സി.എസ്. സുജാത

അത്രയധികം ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്രസർക്കാർ എന്തുകൊണ്ട് വനിതാസംവരണ ബിൽ പാസാക്കുന്നില്ല?

വിവാഹം വേണമോ വേണ്ടയോ, ഏത് പ്രായത്തിൽ വേണം എന്നെല്ലാം പെൺകുട്ടികൾ തീരുമാനിക്കട്ടെ. ചെറിയ പ്രായത്തിൽ വിവാഹം ചെയ്യുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്. അല്ലാതെ പെൺകുട്ടികളുടെ സ്വയം നിർണ്ണയാവകാശത്തെ നിയമ നിർമാണത്തിലൂടെ അടിച്ചമർത്തുകയല്ല വേണ്ടത്.

മനില സി. മോഹൻ: പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 വയസ്സാക്കാൻ നിർദ്ദേശിക്കുന്ന ബിൽ പാർലമെൻറിൽ അവതരിപ്പിച്ചു കഴിഞ്ഞു. പ്രതിഷേധങ്ങളും അനുകൂലമായ ചർച്ചകളും നടക്കുന്നുണ്ട്. സ്ത്രീകളുടെ സ്വയം നിർണയാവകാശത്തിനു മേൽ സ്റ്റേറ്റ് നടത്തുന്ന അധികാരപ്രയോഗമായി വേണം ഇതിനെ വിലയിരുത്താൻ. ഇടതുപാർട്ടികൾ തുടക്കത്തിൽത്തന്നെ ബില്ലിനെ എതിർത്തിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുരോഗമനപരമെന്ന് പുറമേ തോന്നുമെങ്കിലും ഈ ബില്ലിന്റെ സ്ത്രീവിരുദ്ധത യഥാർത്ഥത്തിൽ എന്താണ്?

സി.എസ്. സുജാത : 18 വയസ്സുള്ളൊരു പെൺകുട്ടിക്ക് വോട്ട് ചെയ്യാനും കരാറുകളിൽ ഏർപ്പെടാനും നിയമപരമായ അവകാശമുള്ളൊരു രാജ്യത്ത് അവളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനു പിന്നിൽ ബി.ജെ.പിയുടെ വ്യക്തമായ അജണ്ടയുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്ന ഈ ബിൽ വന്ന വഴി തന്നെ അതിന് തെളിവാണ്. പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രസംഗം നടത്തുന്നു. കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിലും അത് ആവർത്തിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ആശങ്കയുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് അതെല്ലാം പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ നടന്നത് എന്താണ്? സ്ത്രീകളുടെ ശാക്തീകരണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സഞ്ചാര സ്വാതന്ത്ര്യം, സുരക്ഷ, അവർ നേരിടുന്ന പോഷകാഹാരത്തിന്റെ അഭാവം തുടങ്ങിയ കുറേ വിഷയങ്ങളാണ് കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി പരിശോധിച്ചതും ശുപാർശ നൽകിയതും. അതിൽ ഏറ്റവും അവസാനം പറഞ്ഞ കാര്യമായിരുന്നു വിവാഹ പ്രായം. യഥാർത്ഥത്തിൽ സ്ത്രീകളുടെ ശാക്തീകരണമാണ് ലക്ഷ്യമെങ്കിൽ ആദ്യം പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികളല്ലേ ആവിഷ്‌കരിക്കേണ്ടത്? ഇതേ സർക്കാരാണ് ഐ.സി.ഡി.എസിന്റെ ഫണ്ട് വെട്ടിക്കുറച്ചതും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് ഫണ്ട് അനുവദിക്കാൻ മടിക്കുന്നതും. ജനാധിപത്യ മഹിളാ അസോസിയേഷൻ വർഷങ്ങളായി അത് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ബേഠി ബച്ചാവോ പദ്ധതിക്കു വേണ്ടി അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും ചെലവഴിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾക്കു വേണ്ടിയാണ് എന്നതിന്റെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

Photo Screen Crab : scroll.in

ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു നിയമം ധൃതി പിടിച്ച് കൊണ്ടുവരുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണ് എന്നത് വ്യക്തമാണ്. സ്ത്രീകൾ നേടിയെടുക്കുകയും അനുഭവിച്ചു വരുകയും ചെയ്യുന്ന അവകാശങ്ങളെയെല്ലാം ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമം കൂടിയാണിത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യമെങ്കിൽ സ്ത്രീകൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആ മൂന്നു മേഖലകളിലും ഇന്ത്യ വളരെ പിന്നിലാണ്. രാജ്യത്ത് കേരളം മാത്രമാണ് അക്കാര്യത്തിൽ അപവാദമായുള്ളത്.
18 വയസ്സുള്ളൊരു പെൺകുട്ടിക്ക് തന്റെ ഇണയെ തിരഞ്ഞെടുക്കാൻ അവകാശമില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി കൂടിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. 18 വയസ്സായ, വോട്ടവകാശമുള്ള പെൺകുട്ടിക്ക് വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനും, ഇണയെ തിരഞ്ഞെടുക്കാനും അവകാശമുണ്ട്. അവൾക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ട്. 18 വയസ്സിൽ പ്രായപൂർത്തിയായ പെൺകുട്ടികളെ വീണ്ടും ശിശുക്കളാക്കി മാറ്റാനും ചെറുപ്പക്കാരെ തുറുങ്കിലടയ്ക്കാനുമുള്ള നീക്കമാണിത്.

സ്ത്രീകൾ എന്തു ധരിക്കണമെന്നും, എന്ത് കഴിക്കണമെന്നും എന്ത് സംസാരിക്കണമെന്നും വരെ ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതി വരുന്നു. ഇനി വോട്ടവകാശം കൂടി എടുത്ത് കളയുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

കേരളത്തിലെപ്പോലും പുരോഗമനപരമായി ചിന്തിക്കുന്നവർ 21 വയസ്സ് എന്ന ട്രാപ്പിൽ വീണുപോയി എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ ബിൽ ബി.ജെ.പി. സർക്കാരിന്റെ എന്ത് രാഷ്ട്രീയ അജണ്ടയെയാണ് വെളിവാക്കുന്നത്?

ബി.ജെ.പി. അവരുടെ എല്ലാ പിന്തിരിപ്പൻ ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കു മേലെ. സ്ത്രീകൾ എന്തു ധരിക്കണമെന്നും, എന്ത് കഴിക്കണമെന്നും എന്ത് സംസാരിക്കണമെന്നും വരെ ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതി വരുന്നു. ഇനി വോട്ടവകാശം കൂടി എടുത്ത് കളയുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പുരോഗമന ചിന്താഗതിക്കാരെന്ന് നമ്മൾ കരുതുന്ന ചിലരെങ്കിലും ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായി കാണുന്നുണ്ട്. പ്രശ്നത്തെ വിശാലമായ കാഴ്ച്ചപ്പാടിൽ നോക്കിക്കാണാതെ, ചുറ്റുവട്ടത്തുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം അഭിപ്രായങ്ങൾ രൂപീകരിക്കുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

വിവാഹ പ്രായം നിലവിൽ 18 വയസ്സാണെന്ന് കരുതി ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികളും ഇപ്പോൾ 18 വയസ്സിൽ വിവാഹം ചെയ്യുന്നുണ്ടോ? എല്ലാവരും 18 വയസ്സിൽ തന്നെ വിവാഹം ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പറയുന്നില്ല. വിവാഹം വേണമോ വേണ്ടയോ, ഏത് പ്രായത്തിൽ വേണം എന്നെല്ലാം പെൺകുട്ടികൾ തീരുമാനിക്കട്ടെ. ചെറിയ പ്രായത്തിൽ വിവാഹം ചെയ്യുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്. അല്ലാതെ പെൺകുട്ടികളുടെ സ്വയം നിർണ്ണയാവകാശത്തെ നിയമ നിർമാണത്തിലൂടെ അടിച്ചമർത്തുകയല്ല വേണ്ടത്.

ഇന്ത്യൻ ലോ കമീഷൻ വിവാഹ പ്രായമായി ശുപാർശ ചെയ്തിരിക്കുന്നത് 18 വയസ്സാണ്. ലോകത്തിലെ 158 രാജ്യങ്ങളിൽ വിവാഹ പ്രായം 18 ആണ്. യു.എൻ. നിർദേശിക്കുന്ന വിവാഹ പ്രായവും അതു തന്നെ. ഇപ്പോൾ ഞങ്ങളിതാ തുല്യത നടപ്പാക്കുകയാണ് എന്നാണ് കേന്ദ സർക്കാർ പറയുന്നത്. എങ്കിൽ ലോ കമ്മീഷന്റെ ശുപാർശ അംഗീകരിച്ച് പുരുഷന്മാരുടെ വിവാഹപ്രായവും 18 ലേക്ക് താഴ്ത്തുകയല്ലേ ചെയ്യേണ്ടത്? അതിനെക്കുറിച്ച് അവർക്ക് പ്രതികരണമില്ല.

ഉത്തരേന്ത്യയിലെ ഹിന്ദുക്കളിൽ വലിയൊരു പങ്കും പെൺകുട്ടികളുടെ വിവാഹം തീരെ ചെറിയ പ്രായത്തിൽ തന്നെ നടത്തുകയാണ് പതിവ്. മാത്രമല്ല, ശൈശവ വിവാഹ നിരോധന നിയമം നിലവിലുള്ള രാജ്യമായിട്ടും ലോകത്ത് ഏറ്റവും കൂടുതൽ ശൈശവ വിഹാഹങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. / Photo : Parth M.N, Pari

ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ ബിൽ കൊണ്ടുവന്നിരിക്കുന്നതെങ്കിലും ബി.ജെ.പിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് മനസ്സിലാവുന്നത്. കാരണം, ഉത്തരേന്ത്യയിലെ ഹിന്ദുക്കളിൽ വലിയൊരു പങ്കും പെൺകുട്ടികളുടെ വിവാഹം തീരെ ചെറിയ പ്രായത്തിൽ തന്നെ നടത്തുകയാണ് പതിവ്. മാത്രമല്ല, ശൈശവ വിവാഹ നിരോധന നിയമം നിലവിലുള്ള രാജ്യമായിട്ടും ലോകത്ത് ഏറ്റവും കൂടുതൽ ശൈശവ വിഹാഹങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിലുള്ള നിയമം പോലും ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തവർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങൾ മാത്രമാണ്. സ്ത്രീകളുടെ കാര്യത്തിൽ അത്ര ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് വനിതാസംവരണ ബിൽ യുദ്ധകാലാടിസ്ഥാനത്തിൽ പാസാക്കുന്നില്ല? ആ ബിൽ പാർലിമെന്റിൽ വെച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ.

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തിയ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ, കൂട്ടായ പ്രക്ഷോഭങ്ങൾ ഉണ്ടാവും. കർഷകരെ ദ്രോഹിക്കുന്ന നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതു പോലെ ഇതും പിൻവലിക്കേണ്ടി വരും

ലോക്​സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏറ്റവും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് ബി.ജെ.പി. അവരുടെ അജണ്ടകൾ നടപ്പാക്കുന്നത്. ലോക്​സഭയിലെ കീഴ്​വഴക്കം പോലും ലംഘിച്ച്​, രാവിലെ നൽകിയ list of business ൽ ഉൾപ്പെടുത്താതെ ഉച്ചക്ക് പെട്ടെന്ന് ബിൽ കൊണ്ടുവരികയായിരുന്നു. ഒരു തരത്തിലുമുള്ള ചർച്ചയോ ആലോചനയോ ഉണ്ടായില്ല. ഇവിടത്തെ രാഷ്ട്രീയ പാർട്ടികളോടും വനിതാ സംഘടനകളോടും ചർച്ച ചെയ്യാതെ എങ്ങനെയാണ് ഇത്തരത്തിലൊരു നിയമം നടപ്പാക്കാൻ കഴിയുക? സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിട്ടിട്ടുണ്ടെങ്കിലും, അവരുടെ പൊതുസ്വഭാവം വെച്ച് നോക്കുമ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റിയും ഈ വിഷയത്തിൽ വിപുലമായ ചർച്ചകൾക്ക് അവസരം നൽകും എന്നു തോന്നുന്നില്ല. എന്തായാലും സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തിയ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ, കൂട്ടായ പ്രക്ഷോഭങ്ങൾ ഉണ്ടാവും. കർഷകരെ ദ്രോഹിക്കുന്ന നിയമങ്ങൾ പിൻവലിക്കേണ്ടി വന്നതു പോലെ ഇതും പിൻവലിക്കേണ്ടി വരും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments