ഇർഫാൻ ഹബീബ് / Photo: Wikimedia Commons

വരും തലമുറയുടെ തലച്ചോറിനെ തങ്ങൾക്കായി
പരുവപ്പെടുത്തുകയാണ്​ ആർ.എസ്​.എസ്​

ഗാന്ധി വധത്തിൽ സവർക്കർ പ്രതി ചേർക്കപ്പെട്ടിരുന്നു. ഹാജരാക്കപ്പെട്ട രേഖകൾ കേസിൽ സവർക്കറെ നിയമപരമായി ശിക്ഷിക്കാൻ മതിയായ തെളിവായിരുന്നിരിക്കില്ല. എന്നാൽ ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവർക്കറിന്റെ പങ്ക് അവഗണിയ്ക്കാൻ കഴിയില്ല.

സീന സണ്ണി: രൂപീകരണത്തിന്റെ തുടക്കം മുതൽ ആർ.എസ്.എസ് വ്യാജവാർത്തകളും തെറ്റായ അറിവുകളും ഉത്പാദിപ്പിക്കുകയും ഹിന്ദുത്വ അജണ്ടയുടെ സാക്ഷാത്കാരത്തിനായി ഇത്തരം തെറ്റായ അറിവുകളെ പുനർനിർമിക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ചാണ് സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചതെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. തീർത്തും സത്യവിരുദ്ധവും അസംബന്ധജടിലവുമായ ഈ പ്രസ്താവനയെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്? സവർക്കറെ മാതൃകാ ദേശീയവാദിയാക്കാനും ഗാന്ധിയെ ദുരുപയോഗം ചെയ്ത് ഹിന്ദുത്വ അജണ്ടയെ നീതീകരിക്കാനുമുള്ള ആർ.എസ്.എസിന്റെ നിഗൂഢ പദ്ധതിയായി ഇതിനെ കാണാൻ കഴിയുമോ? പൊതുമണ്ഡലത്തെ വർഗീയവത്കരിയ്ക്കാനുള്ള ഈ പദ്ധതി എങ്ങനെയാണ് നമ്മുടെ മതേതര- ജനാധിപത്യബോധത്തെ സ്വാധീനിക്കുക? പൊതുമണ്ഡലം വംശീയവത്കരിക്കപ്പെടുന്ന ഒരു സാഹചര്യത്തെ എങ്ങനെയാണ് നേരിടാൻ കഴിയുക? വംശീയ ദേശീയതയെ മുൻനിർത്തി പ്രതികാര ഹിംസയെ നീതീകരിച്ചയാളാണ് സവർക്കർ. സവർക്കറുടെ രാഷ്ട്രീയാദർശം തന്നെ മിത്രങ്ങളും/ശത്രുക്കളും, ഹിന്ദുവും / മുസ്ളീമും, നമ്മളും / അവരും ഇത്തരം ദ്വന്ദാധിഷ്ഠിതവും അപരവിദ്വേഷത്തിൽ ഊന്നിയുള്ളതുമായിരുന്നു. ഗാന്ധിജിയും അഹിംസയും പോലും സവർക്കറിന് നിന്ദ്യമായ അപരങ്ങളായിരുന്നല്ലോ. സവർക്കറിന്റെ എല്ലാ മൂല്യബോധവും ഗാന്ധിയൻ മൂല്യങ്ങൾക്ക് നേർ വിപരീതങ്ങളായിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് രാഷ്ട്രീയ ഹിന്ദുത്വയുടെ താത്വികാചാര്യനായ സവർക്കറെയും ദേശീയ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കിനെയും താങ്കൾ എങ്ങനെയാണ് സമീപിക്കുന്നത്?

ഇർഫാൻ ഹബീബ്: ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാഴ്ചപ്പാടാണ് തുടക്കം മുതലേ ആർ.എസ്.എസ് പുലർത്തി പോന്നത്. ഐതീഹ്യകഥകൾക്കും പുരാണങ്ങൾക്കും ചരിത്രത്തിന്റെ മാനം നൽകി വർഗീയതയിലൂന്നിയ ചരിത്രവീക്ഷണമാണ് അവർ മുന്നോട്ടു വയ്ക്കുന്നത്. കോളനി വാഴ്ചയുടെ കാലത്തും ആർ.എസ്.എസ്. മുഖ്യശത്രുവായി കണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങളെയാണ്. ദേശസ്‌നേഹം വളർത്താനെന്ന വ്യാജേന മിത്തുകളെ ചരിത്രവത്ക്കരിച്ചും ചരിത്രത്തിന്റെ തെറ്റായ ആഖ്യാനങ്ങളിൽ കൂടിയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും വരും തലമുറയുടെ തലച്ചോറിനെ അവർ തങ്ങൾക്കായി പരുവപ്പെടുത്തുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയും സിലബസ് പരിഷ്‌കരണങ്ങളിലൂടെയും അവർ ഇതാണ് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തിന്റെ മതേതര - ജനാധിപത്യ ബോധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ മാർക്‌സിസ്റ്റുകൾ ഏറെ പഠിക്കേണ്ടിയിരിക്കുന്നു. സോഷ്യലിസ്റ്റ് പദ്ധതിയിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന ചോദ്യം സവിശേഷ ശ്രദ്ധയോടെ സമീപിക്കേണ്ട വിഷയമാണ്.

ഇത്തരം അജണ്ടയെ നീതീകരിക്കാനുള്ള ആർ.എസ്.എസിന്റെ നിഗൂഢ പദ്ധതിയായി രാജ്‌നാഥിന്റെ പ്രസ്താവനയെ കാണാം. ഇത് വാസ്തവത്തിൽ ഗാന്ധിനിന്ദയാണ്. വസ്തുതകൾക്ക് നിരക്കാത്ത തികഞ്ഞ അസംബന്ധം. കപടവും രണോത്സുകവുമായ ഒരു ദേശീയതയെ മുൻനിർത്തിയാണ് അവർ പ്രവർത്തിക്കുന്നത്. അവരുടെ മാതൃകാ നേതാവായ സവർക്കറാകട്ടെ ദേശാഭിമാനികൾക്ക് അപമാനം വരുത്തുന്ന തരത്തിൽ മാപ്പിരന്നയാളും.

1911 വരെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി സവർക്കർ പ്രവർത്തിച്ചിരുന്നു. തടവിലാക്കപ്പെട്ട സവർക്കർ 1911ൽ തന്നെ മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തുവന്ന സവർക്കർ കോളനി ശക്തിയെയല്ല, മറിച്ച് മുസ്‌ലിംകളെയാണ് മുഖ്യശത്രുവായി കണ്ടത്. സവർക്കർ ഗാന്ധിജിയേയും ദേശീയ കോൺഗ്രസിനെയും തള്ളിക്കളഞ്ഞു. പിന്നീട് ഗാന്ധി വധത്തിൽ സവർക്കർക്ക് പങ്കുള്ളതായി ആരോപണം ഉയരുകയും ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും ചെയ്തു. ഹാജരാക്കപ്പെട്ട രേഖകൾ കേസിൽ സവർക്കറെ നിയമപരമായി ശിക്ഷിക്കാൻ മതിയായ തെളിവായിരുന്നിരിക്കില്ല. എന്നാൽ ചരിത്രത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരു ചരിത്രകാരന് സവർക്കറിന്റെ പങ്ക് അവഗണിയ്ക്കാൻ കഴിയില്ല.
1911 നുമുമ്പ് സവർക്കർ എന്ത് ചെയ്തുവെന്നതിന് പ്രസക്തിയില്ല. 1911നുശേഷം സവർക്കറിന്റെ എല്ലാ പ്രവൃത്തികളും ദേശീയ സ്വാതന്ത്ര്യസമരത്തിനെ അട്ടിമറിയ്ക്കുന്നതായിരുന്നു. കോളനിശക്തിയ്ക്ക് പൂർണമായും കീഴടങ്ങി ഹിന്ദുത്വ വാദത്തെ ശക്തിപ്പെടുത്താനാണ് സവർക്കർ ശ്രമിച്ചത്. രാഷ്ട്രസ്വത്വത്തിൽ വലിയ വിള്ളലാണ് സവർക്കർ സൃഷ്ടിച്ചത്.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയ്ക്കിടെ. അവസാനത്തെ വരിയിൽ കറുത്ത തൊപ്പി ധരിച്ചിരിക്കുന്നത് വി.ഡി. സവർക്കർ, ആദ്യവരിയിൽ ഇരിക്കുന്നത് നാഥുറാം ഗോഡ്‌സയെ, നാരായൺ ആപ്‌തെ എന്നിവർ. / Photo: Photo Division, GOI

ഗാന്ധിജിയെ ദുരുപയോഗം ചെയ്ത് സവർക്കറെ നീതീകരിക്കാനും അർഹിക്കാത്ത സ്വീകാര്യത സവർക്കർക്ക് നേടിക്കൊടുക്കാനുമുള്ള ഒരു പ്രൊപഗാന്റയുടെ ഭാഗമാണ്​ ഇത്തരം പ്രസ്​താവനകൾ. കപട ദേശീയവാദം ഉയർത്തിയും വർഗീയ ചേരിതിരിവുണ്ടാക്കിയും തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ആർ.എസ്​.എസിന്​ കഴിയുന്നുണ്ട്.

പൊതുമണ്ഡലത്തിന്റെ വർഗീയവൽക്കരണം തടയാൻ, ഹിന്ദുത്വയുടെ അജണ്ടകളെ പൊതുസമൂഹത്തിന് കൂടുതൽ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് ലാഭം കൊയ്യുന്ന മൂലധനശക്തികളുണ്ട്. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കളാണവർ. ഇതൊക്കെ വ്യക്തമായി തുറന്നുകാട്ടാൻ കഴിയണം.

മുസ്‌ലിംകളും ദലിതരും ഹിന്ദുത്വയുടെ ഹിംസയ്ക്ക് കൂടുതൽ ഇരയാക്കപ്പെടുന്നു എന്നതാണ് ഇന്നിന്റെ വാസ്തവം. കൂടുതൽ അപകടകരമായ സാമൂഹിക ക്രമത്തിലാണ് നാമിപ്പോൾ ഉള്ളത്.

ദേശീയത എന്നത് ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരാശയമാണ്. ഭരണകൂടത്തെ വിമർശിക്കുന്നവരെയൊക്കെ ദേശവിരുദ്ധരാക്കുന്ന ഒന്നായി ദേശീയതയെ ഹിന്ദുത്വ മാറ്റിയിരിക്കുന്നു. താങ്കൾ ഈ നവ ദേശീയതയെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനൊപ്പം തന്നെ ഈ ഹിന്ദുത്വ പദ്ധതിയെ വേണ്ട രീതിയിൽ തുറന്നുകാട്ടാതെ ഒരുതരം കുറ്റകരമായ മൗനമവലംബിക്കുന്ന മുഖ്യധാരാമാധ്യമ പ്രവണത എത്രമാത്രം ആശാസ്യമാണ്? ഇത്തരമൊരു സാഹചര്യത്തിൽ, അപരവൽക്കരണത്തിന്​ വിധേയരാകുന്ന ​ദലിതരുടെയും മുസ്ലീങ്ങളുടെയും അവസ്ഥയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഇത്തരമൊരു പ്രശ്‌നപരിസരത്തുനിന്നുകൊണ്ട് ഇന്ത്യൻ മാർക്‌സിസ്റ്റുകൾ നേരിടുന്ന വെല്ലുവിളികളെ ചുരുക്കി പറയാമോ?

ബി.ജെ.പി. മുന്നോട്ടുവയ്ക്കുന്നത് വാസ്തവത്തിൽ ശരിയായ ദേശീയതയല്ല. ദേശീയതയുടെ യാതൊരു പാരമ്പര്യവും അവർക്ക്​ അവകാശപ്പെടാനാവില്ല. രാജ്യത്തെ മതം കൊണ്ട്, വംശം കൊണ്ട്, ജാതി കൊണ്ട് നിർവചിയ്ക്കാനും അതിനെ മുൻനിർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുമാണവർ നോക്കുന്നത്. ഇത് വളരെ അപകടം പിടിച്ച ഒന്നാണ്. ഇത്തരം അജണ്ടകളെ പിൻപറ്റുന്ന മാധ്യമങ്ങളുണ്ടെന്നത് നിരാകരിക്കുന്നില്ല. പലതിനും കോർപറേറ്റ് അജണ്ടകളാണുള്ളത്. എനിയ്ക്ക് തോന്നുന്നത് കുറച്ച് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സുധീരമായ നിലപാടുകൾ സ്വീകരിക്കുന്നു എന്നാണ്. അതിനെ പരമാവധി പിന്തുണയ്‌ക്കേണ്ടതുണ്ട്.

ദലിതർക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെയുള്ള ദുരിതങ്ങൾ മുസ്ലീങ്ങൾക്കും പേറേണ്ടി വന്നു. സ്വാതന്ത്ര്യാനന്തരം സംവരണത്തിലൂടെയും നിയമ പരിരക്ഷയിലൂടെയും ചില നേട്ടങ്ങളുണ്ടാക്കാൻ ദലിതർക്ക് കഴിഞ്ഞു. സാമ്പത്തിക ഉന്നമനത്തിലൂടെയും ഭൂപരിഷ്‌കരണത്തിലൂടെയും മുസ്ലീങ്ങളുടെ സ്ഥിതിയിലും ചില മാറ്റങ്ങൾ ഉണ്ടായി. എന്നാൽ ഹിന്ദുത്വ ശക്തികൾ കൂടുതൽ തീവ്രമായി ജാതിബോധം പുനരുത്പാദിപ്പിക്കുന്നു. മുസ്ലീങ്ങളും ദലിതരും ഹിന്ദുത്വയുടെ ഹിംസയ്ക്ക് കൂടുതൽ ഇരയാക്കപ്പെടുന്നു എന്നതാണ് ഇന്നിന്റെ വാസ്തവം. കൂടുതൽ അപകടകരമായ സാമൂഹിക ക്രമത്തിലാണ് നാമിപ്പോൾ ഉള്ളത്.

ഇന്ത്യൻ മാർക്‌സിസ്റ്റുകൾ നേരിടുന്ന വെല്ലുവിളി, വളരെ വലിയ വിഷയമാണ്. മാർക്‌സിസ്റ്റുകൾ ഏറെ പഠിക്കേണ്ടിയിരിക്കുന്നു. സോഷ്യലിസ്റ്റ് പദ്ധതിയിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന ചോദ്യം സവിശേഷ ശ്രദ്ധയോടെ സമീപിക്കേണ്ട വിഷയമാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇർഫാൻ ഹബീബ്​

പ്രമുഖ മാർക്​സിസ്​റ്റ്​ ചരിത്രകാരൻ. പ്രാചീന- മധ്യകാല ഇന്ത്യ ചരിത്രത്തെക്കുറിച്ച്​ മൗലിക ഗവേഷണവും പഠനങ്ങളും നടത്തി. ഇന്ത്യൻ കൗൺസിൽ ഫോർ ഹി​സ്​റ്റോറിക്കൽ റിസർച്ച്​ ചെയർമാനായിരുന്നു. The Agrarian System of Mughal India 1556–1707, Essays in Indian History – Towards a Marxist Perception, ​​​​​​​People's History of India തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

സീന സണ്ണി

ട്രൂകോപ്പി ഔട്ട്പുട്ട് എഡിറ്റർ.

Comments