ചിത്രീകരണം : കെ.പി മുരളീധരൻ

'കമ്യൂണിസ്റ്റ് ഭൂതം' ആരെയാണ് ഭയപ്പെടുത്തുന്നത്?

ഇസ്​ലാമിക രാഷ്ട്രീയ സംഘടനകളുടെ മുഖ്യശത്രു കമ്യൂണിസമാകുന്നത് അവരുടെ ചരിത്രപരമായ ദൗത്യം മതേതരത്വവും ഇടതുരാഷ്ട്രീയവും തകർക്കുക എന്നായതുകൊണ്ടാണ്.

മ്യൂണിസത്തിനെതിരെ മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രചാരണം നടത്താൻ കേരളത്തിലെ ഒരു മുസ്​ലിം സംഘടന- സമസ്ത- തീരുമാനിച്ചത് കേരള സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ- സാമൂഹ്യ ചലനങ്ങളുടെ മൂർത്തമായ പ്രതിഫലനമാണ്. കേരള സമൂഹത്തിലെ രാഷ്ട്രീയ- സാമൂഹ്യ വൈരുധ്യങ്ങളിൽ പലതും രൂക്ഷമാകുന്നു എന്നും അതിന്റെ വേവും ചൂടും അടക്കിവെക്കാനാകാത്ത വിധത്തിൽ പുറത്തുവരുന്നു എന്നുകൂടി അത് കാണിക്കുന്നുണ്ട്. കമ്യൂണിസം കേരളത്തെ സംബന്ധിച്ച് അതിന്റെ ആധുനിക സമൂഹമെന്ന നിലയിലുള്ള യാത്രയിൽ മറ്റേത് ആശയധാരയേക്കാളും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ആഗോളതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും രാഷ്ട്രീയമായും രാഷ്ട്രങ്ങളായും മുതലാളിത്ത ചേരിക്കെതിരെ നിന്നിരുന്ന ഒരു ലോകക്രമത്തിലും കാലഘട്ടത്തിലും കേരളത്തിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വന്നു. അതായത് ആഗോള കമ്യൂണിസ്റ്റ് മുന്നേറ്റത്തിലെ രാഷ്ട്രീയ സന്ദർഭങ്ങളിൽ കേരളം ഒഴിച്ചുകൂടാനാകാത്ത ഒരു ചരിത്രപ്രദേശമാണ്.

കേരളത്തിലെ ജനസംഖ്യയുടെ കാൽഭാഗത്തോളം വരുന്ന മുസ്​ലിം സമുദായത്തെ വർഗീയവത്കരിക്കുന്നതിനും ഇസ്​ലാമിക രാഷ്ട്രീയത്തിന്റെ പിന്തിരിപ്പൻ സാമൂഹ്യബോധത്തിലേക്ക് ചേർക്കുന്നതിനുമുള്ള ശ്രമങ്ങൾ സജീവമാണ്

ഇതുണ്ടാക്കാൻ പോകുന്ന അപകടം അതിന്റെ എല്ലാ സൂക്ഷ്മാർത്ഥത്തിലും അമേരിക്കൻ സാമ്രാജ്യത്വമടക്കമുള്ള മുതലാളിത്ത ചേരി തിരിച്ചറിയുകയും ഒട്ടും താമസമില്ലാതെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടത്തുകയും ചെയ്തു. കേന്ദ്രം ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും ആഗോളതലത്തിൽ കമ്യൂണിസത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ച കത്തോലിക്കാ സഭയും നായർ സർവീസ് സൊസൈറ്റി അടക്കമുള്ള കേരളത്തിലെ ജാതിസംഘടനകളുമെല്ലാം ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ യജ്ഞത്തിന്റെ ഭാഗമാവുകയും ചെയ്തു. 1957-ൽ അധികാരമേറ്റ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതിലേക്കെത്തിയത് ആഗോളാടിസ്ഥാനത്തിലുള്ള ഈ കമ്യൂണിസ്റ്റ് വിരുദ്ധ പരിപാടിയായിരുന്നു.

1957ലെ ആദ്യ കേരള മന്ത്രിസഭ

കമ്യൂണിസ്​റ്റ്​ വിരുദ്ധതയുടെ കേരള ചരിത്രം

കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനെതിരായ നീക്കം അതിനുമുമ്പുതന്നെ തുടങ്ങിയിരുന്നു. അതിനുള്ള പ്രധാന കാരണം, ലോകത്ത് മറ്റെല്ലായിടത്തേയും പോലെ നിലവിലുള്ള ചൂഷണാത്മകമായ ഉത്പാദന ബന്ധങ്ങൾക്കും ഭൂവുടമ ബന്ധങ്ങൾക്കുമെതിരെ കമ്യൂണിസ്റ്റുകാർ നടത്തിയ സമരങ്ങളായിരുന്നു. ഉത്പാദന ബന്ധങ്ങളെ അദ്ധ്വാനിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെ പൊളിച്ചുപണിയുന്നതിലൂടെ മാത്രമേ അദ്ധ്വാനത്തിന്റെ മേലുള്ള മൂലധനത്തിന്റെ ചൂഷണം അവസാനിക്കുകയുള്ളൂ എന്ന രാഷ്ട്രീയ സങ്കൽപനത്തിന്റെ സമരപ്രയോഗങ്ങൾക്ക് കേരളവും (അന്ന് കേരളം എന്ന സംസ്ഥാനമില്ലെങ്കിലും മലയാളികളുടെ ഭൂപ്രദേശം) അരങ്ങായിരുന്നു. ഇന്ത്യയിലെ മറ്റു പലയിടങ്ങളിലും അത്തരം സമരങ്ങൾക്ക് കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുകയും ചെയ്തു.

കേരളത്തിലാകട്ടെ അതിന്റെ സവിശേഷമായ ചില ചരിത്ര സാഹചര്യങ്ങളാൽ ആധുനികതയുമായുള്ള കേരള സമൂഹത്തിന്റെ മുഖാമുഖത്തിനും കൈകോർക്കലിനും വേഗത കൂടുതലായിരുന്നു. അയ്യങ്കാളിയും നാരായണഗുരുവും അടക്കമുള്ളവർ പല തലങ്ങളിലായി മുന്നോട്ടുവെച്ച കീഴാള സമൂഹത്തിന്റെ ചെറുത്തുനിൽപ്പ് കേരളത്തിലെ ജാതി- ജന്മി മേധാവിത്ത വ്യവസ്ഥക്കെതിരായുള്ള മൂവ്‌മെന്റുകൾ തന്നെയായിരുന്നു. ഏതാണ്ട് അതേ കാലഘട്ടത്തിൽത്തന്നെ സമത്വത്തെക്കുറിച്ചുള്ള ആഗോള രാഷ്ട്രീയ സങ്കൽപ്പങ്ങൾ മലയാളികൾക്കിടയിലേക്ക് കടന്നുവരികയും ചെയ്തിരുന്നു. ജന്മിത്വത്തിനും അതിന്റെ കൊടിയ ചൂഷണത്തിനുമെതിരായി തുടങ്ങിയ 1921-ലെ മലബാർ കാർഷിക കലാപം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ഇന്ത്യയിൽ അക്കാലത്തു നടന്ന ഏറ്റവും തീക്ഷ്ണമായ സായുധ കലാപങ്ങളിലൊന്നുകൂടിയായിരുന്നു. പ്രധാനമായും മുസ്​ലിം കർഷക തൊഴിലാളികളും കുടിയാന്മാരും ഉൾപ്പെട്ട ആ സമരത്തിന്റെ ചില ഘട്ടങ്ങളിൽ അത് മുസ്​ലിം മതവർഗീയതയുടെ ഹിംസാത്മകമായ സ്വഭാവങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആ സമരത്തിന്റെ മുഖ്യ രാഷ്ട്രീയ സ്വഭാവം ജന്മിത്വത്തിനും ബ്രിട്ടീഷുകാർക്കുമെതിരായ സായുധ കലാപം എന്നതാണ്.

കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റം ഈ ജാതി- ജന്മിത്വ വിരുദ്ധ സമരധാരയെ ഏറ്റെടുക്കാമോ ഉൾക്കൊള്ളാനോ തയ്യാറായിരുന്നില്ല. അതിന്റെ പ്രധാന കാരണം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം പ്രധാനമായും ഭൂവുടമകളുടെയും ജന്മിമാരുടെയും ജാതിഹിന്ദുക്കളുടേയും താത്പര്യങ്ങളെക്കൂടി സംരക്ഷിക്കണം എന്ന് കരുതിയവർക്കായിരുന്നു. നാരായണഗുരുവുമായി ഗാന്ധി നടത്തിയ സംഭാഷണത്തിൽ വർണവ്യവസ്ഥയെ നിരാകരിക്കാനുള്ള ഗാന്ധിയുടെ സന്ദേഹങ്ങൾ വെളിപ്പെടുന്നത് അങ്ങനെയാണ്. അയിത്തോച്ചാടനം ഒരു പരിപാടിയാകുമ്പോഴും അതിന്റെ അടിസ്ഥാന കാരണമായ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ജന്മിത്വത്തോടും ഭൂവുടമ ബന്ധത്തിലെ ചൂഷണത്തോടും അവർക്കു സമാനമായ ഒത്തുതീർപ്പ് സമീപനമാണ് ഉണ്ടായിരുന്നത്.

ഒരു ആധുനിക ജനാധിപത്യ സമൂഹമായി കേരളത്തിന് നിലനിൽക്കണമെങ്കിൽ, മുന്നോട്ടു പോകണമെങ്കിൽ സങ്കുചിതമായ മത, സ്വത്വ രാഷ്ട്രീയത്തിന്റെയും മതബദ്ധമായ സാമൂഹ്യബോധത്തിന്റെയും വ്യാപനം തടഞ്ഞേ തീരൂ

എന്നാൽ 1930-കളുടെ അവസാനത്തോടെ സംഘടനാരൂപമാർജ്ജിച്ച കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് ഇക്കാര്യത്തിൽ സംശയങ്ങളോ സന്ദേഹങ്ങളോ ഉണ്ടായിരുന്നില്ല. ജന്മിത്വം അടപടലം പുഴക്കിക്കളയേണ്ട ഒന്നാണെന്നതിൽ അവർക്ക് ഒരു സംശയവുമില്ലായിരുന്നു. ജന്മിത്വം ഇല്ലാതാകുന്നതോടെയും അതിനു ശേഷം മുതലാളിത്ത ഉത്പാദന ബന്ധങ്ങൾ ശക്തമാകുന്നതോടെയും ജാതിവ്യവസ്ഥ അതിന്റെ സ്വാഭാവിക മരണത്തിലേക്കടുക്കുമെന്ന യാന്ത്രിക ധാരണ കമ്യൂണിസ്റ്റുകാരിൽ ശക്തമായിരുന്നു. എന്നാൽ ജാതി മേധാവിത്തത്തിനെതിരായ മുൻകാല നവോത്ഥാന മുന്നേറ്റങ്ങളുടെ ഗുണപരമായ രാഷ്ട്രീയ സ്വഭാവത്തെ ജന്മിത്തത്തിനെതിരായ സമരം വിപുലപ്പെടുത്തി എന്നുതന്നെയാണ് ചരിത്ര വസ്തുത.

അത്തരത്തിൽ ജാതി- ജന്മി മേധാവിത്തത്തിനെതിരായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനെതിരെ മത, സാമുദായിക ശക്തികളുടെ ഐക്യം രൂപപ്പെട്ടത് സ്വാഭാവികമായിരുന്നു. അതാകട്ടെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ നവകേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ തുടങ്ങിയതുമല്ലായിരുന്നു. പുന്നപ്ര- വയലാർ സമരകാലത്തും, കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ മറ്റു കാർഷിക, തൊഴിൽ സമരങ്ങളുടെ സമയത്തുമെല്ലാം ഈ എതിർപ്പ് ശക്തമായി ഉയർന്നു.

മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കമ്യൂണിസ്റ്റ് പാർട്ടി ശക്തമായ വേരോട്ടമുണ്ടാക്കിയ കാലമായിരുന്നു തുടർന്നുവന്നത്. ക്വിറ്റിന്ത്യ സമരം സംബന്ധിച്ച പാർട്ടിയുടെ നിലപാടും രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ഘട്ടത്തിൽ യുദ്ധം ഫാസിസ്റ്റ് വിരുദ്ധ യുദ്ധമാണെന്നും അതുകൊണ്ട് ബ്രിട്ടനടങ്ങുന്ന സഖ്യക്ഷികളെ പിന്തുണയ്ക്കണമെന്ന നിലപാടും എടുത്തത് ദേശീയതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വളരെ ദോഷകരമായി ബാധിച്ചെങ്കിലും കർഷകരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങൾക്കുവേണ്ടി പോരാടുന്ന രാഷ്ട്രീയമുയർത്തിപ്പിടിക്കുന്നു എന്ന ബലം കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിർത്താൻ കഴിഞ്ഞു. കേരളത്തിൽ (അന്ന് കേരളമായിട്ടില്ലെങ്കിലും) ഉടനീളം ജന്മിത്തത്തിനെതിരായ സമരം കമ്യൂണിസ്റ്റ് പാർട്ടിയെ കോൺഗ്രസിന്റെ ഭൂവുടമാ നേതൃത്വത്തിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റി. ഈ ‘ആപത്തിനെതിരെ' ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിനും തിരുവിതാംകൂർ ദിവാനും മുന്നറിയിപ്പ് കൊടുക്കുന്ന പണിയായിരുന്നു അന്ന് ദീപികയും മാതൃഭൂമിയും ചെയ്തിരുന്നത്.

തിരുവിതാംകൂറിൽ ദിവാൻ സർ സി. പി. രാമസ്വാമി അയ്യരും രാജാവും ചേർന്ന് സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കൻ മോഡൽ ഭരണക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി. ഫാസിസ്റ്റ് ശൈലിയിൽ നാട് ഭരിക്കാനാഗ്രഹിച്ച ദിവാൻ സി. പി. എല്ലാവിധ തൊഴിലാളി- കർഷക സമരങ്ങളെയും അടിച്ചമർത്താൻ ഏതറ്റം വരെയും പോകാനും തയ്യാറായി. അതിന്റെ പ്രധാന കാരണം ആ മുന്നേറ്റത്തിന്റെ രാഷ്ട്രീയ സ്വഭാവമായിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാർട്ടി നൽകിയ 26-ഇന ആവശ്യങ്ങളിൽ ഒമ്പതെണ്ണം പൂർണമായും രാഷ്ട്രീയ മുദ്രാവാക്യങ്ങളായിരുന്നു. ഇവ പിൻവലിക്കണമെന്നായിരുന്നു ദിവാന്റെ പ്രധാന ആവശ്യം പോലും. തിരുവിതാംകൂറിൽ നടന്ന വിവിധ തൊഴിലാളി പണിമുടക്കുകൾ, കർഷക സമരങ്ങൾ ഇവയുടെയൊക്കെ പശ്ചാത്തലത്തിലാണ് പുന്നപ്ര-വയലാറിലേക്കെത്തുന്നത്.

ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള ഇസ്​ലാമിക് രാഷ്ട്രീയ സംഘടനകൾ ഉയർത്തുന്ന താലിബാനി ഇസ്ലാമിക രാഷ്ട്രീയത്തെ പ്രതിരോധിക്കുമ്പോൾ ഇടതുപക്ഷത്തിന് ഇടറിപ്പോകുന്നത്, സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയം ആണധികാര സൗകര്യങ്ങൾക്കായി പണ്ടുതന്നെ വഴിയിൽ മറന്നുവെച്ച ഒരു കൊടിയും ഉപേക്ഷിച്ച മുദ്രാവാക്യവുമായി മാറിയതുകൊണ്ടാണ്.

തിരുവിതാംകൂറിൽ കടുത്ത ജാതി വിവേചനം പ്രകടമായി നിലനിന്ന സമയം കൂടിയാണത്. തിരുവിതാംകൂറിലെ 75% പേരും കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയില്ലാത്ത ഭൂരഹിതരായിരുന്നു. സവർണ ഹിന്ദുക്കളും സുറിയാനി കൃസ്ത്യാനികളുമായിരുന്നു മിക്ക ഭൂവുടമകളും. നസ്രാണി ദീപിക എന്ന സുറിയാനി ക്രിസ്ത്യാനി പത്രത്തിന്റെ കമ്യൂണിസ്റ്റ് വിരോധത്തിന് വിശ്വാസം മാത്രമായിരുന്നില്ല കാരണമെന്ന് മനസിലാക്കാവുന്നതേയുളളു. പുന്നപ്ര-വയലാറിന് ഏതാണ്ട് ഒരു മാസം മുമ്പ് (1946 സെപ്റ്റംബർ,30) കമ്യൂണിസം അപകടകരമാണെന്നും തൊഴിലാളി സഹോദരങ്ങൾ അത് തിരിച്ചറിയുന്നു എന്നും ദീപിക ആശ്വാസം കണ്ടെത്താനായി ശ്രമിച്ചു. ഒക്ടോബർ 7-ന് കമ്യൂണിസം അക്രമമാണ്, അവർ ദൈവനിഷേധികളായ അപകടകാരികളാണ് എന്ന് വീണ്ടും ദീപിക മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിരവധി വാർത്തകൾ കമ്യൂണിസ്റ്റുകാർക്കെതിരെ വന്നുകൊണ്ടിരുന്നു.

1946 ഒക്ടോബർ 24-നു പുന്നപ്രയിൽ നടന്ന വെടിവെപ്പിൽ 35 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒക്ടോബർ 27-നു വയലാറിൽ നടന്ന വെടിവെപ്പിൽ നൂറുകണക്കിന് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പട്ടാളത്തെ ഇറക്കി ദിവാൻ നടത്തിയ നരനായാട്ടിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ആയിരക്കണക്കിനാളുകൾ കടുത്ത മർദനത്തിനിരകളായ്. എന്നാൽ വെടിവെപ്പിന് ശേഷം ദീപിക എഴുതിയത് ‘കമ്യൂണിസ്റ്റ് നേതാക്കളാണ് കുഴപ്പം, തൊഴിലാളികളല്ല' എന്നാണ്. ‘നിരീശ്വരവാദികളും സായുധവിപ്ലവത്തിൽ വിശ്വസിക്കുന്നവരുമായ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുക എന്നതായിരുന്നു ദീപിക നിർദേശിച്ച പരിഹാരം. അതുകൊണ്ടും നിന്നില്ല ദീപികയുടെ കമ്യൂണിസ്റ്റ് വിരോധം. പുന്നപ്ര-വയലാർ വെടിവെപ്പിനുശേഷം കമ്യൂണിസ്റ്റുകാർ പറമ്പിൽ കയറി തേങ്ങ മോഷ്ടിക്കുന്നു എന്നുവരെ എഴുതിക്കളഞ്ഞു. നൂറുകണക്കിന് മനുഷ്യരെ വെടിവെച്ചുകൊന്ന്, നാട്ടിലെങ്ങും സി.പിയുടെ സൈന്യം ആണും പെണ്ണും കുട്ടികളും ഭേദമില്ലാതെ തല്ലിയൊതുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ദീപികയുടെ സംഭ്രമജനകമായ കമ്യൂണിസ്റ്റ് തേങ്ങാ മോഷണവാർത്തകൾ!

പുന്നപ്ര-വയലാർ സമരസ്മാരകം

ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഇനിയെന്ത് ചെയ്യേണ്ടു എന്ന സംഭ്രമം ഈ വർത്തമാനപ്പത്രങ്ങളെ ജനാധിപത്യവിരുദ്ധതയുടെ ഏതറ്റം വരെയും പോകാൻ സന്നദ്ധരാക്കി. ഒട്ടും ക്ഷമയില്ലാതെ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ അക്രമവും വേണ്ടിവന്നാൽ ഉപയോഗിക്കണമെന്ന് ദീപിക പത്രം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ ബില്ലും കാർഷിക ബന്ധ ബില്ലും അവതരിപ്പിച്ചതോടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സഖ്യം രൂപം കൊണ്ടു. നായന്മാരുടെ നേതൃത്വത്തിൽ സവർണ ഹിന്ദുക്കൾ, ക്രിസ്ത്യൻ സഭ, എസ്.എൻ. ഡി.പി, ക്രിസ്ത്യൻ സഭ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയടങ്ങുന്ന ഒരു സഖ്യം ഇ.എം. എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ സമരം തുടങ്ങി. വളരെ വ്യക്തമായും ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിന്റെ രാഷ്ട്രീയ നിയമനിർമ്മാണങ്ങളിൽ അസംതൃപ്തരായ സ്വത്തുടമാവർഗ്ഗത്തിന്റെ സമരമായിരുന്നു അത്.

1959 മാർച്ച് അഞ്ചിന് കോട്ടയത്ത് സ്വകാര്യ സ്‌കൂൾ മാനേജർമാരുടെ യോഗം, മാർച്ച് എട്ടിന് പെരുന്നയിൽ 200 നായർ പ്രമാണിമാരുടെ യോഗം, എറണാകുളത്ത് ബിഷപ്പ് കോൺഫറൻസിൽ വിദ്യാഭ്യാസ ബില്ലിനെതിരെ പോരാടാൻ ആഹ്വാനം, കോൺഗ്രസിന്റെ സമരങ്ങൾ... അങ്ങനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ ഭൂവുടമകളും ക്രിസ്ത്യൻ സഭയും മറ്റ് മത സാമുദായിക ശക്തികളും കോൺഗ്രസും ചേർന്ന് നടത്തിയ, കേരളത്തിന്റെ പിൽക്കാല രാഷ്ട്രീയഗതിയെ നിർണായകമായി നിശ്ചയിക്കുകയും ഒരു ആധുനിക സമൂഹമെന്ന നിലയിലുള്ള അതിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ മുന്നണി അന്നത്തോടെ രൂപം കൊണ്ടു.

മന്നത്തിന്റെ വിമോചന സമര ജാഥകൾ ക്ഷേത്രാഘോഷം പോലെയായിരുന്നു. വെൺകൊറ്റക്കുടയും മയൂരസിംഹാസനവുമൊക്കെയുള്ള രഥത്തിൽ, ഇരുവശവും വാളേന്തിയ നായന്മാരുമായി ഒരു സമൂഹത്തിനെ ജീർണമായ ജന്മി വ്യവസ്ഥയിൽ തളച്ചിടാനുള്ള വെപ്രാളവുമായി ഒരു ആധുനിക സമൂഹത്തിന്റെ യാത്ര തടയുന്ന ഭൂതകാലത്തിലെ കോമാളിരാജാവിനെപ്പോലെ മന്നം സമരജാഥകൾ നടത്തി

ക്രിസ്ത്യൻ സഭ വിഷലിപ്തമായ ആക്രമണവുമായി അതിന്റെ മുന്നിലുണ്ടായിരുന്നു: ‘‘കർത്താവിന്റെ നാമത്തിൽ, വിശ്വാസം സംരക്ഷിക്കാൻ സമരത്തിനിറങ്ങാൻ'' ഇടയലേഖനം (1959 മെയ് 7) ആഹ്വാനം ചെയ്തു. കോടിക്കണക്കിനു രൂപ അമേരിക്ക ചാരസംഘടനയായ സി.ഐ.എ കേരളത്തിലേക്കൊഴുക്കി. 1959 ജനുവരി ഒന്നിനും ഏപ്രിൽ 30-നും ഇടയിൽ വിദേശരാജ്യങ്ങളിൽ നിന്ന് മൂന്നു കോടി എഴുപതു ലക്ഷം രൂപ കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്ക് ലഭിച്ചു എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പാർലമെന്റിൽ എ. കെ. ഗോപാലൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.

സ്ത്രീ വിരുദ്ധതയുടെ ആക്രോശങ്ങൾ ശബരിമല ലഹളക്കാലത്ത് സംഘപരിവാർ നടത്തിയെങ്കിൽ അതൊരു ജീവീതരീതിയായി അടിച്ചേൽപ്പിക്കുന്നവരാണ് ഇസ്​ലാമിക രാഷ്ട്രീയക്കാർ

‘ജനങ്ങൾ ഈ മന്ത്രിമാരിൽ നിന്ന് അധികാരം പിടിച്ചെടുത്താൽ, അവരെ വിചാരണ ചെയ്ത് കണ്ണും മൂക്കും ഛേദിക്കണമെന്നും പരസ്യമായി ചാട്ടക്കടിക്കണമെന്നും' സമരനേതാവും നായർ സർവീസ് സൊസൈറ്റിയുടെ നേതാവുമായ മന്നത്ത് പദ്മനാഭൻ പ്രസംഗിച്ചു. യാതൊരു സന്ദേഹവുമില്ലാതെ മതത്തെ രാഷ്ട്രീയത്തിൽ വിഷം പോലെ കൂട്ടിക്കലർത്തി. ക്രിസ്ത്യാനികളുടെ ക്രിസ്റ്റഫർ സേനയുണ്ടായി. ബാക്കിയുള്ളവരുടെ ശാന്തി സേന വന്നു. മന്നത്തിന്റെ വിമോചന സമര ജാഥകൾ ക്ഷേത്രാഘോഷം പോലെയായിരുന്നു. വെൺകൊറ്റക്കുടയും മയൂരസിംഹാസനവുമൊക്കെയുള്ള രഥത്തിൽ, ഇരുവശവും വാളേന്തിയ നായന്മാരുമായി ഒരു സമൂഹത്തിനെ ജീർണമായ ജന്മി വ്യവസ്ഥയിൽ തളച്ചിടാനുള്ള വെപ്രാളവുമായി ഒരു ആധുനിക സമൂഹത്തിന്റെ യാത്ര തടയുന്ന ഭൂതകാലത്തിലെ കോമാളിരാജാവിനെപ്പോലെ മന്നം സമരജാഥകൾ നടത്തി.

എന്തായാലും ജനാധിപത്യനിഷേധത്തിന്റെ അശ്ലീലം മറയ്ക്കാൻ ഒരത്തിയിലയുടെ മറ പോലുമില്ലായെങ്കിലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 1959 ജൂലായ് 31-ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ പിരിച്ചുവിട്ടു.

ജവഹർലാൽ നെഹ്റു

ആറുപതിറ്റാണ്ടിനിപ്പുറം എന്ത്​ സംഭവിക്കുന്നു?

കമ്യൂണിസത്തിനെതിരെ കേരളത്തിൽ രൂപം കൊണ്ട വിശാല മുന്നണിയുടെ പ്രകടമായ രണ്ടു സ്വഭാവങ്ങളിൽ ഒന്ന്, അത് ഭൂവുടമ /സ്വത്തുടമ വർഗത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ്. രണ്ട്, അത് കമ്യൂണിസ്റ്റുകാർ ദൈവനിഷേധികളും മതനിരാസരാഷ്ട്രീയമുള്ളവരും ജാതി വിരുദ്ധരാണ് എന്നുമുള്ള മത, സാമുദായിക നേതൃത്വങ്ങളുടെ എതിർപ്പാണ്. ആറുപതിറ്റാണ്ടുകൾക്കിപ്പുറവും ഏതാണ്ട് അതേ പ്രവണതകളോടെ കമ്യൂണിസത്തിനെതിരെ പ്രചാരണവുമായി ഒരു മത സംഘടന ഇറങ്ങുമ്പോൾ അത് കേരള സമൂഹത്തിലെ വൈരുധ്യങ്ങളിൽ പുരോഗമനപരമായി ഇടപെടാൻ കഴിയുന്ന ഒരു ആശയവും ഭൗതിക ശക്തിയുമായി മാറാനുള്ള സാദ്ധ്യതകൾ കമ്യൂണിസം ഇപ്പോഴും നിലനിർത്തുന്നു എന്നുതന്നെയാണ് കാണേണ്ടത്.

കേരളത്തിലെ ജന്മിത്വം അവസാനിക്കുകയും വൻകിട തോട്ടമുടമകളെ മാറ്റിനിർത്തിയാൽ വൻകിട ഭൂവുടമകൾ ഏതാണ്ട് ഇല്ലാതാവുകയും ചെയ്തപ്പോഴും അത്തരം ഭൂവുടമ വിഭാഗങ്ങളുടെ രാഷ്ട്രീയ- സാമൂഹ്യ ബോധം ഒളിഞ്ഞും തെളിഞ്ഞും കേരളം സമൂഹത്തിൽ നിലനിന്നു. എസ്.എൻ.ഡി.പി പോലുള്ള നവോത്ഥാന സംഘടനകൾ പോലും 1940-കളുടെ അവസാനമാകുമ്പോഴേക്കും പൂർണമായും ബ്രാഹ്മണ്യ മൂല്യബോധത്തിന്റെ സാമൂഹ്യബോധത്തെ ആശ്ലേഷിക്കാൻ തുടങ്ങിയിരുന്നു. രാജഭരണത്തിനനുകൂലമായി നിലപാടെടുക്കുന്ന തരത്തിലേക്ക് വരെ അവർ അധഃപതിച്ചു. അതായത് കേരള സമൂഹം അതിന്റെ രാഷ്ട്രീയ- സാമൂഹ്യ പോർനിരയിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള തൊഴിലാളികളും കർഷക തൊഴിലാളികളും അടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനസമൂഹവും പ്രത്യയശാസ്ത്രബദ്ധമായി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് ചേർന്നുനിന്നവരും അടങ്ങുന്ന ഒരു നിരയും അതിനെതിരായ വിശാല മുന്നണിയുമായി ചേരിതിരിഞ്ഞു. ഈ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയാണ് ഇപ്പോഴും മഹല്ലുകളിൽ "മിഹ്‌റാബിന്റെ വെളിച്ചം' എന്ന പേരിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുമായി ഇറങ്ങുന്നതും.

കഴിഞ്ഞ ആറ് പതിറ്റാണ്ടിനുള്ളിൽ കേരളത്തിലെ മത സാമുദായിക ശക്തികൾ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ അവക്ക് നേരിട്ടുകൊണ്ടിരുന്ന പിറകോട്ടടി വെച്ച് നോക്കിയാൽ, സാമാന്യമായി ആ പിറകോട്ടടിയെ തടഞ്ഞുനിർത്തുകയും ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രൂപപരിണാമങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ തങ്ങളുടെ ശേഷി സൃഷ്ടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് എന്നുകാണാം. 1960-കളുടെ അവസാനം മുതൽക്കിങ്ങോട്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അടങ്ങുന്ന മുന്നണി രാഷ്ട്രീയം മത, സാമുദായിക ശക്തികളുടെ സ്വാധീനത്തെ നേരിട്ട് വെല്ലുവിളിച്ചില്ല എന്നുമാത്രമല്ല അവയെ അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചു. എങ്കിൽപ്പോലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ജനിതക സ്വഭാവം കൊണ്ട് അത്തരമൊരു ഏറ്റുമുട്ടൽ പലപ്പോഴും സംഭവിച്ചുകൊണ്ടേയിരുന്നു എന്നാണ് വസ്തുത. ഒപ്പം, ആധുനിക വിദ്യാഭ്യാസവും അതിനോടനുബന്ധിച്ചുണ്ടായ ജ്ഞാന വ്യവഹാരങ്ങളും മതേതരമായ ഒരു സാമൂഹ്യബോധത്തെ മുഖ്യധാരയിൽ നിലനിർത്തുകയും മതബദ്ധതയ്ക്ക് സ്വകാര്യ ഇടങ്ങളിലേക്ക് പിന്മാറി നിൽക്കേണ്ടതായും വന്നിരുന്നു.

ഒരു ആധുനിക ജനാധിപത്യ ജീവിതാവബോധം എന്ന നിലയിൽ മലയാളിയുടെ രാഷ്ട്രീയ സമരങ്ങൾ വികാസം പ്രാപിച്ചത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലൂടെയാണ്.

എന്നാൽ മൂന്ന് പ്രധാന ചരിത്ര സന്ദർഭങ്ങൾ സാവധാനത്തിലെങ്കിലുമുള്ള ഈ മാറ്റത്തെ വഴിതിരിച്ചുവിട്ടു. 1990-കളിൽ സംഭവിച്ച സോവിയറ്റ് യൂണിയൻ അടക്കമുള്ള ആഗോള സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയായിരുന്നു അതിലൊന്ന്. അത് ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെയും പ്രതിരോധത്തിലാക്കി. കേരളത്തിന്റെ ചരിത്രവുമായി കമ്യൂണിസ്റ്റ് പാർട്ടിക്കുള്ള ബന്ധം ജാതി- ജന്മിത്വ മേധാവിത്തത്തിനെതിരായ അടിസ്ഥാന സമരങ്ങളുടെ ചരിത്രം കൂടിയാണ് എന്നതുകൊണ്ടുതന്നെ കേരളീയമായത് എന്നുവിളിക്കാവുന്ന ഒരു സ്വഭാവം അതിനു അവകാശപ്പെടാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ കമ്യൂണിസ്റ്റ് പരീക്ഷണങ്ങൾക്ക് നേരിട്ട ചരിത്രപരമായ തിരിച്ചടി ഒരു പരിധി വരെ ഇവിടെ പ്രതിഫലിച്ചില്ല. എന്നാൽ അതങ്ങനെ ഒരു സ്വാധീനവും ചെലുത്തിയില്ല എന്നല്ല. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ അതിനു സംഭവിച്ച വീഴ്ച കമ്യൂണിസത്തിനെതിരായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയെ തീർത്തും ഊർജഭരിതരാക്കി. സമത്വം, തുല്യത, തൊഴിലാളിവർഗ രാഷ്ട്രീയം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭാവുകത്വങ്ങൾ കേരളീയ സമൂഹത്തിൽ ദുർബലമായി.

രണ്ടാമത്തെ സന്ദർഭം, ആഗോളീകരണത്തിന്റേതാണ്. സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയോടെ ഉടലെടുത്ത നവലോകക്രമം യു.എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വവും ബഹുരാഷ്ട്ര കുത്തകകളും അന്താരാഷ്ട്ര നാണയനിധി, ലോക ബാങ്ക് എന്നീ സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് നിയന്ത്രിക്കുന്ന ഒന്നായിരുന്നു. ലോകമെങ്ങും നടത്തിയ സൈനികാധിനിവേശങ്ങൾ, ഫിനാൻസ് മൂലധനത്തിന്റെ ഇടമുറിയാത്തതും നിയന്ത്രണങ്ങളില്ലാത്തതുമായ ഒഴുക്ക്, അതിൽ തകർന്നുപോയ ദരിദ്ര- വികസ്വര രാജ്യ സാമ്പത്തിക ക്രമങ്ങൾ, പ്രാഥമിക വിഭവങ്ങളുടെ ആഗോള കൊള്ള, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വാകാര്യവത്കരണം എന്നിങ്ങനെ നവലോകക്രമത്തിന്റെ ചട്ടങ്ങളിൽ ഇന്ത്യ ചേർന്നുകൊടുത്തു. കമ്യൂണിസ്റ്റ് പാർട്ടികളടക്കമുള്ള ഇടതുപക്ഷം വലിയ എതിർപ്പ് ഉയർത്തിയെങ്കിലും പലപ്പോഴും പുതുലോകക്രമത്തിന്റെ സമ്മർദ്ദങ്ങൾ കമ്യൂണിസ്റ്റ് പാർട്ടികളിലും പ്രതിഫലിച്ചു തുടങ്ങിയിരുന്നു. കോർപറേറ്റുകളും സ്വാകാര്യ മൂലധനവുമായുള്ള ഇടപെടൽ ആത്മഹത്യാപരമായ രാഷ്ട്രീയ പിഴവുകളിലേക്കും അതിനെ നയിച്ചു. പശ്ചിമ ബംഗാളിലെ സമ്പൂർണ തകർച്ച അതിന്റെ ചരിത്രപാഠമാണ്.

ആഗോളീകരണവും സ്വകാര്യവത്കരണവും കേരളീയ സമൂഹത്തിലും സ്വാഭാവികമായും സ്വാധീനം ചെലുത്തി. വിദ്യാഭ്യാസ മേഖലയിലടക്കം സേവന മേഖലകളിൽ മത, സാമുദായിക ശക്തികൾ തങ്ങൾക്കനുകൂലമായി ഇതിനെ ഉപയോഗിച്ചു. ഇതിനെതിരെ തുടക്കത്തിൽ ഇടതുപക്ഷം ഉയർത്തിയ എതിർപ്പ് ക്രമേണ അലിഞ്ഞില്ലാതാവുകയും അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവൽക്കരണം എന്ന സങ്കല്പനം സ്വാഭാവികമായ ഒന്നായി കേരള സമൂഹവും സ്വീകരിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ ഇടപെടൽ ശേഷിയെ വലിയ തോതിൽ ബാധിച്ച ഒന്നായിരുന്നു ആഗോളീകരണത്തെ തുടർന്ന് ഇത്തരത്തിൽ വന്ന മാറ്റം.

ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം അതിന്റെ ഏറ്റവും ഹിംസാത്മകമായ ഘട്ടത്തിലേക്ക് കടന്ന ദേശീയാന്തരീക്ഷമാണ് മൂന്നാമത്തെ ഘടകം. എൽ.കെ. അദ്വാനിയുടെ രഥയാത്രയും ബാബരി മസ്ജിദ് തകർത്തതും അടങ്ങുന്ന ആ ഘട്ടത്തിനുശേഷം ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലേക്ക് സംഘപരിവാർ നേരിട്ട് പ്രവേശിക്കുകയായിരുന്നു. 1980കളിലും 90കളിലുമായി രാജ്യമൊട്ടാകെ രൂപപ്പെടുത്തിയ ഹിന്ദുത്വ ദേശീയ വികാരത്തിന്റെ മണ്ണിലാണ് ഈ വളർച്ചയുണ്ടായതും.

കമ്യൂണിസത്തിന്റെ വെല്ലുവിളികൾ

ഈ മൂന്നു ഘടകങ്ങളും കേരളത്തിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിനുമേൽ ഉയർത്തിയ വെല്ലുവിളികൾ ഒട്ടും ചെറുതല്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മറ്റൊരു ലോകക്രമം സാധ്യമാണ് എന്ന മുതലാളിത്തത്തിനെതിരായ ആഗോള രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ ഒരു മൂർത്തരൂപം നഷ്ടമാവുകയുണ്ടായി. രാജ്യത്തെ നിലനിൽക്കുന്ന ഭരണസംവിധാനങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന കക്ഷികളായ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഗോളീകരണത്തിന്റെ പ്രതിരാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോവുക എന്നത് തെരഞ്ഞെടുപ്പ് കക്ഷികൾ എന്ന നിലയിലുള്ള തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായി മാറി. അതുകൊണ്ടുതന്നെ വർഗരാഷ്ട്രീയ സമീപനങ്ങളിൽ ഉദാരമായി വെള്ളം ചേർത്താണ് ആഗോളീകരണനയങ്ങളോട് കമ്യൂണിസ്റ്റ് പാർട്ടികൾ പിൽക്കാലത്ത് പ്രതികരിച്ചത്.

വാസ്തവത്തിൽ സംഘപരിവാറിന്റെ അതേ തന്ത്രവും അടവുകളുമാണ് ജമാഅത്തെ ഇസ്​ലാമിയും പോപ്പുലർ ഫ്രണ്ടും പോലുള്ള കേരള താലിബാനികൾ എന്ന് വിളിക്കാവുന്ന ഇസ്​ലാമിക രാഷ്ട്രീയ സംഘങ്ങൾ ഉപയോഗിക്കുന്നത്

എന്നാൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. കേരളത്തിന്റെ രാഷ്രീയ സാഹചര്യത്തിലാകട്ടെ സംഘപരിവാറിനെയും അവരുടെ ആക്രമണസംഘമായ ആർ.എസ്.എസിനേയും കായികമായി പ്രതിരോധിച്ചുകൊണ്ടുപോലും സി. പി. എം നേരിട്ടു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണഭീഷണിയെ ചെറുത്തത് കമ്യൂണിസ്റ്റുകാരുടെ ജീവൻ കൂടി തട വെച്ചാണ് എന്നത് ചരിത്രമാണ്.

ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ ചേരിക്ക് അതിന്റെ നേരിട്ടുള്ള ശത്രുവിനെ സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ നഷ്ടമായി. സൈനികമായി താത്പര്യങ്ങൾ മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. അതുവരെ മറുചേരിയുടെ സൈനിക, നയതന്ത്ര എതിർപ്പുകളെക്കൂടി കണക്കാക്കി നിർത്തിവെച്ചിരുന്നു അധിനിവേശങ്ങൾ പൂർവ്വാധികം ശക്തിയോടെ നടപ്പാക്കി. ഒപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ആഗോളീകരണത്തിനെതിരെ ദരിദ്ര, വികസ്വര രാജ്യങ്ങളിൽ ഉയരുന്ന ജനകീയ എതിർപ്പ് ഒരു മഹാമുന്നേറ്റമായി മാറാതിരിക്കാനുള്ള മുൻകരുതലുകൾ മുതലാളിത്ത ബൗദ്ധിക സ്ഥാപനങ്ങൾ എടുത്തു. അതിന്റെ ഭാഗമായി സർവ്വകലാശാലകളും ബൗദ്ധിക കേന്ദ്രങ്ങളും വഴി സൂക്ഷ്മ രാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും എണ്ണമറ്റ ആഖ്യാന വ്യാഖ്യാനങ്ങളും പഠനങ്ങളും വരാൻ തുടങ്ങി. ‘പ്രാദേശികം' എന്നത് ഒരു സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു സമരകേന്ദ്രം എന്ന നിലയിൽ നിന്ന് തീർത്തും ഒറ്റപ്പെട്ടുനിൽക്കുന്ന അസ്തിത്വമുള്ള ഒരു ‘സ്വയം പ്രഖ്യാപിത കേന്ദ്രമായി' മാറി. ഇത് ഓരോ സൂക്ഷ്മതലത്തിലും സംഭവിക്കാൻ തുടങ്ങി. എല്ലാ സമരങ്ങളും വിഭജിക്കപ്പെട്ട നൂറുകണക്കിന് താത്പര്യങ്ങളുടെ പരസ്പര പഴിചാരാൾ മാത്രമായി. തെരുവുകളുടെ യാഥാർത്ഥ്യങ്ങളിൽ നിന്നും പ്രബന്ധങ്ങളുടെ കൽപിത രാഷ്ട്രീയത്തിലേക്ക് സമരങ്ങൾ ഭിന്നിപ്പിക്കപ്പെട്ടു.

വർഗരാഷ്ട്രീയം എന്നൊന്ന് അപ്രസക്തമാണെന്നും സൂക്ഷ്മമായ സ്വത്വങ്ങളുടെ സംഘർഷവും സങ്കലനവുമാണ് ഇനിയുള്ള രാഷ്ട്രീയമെന്നുമുള്ള ആഗോള പ്രചാരണം സർവകലാശാലകളിൽ മാത്രമല്ല ഓരോ സമരഭൂമിയേയും ഭിന്നിപ്പിച്ചുകൊണ്ടിരുന്നു. ബഹുരാഷ്ട്രകുത്തകകളും സാമ്രാജ്യത്വ സൈനികാധിനിവേശങ്ങളും ഭൂമിക്കും ജനതക്കും മേൽ ചൂഷണം നടപ്പാക്കുമ്പോൾ അതിനെ കണ്ടില്ലെന്നു നടിക്കുകയും ചൂഷിതർക്കിടയിലെ ചെറു വൈവിധ്യങ്ങളെ അതിഭീകരമായ വിപത്തായി അവതരിപ്പിക്കുകയും ചെയ്യുന്ന സ്വത്വരാഷ്ട്രീയ പദ്ധതി ഇന്ത്യയിലും ശക്തമായി. കേരളവും ഇതിൽ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല.

സ്വാഭാവികമായും കമ്യൂണിസം ഈ ആക്രമണത്തിന്റെ ആദ്യത്തെയും അവസാനത്തേയും ശത്രുവായി മാറി. കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രമെന്ന മട്ടിൽ ഒരു വശത്ത് കമ്യൂണിസത്തേയും മാർക്സിസത്തെയും ആക്രമിക്കുമ്പോൾത്തന്നെ ആഗോളീകരണത്തിന്റെയും നവ-ലിബറൽ സാമ്പത്തിക നയങ്ങളുടെയും ഇരകളായ മനുഷ്യരെ സ്വത്വവാദത്തിന്റെ കുതർക്കങ്ങളിൽ കുരുക്കിയിടുക എന്ന തന്ത്രം ഏറ്റവും വിജയകരമായി പ്രയോഗിക്കപ്പെട്ട സ്ഥലലങ്ങളിലൊന്നാണ് കേരളം. സോവിയറ്റ് യൂണിയന്റെ മാഞ്ഞുപോകലും ആഗോള സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയും ഏൽപ്പിച്ച ആഘാതം പ്രത്യയശാസ്ത്രപരമായി സൃഷ്ടിച്ച വിറയൽ ഉള്ളിലുള്ളതുകൊണ്ട് പുത്തൻ പ്രതിസന്ധികൾക്കെതിരെ ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെയാണ് കമ്യൂണിസ്റ്റ് കക്ഷികൾ സമീപിച്ചത്.

വിമോചന സമരത്തെ അനുകൂലിച്ചും കമ്യൂണിസ്റ്റ് സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സമരത്തിനിറങ്ങിയ കോതമംഗലത്തെ ക്രിസ്ത്യൻ സ്ത്രീകൾ

വിമോചന സമരകാലം തൊട്ടേ കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ കാവൽ മാലാഖമാരായ ക്രിസ്ത്യൻ സഭകൾ ഹിന്ദുത്വ രാഷ്ട്രീയവുമായി ഉണ്ടാക്കിയ സഖ്യം മുസ്ലിം വിരോധവും കമ്യൂണിസ്റ്റ് വിരോധവും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നായി.

ആഗോളീകരണവും സ്വകാര്യവത്കരണവും ഉണ്ടാക്കിയ അസംതൃപ്തികൾക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ സമരങ്ങൾക്കും നേതൃത്വം നൽകുന്നതിൽ പലപ്പോഴും ഇടതുപക്ഷം അറച്ച് നിൽക്കുകയോ എന്തുചെയ്യണം എന്ന രാഷ്ട്രീയസന്ദേഹത്തിൽ കുരുങ്ങിക്കിടക്കുകയോ ചെയ്തു. പശ്ചിമ ബംഗാളിലേതു പോലെ ആഗോളീകരണത്തിന്റെ അവസാന ബസിൽ കയറാതെ വയ്യ എന്ന നിലപാടെടുത്ത പാർട്ടി നേതൃത്വം അവിടെ പാർട്ടിയെത്തന്നെ ഇല്ലാതാക്കി എന്നത് വേറെ കാര്യം. കേരളത്തിൽ വളരെ പ്രകടമായ വലിയ സമരങ്ങൾ ഉണ്ടായില്ലെങ്കിലും ദലിതരുടെയും ആദിവാസികളുടെയും ഭൂമി പ്രശ്‌നം, വൻ കുത്തകകളുടെ കൈവശമുള്ള സർക്കാർ പാട്ടഭൂമി തിരിച്ചുപിടിക്കൽ, മത്സ്യത്തൊഴിലാളികളടക്കം അതുവരെയുള്ള കേരള മാതൃക സാമൂഹ്യ വികസനത്തിന്റെ ഗുണഭോക്താക്കളാകാൻ കഴിയാതെ വന്നവർ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിൽ സമരസജ്ജമായി ഇടപെടുന്നതിനുപകരം പ്രതിരോധത്തിനാണ് കമ്യൂണിസ്റ്റ് പാർട്ടികൾ മുതിർന്നത്. ഇത്തരത്തിലുള്ള പുറംതിരിഞ്ഞുനിൽക്കലുകളെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൂടിയാണ് സ്വത്വവാദത്തിന്റെയും മതവർഗീയതയുടെയും ശക്തികൾ കേരളം സമൂഹത്തിൽ ഇപ്പോഴുള്ള ആക്രമണോത്സുകമായ നിലയിലെത്തുന്നത്.

സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയം നേരിട്ടുതന്നെ കമ്യൂണിസത്തെ ലക്ഷ്യം വെക്കുന്നത് പുതിയ കാര്യമല്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സമരചരിത്രത്തിന്റെ എതിർവശത്ത് നിൽക്കുന്ന സവർണ സമുദായങ്ങളുടെ ഭൂതാഭിരതിയെ തങ്ങളുടെ രാഷ്ട്രീയ ഇന്ധനമാക്കാൻ അവർക്ക് കഴിഞ്ഞു. ഒപ്പം, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുയർന്നുവന്ന സാമ്പത്തിക സുരക്ഷിതത്വം ആർജ്ജിച്ച ഒരു വിഭാഗത്തിന്റെ സാമൂഹ്യമേൽക്കോയ്മാ ആകാംക്ഷയെ തൃപ്തിപ്പെടുത്താനുള്ള ഒരു വേദിയായും സംഘപരിവാറിന്റെ ‘ഹിന്ദു' മാറി.
വിമോചന സമരകാലം തൊട്ടേ കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ കാവൽ മാലാഖമാരായ ക്രിസ്ത്യൻ സഭകൾ ഹിന്ദുത്വ രാഷ്ട്രീയവുമായി ഉണ്ടാക്കിയ സഖ്യം മുസ്ലിം വിരോധവും കമ്യൂണിസ്റ്റ് വിരോധവും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നായി.

ഇസ്​ലാമിക രാഷ്​ട്രീയം

ഇതിനൊപ്പം കേരളത്തിലെ ജനസംഖ്യയുടെ കാൽഭാഗത്തോളം വരുന്ന മുസ്​ലിം സമുദായത്തെ വർഗീയവത്കരിക്കുന്നതിനും ഇസ്​ലാമിക രാഷ്ട്രീയത്തിന്റെ പിന്തിരിപ്പൻ സാമൂഹ്യബോധത്തിലേക്ക് ചേർക്കുന്നതിനുമുള്ള ശ്രമങ്ങൾ സജീവമാണ്. വാസ്തവത്തിൽ സംഘപരിവാറിന്റെ അതേ തന്ത്രവും അടവുകളുമാണ് ജമാഅത്തെ ഇസ്​ലാമിയും പോപ്പുലർ ഫ്രണ്ടും പോലുള്ള കേരള താലിബാനികൾ എന്ന് വിളിക്കാവുന്ന ഇസ്​ലാമിക രാഷ്ട്രീയ സംഘങ്ങൾ ഇക്കാര്യത്തിൽ ഉപയോഗിക്കുന്നത്. പൊതുസമൂഹത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക സ്വഭാവങ്ങളിൽ നിന്ന് ഭിന്നമായി മറ്റൊരു രാഷ്ട്രീയ- സാംസ്‌കാരിക ചരിത്രവും വഴിയുമുള്ളവരാണ് തങ്ങളെന്ന് സ്ഥാപിച്ചെടുക്കാനാണ് ഇവരാദ്യം ശ്രമിക്കുന്നത്. എല്ലാ സാമൂഹ്യ വ്യവഹാരങ്ങളുടേയും അടിസ്ഥാനഘടകം മതമായി മാറുന്നു. മതബദ്ധമായ ജീവിതത്തിന്റെ മൂല്യബോധത്തിനു നിരക്കുമെങ്കിൽ മാത്രമാണ് മതേതര സമൂഹത്തിലെ ജീവിതക്രമങ്ങൾ അംഗീകരിക്കുകപോലുമുള്ളൂ എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കുകയാണ്. സാമാന്യമായ രീതിയിൽ സ്വാഭാവിക രീതി എന്ന മട്ടിൽ മതവിശ്വാസത്തെ കണ്ടിരുന്ന കേരളീയ മുസ്‌ലിംകളെ പൊതു സമൂഹത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു ജനവിഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ഇസ്​ലാമിക രാഷ്ട്രീയ സംഘടനകൾ നടത്തിവരുന്നത്.

സംഘപരിവാറും ഇസ്​ലാമിക രാഷ്ട്രീയ സംഘടനകളും ദലിത് സ്വത്വവാദി സംഘങ്ങളുമെല്ലാം ഒരുപോലെ കമ്യൂണിസത്തെയും മാർക്‌സിസത്തെയും എതിർക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. കേരളമുണ്ടാകുന്നതിനു മുമ്പുതന്നെ നസ്രാണി ദീപികയും നസ്രാണി സഭകളും ഉയർത്തിയ അതേ പ്രശ്‌നമാണ് ഇപ്പോൾ സമസ്തയും ജമാ അത്തെ ഇസ്ലാമിയും പോലുള്ള സംഘങ്ങളും ഉയർത്തുന്നത് എന്നത് യാദൃശ്ചികമല്ല. സാമൂഹ്യാസമത്വങ്ങളെയും അതിന്റെ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളേയും വർഗാടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും മനുഷ്യനെ കേവലമായ ആശയലോകത്തിൽ നിന്ന് ജീവിക്കുന്ന സമൂഹത്തിൽ ഇടപെടാൻ കഴിയുന്ന അവകാശവും അധികാരവുമുള്ള ഒരു സാമൂഹ്യ ജീവിയാക്കി മാറ്റുകയും ചെയ്യുന്നതിനുള്ള സമരത്തിനെയാണ് കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് എന്ന് മതവർഗീയവാദികൾക്കറിയാം. അതുകൊണ്ടുതന്നെ കമ്യൂണിസം അവരുടെ ശത്രുവാകുന്നതിൽ അത്ഭുതവുമില്ല.

അവിശ്വാസികളായ കമ്യൂണിസ്റ്റുകാർക്കെതിരെ ഇപ്പോൾ സമസ്തയും ഇസ്​ലാമിക രാഷ്ട്രീയ സംഘങ്ങളും നടത്തുന്ന പ്രചാരണം വള്ളിപുള്ളി വിസർഗം വിടാതെ ശബരിമല ലഹളക്കാലത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങൾ നടത്തി എന്നത് അടിസ്ഥാനപരമായി മതവർഗീയവാദികൾക്കുള്ള ചാർച്ചയും ചേർച്ചയും വ്യക്തമാക്കുന്നുണ്ട്. മതേതരത്വം എന്ന ആധുനിക ജനാധിപത്യ ബോധത്തിനെ നേരിട്ടാക്രമിക്കാൻ ഒരു മടിയും ഇരുകൂട്ടരും കാണിക്കാറില്ല. മതേതരത്വത്തെ ഒരു രാഷ്ട്രീയ സങ്കൽപനമെന്ന നിലയിൽ തള്ളിക്കളയുന്നതിലും സംഘപരിവാറും ഇസ്ലാമിക രാഷ്ട്രീയക്കാരും തമ്മിൽ വ്യത്യാസമില്ല. സ്ത്രീ വിരുദ്ധതയുടെ ആക്രോശങ്ങൾ ശബരിമല ലഹളക്കാലത്ത് സംഘപരിവാർ നടത്തിയെങ്കിൽ അതൊരു ജീവീതരീതിയായി അടിച്ചേൽപ്പിക്കുന്നവരാണ് ഇസ്​ലാമിക രാഷ്ട്രീയക്കാർ. അതുകൊണ്ടുതന്നെ കമ്യൂണിസം ഇവരുടെ പൊതുശത്രുവാകുന്നത് അതിന്റെ രാഷ്ട്രീയശരി കൂടിയാണ്.

ഒരു ആധുനിക ജനാധിപത്യ ജീവിതാവബോധം എന്ന നിലയിൽ മലയാളിയുടെ രാഷ്ട്രീയ സമരങ്ങൾ വികാസം പ്രാപിച്ചത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലൂടെയാണ്. ലോകത്തെവിടെയുമുള്ള വിമോചന സമരങ്ങളും പോരാട്ടങ്ങളുടെ മലയാളി ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ കേരളത്തിന്റെ സാമൂഹ്യബോധത്തിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സമത്വദർശനം ഉണ്ടായിരുന്നു. എത്രയൊക്കെ വളച്ചൊടിച്ചാലും മനുഷ്യന്റെ നീതിബോധത്തിന്റെ വെളിച്ചമായി അത് നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ദേശീയതലത്തിൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് സംഘടനാപരമായും തെരഞ്ഞെടുപ്പ് തലത്തിലും അത്ര വലിയ എതിരാളികളൊന്നും അല്ലാതിരുന്നിട്ടും ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമണം സംഘപരിവാറിന്റെ നിർണായക അജണ്ടകളായിലൊന്നായി തീരുന്നത്.

ഏപ്രിൽ ആറിന് ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്​വിയുടെ ലേഖനം.

ഇന്ത്യ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ വെല്ലുവിളി നേരിടുന്ന ഒരു ഘട്ടത്തിൽ, അതിന്റെ ജനാധിപത്യ മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന ചട്ടക്കൂട് ഒരു ആശയം എന്ന നിലയിൽ മാത്രമല്ല ഒരു സംവിധാനം എന്ന നിലയിലും തകർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ, രാജ്യത്തെ പൗരത്വം പോലും മതാടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന അവസ്ഥയിൽ ഇസ്​ലാമിക രാഷ്ട്രീയ സംഘടനകളുടെ മുഖ്യശത്രു കമ്യൂണിസമാകുന്നത് അവരുടെ ചരിത്രപരമായ ദൗത്യം മതേതരത്വവും ഇടതുരാഷ്ട്രീയവും തകർക്കുക എന്നായതുകൊണ്ടാണ്.

ഈ വെല്ലുവിളി നേരിടുക എന്നത് അത്ര ലളിതമായ ഒരു സംഗതിയല്ല. കമ്യൂണിസ്റ്റ് ആശയങ്ങൾ ഒരു അമൂർത്തമായ ചിന്താപദ്ധതി മാത്രമായി അവശേഷിക്കുന്ന സമൂഹത്തിൽ അതത്ര എളുപ്പമാകില്ല. നിരന്തര സമരങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വർഗരാഷ്ട്രീയ മൂല്യബോധവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ അത് സാധ്യമാകൂ. പലപ്പോഴും താത്ക്കാലികമായ അടവുകൾ എന്നുകരുതുന്ന നീക്കങ്ങളോ ഒത്തുതീർപ്പുകളോ എന്നെന്നേക്കുമായുള്ള കീഴടങ്ങലുകളാണ് എന്ന് മനസിലാക്കാൻ വൈകുന്നത് ചരിത്രത്തിൽ നിരവധി ആവർത്തനങ്ങളുള്ള ഒന്നാണ്.

ശബരിമല ലഹളക്കാലത്ത് കേരളത്തിൽ ആവർത്തിച്ചു മുഴങ്ങിയ ഹിംസാത്മകമായ സ്ത്രീവിരുദ്ധതയുടെയും ഇപ്പോൾ ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള ഇസ്​ലാമിക് രാഷ്ട്രീയ സംഘടനകൾ ഉയർത്തുന്ന താലിബാനി ഇസ്ലാമിക രാഷ്ട്രീയത്തേയും പ്രതിരോധിക്കുമ്പോൾ ഇടതുപക്ഷത്തിന് ഇടറിപ്പോകുന്നത് സ്ത്രീവിമോചന രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയം ആണധികാര സൗകര്യങ്ങൾക്കായി പണ്ടുതന്നെ വഴിയിൽ മറന്നുവെച്ച ഒരു കൊടിയും ഉപേക്ഷിച്ച മുദ്രാവാക്യവുമായി മാറിയതുകൊണ്ടാണ്.

ഒരു ആധുനിക ജനാധിപത്യ സമൂഹമായി കേരളത്തിന് നിലനിൽക്കണമെങ്കിൽ, മുന്നോട്ടു പോകണമെങ്കിൽ സങ്കുചിതമായ മത, സ്വത്വ രാഷ്ട്രീയത്തിന്റെയും മതബദ്ധമായ സാമൂഹ്യബോധത്തിന്റെയും വ്യാപനം തടഞ്ഞേ തീരൂ. അവരുടെ പ്രധാന എതിരാളിയെ മതവാദികളടക്കമുള്ള ചേരി പ്രഖ്യാപിച്ചു കഴിഞ്ഞു, അത് കമ്യൂണിസമാണ്. അതിൽപരം രാഷ്ട്രീയവ്യക്തതയ്ക്ക് സഹായിക്കുന്ന മറ്റെന്തുണ്ട്. ▮

Comments