാർത്ഥി മനസ്സിലാക്കുന്നു.

സാമ്പത്തിക അനിവാര്യത എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന തീരുമാനങ്ങളിലൂടെ വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടാമെന്ന് ചിലിയിലെ സർവ്വകലാശാലാ വിദ്യാർത്ഥികൾ തിരിച്ചറിയുന്നു.

തൊഴിൽ ലഭിച്ചതുകൊണ്ടുമാത്രം മുതിർന്ന ഒരാൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാനാവില്ലെന്ന് സ്പെയിനിലെ യുവതൊഴിലാളികൾ മനസ്സിലാക്കുന്നു.

മാനദണ്ഡങ്ങളും സാങ്കേതിക പ്രവർത്തനരീതികളും പരിശോധിക്കാൻ പ്രയാസമുള്ള, ഭരണകൂടാധികാരം കയ്യാളുന്ന പാർട്ടിക്കു മാനിപ്പുലേറ്റ് ചെയ്യാവുന്ന ഭരണപരമായ നടപടിക്രമങ്ങളെ ആശ്രയിച്ചായിരിക്കാം വോട്ടർ പട്ടികയിൽ തങ്ങൾ ഇടംപിടിക്കുന്നത് എന്ന് ഇന്ത്യൻ യുവത തിരിച്ചറിയുന്നു.

ഓരോ സാഹചര്യത്തിലും, യുവാക്കൾ ജീവിതസാധ്യതകൾ തുലയ്ക്കുന്ന ശക്തികളായി സ്ഥാപനങ്ങളെ കണ്ടുമുട്ടുകയാണ്, അവയോടു ഏറ്റുമുട്ടുകയാണ്. ഇത് സമകാലിക ലിബറൽ ജനാധിപത്യത്തിന്റെ നിർവചനപരമായ വൈരുദ്ധ്യങ്ങളിൽ ഒന്നായിരിക്കാം. ലിബറൽ ജനാധിപത്യം ഒരിക്കലും സർക്കാരുകളെ ഇടയ്ക്കിടെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമായിരുന്നില്ല. അതിന്റെ ചരിത്രപരമായ നിയമസാധുത വളരെ വലിയ ഒരു വാഗ്ദാനത്തെ ആശ്രയിച്ചിരുന്നു: രാഷ്ട്രീയാധികാരം നിയമത്താൽ പരിമിതപ്പെടുത്തപ്പെടും, ഭരണപരമായ തീരുമാനങ്ങൾ യുക്തിസഹവും അവലോകനം ചെയ്യാവുന്നതുമായിരിക്കും, പൊതുസ്ഥാപനങ്ങൾ സുതാര്യമായ നടപടിക്രമങ്ങൾക്കനുസൃതമായി പ്രവർത്തിക്കും, സാമൂഹികപൗരത്വം ആളുകൾക്ക് അവരുടെ ഔപചാരിക സ്വാതന്ത്ര്യങ്ങൾ വിനിയോഗിക്കാനുള്ള ഭൗതികശേഷി നൽകും.

വോട്ടവകാശമുണ്ടെങ്കിലും വീടു വാങ്ങാൻ കഴിയാത്ത പൗരർ ഔപചാരികമായി സ്വതന്ത്രരാണ്, പക്ഷേ ഭൗതികമായി പരിമിതരാണ്. അധ്യാപകരില്ലാതെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ, വിദ്യാഭ്യാസത്തിന് ഔപചാരിക അവകാശമുള്ള വിദ്യാർത്ഥികൾക്ക് ആ അവകാശം ശൂന്യവും പൊള്ളയുമായ വാഗ്ദാനമാവുന്നു.

വോട്ടവകാശമുണ്ടെങ്കിലും വീടു വാങ്ങാൻ കഴിയാത്ത പൗരർ ഔപചാരികമായി സ്വതന്ത്രരാണ്, പക്ഷേ ഭൗതികമായി പരിമിതരാണ്. അധ്യാപകരില്ലാതെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ, വിദ്യാഭ്യാസത്തിന് ഔപചാരിക അവകാശമുള്ള വിദ്യാർത്ഥികൾക്ക് ആ അവകാശം ശൂന്യവും പൊള്ളയുമായ വാഗ്ദാനമാവുന്നു. ജോലിക്ക് അടിസ്ഥാനപരമായി യോഗ്യതയുള്ളതും എന്നാൽ ചോർന്ന പരീക്ഷകളെ ആവർത്തിച്ച് നേരിടുന്നതുമായ യുവ ബിരുദധാരികൾ മെറിറ്റോക്രസിയെ അനുഭവിക്കുന്നത് ഒരു കെട്ടുകഥയായിട്ടായിരിക്കും. വോട്ടുചെയ്യാൻ അവകാശമുള്ളതും എന്നാൽ വോട്ടർ പട്ടികയിൽനിന്ന് തങ്ങളുടെ പേരുകൾ കൂട്ടമായി അപ്രത്യക്ഷമായത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ കഴിയാത്തതുമായ ശ്ലഥപൌരത്വം ജനാധിപത്യത്തെതന്നെ ഭരണപരമായ അനിശ്ചിതത്വമാക്കി മാറ്റുന്നു.

എന്താണ് ഇതിന്റെ ആന്തരാർത്ഥം?

തീർച്ചയായും ഫ്രാൻസിനെയും ചിലിയെയും സ്‌പെയിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്നത് ഒരു പൊതുപരിപാടിയുള്ള അന്താരാഷ്ട്ര യുവജന പ്രസ്ഥാനമല്ല. ഇതിൽ പ്രത്യക്ഷമായ അന്തർദ്ദേശീയ കൂട്ടായ്മയില്ല. പക്ഷെ അപ്പോഴും അത് മൂലധനവിരുദ്ധതയുടെ, നിയോലിബറൽ വിരുദ്ധതയുടെ, ജനാധിപത്യപരമായ സന്ദേഹങ്ങളുടെ കൊടികൾ ഉയർത്തുന്ന വിപ്ലവസാദ്ധ്യതകൾ എന്നനിലയിൽ അടിസ്ഥാനപരമായി യോജിക്കുന്നവയാണ്. ജിയോ പൊളിറ്റിക്സിന്റെ തലത്തിലെ ഉപരിപ്ലവമായ അകലങ്ങൾ, അടിസ്ഥാന സാമൂഹികപ്രശ്നങ്ങളുടെ പേരിലുള്ള അദൃശ്യമായ സാഹോദര്യത്താൽ മറികടക്കപ്പെട്ടിരിക്കുന്നു. അന്യോന്യം ബന്ധപ്പെടാത്ത മുന്നേറ്റങ്ങൾ ഒരേ ആഗോള വർഗ്ഗസമരത്തിന്റെ ഭാഗമായിരിക്കുന്നു. നാല് പ്രസ്ഥാനങ്ങളും ഒരേ രാഷ്ട്രീയപാതയിൽ വ്യത്യസ്ത പ്രായോഗിക മുദ്രാവാക്യങ്ങൾ ഉയർത്തുന്നു.

ഫ്രാൻസിൽ, സമരം ക്ലാസ് മുറിയിൽനിന്ന് പൊതുമേഖലയുടെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ചിലിയിൽ, അത് വിദ്യാഭ്യാസത്തിൽനിന്ന് ആരംഭിച്ച് ചെലവുചുരുക്കലിന്റെയും വിഭവവിതരണത്തിന്റെയും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിലേക്ക് നീങ്ങുന്നു. സ്പെയിനിൽ, ഭവനപ്രശ്നം സാമൂഹിക ആവശ്യങ്ങളും ദൈനംദിന ജീവിതത്തിന്റെ സാമ്പത്തികവൽക്കരണവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി മാറുന്നു. ഇന്ത്യയിൽ, പരീക്ഷാ ദുർനീതി തെരഞ്ഞെടുപ്പ് സമഗ്രതയ്ക്കും സ്ഥാപനപരമായ സ്വയംഭരണത്തിനും വേണ്ടിയുള്ള പോരാട്ടമായി പരിണമിക്കുന്നു. അതിനാൽ പ്രസ്ഥാനങ്ങൾ, സവിശേഷത്തിൽനിന്ന് (particular) സാർവർത്രികയിലേക്ക് (universal) നീങ്ങുന്നു. ഇതാണ് ആ വേറിട്ട പ്രസ്ഥാനങ്ങളെ ചരിത്രപരമായ അടിസ്ഥാനത്തിൽ അവരറിയാതെ ഒന്നിപ്പിക്കുന്നത്.

ഫ്രാൻസിൽ, സമരം ക്ലാസ് മുറിയിൽനിന്ന് പൊതുമേഖലയുടെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ഫ്രാൻസിൽ, സമരം ക്ലാസ് മുറിയിൽനിന്ന് പൊതുമേഖലയുടെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.

ഇതിനു തീർച്ചയായും ഒരു മറുവശമുണ്ട്. യാന്ത്രികമായി ഈ പ്രസ്ഥാനങ്ങളെ സമൂലമോ സമഗ്രമോ പുരോഗമനപരമോ കൂടുതൽ കാലം നിലനിൽക്കുന്നതോ ആക്കുന്നില്ല. യുവജനരാഷ്ട്രീയം ചിലപ്പോൾ ഉയർന്നുവരുന്നത്ര വേഗത്തിൽ ശിഥിലമാകാനും സാധ്യതയുണ്ട്. പ്രസ്ഥാനങ്ങൾ ചിലപ്പോൾ തിരഞ്ഞെടുപ്പ് പാർട്ടികളിലേക്ക് ലയിപ്പിക്കപ്പെടാം, അടിച്ചമർത്തലിലൂടെ തളർത്തപ്പെടാം. അല്ലെങ്കിൽ സോഷ്യൽ-മീഡിയ കാഴ്ചകളായി (spectacles) ചുരുങ്ങിപ്പോകാം. കാരണം യുവത്വമെന്നത് അന്തർലീനമായി പുരോഗമനപരമല്ല. രാഷ്ട്രീയ അജണ്ടകളാണ് അതിന്റെ പുരോഗമനസ്വഭാവം നിർണ്ണയിക്കുന്നത്. തീവ്രദേശീയത, മതഭൂരിപക്ഷവാദം, സാംസ്കാരികവിദ്വേഷം, യാഥാസ്ഥിതിക ഡിജിറ്റൽ രാഷ്ട്രീയസമൂഹങ്ങൾ എന്നിവയിലൂടെ യുവജനങ്ങളെ അണിനിരത്താനുള്ള ശ്രദ്ധേയമായ ശേഷി സമകാലിക വലതുപക്ഷവും പ്രകടിപ്പിച്ചിട്ടുണ്ട്.

അവിടെയാണ് ഈ വർത്തമാനകാല പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും അന്വേഷിക്കേണ്ടത്. പതിറ്റാണ്ടുകളായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ മൂലധനത്തിന്റെ പ്രത്യയശാസ്ത്ര അനുമാനത്തെ- അത് വ്യക്തികളിലും സമൂഹങ്ങളിലും സമുദായങ്ങളിലും അടിച്ചേൽപ്പിക്കുന്ന നിയോ ലിബറൽ യുക്തിയെ, നിരവധി സമൂഹങ്ങളിലെ യുവാക്കൾ ഒരേസമയം ചോദ്യംചെയ്യാൻ തുടങ്ങിയിരിക്കുന്നു: വഷളായിക്കൊണ്ടിരിക്കുന്ന പൊതുസേവനങ്ങൾ, താങ്ങാനാവാത്ത താമസസൗകര്യം, അസ്ഥിരമായ ജോലി, ഉത്തരവാദിത്തമില്ലാത്ത ജനാധിപത്യസ്ഥാപനങ്ങൾ എന്നിവ വ്യക്തികൾ പൊരുത്തപ്പെടേണ്ട പരിമിതികളായി അംഗീകരിക്കാൻ അവർ വിസമ്മതിക്കുന്നു.

AISA ( All India Students' Association ) ദേശീയ പ്രസിഡന്റ് നേഹ ബോറ.
AISA ( All India Students' Association ) ദേശീയ പ്രസിഡന്റ് നേഹ ബോറ.

വിദ്യാഭ്യാസം സ്വകാര്യച്ചരക്കായി വാങ്ങിക്കൊണ്ട് അധ്യാപകക്ഷാമം പരിഹരിക്കാൻ ഫ്രഞ്ച് വിദ്യാർത്ഥി വിസമ്മതിക്കുന്നു.
ഭരണകൂടം വിദ്യാഭ്യാസച്ചെലവുകൾ വെട്ടിക്കുറക്കുന്നത് “വിവേകപൂർണ്ണമായ” ബജറ്റിംഗായി മനസ്സിലാക്കാൻ ചിലിയൻ വിദ്യാർത്ഥി വിസമ്മതിക്കുന്നു.
അസാധ്യമായ വാടകയെ വിപണിയുടെ സ്വാതന്ത്ര്യമായി കണക്കാക്കാൻ സ്പാനിഷ് യുവാക്കൾ വിസമ്മതിക്കുന്നു.
ഇലക്ടറൽ റോൾ ക്രമക്കേടുകൾ പൗരർ ഓരോരുത്തരായി സ്വയംതിരുത്തിയെടുക്കേണ്ട ക്ലറിക്കൽ പിശകുകളായി വ്യാഖ്യാനിക്കുമ്പോൾ അതിനുവഴങ്ങാൻ ഇന്ത്യൻ യുവ ആക്ടിവിസ്റ്റുകൾ വിസമ്മതിക്കുന്നു.

ഓരോ സമരവും സവിശേഷത്തെ സാർവർത്രികമായി മനസ്സിലക്കുന്നതിലൂടെ സമഗ്രമായ പ്രതിരോധം സൃഷ്ടിക്കുന്നു. ആ പരിവർത്തനം എല്ലായ്പ്പോഴും വിപ്ലവരാഷ്ട്രീയത്തിന്റെ തുടക്കങ്ങളിലൊന്നാണ്. ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി ഫെഡറേഷനുകൾ, വാടകക്കാരുടെ സംഘടനകൾ, സിവിൽ സമൂഹ ജനാധിപത്യ പ്രസ്ഥാനങ്ങൾ എന്നിവ ഈ പോരാട്ടങ്ങളിലേക്ക് പ്രവേശിക്കുന്നത് എന്തുകൊണ്ടാണെന്നത് ഈ അടിസ്ഥാനത്തിൽ മാത്രമേ ശരിയായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

ഫ്രാൻസിൽ, അധ്യാപകരും ട്രേഡ് യൂണിയനുകളും വിദ്യാർത്ഥികളോടൊപ്പം ചേർന്നുകഴിഞ്ഞു. ചിലിയിൽ, ‘കോൺഫെക്ക്’ ബോധപൂർവ്വം സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളുമായും മറ്റ് സാമൂഹികപ്രസ്ഥാനങ്ങളുമായും സഖ്യങ്ങൾ തേടിയിട്ടുണ്ട്.

സ്പെയിനിൽ, നവംബർ 11-ന് പൊതുപണിമുടക്ക് ആഹ്വാനംചെയ്ത ട്രേഡ് യൂണിയനുകളുമായി ചേർന്ന് ശക്തി സമാഹരിക്കുന്നതിനെക്കുറിച്ച് വാടകക്കാരുടെ സംഘടനകൾ ചർച്ചചെയ്യുന്നു.

ഇന്ത്യയിൽ, സി.ജെ.പിയും ഇടതുപക്ഷ വിദ്യാർത്ഥി-യുവജനസംഘടനകളും തമ്മിലുള്ള ഒത്തുചേരൽ ഒരു പുതിയ പ്രസ്ഥാനത്തിന്റെ സ്വാഭാവികതയ്ക്കും പഴയ ജനാധിപത്യപാരമ്പര്യങ്ങളുടെ സംഘടനാ സ്മരണയ്ക്കും ഇടയിലുള്ള ജനാധിപത്യരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു.

ഈ മുന്നേറ്റങ്ങളിൽനിന്ന് രൂപപ്പെട്ടുവന്നേക്കാവുന്ന രാഷ്ട്രീയം, പുതുതലമുറയുടെ രോഷം എങ്ങനെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടായി മാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

കോൺഗ്രസുമായുള്ള സി.ജെ.പിയുടെ പ്രശ്നങ്ങൾ അവസാനിക്കണമെന്നാണ് വ്യക്തിപരമായി ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ വ്യക്തമാവുന്നത്, ആഗോളരാഷ്ട്രീയത്തിന്റെ നിയോ ലിബറൽ വിരുദ്ധ മാനങ്ങൾ ഉൾക്കൊളുന്ന സമരമായാണ് CJP തങ്ങളുടെ സമരത്തെ സ്വയംവിഭാവനം ചെയ്യുന്നത് എന്നാണ്.

അതുകൊണ്ട്, ഈ മുന്നേറ്റങ്ങളിൽനിന്ന് രൂപപ്പെട്ടുവന്നേക്കാവുന്ന രാഷ്ട്രീയം, പുതുതലമുറയുടെ രോഷം എങ്ങനെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടായി മാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു വ്യവസ്ഥിതി തകരാറിലായിരിക്കുന്നുവെന്ന് പറയുന്നത് താരതമ്യേന എളുപ്പമാണ്. എന്നാൽ, ആ പരാജയങ്ങൾക്ക് പകരം എന്താണ് വരേണ്ടതെന്ന് വ്യക്തമാക്കുക എന്നതാണ് കൂടുതൽ സങ്കീർണ്ണമായ ജനാധിപത്യപരമായ ദൗത്യം.

വിദ്യാഭ്യാസ ചെലവുകൾ എങ്ങനെ സംരക്ഷിക്കാം, അമിതമായ സാമ്പത്തിക ഊഹക്കച്ചവടങ്ങളിൽനിന്ന് പാർപ്പിടമേഖലയെ എങ്ങനെ സംരക്ഷിക്കാം, തൊഴിൽ എങ്ങനെ വീണ്ടും സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന ഒന്നാക്കിമാറ്റാം, ജനാധിപത്യ സ്ഥാപനങ്ങൾക്ക് എങ്ങനെ സ്വയംഭരണാധികാരം വീണ്ടെടുക്കാം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എങ്ങനെ സുതാര്യമാക്കാം, ഭരണസംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ പൗരർക്ക് എങ്ങനെ അർത്ഥവത്തായ പരിഹാരങ്ങൾ ലഭ്യമാക്കാം എന്നിവ ഈ സമരങ്ങളുടെ കേന്ദ്ര മുദ്രാവാക്യങ്ങളാകുന്നുവെന്നതിന്റെ ചരിത്രപരമായ പ്രാധാന്യം നിസ്സാരമല്ല.

ഇന്ത്യയിൽ, സി.ജെ.പിയും ഇടതുപക്ഷ വിദ്യാർത്ഥി-യുവജനസംഘടനകളും തമ്മിലുള്ള ഒത്തുചേരൽ ഒരു പുതിയ പ്രസ്ഥാനത്തിന്റെ സ്വാഭാവികതയ്ക്കും പഴയ ജനാധിപത്യപാരമ്പര്യങ്ങളുടെ സംഘടനാ സ്മരണയ്ക്കും ഇടയിലുള്ള ജനാധിപത്യരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു.
ഇന്ത്യയിൽ, സി.ജെ.പിയും ഇടതുപക്ഷ വിദ്യാർത്ഥി-യുവജനസംഘടനകളും തമ്മിലുള്ള ഒത്തുചേരൽ ഒരു പുതിയ പ്രസ്ഥാനത്തിന്റെ സ്വാഭാവികതയ്ക്കും പഴയ ജനാധിപത്യപാരമ്പര്യങ്ങളുടെ സംഘടനാ സ്മരണയ്ക്കും ഇടയിലുള്ള ജനാധിപത്യരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു.

ഇവിടെയാണ് ഇന്ത്യൻ മുന്നേറ്റം വളരെ പ്രധാനപ്പെട്ട സമരഘട്ടത്തിലേക്ക് കടക്കുന്നതായി നാം മനസ്സിലാക്കേണ്ടത്. പരീക്ഷാ പരിഷ്കരണങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതികളിലേക്കുള്ള ചുവടുമാറ്റത്തിലൂടെ, ഒരു തെറ്റ് തിരുത്തണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെടുക മാത്രമല്ല സി.ജെ.പി ചെയ്യുന്നത്; മറിച്ച്, ജനാധിപത്യപരമായ അധികാരം എങ്ങനെ രൂപീകരിക്കപ്പെടുന്നു, എങ്ങനെ നിരീക്ഷിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് അവർ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതാണ് വളരെവേഗം ഇടതുവിദ്യാർഥിസംഘടനകളുമായി അവർക്കുണ്ടായ സൌഭ്രാത്രത്തിന്റെ അടിസ്ഥാനം.

ഫ്രാൻസിലെ ക്ലാസ് മുറികൾ മുതൽ ചിലിയിലെ സർവ്വകലാശാലകൾ വരെയും, മാഡ്രിഡിലെ പാർപ്പിടാവകാശസമരങ്ങൾ മുതൽ ദൽഹിയിലെ ജന്തർമന്തർ വരെയും, യുവാക്കൾ വ്യത്യസ്ത ഭാഷകളിൽ ഒരേ ജനാധിപത്യആശയമാണ് ഉയർത്തിപ്പിടിക്കുന്നത്: സ്ഥാപനങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ടുമാത്രം അവയ്ക്ക് സ്വീകാര്യതയും ജനസാധുതയും അവകാശപ്പെടാനാവില്ല. നീതി, സുതാര്യത, സാമൂഹികപ്രതിബദ്ധത, തങ്ങൾ നിയന്ത്രിക്കുന്നവരുടെ ജീവിതത്തോടുള്ള ഉത്തരവാദിത്തം എന്നിവയിലൂടെ നിരന്തരം നേടിയെടുക്കപ്പടേണ്ടതാണ് സ്വീകാര്യതയും ജനസാധുതയും. മൂലധനത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ജനാധിപത്യ സംവിധാനങ്ങൾതന്നെ മർദ്ദകരൂപങ്ങൾ കൈക്കൊള്ളുമ്പോൾ അതിനെതിരെയുള്ള ഓരോ മുന്നേറ്റവും ചരിത്രപരമായ വർഗ്ഗസമരത്തി​ന്റെ ഭാഗമായി മാറുന്നു. ജനാധിപത്യത്തിൽ സ്ഥാപനങ്ങൾ പരാജയപ്പെടുമ്പോൾ, അതിനോടുള്ള വിയോജിപ്പെന്നത് ജനാധിപത്യത്തിന് പുറത്തുള്ള ഒന്നല്ലാതായിത്തീരുന്നു. മറിച്ച്, ജനാധിപത്യത്തെത്തന്നെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സമൂഹം നടത്തുന്ന പ്രധാനപ്പെട്ട ചരിത്രമാർഗ്ഗങ്ങളിലൊന്നായി അത് മാറുന്നു.

ഇപ്പോൾ നടക്കുന്ന നാല് സമരങ്ങളും, അവ എത്രതന്നെ താൽക്കാലികവും ഹ്രസ്വവും ആയിരുന്നാലും ആഗോളതലത്തിലെയും ദേശീയതലങ്ങളിലെയും മൂലധന താൽപ്പര്യങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ ശക്തമായി അനാവരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. ആ അർത്ഥത്തിൽ ഇതിനെക്കാൾ അർത്ഥഗർഭമായ മുന്നേറ്റങ്ങൾ ഈ ദശകത്തിൽ വേറെ ഉണ്ടായിട്ടില്ല. എന്നാൽ ഇതിനേക്കാൾ വലിയ പ്രക്ഷോഭങ്ങൾ ഇനി ഉണ്ടാവാനുമിരിക്കുന്നു എന്നാണ് ഈ സമരങ്ങളുടെ പ്രത്യയശാസ്ത്രപരമായ പാരസ്പര്യത്തിൽനിന്ന് വ്യക്തമാകുന്നത്. ചരിത്രം, യാഥാസ്ഥികത്വവും വലതുപക്ഷ പ്രസ്ഥാനങ്ങളും എത്രതന്നെ ആഗ്രഹിച്ചാലും, ഒട്ടുമേ അവസാനിക്കുന്നില്ല.


Summary: Protests in France, Chile, Spain and India, Analyzing the ideology of these most important political movements of this decade. Dr TT Sreekumar writes.


ഡോ. ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments