കോൺ​ഗ്രസിലെ ഒരു പോരാട്ടമുദ്രയായിരുന്നു വി.വി. പ്രകാശ്​

മലപ്പുറം പോലൊരു ജില്ലയിൽ നിന്ന്​, പ്രതാപശാലികളായ കുറെ ആളുകൾക്കിടയിൽ നിന്ന്​, അടിത്തട്ടിലെ ഒരു ജീവിതാവസ്ഥയിൽ നിന്ന്​, കടന്നുവന്ന് ഡി.സി.സി പ്രസിഡന്റാവുക എന്നത്, എം.എൽ.എ സ്ഥാനാർത്ഥി ആവുന്നതിനേക്കാൾ പ്രയാസമാണ്- അന്തരിച്ച മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂരിലെ യു.ഡി.എഫ്​ സ്​ഥാനാർഥിയുമായ വി.വി. പ്രകാശിനെ, അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുൻ കോൺഗ്രസ്​ നേതാവുകൂടിയായ ലേഖകൻ അനുസ്​മരിക്കുന്നു

25 വർഷം മുമ്പ്, ഞാൻ മഞ്ചേരിയിൽ താമസിക്കുന്ന കാലം.
അന്ന് വി.വി. പ്രകാശ്​ കെ.എസ്.യു നേതാവാണ്. ആ കാലത്ത് അടുത്ത് ഇടപെഴകാറുണ്ടായിരുന്നു, എന്റെടുക്കൽ വരാറുണ്ടായിരുന്നു. നല്ല വായനയുള്ള ധിഷണശാലിയായ ഒരു പ്രവർത്തകനും നല്ല നേതാവുമായിരുന്നു. വ്യക്തിത്വം നിലനിർത്തി പോകണം എന്ന ചിന്തയുണ്ടായിരുന്നു.

കോൺഗ്രസ് പാർട്ടിയിലെ ഒരു പ്രശ്‌നം, ഗ്രൂപ്പ് മാനേജർമാരുടെ നിയന്ത്രണമാണ്. അതുകൊണ്ട് അവരുടെ ഇഷ്ടാനിഷ്ടങ്ങളിൽ പെടുന്നവർ മാത്രമേ സ്ഥാനമാനങ്ങളിൽ വരൂ. അതിൽ നിന്ന്​ വ്യത്യസ്തമായി പ്രകാശ്​ തന്റേതായ വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകാൻ ശ്രമിച്ചു. അതിന്റേതായ സംഘർഷങ്ങൾ ആര്യാടൻ മുഹമ്മദിൽ നിന്നൊക്കെ ആദ്യകാലത്ത്​ അയാൾക്ക് നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ അതിനെയൊക്കെ മറികടന്ന് പ്രകാശിന്​​ മുന്നോട്ട് പോകാൻ സാധിക്കുകയും ആര്യാടന്റെ തട്ടകമായ നിലമ്പൂരിൽ മാത്രമല്ല മലപ്പുറം ജില്ലയിൽ മൊത്തത്തിൽ തന്റെ പ്രവർത്തനത്തിന്റെയും വ്യക്തിത്വത്തിന്റെയും മുദ്ര പതിപ്പിക്കാൻ സാധിക്കുകയും ചെയ്​തു.

അങ്ങനെയാണ്​ അദ്ദേഹത്തിന്​ ഡി.സി.സി പ്രസിഡന്റാവാനും നിലമ്പൂരിൽ ഇത്തവണ യു.ഡി.എഫ്​ സ്ഥാനാർത്ഥിയാകാനും സാധിച്ചത്.

അയാളെ മാറ്റി നിർത്താൻ സാധ്യമല്ല എന്ന് ഗ്രൂപ്പ് മാനേജർമാർക്ക് ബോധ്യം വന്നതുകൊണ്ടാണ്, അല്ലെങ്കിൽ സാധാരണ ഗതിയിൽ ഇത്തരമാളുകളെ അവസാനിപ്പിച്ചുകളയും. ഗ്രൂപ്പ് മാനേജർമാരുടെ താൽപര്യങ്ങളെ ചോദ്യം ചെയ്യാനുള്ള കരുത്ത് പ്രകാശ്​ നേടിയിരുന്നു. സാധാരണഗതിയിൽ ആളുകൾ ഇത്തരം സംഘർഷങ്ങളിൽ പെട്ടാൽ ഗ്രൂപ്പ് മാറിപ്പോവുകയാണ് ചെയ്യുക. പ്രകാശ്​ പക്ഷെ ഗ്രൂപ്പൊന്നും മാറാതെ തന്നെ ആര്യാടനെ പോലെ മഹാമേരുവായൊരു നേതാവുള്ള സ്ഥലത്ത് നിന്നുകൊണ്ട് ബഹുജനങ്ങളുടെയും പാർട്ടിക്കാരുടെയും പിന്തുണ ആർജ്ജിച്ചെടുത്തു.

പലതരം സമ്പത്തുള്ളവരുടെ ആധിപത്യം കൂടിയുണ്ടല്ലോ മലപ്പുറം ജില്ലയിൽ. അത്തരം കുത്തക മുതലാളിമാരുടെയൊന്നും പേ റോളിൽ ചെല്ലാതെ അവരുടെയൊന്നും ഏജൻസി എടുക്കാതെ തന്നെ അയാൾക്ക് നിന്ന് പോരാടാനും സാധിച്ചിട്ടുണ്ട്. ആ തരത്തിൽ തൊഴിലാളികളുടേതാണെങ്കിലും ദളിതരുടേതാണെങ്കിലും ആദിവാസികളുടേതാണെങ്കിലും തുടങ്ങി ഏത് വിഷയത്തിലും ഇരയുടെ പക്ഷത്തുനിന്നും ഇല്ലാത്തവന്റെ പക്ഷത്തുനിന്നും ഫൈറ്റ് ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതാണ് അയാളുടെ ഒരു മുഖമുദ്രയായി ഞാൻ കണ്ടിട്ടുള്ളത്.

അയാൾക്ക് കൃത്യമായൊരു പക്ഷമുണ്ടായിരുന്നു. പീഡിപ്പിക്കപ്പെടുന്ന ജനത ആരായാലും അവരുടെ കൂടെ നിൽക്കുക എന്നതായിരുന്നു ആ പക്ഷം. ഒരിക്കലും കോടിശ്വരൻമാരായ മുതലാളിമാരുടെ പിന്നാലെ നടന്ന് അവരുടെ സ്‌പോൺസർഷിപ്പ് വാങ്ങി പോകുന്ന രീതി ഒരു കാലത്തും അയാൾ സ്വീകരിച്ചിരുന്നില്ല.

വി. വി പ്രകാശ്

അയാളുടെ പ്രധാന പ്രത്യേകത, പരന്ന വായനയാണ്​. അതുകൊണ്ട് തന്നെ ഉയരങ്ങളിലേക്ക് പോകുന്തോറും കൂടൂതൽ വിനയാന്വിതനാവുക എന്നൊരു ബോധം അയാളിലുണ്ടായിരുന്നു. എളിമയും ലാളിത്യവും വേണ്ടുവോളം ഉണ്ടായിരുന്നു. സ്ഥാനങ്ങൾ ലഭിച്ചതിന്റെ അഹങ്കാരമോ ധിക്കാരമോ പെരുമാറ്റത്തിലോ ഭാവത്തിലോ ഒന്നും പ്രകടമായിരുന്നില്ല. അതുകൊണ്ടായിരിക്കും കെ.ടി. ജലീലിനെ പോലൊരാൾക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിലെ എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എതിർ സ്ഥാനാർത്ഥി പ്രകാശ്​ ആണെന്ന് സംശയമില്ലാതെ പറയാനാകുന്നത്. അത്രയും ഡൗൺ ടു എർത്തായാണ് എല്ലാവരോടും പ്രകാശ്​ പെരുമാറിയത്.

ജി. കാർത്തികേയൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ഞാൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു, അന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരുന്നു പ്രകാശ്​. ഞാൻ അന്ന് മഞ്ചേരിയിലാണ് താമസിച്ചിരിന്നത്. അന്ന് ജനകീയ വിഷയങ്ങൾ മുൻനിർത്തി ഞങ്ങൾ ഒന്നിച്ച്​ ഒരുപാട് സമരങ്ങളൊക്കെ നടത്തിയിരുന്നു. അത് ആര്യാടനെ പോലെയുള്ളവർക്ക്​ ഇഷ്ടമുണ്ടായിരുന്നില്ല.

രാഹുൽ ഗാന്ധിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വി. വി പ്രകാശ്

ഞാൻ ഒരു അനുഭവം ഓർക്കുന്നു: മഞ്ചേരിയിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടന്ന ഒരു സമരത്തിൽ പങ്കെടുത്തവരെ പൊലീസ് അതിഭീകരമായി മർദ്ദിച്ചു. റഷീദ് പറമ്പിൽ എന്ന നേതാവിനെയൊക്കെ ഭീകരമായി മർദ്ദിച്ചു. അക്കാലത്തെ പൊലീസ് വേട്ടയാടലിനെതിരെ നിരന്തരം ശബ്ദിക്കുകയും അത് പിന്നീട് ആര്യാടനുമായി നേരിട്ടുള്ള ഏറ്റമുട്ടലിലേക്ക് പോകുകയും ചെയ്തു. അപ്പോഴൊക്കെ കൃത്യമായ നിലപാടെടുത്തയാളായിരുന്നു പ്രകാശ്​. ഇതുപോലെ നിരവധി പ്രശ്‌നങ്ങളിലും വിഷയങ്ങളിലും പോരാടി വന്നയാളാണ്.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും കാൻഫെഡിലും സജീവമായി ഉണ്ടായിരുന്ന പ്രകാശ്​, പി.എൻ. പണിക്കർ നയിച്ചിരുന്ന ‘വായിച്ചു വളരുക’ എന്ന കൂട്ടായ്മയിലൊക്കെ പങ്കാളിയായിരുന്നു. അങ്ങനെ ഒരേ സമയം സജീവ രാഷ്ട്രീയ പ്രവർത്തകനും സംഘാടകനും നല്ലൊരു സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്നു.

മലപ്പുറം പോലൊരു ജില്ലയിൽ നിന്ന്​, പ്രതാപശാലികളായ കുറെ ആളുകൾക്കിടയിൽ നിന്ന്​, അടിത്തട്ടിലെ ഒരു ജീവിതാവസ്ഥയിൽ നിന്ന്​, കടന്നുവന്ന് ഡി.സി.സി പ്രസിഡന്റാവുക എന്നത്, എം.എൽ.എ സ്ഥാനാർത്ഥി ആവുന്നതിനേക്കാൾ പ്രയാസമാണ്. കാരണം അയാളെ ഒഴിവാക്കാനാകില്ല എന്നൊരു ഘട്ടം വരുമ്പോഴാണ്, അത്രയ്ക്കും അയാൾ ഇംപോർട്ടൻറ്​ ആണ്​ എന്നൊരു ബോധ്യത്തിൽ നിന്നാണ് അയാളെ അക്കോമഡേറ്റ് ചെയ്ത​ത്. ആ തരത്തിൽ അയാൾ വളർന്നിരുന്നു എന്നത് അയാളുടെ പ്രവൃത്തി കൊണ്ടും നന്മ കൊണ്ടും ചിന്തകളുടെ ശക്തി കൊണ്ടുമൊക്കെത്തന്നെയായിരുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്.

ദൈനംദിന ജീവിതം നടത്തിക്കൊണ്ടുപോകാൻ മാത്രം കഴിവുള്ള, ഒരു ഇടത്തരം കുടുംബമായിരുന്നു പ്രകാശിന്റേത്. അനിയൻ പ്രശാന്തന്​ ഏഷ്യാനെറ്റിൽ ജോലി കിട്ടിയതാണ് അവരുടെ കുടുംബത്തിനുണ്ടായ സാമ്പത്തിക മുന്നേറ്റം എന്ന് പറയാൻ പറ്റുന്നത്. വരുമാനം എന്ന രീതിയിൽ വേറൊന്നും അവർക്ക് ഉണ്ടായിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം വി. വി പ്രകാശും കുടുംബവും

ഞാൻ പ്രകാശിനെ ആദ്യം പരിചയപ്പെടുന്നത് കോട്ടക്കൽ വെച്ചാണ്. പ്രകാശിന്റെ ചങ്ങാതിമാരായ ആയുർവേദം പഠിക്കുന്ന മൂന്നോ നാലോ കുട്ടികൾക്കൊപ്പമാണ് ഞാൻ അയാളെ ആദ്യമായി പരിചയപ്പെടുന്നത്. പ്രകാശിനെ ഒരു റോൾ മോഡലായി കണ്ട്​ സപ്പോർട്ട് ചെയ്​തിരുന്നതും ഇവരായിരുന്നു. സാധാരണ നമ്മൾ കാണാത്ത തരത്തിലുള്ള ബന്ധങ്ങളായിരുന്നു അയാൾക്ക് നിറയെ ഉണ്ടായിരുന്നത്.

ഗാന്ധിയൻ ദർശനങ്ങളിൽ അടിയുറച്ച് നിന്നൊരാൾ. ഗാന്ധിയുടെ എല്ലാ പുസ്തകങ്ങളും അയാൾ വായിച്ചു. നെഹ്‌റുവിയൻ ആശയങ്ങളും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു. അതുകൊണ്ട് തന്നെ അയാളുടെ ചിന്തയിലെപ്പോഴും ഗാന്ധിയൻ ദർശനങ്ങളുടെ കരുത്ത് രൂഢമൂലമായിരുന്നു.

ആറുമാസം മുമ്പ് പ്രകാശും കുടുംബവും ഞങ്ങൾക്കൊപ്പം കോട്ടയത്തെ ഗ്രീൻലീഫ് ഹോട്ടലിൽ ഭക്ഷണം കഴിക്കുകയും കുറേ വർത്താനം പറയുകയും ചെയ്തിരുന്നു. ഒരു യാത്രയ്ക്കിടയിൽ പ്രകാശ്​ വിളിക്കുകയും അങ്ങനെ കണ്ടുമുട്ടുകയുമായിരുന്നു. ഇന്നു രാവിലെ എഴുന്നേറ്റ്​ ഫേസ്ബുക്ക് തുറന്നപ്പോൾ ഞാൻ തരിച്ചു പോയി.

മൂന്നുമാസം മുമ്പ് നിലമ്പൂരിൽ തേനീച്ച കർഷകരുടെ പരിപാടിക്കുപോയിരുന്നു. അന്ന്​ എനിക്കവിടെനിന്ന്​ തിരിച്ചു പോരാൻ പറ്റിയില്ല. എന്റെ കയ്യിൽ വസ്ത്രങ്ങളില്ല. അപ്പോൾ ഞാൻ പ്രകാശിനെ വിളിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ താമസിക്കുന്ന സ്ഥലത്ത് വന്ന് പ്രകാശ്​ എനിക്ക് ഷർട്ടും മുണ്ട് തന്നു. ആ ഒരു മനസാണ് ഈ മനുഷ്യൻ.


Comments