ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 3, അധ്യായം രണ്ട്:
▮
കോളനി സാമ്രാജ്യത്വവും
റിപ്പബ്ലിക് പ്രണയവും
യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ, 16-ാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളോടെ, ഇതര വൻകരകളിൽ പ്ലാൻ്റേഷൻ കോളനികളും വാണിജ്യബന്ധങ്ങളും സ്ഥാപിക്കുന്നതിനുള്ള മത്സരം രൂക്ഷമായതിനോടൊപ്പം, റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥയെ പറ്റിയുള്ള ചർച്ചകളും യൂറോപ്യൻ രാഷ്ട്രീയമണ്ഡലത്തിൽ സജീവമായി ഉയർന്നുവന്നുവെന്ന് കഴിഞ്ഞ അധ്യായത്തിൽ കണ്ടു.
മാതൃകാ റിപ്പബ്ലിക് എങ്ങനെയുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് രാഷ്ട്രീയ ചിന്തകർ വ്യത്യസ്ത കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും, ഭരണാധികാരിയുടെ വ്യക്തിപരമായ താല്പര്യത്തേക്കാൾ നിയമവാഴ്ചയ്ക്കും ഭരണഘടനാപരമായ സ്ഥാപനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഭരണക്രമം എന്ന ആശയം റിപ്പബ്ലിക്കൻ ചിന്തയുടെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു. ഭരണമെന്നത് ദൈവനിശ്ചയപ്രകാരമോ ഭരണാധികാരിയുടെ ഇച്ഛാനുസൃതമോ എന്നതിനേക്കാൾ ജനങ്ങളുടെ ഇംഗിതമാണെന്നു റിപ്പബ്ലിക്കന്മാർ വാദിച്ചു.
രാജാവിൻ്റെ സർവ്വാധിപത്യത്തേക്കാൾ, നിയമവാഴ്ച, പൗരവകാശങ്ങൾ, പൊതുനന്മ, അധികാര നിയന്ത്രണം എന്നിവയ്ക്കു മുൻതൂക്കം കൊടുക്കുന്ന റിപ്പബ്ലിക് ഭരണം കൊള്ളാമെന്നു ചില യൂറോപ്യൻ രാജ്യങ്ങൾ മാറി ചിന്തിക്കാൻ ഇടവരുത്തിയ ചരിത്രസാഹചര്യങ്ങൾ നാം അറിയേണ്ടതുണ്ട്. കഴിഞ്ഞ അധ്യായത്തിൽ ഹാരിംഗ്ടണിൻ്റെ റിപ്പബ്ലിക്കൻ ആശയങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ, കോളനി സാമ്രാജ്യത്വ മത്സരങ്ങളും റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥയെ പറ്റിയുള്ള ചർച്ചകളും യൂറോപ്പിൽ ഒരേപോലെ ചൂടുപിടിക്കുന്നതായി നാം കണ്ടു. പല കാര്യങ്ങളിലും, പ്രത്യേകിച്ച് സാമ്രാജ്യത്വ വിപുലീകരണയത്നത്തിൽ പുരാതന റോമിൻ്റെ ആധുനിക പ്രതിനിധികളായി തങ്ങളെ സ്വയം താദാത്മ്യം ചെയ്യുന്ന ശീലവും ബുദ്ധിജീവികൾക്കിടയിൽ വർദ്ധിച്ചുവന്നിരുന്നു. എന്നാൽ പ്രാചീന റോമൻ റിപ്പബ്ലിക്കിലെ രചനകളിലേക്കു ചെന്നെത്തുന്നതിന് നവീന യൂറോപ്യൻ റിപ്പബ്ലിക്കന്മാരെ പ്രേരിപ്പിച്ചതിൽ സമകാലികമായ അവരുടെ ചില രാഷ്ട്രീയാനുഭവ ബോധ്യങ്ങൾക്കു നല്ല പങ്കുണ്ട്.
സമകാലികമായ ഈ അനുഭവബോധ്യങ്ങളിൽ ഒന്നാമതു നിൽക്കുന്നത് മധ്യകാല- നവോത്ഥാന ഇറ്റാലിയൻ നഗര റിപ്പബ്ലിക്കുകളുടെ രാഷ്ട്രീയ-സാമ്പത്തിക മാതൃകയാണ്. ഇറ്റലിയിലെ വെനീസ്, ജെനോവ, ഫ്ലോറൻസ് തുടങ്ങിയ വർത്തക നഗരങ്ങൾ റിപ്പബ്ലിക്കൻ ഭരണരൂപങ്ങളുടെ ഉദാഹരണങ്ങൾ മാത്രമായിരുന്നില്ല; (അവ ഓരോന്നും വ്യത്യസ്തങ്ങളായ റിപ്പബ്ലിക്കൻ ഭരണരീതികൾ അനുവർത്തിച്ചിരുന്നെങ്കിലും) ശക്തമായ വാണിജ്യ ശൃംഖലകൾ, കരുത്തുറ്റ ധനകാര്യ സ്ഥാപനങ്ങൾ, സമുദ്രവ്യാപാര ബന്ധങ്ങൾ, പ്ലാൻ്റേഷൻ തോട്ടങ്ങൾ, സമർത്ഥമായ നാവികശേഷി എന്നിവയെ കൂട്ടിയിണക്കിയ രാഷ്ട്രീയസംഘാടനം കൂടിയായിരുന്നു. 15-ാം നൂറ്റാണ്ടോടെ യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്ക് ഈ ചെറു റിപ്പബ്ലിക്കുകളുടെ സാമ്പത്തികപുരോഗതിയും വാണിജ്യശേഷിയും രാഷ്ട്രീയവ്യവസ്ഥയും ശ്രദ്ധേയമായ മാതൃകകളായി മാറി.
1453-ൽ കോൺസ്റ്റാന്റിനോപ്പിൾ ഓട്ടോമൻ ഭരണത്തിലായത് കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തിന്റെ രാഷ്ട്രീയ- വാണിജ്യ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. വെനീഷ്യൻ, ജെനോവീസ് റിപ്പബ്ലിക് വ്യാപാരികൾ ഓട്ടോമൻ പ്രദേശങ്ങളുമായി വ്യാപാരം തുടർന്നു പോന്നെങ്കിലും, പ്ലാൻ്റേഷൻ- വാണിജ്യ ഭൂമികൾ തേടി ഇറ്റാലിയൻ വ്യാപാര റിപ്പബ്ലിക്കുകൾ അറ്റ്ലാന്റിക് ഭാഗങ്ങളിൽ മുമ്പ് നടത്തിയിരുന്ന പര്യവേഷണങ്ങൾ ഇക്കാലത്ത് വീണ്ടും ചൂടുപിടിച്ചു. അങ്ങനെ മെഡിറ്ററേനിയൻ ദ്വീപുകളിൽ വളർന്നുവന്ന കരിമ്പിൻതോട്ട കാർഷിക പദ്ധതികൾ 15-ാം നൂറ്റാണ്ടിൽ Madeira, Canary Islands തുടങ്ങിയ അറ്റ്ലാന്റിക് ദ്വീപുകളിലേക്കും എത്തിച്ചേർന്നു.
സ്പാനിഷ്, പോർച്ചുഗീസ്, ഡച്ച് ശക്തികൾ പങ്കെടുത്ത കോളനിവൽക്കരണ മത്സരത്തിൻ്റെ ഒന്നാംപാദത്തിൽ വളരെ പിന്നിലായിരുന്ന ഇംഗ്ലണ്ടിൻ്റെ സജീവപഠന വിഷയമായി തീർന്നു ഇറ്റാലിയൻ, ഡച്ചു റിപ്പബ്ലിക്കുകൾ.
അറ്റ്ലാൻ്റിക് ദ്വീപുകളിലെ അധിനിവേശം ഇറ്റാലിയൻ വാണിജ്യ റിപ്പബ്ലിക്കുകൾ നേരിട്ടല്ല നടത്തിയത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അതിനെ പബ്ലിക്- പ്രൈവറ്റ് സംരംഭമെന്നു വിശേഷിപ്പിക്കാം. പ്ലാൻ്റേഷൻ അധിനിവേശത്തിൻ്റെ ഭരണകൂട ശക്തികളായി പരസ്പരം മത്സരിച്ചത് ഐബീരിയൻ രാജ്യങ്ങളായ സ്പെയിനും പോർച്ചുഗലുമാണ്. എന്നാൽ, 15 -ാം നൂറ്റാണ്ടിൽ രൂപം കൊണ്ട അറ്റ്ലാൻ്റിക് പ്ലാൻ്റേഷൻ വ്യവസ്ഥയിൽ യൂറോപ്പിലെ വിവിധ വ്യാപാര-ധനകാര്യ ശൃംഖലകളുടെ മൂലധനശേഷിയും സംരംഭക വൈദഗ്ദ്ധ്യവും വാണിജ്യപരമായ ബന്ധങ്ങളും കൂട്ടിയിണക്കപ്പെട്ടിരുന്നു. ജെനോവ, ഫ്ലോറൻസ് എന്നിവിടങ്ങളിലെ വ്യാപാരശക്തികളുടെ സമ്പത്തും പ്ലാൻ്റേഷൻ സംരംഭത്തിലെ സാങ്കേതിക- അനുഭവ നൈപുണിയും ആൾബലവും ഐബീരിയൻ അറ്റ്ലാൻ്റിക് അധിനിവേശത്തിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
അറ്റ്ലാൻ്റിക് ദ്വീപുകളിൽ തുടക്കമിട്ട്, പിന്നീട് അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കു പടർന്ന പ്ലാൻ്റേഷൻ- കുടിയേറ്റങ്ങളും, അതിൻ്റെ വിപുലമായ ഗോളാന്തര വാണിജ്യ ബന്ധങ്ങളും കൊണ്ട് 16-ാം നൂറ്റാണ്ടിലെ സാമ്രാജ്യശക്തികളായി ഉയരുന്ന സ്പെയിനിൻ്റെയും പോർച്ചുഗലിൻ്റെയും രാഷ്ട്രീയ- സാമ്പത്തിക കുതിപ്പിൻ്റെ പ്രമുഖ പങ്കാളികൾ എന്ന നിലയിലാണ് ഇറ്റാലിയൻ വർത്തക റിപ്പബ്ലിക്കുകൾ അന്ന് യൂറോപ്യൻ ഭരണചിന്തകരെ ആകർഷിച്ചത്. മാത്രമല്ല, 16-ാം നൂറ്റാണ്ടിൻ്റെ അവസാന കാലങ്ങളിൽ സ്പാനിഷ് ഭരണത്തിൽ നിന്നും മോചനം നേടിയ ഡച്ചുകാർ "യുണൈറ്റഡ് പ്രോവിൻസസ്" എന്ന പേരിൽ ഒരു റിപ്പബ്ലിക് തന്നെ സ്ഥാപിച്ചു. തുടർന്ന്, കോളനി സ്ഥാപനത്തിലും അതുവഴിയുള്ള ആഗോള വ്യാപാരത്തിലും മുൻപന്തിയിലായിരുന്ന സ്പാനിഷ്, പോർച്ചുഗീസ് രാജ്യങ്ങൾക്കൊപ്പം ഡച്ച് റിപ്പബ്ലിക് പുതിയൊരു സാമ്രാജ്യത്വ ശക്തിയായി 17-ാം നൂറ്റാണ്ടിൽ വളരുന്നത് നമുക്കു കാണാം.
അങ്ങനെ, സ്പാനിഷ്, പോർച്ചുഗീസ്, ഡച്ച് ശക്തികൾ പങ്കെടുത്ത കോളനിവൽക്കരണ മത്സരത്തിൻ്റെ ഒന്നാംപാദത്തിൽ വളരെ പിന്നിലായിരുന്ന ഇംഗ്ലണ്ടിൻ്റെ സജീവപഠന വിഷയമായി തീർന്നു ഇറ്റാലിയൻ, ഡച്ചു റിപ്പബ്ലിക്കുകൾ. ഇംഗ്ലീഷ് രാഷ്ട്രീയ ബുദ്ധിജീവികൾ സമകാലീന രാഷ്ട്രീയാനുഭവങ്ങളിൽ നിന്നും ചരിത്രത്തിലൂടെ പുറകോട്ടുപോയി റോമൻ റിപ്പബ്ലിക്കിൻ്റെ പാരമ്പര്യം തങ്ങളിൽ അന്വേഷിച്ചു. പ്രത്യേകിച്ച് ജോൺ മിൽട്ടൺ, ജെയിംസ് ഹാരിംഗ് ടൺ, അൽജെർനൺ സിഡ്നി തുടങ്ങിയവരുടെ ചിന്തയിൽ റോമൻ, ഡച്ച്, വെനീഷ്യൻ ഭരണങ്ങളുടെ താരതമ്യങ്ങളും കൂട്ടിച്ചേർക്കലുകളും പല അനുപാതങ്ങളിൽ പ്രത്യക്ഷപ്പെട്ടു; ഓരോരുത്തരും തങ്ങളുടെ രാജ്യത്തിനിണങ്ങിയ റിപ്പബ്ലിക്കൻ മാതൃകകൾ മുന്നോട്ടു വെച്ചു.

പൗരത്വം കൊണ്ടുള്ള ബഹിഷ്ക്കരണം
ഈ സന്ദർഭത്തിൽ പ്രാചീന- മധ്യകാല റിപ്പബ്ലിക്കുകൾ പ്രകടമാക്കുന്ന അന്തരികവും ബാഹ്യവുമായ രണ്ടു വൈരുദ്ധ്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.
പ്രാചീന- മധ്യകാല റിപ്പബ്ലിക്കുകൾ ഏകാധിപത്യത്തെ ചോദ്യം ചെയ്ത് ഭരണത്തെ ഒരു "പൊതുവിഷയ"മാക്കി (Res publica) ഉയർത്തി. നിയമം, കൗൺസിലുകൾ, തിരഞ്ഞെടുക്കപ്പെട്ട മജിസ്ട്രേറ്റുകൾ എന്നിവയിലൂടെ പൗരന്മാർ ഭരണത്തിൽ പങ്കാളികളായി. എന്നാൽ ഈ “പൊതു” എന്നത് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നില്ല; നിയമപരമായി നിർവ്വചിക്കപ്പെട്ട ചെറുവിഭാഗത്തിനു മാത്രം പൗരത്വം നൽകി അടയാളപ്പെടുത്തി; ബാക്കിയുള്ള ഭൂരിപക്ഷത്തെ രാഷ്ട്രീയമായി റിപ്പബ്ലിക്കിൽ നിന്നും പുറന്തള്ളി.
റോമൻ റിപ്പബ്ലിക്കിൽ ദരിദ്രരായ പൗരന്മാർക്കും വോട്ടവകാശമുണ്ടായിരുന്നുവെങ്കിലും, സമ്പത്തിന്റെയും കുലപരമായ പദവിയുടെയും അടിസ്ഥാനത്തിലുള്ള വോട്ടിംഗ് ഘടന രാഷ്ട്രീയാധികാരത്തെ ധനികരുടെയും കുലീനരുടെയും കൈകളിൽ മാത്രം നിലനിർത്തി പോന്നു. അവിടെ സ്വതന്ത്രരായ സ്ത്രീകൾക്ക് പൗരത്വമുണ്ടായിരുന്നു; എന്നാൽ വോട്ടവകാശവും ഭരണപദവിയും നിഷേധിക്കപ്പെട്ടു; അടിമകളെ പൂർണ്ണമായി തന്നെ പൗരത്വത്തിന് പുറത്താക്കി. അതുപോലെ, മധ്യകാല ഇറ്റാലിയൻ റിപ്പബ്ലിക്കുകളിൽ സ്വത്ത്, ഗിൽഡ് അംഗത്വം, വാസസ്ഥലം, കുടുംബപരമായ പദവി എന്നിവ പൗരത്വത്തിന്റെ പ്രധാന മാനദണ്ഡങ്ങളായി. അങ്ങനെ ഭരണം ധനിക കുടുംബങ്ങളുടെയും വ്യാപാരപ്രമുഖരുടെയും ഗിൽഡ് നേതാക്കളുടെയും നിയന്ത്രണത്തിൽ കൊണ്ടുവന്നു.
അതിനാൽ റിപ്പബ്ലിക്കിലെ സ്വാതന്ത്ര്യം സാർവത്രികമായിരുന്നില്ല. അത് നിയമപരമായി നിർവ്വചിക്കപ്പെട്ട ഒരു പൗരസമൂഹത്തിനുള്ളിൽ മാത്രം പ്രവർത്തിച്ചു; സ്ത്രീകൾ, അടിമകൾ, ദരിദ്രർ, കുടിയേറ്റക്കാർ, ഗിൽഡ് അംഗത്വമില്ലാത്ത തൊഴിലാളികൾ, കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ എന്നിവരെ പൂർണ രാഷ്ട്രീയ പങ്കാളിത്തത്തിൽ നിന്ന് ഒഴിവാക്കി. ചുരുക്കത്തിൽ ആണുങ്ങളിൽ തന്നെ ന്യൂനപക്ഷം വരുന്ന ഒരു പ്രമാണി വിഭാഗത്തിൻ്റെ വിഷയമായിരുന്നു റിപ്പബ്ലിക് ഭരണമെന്നത്.

യഥാർത്ഥത്തിൽ പൗരത്വവും അതിൻ്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തവും റിപ്പബ്ലിക്കുകളെ ചലിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. പ്രഭുവാഴ്ച ഉറപ്പാക്കുക, നഗര തൊഴിൽശക്തിയെ വരുതിയിലാക്കുക, നികുതിപിരിവ് കാര്യക്ഷമമാക്കുക, കുടുംബഘടനയിൽ ആൺകോയ്മ നിലനിർത്തുക, സൈനികവും സാമ്പത്തികവുമായ നിയന്ത്രണം, സാമൂഹിക അധികാരശ്രേണികളും അടിമത്തവും നിലനിർത്തുക, കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റപ്പെട്ടത് പൗരത്വത്തെ ഒരു ന്യൂനപക്ഷത്തിലേക്കു പരിമിതപ്പെടുത്തിയതിലൂടെയാണ്.
അടിമകൾ, തൊഴിലാളികൾ, സത്രീകൾ എന്നിങ്ങനെ ഭൂരിപക്ഷത്തിന് രാഷ്ട്രീയ പങ്കാളിത്ത നിഷേധം ആഭ്യന്തരമായി റിപ്പബ്ലിക്കിൻ്റെ സാമ്പത്തിക- സാമൂഹികാടിത്തറ ഭദ്രമാക്കുന്നതിൽ പ്രധാന ഭാഗമായിരുന്നെങ്കിൽ, സാമ്രാജ്യവിപുലനമായിരുന്നു അതിൻ്റെ മറ്റൊരു പ്രധാന ഭാഗം. എല്ലാ റിപ്പബ്ലിക്കുകളും ഒരേപോലെ സാമ്രാജ്യവിപുലീകരണം അവരുടെ നയമാക്കിയിരുന്നു എന്നല്ല പറയുന്നത്. മറിച്ച്, പ്രാചീന റോമും മധ്യകാല വെനീസ്, ജെനോവ എന്നിവയും, തങ്ങളുടെ സുരക്ഷയും സാമ്പത്തികോന്നതിയും യശസ്സും അന്യദേശങ്ങളെ തങ്ങളുടെ ആധിപത്യത്തിൽ കീഴിൽ കൊണ്ടുവരുന്നതിലൂടെ പ്രാപ്യമാകും എന്ന രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ ഉടമകളായിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യം തന്നെ സാമ്രാജ്യമായി (imperium) ഉയരുന്നതിലൂടെയാണെന്നു റോമൻ അധികാരികൾ ധരിച്ചിരുന്നു. മാക്യവെല്ലി വാദിച്ചത്, റിപ്പബ്ലിക് ഒന്നുകിൽ വികസിക്കുകയോ അല്ലെങ്കിൽ ശക്തരായ അയൽക്കാരുടെ ആക്രമണത്തിന് വിധേയമാകുകയോ ചെയ്യണം എന്നാണ്. വെനീസും ജെനോവയും തങ്ങളുടെ ആഭ്യന്തര സ്വയംഭരണവും വാണിജ്യസമ്പത്തും മെഡിറ്ററേനിയൻ ദ്വീപുകളെ അധീനതയിലാക്കുന്നതിലൂടെ പ്രബലമാക്കി.
സാമ്രാജ്യങ്ങൾ, പാരമ്പര്യ ഭരണക്കാർ, ഫ്യൂഡൽ ശക്തികൾ, മതപൗരോഹിത്യം എന്നിങ്ങനെ പുറമേ നിന്നും അകമേ നിന്നും വരാവുന്ന ഏകപക്ഷീയ ഭരണത്തിനെതിരെ "പൗരസമൂഹ"ത്തിൻ്റെ രാഷ്ട്രീയ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതാണ് റിപ്പബ്ലിക്കിൻ്റെ സ്ഥാപനധർമ്മം. എന്നാൽ ഇതേ റിപ്പബ്ലിക് തന്നെ അപരദേശങ്ങളിൽ ആധിപത്യപരമായി മാറുന്നു. കീഴടക്കിയ പ്രദേശങ്ങളിലെ മനുഷ്യർക്ക് നിയമം കൊണ്ടു തന്നെ പൗരത്വവും രാഷ്ട്രീയ പങ്കാളിത്തവും റോമക്കാർ നിഷേധിച്ചു.

അതോടൊപ്പം ആഭ്യന്തരമായി ഭൂരിപക്ഷത്തെയും അവർ സ്വന്തം പൗരത്വപ്പട്ടികയിൽ നിന്നും പുറത്താക്കി. ചുരുക്കത്തിൽ നിയമവാഴ്ച കൊണ്ട് ബാഹ്യവും ആന്തരികവുമായ തുല്യ രാഷ്ട്രീയാവകാശങ്ങളെ മറ്റുള്ളവർക്കു നിഷേധിച്ചു, പ്രാചീന- മധ്യകാലങ്ങളിലെ പേരെടുത്ത റിപ്പബ്ളിക്കുകൾ.
പൗരത്വമെന്നത് പൂർണ്ണമായും ഒരു റിപ്പബ്ലിക്കൻ ആശയമല്ല; എങ്കിലും അതിൻ്റെ ക്ലാസിക്കൽ നിർവ്വചനം റിപ്പബ്ലിക്കൻ രാഷ്ട്രീയഘടനയുമായി ബന്ധപ്പെട്ടതാണ്. അതനുസരിച്ച്, സ്വയംഭരണം നടത്തുന്ന ഒരു സമൂഹത്തിലെ രാഷ്ട്രീയ പങ്കാളിത്തമാണ് പൗരത്വം. എന്നാൽ ആധുനിക പൗരത്വസങ്കല്പം വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയതാണെങ്കിൽ, പഴയ റിപ്പബ്ലിക്കൻ പൗരത്വം മിക്കവാറും കുടുംബം, വാണിജ്യസംഘം എന്നിവയുടെ ഭാഗമായി വ്യക്തിയ്ക്കു കൈവരുന്നതാണ്. അതിനാൽ കുടുംബപരമായ സ്വത്ത്, നികുതി അടവ്, ഗിൽഡ് അഗത്വം ഇവയാണ് പഴയ പൗരത്വ മാനദണ്ഡങ്ങൾ.
സ്വേച്ഛാധിപത്യത്തെ ചെറുത്ത് പൗരസ്വാതന്ത്ര്യം ഉറപ്പാക്കാൻ എന്തുകൊണ്ടും മികവുറ്റ ഭരണക്രമം എന്ന നിലയിൽ റിപ്പബ്ലിക്കൻ ഭരണസമ്പ്രദായം 16-ാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ യൂറോപ്യൻ രാഷ്ട്രീയ ചിന്തകരെ ആകർഷിക്കുകയുണ്ടായി.
അവമതിക്കപ്പെടുന്ന ജനായത്തം
സ്വേച്ഛാധിപത്യത്തെ ചെറുത്ത് പൗരസ്വാതന്ത്ര്യം ഉറപ്പാക്കാൻ എന്തുകൊണ്ടും മികവുറ്റ ഭരണക്രമം എന്ന നിലയിൽ റിപ്പബ്ലിക്കൻ ഭരണസമ്പ്രദായം 16-ാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ യൂറോപ്യൻ രാഷ്ട്രീയ ചിന്തകരെ ആകർഷിക്കുകയുണ്ടായി. അവർ റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥയെ മാതൃകാ ഭരണസമ്പ്രദായമായി അവതരിപ്പിക്കുന്ന പ്രാചീന റോമൻ-ഗ്രീക്ക് ക്ലാസിക് കൃതികളെ വായിക്കുകയും വ്യാഖ്യാനിക്കുകയും തങ്ങളുടെ സങ്കല്പത്തിലെ മാതൃകാ റിപ്പബ്ലിക് എങ്ങനെയാകണമെന്നു അവതരിപ്പിക്കുകയും ചെയ്തു. 16 -ാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ രണ്ടര നൂറ്റാണ്ടോളം റിപ്പബ്ലിക്കൻ രാഷ്ട്രീയക്രമം രാജവാഴ്ചയെക്കെതിരെയുള്ള ഉത്തമ ഭരണവ്യവസ്ഥയായി ഘോഷിക്കപ്പെടുന്നുണ്ട്.
ഏതാണ്ട് ഇതേ കാലയളവു മുതൽ ഡെമോക്രസിയെ പറ്റിയുള്ള വിലയിരുത്തലുകളും സജീവമായി നടന്നിരുന്നു. റിപ്പബ്ലിക്കൻ ഭരണരീതി എത്രത്തോളം രാഷ്ട്രീയ ബുദ്ധിജീവികൾക്കിടയിൽ സ്വീകാര്യവും അഭിനന്ദനീയവുമായിരുന്നോ അതിൻ്റെ വിപരീതതലത്തിൽ ഡെമോക്രസി അവരിൽ പലർക്കും അസ്വീകാര്യവും അപലപനീയവുമായ ഭരണവ്യവസ്ഥയായിരുന്നു. മാത്രമല്ല, ഡെമോക്രസി നമ്മൾ ഇന്നുകാണുന്ന രൂപത്തിൽ പ്രാതിനിധ്യ ജനായത്തമായിട്ടല്ല അക്കാലങ്ങളിൽ അർത്ഥമാക്കിയിരുന്നത്; പ്രാചീന ഏതൻസിലേതുപോലെ, ജനങ്ങൾ, പ്രത്യേകിച്ചും ഭൂരഹിതരും വിദ്യാഭ്യാസമില്ലാത്തവരുമെല്ലാം നേരിട്ടു സഭകൂടി തീരുമാനങ്ങൾ എടുക്കുന്ന വിധത്തിൽ ആയിരുന്നു.

കോളനി സാമ്രാജ്യത്വ വിപുലീകരണ മത്സരയത്നങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥ തങ്ങൾക്ക് അനുയോജ്യമായതാണെന്ന് ഏതാനും യൂറോപ്യൻ രാഷ്ട്രങ്ങൾ മനസ്സിലാക്കിയതിൻ്റെ ചില കാരണങ്ങൾ മുകളിൽ ചർച്ച ചെയ്തതാണ്. എന്നാൽ ഡെമോക്രസി ആ കാലഘട്ടത്തിൽ പഴിക്കപ്പെട്ട ഭരണവ്യവസ്ഥയായി അവതരിപ്പിക്കപ്പെട്ടിട്ടും, എന്തുകൊണ്ട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഭരണ വ്യവസ്ഥ ഇന്നു കാണുന്ന വിധം ക്രമേണ രൂപപ്പെട്ടു വന്നു എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അതിലേക്കു കടക്കുന്നതിനു മുന്നോടിയായി ഡെമോക്രസിയെ കോളനിവൽക്കരണത്തിൻ്റെ ആദ്യ നൂറ്റാണ്ടുകളിൽ എന്തുകൊണ്ട് അഭികാമ്യമായി കണ്ടില്ല എന്നുകൂടി അറിയണമല്ലോ. പ്രത്യേകിച്ച്, ഇന്നു നാം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഭരണവ്യവസ്ഥയിൽ എത്തിനിൽക്കുമ്പോൾ.
നവോത്ഥാന യൂറോപ്യൻ ചിന്തകർ പ്രധാനമായും ഡെമോക്രസിയെ പറ്റി മനസ്സിലാക്കുന്നത് അരിസ്റ്റോട്ടിൽ, പൊളീബിയസ് (Polybius) തുടങ്ങിയ ഗ്രീക്കു ചിന്തകരിൽ നിന്നാണ്. അതുപ്രകാരം പാവങ്ങളായ മനുഷ്യർ അവരുടെ താല്പര്യപ്രകാരം നടത്തുന്ന ഭരണമായി ഡെമോക്രസി വിലയിരുത്തപ്പെട്ടിരുന്നു. മാത്രമല്ല അത് പൊതുനന്മയെ ലക്ഷ്യമാക്കുന്ന ഭരണത്തിന് എതിരാണെന്നും അവർ മനസ്സിലാക്കി.
രാജഭരണം സ്വേച്ഛാധിപത്യമായി അധഃപതിക്കുന്നതുപോലെ വഴിപിഴച്ച ഭരണവ്യവസ്ഥയായി ഡെമോക്രസിയെയും കണ്ടു. രാജഭരണം, പ്രഭുവാഴ്ച, ജനായത്തം ഇവയുടെ മൂന്നു ഗുണങ്ങളും ഒത്തുചേർന്ന (mixed government) റിപ്പബ്ലിക്കൻ ഭരണത്തെയാണ് പൊളീബിയസിനെ പിന്തുടർന്ന് കോളനിവൽക്കരണ കാലത്തെ യൂറോപ്യൻ ചിന്തകരിൽ മിക്കവരും മാതൃകാ ഭരണക്രമമായി അംഗീകരിച്ചത്.
ജനങ്ങൾക്ക് സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണമെന്നു അറിയില്ലെന്നായിരുന്നു ഇംഗ്ലീഷ് റിപ്പബ്ലിക്കൻ വക്താവായ ജോൺ മിൽട്ടൻ്റെ പരാതി.
റിപ്പബ്ലിക്കൻ ഭരണത്തിൽ സാധാരണ ജനങ്ങൾക്കും സ്ഥാനമുണ്ടെന്ന വിശാലമായ സർക്കാരിൻ്റെ (Governo Largo) പക്ഷക്കാരനായിരുന്നു മാക്യവെല്ലി. എന്നാൽ അദ്ദേഹം സമത്വാധിഷ്ഠിത ജനായത്തത്തെ അംഗീകരിച്ചില്ല. മാക്യവെല്ലിയുടെ സമകാലികനായ ഫ്രാൻസെസ്കോ ഗുയിചാർദീനി (Francesco Guicciardini) അഭിപ്രായപ്പെട്ടത് സമൂഹത്തിലെ പ്രമാണി കുടുംബക്കാർക്കു മാത്രമേ റിപ്പബ്ലിക്കിൽ ഭരണ പങ്കാളിത്തം (Governo Stretto) അനുവദിക്കാവൂ എന്നാണ്. സ്വയംഭരണത്തിനു സാധാരണ പൗരസമൂഹത്തിനു കഴിവുണ്ടോ എന്നു സംശയാലുവായിരുന്നു മാക്യവെല്ലി. ഡെമോക്രസിയെ അപകടകരവും അസ്ഥിരവുമായ ഭരണമായി അദ്ദേഹം വിലയിരുത്തി. പകരം പ്രമാണി കുടുംബങ്ങൾക്കു നേതൃത്വപരമായ സ്ഥാനമുള്ള റിപ്പബ്ലിക്കൻ ഭരണത്തെ ആദർശമാതൃകയാക്കി. (“The Many and the Few: On Machiavelli’s ‘Democratic Moment’” by Ryan Balot and Stephen Trochimchuk).
സ്വേച്ഛാധിപത്യത്തിനെതിരെ വിപ്ലവകരമായ റിപ്പബ്ലിക്കൻ ആശയങ്ങൾ സമ്മാനിച്ച ഡച്ച് ചിന്തകരായിരുന്നു ഡെ ലാ കൂവ ബ്രദേഴ്സ് (De la Court Brothers). എങ്കിലും ഇവർ ജനായത്ത ഭരണത്തെ അകൂലിക്കുകയുണ്ടായില്ല. സാധാരണ ജനങ്ങൾ വിവേകത്തേക്കാൾ വികാരങ്ങൾക്കു വേഗം വശംവദരാകുന്നതിനാൽ, അവരെ സൂത്രശാലികളായ പ്രഭാഷകർക്കു കൈയിലെടുക്കാൻ കഴിയുമെന്നും, അതിനാൽ ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം സാധരണക്കാർക്ക് അനുവദിക്കരുതെന്നും ഇവർ വാദിച്ചു. ജനായത്തചായ്വുള്ള പ്രമാണിഭരണ (Aristocracy) മായിരുന്നു ഇവരുടെ മാതൃക. (Arthur Weststeijn, "From the passion of self-love to the virtue of self-interest: the republican morals of the brothers De la Court,").
ജനങ്ങൾക്ക് സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണമെന്നു അറിയില്ലെന്നായിരുന്നു ഇംഗ്ലീഷ് റിപ്പബ്ലിക്കൻ വക്താവായ ജോൺ മിൽട്ടൻ്റെ പരാതി. സ്ഥാപനപരമായ സംവിധാനങ്ങൾ കൊണ്ട് ഭരണപങ്കാളിത്തം എല്ലാവർക്കും ഉറപ്പാക്കണമെന്നു ജെയിംസ് ഹാരിംഗ്ടൺ ആവശ്യപ്പെട്ടിരുന്നെങ്കിലും, ജനായത്ത വ്യവസ്ഥയെ അദ്ദേഹവും പിന്തുണച്ചില്ല. അതേപോലെ, സ്വാതന്ത്ര്യത്തിൻ്റെ ചാമ്പ്യനായിരുന്ന സിഡ്നിയും ജനായത്തത്തിൽ വിശ്വസിച്ചയാളല്ല. സാമൂഹികമായ കീഴ്വഴക്കങ്ങളും മര്യാദകളും ലംഘിക്കുന്ന പൊതുജനങ്ങളെ ജനായത്തം സൃഷ്ടിക്കുമെന്നു അദ്ദേഹം ഭയപ്പെട്ടു.

ഫ്രഞ്ചു നവോത്ഥാന ചിന്തകനായ മൊണ്ടെസ്കൂ, അമേരിക്കൻ ഭരണഘടനാ ശില്പികളിൽ പ്രമുഖനായ ജെയിംസ് മഡിസൺ ഇവരും ജനായത്തത്തേക്കാൾ റിപ്പബ്ലിക്കൻ ഘടനയെ പിന്തുണച്ചവരാണ്. ജനായത്തം ഭൂരിപക്ഷത്തിൻ്റെ സ്വേച്ഛാധിപത്യമാകുമെന്നായിരുന്നു പല റിപ്പബ്ലിക്കന്മാരുടെയും വേവലാതി.
അക്കാലത്തെ ജനായത്തഭീതിയെ കുലീനവർഗ്ഗത്തിൻ്റെ വെറും മുൻവിധിയായിട്ടല്ല കാണേണ്ടതെന്നും പകരം, ഇതിനെ സമഗ്രമായ മത-രാഷ്ട്രീയ വ്യവഹാരമായി തിരിച്ചറിയണമെന്നും സെസേറ കൂട്ടിക പറയുന്നുണ്ട്. (Cesare Cuttica, Anti-democracy in England, 1570–1642) സ്റ്റേറ്റ്, പള്ളി ഇവയെ അപകടത്തിലാക്കി രാഷ്ട്രീയം, മതം, സദാചാരം, സാമ്പത്തിക ശാസ്ത്രം, അറിവ് എന്നിവയെ വഴി തെറ്റിക്കുന്ന ഒരു ജീവിതരീതിയായിട്ടാണ് ജനായത്തത്തെ ഭയപ്പെട്ടത്. ജനായത്ത വിരുദ്ധ എഴുത്തുകാർ "ജനങ്ങൾ" എന്നും "പല തലയുള്ള ആൾക്കൂട്ട"മെന്നുമുള്ള ഒരു വിഭജനം തന്നെ നിർമ്മിച്ചിരുന്നു. ജനങ്ങൾ എന്നാൽ നിയമപരമായി അംഗീകരിക്കപ്പെട്ട സമൂഹമാണെങ്കിൽ, മറ്റേത് യുക്തി, വിദ്യാഭ്യാസം, സ്ഥിരത എന്നിവയില്ലാത്തതും രാഷ്ട്രീയമായി അപകടകരവുമായ സമൂഹത്തെ അർത്ഥമാക്കി. പല തലയുള്ള ഈ ആൾക്കൂട്ടത്തിൻ്റെ അപകടകരമായ ഭരണത്തെ അവർ ജനായത്തമെന്നു വിളിച്ചു.
ആധുനിക പ്രാതിനിധ്യ ഭരണത്തെയല്ല ജനായത്ത വിമർശകർ ഭയപ്പെട്ടതെന്നും, പരമ്പരാഗത സാമൂഹിക തട്ടുകളെ ഇല്ലാതാക്കുന്ന സാധാരണ ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തെയായിരുന്നു എന്നും സെസേറ കൂട്ടിക്ക വ്യക്തമാക്കുന്നുണ്ട്. അത് ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വിഭജനം ഇല്ലാതാക്കുന്നു; താഴ്ന്ന മനുഷ്യർ അധികാരത്തിലേക്കു വരുന്നു; അവരുടെ പരമാധികാരം ഭരിക്കുന്നവരോട് അനുസരണക്കേട് ഉണ്ടാക്കുന്നു- ഇതൊക്കെയായിരുന്നു പ്രമാണിവർഗ്ഗത്തിൻ്റെ ആശങ്കകൾ. ഇംഗ്ലണ്ടിൽ 1570-1642 ൽ , എഴുപത് വർഷക്കാലം ജനായത്ത രാഷ്ട്രീയം വീണ്ടും വീണ്ടും വിമർശനങ്ങൾക്കു വിധേയമായി കൊണ്ടിരുന്നു.
ചുരുക്കത്തിൽ റിപ്പബ്ലിക്കൻ ആശയങ്ങൾ സ്വീകാര്യമാകുന്നതിനു നേർവിരുദ്ധദിശയിൽ ഡെമോക്രസിക്ക് യൂറോപ്യൻ ബുദ്ധിജീവികളിൽ പലരും അസ്വീകാര്യമായ രാഷ്ട്രീയ ഘടനയെന്ന ദുഷ്പ്പേര് കൊടുത്തു. സ്വേച്ഛാധിപത്യത്തിനു പകരം മറ്റെന്ത് എന്ന ചോദ്യത്തിന് മിക്കവാറും തന്നെ റിപ്പബ്ലിക് എന്ന ഒറ്റ ഉത്തരമേ നമുക്കു കാണാനാവൂ.
16 -ാം നൂറ്റാണ്ടിൻ്റെ മധ്യം മുതലെങ്കിലും സമൂഹത്തിലെ സാധാരണക്കാർ കൂടി രാജ്യകാര്യങ്ങളിൽ നേരിട്ടു ഭാഗഭാക്കാകേണ്ട ചില പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഉരിത്തിരിഞ്ഞുവന്നു.
സാധാരണക്കാരുടെ രാഷ്ട്രീയ ദൃശ്യത
രാജവാഴ്ച പോലെ തന്നെ ഡെമോക്രസിയും എതിർക്കപ്പെടേണ്ട രാഷ്ട്രീയ ഘടനയാണെന്നുള്ള വാദങ്ങളെ അക്കാലത്തെ സൈദ്ധാന്തികമായ അഭിപ്രായപ്രകടനങ്ങളായി മാത്രം വിലയിരുത്തുന്നതിൽ അപാകതയുണ്ടെന്നു തോന്നുന്നു. കാരണം 16 -ാം നൂറ്റാണ്ടിൻ്റെ മധ്യം മുതലെങ്കിലും സമൂഹത്തിലെ സാധാരണക്കാർ കൂടി രാജ്യകാര്യങ്ങളിൽ നേരിട്ടു ഭാഗഭാക്കാകേണ്ട ചില പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഉരിത്തിരിഞ്ഞുവന്നു.
ഒന്നാമത്തേത് സ്വേച്ഛാധിപത്യ ഭരണത്തെ നേരിടാനുള്ള സൈനിക സംവിധാനം എന്ന നിലയിൽ പ്രമാണിമാർക്കൊപ്പം സാധാരണക്കാരും സായുധരായി യുദ്ധത്തിൽ പങ്കാളികളായി എന്നതാണ്.
രാഷ്ട്രീയ കാര്യങ്ങളിൽ ജനസാമാന്യത്തിൻ്റെ സമ്മതവും അവരുടെ പങ്കാളിത്തവും അത്യാവശ്യമാക്കി തീർത്ത മറ്റൊന്ന്, നികുതി സംബന്ധിച്ച പരിഷ്ക്കാരങ്ങളും അതിൽ വന്ന അഭൂതപൂർവ്വമായ വർദ്ധനവുമായിരുന്നു. മൂന്നാമതായി, കോളനി സാമ്രാജ്യത്വവും അവിടുത്തെ പ്ലാൻ്റേഷൻ വാണിജ്യവും ചേർന്നു പഞ്ചസാര തുടങ്ങിയ ആഢംബര വസ്തുക്കളെ ക്രമേണ സാധാരണക്കാരുടെ കൂടി വിഭവങ്ങളാക്കി മാറ്റി. അമിതോല്പാദനം ഉപഭോഗത്തിൻ്റെ പരമ്പരാഗത വിലക്കുകളെ ലംഘിച്ചു പല വിഭവങ്ങളെയും ജനകീയമാക്കാൻ തുടങ്ങിയെന്നർത്ഥം. ഉപഭോഗത്തിൽ സാധാരണക്കാർക്കും വന്നുചേർന്ന സ്വാതന്ത്ര്യം അധികാരത്തിൻ്റെ വിതരണത്തിലും അവകാശങ്ങൾക്കു കാരണമാകാം.
ആദ്യം ജനങ്ങൾക്ക് രാഷ്ട്രീയാധിപത്യ യുദ്ധത്തിൽ സായുധപങ്കാളിത്തം വന്നു ചേർന്നതു നോക്കാം.
സ്പെയിനിൻ്റെ ആധിപത്യത്തിൽനിന്ന് മോചനം നേടാൻ ഡച്ചുകാർ നടത്തിയ യുദ്ധത്തിൽ (The Eighty Years' War or Dutch Revolt, 1566–1648) നഗരങ്ങളിലെ കൈത്തൊഴിൽക്കാരും മറ്റും സായുധരായി സ്പാനിഷ് സൈന്യത്തെ നേരിട്ടിരുന്നു. 1560--1581 കാലത്ത് ഹോളണ്ടിലുണ്ടായിരുന്ന ജനകീയ സായുധ സംഘങ്ങളെ (civic militias) പറ്റി ജെ.സി. ഗ്രേസൺ എഴുതിയിട്ടുണ്ട് (Grayson, J. C. “The Civic Militia in the County of Holland). സ്വതന്ത്രരായ കൈത്തൊഴിൽക്കാരും ഗിൽഡ് മാസ്റ്റർമാരുമായിരുന്നു ഇവരിൽ മിക്കവരും. തങ്ങൾ നഗരം സംരക്ഷിക്കാൻ ജീവൻ പണയം വെച്ചു പോരാടുന്നതിനാൽ നഗരഭരണത്തിൽ തങ്ങൾക്കും പങ്കാളിത്തം ഇവർ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ നഗര ന്യായാധിപർ ജനകീയ സായുധപോരാളികളുടെ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവരുമായി ചർച്ചകൾ നടത്തുന്നത് നിയമപരമായി തന്നെ ഹോളണ്ട് അധികാരികൾ വിലക്കുകയും ചെയ്തു.
ഇതുപോലെതന്നെ ചാൾസ് ഒന്നാമൻ രാജാവിനെ നീക്കാൻ നടത്തിയ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിലും പാർലമെൻ്റ് രൂപീകരിച്ച പടയുടെ ജനകീയ സ്വഭാവം കൂടി അറിയണം. ജനകീയ സേനയുടെ ഭാഗമെന്ന നിലയിലാണ് ലെവലർമാർ പലരും സാർവ്വത്രിക (ആൺ) വോട്ടവകാശം ഉന്നയിച്ചതും പാർലമെൻ്റിനേക്കാൾ പരമാധികാരം ജനങ്ങളിൽ കേന്ദ്രീകരിക്കണം എന്ന് ആവശ്യപ്പെട്ടതും. ലെവലർമാരുടെ "ഭരണപത്രിക" അഭിസംബോധന ചെയ്യുന്നത് രാഷ്ട്രീയ ബോധ്യമുള്ള സാധാരണ പടയാളികളെയാണ്.

റിപ്പബ്ലിക്കൻ ചിന്തയുടെ ഒരു സുപ്രധാന ഘടകമാണ് സ്വേച്ഛാധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സായുധരായ ജനകീയ സൈന്യം. അദ്ദേഹം "ആയുധധാരികളായ ജനത" (populations armed) എന്ന ആശയത്തെ പിന്തുണച്ച്, പൗരസമൂഹം നൽകുന്ന സൈനിക സേവനമാണ് ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെട്ടു. "യഥാർത്ഥത്തിൽ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അറിയുന്ന ഒരു സാധാരണ ക്യാപ്റ്റനാണ്" കൂലിപ്പടകളേക്കാൾ എന്തുകൊണ്ടും നല്ലതെന്നതായിരുന്നു ഒലിവർ ക്രോംവെലിൻ്റെ അഭിപ്രായം. ജനങ്ങൾ സ്വയം സായുധരാകുന്ന ഈ റിപ്പബ്ലിക്കൻ പാരമ്പര്യം ഡച്ചു റിപ്പബ്ലിക്കിൽ മാത്രമല്ല, പിന്നീടിങ്ങോട്ടുള്ള എല്ലാ അധികാര യുദ്ധങ്ങളിലും-ലോംഗ് മാർച്ചുകളിലും ഗറില്ലാ പോരാട്ടങ്ങളിലും കാണാം.
റിപ്പബ്ലിക്കിന് കോളനികൾ സ്ഥാപിച്ച് സാമ്രാജ്യത്വ ശക്തിയായി വളരാൻ, യുദ്ധങ്ങൾക്കും നാവിക പര്യവേഷണ യജ്ഞങ്ങൾക്കും സമുദ്രാന്തര വാണിജ്യ സംരക്ഷണത്തിനുമെല്ലാം വൻതോതിൽ ധനശക്തി കൂടാതെ കഴിയില്ല. ഇതിലേക്കുള്ള ആദ്യ സ്രോതസ് ജനങ്ങളിൽ കടുത്ത നികുതിഭാരം ചുമത്തൽ തന്നെ. 17-ാം നൂറ്റാണ്ടിൽ ഡച്ച് റിപ്പബ്ലിക് വലിയ കോളനി സാമ്രാജ്യമായി ഉയർന്നതിനൊപ്പം ആഭ്യന്തരമായി നികുതിഭാരവും ജനങ്ങൾക്കു മേൽ കൂടിക്കൂടി വന്നു. 1674- ൽ ചെരിപ്പ് നികുതിയ്ക്കെതിരെ ജനരോഷം ഉണ്ടായതിനെ തുടർന്ന് അതേ വർഷം തന്നെ അത് നിർത്തിവെയ്ക്കുക ഉണ്ടായി. 1674- 1676- ൽ വിനോദനികുതി കൊണ്ടുവന്നെങ്കിലും ക്രമേണ പിൻവലിച്ചു. അതിനാൽ ജനരോഷം ശമിപ്പിക്കാൻ സർക്കാരിന് ജനകീയ സമ്പർക്കം ഒരു അനിവാര്യതയായി.
ഇംഗ്ലണ്ടിലും ആഭ്യന്തര യുദ്ധകാലത്ത് രാജാവിനെ മറികടന്ന് പാർലമെൻ്റ് പുതിയതായി തന്നെ പ്രത്യക്ഷ നികുതികൾ കൊണ്ടുവരുന്നുണ്ട്. ഇപ്രകാരം നികുതിഭാരവും അതിൻ്റെ പ്രതിഷേധവും സർക്കാരിൻ്റെ ന്യായീകരണവും റിപ്പബ്ലിക്കിൽ ജനായത്ത ആശയവിനിമയത്തിൻ്റെ പുതിയ ഒരു വാതിൽ തുറക്കാൻ ഇടവരുത്തി.
അതായത് ശരീരം കൊണ്ടും സമ്പത്തു കൊണ്ടും സാധാരണ ജനങ്ങൾ രാഷ്ട്രീയ പ്രക്രിയയിൽ പങ്കാളികളായി തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം ദൃശ്യമാക്കിയിരിക്കുന്നു. അതിനെ റിപ്പബ്ലിക്കിന് അവഗണിക്കാൻ കഴിയാതെയും വന്നിരിക്കുന്നു. അതുകൊണ്ടാണ് സംഘടിതമായ നിവേദനങ്ങളും പ്രതിഷേധങ്ങളും പ്രകടമാക്കാനുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം ജനസാമാന്യത്തിന് അനുവദിക്കേണ്ടി വന്നത്. ഈ രാഷ്ട്രീയ സ്വാതന്ത്ര്യം എന്നാൽ ഭരണ തീരുമാനങ്ങളെടുക്കുന്നതിലുള്ള അധികാര പങ്കാളിത്തമായി റിപ്പബ്ലിക് വികസിപ്പിക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഇതോടൊപ്പം കോളനി- വാണിജ്യ സാമ്രാജ്യത്വം ജനങ്ങളുടെ പരമ്പരാഗതമായ ഉപഭോഗ ഘടനയിലും മാറ്റങ്ങൾ വരുത്തുണ്ട്. 1650-1800 കാലത്തെ "കൺസ്യൂമർ റെവലൂഷ"നെ പറ്റി മൈക്കിൾ ക്വാസിൻ്റെ (Michael Kwass) പഠനം ഈ സന്ദർഭത്തിൽ ചേർത്തുവെയ്ക്കാം. ഇക്കാലത്ത് സമ്പന്നരിലും മധ്യവർഗ്ഗത്തിലും മാത്രമല്ല ചില തൊഴിലാളി വിഭാഗങ്ങളിൽ പോലും ഉപഭോഗത്തിൽ പുതിയ ഉല്പന്നങ്ങൾ കടന്നെത്തി. ഉപഭോഗം നിത്യജീവിതത്തിൻ്റെ ഭാഗമാകുകയും അത് ആളുകളുടെ ഐഡൻ്റിറ്റിയെ മുമ്പില്ലാത്ത വിധം നിർണ്ണയിക്കാൻ തുടങ്ങുകയും ചെയ്തു. പഞ്ചസാര, കാപ്പി, ചായ, പുകയില, പരുത്തി വസ്ത്രങ്ങൾ എന്നിവയുടെ ഉപയോഗം നന്നായി ഉയർന്നു; ഒപ്പം ഇവ വാങ്ങാൻ സാധിക്കാത്തവരും ഉണ്ടായി. എന്നാൽ പല ഉല്പന്നങ്ങളും സാധാരണക്കാരിലേക്കും ചെന്നെത്താതിരുന്നില്ല (Michael Kwass’s The Consumer Revolution, 1650–1800).
സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നുള്ള മോചനത്തിലൂടെ (റിപ്പബ്ലിക്) മാത്രം അവസാനിക്കുന്നതല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം എന്ന ധ്വനി ഡച്ച്-ഇംഗ്ലീഷ് ജനകീയ പ്രക്ഷോഭങ്ങളുടെ അന്തർധാരയായി വായിച്ചെടുക്കാൻ കഴിയും.
ജനസാമാന്യത്തിൻ്റെ ഉപഭോഗശീലങ്ങളിലേക്ക് ഇത്തരം വിഭവങ്ങൾ എത്തിക്കേണ്ടത് വാണിജ്യ പുരോഗതിക്ക് ആവശ്യവുമാണ്. പുതുതായി വന്നുചേർന്നു കൊണ്ടിരുന്ന ഉപഭോഗ സമത്വാസമത്വങ്ങൾ ജനായത്തപരമായ അവകാശങ്ങളിലേക്കും നയിക്കുന്നതാണ്. അവകാശങ്ങൾക്കു വേണ്ടിയുള്ള സമരം ഉപഭോഗത്തിനുള്ള സമരം കൂടിയാണല്ലോ. അധികാരത്തിലുള്ള പങ്കാളിത്തം ഉല്പന്നങ്ങൾ സ്വന്തമാക്കുന്നതിലെ സ്വാതന്ത്ര്യവും അവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്രമാധ്യമങ്ങളുടെ വളർച്ചയും മറ്റും രാഷ്ട്രീയാധികാരത്തിലുള്ള അവകാശ ബോധം പടർത്തുന്നതിനെ ആക്കം കൂട്ടുകയും ചെയ്തിരിക്കാം.
ശരീരം കൊണ്ടും സമ്പത്തുകൊണ്ടും ഉപഭോഗം കൊണ്ടും റിപ്പബ്ലിക് നിർമ്മാണ പ്രക്രിയയിൽ ജനസാമാന്യത്തിനു കൈവന്ന രാഷ്ട്രീയ ദൃശ്യത അവരുടെ ഭരണാധികാരമായി വികസിക്കാതിരിക്കുന്നതിനുള്ള- ഡെമോക്രസിലേക്കുള്ള പരിവർത്തനമായി മാറാതിരിക്കുന്നതിനുള്ള മുൻകരുതലായി 17, 18 നൂറ്റാണ്ടുകളിലെ ജനയത്ത വിരുദ്ധ രചനകളെ മനസ്സിലാക്കാവുന്നതാണ്.
ഇതോടൊപ്പം ഡെമോക്രസിയെ നിരസിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം കൂടി എടുത്തു പറയേണ്ടതുണ്ട്. ഡെമോക്രസിയുടെ കാതൽ സ്വയം ഭരണം അഥവാ തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാവർക്കും തുല്യ പങ്കാളിത്തമാണ്. ഇത് കോളനിവൽക്കരണ സാമ്രാജ്യത്വലക്ഷ്യവുമായി പൊരുത്തപ്പെടുന്ന തത്ത്വമല്ല. എല്ലാ കോളനിഭൂമികളിലും സ്വയംഭരണം തദ്ദേശീയ ജനതക്കു നിഷേധിച്ചു. എന്നാൽ നേരത്തേ പറഞ്ഞതുപോലെ റിപ്പബ്ലിക്കൻ ആശയങ്ങളാകട്ടെ സ്വയംഭരണമെന്നതിനേക്കാൾ, സ്വേച്ഛാഭരണത്തിൽ നിന്നുള്ള മോചനത്തിൽ ഊന്നൽ നൽകുന്നു. കോളനികളിലെ തദ്ദേശീയ ഭരണങ്ങളെ സ്വേച്ഛാപരമെന്നു വിലയിരുത്താനും അതിനാൽ അവിടെ ഭരണം യൂറോപ്യൻ റിപ്പബ്ലിക്കൻ ഭരണത്തിൻ്റെ കീഴിൽ കൊണ്ടുവരാനും കഴിഞ്ഞു. കോളനി സമൂഹങ്ങളിലെ വിദ്യാഭ്യാസവും സമ്പത്തുമില്ലാത്തവർക്കു വേണ്ടി യൂറോപ്യൻ പ്രമാണിവർഗ്ഗം ഭരിക്കുന്നതിൽ റിപ്പബ്ലിക്കൻ വ്യഖ്യാനങ്ങൾ തെറ്റു കാണുന്നില്ല.
സ്വേച്ഛാധിപത്യത്തെ എതിർത്തു പൗരാവകാശങ്ങളും ജനക്ഷേമവും സ്ഥാപിക്കുന്ന ഭരണക്രമമാണ് തത്ത്വത്തിൽ റിപ്പബ്ലിക്. എന്നാൽ അനുഭവത്തിൽ അധികാരമോഹികളും ധനികരും പ്രമാണിമാരും വിദ്യാസമ്പന്നരുമായ ഒരു വിഭാഗത്തിൻ്റെ ആധിപത്യം സ്വന്തം രാജ്യത്തും, പുറത്ത് സാമന്ത പ്രവിശ്യകളാക്കി മാറ്റിയ പരദേശ കോളനികളിലും ഒരേപോലെ പ്രയോഗിക്കാൻ പറ്റിയ ഭരണമായി റിപ്പബ്ലിക്കൻ ആശയങ്ങളെ പ്രയോഗിക്കാൻ കഴിയും. രണ്ടിടത്തും പൊതുക്ഷേമ തൽപ്പരർ എന്നോ ഭരണകാര്യനിപുണർ എന്നോ അറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗത്തിൻ്റെ സൃഷ്ടിക്കു കൂടി റിപ്പബ്ലിക് പ്രയോഗങ്ങൾ നിമിത്തമായി. പൊളിറ്റീഷ്യൻ എന്ന വിഭാഗത്തിൻ്റെ ഉദയമാണിത് (ചരിത്രത്തിൽ ഇതേവിധത്തിൽ അതുവരെയില്ലാത്ത ഈ പ്രത്യേക വിഭാഗത്തിൻ്റെ ഉദയവും വളർച്ചയും സവിശേഷതകളും പ്രത്യേകമായി അന്വേഷിക്കേണ്ടതു കൊണ്ട്, അത് പിന്നീട് എഴുതാം).
ഹോളണ്ടിലും ഇംഗ്ലണ്ടിലും ജനസാമാന്യത്തിൽ നിന്നും ഭരണമാറ്റങ്ങൾക്കു വേണ്ടി ഒരേ പോലെയുള്ള ആവശ്യങ്ങളോ മുദ്രാവാക്യങ്ങളോ ഉയർന്നില്ലെങ്കിലും, സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നുള്ള മോചനത്തിലൂടെ (റിപ്പബ്ലിക്) മാത്രം അവസാനിക്കുന്നതല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം എന്ന ധ്വനി ഡച്ച്-ഇംഗ്ലീഷ് ജനകീയ പ്രക്ഷോഭങ്ങളുടെ അന്തർധാരയായി വായിച്ചെടുക്കാൻ കഴിയും. ഏതായാലും 17-ാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ ഡച്ച് ബുദ്ധിജീവികളിൽ പലരും (Franciscus van den Enden, Baruch Spinoza തുടങ്ങിയവർ) റിപ്പബ്ലിക്കൻ രാഷ്ട്രീയഘടനയുടെ പരിമിതികൾ മനസ്സിലാക്കാൻ മുന്നോട്ടു വരുകയും സാമാന്യജനങ്ങളുടെ രാഷ്ട്രീയ ഭാഗധേയം അംഗീകരിക്കപ്പെടേണ്ടതാണെന്നു എഴുതുകയും ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കുള്ള ഈ പരിവർത്തന ദശയിൽ ആധുനിക ഡച്ചു രാഷ്ട്രീയ ചരിത്രം സവിശേഷ ശ്രദ്ധ അർഹിക്കുന്നതായി ജൊനാതൻ ഇസ്രയേലിൻ്റെ പഠനം വ്യക്തമാക്കുന്നു. ഇംഗ്ലണ്ട്, അമേരിക്ക,ഫ്രാൻസ് എന്നിവിടങ്ങളിലെ ജനായത്ത പരിഷ്ക്കാരങ്ങളാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഭരണ സമ്പ്രദായത്തിനു കളമൊരുക്കിയതെന്ന സാമ്പ്രദായിക ചരിത്ര നിർമ്മിതിയെ വിമർശിക്കുക കൂടിയാണ് ജൊനാതൻ ഇസ്രയേൽ (Jonathan Israel, “The Intellectual Origins of Modern Democratic Republicanism,1660–172”).

അതായത്, സ്വാതന്ത്ര്യമെന്നതിനെ റിപ്പബ്ലിക്കൻ കാഴ്ചപ്പാടിലെ സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള മോചനത്തിൽ മാത്രമായി ഒതുക്കിനിർത്താൻ കഴിയില്ലെന്ന ജനസാമാന്യത്തിൻ്റെ അനുഭവ ബോധ്യത്തിൽ നിന്നാണ് ഡെമോക്രാറ്റിക് തത്ത്വങ്ങൾ റിപ്പബ്ലിക്കൻ തത്ത്വങ്ങളിലേക്കു ഉൾച്ചേർക്കേണ്ട സാഹചര്യം സംജാതമായത്.
റിപ്പബ്ലിക്കനിസവും ഡെമോക്രസിയും തമ്മിൽ സ്വാഭാവികമായും ഒത്തുചേരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നുണ്ട് ഇറ്റാലിയൻ രാഷ്ട്രീയ സൈദ്ധാന്തികയായ നാദിയ ഉർബിനാതി (Nadia Urbinati’s “Competing for Liberty: The Republican Critique of Democracy”). ആധിപത്യത്തിൽ നിന്നുള്ള മോചനത്തിൽ അവസാനിക്കുന്നതു മാത്രമല്ല സ്വാതന്ത്ര്യം. സ്വയംഭരണത്തിനുള്ള അവകാശം കൂടി ചേർന്നതാണ് ഡെമോക്രസിയിലെ സ്വാതന്ത്ര്യമെന്ന് നാദിയ പറയുന്നു.
മനുഷ്യർക്കു തങ്ങളുടെ ജീവിതത്തെ നിർണ്ണയിക്കുന്ന നിയമനിർമ്മാണത്തിലും ഭരണനിർവ്വഹണത്തിലും നീതിയുടെ നടത്തിപ്പിലും തുല്യമായി പങ്കെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതു കൂടി ചേർന്നതാണ് സ്വാതന്ത്ര്യം. തങ്ങളുടെ ഭാഗധേയം നിർണ്ണയിക്കാൻ രാഷ്ട്രീയാധികാരത്തിൽ കിട്ടുന്ന തുല്യമായ പങ്കാളിത്തം കൂടിയാണ് ഡെമോക്രസിയിൽ സ്വാതന്ത്ര്യമെന്നത്. രാഷ്ട്രീയാധികാരത്തിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം വേണമെന്നതിനെ റിപ്പബ്ലിക്കനിസം അംഗീകരിക്കണമെന്നില്ല. രാഷ്ട്രീയാധികാരം അവിടെ അസന്തുലിതമായി വിതരണം ചെയ്യപ്പെടുന്നു.
അതിനാൽ എന്തുകൊണ്ട് ജനായത്ത പൂർത്തീകരണത്തിനു - എല്ലാവർക്കും തുല്യമായി അധികാരത്തിൽ പങ്കാളിത്തം നേടുന്നതിനു -പലപ്പോഴും രാഷ്ട്രീയപ്പാർട്ടികൾ വിലങ്ങുതടിയായി മാറുന്നു എന്ന ചോദ്യം നമ്മളെ ആധുനിക റിപ്പബ്ലിക്കൻ സ്ഥാപനങ്ങളുടെ ജനായത്ത പരിമിതികളെ അറിയുന്നതിലേക്കു കൂടി നയിക്കേണ്ടതാണ്.
ആദ്യത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന കേൾവികേട്ട അമേരിക്കയിൽ ഇന്നും അധികാരസ്ഥാനങ്ങളിലെ പണാധിപത്യത്തിനു സമാനതകൾ അധികമില്ല.
സാമാന്യമായി പറഞ്ഞാൽ 17-18 നൂറ്റാണ്ടുകളെ റിപ്പബ്ലിക്കൻ രാഷ്ട്രീയവ്യവസ്ഥയുടെ നിർമ്മാണ കാലങ്ങളായി കാണാൻ പറ്റും. ഈ കാലഘട്ടത്തിൽ ഡച്ച്, ഇംഗ്ലീഷ്, അമേരിക്കൻ, ഫ്രഞ്ച് ലോകങ്ങളിൽ റിപ്പബ്ളിക്കൻ ആശയങ്ങൾ പ്രാബല്യം നേടുകയും തങ്ങളുടേതായ റിപ്പബ്ലിക്കൻ മാതൃകകൾ സ്ഥാപിതമാവുകയും ചെയ്തു. പഴയ രാഷ്ട്രീയ വ്യവസ്ഥയുടെ ഘടനകൾ പൊളിച്ചെഴുതി റിപ്പബ്ലിക്കൻ ഭരണനിർവ്വഹണസ്ഥാപനങ്ങൾ അവിടങ്ങളിൽ രൂപം കൊള്ളുകയുണ്ടായി. റെപ്രസെൻ്റേറ്റീവ് അസംബ്ലി, ഇലക്ഷൻ, ഭരണഘടന, ലെജിസ്ലേറ്റീവ്- എക്സിക്യൂട്ടീവ്- ജുഡീഷ്യറി എന്നീ വിഭജനങ്ങൾ, പൗരത്വം, രാഷ്ട്രീയ പാർട്ടി എന്നിവ ഏറ്റവും പ്രധാനപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാപനങ്ങളിൽ പെടുന്നു.
മേൽപ്പറഞ്ഞ റിപ്പബ്ലിക്കൻ സ്ഥാപനങ്ങളുടെ ഉത്ഭവലക്ഷ്യം പ്രധാനമായും, സ്വേച്ഛാധിപത്യ പ്രവണതകൾക്കു നിയമവാഴ്ച കൊണ്ടു തടയിടുക, രാഷ്ട്രീയ സ്ഥിരത, ഭരണഘടനാ സംതുലനം, ദേശീയൈക്യം എന്നിവയാണ്; അല്ലാതെ എല്ലാവർക്കും ഭരണത്തിൽ തുല്യ പങ്കാളിത്തം സാധ്യമാക്കുക എന്നതായിരുന്നില്ല. സാധരണക്കാർക്ക് പ്രതികരിക്കാനും സംഘടിക്കാനും ആവലാതികൾ ബോധിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും, 17,18 നൂറ്റാണ്ടുകളിലെ ഡച്ച് റിപ്പബ്ലിക്കിലെ ഭരണതലങ്ങളിൽ ഡച്ച് സമ്പന്ന വാണിജ്യ പ്രമാണികൾ ആധിപത്യം പുലർത്തി (Maarten Prak, “Constraining the Rich in the Dutch Republic”). ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് ജനായത്ത വാദികളായ ലെവലർമാരെ ഇല്ലായ്മ ചെയ്തതിനു ശേഷം സൈനിക ഭരണം, നിയന്ത്രിത്ര പൗരത്വം, ഭൂപ്രഭു-വാണിജ പ്രമുഖരുടെ അധികാര കോയ്മ, ജനായത്തവാദ പ്രസ്ഥാനങ്ങളുടെ ധ്വംസനം എന്നിവ ഇംഗ്ലീഷ് ഭരണകൂടത്തിൻ്റെ മുഖമുദ്രയായി ഏറെക്കൂറെ തുടർരുന്നു.
അമേരിക്കൻ റിപ്പബ്ലിക്കും ബഹുഭൂരിപക്ഷത്തെയും വംശീയവാദം കൊണ്ട് പൗരത്വം നിഷേധിച്ചു അധികാര പ്രക്രിയയിൽ നിന്നുതന്നെ അവരെ കാലങ്ങളോളം അകറ്റിനിർത്തി. ആദ്യത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന കേൾവികേട്ട അമേരിക്കയിൽ ഇന്നും അധികാരസ്ഥാനങ്ങളിലെ പണാധിപത്യത്തിനു സമാനതകൾ അധികമില്ല. ഫ്രഞ്ച് റിപ്പബ്ലിക്കിനെക്കുറിച്ച് പിയർ റോസാൻലോൺ ( Pierre Rosanvallon) പറയുന്നത്, അവിടെ സാർവ്വത്രിക വോട്ടവകാശത്തെ ഫ്രഞ്ചു ജനതയുടെ ഐക്യത്തിൻ്റെ പ്രതീകമെന്ന നിലയിലാണ് സങ്കല്പിച്ചിരുന്നതെന്നാണ്; സാമൂഹിക വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംവിധാനമെന്ന നിലയിലോ ജനങ്ങൾക്ക് അധികാരത്തിലെ പങ്കാളിത്ത മാർഗ്ഗമെന്ന വിധമോ സാർവ്വത്രിക വോട്ടവകാശത്തിന് ഫ്രാൻസും അർത്ഥം കല്പിച്ചിരുന്നില്ല.
ഇന്ന് ആഗോളതലത്തിൽ തന്നെ ജനായത്തം അതീവ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ഇതുവരെ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ പ്രസക്തമാണെന്നു തോന്നുന്നു. 17-18 നൂറ്റാണ്ടുകളിൽ ഉയർന്നുവന്ന റിപ്പബ്ലികൻ സംവിധാനങ്ങൾക്ക് അകത്ത്, 19-20 നൂറ്റാണ്ടുകളിൽ പടിപടിയായി സംഭവിച്ച സാർവ്വത്രിക വോട്ടവകാശത്തിലൂടെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകൾ സ്ഥാപിതമായതിനു ശേഷം, ജനായത്തത്തിൻ്റെ മൗലിക തത്വമായ ഭരിക്കുന്നവരും ഭരണീയരും എന്ന വിടവ് ഇല്ലാതാക്കുന്നതിന് മേൽപ്പറഞ്ഞ റിപ്പബ്ലിക്കൻ സ്ഥാപനങ്ങൾ എത്രത്തോളം ഉപകരിക്കുന്നുണ്ട്? റിപ്പബ്ലിക്കൻ ഭരണത്തിൽ പൊതുവേ വന്നുചേരുന്ന പ്രധാന വൈകല്യമായ പ്രമാണിവാഴ്ചയുടെ സാധ്യതകൾക്കു തടയിടാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകൾക്കു എത്രമാത്രം കഴിയുന്നു? പ്രത്യേകിച്ച് പ്രാതിനിധ്യം, ഇലക്ഷൻ, രാഷ്ട്രീയപ്പാർട്ടികൾ ഇവയിൽ നിലനിൽക്കുന്ന സംഘർഷം - ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന വിഭജനം-അവസാനിപ്പിക്കാൻ എന്തെന്തു മാർഗ്ഗങ്ങളാണ് നാളിതുവരെ ജനായത്ത വ്യവസ്ഥകൾ കൈക്കൊണ്ടിട്ടുളളത്? ഈ നടപടികൾ ഇന്നത്തെ ആഗോള ജനായത്ത പ്രതിസന്ധി പരിശോധിക്കുമ്പോൾ എത്രത്തോളം ഫലവത്തായിട്ടുണ്ട്? അതായത് ജനായത്ത ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് സ്ഥാപനപരമായ പൊളിച്ചെഴുത്തുകൾ അടിസ്ഥാന റിപ്പബ്ലിക്കൻ ഘടനയിൽ ആവശ്യമല്ലേ?
(തുടരും)
