ലീഗ് മത്സരിക്കുന്ന പുനലൂരിൽ കോൺഗ്രസിന്റെ ആത്മാഭിമാന പോരാട്ടം

യു.ഡി.എഫിലെ പടലപ്പിണക്കം സുപാലിന്റെ ജയം ഒന്നുകൂടി ഉറപ്പാക്കുകയാണ്. നേരത്തെ സ്ഥാനാർഥി നിർണയം പൂർത്തിയായതിനാൽ അദ്ദേഹത്തിന് പ്രചാരണത്തിൽ മുന്നിലെത്താനും കഴിഞ്ഞിട്ടുണ്ട്.

Election Desk

1957 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ 13 തവണയും സി.പി.ഐ ജയിച്ച മണ്ഡലമാണ് പുനലൂർ. 1996 മുതൽ തുടർച്ചയായി ആറുതവണ സി.പി.ഐ എം.എൽ.എമരെയാണ് പുനലൂർ തെരഞ്ഞെടുത്തിട്ടുള്ളത്. ഉറച്ച മണ്ഡലത്തിൽ ഇത്തവണ എൽ.ഡി.എഫിനുവേണ്ടി സി.പി.ഐയുടെ മുൻ എം.എൽ.എ കൂടിയായ പി.എസ്. സുപാലാണ് മത്സരിക്കുന്നത്. പാർട്ടിയിൽനിന്നുള്ള സസ്‌പെൻഷനുശേഷം സുപാൽ തിരിച്ചുവരുന്നത് സ്ഥാനാർഥിത്വത്തിലേക്കാണ്.

കൊട്ടാരക്കരയിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് യോഗത്തിൽ ജില്ല അസി. സെക്രട്ടറി കൂടിയായ സുപാലിന്റെയും സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രന്റെയും നേതൃത്വത്തിൽ കൈയാങ്കളി നടന്നിരുന്നു. ഇതിന്റെ പേരിലാണ് സുപാലിനെ പാർട്ടിയിൽനിന്ന് മൂന്നുമാസം സസ്‌പെന്റ് ചെയ്തത്. ഈയിടെയാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. കൊല്ലം ജില്ലയിൽ സി.പി.ഐയിൽ വിഭാഗീയത ശക്തമാണ്. മണ്ഡലത്തിലുള്ള സ്വാധീനം, പാർട്ടിയിലെ വിഭാഗീയത മറികടക്കാൻ സുപാലിന് സഹായകമാകുന്നു.

പത്തുവർഷം പുനലൂർ എം.എൽ.എയായിരുന്ന സുപാൽ 1966ൽ പി.കെ. ശ്രീനിവാസന്റെ മരണത്തെതുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പുനലൂരിൽ ആദ്യം മത്സരിച്ച് ജയിച്ചത്. 2001ലും ജയം ആവർത്തിച്ചു. 2006 മുതൽ കെ. രാജുവാണ് ജയിക്കുന്നത്. മൂന്നുതവണ ജയിച്ചതിനാൽ അദ്ദേഹത്തെ ഒഴിവാക്കിയാണ് സുപാലിന് അവസരമൊരുങ്ങിയത്. 2016ൽ 33,582 വോട്ടിനാണ് കെ. രാജു മുസ്‌ലിം ലീഗിലെ എ. യൂനുസ് കുഞ്ഞിനെ തോൽപ്പിച്ചത്. 2011ൽ കോൺഗ്രസ് മത്സരിച്ചപ്പോൾ രാജുവിന്റെ ഭൂരിപക്ഷം 18,005 വോട്ടായിരുന്നു. അതാണ്, ലീഗ് മത്സരിച്ചപ്പോൾ ഏതാണ്ട് ഇരട്ടിയായത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹമാൻ രണ്ടത്താണിയാണ് യു.ഡി.എഫ് സ്ഥാനാർഥി. 2006, 2011 തെരഞ്ഞെടുപ്പുകളിൽ താനൂരിൽനിന്ന് എം.എൽ.എയായ അദ്ദേഹം 2016ൽ തോറ്റു. പുനലൂർ ലീഗിന് നൽകിയതിൽ കോൺഗ്രസിൽ പ്രതിഷേധം പുകയുകയാണ്. ഇത്തവണയും ലീഗ് മത്സരിച്ചാൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താകുമെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡന്റുമാരും യുവജനസംഘടനാ നേതാക്കളുമൊക്കൊയാണ് പരസ്യപ്രതിഷേധത്തിൽ.

മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വം ഡി.സി.സിക്ക് രാജി സമർപ്പിക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് സഞ്ജയ് ഖാൻ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചനയും പ്രതിഷേധക്കാർ നൽകി. എന്നാൽ, ഭിന്നതകൾ പറഞ്ഞുതീർത്തുവെന്നാണ് രണ്ടത്താണി പറയുന്നത്.

യു.ഡി.എഫിലെ പടലപ്പിണക്കം സുപാലിന്റെ ജയം ഒന്നുകൂടി ഉറപ്പാക്കുകയാണ്. നേരത്തെ സ്ഥാനാർഥി നിർണയം പൂർത്തിയായതിനാൽ അദ്ദേഹത്തിന് പ്രചാരണത്തിൽ മുന്നിലെത്താനും കഴിഞ്ഞിട്ടുണ്ട്.
പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ പഞ്ചായത്തുകളും അടങ്ങിയതാണ് പുനലൂർ മണ്ഡലം. 1991-ൽ കോൺഗ്രസിലെ പുനലൂർ മധു വിജയിച്ചതിനു ശേഷം കോൺഗ്രസിന് ജയമുണ്ടായിട്ടില്ല.

2019 - നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷിനില

1957ൽ സി.പി.ഐയുടെ പി. ഗോപാലനായിരുന്നു ജയം. 1960ൽ കെ. കൃഷ്ണ പിള്ളയും 1967ൽ എം.എൻ.ജി നായരും ജയിച്ചു. 1970ൽ കെ കൃഷ്ണപിള്ളക്ക് വീണ്ടും ജയം. 1977ലും 1980ലും പി.കെ ശ്രീനിവാസൻ. 1982ൽ കേരള കോൺഗ്രസി (ജെ) ന്റെ സാം ഉമ്മനാണ് ജയിച്ചത്. 1984ൽ വി. സുരേന്ദ്രൻ പിള്ളയും കേരള കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു. 1987ൽ സി.പി.ഐ ജെ. ചിത്തരഞ്ജനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 1991ൽ വീണ്ടും കോൺഗ്രസ്; പുനലൂർ മധുവിനായിരുന്നു ജയം. 1996ൽ മുതിർന്ന സി.പി.ഐ നേതാവ് പി.കെ ശ്രീനിവാസൻ തിരിച്ചുപിടിച്ചെങ്കിലും അദ്ദേഹം മരിച്ചതോടെ ഉപതിരഞ്ഞെടുപ്പ്. ശ്രീനിവാസന്റെ മകൻ സുപാലിനായിരുന്നു ജയം. 2001ലും അദ്ദേഹം വിജയം ആവർത്തിച്ചു. 2006 മുതൽ കെ. രാജുവാണ് എം.എൽ.എ.


Comments