മലപ്പുറം ജില്ലയിൽ നടന്ന യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി

ഈ വോട്ട് ഇണ്ടനമ്മാവന്

ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ കുഞ്ഞാലിക്കുട്ടിക്കോ വോട്ട് ചെയ്യുക എന്ന് ആലോചിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇങ്ങനെ ചിന്തിക്കുക: ഈ വോട്ട് ഇണ്ടനമ്മാവന്. രണ്ടുകാലും മുറിച്ചുമാറ്റപ്പെട്ട ഒരു അവസ്ഥ അദ്ദേഹത്തിന് വരാതിരിക്കുന്നതിന്.

നിഷ്‌പക്ഷത എന്നൊരു പക്ഷമുണ്ടോ?

സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വാക്കേറ്റങ്ങളിൽ വിവിധപാർട്ടിവിശ്വാസികൾ തങ്ങളുടെ എതിരാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ശകാരവാക്കുകളാണ് കമ്മി, സംഘി, കോങ്കി, സുഡാപ്പി തുടങ്ങിയവ. എന്നാൽ ഇതിനെല്ലാം പുറമേ ഒരു പാർട്ടിയിലും വിശ്വാസിക്കാത്തവരെ ശകാരിക്കാൻ "നിഷ്‌പച്ചൻ’ എന്നൊരു തെറിവാക്കുകൂടി പ്രയോഗിക്കപ്പെട്ടുവരുന്നുണ്ട്. ഇത്തരക്കാരെ ആക്രമിക്കാനാകുമ്പോൾ പാർട്ടിക്കാരെല്ലാം ഒറ്റക്കെട്ടുമാണ്.

2001ൽ ന്യൂ യോർക്ക് ഭീകരാക്രമണത്തെത്തുടർന്ന് അഫ്ഗാനിസ്താനിൽ പടയൊരുക്കം നടക്കുമ്പോൾ പ്രസിഡൻറ്​ ജോർജ് ഡബ്ല്യു. ബുഷ് ലോകരാഷ്ട്രങ്ങളോട് പറഞ്ഞത്; ‘നിങ്ങൾ ഞങ്ങളോടൊപ്പമല്ലെങ്കിൽ ഭീകരവാദികളോടൊപ്പമാണ്’ എന്നാണ്. അതായത് ഒരേസമയം ഇസ്‌ലാമിക
ഭീകരവാദത്തെയും അമേരിക്കൻ സാമ്രാജ്യത്വ നയങ്ങളെയും എതിർത്തുകൊണ്ട് ഒരു രാജ്യത്തിന് നിലപാടെടുക്കാൻ കഴിയും എന്നത് തങ്ങൾ അംഗീകരിക്കുന്നില്ല എന്ന്. ഈ യുദ്ധത്തിൽ തങ്ങളോടൊപ്പം ചേരാത്തവരെയെല്ലാം അമേരിക്ക ഭീകരവാദത്തിന്റെ പക്ഷത്ത് ചേർത്തുകാണും എന്ന്.

കേരളത്തിലെ വിവിധ പാർട്ടി വിശ്വാസികളോട് ചോദിച്ചാൽ ഇതിന് സമാനമായ വാദങ്ങളായിരിക്കും നിഷ്‌പക്ഷതയെക്കുറിച്ച് അവർക്ക് പറയാനുള്ളത്. ‘നിലവിലുള്ള സാഹചര്യത്തിൽ’ തങ്ങളുടെ കൂടെ നിൽക്കാത്തവരെല്ലാം രഹസ്യമായി ‘മറ്റവരാണ്’ എന്നും ഫാസിസത്തിനെതിരെ അല്ലെങ്കിൽ ഭീകരവാദത്തിനെതിരെ അല്ലെങ്കിൽ അക്രമ രാഷ്ട്രീയത്തിനെതിരെ അതുമല്ലെങ്കിൽ അഴിമതിക്കെതിരെ ഇവർ ഒന്നും ചെയ്യുന്നില്ല എന്നുമുള്ള കാര്യത്തിൽ വിശ്വാസികൾക്ക് സംശയമേതുമില്ല.

ഒറ്റപ്പെട്ട നിഷ്‌പക്ഷർക്ക് സമ്മതിദാനം എന്ന പരമാധികാരം ഉണ്ട്. സൂക്ഷ്മമായി ചിന്തിച്ച്, വ്യാജ പ്രചാരണം തിരിച്ചറിഞ്ഞ്, വൈകാരികത ഒഴിവാക്കി, മുൻകൂട്ടി തീരുമാനമെടുത്ത് നടത്താൻ കഴിയുന്ന ആ അധികാരപ്രയോഗത്തിൽനിന്ന് നമ്മെ തടയാൻ നമുക്കല്ലാതെ മറ്റാർക്കും കഴിയില്ല.

എന്തല്ല നിഷ്‌പക്ഷത?

ഏതെങ്കിലുമൊക്കെ പ്രത്യയശാസ്ത്രങ്ങളോടോ വിശ്വാസപ്രമാണങ്ങളോടോ ചായ്‌വു പുലർത്താതെ ലോകത്ത് ഒരു മനുഷ്യമനസ്സിനും നിലനിൽക്കാനാകില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അരാഷ്ട്രീയത എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമീപനം പോലും അതിന്റേതായ രാഷ്ട്രീയ ജടിലതകൾക്കുള്ളിലാണ് നിലകൊള്ളുന്നത്. ജനാധിപത്യത്തോടുള്ള അവജ്ഞയും വ്യക്തിമഹത്വത്തിലും വംശമഹിമകളിലുമുള്ള അന്ധവിശ്വാസവും സർവാധിപത്യപരമായ വ്യവസ്ഥിതികളോടുള്ള ആരാധനയും അരാഷ്ട്രീയതയുടെ സവിശേഷതകളാണ്.

എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലേക്ക് കടന്നു വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

നിഷ്‌പക്ഷത എന്നത് അരാഷ്ട്രീയതയല്ല. അത് നിലവിലുള്ള രാഷ്ട്രീയപാർട്ടികളോടും പുതുതായി ഉണ്ടായിവരുന്നവയോടും അന്ധമായ കൂറോ ഭക്തിയോ വിധേയത്വമോ വിശ്വാസമോ വിരോധമോ പുലർത്താതിരിക്കുക എന്ന നയമാണ്. ഏതെങ്കിലും പാർട്ടി ഗ്രാമത്തിലോ പാർട്ടി കുടുംബത്തിലോ ജനിച്ചുപോയി എന്നതുകൊണ്ട് ജീവനുള്ളിടത്തോളം കാലം അവർക്കേ വോട്ടുചെയ്യൂ എന്ന് തീരുമാനമെടുക്കാതിരിക്കലാണ്. ഏതെങ്കിലും കൊടിയുടെ നിറമോ പാർട്ടിചിഹ്നങ്ങളുടെ സൗന്ദര്യമോ കണ്ട്, ദൈനംദിന യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മുദ്രാവാക്യങ്ങൾ കേട്ട്, പാർട്ടിയാപ്പീസിൽ ചില്ലിട്ടുവെച്ചിരിക്കുന്ന രക്തസാക്ഷികളെ ഓർത്ത്, പുസ്തകങ്ങളിൽ വിശ്രമിക്കുന്ന ആദർശങ്ങളിൽ രോമാഞ്ചംകൊണ്ട്, മയങ്ങിപ്പോകാതിരിക്കലാണ്. അവനവന്റെ മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ വർഗത്തിന്റെയോ സങ്കുചിതതാല്പര്യങ്ങളെക്കാൾ പ്രധാനം ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും ഭൂഗോളത്തിന്റെയും വിശാലതാല്പര്യങ്ങളാണ് എന്ന ബോധ്യമാണ്.

എന്നാൽ, നിഷ്‌പക്ഷത പ്രകടിപ്പിക്കുക നിത്യജീവിതത്തിൽ എളുപ്പമല്ല. കടന്നുപോകുന്ന ഓരോ ഇടപാടുകളിലും ചൂഷണമോ അവഗണനയോ ഒഴിവാക്കാൻ വേണ്ടി, അർഹതയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാൻ വേണ്ടിപ്പോലും ഓരോ വ്യക്തിയും അവരവരുടെ ‘രാഷ്ട്രീയ തിരിച്ചറിയൽ രേഖകൾ’ ഉയർത്തിക്കാണിക്കാൻ നിർബന്ധിതരാകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൂട്ടം തെറ്റി മേയുന്നവരെ കണ്ടെത്താനും വളഞ്ഞ് ആക്രമിക്കാനും കയറിക്കളിച്ചാൽ ഇല്ലായ്മചെയ്യാൻ പോലും തയ്യാറായി രാഷ്ട്രീയ വിശ്വാസികൾ എമ്പാടും പതിയിരിക്കുന്നുണ്ട്. എങ്കിലും, നിഷ്‌പക്ഷത എന്ന നയം പ്രയോഗിക്കാനുള്ള കുറഞ്ഞ സാഹചര്യങ്ങളെങ്കിലും വ്യവസ്ഥിതിയിൽ അങ്ങിങ്ങായി ഇനിയും ബാക്കിയുണ്ട്. അവയിൽ ഒന്നാണ് തെരഞ്ഞെടുപ്പ്. രഹസ്യബാലറ്റ് നിലവിലുള്ള കാലത്തോളം, പാർട്ടികൾ വൻതോതിൽ ബൂത്ത് പിടിച്ചെടുക്കൽ നടത്താത്ത കാലത്തോളം, വോട്ടിങ്ങ് യന്ത്രങ്ങളിൽ ഗൂഢനിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത കാലത്തോളം, ഒറ്റപ്പെട്ട നിഷ്‌പക്ഷർക്ക് സമ്മതിദാനം എന്ന പരമാധികാരം ഉണ്ട്. സൂക്ഷ്മമായി ചിന്തിച്ച്, വ്യാജ പ്രചാരണം തിരിച്ചറിഞ്ഞ്, വൈകാരികത ഒഴിവാക്കി, മുൻകൂട്ടി തീരുമാനമെടുത്ത് നടത്താൻ കഴിയുന്ന ആ അധികാരപ്രയോഗത്തിൽനിന്ന് നമ്മെ തടയാൻ നമുക്കല്ലാതെ മറ്റാർക്കും കഴിയില്ല.

ഭരണസ്ഥിരത എന്ന ഭീഷണിയെപ്പറ്റി മനസ്സിലാക്കണമെങ്കിൽ ഭരിക്കാൻ വന്നവൻ സ്ഥിരതാമസമാക്കുകയും ഒടുക്കം ഇറങ്ങിപ്പൊയ്ക്കഴിഞ്ഞാൽ പൊടിപോലും കണ്ടുപിടിക്കാനില്ലെന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്ന പശ്ചിമബംഗാളിൽ ഒന്ന് സഞ്ചരിച്ചാൽ മതി

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ജൈവവ്യവസ്ഥ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരും മനുഷ്യരാണ്. നമ്മളെപ്പോലെതന്നെ നന്മതിന്മകളെപ്പറ്റിയുള്ള പാഠങ്ങൾ പഠിച്ച് വളർന്ന, സമൂഹത്തെ മുമ്പോട്ട് നയിക്കണം എന്ന് ആഗ്രഹമുള്ള, ചരിത്രത്തെക്കൊണ്ട് നല്ലത് പറയിക്കണം എന്ന ആഗ്രഹമുള്ള മനുഷ്യർ. എന്നാൽ, നമ്മളും അവരും തമ്മിൽ ഒരു പ്രധാനവ്യത്യാസമുണ്ട്: ആദ്യം വേണ്ടത് രാഷ്ട്രീയാധികാരം ആണെന്നും അധികാരമുള്ളവർക്ക് മറ്റെല്ലാ ആഗ്രഹങ്ങളും സാധിച്ചെടുക്കാവുന്നതേയുള്ളൂ എന്നുമുള്ള തിരിച്ചറിവാണത്. അതിനുവേണ്ടി നന്മതിന്മകൾ എന്ന് കരുതപ്പെടുന്ന മൂല്യങ്ങളിൽ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യാമെന്നുള്ള വ്യക്തമായ ധാരണ അവർക്കുണ്ട്. മതസ്ഥാപനങ്ങളെ, ജാതിസംഘടനകളെ, സദാചാരധാരണകളെ ഒളിഞ്ഞും തെളിഞ്ഞും എപ്പോൾ പ്രീണിപ്പിക്കണമെന്നും എപ്പോൾ അകലം പാലിക്കണമെന്നും അവർക്ക് അറിയാം. കരാറുകളും സാങ്കേതികകുത്തകാവകാശങ്ങളും കച്ചവടതാല്പര്യക്കാർക്ക് പതിച്ചുകൊടുത്ത് പാർട്ടിഫണ്ട് ഉണ്ടാക്കാൻ അറിയാം. വനവും പൊതുഭൂമിയും പാറമടകളും ഭൂഗർഭജലവും ജലാശയങ്ങളും കൈയേറുന്നവർക്ക് ജനരോഷത്തിൽനിന്ന് സംരക്ഷണം വാഗ്ദാനം ചെയ്ത് പകരം ബിനാമി സ്വത്തും വിദേശത്ത് ഓഹരികളും ഉണ്ടാക്കാൻ അറിയാം. ഉദ്യോഗസ്ഥവർഗത്തിന്റെയും പൊലീസിന്റെയും അധികാരപ്രയോഗങ്ങൾക്കും അഴിമതികൾക്കും ഒത്താശചെയ്തുകൊടുത്ത് പ്രത്യുപകാരം നേടാൻ ആവശ്യമായ വിവേകമുണ്ട്. പിൻവാതിലിലൂടെ നിയമനങ്ങൾ തരപ്പെടുത്തിക്കൊടുത്ത് വിശ്വസ്തരുടെ വ്യൂഹങ്ങൾ നിർമ്മിച്ചെടുക്കാനും നിലനിർത്താനും അവർക്കറിയാം. തൊഴിൽ ചെയ്യാതെ ആനുകൂല്യങ്ങൾ പറ്റാൻ ആഗ്രഹിക്കുന്ന സംഘടിത തൊഴിലാളികളെയും ജീവനക്കാരെയും തൃപ്തിപ്പെടുത്തിനിർത്താൻ അവർക്ക് ശുഷ്കാന്തിയുണ്ട്. തെരുവിൽ അലറിയും അക്രമം അഴിച്ചുവിട്ടും ജനജീവിതം സ്തംഭിപ്പിച്ചും സ്വന്തം അധികാരമില്ലായ്മ മറക്കാൻ ശ്രമിക്കുന്ന അണികൾക്കുവേണ്ടി ഇടയ്ക്കിടെ ഹർത്താലുകളും സമരങ്ങളും ഏർപ്പെടുത്തിക്കൊടുക്കാനുള്ള കരുതലുണ്ട്. പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും സാംസ്കാരികവിരുന്നുകളും സമ്മാനിച്ച് സാംസ്കാരികനായകന്മാരെയും ബുദ്ധിജീവിവർഗത്തെയും നിശ്ശബ്ദരാക്കാൻ അറിയാം.

എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തപ്പോൾ

വെളിവുള്ള ഏത് മലയാളിക്കും അറിയുന്ന ഇതൊക്കെ എടുത്തെഴുതുന്നത് എന്തിനെന്ന് ആരും ചിന്തിച്ചുപോകും. രാജഭരണക്കാലത്തെ ശീലമനുസരിച്ച് ഖജനാവ് എന്ന് വിളിച്ചുപോരുന്ന, പൊതുസമ്പത്ത് എന്ന ശർക്കരക്കുടമാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മുഖ്യ വിനിമയവസ്തു എന്നാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. അതിനെ നിക്ഷിപ്ത താത്പര്യക്കാർക്ക് പങ്കിട്ടുകൊടുത്ത് അതിന്റെ ഓഹരി പറ്റാനുള്ള അവകാശത്തിനുവേണ്ടിയുള്ള അങ്കമാണ് തെരഞ്ഞെടുപ്പ്.

എന്നാൽ, മുകളിൽ പറഞ്ഞ എല്ലാ താത്പര്യങ്ങൾക്കും പിന്നെ ഇതിലൊന്നും പെടാത്തവർക്കും പ്രയോജനപ്പെടുന്ന കുറേ നടപടികളും ഭരണക്കാർ നടത്തുന്നതായിക്കാണാം. എത്രയൊക്കെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചാലും റോഡുകൾ, വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, സാമൂഹ്യക്ഷേമം തുടങ്ങിയ ചില മേഖലകളിൽ മറ്റു സംസ്ഥാനത്തെ സർക്കാരുകൾ ചെലുത്താത്ത ശ്രദ്ധ കേരളത്തിലെ ഭരണകൂടങ്ങൾ ചെലുത്തിവരുന്നു. എന്തുകൊണ്ടാണത്?

ഇണ്ടൻ ഇഫക്റ്റ്

ഇടംകാലിലെ ചെളി വലം കാലുകൊണ്ടും വലം കാലിലെ ചെളി ഇടംകാലുകൊണ്ടും അവസാനമില്ലാതെ അങ്ങനെ തുടച്ചുപോകുന്ന ഇണ്ടൻ അമ്മാവൻ എന്നൊരു കഥാപാത്രത്തെ കവി അയ്യപ്പപ്പണിക്കർ സൃഷ്ടിച്ചിട്ടുണ്ട്. മാറിമാറി ഇടതും വലതും മുന്നണികൾ അധികാരത്തിൽ വരുന്ന കേരളരാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു രൂപകമായിട്ടാണ് ഏറെപ്പേർ ഇണ്ടനെ വ്യാഖ്യാനിച്ചിട്ടുള്ളത്. അരാഷ്ട്രീയവാദികളോടും ബി.ജെ.പി വിശ്വാസികളോടും ചോദിച്ചാൽ ഇതിൽപ്പരം അസംബന്ധമായ ഒരു സംവിധാനം ഇല്ലെന്നേ അവർ പറയൂ. എന്നാൽ വാസ്തവം എന്താണ്?

ശക്തനായ ഒരു നേതാവിന്റെയോ പാർട്ടിയുടെയോ പിന്നിൽ ആവേശത്തോടെ അണി നിരക്കുന്ന രാഷ്ട്രം അശക്തമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്, വരാനിരിക്കുന്ന അധികാരകേന്ദ്രീകരണത്തിന്റെയും സർവാധിപത്യപ്രവണതകളുടെയും മുന്നോടിയാണ്.

മൃഗീയ ഭൂരിപക്ഷം, ഒറ്റപ്പാർട്ടി ഭരണം എന്നീ സങ്കല്പങ്ങൾക്ക് കേരളത്തിൽ വിലയൊന്നുമില്ല. ആര് അധികാരത്തിൽ വരുമെന്നല്ല, ഏതെങ്കിലുമൊരു നിയോജകമണ്ഡലത്തിൽ ആര് ജയിക്കുമെന്നുപോലും മിക്കപ്പോഴും പ്രവചിക്കാനാകാത്ത ഈ അവസ്ഥയാണ് ജനക്ഷേമത്തിൽനിന്ന് ഏറെ വ്യതിചലിക്കാതിരിക്കാൻ ഭരണപക്ഷങ്ങളെ എന്നും പ്രേരിപ്പിച്ചുപോന്നിട്ടുള്ളത്. അടങ്ങാത്ത ശുഭാപ്തിവിശ്വാസത്തോടെ ചെളി തുടച്ചുകൊണ്ടിരിക്കുന്ന ഇണ്ടത്തരമാണോ സമ്മതിദായകന്റെ ഈ പ്രവൃത്തിയിലൂടെ വെളിവാകുന്നത്? അതോ ആരെയും സ്ഥിരക്കാരാക്കില്ലെന്ന നിഷ്‌പക്ഷബുദ്ധിയോ?

എന്തായാലും ഒന്ന് ഉറപ്പാണ്. ഒന്നിലധികം ധ്രുവങ്ങളുള്ള ലോകവ്യവസ്ഥ മുതൽ ഒന്നിലധികം കച്ചവടക്കാരുള്ള നാട്ടുചന്തവരെ എവിടെയും മത്സരബുദ്ധി നല്ലതിനാണ്. ഭരണസ്ഥിരത എന്ന ഭീഷണിയെപ്പറ്റി മനസ്സിലാക്കണമെങ്കിൽ ഭരിക്കാൻ വന്നവൻ സ്ഥിരതാമസമാക്കുകയും ഒടുക്കം ഇറങ്ങിപ്പൊയ്ക്കഴിഞ്ഞാൽ പൊടിപോലും കണ്ടുപിടിക്കാനില്ലെന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്ന പശ്ചിമബംഗാളിൽ ഒന്ന് സഞ്ചരിച്ചാൽ മതി. ബ്രിട്ടീഷ് സർക്കാരിന്റെ പരമാധികാരത്തിൽ കഴിഞ്ഞിരുന്ന മലബാറും നിരന്തരമായ ബ്രിട്ടീഷ് ഭീഷണിയിൽ കഴിഞ്ഞിരുന്ന തിരുവിതാംകൂർ- കൊച്ചി നാട്ടുരാജ്യങ്ങളും തമ്മിൽ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഉണ്ടായിരുന്ന വികസനപരമായ അന്തരം ചിന്തിച്ചാൽ മതി. ശക്തനായ ഒരു നേതാവിന്റെയോ പാർട്ടിയുടെയോ പിന്നിൽ ആവേശത്തോടെ അണി നിരക്കുന്ന രാഷ്ട്രം അശക്തമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്, വരാനിരിക്കുന്ന അധികാരകേന്ദ്രീകരണത്തിന്റെയും സർവാധിപത്യപ്രവണതകളുടെയും മുന്നോടിയാണ്.

ഒരാൾ, ഒരു വോട്ട്

അഴിമതിരാഹിത്യത്തിന് 20%, ക്രമസമാധാനപാലനത്തിന് 20%, വികസനത്തിന് 20%, സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിന് 10% എന്നുതുടങ്ങി എന്നൊക്കെ പങ്കുവെച്ചുകൊടുക്കാവുന്ന ഗ്രെയ്‌ഡിങ്ങ് രീതിയിലുള്ള വോട്ടിങ് സമ്പ്രദായം ഒരു ജനാധിപത്യരാഷ്ട്രവും പരീക്ഷിച്ചിട്ടില്ല എന്നാണ് അറിവ്. ഒരു സമ്മതിദായകന് ഒരു വോട്ട് മാത്രം. ആ ഒരു വോട്ടിനെ സ്വാധീനിക്കാൻ ഏറ്റവുമധികം കഴിവ് വൈകാരികവിഷയങ്ങൾക്കാണ് എന്ന അറിവുകൊണ്ടാണ് ജാതി- മത വികാരങ്ങളും ദേശഭക്തിയും ലൈംഗികാരോപണങ്ങളും ആളിക്കത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. ആ വൈകാരികതയിൽനിന്ന് വിട്ടുനിന്ന്, സമചിത്തതയോടെ ചിന്തിച്ച് എത്തിച്ചേർന്ന തീരുമാനത്തോടെ ബാലറ്റ് ബൂത്തിലേക്കു പോകുക എന്നതാണ് നിഷ്‌പക്ഷർക്ക് ചെയ്യാനുള്ളത്.

ഈ തെരഞ്ഞെടുപ്പിൽ നമ്മുടെ വോട്ടിനെ സ്വാധീനിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്താണ്? അത് ഈ ഇരുമുന്നണി സംവിധാനത്തിന്റെ നിലനില്പുതന്നെയാണ്. ഇത്തവണ യു.ഡി.എഫ് പരാജയപ്പെട്ടാൽ അത് ആ മുന്നണിയുടെ തകർച്ചയിലേക്കു തന്നെയാകും നയിക്കുക. സംസ്ഥാനത്തിലോ കേന്ദ്രത്തിലോ ഭരണമില്ലാത്ത പാർട്ടികൾക്കു പിന്നിൽ സംഭാവനയുമായി കാത്തുനിൽക്കാൻ കരാറുകാരോ വ്യവസായികളോ വിഭാഗീയസംഘടനകളോ ഉണ്ടാകില്ല. ലക്ഷ്യമില്ലാതെ അലയുന്ന ഏതാനും നേതാക്കളൊഴിച്ച് അണികളും ആശ്രിതരും ഘടകകക്ഷികളുമെല്ലാം മുന്നണിയെ ഉപേക്ഷിച്ചുപോകും.

ഇത്തരം ഒരവസ്ഥയിൽ കേരളത്തിലെ ഇടത്- വലത് മുന്നണികൾ ചെയ്യേണ്ടത് മുഖ്യശത്രുവിനെ തുരത്തുന്നതിന്​ രഹസ്യവും പരസ്യവുമായ ധാരണകളിൽ എത്തിച്ചേരുകയാണ്.

അപ്പോൾ സംസ്ഥാനത്ത് ഉണ്ടാകുന്ന ശൂന്യതയെ നിറയ്ക്കുന്നത് ബി.ജെ.പി എന്ന ഭീകരതയായിരിക്കും. ഇന്ത്യൻ ജനാധിപത്യത്തിന് അതിന്റെ എഴുപതുവർഷത്തെ ജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുള്ളതിൽ ഏറ്റവും വലിയ ഭീഷണിയായ പാർട്ടി. തെരഞ്ഞെടുപ്പുകൾ തന്നെ ഇല്ലാതാകുന്ന വ്യവസ്ഥിതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പാർട്ടി. വെറുപ്പും വർഗീയതയും കുത്തിവെച്ചും ഊതിപ്പെരുപ്പിച്ചും വളർന്ന, വളർന്നുകൊണ്ടിരിക്കുന്ന പാർട്ടി. ഒപ്പം വൻകിട കുത്തകകൾക്കും ബഹുരാഷ്ട്ര കോർപ്പറേറ്റുകൾക്കും വേണ്ടി സാധാരണ ജനങ്ങളുടെ നിലനില്പിനെപ്പോലും കുരുതികൊടുക്കാൻ മടിയില്ലാത്ത കച്ചവട സ്ഥാപനം. തെരഞ്ഞെടുപ്പിൽ തങ്ങൾ തിരസ്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽപ്പോലും കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുത്ത ഗൂഢാലോചനാസംഘം. തങ്ങൾക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തെയും ഭീഷണിയിലൂടെയും നുണപ്രചാരണത്തിലൂടെയും വേണ്ടിവന്നാൽ ഉന്മൂലനത്തിലൂടെയും ഇല്ലായ്മചെയ്ത് പടരുന്ന ഇരുട്ട്.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി

ഇന്നോളം സംസ്ഥാനരാഷ്ട്രീയത്തിന്റെ പുറമ്പോക്കുകളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ബി.ജെ.പി ചാനൽ ചർച്ചക്കസേരയുറപ്പികളിലൂടെ, സാമൂഹ്യമാധ്യമങ്ങളിലെ കള്ളക്കഥകളിലൂടെ ഏറെ വളർന്നുകഴിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലെ അധികാരത്തിന്റെ പിൻബലത്തോടെ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിലൂടെ ഏറെ തുരന്നുകയറിയിരിക്കുന്നു. ബി.ജെ.പിയും മറ്റ് പാർട്ടികളെപ്പോലെ ഒരു പാർട്ടിമാത്രം എന്നൊരു സാധാരണപ്പെടുത്തലിലേക്ക് ജനമനസ്സ് നീങ്ങിക്കൊണ്ടിരിക്കുകയാണ് കേരളത്തിലും.

ഇത്തരം ഒരവസ്ഥയിൽ കേരളത്തിലെ ഇടത്- വലത് മുന്നണികൾ ചെയ്യേണ്ടത് മുഖ്യശത്രുവിനെ തുരത്തുന്നതിനുവേണ്ടി രഹസ്യവും പരസ്യവുമായ ധാരണകളിൽ എത്തിച്ചേരുകയാണ്. എന്നാൽ, ‘ഇത്തിരിവട്ടം മാത്രം കാണും അധോമു’ഖരായ അവർക്ക് ഈ തെരഞ്ഞെടുപ്പിനപ്പുറം ചിന്തിക്കാൻ കഴിയുന്നില്ല. കത്തിയമരുന്ന കെട്ടിടത്തിനു മുകളിൽ നിന്നുകൊണ്ട് സംഘട്ടനത്തിൽ ഏർപ്പെടുന്ന ഹോളിവുഡ് സിനിമാ കഥാപാത്രങ്ങളെപ്പോലെ അവർ ഇപ്പോഴും പോരാട്ടത്തിലാണ്.

ആ നിഷ്‌പക്ഷം ഇത്തവണ വോട്ട് ചെയ്യേണ്ടത് യുഡിഎഫിനാണ്. ശബരിമല, പൊതുവിദ്യാഭ്യാസം, ഭരണഭാഷ തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ടായ നേട്ടങ്ങൾ റദ്ദുചെയ്യപ്പെടുമെന്ന് അറിയാതെയല്ല ഇത് പറയുന്നത്

“നാം ജനാധിപത്യത്തിൽനിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു, ഏറ്റവും വലിയ അത്ഭുതം ജനാധിപത്യംതന്നെയാണ് എന്ന് തിരിച്ചറിയാതെ” എന്നൊരു ചൊല്ലുണ്ട്. കേരളത്തിൽ ഇപ്പോഴുള്ള തരത്തിലുള്ള ദുർബലമായ ജനാധിപത്യം പോലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ലോകത്തിന്റെ മിക്കഭാഗങ്ങളിലും നിലവിലില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ഇരു മുന്നണികൾ തയ്യാറാകാത്ത ഇന്നത്തെ അവസ്ഥയിൽ ആ കർത്തവ്യം സംസ്ഥാനത്തെ സമ്മതിദായകരുടെ ചുമലിലേക്കാണ് വീഴുന്നത്. വിവിധ വിഭാഗീയതകളുടെ തടവിൽ ജീവിക്കുന്നവരെയും ജയിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ വോട്ട് പാഴായി എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കരെയും എതിർ പാർട്ടിക്ക് കുത്താൻ കൈയുയർത്താൻ കഴിയാത്ത പാർട്ടിഭക്തരെയും ഒഴിവാക്കിയാൽ പിന്നെ അത് ഏറ്റെടുക്കാൻ നിഷ്‌പക്ഷർ എന്നൊരു കൂട്ടരേ ബാക്കിയുള്ളൂ.

ആ നിഷ്‌പക്ഷം ഇത്തവണ വോട്ട് ചെയ്യേണ്ടത് യുഡിഎഫിനാണ്. ശബരിമല, പൊതുവിദ്യാഭ്യാസം, ഭരണഭാഷ തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ടായ നേട്ടങ്ങൾ റദ്ദുചെയ്യപ്പെടുമെന്ന് അറിയാതെയല്ല ഇത് പറയുന്നത്. പരിമിതമായ രൂപത്തിലെങ്കിലും ഇന്ന് ഇവിടെ നിലനിൽക്കുന്ന ജനാധിപത്യത്തെ രക്ഷിക്കുക എന്ന മുഖ്യലക്ഷ്യത്തിനുവേണ്ടി അങ്ങനെ ചിലതൊക്കെ ബലികഴിക്കേണ്ടിവരും എന്ന് മനസ്സിലാക്കിക്കൊണ്ടാണ്. ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ കുഞ്ഞാലിക്കുട്ടിക്കോ വോട്ട് ചെയ്യുക എന്ന് ആലോചിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇങ്ങനെ ചിന്തിക്കുക: ഈ വോട്ട് ഇണ്ടനമ്മാവന്. രണ്ടുകാലും മുറിച്ചുമാറ്റപ്പെട്ട ഒരു അവസ്ഥ അദ്ദേഹത്തിന് വരാതിരിക്കുന്നതിന്. ▮


രാജേഷ് ആർ. വർമ്മ

മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. അമേരിക്കയിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡിൽ താമസിക്കുന്നു. കാമകൂടോപനിഷത്ത് (കഥ), ചുവന്ന ബാഡ്ജ് (നോവൽ) എന്നിവ കൃതികൾ. അമേരിക്കയിലെ ഷാർലെറ്റിലുള്ള ക്വീൻസ് സർവകലാശാലയിൽ നിന്ന് സാഹിത്യരചനയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Comments