കോ​ൺഗ്രസിന്റെ
പുതുപ്പള്ളി മോഡൽ

‘‘തൃക്കാക്കരയിലും, പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് രംഗത്ത് കോൺഗ്രസ് കാണിച്ച കയ്യടക്കം കേഡർ പാർട്ടികളെ പോലും സ്തബ്ധരാക്കുന്നതായിരുന്നു. സ്ഥാനാർത്ഥിയെ വേഗത്തിൽ പ്രഖ്യാപിക്കുന്ന, പ്രചാരണത്തിൽ ലീഡെടുക്കുന്ന, സാമൂഹ്യ വിഭാഗങ്ങളെ ആദ്യം വശത്താക്കുന്ന, അവസാന വീടും ആവർത്തിച്ചു കയറുന്ന, ബൂത്തിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന ഒരു കോൺഗ്രസ് ശൈലി രൂപമെടുത്തു.’’- കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി എഴുതുന്നു.

കേരളത്തിന്റെ ഉപതിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ വിജയതീരമണയുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥി ജയ്ക് സി. തോമസ് നേടിയ ആകെ വോട്ടുകളുടെ ഇരട്ടിക്കടുത്ത് വോട്ടുകൾ നേടാൻ ചാണ്ടി ഉമ്മനായി. 2021- നെ അപേക്ഷിച്ച് യു ഡി എഫിന് 17000- വോട്ടിനടുത്ത് കൂടിയപ്പോൾ 12,000 വോട്ടാളം എൽ ഡി എഫിനും, 5000-ത്തിൽ പരം വോട്ടുകൾ ബി ജെ പിക്കും നഷ്ടമായി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ യു ഡി എഫ് രാഷ്ട്രീയം അനുഭവിക്കുന്നത് അക്ഷരാർത്ഥത്തിൽ കായകൽപ്പ ചികിത്സക്കുശേഷമുള്ള നവോൻമേഷമാണ്. വിജയതൃഷ്ണയും, പോരാട്ട മികവും കൈമോശം വന്നുവെന്ന വിമർശകരുടെ ആക്ഷേപശരങ്ങൾ ഇനി പഴയതുപോലെ വിലപ്പോവുകയില്ല.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വൈകാരികതയും, പ്രാദേശിക ബലാബലങ്ങളും അതിൽ പ്രധാനമാണ്. എന്നാൽ വിജയ മാർജിനുകൾ പ്രതീക്ഷകൾക്കപ്പുറത്താവുമ്പോൾ തീർച്ചയായും അതിൽ രാഷ്ട്രീയ സന്ദേശങ്ങളുണ്ട്. തൃക്കാക്കരയും, പുതുപ്പള്ളിയും പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചു പോരുന്നതാണ്. ഉപതിരഞ്ഞെടുപ്പിനിടയാക്കിയ സാഹചര്യങ്ങളും യു ഡി എഫിനനുകൂലമാണ്. എന്നാൽ ഭൂരിപക്ഷങ്ങളിലെ റിക്കാർഡ് വർദ്ധനവ് ഭരണ വിരുദ്ധ വികാരത്തിന്റെ നേർസാക്ഷ്യമാണെന്നത് കേവലമൊരു രാഷ്ട്രീയ പ്രസ്താവനയല്ല. കൃത്യമായ മുൻതെളിവുകൾ മുന്നിലുണ്ട്. നൂറു സീറ്റുമായി യു ഡി എഫ് അധികാരത്തിലിരിക്കുമ്പോഴാണ് 2005- ൽ കൂത്തുപറമ്പിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ ഇടതു വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്നാൽ പി. ജയരാജൻ നേടിയ 45,377 വോട്ടിന്റെ ഭൂരിപക്ഷം അപ്രതീക്ഷിതമായിരുന്നു. 2006- ലേക്കുള്ള രാഷ്ട്രീയ ചൂണ്ടുപലകയാണ് അതെന്ന് വൈകാതെ മനസ്സിലായി.

കേരള ഭരണത്തിൽ നിന്നും ഒരു പതിറ്റാണ്ടു തുടർച്ചയായി മാറിനിൽക്കേണ്ട സാഹചര്യം കോൺഗ്രസോ, യു ഡി എഫോ ഇതിനുമുമ്പ് അഭിമുഖീകരിച്ചിട്ടില്ല. എന്നാൽ 1970 ലെ ഒരു ദശകം മുഴുവൻ സി പി എം അധികാരത്തിനു പുറത്തായിരുന്നു. 1987- വരെയുള്ള കേരള രാഷ്ട്രീയ ചരിത്രമെടുത്താൽ ആറു വർഷത്തിൽ താഴെ മാത്രമായിരുന്നു സി പി എമ്മിന്റെ അധികാര പങ്കാളിത്തം. 2021- ൽ എൽ ഡി എഫ് നേടിയ തുടർഭരണം അതുകൊണ്ടുതന്നെ ചരിത്രപരമായ ഒരു നേട്ടമാണ്. ദേശീയതലത്തിൽ കോൺഗ്രസ് ദുർബലപ്പെട്ട 1977- ലടക്കം കൈത്താങ്ങായത് കേരളമായിരുന്നു.

എന്നാൽ പുതിയ അഭിശപ്ത ഘട്ടത്തിൽ കേരളം കീഴ്‌വഴക്കം മറന്ന് കോൺഗ്രസിനെ കൈവിട്ടത് വലിയ തിരിച്ചടിയായി. ഇടയ്ക്ക് അക്കൗണ്ട് തുറന്നും, വിജയത്തിനു തൊട്ടടുത്തെത്തിയും ബിജെപി കേരളത്തിൽ കടന്നുകയറാൻ അശ്രാന്ത പരിശ്രമത്തിലാണ്. സി പി എമ്മിന്റെ തുടർഭരണങ്ങൾ കേരളത്തിന്റെ മുന്നണി രാഷ്ട്രീയവും, സന്തുലിതാവസ്ഥയും തകർക്കുമെന്ന് വലിയ വിഭാഗം മതേതര ജനാധിപത്യ വോട്ടർമാർ മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ പ്രതിഫലനം ആദ്യം സംഭവിക്കുക ന്യൂനപക്ഷ വോട്ടുകളിലാണ്. മലബാറിലും, മധ്യ തിരുവിതാംകൂറിലുമൊക്കെ അത് പ്രകടമായി വന്നുതുടങ്ങുന്ന രാഷ്ട്രീയ സൂചനകളുണ്ട്.

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പി.സി.സി പ്രസിഡണ്ട് വാർത്താസമ്മേളനം വിളിച്ച് മുഴുവൻ ക്രെഡിറ്റും സി പി പി ലീഡർക്ക് നൽകുന്ന കേരളത്തിലെ കാഴ്ച ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് പുതുമ നിറഞ്ഞതായിരിക്കും.

വിമോചനസമരത്തിനു ശേഷം കേരളത്തിലെ നായർ - കൃസ്ത്യൻ - മുസ്‍ലിം വോട്ടുകളിൽ വലിയ തോതിൽ അപ്രമാദിത്വം കോൺഗ്രസും, യു ഡി എഫും കൈവരിച്ചിരുന്നു. ഈഴവ - ദലിത് പോക്കറ്റുകൾ വേറെയുമുണ്ടായിരുന്നു. തങ്ങളുടെ കേഡറിസവും, ട്രേഡ് യൂണിയൻ - വർഗ ബഹുജന സർവ്വീസ് സംഘടന മുന്നേറ്റങ്ങളും, സാംസ്കാരിക ചലനങ്ങളും മുന്നിൽ വെച്ചാണ് സി പി എം ചെറുത്തുനിന്നത്. പേശീബലവും, അത്യധ്വാനവും തരാതരം പോലെ ഉപയോഗിച്ചുപോന്നു. പിടിച്ചു നിൽക്കാനും കടന്നുകയറാനും അവർക്ക് കഴിഞ്ഞു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ പോയതും, അലസതയും ചിലപ്പോഴെങ്കിലും ഉറച്ച മണ്ഡലങ്ങളിൽ പോലും കോൺഗ്രസിനെ തേടി പരാജയ വാർത്തകൾ വരാനിടയാക്കി. എന്നാൽ തൃക്കാക്കരയിലും, പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് രംഗത്ത് കോൺഗ്രസ് കാണിച്ച കയ്യടക്കം കേഡർ പാർട്ടികളെ പോലും സ്തബ്ധരാക്കുന്നതായിരുന്നു. സ്ഥാനാർത്ഥിയെ വേഗത്തിൽ പ്രഖ്യാപിക്കുന്ന, പ്രചാരണത്തിൽ ലീഡെടുക്കുന്ന, സാമൂഹ്യ വിഭാഗങ്ങളെ ആദ്യം വശത്താക്കുന്ന, അവസാന വീടും ആവർത്തിച്ചു കയറുന്ന, ബൂത്തിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്ന ഒരു കോൺഗ്രസ് ശൈലി രൂപമെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഭാവനം ചെയ്ത പുതിയ തിരഞ്ഞെടുപ്പ് സമീപന ശാസ്ത്രം പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പി.സി.സി പ്രസിഡണ്ട് വാർത്താസമ്മേളനം വിളിച്ച് മുഴുവൻ ക്രെഡിറ്റും സി പി പി ലീഡർക്ക് നൽകുന്ന കേരളത്തിലെ കാഴ്ച ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് പുതുമ നിറഞ്ഞതായിരിക്കും. പാർട്ടിക്കുള്ളിലെ ഐക്യത്തിനും, നേതൃതല കെട്ടുറപ്പിനും ഇതിലേറെ മികച്ച ഉദാഹരണങ്ങളില്ല. ഒറ്റക്കെട്ടായി നിൽക്കുന്ന കോൺഗ്രസിനെ തോൽപ്പിക്കുന്നതോളം വലിയ ദുഷ്ക്കരദൗത്യം മറ്റൊന്നില്ലയെന്ന് കടുത്ത എതിരാളികൾക്കു പോലുമറിയാം. ചെറുതും വലുതുമായ മുഴുവൻ നേതാക്കൾക്കും കൃത്യമായ ഇടം നൽകി പരസ്പര വിശ്വാസമുള്ള തിരഞ്ഞെടുപ്പ് സൈന്യത്തെ ഒരുക്കാൻ വി.ഡി. സതീശന് സാധിച്ചു. ചാണ്ടി ഉമ്മന്റെ സമാപന പ്രചാരണത്തിന് ശശി തരൂർ നേരിട്ട് മുന്നിൽ നിന്നത് അതിന്റെ വലിയ തെളിവായി.

1967- ൽ 133 സീറ്റിൽ കോൺഗ്രസ് മത്സരിച്ചിരുന്നു. 9 സീറ്റിൽ മാത്രം വിജയം കണ്ടു. 113 സീറ്റുമായാണ് അന്ന് ഇ എം എസ് അധികാരത്തിലേറിയത്. കെ. കരുണാകരനാണ് അന്ന് കോൺഗ്രസ് നിയമസഭ കക്ഷിനേതാവായത്. പനമ്പള്ളി ഗോവിന്ദമേനോൻ, ആർ. ശങ്കർ, കോഴിപ്പുറത്ത് മാധവമേനോൻ, സി.എം. സ്റ്റീഫൻ തുടങ്ങിയ അതികായരായ നേതാക്കൾ അന്നു കരുണാകരന്റെ കടന്നുവരവിന് സാക്ഷികളായി. പിന്നീട് സംഭവിച്ചത് അൽഭുതങ്ങളായിരുന്നു. വൻ ഭൂരിപക്ഷമുണ്ടായിരുന്ന ഇ എം എസ് സർക്കാർ രണ്ടു വർഷത്തിനുള്ളിൽ തകർന്നു വീണു. സി പി ഐ, മുസ്‍ലിം ലീഗ്, ആർ എസ് പി തുടങ്ങിയ പാർട്ടികൾ കോൺഗ്രസ് പാളയത്തിലെത്തി. 1970- ലെ കേരള നിയമസഭയിൽ 30 സീറ്റോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 16 സീറ്റുള്ള സി പി ഐക്ക് മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് കോൺഗ്രസ് കാട്ടിയ മുന്നണി മര്യാദക്ക് സമാനമായ മറ്റൊരു ഉദാഹരണം രാജ്യത്തിന്റെ ചരിത്രത്തിലില്ല. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ നയിക്കുന്ന കാലത്താണ് അനിവാര്യമായ സമയ മാത്രയിൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി കടന്നുവരുന്നത്. കാലം ആവശ്യപ്പെടുന്ന ഭാരിച്ച ദൗത്യങ്ങൾക്കു മുന്നിൽ കൂടുതൽ സതീശൻ ഇഫക്ടുകൾ പ്രകടമാവുമെന്ന് കരുതാം.

വീണ്ടും പ്രതിപക്ഷത്തായ യു ഡി എഫിൽ നിന്നും കൂടുതൽ കക്ഷികൾ ചോരും എന്ന പ്രതീതിയുളവാക്കാൻ ഇടക്കാലത്ത് ശ്രമങ്ങൾ സജീവമായിരുന്നു. മുസ്‍ലിം ലീഗിനെ പ്രശംസിച്ച് ബോധപൂർവ്വം സി പി എം നേതാക്കൾ തെറ്റിദ്ധാരണ പരത്തി. എന്നാൽ പുതുപ്പള്ളിയിലെ വൻ തോൽവി സി പി എമ്മിന്റെ ആധിപത്യ ശരീരഭാഷയെ പ്രതിരോധഭാവത്തിലാക്കിയിട്ടുണ്ട്. ഒട്ടും ജനപ്രിയമല്ലാത്ത സർക്കാർ നടപടികളും, ആരോപണങ്ങൾക്കു മുന്നിൽ മറുപടിയില്ലാത്ത പാർട്ടിയും സർക്കാറും തോൽവിയുടെ ആഘാതത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. വർഗ്ഗീയ ശക്തികളെ പുറത്തു നിർത്തി, വലതു - ഇടതു രാഷ്ട്രീയ സന്തുലിതത്വം ഉറപ്പാക്കുന്ന നീക്കങ്ങൾക്ക് പൊതു ബോധം മുന്നിട്ടിറങ്ങുന്നത് സ്വാഗതാർഹം തന്നെയാണ്

Comments