ഒട്ടും വൈകാരികമല്ല പഞ്ചാബിന്റെ ഇലക്ഷൻ റിസൾട്ടുകൾ; പ്രത്യക്ഷത്തിൽ അത്തരമൊരു പ്രതീതിയുണ്ടെങ്കിലും.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം നോക്കൂ: തൊട്ടു മുമ്പത്തെ വർഷം തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന കോൺഗ്രസിന്റെ അടിത്തറയിളക്കി, ആം ആദ്മി പാർട്ടി.
സംസ്ഥാന രൂപീകരണത്തിനുശേഷം ഒരു പാർട്ടിയ്ക്കു കിട്ടിയ ഏറ്റവും കൂടുതൽ സീറ്റ് നേടിയായിരുന്നു ആപ്പിന്റെ ജയം; 117-ൽ 92 സീറ്റ്, 42.01 ശതമാനം വോട്ടും നേടി.
കോൺഗ്രസിന് കിട്ടിയത് 18 സീറ്റ്, 22.98 ശതമാനം വോട്ടും.
ബി.ജെ.പിയ്ക്ക് വെറും രണ്ടു സീറ്റ്.
മോദി സർക്കാറിനെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭത്തിന്റെ ചൂടാറിയിരുന്നില്ല, അന്ന്. പഞ്ചാബിന്റെ ഗ്രാമങ്ങളിൽ വോട്ട് ചോദിച്ചുചെല്ലാൻ പോലും ബി.ജെ.പി സ്ഥാനാർഥികൾ പേടിച്ചിരുന്ന ഇലക്ഷനായിരുന്നു അത്. സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളും ജനങ്ങളുടെ ചൂടറിഞ്ഞു.
പാർട്ടിനേതൃത്വത്തിലെ തമ്മിലടിയാണ് കോൺഗ്രസിന്റെ കടപുഴക്കിയത് എന്ന വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും അതത്ര കൃത്യമായിരുന്നില്ല. ബി.ജെ.പിയോടുള്ള അവിശ്വാസം, ദീർഘകാലം ഭരണത്തിലിരുന്ന കോൺഗ്രസിനെതിരായും ഉണ്ടായിരുന്നു.
ഒരു മാറ്റത്തിനുവേണ്ടി എന്നതിനേക്കാൾ, ബി.ജെ.പിക്കും കോൺഗ്രസിനും പാന്തിക് രാഷ്ട്രീയം കൈവിട്ട അകാലിദളിനും എതിരായിരുന്നു 2022-ലെ റിസൾട്ട്. അധികാര രാഷ്ട്രീയത്തിലെ സ്റ്റാറ്റസ് കോയ്ക്ക് എതിരായ നിലപാട്.
പഞ്ചാബിന്റെ രാഷ്ട്രീയം ഇന്ന്, അഞ്ചു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ മൂർത്തമായ ചില പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്.
ഇന്ത്യയുടെ ഗോതമ്പിന്റെയും അരിയുടെയും ഉൽപ്പാദനത്തിൽ പ്രധാന പങ്കു വഹിച്ചിരുന്ന സംസ്ഥാനം കടുത്ത കാർഷിക പ്രതിസന്ധിയിലാണ്. ഗ്രാമീണമേഖയിൽ പരമ്പരാഗത കൃഷി ഏതാണ്ട് അസാധ്യമായിരിക്കുന്നു. തൊഴിലില്ലായ്മ, യുവാക്കളുടെ വിദേശ കുടിയേറ്റം, വ്യവസായിക തകർച്ച എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്കൊപ്പം, കുറ്റകൃത്യങ്ങൾ, മയക്കുമരുന്നുപയോഗം, സാമൂഹിക സംഘർഷങ്ങൾ എന്നിവ രൂക്ഷമാകുന്നു.
ഇതിനെല്ലാമുള്ള ആം ആദ്മി പാർട്ടിയുടെ ഒറ്റമൂലി വെൽഫെയർ പൊളിറ്റിക്സാണ്: സൗജന്യ വൈദ്യുതി, സർക്കാർ സ്കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തുക, അഴിമതിവിരുദ്ധ പ്രതിച്ഛായ.
വോട്ടർമാരെ തൽക്കാലത്തേക്ക് ആകർഷിക്കാൻ ഇതു മതി. എന്നാൽ, ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടില്ല.
ക്രമസമാധാനത്തകർച്ചയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആരോപണം. ഭഗവന്ത് മാന്റെ സർക്കാറിന് മൈനിങ് മാഫിയയുമായുള്ള ബന്ധം, ആപ്പിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. അനിയന്ത്രിതമായ ലഹരി മാഫിയയാണ് മറ്റൊരു പ്രശ്നം. ഇതെല്ലാം ഭരണവിരുദ്ധവികാര പ്രതീതിയുണ്ടാക്കുന്നുണ്ട്. പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങളുമുണ്ട്.
എന്നാൽ, അതിനേക്കാൾ മോശമാണ് പ്രതിപക്ഷത്തിന്റെ അവസ്ഥയെങ്കിലോ?
ഇതാണ് വോട്ടർമാരുടെ യഥാർത്ഥ പ്രതിസന്ധി.
കഴിഞ്ഞ മേയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ സൂചനകൾ വോട്ടർമാരുടെ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി.
നഗരങ്ങളിലും ഗ്രാമങ്ങളിലും ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുശതമാനത്തിൽ വലിയ ഇടിവുണ്ടായി. 2022- ൽ നഗരവോട്ടുകളിൽ 42 ശതമാനവും നേടിയ ആപ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയത് 36% വോട്ടാണ്. നഗരങ്ങളിൽ മാത്രമല്ല, 63 ശതമാനം ജില്ലാ പരിഷത്തുകളിലും 54 ശതമാനം പഞ്ചായത്ത് സമിതികളിലും ആപ്പിനായിരുന്നു ജയം.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ മത്സരമായിരുന്നു ഈ തദ്ദേശ തെരഞ്ഞെടുപ്പ്. കോൺഗ്രസിന് പരമ്പരാഗത നഗരവോട്ടുകൾ നഷ്ടമായി.
തദ്ദേശ തെരഞ്ഞെടുപ്പു ഫലം, 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചില സൂചനകൾ നൽകുന്നുണ്ട്.
ആംആദ്മി പാർട്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ നിലവിൽ ഒരു പ്രതിപക്ഷ പാർട്ടി ഇല്ല.
ഇവിടെയാണ്, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള അതൃപ്തി എങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്ന ചോദ്യം പ്രസക്തമാകുന്നത്.
ജാതി- സാമുദായിക സമവാക്യം അതേപടി വോട്ട് ബാങ്കായി പ്രവർത്തിക്കാത്ത സംസ്ഥാനമാണ് പഞ്ചാബ്. ജനസംഖ്യയിൽ ഹിന്ദുക്കൾ 38.4 ശതമാനവും പട്ടികജാതിക്കാർ 31.9 ശതമാനവുമുണ്ട്. നാലിലൊന്ന് വരുന്ന ജാട്ട് സിഖുകാർക്കാണ് ഗ്രാമീണ വോട്ടർമാരിൽ ഏറ്റവും സ്വാധീനം.
എന്നാൽ, ഹിന്ദു, ദലിത്, സിഖ് വിഭാഗങ്ങളുടെ വോട്ട് ഒരു ബ്ലോക്കായല്ല പ്രവർത്തിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഈ വോട്ടുകളെ സ്വാധീനിക്കുക.
ആപ്പിനോടുള്ള അതൃപ്തി അകാലി രാഷ്ട്രീയത്തോടുള്ള സ്വാഭാവികമായ പിന്തുണയായി മാറുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു സംഗതി. അകാലിദളിന്റെ സുദീർഘമായ ഭരണകാലം ഓർമയിലില്ലാത്ത ജെൻ സി തലമുറയാണ് ഇപ്പോഴുള്ളത്. ഒരുതരം മധ്യവർത്തി നിലപാടെടുക്കുന്ന ശിരോമണി അകാലിദളിന് ഈ തലമുറയുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, സിഖ് ഐഡന്റിറ്റിയെ പ്രതിനിധീകരിക്കുന്ന വിവിധ പാന്തിക് സ്പെയ്സുകളിലായി ശിരോമണി അകാലിദളിന്റെ അടിത്തറ ചിതറിക്കിടക്കുകയാണ്.
ആരാണ് പന്തിന്റെ യഥാർഥ പ്രതിനിധികൾ എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പിൽ ഉയരാനിടയുണ്ട്.
അവിടേക്ക്, ശ്രദ്ധിക്കേണ്ട രണ്ടു പേരുകൾ കടന്നുവരുന്നു; രണ്ട് ഖാലിസ്ഥാൻ അനുകൂലികൾ. അമൃത്പാൽ സിങും സരബ്ജിത് സിങ് ഖൽസയും. ഖാലിസ്ഥാൻ വികാരം രാഷ്ട്രീയമായി സ്വാധീനം നേടുന്നതിന്റെ രണ്ട് പ്രതീകങ്ങൾ.
2024-ലെ ലോക്സഭാ ഇലഷനിൽ ഖാദൂർ സാഹിബ് സീറ്റിൽ 38 ശതമാനം വോട്ട് നേടിയാണ് അമൃത്പാൽ സിങ് ജയിച്ചത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്സഭാ സീറ്റിലുള്ളത്.
2022 വരെ മതാചാരപ്രകാരമുള്ള തലപ്പാവ് പോലും ധരിക്കാത്ത അമൃത് പാൽ സിങ്, പിന്നീട് ‘വാരിസ് ദേ പഞ്ചാബ്’ എന്ന സംഘടനയുടെ നേതാവായി. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഭിദ്രൻവാലയുടെ രൂപസാദൃശ്യം ലഭിക്കാൻ കോസ്മെറ്റിക് സർജറിക്ക് വിധേയനായെന്നും സുഹൃത്തുക്കൾ പറയുന്നു.
അമൃത്പാൽ സിംഗിന്റെ പാർട്ടിക്ക് യുവാക്കൾക്കിടയിൽ സ്വാധീനമുണ്ട്. ഇന്ദിരാഗാന്ധി വധത്തിൽ പ്രതിയായി തൂക്കിലേറ്റപ്പെട്ട കേഹാർ സിങിന്റെ മകൻ സത്വന്ത് സിങിനെയാണ് അമൃത്പാൽ സിങ്, നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ ആദ്യ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2021-ലെ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമങ്ങളിൽ പ്രതിയായിരുന്ന അന്തരിച്ച ദീപ് സിദ്ധുവിന്റെ സഹോദരൻ മന്ദീപ് സിങ് സിദ്ധുവും മത്സരിക്കുന്നുണ്ട്.
ഇന്ദിരാഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായിരുന്ന ബിയാന്ത് സിംഗിന്റെ മകൻ സരബ്ജിത് സിങ് ഖൽസ ഫരീദ്കോട്ട് മണ്ഡലത്തിൽനിന്നാണ് കഴിഞ്ഞ തവണ എം.പിയായത്.
ആപ്പും കോൺഗ്രസും ബി.ജെ.പിയും ശിരോമണി അകാലിദളുമുള്ള ഒരു വിശാല രാഷ്ട്രീയ സ്പെയ്സിൽ, അമൃത്പാൽ സിംഗിന്റെയും ഖൽസയുടെയും സാന്നിധ്യം കാര്യമായ വോട്ട് ഷിഫ്റ്റ് ഉണ്ടാക്കുമെന്ന് പറയാനാകില്ല. എങ്കിലും, 2022-ലെ ഇലക്ഷനിൽ കോൺഗ്രസിനെതിരായുണ്ടായ യുവരോഷം ഇത്തവണ യുവാക്കളിലൂടെ ആപ്പിനെതിരെ വർക്ക് ചെയ്താൽ, അത് ഇത്തരം തീവ്ര സംഘങ്ങൾക്ക് അനുകൂലമായേക്കാം.
15- 20 ശതമാനം വരെയാണ് പഞ്ചാബിലെ ഫ്ലോട്ടിങ് വോട്ടർമാർ. പരമ്പരാഗത വോട്ടുബാങ്കുകളിൽനിന്ന് അകന്നുനിൽക്കുന്ന ഇവരാണ് 2022-ൽ ഒരു മാറ്റത്തിന് വോട്ട് ചെയ്തത് എന്നതും മറന്നുകൂടാ.
2.14 കോടി വോട്ടർമാരിൽ 1.36 കോടിയും ഗ്രാമങ്ങളിലാണ്, 63%.
2022-ൽ ആപ്പ് 42 ശതമാനവും കോൺഗ്രസ് 22.98 ശതമാനവും ശിരോമണി അകാലിദൾ 18.4 ശതമാനവും ബി.ജെ.പി 6.6 ശതമാനം വോട്ടുമാണ് നേടിയത്.
പരമ്പരാഗത ഹിന്ദു വിഭാഗങ്ങളെ കൂടാതെ ഇത്തവണ സിഖ് വോട്ട് ബാങ്കിനെ കൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി ഇറങ്ങുന്നത്. ജാട്ട് സിഖ് വിഭാഗം നേതാവായ കേവൽ സിങ് ധില്ലനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ച് ഇതിന് തുടക്കമിട്ടു. ശിരോമണി അകാലിദളുമായുള്ള സഖ്യചർച്ച അന്തിമ ഘട്ടത്തിലാണ്. ബി.ജെ.പിയുമായുള്ള സഖ്യം അകാലിദളിനെ സംബന്ധിച്ച് അതിജീവനത്തിനുള്ള അവസാന ശ്രമം കൂടിയാണെന്നു പറയാം.
പശ്ചിമ ബംഗാളിലെ, 77 സീറ്റിൽ നിന്ന് 207 സീറ്റിലേക്കുള്ള വിജയമാണ് ബി.ജെ.പി പഞ്ചാബിൽ പ്രതീക്ഷിക്കുന്നത്. ശൂന്യതയിൽനിന്നുള്ള ജയം. അതിനായി 'പുതിയ ടീം പുതിയ തന്ത്രം' എന്ന് പ്രഖ്യാപിച്ചുവെങ്കിലും ആപ്പും കോൺഗ്രസും വിട്ട് ബി.ജെ.പിയിലേക്കു വന്ന പഴയ ടീമിനെയാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. പാർട്ടി നയരേഖ മുതൽ പ്രകടനപത്രിക വരെ തയ്യാറാക്കുന്നത് ഈ ‘ബഹുസ്വര’ പാർട്ടിസംവിധാനമാണ്. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ വോട്ടർമാർ ഇത്തവണ നന്നായി കഷ്ടപ്പെടും.
സിഖ് വോട്ട് ബാങ്കിനുവേണ്ടിയുള്ള ബി.ജെ.പിയുടെ തന്ത്രം, ഹിന്ദു വോട്ട് ബാങ്ക് തങ്ങൾക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷ ആപ്പിനുണ്ട്. ആം ആദ്മി പാർട്ടി 'യഥാർഥ സനാതന പാർട്ടി'യാണ് എന്ന കെജ്രിവാളിന്റെ പ്രസ്താവന, സംസ്ഥാനത്തെ 38.5 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടർമാരെ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. കഴിഞ്ഞില്ല, അമൃത്സറിൽ 150 കോടി രൂപ ചെലവിൽ ലവ- കുശ ക്ഷേത്രം പണിയുമെന്നും അദ്ദേഹം വോട്ടർമാർമാർക്ക് ഉറപ്പുകൊടുത്തിട്ടുണ്ട്.
ഇതിനിടെ, സിഖ് വിഭാഗത്തിന്റെ ഏറ്റവും ഉയർന്ന ആത്മീയ അധികാരസംവിധാനമായ അകാൽ തഖ്ത്, സിഖ് വികാരം വ്രണപ്പെടുത്തുന്ന വിവാദ വീഡിയോയുടെ പേരിൽ, മുഖ്യമന്ത്രി ഭഗവന്ത് മാനെ ‘ഖൽസ പന്തിന്റെ ശത്രു’വായി പ്രഖ്യാപിച്ചിരുന്നു.
ഇതെല്ലാം, ആപ്പിന് അനുകൂലമായി ഹിന്ദു വോട്ട് ധ്രുവീകരണമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് എത്ര കൊണ്ടാലും പഠിക്കാത്ത അവസ്ഥയിലാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറിയായി സച്ചിൻ പൈലറ്റിനെ നിയോഗിച്ചു. ഹൈക്കമാന്റ് നേരിട്ടാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പി.സി.സി അധ്യക്ഷനായി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന പർഗത് സിങിനെ നിയമിച്ചു.
എന്നിട്ടും പാർട്ടി രക്ഷപ്പെടുന്ന മട്ടില്ല.
നാലുപേരാണ് മുഖ്യമന്ത്രിക്കുപ്പായവും തുന്നി കാത്തിരിക്കുന്നത്: ചരൺജിത് സിങ് ഛന്നി, സുഖ്ജീന്ദർ രൺധാവ, പ്രതാപ് സിങ് ബജ്വ, രാജാ വാറിങ്.
മുഖ്യമന്ത്രി ഭഗവന്ത് മാൻ കോൺഗ്രസിനെക്കുറിച്ച് പറയുന്ന ഒരു തമാശയുണ്ട്: കാത്തിനിന്ന് ഒടുവിൽ കോൺഗ്രസ് നേതാക്കൾക്ക് ഒന്നിച്ച് യാത്ര ചെയ്യാൻ ഒരു റിക്ഷ കിട്ടിയെന്നിരിക്കട്ടെ, അപ്പോൾ തർക്കം, ഡ്രൈവറുടെ സീറ്റിൽ ആര് ഇരിക്കണം എന്നതിനെക്കുറിച്ചാകും.
അത് അക്ഷരാർഥത്തിൽ ശരിയാണ്.
പരമ്പരാഗത വോട്ട് ബാങ്ക് ആപ്പിലേക്ക് ഒഴുകിപ്പോകുന്നതിനെക്കുറിച്ചൊന്നും സംസ്ഥാന ഘടകത്തിന് ഒരു വേവലാതിയുമില്ല. ജാട്ട്- സിഖ് വോട്ട് ബാങ്ക് മുന്നിൽക്കണ്ടാണ് പർഗത് സിംഗിനെ സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാൽ, അതിനുവേണ്ടിയുള്ള രാഷ്ട്രീയ പരിപാടി ഇല്ലതാനും. നാലു പതിറ്റാണ്ടായി പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യശത്രു കോൺഗ്രസ് തന്നെയാണ്. ഇത്തവണയെങ്കിലും ആ ശത്രുവിനെ തോൽപ്പിക്കാനായാൽ പാർട്ടി രക്ഷപ്പെടും.
ശിരോമണി അകാലിദളിനെ സംബന്ധിച്ച് ബി.ജെ.പിയുമായുള്ള സഖ്യം മാത്രമാണ് മുന്നിലുള്ള വഴി. മോദി സർക്കാറിന്റെ മണ്ഡല പുനർനിർണയ ബില്ലിനും വനിതാ സംവരണ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് സുഖ്ബീർ സിങ് ബാദൽ, ബി.ജെ.പിയുമായുള്ള സഖ്യത്തിന് നേരത്തെ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സഖ്യത്തിന് ആർ.എസ്.എസ് പിന്തുണയുമുണ്ട്.
മോദി സർക്കാറിനെതിരായ കർഷക പ്രതിഷേധത്തിന്റെ പാശ്ചാത്തലത്തിലാണ് 2020-ൽ പാർട്ടി എൻ.ഡി.എ വിട്ടത്. എന്നാൽ, മറ്റൊരു തിരിച്ചുവരവ് പാർട്ടിയുടെ വോട്ട് ബാങ്കായ കർഷക സമൂഹത്തെ പ്രകോപിപ്പിക്കുമെന്നുറപ്പാണ്.
പരമ്പരാഗത വോട്ടു ബാങ്കുകളല്ല ഈ തെരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികളെ ആശങ്കയിലാക്കുന്നത്, ജെൻ സി വോട്ടാണ്. ജെൻ സിയെ സ്വന്തം വോട്ടുബാങ്കാക്കി മാറ്റാനാണ് ആപ്പും കോൺഗ്രസും അകാലിദളും ബി.ജെ.പിയും ഒരേ പോലെ ശ്രമിക്കുന്നത്. അതിനായി, പുതിയ മുദ്രാവാക്യങ്ങൾ വരുന്നു, പരിപാടികളുടെ രൂപം മാറുന്നു, പാർട്ടി നേതാക്കൾ കാമ്പസുകളിലേക്ക് ചെല്ലുന്നു, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി സംസാരിക്കുന്നു, അവരോടൊപ്പം സെൽഫി എടുക്കുന്നു. വേഷത്തിലും രൂപത്തിലും വരെ പുതിയ വൈബുകൾ പ്രത്യക്ഷപ്പെടുന്നു.
സംസ്ഥാനത്തെ വോട്ടർമാരിൽ 46 ലക്ഷം പേരാണ് 18- നും 29-നും ഇടയ്ക്ക് പ്രായമുള്ളവർ, ആകെ വോട്ടർമാരുടെ 21 ശതമാനം. ജെൻ സി ഒരൊറ്റ വോട്ട് ബാങ്കായി പ്രവർത്തിക്കില്ലെങ്കിലും ഇവരുടെ ആവശ്യങ്ങൾ സമാനമാണ്. അതുകൊണ്ടുതന്നെ തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച, തുല്യ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ പാർട്ടികൾക്ക് ഏറ്റെടുക്കേണ്ടിവരുന്നു.
രാഹുൽ ഗാന്ധിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും സുഖ്ബിർ സിങ് ബാദലിന്റെയും നേതൃത്വങ്ങൾക്കുമുന്നിലെ ഈ പുതിയ വെല്ലുവിളിയെ അവരുടെ പാർട്ടികൾ എങ്ങനെ കൈകകാര്യം ചെയ്യും എന്നത്, ഒരു പ്രധാന ഇലക്ഷൻ വിഷയമായി മാറിയിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ തുരുത്ത് എന്ന നിലയ്ക്കല്ല, 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം.
ബംഗാളിനെപ്പോലെ, പഞ്ചാബും ബി.ജെ.പിയ്ക്ക് തന്ത്രപരമായ പ്രാധാന്യമുള്ള അതിർത്തി സംസ്ഥാനമാണ്.
കോൺഗ്രസിന് ദേശീയ പ്രതിപക്ഷമായി തുടരുന്നതിൽ പ്രധാനമാണ് പഞ്ചാബിലെ ജയം.
അതുകൊണ്ടുതന്നെ പഞ്ചാബിലേത് ഒരു ദേശീയ മത്സരം കൂടിയാകുന്നു, ഇത്തവണ.
