യു. കലാനാഥൻ

യുക്തിവാദത്തോടുള്ള സി.പി.എം ‘യുക്തി’യും
ഒരു യുക്തിവാദിയുടെ പാർട്ടി ജീവിതവും

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തെ ജീവിതോന്മുഖമായി വ്യാഖ്യാനിക്കുകയും ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്ത യു. കലാനാഥന്റെ ജീവചരിത്രത്തിൽ നിന്നുള്ള ഏടാണിത്. സി.പി.എമ്മിന്റെ പ്രായോഗിക രാഷ്ട്രീയം യുക്തിവാദം എന്ന ഐഡിയോളജിയെ കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന ചരിത്രവും ഈ ജീവിതകഥയിലുണ്ട്. എം.കെ. രാമദാസ് എഴുതി, റാറ്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന യു. കലാനാഥന്റെ ജീവചരിത്രത്തിൽനിന്നുള്ള അധ്യായങ്ങൾ.

വീന ചിന്തകൾ സ്വാംശീകരിക്കുകയും അവ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്യുകയാണ് യുക്തിവാദികളുടെ മൗലിക കർത്തവ്യം. ശാസ്​ത്രീയ ചിന്തയുടെ സാമൂഹിക ദർശനമാണ് യുക്തിവാദം. മാനവികാവാദമാണതിന്റെ ജീവനാഡി. നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനല്ല യുക്തിവാദികൾ സംഘടിക്കുന്നത്. ജാതിനശീകരണം, അന്ധവിശ്വാസങ്ങളുടെ ഉന്മൂലനം, മൗലികവാദത്തെയും ഭീകരവാദത്തെയും തകർക്കൽ, സാമൂഹ്യ ചൂഷണങ്ങളുടെ വേരറുക്കൽ, മതവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും എതിർക്കൽ എന്നിവയൊക്കെയാണ് യുക്തിവാദികളുടെ പ്രധാന ജീവിതദൗത്യം.

മതവിമോചനത്തിനുതകുന്ന വൈരുദ്ധ്യാത്മക ദർശനത്തിന്റെ ശാസ്​ത്രീയ പ്രപഞ്ചനിരീക്ഷണം വളർന്നു വികസിക്കാനുള്ള സാഹചര്യം സംജാതമാക്കുകയാണ് യുക്തിവാദികളുടെ ലക്ഷ്യം എന്നാണ് കേരള യുക്തിവാദ സംഘം അംഗീകരിച്ച നയപ്രഖ്യാപന രേഖയിലുള്ളത്.

അന്ധവിശ്വാസ ദുരാചാര ഉന്മൂലന നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുന്നതിന് ഡോ. ധാബോൽക്കർക്ക് സ്വജീവൻ ബലി കൊടുക്കേണ്ടിവന്നു.
അന്ധവിശ്വാസ ദുരാചാര ഉന്മൂലന നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുന്നതിന് ഡോ. ധാബോൽക്കർക്ക് സ്വജീവൻ ബലി കൊടുക്കേണ്ടിവന്നു.

ഡോ. ധാബോൽക്കറുമായുള്ള യു. കലാനാഥന്റെ ഗാഢസൗഹൃദത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം ആധുനിക ചികിത്സയിൽ ബിരുദധാരിയാണ്. മഹാരാഷ്ട്രയിൽ സാധാരണ മനുഷ്യർ ദുസ്സഹ സാഹചര്യങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. മന്ത്രവാദം, മരണ കർമ്മങ്ങൾ, മൃഗബലി തുടങ്ങി മനുഷ്യബലി വരെ ഗ്രാമങ്ങളിൽ നടന്നുകൊണ്ടിരുന്നു. ഈ ദുർഘടാവസ്​ഥയിൽ നിന്ന് അവരെ മോചിപ്പിക്കണമെന്ന ആഗ്രഹവുമായാണ് നരേന്ദ്ര ധാബോൽക്കർ സാമൂഹ്യപ്രവർത്തനത്തിനിറങ്ങുന്നത്. ശാസ്​ത്ര പണ്ഡിതനായിരുന്ന അദ്ദേഹം യുക്തിവാദിയും മാനവികവാദിയുമായിരുന്നു. അന്ധവിശ്വാസ ദുരാചാര ഉന്മൂലന നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കുന്നതിനായി ധാബോൽക്കർ സ്വജീവൻ ബലി കൊടുക്കുകയാണ് ചെയ്തത്. 2013–ൽ അദ്ദേഹം കൊല ചെയ്യപ്പെട്ടതിനുശേഷം മാത്രമേ ഈ നിയമം അംഗീകരിക്കാൻ സർക്കാർ തയ്യാറായുള്ളൂ.

മുസ്ലിം മതാനുയായികൾക്ക് മുൻതൂക്കമുള്ള ഒരു ദേശത്തെ യുക്തിവാദ പ്രവർത്തനം ഒട്ടും ലളിതമല്ല. നേരിട്ടുള്ള സംവാദങ്ങൾക്ക് അവിടെ അവസരമില്ല.

ധാബോൽക്കറെ പങ്കെടുപ്പിച്ചുള്ള നിരവധി പരിപാടി കേരളത്തിലാകെ സംഘടിപ്പിക്കുന്നതിന് കലാനാഥനാണ് മുൻകൈ എടുത്തത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിലൂടെ മാത്രമേ സാമൂഹ്യമാറ്റം സാധ്യമാവൂ എന്ന ധാബോൽക്കറുടെ തിരിച്ചറിവാണ് അവർക്കിടയിലെ അടുപ്പം വർധിപ്പിച്ചത്. സമാനചിന്തയാണ് കലാനാഥനും സ്വീകരിച്ചത്. ജനങ്ങൾക്കിടയിലിറങ്ങി ധാബോൽക്കറും കൂട്ടാളികളും അവരുടെ കഥകൾ അവരോട് പറഞ്ഞു. അവർ ദൈവങ്ങൾക്കും മതങ്ങൾക്കുമെതിരായ പ്രചാരണങ്ങൾക്ക് ഊന്നൽ നൽകിയില്ല. സനാതനികളായ വിശ്വാസികളുടെ സഹകരണം ഊട്ടിയെടുക്കാനാണ് അവർ ഈ തന്ത്രം പ്രയോഗിച്ചത്. യുക്തിവാദി എന്ന നിലയിൽ കലാനാഥന്റെ സമീപനവുമായി ചേർന്നു നിൽക്കുന്നതാണ് ധാബോൽക്കർ അനുവർത്തിച്ച ഈ ശൈലി.

മുസ്ലിം മതാനുയായികൾക്ക് മുൻതൂക്കമുള്ള ഒരു ദേശത്തെ യുക്തിവാദ പ്രവർത്തനം ഒട്ടും ലളിതമല്ല. നേരിട്ടുള്ള സംവാദങ്ങൾക്ക് അവിടെ അവസരമില്ല. മലപ്പുറം, കോഴിക്കോട് പോലുള്ള ജില്ലകളിലെ ഗ്രാമങ്ങളിൽ ശാസ്​ത്രീയ ചിന്തകളുടെ പ്രചാരണം പോലും അനായാസമായി മുന്നോട്ടുകൊണ്ട് പോവാനാവില്ല.

വിമർശനങ്ങളെ മയപ്പെടുത്തിയാണ് പ്രതിയോഗികളുടെ മുന്നിൽ കലാനാഥൻ അവതരിപ്പിച്ചത്. ഇതിനാവശ്യമുള്ള സഹിഷ്ണുത ബോധപൂർവ്വം നേടിയെടുത്തതാണ്.
വിമർശനങ്ങളെ മയപ്പെടുത്തിയാണ് പ്രതിയോഗികളുടെ മുന്നിൽ കലാനാഥൻ അവതരിപ്പിച്ചത്. ഇതിനാവശ്യമുള്ള സഹിഷ്ണുത ബോധപൂർവ്വം നേടിയെടുത്തതാണ്.

സ്​ത്രീകളുടെ പൊതുജീവിതത്തിന് വിലക്കുകൾ പ്രയോഗിക്കുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തിലെ ഭൂരിപക്ഷത്തോടുള്ള ആശയ വിനിമയം സാധ്യമല്ല. അപൂർവ്വമായി സംഘടിപ്പിക്കപ്പെടുന്ന സംവാദസദസ്സുകളിൽ വനിതകളുടെ സാന്നിധ്യം തുലോം കുറവുമായിരിക്കും. പൊതുപ്രവർത്തകരായ വനിതകളോ വിദ്യാസമ്പന്നരോ ആയിരിക്കും നിയന്ത്രണങ്ങൾ ലംഘിച്ചും ഇത്തരം വേദികളിലെത്തുക. ഈ പ്രതികൂല സാഹചര്യം നേരിടാൻ പൊതുപ്രവർത്തനത്തെ കലാനാഥൻ പ്രയോജനപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പും ഭരണകാല പ്രവർത്തനങ്ങളും ഇവ്വിധം ക്രമീകരിക്കുവാൻ അയാൾക്ക് കഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് രണ്ടാം തവണയുള്ള അയാളുടെ തെരഞ്ഞെടുപ്പ് ജയം.

വിമർശനങ്ങളെ മയപ്പെടുത്തിയാണ് പ്രതിയോഗികളുടെ മുന്നിൽ കലാനാഥൻ അവതരിപ്പിച്ചത്. ഇതിനാവശ്യമുള്ള സഹിഷ്ണുത ബോധപൂർവ്വം നേടിയെടുത്തതാണ്. ധാബോൽക്കർ അനുവർത്തിച്ച സമീപനത്തോട് സാമ്യമുള്ളതായിരുന്നു കലാനാഥന്റെ രീതികളും. ആശയവിനിമയത്തിന് ശ്രമിക്കുന്നവരെ പ്രതിയോഗികളായി സങ്കല്പിക്കാതെയാവണം നമ്മുടെ ദൗത്യം പൂർത്തിയാക്കേണ്ടതെന്ന് കലാനാഥൻ വിശ്വസിച്ചു.

ഇ.എം.എസ് ഉൾപ്പെടെയുള്ള നേതൃനിരയിലുള്ളവർ മതത്തെയും ദൈവത്തെയും നിരാകരിച്ചുകൊണ്ടാണ് പാർട്ടിയിൽ അംഗമായത്. എന്നാൽ പാർട്ടിപരിപാടികളിൽ യുക്തിവാദത്തെ പടിക്കു പുറത്താണ് നിർത്തിയത്.

നാസ്​തികത്വവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പ്രഭാഷണങ്ങൾ യു. കലാനാഥന് നടത്തേണ്ടിവന്നു. ഇസ്ലാം വിശ്വാസികളുമായുള്ള സംവാദസാധ്യതയുള്ള വിഷയങ്ങളെ അധികരിച്ചാണ് ഇവയിൽ നല്ലൊരു പങ്കും നിർവ്വഹിച്ചത്. ഇവയിൽ സംഘർഷത്തിലേയ്ക്ക് വഴിമാറിയത് അപൂർവ്വം ചിലയിടങ്ങളിൽ മാത്രം. കലഹങ്ങൾക്ക് മരുന്നിടുന്ന രീതിയിൽ ദീർഘകാലത്തേയ്ക്ക് നീളാൻ സാധ്യതയുള്ള തർക്കങ്ങൾ ഉന്നയിക്കാനോ പരിഹാരം തേടാനോ കലാനാഥൻ ശ്രമിച്ചില്ല. യഥാസമയം പരിഹരിക്കപ്പെടാൻ ഇടയുള്ള സംശയങ്ങൾ ഉന്നയിക്കുകയും സമാധാനപരമായി ചർച്ചകൾ വഴിതുറക്കുകയും ചെയ്യുന്ന ശൈലിയാണ് പ്രഭാഷണങ്ങൾക്ക് കലാനാഥൻ സ്വീകരിച്ചത്. ഭൂരിഭാഗം വിശ്വാസികളും അന്ധവിശ്വാസത്തിൻെറ കയങ്ങളിൽ മുങ്ങിത്താഴ്ന്നിരിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിൽ ധൃതഗതിയിലുള്ള മോചനം സാധ്യമല്ല. മതാന്ധതയുടെ ആഴങ്ങൾ മനസ്സിലാക്കുകയും കരകയറാൻ മനുഷ്യനെ സഹായിക്കുകയുമാണ് ലക്ഷ്യം. ഒരു മാർക്സിസ്റ്റും യുക്തിവാദിയുമായ ഒരാളുടെ കർത്തവ്യമാണിതെന്ന് കലാനാഥൻ കരുതി. ഈ ദൗത്യത്തിനനുസൃതമായ പരിപ്രേക്ഷ്യം തൃപ്തിപ്പെടുത്തുകയെന്നതു പ്രധാനമാണ്.

പ്രഭാഷണങ്ങൾ ഭൂരിഭാഗവും നടന്നത് തെരുവുകളിലോ അവിടങ്ങളിലെ ചെറിയ ഹാളുകളിലോ ആണ്. ഗ്രാമപ്രദേശങ്ങളിലാണ് അധികവും കലാനാഥന് പങ്കെടുക്കേണ്ട സദസ്സുകൾ സംഘടിപ്പിച്ചത്. ലളിതമായ ജീവിതശൈലിയാണ് കലാനാഥൻ എക്കാലവും പിന്തുടർന്നത്. വ്യകതിപരമായ അയാളുടെ പ്രത്യേകതകൾ രൂപപ്പെടുന്നതും ഇതിനനുസൃതമായാണ്. വസ്​ത്രത്തിലും യാത്രയിലുമെല്ലാം അയാളിതുതന്നെ പിൻതുടർന്നു. ഇതിന്റെയെല്ലാം ഫലവും അയാൾ അനുഭവിച്ചു. പ്രയാസപ്പെട്ടുപോയ സന്ദർഭങ്ങൾ ചിലപ്പോഴെല്ലാം നേരിടേണ്ടിവന്നുവെങ്കിലും മുന്നേറാൻ കാര്യമായ എതിർപ്പുകൾ ഉണ്ടായില്ല. നിലമ്പൂരിനടുത്ത് എടക്കരയിൽ സംഘടിപ്പിച്ച യുക്തിവാദാശയ പ്രചാരണപരിപാടിയിൽ പങ്കെടുത്തതും അതിന്റെ പരിസമാപ്തിയേയും അയാൾ ഓർമ്മകളിൽ സൂക്ഷിച്ചു. എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന മുഹമ്മദ് പാറക്കൽ ആണ് അവിടെ പരിപാടിയുടെ പ്രധാന സംഘാടകൻ. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സ്വതന്ത്രനായി ജീവിക്കുകയെന്ന സാഹസത്തിനൊരുമ്പെടുകയും അതിെൻ്റ ഭാഗമായി പ്രതിബന്ധങ്ങൾ നേരിടുകയും ചെയ്ത മുഹമ്മദ് യുക്തിവാദാശയങ്ങളുടെ പ്രചാരകനെന്ന നിലയിൽ എടക്കരയിലും പരിസര പ്രദേശങ്ങളിലും സുപരിചിതനാണ്. കുടുംബസമേതം നാസ്​തിക സ്വഭാവത്തോടെ ജീവിക്കുവാൻ അദ്ദേഹം ധൈര്യപ്പെട്ടു. അദ്ദേഹം ആതിഥേയനായ വിശദീകരണയോഗം എടക്കര ടൗണിലെ ബസ് സ്റ്റാൻ്റിന് സമീപത്താണ് നടന്നത്. പ്രധാന പ്രഭാഷകനെന്ന നിലയിൽ ഏതാണ്ട് മൂന്ന് മണിക്കൂറിലേറെ പ്രസംഗം നീണ്ടു.

വള്ളിക്കുന്നിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ഹിന്ദു ആരാധനാ കേന്ദ്രമാണ് പേടിയാട്ട് ക്ഷേത്രം. പേടിയാട്ട് കുന്നിലെ ഈ ക്ഷേത്രത്തിലാണ് കടലുണ്ടി വാവുത്സവം നടക്കുന്നത്.  യുക്തിവാദികളായ സുഹൃത്തുക്കളുടെ സഹായത്തോടെ പേടിയാട്ട് കുന്നിൽ ഉത്സവദിവസം ക്ഷേത്രത്തിനടുത്ത് വാവുബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ പൊള്ളത്തരം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു.
വള്ളിക്കുന്നിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ഹിന്ദു ആരാധനാ കേന്ദ്രമാണ് പേടിയാട്ട് ക്ഷേത്രം. പേടിയാട്ട് കുന്നിലെ ഈ ക്ഷേത്രത്തിലാണ് കടലുണ്ടി വാവുത്സവം നടക്കുന്നത്. യുക്തിവാദികളായ സുഹൃത്തുക്കളുടെ സഹായത്തോടെ പേടിയാട്ട് കുന്നിൽ ഉത്സവദിവസം ക്ഷേത്രത്തിനടുത്ത് വാവുബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ പൊള്ളത്തരം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു.

സാധാരണഗതിയിൽ ലഭ്യമായ യാത്രാ സൗകര്യങ്ങളാണ് മിക്കപ്പോഴും കലാനാഥൻ ഉപയോഗിച്ചിരുന്നത്. ബസ് തന്നെയാണ് പ്രധാന യാത്രാമാർഗം. അന്നും കലാനാഥൻ വഴിക്കടവിലേയ്ക്കുള്ള ഒരു ബസിലാണ് എടക്കരയിലെത്തിയത്. ഗ്രാമപ്രദേശങ്ങളിലെ ദിവസജോലി പൂർത്തിയാക്കി ആളുകൾ സമീപത്തെ അങ്ങാടിയിലെത്തുക ഏതാണ്ട് വൈകിട്ട് ആറിനോടടുത്താണ്. ഒമ്പതുമണി വരെ നീളുന്ന ഈ സമയം ചെറിയ അങ്ങാടികൾ തിരക്കുള്ളതാണ്. ഇത്തരം സ്​ഥലവും സമയവുമാണ് കവല യോഗങ്ങൾക്കായി കണ്ടെത്തുക. വഴിപോക്കർ ശ്രദ്ധിക്കുന്നതിനോടൊപ്പം അൽപം സാവകാശവും താല്പര്യവുമുള്ള ചിലരെങ്കിലും സദസ്യരായി ഇവിടെയുണ്ടാവും. പതിവുരീതിയിൽ പ്രസംഗവും കേൾവിക്കാരിൽ നിന്നുള്ള സംശയങ്ങൾക്കുള്ള മറുപടിയുമൊക്കെയായി സമയം പോയത് സംഘാടകരും ശ്രദ്ധിച്ചില്ല.

അവിടെ നിന്ന് മടങ്ങാനുള്ള അവസാന ബസ് മുന്നിലെത്തിയപ്പോഴാണ് സംഘാടകരിൽ ചിലർ അപ്പോഴും പ്രസംഗിച്ചുകൊണ്ടിരുന്ന കലാനാഥനെ ഇക്കാര്യം അറിയിക്കുന്നത്. മഞ്ചേരിയിലേയ്ക്കുള്ള ആ വാഹനത്തിൽ കയറാനാണ് കലാനാഥൻ അപ്പോൾ ആശിച്ചത്.
അവരിൽ ചിലർ കൈകാണിച്ച് ബസ് നിർത്തിച്ചു. മൈക്കിൽ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ടാണ് അയാൾ ബസ്സിന് സമീപത്തേയ്ക്ക് നീങ്ങിയത്. ഒരു വാചകം പൂർത്തിയാക്കാനായി രണ്ടു മിനിറ്റോളം യാത്രക്കാരെ കയറ്റിയ വാഹനം അവിടെ നിർത്തിയിട്ടു. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ അത്രയും നേരം ശ്രദ്ധിച്ചിരുന്ന ചെറിയ ആൾക്കൂട്ടം അയാൾക്ക് നേരെ കൈകൾ വീശി നന്ദി പറഞ്ഞു.

സി.പി.എമ്മുമായുള്ള കലാനാഥന്റെ ബാന്ധവം യുക്തിവാദ സംഘടനക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. യുക്തിവാദത്തെ പാർട്ടിയുടെ തൊഴുത്തിൽ തളച്ചു എന്നാണ് രഹസ്യമായെങ്കിലും ചിലർ പരിതപിച്ചത്. എന്നാൽ ഈ വിമർശനമൊന്നും കലാനാഥനെ വ്യക്തിപരമായി സങ്കടപ്പെടുത്തിയില്ല.

പ്രഭാഷണങ്ങൾക്കുള്ള പ്രതിഫലം കൈപ്പറ്റുന്നതിൽ കൃത്യമായ അച്ചടക്കം കർശനമായി കലാനാഥൻ പിൻതുടർന്നു. പ്രാദേശികമായുള്ള ഇത്തരം പരിപാടികളുടെ സംഘാടനം വലിയ വെല്ലുവിളി നിറഞ്ഞതാണെന്ന് സ്വാനുഭവത്തിൽനിന്ന് അയാൾ ഉൾക്കൊണ്ടിട്ടുണ്ട്. മാതാപിതാക്കൾ, ബന്ധുക്കൾ, തലമുറകളായി പരസ്​പരം ബന്ധപ്പെടുന്ന അയൽക്കാർ തുടങ്ങിയവരും ഉൾക്കൊള്ളുന്ന സമൂഹത്തിന് അംഗങ്ങളുടെ മേൽ അദൃശ്യമായ ഒരു ബന്ധമുണ്ട്. സ്​നേഹവും ആദരവുമൊക്കെയായി പ്രകടിപ്പിക്കുന്ന ഈ വികാരം പരസ്പരം ബന്ധിതമായതിന്റെ സൂചനയാണ്.
ഈ അടുപ്പത്തെ ലംഘിക്കുമ്പോൾ സമൂഹാംഗങ്ങൾ ഭയപ്പെടുന്നു. പാരമ്പര്യവുമായി ഇഴചേർത്താണ് ഇവിടെ കണ്ണികൾ വിളക്കി ചേർക്കുന്നത്. കീഴ് വഴക്കങ്ങളാണ് ഇവിടെ പ്രധാനമായും പ്രയോഗിക്കപ്പെടുന്നത്. ലംഘനം പൊറുക്കാനാവാത്ത കുറ്റമായി പരിഗണിക്കപ്പെടുന്നു. സമൂഹഭ്രഷ്ടും പുറന്തള്ളലും ശിക്ഷയുമെല്ലാം പിഴയായി ചുമത്തപ്പെടാം. പതിവുശൈലിയിൽ നിന്നുള്ള പൂർണമോചനം നേടണമെങ്കിൽ അസാമാന്യ ധൈര്യം പുലർത്തേണ്ടിവരും. അന്നോളം ദിവ്യമെന്നും വിശാലമെന്നും ഉറപ്പിച്ചിരുന്നവയെല്ലാം നഷ്ടമാവാനും ഈ സാഹചര്യം ഇടയാക്കും. മേൽ ഉദ്ധരിച്ച സാഹചര്യം നേരിട്ടുകൊണ്ടുമാത്രമേ ഓരോ യുക്തിവാദിക്കും ഇക്കാലത്ത് പുറത്തുവരാനാവൂ. ഗ്രാമങ്ങളിലെ സംഘാടകർ പറഞ്ഞതിലേറെയും വെല്ലുവിളികൾ ഏറ്റെടുക്കേണ്ടിവരും. ഇക്കാരണങ്ങൾകൊണ്ട് അവർക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാക്കാതിരിക്കുവാൻ അയാൾ ഏറെ ശ്രദ്ധിച്ചു. മിക്കപ്പോഴും പ്രതിഫലമായി നൽകുന്ന പണം അവർക്ക് തന്നെ അയാൾ തിരികെ നൽകി.

ആശയപ്രചാരണത്തിനായി മറ്റൊരു വേദിയൊരുക്കാൻ കലാനാഥൻ അവരോട് നിർദ്ദേശിച്ചു. സംഘാടകരിൽ ചിലർ വൻതുകതന്നെ ഉപഹാരമായി നൽകിയ സന്ദർഭങ്ങളുമുണ്ട്. സമാനരീതിയിൽ തന്നെ അയാൾക്ക് അതും നിരസിക്കേണ്ടിവന്നു. ചിലപ്പോഴെല്ലാം ഇതിന്നായി മൽപിടുത്തം വേണ്ടിവന്നിട്ടുണ്ട്. പ്രഭാഷണം പൂർത്തിയാക്കി മടങ്ങാനായി വാഹനത്തിൽ കയറുമ്പോഴായിരിക്കും കവറിൽ അടക്കം ചെയ്ത പണം ഷർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിക്കുക. കവർ തുറന്നുനോക്കുകപോലും ചെയ്യാതെയാണ് കലാനാഥൻ അവരുടെ ഉപഹാരം വേണ്ടെന്നു പറയുകയും തിരികെ കൊടുക്കുകയും ചെയ്യുക. അപൂർവ്വം അവസരങ്ങളിൽ ഈ ഉപഹാരം സ്വഗൃഹത്തിൽ എത്തിയിട്ടുണ്ട്. അങ്ങനെയാണ് കവറിനുള്ളിലെ കനത്തിന്റെ അന്തരം കലാനാഥന് ബോധ്യപ്പെട്ടത്.

 സി പി ഐ- എമ്മുമായുള്ള വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും പാർട്ടി തനിക്കുചുറ്റും സുരക്ഷയുടെ ഒരു അദൃശ്യമതിൽ പണിതിരുന്നുവെന്ന് കലാനാഥൻ വിശ്വസിച്ചു.
സി പി ഐ- എമ്മുമായുള്ള വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും പാർട്ടി തനിക്കുചുറ്റും സുരക്ഷയുടെ ഒരു അദൃശ്യമതിൽ പണിതിരുന്നുവെന്ന് കലാനാഥൻ വിശ്വസിച്ചു.

യാത്രയ്ക്ക് പൊതു സൗകര്യമൊന്നും ലഭിക്കാത്തയിടങ്ങളിലും കലാനാഥൻ ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടത്. പ്രഭാഷണത്തെ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ട് സദസ്യരുടെ എണ്ണമൊന്നും ഒരിക്കലും പരിഗണിച്ചില്ല. അമ്പതുപേരിൽ താഴെയുള്ള ആൾക്കൂട്ടത്തിനും ആയിരങ്ങൾ നിറഞ്ഞുകവിഞ്ഞ സദസ്യർക്ക് മുന്നിലും അയാൾ ഒരേ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പ്രസംഗിച്ചു. പാതയോരത്തെ കരിങ്കൽകൂനകൾക്ക് മുകളിലെ തെരുവുയോഗത്തിലും വെണ്ണക്കല്ലുപതിച്ച തറയും മനോഹരമായ ഇരിപ്പിടങ്ങളുമുള്ള മന്ദിരത്തിലെയും പ്രസംഗങ്ങൾ അയാളുടെ മനോഗതിയിൽ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല. അയാളുടെ മുന്നിൽ ജിജ്ഞാസുക്കളായ ശ്രോതാക്കൾ മാത്രമാണുണ്ടായിരുന്നത്. സന്ദേഹികളായ മനുഷ്യരുടെ ജ്വലിക്കുന്ന നേത്രങ്ങൾ മാത്രമേ കണ്ടിരുന്നുള്ളൂ.

ആരെയും അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന പ്രസ്താവനകൾ നടത്തരുതെന്ന് കലാനാഥൻ ഉറപ്പിച്ചിരുന്നു. പ്രതിയോഗികളുടെ ചോദ്യങ്ങൾക്ക് സഹിഷ്ണുതയോടെ ഉത്തരം നൽകാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഈ ശുഷ്കാന്തി കടമയെ കൂടുതൽ ഊർജ്ജത്തോടെ നിർവഹിക്കാൻ അയാളെ പ്രാപ്തനാക്കി.

യുക്തിവാദ പ്രസ്ഥാനത്തിലെ ഓരോ നേതാവും അവരുടെ വലയത്തിൽ ശാഖകൾ വിടർത്തുകയും പുഷ്പിക്കുകയും ചെയ്തു. പരസ്​പര ഐക്യത്തോടെ മുന്നോട്ടു പോവാനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ യുകതിവാദ സംഘടനകൾ പരാജയപ്പെട്ടു.

വള്ളിക്കുന്നിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ഹിന്ദു ആരാധനാ കേന്ദ്രമാണ് പേടിയാട്ട് ക്ഷേത്രം. പേടിയാട്ട് കുന്നിലെ ഈ ക്ഷേത്രത്തിലാണ് കടലുണ്ടി വാവുത്സവം നടക്കുന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതിയ്ക്കുള്ള ബലിയാണ് ഉത്സവാതീഹ്യം. തുലാമാസത്തെ കറുത്തവാവു ദിവസമാണ് ഉത്സവം. സാമൂഹ്യപരമായ ഐക്യം നിലനിർത്താനുതകുന്നതാണ് ഈ ഉത്സവമെന്ന് അറിയാമായിരുന്നിട്ടും ഐതീഹ്യത്തിന് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന നിലപാടാണ് കലാനാഥൻ സ്വീകരിച്ചത്. ഈ അഭിപ്രായം ഉന്നയിച്ചെങ്കിലും ഉത്സവനാളിൽ ഇത് സംബന്ധിച്ച പരസ്യ പ്രചാരണത്തിന് വൈകിയാണ് തയ്യാറായത്. അതിന് കാരണം നേരത്തെ സൂചിപ്പിച്ച സമാധാന വാഞ്ജയും സഹിഷ്ണുതയുമായിരുന്നു.

വിശ്വസിക്കാനുള്ള അവരുടെ സ്വാതന്ത്ര്യമാഗ്രഹിച്ചുകൊണ്ടാണ് കലാനാഥൻ പ്രതികരണം പരസ്യപ്പെടുത്തിയത്. യുക്തിവാദികളായ സുഹൃത്തുക്കളുടെ സഹായത്തോടെ പേടിയാട്ട് കുന്നിൽ ഉത്സവദിവസം ക്ഷേത്രത്തിനടുത്ത് വാവുബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ പൊള്ളത്തരം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു. ക്ഷേത്രത്തിലേയ്ക്കുള്ള ഘോഷയാത്ര അവിടെയെത്തുന്നതുമുതൽ ഏതാണ്ട് ഉത്സവാവസാനം വരെ ഇത് തുടർന്നു. ചില മുറുമുറുപ്പൊക്കെ ഉയർന്നെങ്കിലും ആ സമയം അവിടെ സന്നിഹിതരായവരിൽ ഭൂരിഭാഗത്തിന്റെയും മുന്നിൽ യുക്തിവാദപക്ഷം എത്തിക്കാൻ ഈ ദൗത്യത്തിലൂടെ സാധ്യമായി. വിശ്വാസികളായ വലിയൊരു ജനസഞ്ചയത്തെ കോപാകുലരാക്കുന്ന തരത്തിലേയ്ക്ക് പ്രതികരണം വഴിമാറിപ്പോവാതെ നിലനിർത്തുവാൻ കലാനാഥന് കഴിഞ്ഞു.

പാർലമെൻ്ററി വഴി തെരഞ്ഞെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുക്തിവാദവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളിൽനിന്ന് തലയൂരാനാണ് മിക്കപ്പോഴും ശ്രമിച്ചത്. പാർട്ടിയുടെ താത്വികാചാര്യനായി നിറഞ്ഞുനിന്ന ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ഒരിക്കലും ഈ വിഷയത്തിൽ പ്രത്യയശാസ്​ത്രാധിഷ്ഠിതമായ നിലപാട് അസന്നിഗ്ധമായി വിളംബരം ചെയ്തില്ല.
പാർലമെൻ്ററി വഴി തെരഞ്ഞെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുക്തിവാദവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളിൽനിന്ന് തലയൂരാനാണ് മിക്കപ്പോഴും ശ്രമിച്ചത്. പാർട്ടിയുടെ താത്വികാചാര്യനായി നിറഞ്ഞുനിന്ന ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ഒരിക്കലും ഈ വിഷയത്തിൽ പ്രത്യയശാസ്​ത്രാധിഷ്ഠിതമായ നിലപാട് അസന്നിഗ്ധമായി വിളംബരം ചെയ്തില്ല.

പ്രത്യേക സ്​ഥലത്ത് സജ്ജീകരിച്ച മൈക്രോഫോണിലൂടെ കലാനാഥൻ തന്നെയാണ് ഈ കൃത്യം നിർവഹിച്ചത്. മതപരവും ജാതീയവുമായ വേർതിരിവുകൾ ഇല്ലെന്ന അവകാശവാദമാണ് ഈ ആചാരത്തെ നാടിന്റെ ഉത്സവമാക്കിത്തീർത്തത്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തിയാണ് ആചാരങ്ങൾക്ക് യുക്തിഭദ്രത വരുത്താൻ ശ്രമിച്ചത്. ഉത്തര മലബാറിലെ ക്ഷേേത്രോത്സവങ്ങളുടെ തിരിതെളിയിക്കലാണ് കടലുണ്ടി വാവുത്സവമെന്നാണ് പ്രഘോഷിക്കപ്പെടുന്നത്. പ്രധാന ആഘോഷദിവസം തന്നെ അതിനെതിരായ പ്രചാരണത്തിന് തെരഞ്ഞെടുത്തതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉയർന്നതാണ്. എന്നാലിത് മുഖവിലക്കെടുക്കാതെയാണ് ഈ ദൗത്യത്തിനിറങ്ങിയത്. ഈ പ്രദേശത്ത് കൈവന്നിരുന്ന സ്വീകാര്യത ഉപകാരപ്പെടുത്താമെന്ന വിചാരമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിയോജിപ്പിനിടയിലും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വിലകൊടുക്കുന്ന ശൈലിയാണ് കടലുണ്ടിയിലെ ഭക്തരായ ജനങ്ങൾ അനുവദിച്ചുതന്നതെന്നാണ് കലാനാഥന്റെ പക്ഷം.

യുക്തിവാദ പ്രസ്​ഥാനത്തിലെ സഹപ്രവർത്തകരിൽ കലാനാഥന്റെ ശൈലിയോട് വിയോജിപ്പുള്ളവർ യഥേഷ്​ടമുണ്ട്. ജനാധിപത്യ വിശ്വാസവും സമാധാന മമതയും സഹിഷ്ണുതയുമെല്ലാം ന്യൂനതകളായി അയാൾക്കെതിരെ ഉന്നയിക്കുവാൻ അവർക്ക് കഴിഞ്ഞു. വിമർശനത്തിന്റെ അളവും ശക്തിയും വിലയിരുത്തിയാണ് ഇത്തരം മനുഷ്യഗുണങ്ങൾ അവഗണിച്ചും അയാളെ പ്രതിസ്​ഥാനത്ത് പ്രതിഷ്ഠിക്കാൻ അവരെ പ്രേരിപ്പിച്ചത്.

മത–ജാതി–ദൈവ പക്ഷപാതികളോട് അനുകൂല സമീപനം കൈക്കൊള്ളാൻ ഗൂഢമായ ആലോചനകൾ നടന്നു. തെരഞ്ഞെടുപ്പ് വിജയങ്ങൾ അന്തിമലക്ഷ്യമായതോടെ പ്രത്യയശാസ്​ത്ര നിഷ്കർഷ ഉപേക്ഷിക്കുകയാണ് പാർട്ടി ചെയ്തത്.

സാമൂഹ്യജീവിയെന്ന നിലയിൽ സൂക്ഷിക്കേണ്ട മുൻകരുതലിന് പ്രാധാന്യം നൽകേണ്ടതില്ലെന്ന് ചിന്തിക്കുന്നവരും അങ്ങനെ പ്രവർത്തിക്കുന്നവരും യുക്തിവാദികൾക്കിടയിലുണ്ട്. പ്രസ്​ഥാനത്തിന്റെ മുൻനിരയിൽ എത്തിയവരിൽ നിരവധിപേർ കലാനാഥന്റെ ശൈലിയോട് കഠിനമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടണ്ട്. അവർക്കെല്ലാം നിരവധി തവണ കടുത്ത ശാരീരിക അക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ജീവൻതന്നെ അപകടത്തിലാവുന്ന സാഹചര്യം പലതവണ അവർക്ക് അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ആൾക്കൂട്ടം വളഞ്ഞുവെയ്ക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഇത്തരം ചില സന്ദർഭങ്ങളെ മറികടക്കുന്നതിന് സഹായം തേടി അയാൾ പോലീസിനെ വിളിച്ചിട്ടുണ്ട്. സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ശുപാർശ നേടിയാണ് മഞ്ചേരിയിലുണ്ടായ സംഘർഷം പരിഹരിക്കുന്നതിന് കഴിഞ്ഞത്.

തെരുവുയോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ മിക്കപ്പോഴും ശ്രോതാക്കളായ ചിലരുടെ രോഷപ്രകടനത്തിന് കലാനാഥനും വിധേയനാവേണ്ടിവന്നിട്ടുണ്ട്. എന്നാൽ അവയൊന്നും ശാരീരിക ആക്രമണത്തിലേയ്ക്ക് വളർന്നില്ല. ഇതിന്നു പ്രധാന കാരണം അയാൾ സൂക്ഷിച്ച സഹിഷ്ണുതയും വിമർശനത്തിലെ ജനാധിപത്യവുമായിരുന്നു എന്നുറപ്പാണ്. യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച ഒരു വിശദീകരണയോഗത്തിലേയ്ക്ക് ചിലർ പ്രതിഷേധവുമായി എത്തി. സംഘം ചേർന്നുള്ള അവരുടെ കയ്യേറ്റം മൂലം ആ പരിപാടി അവിടെവെച്ച് അവസാനിപ്പിക്കേണ്ടി വന്നു. മുസ്ലിം ശരിയത്തുമായി ബന്ധമുള്ള ചില പരാമർശങ്ങളാണ് അവിടെ ചിലരെ പ്രകോപിച്ചത്. കലാനാഥൻ പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്ക് അവർ പിടിച്ചുവാങ്ങി. കയ്യേറ്റം ചെയ്യാനുള്ള ശ്രമം സംഘാടകർ വിഫലമാക്കി. യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ ഈ അക്രമത്തിനെതിരെ ടൗണിലൂടെ പ്രതിഷേധ പ്രകടനവും നടത്തിയതിനു ശേഷമാണ് അവിടെ നിന്നും തിരികെപ്പോന്നത്.

യുക്തിവാദവും മാർക്സിസവുമായി ബന്ധപ്പെട്ട സംശയങ്ങൾ കലാനാഥൻ പാർട്ടി സെക്രട്ടറിമാരുടെ മുന്നിൽ അവസരം കിട്ടുമ്പോഴെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ടും എഴുത്തു മുഖേനയും ഇ.എം.എസ്​, ഇ.കെ. നായനാർ, വി.എസ്​. അച്ചുതാനന്ദൻ തുടങ്ങിയ പാർട്ടി സെക്രട്ടറിമാർക്ക് മുന്നിൽ ചോദ്യങ്ങൾ ചോദിച്ചു.
യുക്തിവാദവും മാർക്സിസവുമായി ബന്ധപ്പെട്ട സംശയങ്ങൾ കലാനാഥൻ പാർട്ടി സെക്രട്ടറിമാരുടെ മുന്നിൽ അവസരം കിട്ടുമ്പോഴെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ടും എഴുത്തു മുഖേനയും ഇ.എം.എസ്​, ഇ.കെ. നായനാർ, വി.എസ്​. അച്ചുതാനന്ദൻ തുടങ്ങിയ പാർട്ടി സെക്രട്ടറിമാർക്ക് മുന്നിൽ ചോദ്യങ്ങൾ ചോദിച്ചു.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രസമ്പത്തുമായി ബന്ധപ്പെട്ട യുക്തിവാദി സംഘത്തിന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയർത്തി സംഘടനകൾ രംഗത്തുവന്നു. വാർത്താ സമ്മേളനങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും നിലപാടുകൾ യുക്തിവാദികൾ നിരന്തരം ജനങ്ങളിലെത്തിച്ചു. അവരെ ഇത് ശരിയ്ക്കും പ്രകോപിപ്പിച്ചു. വള്ളിക്കുന്നിലെ കലാനാഥന്റെ വസതിയ്ക്കു നേരെയുള്ള കല്ലറിൽ ഒതുങ്ങിയ ഒരു പ്രതിഷേധമായി അവർക്കിത് അവസാനിപ്പിക്കേണ്ടി വന്നു. ക്ഷേത്രസ്വത്ത് ജനങ്ങളുടെ സമ്പത്തായി പരിഗണിച്ച് രാജ്യത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കണമെന്ന അവരുടെ അഭിപ്രായത്തെ ഖണ്ഡിക്കാൻ അക്രമമല്ലാതെ മറ്റ് മാർഗ്ഗമൊന്നും അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഇവിടെയെല്ലാം വ്യകതിപരമായി തുണയായത് അയാളുടെ രാഷ്ട്രീയ ബന്ധമാണ്. സി പി ഐ- എമ്മുമായുള്ള വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും പാർട്ടി തനിക്കുചുറ്റും സുരക്ഷയുടെ ഒരു അദൃശ്യമതിൽ പണിതിരുന്നുവെന്ന് കലാനാഥൻ വിശ്വസിച്ചു. മറ്റു പാർട്ടികളിലെ അണികളും കലാനാഥനെതിരായ ശാരീരികാക്രമത്തെ അനുകൂലിച്ചില്ല. വള്ളിക്കുന്നിലെ ജനങ്ങൾ പൊതുവെ കലാനാഥന്റെ തകർച്ചയോ അന്ത്യമോ ഒരിക്കലും ആഗ്രഹിച്ചില്ല.

പാർട്ടിയുമായുള്ള കലാനാഥന്റെ ബാന്ധവം യുക്തിവാദ സംഘടനക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ നേരിട്ടുള്ള വിമർശനങ്ങൾ ഭൂരിഭാഗവും ഒഴിവാക്കി. കേരളത്തിലെ യുക്തിവാദത്തെ പാർട്ടിയുടെ തൊഴുത്തിൽ തളച്ചു എന്നാണ് രഹസ്യമായെങ്കിലും ചിലർ പരിതപിച്ചത്. എന്നാൽ ഈ വിമർശനമൊന്നും കലാനാഥനെ വ്യക്തിപരമായി സങ്കടപ്പെടുത്തിയില്ല. പാർട്ടിയിൽ നിന്നും യുക്തിവാദത്തെ സംബന്ധിച്ച ആവലാതികൾ ഉയർന്നപ്പോൾ കൈക്കൊണ്ട സമാനനിലപാട് തന്നെയാണ് ഇവിടെയും കലാനാഥൻ സ്വീകരിച്ചത്.

എന്നാൽ യുക്തിവാദി പ്രസംഗത്തിലെ അസ്വസ്​ഥതകൾ അയാളെ ശരിയ്ക്കും പ്രയാസപ്പെടുത്തി. സംഘടനയിലുണ്ടായ വിയോജിപ്പുകൾ ശമിപ്പിക്കുന്നതിനു ശ്രമങ്ങൾ പലപ്പോഴും വിഫലമായി. ഓരോ നേതാവും അവരുടെ വലയത്തിൽ ശാഖകൾ വിടർത്തുകയും പുഷ്പിക്കുകയും ചെയ്തു. പരസ്​പര ഐക്യത്തോടെ മുന്നോട്ടു പോവാനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ യുകതിവാദ സംഘടനകൾ പരാജയപ്പെട്ടു.

എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയ യുവനേതാക്കൾ കലാനാഥന്റെ വാദങ്ങളെ രഹസ്യമായി പിന്തുണച്ചെങ്കിലും നേതൃനിരയ്ക്ക് ശല്യമുണ്ടാക്കുന്ന നിലപാടുകൾ പരസ്യപ്പെടുത്താൻ തയ്യാറായില്ല.

കലാനാഥനും പാർട്ടിയും തമ്മിൽ

പാർലമെൻ്ററി വഴി തെരഞ്ഞെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുക്തിവാദവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളിൽനിന്ന് തലയൂരാനാണ് മിക്കപ്പോഴും ശ്രമിച്ചത്. പാർട്ടിയുടെ താത്വികാചാര്യനായി നിറഞ്ഞുനിന്ന ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ഒരിക്കലും ഈ വിഷയത്തിൽ പ്രത്യയശാസ്​ത്രാധിഷ്ഠിതമായ നിലപാട് അസന്നിഗ്ധമായി വിളംബരം ചെയ്തില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് വിഘടിച്ചുപോന്ന സി പി ഐ (എം) സംസ്​ഥാനത്താകെ ആരോപണ പ്രത്യാരോപണങ്ങൾ നേരിടേണ്ടിവന്നു. നാസ്​തികരുമായുള്ള ചങ്ങാത്തം പാർട്ടിനേതാക്കളെ ശരിക്കും മൗനികളാക്കി. ഇ.എം.എസ് ഉൾപ്പെടെയുള്ള നേതൃനിരയിലുള്ളവർ മതത്തെയും ദൈവത്തെയും നിരാകരിച്ചുകൊണ്ടാണ് പാർട്ടിയിൽ അംഗമായത്. എന്നാൽ പാർട്ടിപരിപാടികളിൽ യുക്തിവാദത്തെ പടിക്കു പുറത്താണ് നിർത്തിയത്. അംഗങ്ങളുടെ സംശയങ്ങൾക്ക് സന്ദേഹമില്ലാതെ മറുപടി നൽകാൻ നേതൃത്വത്തിനായില്ല. നാസ്​തികചേരിയിൽ മുൻപന്തിയിലുള്ള കലാനാഥനെപ്പോലുള്ള മാർക്സിസ്റ്റുകളുടെ അന്വേഷണത്തിന് തൃപ്തികരമായ ഉത്തരം നൽകാനും അവർക്ക് കഴിഞ്ഞില്ല.

യുക്തിവാദാശയങ്ങൾ നിത്യജീവിതത്തിലും പ്രയോഗിക്കാൻ ശ്രമിച്ചവർക്ക് ഈയവസ്ഥ അശാന്തിയാണ് സമ്മാനിച്ചത്. അതായത് അവരുടെ സംശയ ദുരീകരണം നടന്നില്ല. എന്നുമാത്രമല്ല മത–ജാതി–ദൈവ പക്ഷപാതികളോട് അനുകൂല സമീപനം കൈക്കൊള്ളാൻ ഗൂഢമായ ആലോചനകൾ നടന്നു. തെരഞ്ഞെടുപ്പ് വിജയങ്ങൾ അന്തിമലക്ഷ്യമായതോടെ പ്രത്യയശാസ്​ത്ര നിഷ്കർഷ ഉപേക്ഷിക്കുകയാണ് പാർട്ടി ചെയ്തത്. പ്രാദേശികമായും സംസ്​ഥാന തലത്തിലും ഇത്തരം ഗ്രൂപ്പുകളുടെ താല്പര്യങ്ങൾക്ക് കീഴടങ്ങുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഇത്തരം അനഭിലഷണീയ പ്രവണതകൾ മൂല്യശോഷണത്തിന്റെ മായാത്ത ചിത്രങ്ങളായി പാർട്ടിയെ എക്കാലത്തും വേട്ടയാടി.

പാർട്ടിയെ ധിക്കരിച്ചെന്ന ആക്ഷേപവും പരാതിയുമെല്ലാം പുറപ്പെട്ടത് ചില നിർദ്ദേശങ്ങളുടെ ഫലമായിരുന്നെന്ന് ഉറപ്പായിരുന്നു. ഇ.കെ. നായനാരാണ് ഇവ്വിധം ഒരു മെരുക്കലിന് തന്ത്രങ്ങൾ നിർദ്ദേശിച്ചതെന്ന് വളരെ വൈകിയാണ് കലാനാഥന് മനസ്സിലായത്.
പാർട്ടിയെ ധിക്കരിച്ചെന്ന ആക്ഷേപവും പരാതിയുമെല്ലാം പുറപ്പെട്ടത് ചില നിർദ്ദേശങ്ങളുടെ ഫലമായിരുന്നെന്ന് ഉറപ്പായിരുന്നു. ഇ.കെ. നായനാരാണ് ഇവ്വിധം ഒരു മെരുക്കലിന് തന്ത്രങ്ങൾ നിർദ്ദേശിച്ചതെന്ന് വളരെ വൈകിയാണ് കലാനാഥന് മനസ്സിലായത്.

യുക്തിവാദവും മാർക്സിസവുമായി ബന്ധപ്പെട്ട സംശയങ്ങൾ കലാനാഥൻ പാർട്ടി സെക്രട്ടറിമാരുടെ മുന്നിൽ അവസരം കിട്ടുമ്പോഴെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ടും എഴുത്തു മുഖേനയും ഇ.എം.എസ്​, ഇ.കെ. നായനാർ, വി.എസ്​. അച്ചുതാനന്ദൻ തുടങ്ങിയ പാർട്ടി സെക്രട്ടറിമാർക്ക് മുന്നിൽ ചോദ്യങ്ങൾ ചോദിച്ചു. മതവും രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവത്തിന്റെ അപകടം ചൂണ്ടിക്കാണിച്ചു. ശാസ്​ത്രീയ നിലപാടുകൾ പിന്തുടരേണ്ട സാഹചര്യം വിശദമാക്കാൻ ശ്രമിച്ചു. ഉന്നയിച്ച സന്ദേഹങ്ങൾക്ക് ചിലപ്പോഴെല്ലാം ഇവർ മറുപടി നൽകിയെങ്കിലും അവയൊന്നും പൂർണ്ണമായിരുന്നില്ല.

തത്വശാസ്​ത്രം എന്ന നിലയിൽ യുക്തിവാദത്തിന് മാർകിസ്​സ്റ്റ് ചിന്താധാരയിൽ പ്രാധാന്യമുണ്ടെന്ന് നേതാക്കളെല്ലാം അംഗീകരിക്കുന്നു. എന്നാൽ നിലവിലുള്ള കക്ഷിരാഷ്ട്രീയ ബലാബലത്തിൽ മത, ജാതി കൂട്ടങ്ങൾക്ക് വലിയ സ്വാധീനമുണ്ടെന്ന കണ്ടെത്തൽ നയപരമായ സത്യസന്ധത പ്രാബല്യത്തിൽ വരുത്തുന്നതിന് വിഘാതമായി.

തെരഞ്ഞെടുപ്പു വിജയത്തെ ദുർബലമാക്കുന്ന നടപടികൾ സ്വീകരിക്കാൻ പാർട്ടി ഒരിക്കലും തയ്യാറായില്ല. മറുപടികളിൽ ഇ.എം.എസും, നായനാരും, വി.എസും ഈ വിവരം അയാൾക്ക് പലപ്പോഴായി കൈമാറി. എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയ യുവനേതാക്കൾ കലാനാഥന്റെ വാദങ്ങളെ രഹസ്യമായി പിന്തുണച്ചെങ്കിലും നേതൃനിരയ്ക്ക് ശല്യമുണ്ടാക്കുന്ന നിലപാടുകൾ പരസ്യപ്പെടുത്താൻ തയ്യാറായില്ല. മറിച്ചുള്ള മറുപടി പ്രതീക്ഷിച്ചില്ലെങ്കിലും കലാനാഥൻ അത് ആവർത്തിച്ചു. വർഗ്ഗീയ പാർട്ടികളോടുള്ള സമീപനത്തിൽ അയഞ്ഞ നിലപാടുകൾ സ്വീകരിക്കാനുള്ള സാധ്യത തടയുകയെന്ന ഉദ്ദേശ്യമാണ് നിരന്തരമുള്ള കലാനാഥന്റെ സംശയക്കുറിപ്പുകൾക്കുണ്ടായിരുന്നത്. നേതൃത്വത്തെ പ്രത്യയശാസ്​ത്രം ഓർമ്മിപ്പിക്കുകയെന്ന ദൗത്യമാണ് കലാനാഥൻ എഴുത്തുകുത്തുകളിലൂടെ നിർവഹിച്ചത്.

യുക്തിവാദത്തെ പൂർണമായും മാറ്റിനിർത്തി പാർട്ടിയ്ക്ക് കീഴ്പ്പെട്ട് ജീവിക്കണമെന്ന നിർദ്ദേശം ഏരിയ കമ്മിറ്റി സെക്രട്ടറി അഹമ്മദ്കുട്ടി മാഷും ബാലേട്ടനും കലാനാഥനു മുന്നിൽ അവതരിപ്പിച്ചു. പുനരാലോചനയ്ക്കുപോലും തയ്യാറാവാതെ കലാനാഥൻ അവരുടെ ശുപാർശ നിരാകരിച്ചു.

മലബാറിൽ മാത്രമല്ല തെക്കൻ ജില്ലകളിലും യുക്തിവാദവും നാസ്​തികത്വവും കടുത്ത തെറ്റുകളെന്ന നിലയ്ക്ക് തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് പരാതിയായി വന്നതോടെ കലാനാഥനുമേൽ സമ്മർദ്ദം മുറുകി. അയാളുടെ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്​ഥാനവും പഞ്ചായത്ത് പ്രസിഡണ്ടു പദവിയും ചൂണ്ടിക്കാണിച്ചുള്ള എതിർപക്ഷത്തിന്റെ പ്രചാരണത്തെ മറികടക്കാൻ പാർട്ടിക്ക് അയാളെ ബലി നൽകണമായിരുന്നു. ഇക്കാര്യം നേരിട്ട് ആവശ്യപ്പെടാൻ പാർട്ടി നേതൃത്വത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് ഇത് നടപ്പാക്കാൻ വളഞ്ഞ വഴികളാണ് ആവിഷ്കരിക്കപ്പെട്ടത്. പാർട്ടിയെ ധിക്കരിച്ചെന്ന ആക്ഷേപവും പരാതിയുമെല്ലാം പുറപ്പെട്ടത് ചില നിർദ്ദേശങ്ങളുടെ ഫലമായിരുന്നെന്ന് ഉറപ്പായിരുന്നു. ഇ.കെ. നായനാരാണ് ഇവ്വിധം ഒരു മെരുക്കലിന് തന്ത്രങ്ങൾ നിർദ്ദേശിച്ചതെന്ന് വളരെ വൈകിയാണ് കലാനാഥന് മനസ്സിലായത്. വ്യക്തമായ തെളിവുകൾ ഇല്ലാതെയുള്ള നടപടികൾ ആത്മഹത്യാപരമായിരിക്കും എന്ന വിലയിരുത്തലും രഹസ്യമായി നീക്കങ്ങൾക്ക് പാർട്ടിയെ പ്രേരിപ്പിച്ചു. കമ്മിറ്റികളിൽ ചർച്ച നടത്തി തീരുമാനമെടുക്കുകയെന്ന പതിവുരീതി ഉപേക്ഷിച്ചതും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു മുൻകരുതലാണ്.

യുക്തിവാദ പ്രസ്​ഥാനത്തിലെ സഹപ്രവർത്തകരിൽ കലാനാഥന്റെ ശൈലിയോട് വിയോജിപ്പുള്ളവർ യഥേഷ്​ടമുണ്ട്. ജനാധിപത്യ വിശ്വാസവും സമാധാന മമതയും സഹിഷ്ണുതയുമെല്ലാം ന്യൂനതകളായി അയാൾക്കെതിരെ ഉന്നയിക്കുവാൻ അവർക്ക് കഴിഞ്ഞു.
യുക്തിവാദ പ്രസ്​ഥാനത്തിലെ സഹപ്രവർത്തകരിൽ കലാനാഥന്റെ ശൈലിയോട് വിയോജിപ്പുള്ളവർ യഥേഷ്​ടമുണ്ട്. ജനാധിപത്യ വിശ്വാസവും സമാധാന മമതയും സഹിഷ്ണുതയുമെല്ലാം ന്യൂനതകളായി അയാൾക്കെതിരെ ഉന്നയിക്കുവാൻ അവർക്ക് കഴിഞ്ഞു.

സെക്രട്ടറി പദവിയിൽനിന്ന് കലാനാഥനെ മാറ്റിനിർത്തുന്നത് ചർച്ചയാവാതെ സൂക്ഷിക്കുന്നതിൽ പാർട്ടി ഒരു പരിധിവരെ വിജയിച്ചു. കലാനാഥൻ തന്നെയാണ് അതിന് മുഖ്യമായും സംഭാവന നൽകിയത്. പാർട്ടി തീരുമാനം അനുസരിക്കുകയെന്ന മാർക്സിസ്റ്റ് സംഘടനാരീതി പിൻതുടരാനായിരുന്നു കലാനാഥന്റെ നിശ്ചയം. ഇതാണ് പാർട്ടിയെ വിവാദങ്ങളിൽനിന്ന് രക്ഷിച്ചത്. എന്നാൽ രണ്ടാം തീരുമാനം പ്രതികരണരഹിതമായി അവസാനിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

യുക്തിവാദത്തെ പൂർണമായും മാറ്റിനിർത്തി പാർട്ടിയ്ക്ക് കീഴ്പ്പെട്ട് ജീവിക്കണമെന്ന നിർദ്ദേശം ഏരിയ കമ്മിറ്റി സെക്രട്ടറി അഹമ്മദ്കുട്ടി മാഷും ബാലേട്ടനും കലാനാഥനു മുന്നിൽ അവതരിപ്പിച്ചു. പുനരാലോചനയ്ക്കുപോലും തയ്യാറാവാതെ കലാനാഥൻ അവരുടെ ശുപാർശ നിരാകരിച്ചു. അയാളുടെ തീരുമാനത്തെ വ്യക്തിപരമായി ഇരുവരും പിന്തുണച്ചെങ്കിലും പാർട്ടി താല്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. സ്​ഥാനമാനത്തിൽ കലാനാഥൻ ഒട്ടും ഖിന്നനായിരുന്നില്ല. തെരഞ്ഞെടുപ്പു രംഗത്തുനിന്നുള്ള കലാനാഥന്റെ പിന്മാറ്റം വള്ളിക്കുന്നിൽ പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കി. പാർട്ടിയുടെ തീരുമാനമാണ് നടപ്പായതെങ്കിലും അംഗങ്ങളുടെ സംശയങ്ങൾക്ക് അവ്യക്ത മറുപടി നൽകാനേ നേതാക്കൾക്ക് സാധ്യമായുള്ളു. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പുകൾ പല കോണിൽനിന്ന് ഉയർന്നെങ്കിലും മുൻകരുതലെടുക്കാനോ തീരുമാനം പുനഃപരിശോധിക്കാനോ നേതൃത്വം തയ്യാറായില്ല. പ്രാദേശിക നേതൃത്വം താല്പര്യമെടുത്താൽപോലും മാറ്റത്തിനുള്ള അവസരം ഉണ്ടായിരുന്നില്ല. സംസ്​ഥാനതലത്തിൽ ദീർഘനാളായി പാർട്ടി നേരിട്ടിരുന്ന ഉത്തരമില്ലാത്ത ചോദ്യത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു കലാനാഥനെതിരായ നടപടി. മതവിശ്വാസത്തെ എതിർക്കേണ്ടെന്ന പ്രായോഗിക നിലപാടിനെ എതിരാളികൾക്ക് മുന്നിൽ അരക്കിട്ടുറപ്പിക്കാൻ ഈ അവസരം പാർട്ടി ഉപയോഗപ്പെടുത്തി. ദൈവനിഷേധം പാർട്ടി ലൈനല്ലെന്നും നാസ്​തികത്വം പ്രചരിപ്പിക്കാൻ അവസരം ഉണ്ടാക്കില്ലെന്നുമുള്ള പാർട്ടി നിലപാടിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു. ‘അദ്ദേഹം ഞങ്ങൾക്കൊപ്പമില്ല’ എന്ന് പാർട്ടി സംസ്​ഥാന നേതൃത്വം പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങൾ.

പാർട്ടിയോടുള്ള കലാനാഥന്റെ കൂറിനെ ദുർബലമാക്കാൻ ഇതൊന്നും പര്യാപ്തമായില്ല. മാർക്സിസത്തിന്റെ ദുർവ്യാഖ്യാനമാണ് നടന്നതെന്നും പ്രത്യയശാസ്​ത്രപരമായ ശരി ഉൾക്കൊള്ളാൻ പാർട്ടി വരുംകാലങ്ങളിൽ തയ്യാറാവേണ്ടിവരുമെന്നും കലാനാഥൻ ഉറച്ചു വിശ്വസിച്ചു. ഇതിനിടെ പ്രാദേശികമായി കലാനാഥന് അനുകൂലമായ ചില നീക്കങ്ങൾ പാർട്ടി അംഗങ്ങൾകൂടി ഉൾപ്പെടുന്നവർ നടത്തി. ഇവർ പാർട്ടിയെ പരസ്യമായിത്തന്നെ വെല്ലുവിളിക്കാൻ ഒരുക്കവുമായിരുന്നു. കലാനാഥന്റെ സ്​ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ലോക്കൽ കമ്മിറ്റി അംഗമായ പട്ടയിൽ മാധവന്റെ നേതൃത്വത്തിൽ ഒരു സംഘം പാർട്ടി അനുകൂലികൾ തെരഞ്ഞെടുപ്പിൽ വിമതസ്​ഥാനാർത്ഥിയായ മത്സരിക്കാൻ ആവശ്യപ്പെട്ട് കലാനാഥന്റെ വീട്ടിലെത്തി. അവർ അയാളെ അക്ഷരാർത്ഥത്തിൽ നിർബന്ധിച്ചു. എന്നാൽ കലാനാഥൻ അതിനും വഴങ്ങിയില്ല. പിന്തുണയായി വസതിക്കുമുന്നിലെത്തിയവർക്ക് ഇത് പ്രയാസമുണ്ടാക്കിയെങ്കിലും പാർട്ടിയോടുള്ള നിലപാടിൽ കലാനാഥന് മാറ്റമുണ്ടായില്ല.

സംസ്​ഥാനതലത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ നിന്നുള്ള താൽക്കാലിക രക്ഷപ്പെടൽ അവർക്ക് ആശ്വാസം നൽകട്ടെയെന്ന ലോലമായ ചിന്തയേ ആ ഘട്ടത്തിൽ ഉണ്ടായിരുന്നുള്ളു. പാർട്ടിക്കെതിരെ കലാപത്തിന് ഇറങ്ങേണ്ടെന്ന സമീപനം തെല്ലൊന്നുമല്ല അവരെ സന്തോഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കലാനാഥന്റെ പങ്ക് വലിയ തോതിലൊന്നും അവർ ആവശ്യപ്പെട്ടില്ല. എന്നാൽ വള്ളിക്കുന്നിലാകെ പാർട്ടിക്കും മുന്നണിക്കും കലാനാഥന്റെ അസാന്നിധ്യം ഗുരുതര പ്രശ്നങ്ങളുണ്ടാക്കി. വിവിധ വാർഡുകളിലെ സാധാരണ സമ്മതിദായകർ ഇടതുമുന്നണി പ്രചാരകരോട് വിശദീകരണം ആവശ്യപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി. പാർട്ടി വള്ളിക്കുന്നിൽ ശരിക്കും പ്രതിരോധത്തിലായി. പ്രതീക്ഷിച്ചതിലേറെ പിന്തുണ ഐക്യമുന്നണിക്ക് നൽകിയാണ് വള്ളിക്കുന്നിലെ വോട്ടർമാർ ഈ വിഷയത്തോട് പ്രതികരിച്ചത്. കോൺഗ്രസിനും സഖ്യകക്ഷികൾക്ക് അവർ കരുതിയതിൽ കൂടുതൽ സീറ്റും ഭൂരിപക്ഷവും കിട്ടി. വള്ളിക്കുന്നിലെ അയാളുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായി വിശേഷിപ്പിച്ചിരുന്ന വാസുമാസ്റ്റർ തന്റെ തട്ടകം തിരികെപ്പിടിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരികെയെത്തി.

(എം.കെ. രാംദാസ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന യു. കലാനാഥന്റെ ജീവചരിത്രത്തിൽനിന്നുള്ള ഭാഗങ്ങൾ)


Summary: Kerala Yukthivadi Sangham leader and rationalist U Kalanathan's life and ideology, writing from MK Ramdas's biography.


എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments