സമീപകാലത്ത് സ്ഥാപനമതങ്ങളും മതമേലധികാരികളും ഇടതുരാഷ്ട്രീയത്തോടു പുലർത്തുന്ന വിയോജിപ്പുകളുടെ അടിസ്ഥാനമാകുന്നത് കുടുംബം, സ്ത്രീ വിദ്യാഭ്യാസം, മുതലാളിത്തം, ശാസ്ത്രബോധം, വ്യക്തിചിന്ത, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ മാർക്‌സിയൻ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളാണെന്നു കാണാം. / Photo: Wikimedia Commons

മതങ്ങൾ പെണ്ണുങ്ങളെ ഭയക്കുന്നു, ഇടതുപക്ഷത്തെയും ഭയക്കുന്നു

കമ്യൂണിസത്തിനെതിരെ നിലപാടെടുക്കണമെന്ന സമസ്തയുടെ ആഹ്വാനം, മുസ്‌ലിം വിഭാഗത്തിനകത്ത് കമ്യൂണിസ്റ്റ് പാർട്ടി നേടിയെടുക്കുന്ന സ്വാധീനത്തെ പരിഗണിച്ചുകൊണ്ടുള്ള നിലപാടു മാത്രമല്ല. അടുത്തകാലത്തായി ലീഗിന്റെ വനിതാ വിദ്യാർത്ഥി വിഭാഗമായ ‘ഹരിത’ ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൂടി ഈ ക്യാമ്പയിന്റെ രാഷ്ട്രീയം മനസ്സിലാക്കേണ്ടതുണ്ട്.

Religious suffering is, at one and the same time, the expression of real suffering and protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people. - Karl Marx

തത്തെ സംബന്ധിച്ച് കാൾ മാർക്‌സ് നടത്തിയ പ്രധാന നിരീക്ഷണങ്ങളിലൊന്നാണ് മുകളിൽ സൂചിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടതുപക്ഷത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന പുതിയകാലത്ത് മതത്തെ ഇടതുപക്ഷം എങ്ങനെ സമീപിക്കുന്നുവെന്ന ആലോചനയ്ക്ക് പ്രസക്തിയുണ്ട്.

മാനവരാശിയെക്കുറിച്ച് മാർക്‌സിനോളം ആകുലപ്പെട്ട അധികം പേർ മനുഷ്യചരിത്രത്തിലില്ല. മതം മാർക്‌സിനെ സംബന്ധിച്ച് നാനാതരം മനുഷ്യവ്യവഹാരങ്ങളിലൊന്നുമാത്രമായിരുന്നു. എന്നാൽ മതം എന്ന സ്ഥാപനം ലോകത്തെ കണ്ടത്, അതിമാനുഷികമായ ശക്തിയുടെ - ദൈവത്തിന്റെ - നിയന്ത്രണത്തിൻ കീഴിൽ രൂപപ്പെടുന്ന വ്യവസ്ഥയായിട്ടാണ്. അതുകൊണ്ടുതന്നെ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരേയും പ്രപഞ്ചത്തേയും വിശദീകരിക്കുകയാണ് മതത്തിന്റെ അടിസ്ഥാനതാത്പര്യമായിരുന്നത്. ആ നിലയിൽ നോക്കുമ്പോൾ, അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ നെടുവീർപ്പാണ് മതം എന്ന മാർക്‌സിന്റെ കാഴ്ചപ്പാട് ദൈവശാസ്ത്രത്തിൽ നിന്ന് ഭിന്നമായ ഭൗതികമായ അടിസ്ഥാനം മതത്തിന് കല്പിക്കുന്നുണ്ട്. മതത്തിന്റെ വിപരീത സ്ഥാനമായി മാർക്‌സിസത്തെ സ്ഥാനപ്പെടുത്തുതിന്റെ യുക്തിയും മറ്റൊന്നല്ല.

മതത്തെ സംബന്ധിച്ച് അധികമൊന്നും മാർക്‌സ് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുദീർഘമായ രചനകളിൽ ആനുഷംഗികമായ ചില പരാമർശങ്ങൾ മാത്രമാണ് മതത്തെക്കുറിച്ചുള്ളത്. നിരീശ്വരവാദികളെപോലെ വിമർശനങ്ങളുടെ കേന്ദ്രത്തിൽ മതത്തെ പ്രതിഷ്ഠിച്ച് എല്ലാ ചർച്ചകളും മതത്തിലേക്ക് കേന്ദ്രീകരിക്കുന്ന രീതി അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. മറിച്ച് സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചർച്ചകളിൽ സാമൂഹ്യസ്ഥാപനമെന്ന നിലയിൽ മതവും കടന്നു വരുന്നുണ്ട്.

നിരീശ്വരവാദികളെപോലെ വിമർശനങ്ങളുടെ കേന്ദ്രത്തിൽ മതത്തെ പ്രതിഷ്ഠിച്ച് എല്ലാ ചർച്ചകളും മതത്തിലേക്ക് കേന്ദ്രീകരിക്കുന്ന രീതി മാർക്സിന് സ്വീകാര്യമായിരുന്നില്ല / Photo: Wikimedia Commons

സാമൂഹ്യസ്ഥാപനമെന്ന നിലയിൽ എങ്ങനെയാണ് മതം പ്രവർത്തിക്കുന്നതെന്നു വെളിപ്പെടുത്തുകയാണ് മാർക്‌സ് ചെയ്തത്. പ്രത്യയശാസ്ത്രം എന്ന നിലയിൽ മാർക്‌സിസം ലക്ഷ്യം വയ്ക്കുന്ന സാമൂഹ്യമാറ്റത്തെ തടസപ്പെടുത്തുകയോ വൈകിക്കുകയോ ചെയ്യാൻ മതം കാരണമായിത്തീരുന്നുണ്ട് എന്നതാണ് മതത്തെക്കുറിച്ചുള്ള മാർക്‌സിയൻ വിമർശനങ്ങളുടെ കാതൽ. കാരണം, മതം മാർക്‌സിനെ സംബന്ധിച്ച് യാഥാർത്ഥ്യമല്ല. നിരാലംബരമായ, മർദ്ദിതരായ മനുഷ്യർ അനുഭവിക്കുന്ന മിഥ്യയായ ആനന്ദമാണ്. അതുകൊണ്ടുതന്നെ സാമൂഹത്തിലെ ശ്രേണീക്രമങ്ങളും അതിലൂടെ രൂപപ്പെടുന്ന സമൂഹ്യമർദ്ദനങ്ങളും അവസാനിക്കുന്നതോടുകൂടി, ഇത്തരം മിഥ്യാനന്ദങ്ങളിൽ നിന്നും മനുഷ്യർ വിമോചിപ്പിക്കപ്പെടുമെന്ന് മാർക്‌സ് കരുതി.

ഇനിയും സ്വയം കണ്ടെത്താത്തവരോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവരോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം. എന്നാൽ ലോകത്തിനു പുറത്ത് തമ്പടിച്ചിട്ടുള്ള അമൂർത്ത ജീവിയല്ല മനുഷ്യൻ. മാനവലോകമാണ്, ഭരണകൂടമാണ് , സമൂഹമാണ് മനുഷ്യൻ. ഈ ഭരണകൂടം തലകുത്തി നിർത്തപ്പെട്ട ലോകബോധമായ മതത്തെ സൃഷ്ടിക്കുന്നത് അത് സ്വയം തന്നെ തലകുത്തി നിർത്തപ്പെട്ട ഒരു ലോകമായതു കൊണ്ടാണ്... മതത്തിനെതിരായ പോരാട്ടമെന്നത് മതമെന്ന ആത്മീയ പരിമളത്തോടുകൂടിയ ആ ലോകത്തിനുകൂടി എതിരായ പരോക്ഷമായ പോരാട്ടമാണ്.

സ്വതന്ത്രവ്യക്തിയെ / കർതൃത്വമുള്ള സ്ത്രീയെ സ്ഥാപനമതങ്ങൾ ഭയക്കുന്നുണ്ട്. ഈ ഭീതിയാണ് യാഥാർത്ഥത്തിൽ സ്വതന്ത്ര ലിബറൽ ചിന്തകൾക്കും പുരോഗമനമൂല്യങ്ങൾക്കും ഇടതുപക്ഷത്തിനുമെതിരായ ക്യാമ്പയ്‌നുകളായി രൂപമാർജ്ജിക്കുന്നത്.

ഹെഗലിന്റെ നിയമ തത്വചിന്തയുടെ വിമർശനത്തിൽ നടത്തുന്ന മേൽപ്പറഞ്ഞ നീരീക്ഷണങ്ങൾ മതത്തിനെതിരായ സമരമെന്നത് മതം സൃഷ്ടിച്ച സാമൂഹ്യാവസ്ഥക്കെതിരായ സമരമാണെന്ന സൂചന നൽകുന്നുണ്ട്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ( .... it is the opium of the people) എന്ന മാർക്‌സിന്റെ പ്രസ്താവന ഏറെ ആശയക്കുഴപ്പങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട്. ജർമൻ ഭാഷയിൽ Die Religion ist das Opium des Volkesis എന്നാണ് അദ്ദേഹം എഴുതിയത്. ഇവിടെ കറുപ്പ് എന്നത് വേദനകൾ അനുഭവിക്കുന്ന മനുഷ്യർക്കു താത്ക്കാലികമായ മയക്കം നൽകുന്ന വേദനസംഹാരിയെന്ന അർത്ഥത്തിലാണ് മാർക്‌സ് ഉപയോഗിക്കുന്നത്. അതിനർത്ഥം മതത്തെ അദ്ദേഹം സിദ്ധൗഷധമായി പരിഗണിച്ചുവെന്നല്ല. മനുഷ്യരുടെ വേദനകൾക്കും പ്രശ്‌നങ്ങൾക്കും താൽക്കാലികമായി മാത്രം ആശ്വാസവും മോചനവും നൽകുന്ന, രോഗത്തിന് ശാശ്വതമായ പരിഹാരം നൽകാൻ കെൽപ്പില്ലാത്ത ഒന്നാണ് മാർക്‌സിന്റെ കാഴ്ച്ചപ്പാടിൽ മതം. അതേസമയം മതം നിരവധി പേർക്ക് താൽകാലികമായ അഭയസ്ഥാനവും ആശ്രയകേന്ദ്രവും വേദനാസംഹാരിയുമാകുന്നുണ്ടെന്ന വസ്തുതയെ അദ്ദേഹം നിഷേധിച്ചില്ല. ചരിത്രബന്ധങ്ങൾക്കകത്തു ജനിച്ചു വീഴുന്ന മനുഷ്യരിൽ സ്വാഭാവികമായും വന്നു ചേരുന്ന നിരവധി സാമൂഹ്യബലങ്ങളിൽ ഒന്നു മാത്രമാണത്.

മനുഷ്യരുടെ വേദനകൾക്കും പ്രശ്‌നങ്ങൾക്കും ശാശ്വതമായ പരിഹാരം നൽകാൻ കെൽപ്പില്ലാത്ത ഒന്നാണ് മാർക്‌സിന്റെ കാഴ്ച്ചപ്പാടിൽ മതം. അതേസമയം മതം നിരവധി പേർക്ക് താൽകാലികമായ അഭയസ്ഥാനവും ആശ്രയകേന്ദ്രവും വേദനാസംഹാരിയുമാകുന്നുണ്ടെന്ന വസ്തുതയെ അദ്ദേഹം നിഷേധിച്ചില്ല. / Photo: Muhammed Fasil

സ്ഥാപനവൽക്കരിക്കപ്പെട്ട മതം എങ്ങനെയാണ് ചൂഷകരോട് ചേർന്നു നിൽക്കുന്നതെന്ന് മാർക്‌സ് കൃത്യമായി മനസിലാക്കിയിരുന്നു. ക്രിസ്തുമതവും ഇസ്​ലാമും ബുദ്ധമതവുമെല്ലാം അതാതു പ്രദേശങ്ങളിൽ നിലനിന്നിരുന്ന അധീശശക്തികൾക്കെതിരായ കലാപമായിരുന്നു എന്ന വസ്തുത മാർക്‌സും മാർക്‌സിസ്റ്റുകളും പൊതുവെ തമസ്‌ക്കരിക്കുന്നു എന്നു വിമർശനമുണ്ടായിട്ടുണ്ട്. ഇത് വസ്തുതയല്ല. ചരിത്രബന്ധങ്ങൾക്കകത്ത് മതം എന്ന സ്ഥാപനം എങ്ങനെ പ്രവർത്തിച്ചുവെന്നാണ് മാർക്‌സ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. മതം തന്റെ വിമർശന പദ്ധതിയുടെ താത്പര്യമല്ലാത്തതുകൊണ്ടു തന്നെ ദൈവശാസ്ത്രപരമായ പ്രശ്‌നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തില്ല. മൂർത്തമായ പ്രശ്‌നങ്ങളിലായിരുന്നു മാർക്‌സിന്റെ ശ്രദ്ധ. യാഥാസ്ഥിതികത്വത്തിനെതിരെ ഉയർന്നു വന്ന പ്രൊട്ടസ്റ്റൻറ്​ മതവിഭാഗത്തെക്കുറിച്ചുള്ള മാർക്‌സിന്റെ വീക്ഷണം ഇതിനു തെളിവാണ്.

പൗരോഹിത്യത്തിലും ആൺകോയ്മയിലും അധിഷ്ഠിതമായ മതസ്ഥാപനത്തിന്റെ ചട്ടക്കൂടിനെ പൊളിക്കാനുള്ള ശേഷി ‘ഹരിത’ ഉയർത്തുന്ന പ്രതിഷേധത്തിന്റെ ഉള്ളടരുകളിലുണ്ടെന്നു സാരം

ആദ്യകാല മുതലാളിത്തം വികസിച്ചപ്പോഴുണ്ടായ പുതിയ സാമ്പത്തിക ബന്ധങ്ങളുടെ ഉത്പന്നമായാണ് മാർക്‌സ് പ്രൊട്ടസ്റ്റൻറ്​ പ്രസ്ഥാനങ്ങളെ കണ്ടത്. പുതിയ സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്ക് പുതിയൊരു മതഘടനയും ആവശ്യമായി വരും. അതിലൂടെയാണ് പുതുതായി രൂപപ്പെട്ടുവരുന്ന സാമ്പത്തികബന്ധങ്ങളെ അവ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നത്. മാർട്ടിൻ ലൂഥറിന്റെ മതം വ്യക്തിയുടെ ദൈവാധികാരത്തിനു വേണ്ടി വാദിച്ചുവെന്നത് വസ്തുതയാണെങ്കിലും പ്രഭുത്വത്തിനെതിരെ പോരാടിയ കർഷകരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായിരുന്നുവെന്ന് മാർക്‌സ് മനസിലാക്കിയിരുന്നു. മതത്തിന്റെ ഈ വിരുദ്ധ സ്വാഭാവത്തെയാണ് മാർക്‌സിസ്റ്റുകൾ അഭിസംബോധന ചെയ്യുന്നത്. സ്ഥാപനവത്കരിക്കപ്പെട്ട മതസംവിധാനങ്ങളിൽ ഇടതുപക്ഷമുണ്ടാക്കുന്ന അസ്വസ്ഥതയും മറ്റൊന്നല്ല.
ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിലേക്കു വന്നാൽ, ഹിന്ദുത്വം രൂപപ്പെടുത്തുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ബോധ്യങ്ങൾ കോർപറേറ്റുകൾക്ക് വലിയ തോതിൽ സംരക്ഷണമൊരുക്കുന്നുണ്ടെന്നു കാണാം. യോഗയും പ്രാചീന ചികിത്സാപദ്ധതികളും രാമജന്മത്തെക്കുറിച്ചുള്ള ഐതിഹ്യകഥകളും മുൻനിർത്തി സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ മയക്കുകയും അതുവഴി കോർപറേറ്റ് താൽപര്യങ്ങൾ നടപ്പാക്കുകയുമാണ് ഹിന്ദുത്വ ഭരണകൂടം ചെയ്യുന്നത്. ഹിന്ദുത്വം ഉൾപ്പെടെയുളള ആഗോള മതതീവ്രവാദ പ്രസ്ഥാനങ്ങൾ മുതലാളിത്ത താത്പര്യങ്ങളുമായി വച്ചു പുലർത്തുന്ന ചങ്ങാത്തം അനുദിനം നമ്മൾ കാണുന്നതുമാണ്.

ഹരിദ്വാറിലെ പതഞ്ജലി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നരേന്ദ്ര മോദി (2017) / Photo: Twitter, PMO

ഇത്തരത്തിൽ, മതം ചൂഷണങ്ങൾക്കുള്ള ഉപാധിയായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് ഇടതുരാഷ്ട്രീയത്തിന്റെ മതവിമർശനത്തിന് അടിസ്ഥാനം. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മതബോധനങ്ങൾ ‘സന്മാർഗ' ജീവിതത്തിന് മനുഷ്യരെ പ്രേരിപ്പിക്കുന്നുവെന്നാണ് പൗരോഹിത്യം അവകാശപ്പെടുന്നത്. സന്മാർഗം എന്ന സങ്കല്പനത്തോട് വിമർശനാത്മകമായിരിക്കുമ്പോൾ തന്നെ സത്യം, സ്‌നേഹം, ദയ, കരുണ, ത്യാഗം, സേവന സന്നദ്ധത തുടങ്ങിയ മാനുഷിക മൂല്യങ്ങളെ മതത്തിന്റെ ധാർമിക പ്രേരണയായി കാണുന്നതിനെ ഇടതുരാഷ്ട്രീയം എതിർക്കുന്നില്ല. അതേസമയം, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വാഗ്ദാനം ചൂഷണങ്ങളോടു പ്രതികരിക്കുന്നതിൽ നിന്ന് മനുഷ്യരെ പിൻതിരിപ്പിക്കുകയോ ചൂഷണത്തിനുള്ള ഉപാധിയായി മാറ്റിത്തീർക്കുകയോ ചെയ്യുന്നതിനെ തടസ്സപ്പെടുത്തേണ്ടുന്ന ബാധ്യതയും ഇടതുപക്ഷത്തിനുണ്ട്. സ്വർഗ്ഗം ദരിദ്രർക്കുള്ളതാണെന്നും സമ്പന്നന്റെ സ്വർഗപ്രവേശം ദുഷ്‌ക്കരമാണെന്നുമുള്ള നിരവധി ഉത്‌ബോധനങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലും കാണാം. ദാരിദ്ര്യത്തിന്റെ ഈ മഹത്വവത്കരണം, ദുഷ്‌കരമായ ജീവിത യാഥാർത്ഥ്യത്തെ മറകടക്കുന്നതിൽ താത്കാലികമായ ആശ്വാസം മനുഷ്യർക്കു നൽകുന്നുണ്ടെന്നു കരുതാമെങ്കിലും ഇത്, ദാരിദ്ര്യത്തിനുള്ള പരിഹാരമോ ചൂഷണത്തിനുള്ള സാധൂകരണമോ ആകുന്നില്ലെന്ന് ഉറപ്പിച്ചു പറയാനുള്ള ബാധ്യതയാണ് ഇടതു രാഷ്ട്രീയം ഏറ്റെടുത്തിട്ടുള്ളത്, ഏറ്റെടുക്കേണ്ടത്.

സ്ഥാപനമതങ്ങളും മതമേലധികാരികളും ഇടതുരാഷ്ട്രീയത്തോടു പുലർത്തുന്ന വിയോജിപ്പുകളുടെ അടിസ്ഥാനം; കുടുംബം, സ്ത്രീ വിദ്യാഭ്യാസം, മുതലാളിത്തം, ശാസ്ത്രബോധം, വ്യക്തിചിന്ത, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ മാർക്‌സിയൻ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളാണ്​

പുതിയകാലത്ത്, സാമ്പത്തിക അസമത്വങ്ങളെ മുൻനിർത്തി മാത്രമല്ല, സാമൂഹ്യബന്ധങ്ങളിലെ മേൽക്കോയ്മകളെ മുൻനിർത്തിയും ഇടതുരാഷ്ട്രീയത്തിന് സ്ഥാപനമതവുമായി വിയോജിക്കേണ്ടതുണ്ട്. ജാതി, ലിംഗം തുടങ്ങിയ ഘടകങ്ങളെ മുൻത്തിയുള്ള സാമൂഹ്യക്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഈ വിമർശനങ്ങൾക്ക് പ്രസക്തിയുണ്ട്. ക്രിസ്ത്യൻ ജനസമൂഹങ്ങൾ ധാരാളമായി ജീവിക്കുന്ന രാജ്യങ്ങളിലെ ഗർഭഛിദ്ര നിരോധന നിയമങ്ങൾക്കെതിരെ നവമാർക്‌സിസ്റ്റുകൾ സ്വീകരിക്കുന്ന വിയോജിപ്പുകളെ ഈ നിലയിലാണ് പരിഗണിക്കേണ്ടത്. സമീപകാലത്ത് സ്ഥാപനമതങ്ങളും മതമേലധികാരികളും ഇടതുരാഷ്ട്രീയത്തോടു പുലർത്തുന്ന വിയോജിപ്പുകളുടെ അടിസ്ഥാനമാകുന്നത് കുടുംബം, സ്ത്രീ വിദ്യാഭ്യാസം, മുതലാളിത്തം, ശാസ്ത്രബോധം, വ്യക്തിചിന്ത, ലിംഗനീതി തുടങ്ങിയ വിഷയങ്ങളിൽ മാർക്‌സിയൻ രീതിശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന പുരോഗമനപരമായ കാഴ്ചപ്പാടുകളാണെന്നു കാണാം. കേരളത്തിൽ ഇപ്പോൾ ഉയരുന്ന കമ്യൂണിസ്റ്റുവിരുദ്ധ മത ക്യാമ്പയ്‌നുകളുടേയും അടിസ്ഥാനം ഇതുതന്നെയാണ്.

മതം, കുടുംബം, ഇടതുപക്ഷം

യാഥാസ്ഥിതികമായ മതമൂല്യങ്ങൾ ഏറെ സ്വാധീനിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് കുടുംബം. യാഥാസ്ഥിതികമൂല്യങ്ങളുടെ കൈമാറ്റത്തിലൂടെ സ്ഥിരമായി നിൽക്കുന്ന ഘടനയാണ് ഇരുസ്ഥാപനങ്ങൾക്കുമുള്ളത്. പാരമ്പര്യത്തോടും ആചാര വിശ്വാസങ്ങളോടുമുള്ള അനുഭാവം, പുരുഷാധിപത്യ ഘടന, ഇതര മതങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും അപരവത്കരിച്ച്​ സ്വമതത്തെ സ്ഥാപിക്കുന്ന രീതി, പുരോഗമന മൂല്യങ്ങൾ സ്വീകരിക്കുന്നതിൽ കാണിക്കുന്ന വിമുഖത തുടങ്ങി യാഥാസ്ഥിതിക മതഘടനയുടെ അടിസ്ഥാന താത്പര്യങ്ങൾ മുഴുവൻ, കുടുംബ സംവിധാനങ്ങൾക്കകത്തും ഏറിയും കുറഞ്ഞും പ്രകടമാണ്. പരസ്പരം പൂരിപ്പിച്ചുകൊണ്ടുള്ള ഈ നില സ്ത്രീകൾക്കുമേലുള്ള പരമാധികാരമായി പരിണമിക്കുകയാണു പതിവ്. അഥവാ, മതത്തെ - അതിന്റെ യാഥാസ്ഥിതികമായ ഘടനയെ - കൂട്ടുപിടിച്ചുകൊണ്ടാണ് (പുരുഷാധിപത്യ) കുടുംബങ്ങൾ സ്ത്രീകൾക്കുമേൽ അവകാശാധികാരങ്ങൾ സ്ഥാപിക്കുന്നത്.
സ്ത്രീ - പുരുഷ കാമനകളെ അടിച്ചമർത്തികൊണ്ടും സ്ത്രീ ശരീരത്തെ പവിത്രവത്കരിച്ചുകൊണ്ടുമാണ് കുടുംബത്തിനകത്തും, ഒരു പടി കൂടി കടന്ന്, സമൂഹജീവിതത്തിലും മതം പ്രവർത്തിക്കുന്നത്. പുരുഷന് സ്വതന്ത്ര കർതൃത്വമനുവദിക്കുകയും സ്ത്രീയെ പുരുഷന്റെ/മതത്തിന്റെ ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിക്കുന്ന ശരീരമായി പരിഗണിക്കുകയുമാണ് പലകാലങ്ങളിലും മതങ്ങൾ ചെയ്തത്. മതമൂല്യങ്ങളെ തലമുറകളിലേക്കു കൈമാറുന്ന വാഹകരെന്ന നിലയും മതബന്ധങ്ങൾക്കകത്ത് സ്ത്രീകൾക്കുണ്ട്. മൂല്യവ്യവസ്ഥയുടെ ഈയൊരു കൈമാറ്റമാണ് മതത്തിന്റെ ഘടനയെ ഉറച്ചതാക്കി നിലനിർത്തുന്നത്.

കെ.എം. മൗലവി

മുസ്​ലിം സ്ത്രീയുടെയുടെ വിദ്യാഭ്യാസത്തെപ്പറ്റി കെ.എം മൗലവി എഴുതുന്നത് നോക്കുക: ‘‘ഒരു സ്ത്രീക്കുള്ള ഏറ്റവും ഉൽകൃഷ്ടമായ ഗുണം അവൾ ആന്തരമായും ബാഹ്യമായും ശുദ്ധിയുള്ളവളും പതിവ്രയും ആയിരിക്കുക എന്നുള്ളതാകുന്നു. പിന്നെ അവൾ അവളുടെ ഭർത്താവിന്റെ അവകാശങ്ങളെ പാലിക്കുന്നവളായിരിക്കണം. ഇതാണ് ഏറ്റവും പ്രധാനവും പ്രഥമവുമായി ഒരു സ്ത്രീയിൽ ഉണ്ടായിരിക്കേണ്ടതായ ഗുണം. ഈ വാസ്തവത്തെ നമ്മുടെ മുന്നിൽവെച്ചുകൊണ്ടു പെൺപള്ളിക്കുടത്തിൽ വേണ്ടതായ പഠനവിഷയങ്ങളെക്കുറിച്ചു നാം ചിന്തിക്കുകയും വേണം. അവളെ അഭ്യസിപ്പിക്കുന്നതുകൊണ്ടുള്ള ഉദ്ദേശ്യമെന്താണെന്ന്​ ഒന്നുകൂടി വിശദമാക്കാം. അവളുടെ ആത്മാവിനെ വളർത്തുക , അവളുടെ സ്വഭാവങ്ങളെ സംസ്‌കരിക്കുക, സ്വത്തുക്കളെ പരിപാലിക്കുവാനും കുടുംബത്തിൽ പൊതുവെ സൗഭാഗ്യം വിളയാടത്തക്കവിധം വീട് ഭരിക്കുവാനും കുട്ടികളെ വളർത്തുവാനും അവരെ സൽസ്വഭാവങ്ങളിൽ പരിശീലിപ്പിക്കുവാനും അവളെ സമർഥയാക്കുക എന്നീ കാര്യങ്ങളാണ് പ്രഥമമായി നാം ഉദ്ദേശിക്കേണ്ടത് . അതിനുപുറമെ , നമ്മുടെ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും മറ്റുമായുള്ള എല്ലാ വിഷയങ്ങളിലും അവരെ പ്രാപ്തകളാക്കണം . യുദ്ധത്തിൽ പോലും പുരുഷൻമാരോടൊപ്പം അവർക്കുചിതമായവിധം മനുഷ്യശുശ്രൂഷ ചെയ്യുവാൻ അവരെ ശക്തകളാക്കുകയും വേണം. എന്നാൽ ആത്മാക്കളെ വളർത്തുവാനും ബുദ്ധിയെ വികസിപ്പിക്കുവാനും സ്വഭാവങ്ങളെ സംസ്‌കരിക്കുവാനും ഇസ്​ലാമിന്റെ പ്രബോധനങ്ങളോളം ഫലപ്രദമാകുന്ന യാതൊരു ഉപദേശങ്ങളും നിർദേശങ്ങളും ഇല്ലെന്നു തീർച്ചയാണ്.’’

സമസ്​തയെപ്പോലുള്ള മതസംഘടനകൾ, കമ്യൂണിസത്തിനെതിരെയുള്ള നിലപാട് സ്വീകരിക്കുന്നതിനൊപ്പം യുക്തിചിന്ത, സ്വതന്ത്രചിന്ത, ലിബറൽ ധാർമികത എന്നിവയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നത് കുടുംബം, മതം മുതലായ സ്ഥാപനങ്ങളെ സ്ഥിരമായി നിലനിർത്തുന്നതിനാണെന്ന സൂചന മൗലവിയുടെ വാക്കുകളിലുണ്ട്.
എന്നാൽ പുതിയ കാലത്ത്, മതപഠനത്തിനും പരിശീലത്തിനും ( Practice) പുറത്ത് സ്ത്രീകൾ നേടുന്ന വിദ്യാഭ്യാസം, മതത്തിന്റെ യാഥാസ്ഥിതിക ഘടനയെ പലയളവിൽ പൊളിക്കുന്നതാണ്. പാരമ്പര്യത്തിനെതിരെ യുക്ത്യധിഷ്ഠിതവും പുരോഗമനപരവുമായ മൂല്യങ്ങളെ പകരം വച്ചു കൊണ്ടാണ്, കുടുംബവും മതവും രൂപപ്പെടുത്തുന്ന മൂല്യവ്യവസ്ഥയെ സ്ത്രീകൾ വെല്ലുവിളിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകൾക്കു കൈവരുന്ന ഈയൊരു സ്വതന്ത്രനില ആൺകോയ്മാ കുടുംബസംവിധാനങ്ങളും മതവും ഒരുപോലെ ഭയപ്പെടുന്നുണ്ട്.
അടുത്ത കാലത്തായി, സമസ്തയുടെ നേതൃത്വത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ പ്രഖ്യാപിച്ച മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന കാമ്പയിൻ നോക്കുക. സമസ്ത നേതാവും ദാറുല് ഹുദ് ഇസ്​ലാമിക് യൂണിവേഴ്സിറ്റി വൈസ്ചാൻസിലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്​വി സുപ്രഭാതം, ചന്ദ്രിക പത്രങ്ങളിൽ എഴുതിയ ലേഖനം, കമ്യൂണിസത്തിനെതിരെയുള്ള നിലപാട് സ്വീകരിക്കുന്നതിനൊപ്പം യുക്തിചിന്ത, സ്വതന്ത്രചിന്ത, ലിബറൽ ധാർമികത എന്നിവയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

ഏപ്രിൽ ആറിന് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്​വിയുടെ ലേഖനം.

നദ്​വി എഴുതുന്നത് ശ്രദ്ധിക്കുക: ‘‘മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു, എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം എന്നതാണ് അവരുടെ മുദ്രാവാക്യം. വ്യക്തിയുടെ അന്തസ്​, കുടുംബത്തിന്റെ കെട്ടുറപ്പ്, സമൂഹത്തിന്റെ ക്രമം എന്നിവയെ എല്ലാം ഈ കാഴ്ചപ്പാട് സാരമായി ബാധിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകില്ല... എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും എന്ന ചിന്ത സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.’’

മതത്തെ നിഷേധിക്കുന്ന കമ്യൂണിസത്തിനെതിരെ നിലപാടെടുക്കണമെന്നാണ് സമസ്തയുടെ ആഹ്വാനം. ഇതാകട്ടെ കേവലം തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തെയോ, മുസ്‌ലിം വിഭാഗത്തിനകത്ത് കമ്യൂണിസ്റ്റ് പാർട്ടി നേടിയെടുക്കുന്ന സ്വാധീനത്തെയോ പരിഗണിച്ചുകൊണ്ടുള്ള നിലപാടു മാത്രമല്ലതാനും. അടുത്തകാലത്തായി മുസ്‌ലിംലീഗിന്റെ വനിതാ വിദ്യാർത്ഥി വിഭാഗമായ ‘ഹരിത’ ഉയർത്തിയ വലിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൂടി ഈ കാമ്പയിനിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതുണ്ട്.

പൗരോഹിത്യത്തിലും ആൺകോയ്മയിലും അധിഷ്ഠിതമായ മതസ്ഥാപനത്തിന്റെ ചട്ടക്കൂടിനെ പൊളിക്കാനുള്ള ശേഷി ‘ഹരിത’ ഉയർത്തുന്ന പ്രതിഷേധത്തിന്റെ ഉള്ളടരുകളിലുണ്ട്. ഈയൊരു വെല്ലുവിളിയെ തരണം ചെയ്യുന്നതിന്റെ ഭാഗമായിക്കൂടി സമസ്തയുടെ കാമ്പയിനെ മനസ്സിലാക്കേണ്ടതുണ്ട്.

എം.എസ്.എഫ്. സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ എഴുതി തയ്യാറാക്കിയ അഞ്ച് പേജുകളുള്ള പരാതി, യഥാർത്ഥത്തിൽ വിദ്യാഭ്യാസം നേടിയ മുസ്‌ലിം സ്ത്രീയുടെ സ്വത്വപ്രഖ്യാപന രേഖ കൂടിയാണ്. പരാതിയുടെ ഒരു ഭാഗം നോക്കുക: ‘ഹരിത’യുടെ പ്രവർത്തകർ വിവാഹം കഴിക്കാൻ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവാൻ സമ്മതിക്കാത്തവരാണെന്നും, ഇത്തരത്തിൽ ഒരു പ്രത്യേകതരം ഫെമിനിസം പാർട്ടിയിൽ വളർത്തുകയാണ് എന്നും ഞങ്ങളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞു നടക്കുന്നതായി ഉത്തരവാദിത്തപ്പെട്ട സംസ്ഥാന , ജില്ലാ ഭാരവാഹികളും കേട്ടതായി പറയുന്നു . മറ്റു പലയിടങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കുവരെ ഞങ്ങളെക്കുറിച്ചു ഇങ്ങനെ കേൾക്കാൻ ഇടയായിട്ടുണ്ട് . പാർട്ടിയിൽ പ്രവർത്തിക്കുന്നത് കൊണ്ടു മാത്രം കേൾക്കേണ്ടി വരുന്ന ദുരനുഭവങ്ങളാണിത്.

വിദ്യാഭ്യാസം നേടുന്നതോടെ സ്വന്തം കർതൃത്വത്തെ -കൈകാര്യ ശേഷിയെ -തിരിച്ചറിയുന്ന സ്ത്രീകൾ ആണധികാരം സൃഷ്ടിക്കുന്ന വ്യവസ്ഥയോട് ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിക്കുന്നുണ്ട്.

വിദ്യാഭ്യാസം നേടുന്നതോടെ സ്വന്തം കർതൃത്വത്തെ -കൈകാര്യ ശേഷിയെ -തിരിച്ചറിയുന്ന സ്ത്രീകൾ ആണധികാരം സൃഷ്ടിക്കുന്ന വ്യവസ്ഥയോട് ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലൂടെ മുസ്​ലിം സ്ത്രീകൾ നേടിയ കർതൃബോധമാണ് മേൽപ്പറഞ്ഞ പരാതിയുടെ അടിസ്ഥാനമായി വർത്തിക്കുന്നത്. ഈയൊരു കർതൃബോധമാകട്ടെ, മതം രൂപപ്പെടുത്തുന്ന സ്ഥാപനപരമായ താത്പര്യങ്ങൾക്കെരെ നീങ്ങുകയും ചെയ്യുന്നു. സ്ഥാപനമതം രൂപപ്പെടുത്തുന്ന പൗരോഹിത്യാധികാരത്തിന് വിരുദ്ധമായി, മതത്തെ ധാർമികമായ മൂല്യമോ പ്രേരണയോ ആയി മനസിലാക്കുന്നതോടെ മതാനുഭവം കുറേക്കൂടി ജനാധിപത്യപരമാകുകയും മതപൗരോഹിത്യം തകരുകയും ചെയ്യും. അതായത്, പൗരോഹിത്യത്തിലും ആൺകോയ്മയിലും അധിഷ്ഠിതമായ മതസ്ഥാപനത്തിന്റെ ചട്ടക്കൂടിനെ പൊളിക്കാനുള്ള ശേഷി ‘ഹരിത’ ഉയർത്തുന്ന പ്രതിഷേധത്തിന്റെ ഉള്ളടരുകളിലുണ്ടെന്നു സാരം. ഈയൊരു വെല്ലുവിളിയെ തരണം ചെയ്യുന്നതിന്റെ ഭാഗമായിക്കൂടി സമസ്ത കാമ്പയിനെ മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ യുക്തിവാദത്തെയും സ്വതന്ത്രചിന്തയെയും ലിബറൽ ബോധ്യങ്ങളെയും കമ്യൂണിസമെന്നു സമീകരിച്ച്​ യഥാർത്ഥ താത്പര്യങ്ങളെ മറച്ചുവയ്ക്കാനും സമസ്തയ്ക്ക് സാധിക്കുന്നുണ്ടെന്നോർക്കണം.

കുടുംബ വർഷത്തിൽ പാലാ രൂപത നടത്തിയ പ്രഖ്യാപനങ്ങൾ

ഇസ്​ലാമിൽ മാത്രമല്ല, മറ്റെല്ലാ മതങ്ങളിലും ഈയൊരു സംഘർഷം കാണാം. ക്രിസ്ത്യൻ സഭകളിൽ അടുത്ത കാലത്തായി വന്ന, പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനുകളും പ്രീ- മാരിറ്റൽ കോഴ്‌സുകളും നേരത്തേ സൂചിപ്പിച്ച വെല്ലുവിളിയുടെ പരിഹാരം അന്വേഷിക്കുന്നതാണ്. പുരുഷാധിപത്യത്തിനും മതാധിപത്യത്തിനും വഴങ്ങി നിൽക്കുന്ന മാതൃകാ സ്ത്രീകളെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇത്തരം കാമ്പയിനുകളുടെയും അടിസ്ഥാന ലക്ഷ്യം.
‘ബാലഗോകുലം’ മുതൽ ‘ഭാരതീയ വിദ്യാനികേതൻ’ വരെയുള്ള സംഘപരിവാർ സ്ഥാപനങ്ങളും കുടുംബങ്ങളിൽ ഇടപെടുന്നതും ഇതേ താത്പര്യം മുൻനിർത്തിയാണ്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ കേരളത്തിലുണ്ടായ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റുന്ന സി.ബി. എസ്.സി സ്‌കൂളുകളിലേക്ക് സവർണ - അവർണ ഭേദമില്ലാതെ ഹിന്ദു മധ്യവർഗം ആകൃഷ്ടരാകുന്നതും ‘മാതൃകാകുടുംബ' സംവിധാനത്തിലേക്ക് ചേരുംവിധം കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. രാമനേയും സീതയേയും ആദർശബിംബങ്ങളായി ചിത്രീകരിച്ചും പാതിവ്രത്യ സങ്കല്പങ്ങൾ കുത്തിവച്ചും ഇതര മതസംസ്‌കാരങ്ങളെ അപരവത്കരിച്ചുമാണ് സംഘ് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസപ്രക്രിയ നടക്കുന്നത്.

ആധുനിക വിജ്ഞാനങ്ങളും ലോകബോധവും ഉണ്ടാക്കുന്ന സ്വതന്ത്രവ്യക്തിയെ / കർതൃത്വമുള്ള സ്ത്രീയെ സ്ഥാപനമതങ്ങൾ ഭയക്കുന്നുണ്ട്. ഈ ഭീതിയാണ് യാഥാർത്ഥത്തിൽ സ്വതന്ത്ര ലിബറൽ ചിന്തകൾക്കും പുരോഗമനമൂല്യങ്ങൾക്കും ഇടതുപക്ഷത്തിനുമെതിരായ ക്യാമ്പയിനുകളായി രൂപമാർജ്ജിക്കുന്നത്. ഇത് യഥാർത്ഥത്തിൽ ഇടതുപക്ഷത്തോടുള്ള ആശയപരമായ വിയോജിപ്പു മാത്രമല്ല, വിദ്യാഭ്യാസം നേടി ഉയർന്ന ബൗദ്ധികനിലവാരം കൈവരിക്കുന്ന പുതിയ തലമുറയോട്, പ്രത്യേകിച്ച് പെൺകുട്ടികളോടുള്ള സ്ഥാപനമതങ്ങളുടെയും പുരുഷാധിപത്യ - പൗരോഹിത്യത്തിന്റെയും ഭീതിയും ആശങ്കകളും കൂടിയാണ്. ▮


കെ.എസ്​. ഇന്ദുലേഖ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ സീനിയർ റിസർച്ച് ഫെല്ലോ. കലാചരിത്രം, സംസ്കാര ചരിത്രം, നവോത്ഥാനം, സ്ത്രീ മുന്നേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തുന്നു

Comments