വെങ്കിടേഷ് രാമകൃഷ്ണൻ

കേരളം ഒരു ടാർഗറ്റു തന്നെയാണ്​,
​അതിലും വലിയ ടാർഗറ്റാണ്​ തമിഴ്​നാട്​

സൗത്ത് ഇന്ത്യയിൽ കേരളത്തേക്കാളും വലിയ ടാർഗറ്റായും ഭീഷണിയായും സംഘപരിവാർ കാണുന്നത് തമിഴ്നാടിനെയാണ്. പ്രത്യേകിച്ച് സ്റ്റാലിന്റെ ഭരണത്തിലുള്ള തമിഴ്നാട്. കേരളത്തിന്റെ കാര്യത്തിൽ കുറച്ച് കാര്യങ്ങളൊക്കെ ബി.ജെ.പി.യ്ക്ക് ഇഷ്ടമുള്ളതാകാൻ സാധ്യതയുണ്ട്. എങ്കിലും കേരളവും ടാർഗറ്റുകളിലൊന്നാണ് എന്നാണ് നമുക്ക് പറയാൻ പറ്റുക

മനില സി. മോഹൻ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടോഴ്സിനോട് കേരളത്തെക്കുറിച്ച് പറഞ്ഞ വാചകം വലിയ വിവാദങ്ങൾക്ക് കാരണമായി. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കാശ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നായിരുന്നു കമന്റ്. വംശീയമായ, വർഗ്ഗീയമായ പരാമർശമായിരുന്നു അത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അതിന് രൂക്ഷമായ ഭാഷയിൽ മറുപടി പറയുകയും ചെയ്തു. യോഗി ആദിത്യനാഥിന്റെ പരാമർശത്തിന്റെ വർഗ്ഗീയ ലക്ഷ്യങ്ങൾ, രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്താണ്?

വെങ്കിടേഷ് രാമകൃഷ്ണൻ : മുസ്‌ലിം ശാക്തീകരണം വളരെയധികം കൂടുതലാണ് കേരളത്തിലും കശ്മീരിലും എന്നതാണ് ഒന്നാമത്തെ കാര്യം. എല്ലാ തരത്തിലുമുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെയും സംവാദം നടക്കുന്ന പ്രധാനപ്പെട്ട കേന്ദ്രമാണ് കേരളവും കശ്മീരും. രണ്ടാമത്, തീവ്രവാദ സംഘടനകളായ ഐ.എസ്.ഐ.എസ്. പോലെയുള്ളവയിലേയ്ക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റുകൾ നടക്കുന്നത് കേരളത്തിൽ നിന്നാണ് എന്ന ആരോപണം തീവ്രവലതുപക്ഷം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് കശ്മീരും കേരളവുമായിട്ടുള്ള താരതമ്യം വരുന്നത്. തെരഞ്ഞെടുപ്പിന്റെ, വോട്ടിങ് നടക്കുന്നതിന്റെ തൊട്ടുമുമ്പാണ് ഇത് ചെയ്തിരിക്കുന്നത് എന്നതാണ് ഇതിന്റെ രാഷ്ട്രീയ സാഹചര്യം.
പശ്ചിമ ഉത്തർപ്രദേശിൽ, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വളരെ രൂക്ഷമായി വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ വ്യാപകമായി നടത്തിയിരുന്നു. എന്നാൽ അവയൊന്നും അടിത്തട്ടിൽ വേണ്ടത്ര സ്വാധീനമുണ്ടാക്കിയില്ല. തെരഞ്ഞെടുപ്പിന്റെ അന്ന് രാവിലെയാണ് യോഗി ഇത് പറയുന്നത്. അതിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പക്ഷേ
പല സ്ഥലങ്ങളിലും വിദ്യാഭ്യാസമുള്ള ആളുകൾ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമുണ്ടായിട്ടുള്ള മുന്നേറ്റത്തെപ്പറ്റി സംസാരിക്കുന്ന ഒരു സാഹചര്യം ഇതുമൂലം ഉണ്ടായി എന്നതാണ് സത്യം.

പാലക്കാട്ട് പന്നിപ്പടക്കം പൊട്ടി ആന മരിച്ച സംഭവം മലപ്പുറത്ത് നടന്നതായി ചിത്രീകരിച്ച് മുസ്‌ലിം അപരത്വം സൃഷ്ടിക്കാനായി ബി.ജെ.പി. നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ

യോഗിയുടെ പരാമർശത്തിന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടാതെ പോകുന്നിൽ അർഥമില്ല. അത് ചോദ്യംചെയ്യപ്പെടേണ്ടത് തന്നെയാണെന്നതിൽ സംശയമില്ല. ആ അർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കൃത്യമായിരുന്നു എന്ന് തന്നെയാണ് കരുതുന്നത്.

ഇതാദ്യമായല്ല കേരളത്തെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പരാമർശങ്ങൾ ബി.ജെ.പി.യുടെ ദേശീയ നേതാക്കൾ നടത്തുന്നത്. കേരളം രാഷ്ടീയ ആക്രമണങ്ങളുടെ സ്ഥലമാണ് എന്ന് സ്ഥാപിക്കാനുള്ള ബോധപൂർവ്വമായ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിക്കൂടി ഇത്തരം പറച്ചിലുകളെ വിലയിരുത്താൻ പറ്റുമോ?

ദേശീയ തലത്തിലുള്ള ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ടാർഗറ്റാണ് കേരളം എന്നതിൽ തർക്കമൊന്നുമില്ല. കേരളത്തിന്റെ വികസന മാതൃക ബി.ജെ.പി.യ്ക്ക് ഒട്ടും സ്വീകാര്യമല്ല. കേരള മോഡൽ വികസനം എന്ന് പറയുന്നതിനെ എല്ലാ കാലത്തും അവർ താറടിച്ചുകാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കേരളത്തിൽ മൈനോറിറ്റി വയലൻസ് വളരെ കൂടുതലാണ് എന്നൊക്കെയുള്ള പ്രചാരണം ഇതിന്റെ ഭാഗമാണ്. വടക്കേ ഇന്ത്യയിൽ, സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൊക്കെ പ്രചരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം, മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നതാണ്. ഇത് വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പാലക്കാട്ട് പന്നിപ്പടക്കം പൊട്ടി ആന മരിച്ച സമയത്ത് അത് മലപ്പുറത്തിന്റെ പേരിൽ ചാർത്താനുള്ള ശ്രമമുണ്ടായി. ഇതെല്ലാം സെൻട്രലൈസ്ഡായ ബി.ജെ.പി. അജണ്ടയുടെ ഭാഗമാണ്. പക്ഷെ ഫെഡറൽ സംവിധാനം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളിൽ കേരളം മാത്രം സ്പെസിഫിക് ടാർഗറ്റാണെന്ന് പറയാൻ പറ്റില്ല. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അതിൽ ടാർഗറ്റാണ്. സൗത്ത് ഇന്ത്യയിൽ കേരളത്തേക്കാളും വലിയ ടാർഗറ്റായും ഭീഷണിയായും സംഘപരിവാർ കാണുന്നത് തമിഴ്നാടിനെയാണ്. പ്രത്യേകിച്ച് സ്റ്റാലിന്റെ ഭരണത്തിലുള്ള തമിഴ്നാട്. സ്റ്റാലിന്റെ ഭരണത്തിന്റെ വികസനത്തിന്റേയും വിദ്യാഭ്യാസത്തിന്റേയുമൊക്കെ പാരമീറ്റേഴ്സ് ബി.ജെ.പി.യ്ക്ക് ഒട്ടും ഇഷ്ടമല്ലാത്ത രീതിയിലാണുള്ളത്. കേരളത്തിന്റെ കാര്യത്തിൽ കുറച്ച് കാര്യങ്ങളൊക്കെ ബി.ജെ.പി.യ്ക്ക് ഇഷ്ടമുള്ളതാകാൻ സാധ്യതയുണ്ട്. എങ്കിലും കേരളവും ടാർഗറ്റുകളിലൊന്നാണ് എന്നാണ് നമുക്ക് പറയാൻ പറ്റുക. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


വെങ്കിടേഷ്​ രാമകൃഷ്​ണൻ

മാനേജിംഗ്​ എഡിറ്റർ, ദി ഐഡം. ഫ്രൻറ്​ലൈനിൽ ചീഫ്​ ഓഫ്​ ബ്യൂറോയും സീനിയർ അസോസിയേറ്റ്​ എഡിറ്ററുമായിരുന്നു. ദീർഘകാലം ഉത്തരേന്ത്യയിൽ മാധ്യമപ്രവർത്തകനായിരുന്നു.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments