ഉമ്മൻചാണ്ടിയുടെ കല്ലറയി​ലെ പ്രാർഥനകൾ,
രാഷ്​ട്രീയത്തി​ലെ വിശ്വാസലഹരി

കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്, മതേതരനായ കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ ആയിരുന്നോ പറയേണ്ടിയിരുന്നത് ?. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയമായ ലെഗസി വോട്ടാക്കി മാറ്റുന്നത് പോലെയാണോ മതപരമായ സെന്റിമെന്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ? ലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധത എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിയുടെ 'പുണ്യാളത്തം'.

മ്മന്‍ ചാണ്ടി അന്തരിച്ച ശേഷം, അദ്ദേഹവുമായി ചുറ്റി പറ്റി ഉയര്‍ന്നു വന്നിട്ടുള്ള വിവാദം 'ട്രാന്‍സ്' എന്ന സിനിമയെയാണ് ഓര്‍മിപ്പിക്കുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനിലേക്കുള്ള ഫഹദ് ഫാസില്‍ കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ആ ചിത്രം അവതരിപ്പിക്കുന്നതെങ്കില്‍, ജനകീയനായ രാഷ്ട്രീയ നേതാവില്‍ നിന്ന് "രക്ഷകനായ വിശുദ്ധനിലേക്കുള്ള" ഉമ്മന്‍ചാണ്ടിയുടെ പൊടുന്നനെയുള്ള മാറ്റമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെ ആകെത്തുക. 'ട്രാന്‍സ്' സിനിമ മതം എങ്ങനെ ഒരു ലഹരിയായി രൂപാന്തരപ്പെടുന്നു എന്നും വന്‍ ബിസിനസ് ആയി മാറുന്നുവെന്നും ആണ് കാണിച്ചു തരുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ മതത്തിന്‍റെ ലഹരികൂടി ചേര്‍ത്ത് എങ്ങനെ ലാഭം കൊയ്യാം എന്ന ചിന്തയാണ് പുതിയ വിവാദത്തില്‍ ഒളിഞ്ഞിരിക്കുന്നത്.

‘അശരണരുടെ രക്ഷകന്‍'

ഭരണ നൈപുണ്യത്തെക്കാളും രാഷ്ട്രീയ നിലപാടുകളെക്കാളും ഉമ്മന്‍ ചാണ്ടിയെ ജനകീയനാക്കിയത്, ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കാനും പെട്ടെന്ന് പരിഹരിക്കാനുമുള്ള അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ രീതിയാണ്. വിമര്‍ശിക്കപ്പെട്ടു എങ്കിലും ഏറെ ജനപ്രീതി നേടിയ ഒരു പദ്ധതിയായിരുന്നു, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ 'ജനസമ്പര്‍ക്കം'. ഭിന്ന ശേഷിക്കാര്‍,നിത്യ രോഗികള്‍, വിധവകള്‍ തുടങ്ങി അശരണരായ മനുഷ്യരായിരുന്നു അതിന്റെ ഗുണഭോക്താക്കളില്‍ അധികവും. 'ഉമ്മന്‍ ചാണ്ടിയെ കണ്ടു പരാതി പറഞ്ഞാല്‍ ഒരു പരിഹാരം ഉണ്ടാകും' എന്ന ഒരു സമാശ്വാസചിന്ത ജനസമ്പര്‍ക്ക പരിപാടി സൃഷ്ടിച്ചിട്ടുണ്ടായിരുന്നു . മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിരന്തരം അവഗണിച്ച, ചുവപ്പ് നാടകള്‍ക്കിടയില്‍ പ്രതീക്ഷകള്‍ ചിറക് ഒടിഞ്ഞു വീണ ഹതാശാരായ ഒരു ജനതയില്‍ അങ്ങനെ ഒരു മനോഭാവം വളരുക സ്വാഭാവികവുമാണ്.

ജനസമ്പർക്ക പരിപാടിക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രശ്ന പരിഹാരങ്ങള്‍ക്ക് വ്യവസ്ഥാപിതമായ രീതിയുണ്ട്. രാജഭരണത്തില്‍ നിന്ന് ജനാധിപത്യം വ്യത്യസ്ഥമാകുന്നതും അതുകൊണ്ടാണ്. ജനങ്ങളുടെ വിഷമങ്ങള്‍ കണ്ടു മനസ്സലിയുന്ന പ്രജാവല്‍സലനായ രാജാവ് തല്‍ക്ഷണം പുറപ്പെടുവിക്കുന്ന രാജ വിളംബരത്തിലൂടെയോ, പാരിതോഷികങ്ങളിലൂടെയോ പ്രശ്നനിവൃത്തി വരുത്തുന്നതിന് പകരം, ബ്യൂറോക്രസി വഴി ഭരണപരമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്ന രീതിയാണല്ലോ ജനാധിപത്യത്തില്‍. ഈ മെക്കാനിസത്തില്‍ വരുന്ന വീഴ്ചകള്‍ തിരുത്തുകയും അപാകങ്ങളും കാലവിളംബവും നിയമപരമായി പരിഹരിക്കുകയാണ് ഭരണ കര്‍ത്താക്കളുടെ ചുമതല.

അശരണരായ മനുഷ്യരുടെ മനസ്സില്‍ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുന്ന 'പുണ്യാളന്‍ ' ആയിരുന്നു. കാരണം അവരുടെ വേദനകള്‍ അദ്ദേഹം കേട്ടിരുന്നു, തന്റെ കൈലേസ് കൊണ്ട് അവരുടെ കണ്ണുനീര്‍ ഒപ്പിയിരുന്നു. എന്നും മാധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് വരച്ച ചിത്രങ്ങളില്‍ ഒരു 'രക്ഷക വേഷം' ഉണ്ടായിരുന്നു. രാപ്പകലില്ലാതെ ജനങ്ങളിലേക്ക് ഓടിയെത്തിയ, സൗമ്യനും ലളിത പ്രകൃതക്കാരനും ദൈവ ദാസനുമായ 'കുഞ്ഞൂഞ്ഞു' എന്ന മാധ്യമ കല്‍പ്പിത ഇമേജാണ് ഇന്നിപ്പോള്‍ അദ്ദേഹം സാക്ഷാല്‍ 'പുണ്യാളന്‍' തന്നെയാണെന്ന വിശ്വാസത്തിലേക്ക് ഒരു പറ്റം വിശ്വാസികളെ രൂപാന്തരപ്പെടുത്തിയത്.

അത്ഭുത പ്രവൃത്തികള്‍

ഉമ്മന്‍ചാണ്ടി മരണപ്പെട്ട ദിവസങ്ങളില്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇത് കുറെകൂടി വ്യക്തമാകും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, ഉമ്മന്‍ ചാണ്ടി നേരിട്ട് സഹായിച്ച ധാരാളം മനുഷ്യരുടെ കഥകള്‍, അവരുടെ വൈകാരികമായ പ്രതികരണങ്ങള്‍, ഉമ്മന്‍ ചാണ്ടിയുടെ 'അത്ഭുതകരമായ' ഇടപെടല്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ കൊണ്ട് നിറഞ്ഞിരുന്നു ആ ദിവസങ്ങളിലെ മാധ്യമങ്ങള്‍. ഈ റിപ്പോര്‍ട്ടുകളില്‍ പലതും, ദിവ്യാല്ഭുതങ്ങള്‍ കാണിക്കുന്ന ഒരു പുണ്യാളന്‍ ആക്കി അദ്ദേഹത്തെ മാറ്റി. ''ഞാന്‍ നടക്കാന്‍ കാരണം ഉമ്മന്‍ ചാണ്ടി സാറാണ്","ചാണ്ടി സാര്‍ എനിക്ക് ദൈവമാണ്"," ഫയലുകളില്‍ നിന്ന് ഇറങ്ങി വന്ന രക്ഷകന്‍"- അത്ഭുത സാക്ഷ്യം പോലെ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇങ്ങനെ പോകുന്നു.

ദീര്‍ഘകാലം കേരളത്തിന്‍റെ രാഷ്ട്രീയ നേതൃത്വത്തില്‍ ഇരുന്ന, മുഖ്യമന്ത്രി പദം അടക്കം ഉന്നത ഭരണ പദവികള്‍ വഹിച്ച; മതപരമായ ചുമതലകള്‍ ഒന്നും വഹിച്ചിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാവിനെ, സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നു എന്നത് ചിരിച്ചു തള്ളേണ്ട ഒരു കാര്യമല്ല. തങ്ങളുടെ പ്രിയ നേതാവിന്‍റെ വിയോഗത്തിന്റെ വൈകാരികതയില്‍ ആരെങ്കിലും ആലോചിക്കാതെ വിളിച്ചു പറഞ്ഞ ആവശ്യമായി അതിനെ ലഘൂകരിക്കാനും കഴിയില്ല. കാരണം ഓര്‍ത്തഡോക്സ് സഭയുടെ ഉന്നതങ്ങളിലും ഈ വിഷയം ഗൗരവമായി ചര്‍ച്ച നടന്നു.

കല്ലറയിലെ പ്രാര്‍ഥനകള്‍

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോയി ആളുകള്‍ പ്രാര്‍ഥിക്കുന്നു. അവിടെ തിരി തെളിയിക്കലും ഹാനാന്‍ വെള്ളം തളിയ്ക്കലും ധൂപ പ്രാര്‍ഥനകളും മറ്റും നടക്കുന്നു. ഖബറിടത്തില്‍ ആളുകള്‍ നിവേദനം നല്‍കുന്നു. കല്ലറയില്‍ വിശ്വാസികള്‍ സമര്‍പിച്ച കുറിപ്പുകളില്‍, 'ഇവിടെ ഒരു വിശുദ്ധന്‍ മധ്യസ്ഥത ചെയ്യുന്നുണ്ട്' 'മലയാളി മനസ്സുകളുടെ മദ്ധ്യസ്ഥന്‍" തുടങ്ങിയ വാക്യങ്ങളാണ് എഴുതി വെക്കുന്നത്. വിവാഹ പ്രായം കഴിഞ്ഞ തന്റെ മകളുടെ വിവാഹം നടത്താന്‍ മാധ്യസ്ഥം ആവശ്യപ്പെടുന്ന ഒരപേക്ഷയുമായി കല്ലറയില്‍ എത്തിയ ഒരു വൃദ്ധനെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ദൂരെ ദിക്കുകളില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് തീര്‍ഥാടനങ്ങളും തുടങ്ങി കഴിഞ്ഞു!.

ഇത്തരത്തിലുള്ള അമിതമായ ഭക്തി പ്രകടങ്ങള്‍ക്ക് മുന്നില്‍ മത നേതാക്കള്‍ പോലും തോറ്റ് പോകുന്നു എന്നതാണ് വാസ്തവം. ജനങ്ങളുടെ അനുഭവങ്ങളിലും വിശ്വാസത്തിലും ഇടപെടാന്‍ കഴിയില്ല എന്ന നിലപാടാണ് പള്ളി അധികൃതര്‍ സ്വീകരിച്ചത്.

വിശ്വാസികളുടെ വികാര പ്രകടനങ്ങളെ മാറ്റി നിര്‍ത്താം. എന്നാല്‍ വിശ്വാസികളുടെ സെന്റിമെന്സിനെ മുതല്‍കൂട്ടാനാണ് രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നത് എന്നതാണ് ഖേദകരം. എറണാകുളം ഡിസിസി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ വിശുദ്ധ പദവിയായിരുന്നു പ്രധാന ചര്‍ച്ച. യോഗത്തില്‍ ഉമ്മന്‍ചാണ്ടി 'വിശുദ്ധനായിരുന്നു' എന്ന വി ഡി സതീശന്റെ പ്രസ്താവന സാധാരണ ഗതിയില്‍ അവഗണിക്കാവുന്നതേയുള്ളൂ എങ്കിലും, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതില്‍ രാഷ്ട്രീയ താല്പര്യം കാണുന്നവരുണ്ട്. 'അചഞ്ചലമായ ദൈവവിശ്വാസത്തില്‍ അടിയുറച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ജനമനസ്സില്‍ വിശുദ്ധനാക്കപ്പെട്ടുവെന്നാണ്' അദ്ദേഹം പറഞ്ഞത്. ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാല്‍ ഇതിന്‍റെ നടപടിക്രമങ്ങള്‍ തനിക്കറിയില്ല. ഇക്കാര്യത്തില്‍ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

വിശുദ്ധ മധ്യസ്ഥന്‍

ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓര്‍ത്തഡോക്‌സ് സഭാനേതൃത്വത്തില്‍ നിന്നാണെന്ന് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭ അല്‍മായരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ സംഭവങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസും ഉമ്മന്‍ ചാണ്ടി വിശുദ്ധന്‍ ആണെന്നും, കേരളത്തില്‍ അല്‍മായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും പ്രസ്താവിക്കുകയുണ്ടായി.

കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്, മതേതരനായ കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ ആയിരുന്നോ പറയേണ്ടിയിരുന്നത്?. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയമായ ലെഗസി വോട്ടാക്കി മാറ്റുന്നത് പോലെയാണോ മതപരമായ സെന്റിമെന്സിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്?. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്തുടര്‍ച്ചക്കാരനായി മത്സരിക്കാന്‍ പോകുന്ന, മകന്‍ ചാണ്ടി ഉമ്മന്‍ പിതാവിനെ പരാമര്‍ശിച്ചു പറഞ്ഞത്, ‘'പുതുപ്പള്ളി പള്ളിയില്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഒരു പരിശുദ്ധനെ കൂടി ലഭിച്ചിരിക്കുന്നു" എന്നായിരുന്നു എന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ചിത്രം വ്യക്തമാകും.

തമിഴ്നാട്ടില്‍ താരാരാധനയും നേതാക്കളെ പൂജിക്കാന്‍ ക്ഷേത്രം പണിയലും നേതൃവിയോഗത്തില്‍ ആത്മാഹുതിയുമെല്ലാം കാണുമ്പോള്‍ പരിഹസിച്ചവരാണ് മലയാളികള്‍. ആ മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധത എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിയുടെ 'പുണ്യാളത്തം'. രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുകയും രാജ്യത്തിന്‍റെ പരമാധികാരം പോലും കുത്തകകള്‍ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന നിര്‍ണായക ഘട്ടത്തിലും സമരങ്ങള്‍ എല്ലാം നിര്‍ത്തി വെച്ച് പാലിയേറ്റീവ് പ്രവര്‍ത്തനവും സൗജന്യ ആമ്പുലന്‍സ് സേവനവും കേവല ചാരിറ്റിയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒതുങ്ങുന്ന കാലത്ത് ജനങ്ങള്‍ അത്ഭുത പ്രാര്‍ഥനകള്‍ക്ക് 'വിശുദ്ധ മധ്യസ്ഥന്‍മാരെ' സൃഷ്ടിക്കുക അല്ലാതെ എന്ത് ചെയ്യും!.

Comments