Generated by leonardo.ai

തുഗ്ലക്കും ധന്വന്തരിയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ രോഗാവസ്ഥയും

ൽഹി സുൽത്താനേറ്റിലെ പതിനെട്ടാമത്തെ സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക് ചരിത്രത്തിലെ ഒരു കൗതുകമാണ്. ഇബൻ ബത്തൂത്തയാണ് അദ്ദേഹത്തിന്റെ നയപരമായ എടുത്തു ചാട്ടങ്ങളേയും, ഏകപക്ഷീയമായി എടുക്കുന്ന ( മണ്ടൻ ) തീരുമാനങ്ങളേയും കുറിച്ച് വളരെ വിശദമായ വിവരണങ്ങൾ നൽകിയ ചരിത്രകാരൻ. 1327 - ൽ സാമ്രാജ്യത്തിന്റെ തലസ്ഥാനം ദൗലത്താബാദിലേക്കും പിന്നീട് തിരിച്ച് ഡൽഹിയിലേക്കും പറിച്ചുനടാൻ തുഗ്ലക്ക് എടുത്ത തീരുമാനമാണ് അദ്ദേഹത്തിന് ഉന്മാദിയായ രാജകുമാരൻ, ഭ്രാന്തൻ സുൽത്താൻ തുടങ്ങിയ പേരുകൾ പതിച്ചു കിട്ടാനുള്ള പ്രധാന കാരണം. ഹിമാലയം വഴി ചൈന ആക്രമിക്കാൻ അദ്ദേഹം തിടുക്കത്തിൽ തീരുമാനിക്കുകയും പൃഥ്വി ചന്ദ് രണ്ടാമൻ എന്ന ഹിമാചൽ രജപുത്ര രാജാവ്, മലമടക്കുകളിലും ദുർഗ്ഗമ താഴ് വാരങ്ങളിലും പട പൊരുതാനറിയാത്ത തുഗ്ലക്കിന്റെ ഒരു ലക്ഷം വരുന്ന സേനയിലെ മിക്കവാറും പേരെ കൊന്നൊടുക്കി അദ്ദേഹത്തെ നാണം കെടുത്തി ഇരട്ടപ്പേരുകളുടെ സാംഗത്യം ഉറപ്പിച്ചതുമൊക്കെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. ആധുനിക കാലത്ത് തുഗ്ലക്കിന്റെ കഥകൾ വീണ്ടും വീണ്ടുമോർക്കാൻ ഇടവരുത്തുകയാണോ നാഷണൽ മെഡിക്കൽ കമ്മീഷൻ?

ഇന്ത്യയിൽ ചികിത്സകർ ആധുനിക വൈദ്യശാസ്ത്ര (Modern medicine) ത്തിലധിഷ്ഠിതമായ ചികിത്സ നൽകണമെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി എം.ബി ബി എസ് നേടിയിരിക്കണമെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ 15 II b എന്ന മാഗ്നാ കാർട്ട ലംഘിച്ചുകൊണ്ടാണ് എൻ.എം.സി (നാഷണൽ മെഡിക്കൽ കമ്മീഷൻ ) പ്രവർത്തനമാരംഭിക്കുന്നത്. ലോകത്തെമ്പാടുള്ള വൈജ്ഞാനിക രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ നിലപാടുകൾ മുഴുവൻ സ്വാംശീകരിച്ച് പുത്തൻ തുറസ്സുകളിലേക്ക് ഉന്മുഖമാവുന്ന ആധുനിക വൈദ്യശാസ്ത്രത്തെ ഇന്ത്യയിൽ മാത്രം പ്രാചീനവും അശാസ്ത്രീയവുമായ കാഴ്ചപ്പാടുകളോട് ചേർത്തു വെക്കാൻ ഇത് നിമിത്തമായി. ഈ തിരിച്ചടിയാവട്ടെ ലോക വൈജ്ഞാനിക ഭൂമികകളിൽ ഇന്ത്യൻ ഡോക്ടർമാരെ പരിഹാസ കഥാപാത്രങ്ങളാക്കി മാറ്റുകയായിരുന്നു.

Philosophy of deregulation എന്ന പുതിയ ഒരു തത്വശാസ്ത്രമാണ് എൻ.എം.സി യുടെ മറ്റൊരു സംഭാവന. നിയമങ്ങൾ കർശനമാക്കുമ്പോൾ Ease of business നഷ്ടപ്പെടുമത്രേ. അതുകൊണ്ട് മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന പഠന സൗകര്യങ്ങൾ കർശനമാക്കില്ല. MCI (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) കാലത്തെന്ന പോലെ നിരന്തരവും കർശനവുമായ വിലയിരുത്തലുകൾ നിർത്തി വെക്കും... പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ തുടങ്ങാനും നിബന്ധനകളിൽ കാര്യമായ അയവ് വരുത്തും. മറ്റെന്തു കുറ്റങ്ങളുണ്ടെങ്കിലും തികഞ്ഞ ജനാധിപത്യ വ്യവസ്ഥയായിരുന്നു മെഡിക്കൽ കൗൺസിലിന്റെ കാതൽ. ആ രീതി അടിമുടി മാറ്റി നോമിനേഷൻ രാജ് എന്ന രാജഭരണ വ്യവസ്ഥകളിലേക്ക് ആഹ്ളാദപൂർവം ചുവടു വെക്കുകയാണ് എൻ.എം.സി.

തുടക്കത്തിൽ തന്നെ അശാസ്ത്രീയവും ജനാധിപത്യ വിരുദ്ധവും നിഷേധാത്മകവുമായ ഇത്തരം നടപടികളിലേക്ക് തുനിഞ്ഞുവെങ്കിലും കാര്യങ്ങൾ തിരിച്ചറിഞ്ഞ് വൈകാതെ തെറ്റുതിരുത്തലിലേക്ക് കടക്കും എന്ന് (തെറ്റി) ധരിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് ആ പ്രാഗ് സുൽത്താന്റെ പ്രേതത്തെ വീണ്ടും വീണ്ടും ആവാഹിച്ചെടുത്ത് ആർമാദിക്കുകയാണ് എൻ.എം.സി.

വൈദ്യശാസ്ത്ര രംഗത്തേക്ക് കാലെടുത്തു വെക്കുന്ന ലോകമെമ്പാടുമുള്ള പുതുതലമുറ ഡോക്ടർമാർ നൂറ്റാണ്ടുകളായി പ്രതിജ്ഞാ വാചകമായി സ്വീകരിച്ചു പോരുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ (Hippocratic oath ) ക്കു പകരം ഇന്ത്യയിൽ ചരക പ്രതിജ്ഞ മതി എന്ന തീരുമാനം എൻ.എം.സി സ്വീകരിക്കുന്നത് 2022 ഫെബ്രുവരി ഏഴാം തീയതിയാണ്. 1948-ലെ പ്രശസ്തമായ ജനീവാ കൺവെൻഷനിൽ വെച്ചാണ് 1750 മുതൽ വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ ജീവ സമർപ്പണ പ്രതിജ്ഞയായി സ്വീകരിച്ചു പോരുന്ന ഹിപ്പോക്രാറ്റിക് ഓത്ത് ഭേദഗതികളോടെ ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത്. ആധുനിക സാമൂഹിക- സാംസ്കാരിക- ധാർമ്മിക നിലപാടുകളോട് തോളൊത്തു പോവാൻ ഏഴുതവണയെങ്കിലും ഭേദഗതി ചെയ്യപ്പെട്ട ആ പ്രതിജ്ഞ 2017 -ലെ അവസാന ഭേദഗതിയോടെയാണ് ജനീവാ പ്രഖ്യാപനം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അത്രേയ മഹർഷിയുടെ നിർദ്ദേശപ്രകാരം ഗുരു അഗ്നിവേശൻ ബി.സി എട്ടാം നൂറ്റാണ്ടിൽ എഴുതിയ അത്രേയ സംഹിതയാണ് ബി.സി രണ്ടാം നൂറ്റാണ്ടിൽ ചരകമുനി സംശോധിച്ച് ചരകസംഹിതയായി രൂപാന്തരപ്പെടുത്തുന്നത്. ആ ഗ്രന്ഥത്തിലെ വിമാന സ്ഥാനം എന്ന അദ്ധ്യായത്തിലെ ഒട്ടും പ്രതിജ്ഞാ രൂപമല്ലാത്ത, ഗുരു ശിഷ്യന് നൽകുന്ന ഉപദേശങ്ങൾ ക്രോഡീകരിച്ചാണ് ചരക പ്രതിജ്ഞക്ക് രൂപം നൽകിയിരിക്കുന്നത്.

വൈദ്യശാസ്ത്ര രംഗത്തേക്ക് കാലെടുത്തു വെക്കുന്ന ലോകമെമ്പാടുമുള്ള പുതുതലമുറ ഡോക്ടർമാർ നൂറ്റാണ്ടുകളായി പ്രതിജ്ഞാ വാചകമായി സ്വീകരിച്ചു പോരുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ (Hippocratic oath )

ആധുനിക സമൂഹത്തിന് ഒട്ടും സ്വീകരിക്കാനാവാത്ത മതാത്മകവും ബ്രാഹ്മണിക് ഹെജിമണിയിൽ അധിഷ്ഠിതവും തികച്ചും നിഷേധാത്മകവുമായ പ്രതിജ്ഞാവാചകങ്ങളാണ് നമുക്ക് അതിൽ കണ്ടെടുക്കാനാവുക. ബ്രാഹ്മണനും അഗ്നിയും മുൻനിർത്തി വേണം ഗുരു, ശിഷ്യനെ വിദ്യ അഭ്യസിപ്പിക്കാൻ തുടങ്ങുന്നത്. ശിഷ്യൻ തികഞ്ഞ ഈശ്വരവിശ്വാസി ആയിരിക്കണം, ഗുരുവിനെ ഒരു കാരണവശാലും ചോദ്യം ചെയ്യരുത്, രാജാവിന് ഇഷ്ടമില്ലാത്തവരെ ചികിത്സിക്കരുത്, സ്ത്രീകളെ എറ്റവും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സിക്കാവൂ, ചികിത്സ തുടങ്ങിയാൽ ബ്രാഹ്മണരുടേയും ഗോക്കളുടേയും അഭ്യുന്നതി ആവണം ആത്യന്തിക ലക്ഷ്യം തുടങ്ങി ഇടുങ്ങിയ മതാത്മക - ജെന്റർ - രാഷ്ട്രീയ വീക്ഷണങളാണ് ചരക പ്രതിജ്ഞ മുന്നോട്ട് വെക്കുന്നത്.

ലോകം അഭിമുഖീകരിക്കുന്ന സാംസ്കാരികവും സാമൂഹികവുമായ പുതുചലനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മത നിരപേക്ഷവും ആധുനിക - നൈയാമിക - രാഷ്ട്രീയ - നൈതിക വീക്ഷണങ്ങൾ സ്വാംശീകരിച്ച് നിരന്തരം നവീകരിക്കപ്പെടുന്നതാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ. ചരക പ്രതിജ്ഞയാവട്ടെ പ്രാചീന മതഭാവനകളെ ചേർത്തുപിടിക്കലും ആധുനിക ലോകവീക്ഷണങ്ങളോട് പുറം തിരിഞ്ഞ് നിൽക്കലും സാമൂഹികവും സാംസ്കാരികവുമായ പിൻനടത്തത്തിന് ആക്കം കൂട്ടലുമാണ് സ്വീകരിക്കുന്ന ദൗത്യം.

ഈ പിന്തിരിപ്പൻ സമീപനങ്ങളോടുള്ള കടുത്ത പ്രതിഷേധത്തോടൊപ്പം ലോക വൈജ്ഞാനിക സമൂഹത്തിൽ നിന്ന് ഇന്ത്യ ഒറ്റപ്പെടാനിടയാകും എന്ന ആശങ്ക കൂടി ശക്തമായതോടെ കനത്ത പ്രതിഷേധം ഇന്ത്യയൊട്ടാകെ അലയടിച്ചതിന്റെ പശ്ചാത്തലത്തിൽ എൻ. എം. സിക്ക് നിലപാടുകൾ പുന:പരിശോധിക്കേണ്ടി വരികയും പുതുതലമുറ വൈദ്യശാസ്ത്രജ്ഞർ ചരക പ്രതിജ്ഞ സ്വീകരിക്കണം എന്ന തീട്ടൂരം മരവിപ്പിക്കാൻ ഗത്യന്തരമില്ലാതെ തീരുമാനിക്കേണ്ടി വരികയും ചെയ്തു.

തുടർന്ന്, ഒന്നര വർഷത്തോളം വലിയ ബഹളങ്ങൾ സൃഷ്ടിക്കാതെയിരുന്ന എൻ.എം.സിക്ക് മറ്റൊരു വെളിപാടുണ്ടാവുന്നത് 2023 ആഗസ്റ്റ് രണ്ടാം തിയ്യതിയാണ്. ഇന്ത്യയിലെ മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരും ജനറിക് മരുന്നുകൾ മാത്രമേ എഴുതാവൂ എന്നും ആ വ്യവസ്ഥ ലംഘിക്കുന്നവരുടെ ചികിത്സാ ലൈസൻസ് വരെ റദ്ദാക്കുമെന്നും അവർ നോട്ടിഫിക്കേഷൻ ഇറക്കി. ഒറ്റ നോട്ടത്തിൽ സാധാരണക്കാരന് സഹായകരമായ നടപടിയാണ് എന്ന് ആരും കരുതി പോവാനിടയുള്ള ഈ നീക്കം വളരെ സൂക്ഷ്മവും രാഷ്ടീയ മുൻ കാഴ്ചയോടെയുമുള്ള സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ മികച്ച ഉദാഹരണവുമാണ്.

ഇന്ത്യയിലെ മുഴുവൻ മോഡേൺ മെഡിസിൻ ഡോക്ടർമാരും ജനറിക് മരുന്നുകൾ മാത്രമേ എഴുതാവൂ എന്നും ആ വ്യവസ്ഥ ലംഘിക്കുന്നവരുടെ ചികിത്സാ ലൈസൻസ് വരെ റദ്ദാക്കുമെന്നും അവർ നോട്ടിഫിക്കേഷൻ ഇറക്കി.

യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ വളരെ കർശനവും ശാസ്ത്രീയവുമായ പരിശോധന നടത്തി Branded മരുന്നുകളുടെ അത്ര തന്നെ മികവ് ( Quality) രേഖപ്പെടുത്തപ്പെട്ടാൽ മാത്രമേ Generic മരുന്നുകൾക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. യൂറോപ്യൻ രാജ്യങ്ങളിലെ യൂറോപ്യൻ മെഡിക്കൽ ഏജൻസി ( EMA ), യൂറോപ്യൻ കമ്മീഷൻ ( EC ) അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( FDA ) തുടങ്ങിയ ആരോഗ്യ വിജിലൻസ് വിഭാഗങ്ങൾ അവധാനപൂർവം നടത്തുന്ന ക്വാളിറ്റി / ബയോ അവൈബിലിറ്റി ടെസ്റ്റുകൾ ഇന്ത്യയിലെ ജനറിക് മരുന്നുകളുടെ വിലയിരുത്തലിനായി സമാന അധികാരങ്ങളുള്ള സെൻട്രൽ ഡ്രഗ് ആന്റ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSC0) ഒരിക്കലും വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ പഠനങ്ങളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാറിന് നൽകിയ നിവേദനവും ഒരു ശതമാനത്തോളം ജനറിക് മരുന്നുകൾ മാത്രമേ അത്തരം പരിശോധനകൾക്ക് വിധേയമാവുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ മരുന്നുകളാണ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇന്ത്യയിലെ ഡോക്ടർമാർ പാവപ്പെട്ട രോഗികൾക്കായി എഴുതി നൽകേണ്ടത്! മുയലിനോടൊപ്പവും വേട്ടപ്പട്ടിയോടൊപ്പവും ഓടുന്ന സമീപനമാണ് കണ്ണടച്ച് ഇരുട്ടാക്കി എൻ. എം. സി സ്വീകരിക്കുന്നത്. ജനറിക് മരുന്നുകൾ കർശനമാക്കി ഉത്തരവ് ഇറക്കുന്നതിനു മുമ്പ്, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കുക എന്ന ഏറ്റവും പ്രാധാന്യമേറിയ കാര്യം ചെയ്യാൻ എൻ. എം. സി മടിച്ചു നിന്നതെന്തിനാണ് ? ഒട്ടും ഫലപ്രാപ്തിയില്ലാത്ത മരുന്നുകൾ ക്വാളിറ്റി ടെസ്റ്റുകളൊന്നും നടത്താതെ മാർക്കറ്റിൽ ഇറക്കാൻ അനുമതി നൽകുന്നതിന്റെ പിന്നാമ്പുറ രഹസ്യം എന്താണ് ? നിർണ്ണായകമായ ഇത്തരം അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിക്കാതെ ജനറിക് മരുന്നുകൾ മാത്രം എഴുതിയാൽ മതി എന്ന് ഡോക്ടർമാരോട് ഉത്തരവിടുമ്പോൾ അതിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കുന്നതിൽ ആർക്കും തെററുകാണാനാവുമെന്ന് തോന്നുന്നില്ല.

മാത്രമല്ല ഈ കാലയളവിൽ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ടിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതികളാവട്ടെ തികച്ചും നിർഭാഗ്യകരങ്ങളാണ് എന്ന് പറയാതെ വയ്യ. 1940-ലെ ആക്ടിൽ മരുന്നുകൾക്ക് നിശ്ചിത ക്വാളിറ്റിയില്ലെങ്കിൽ ഫാർമ കമ്പനിക്ക് കനത്ത പിഴയും ഉടമക്ക് രണ്ട് വർഷം കടുത്ത ജയിൽവാസവുമായിരുന്നു ശിക്ഷ. എന്നാൽ പുതിയ നിയമപ്രകാരം ( ജന ബിശ്വാസ് ബിൽ 2023 27d) നിയമ ലംഘകർക്ക് ജയിൽ ശിക്ഷ പാടേ ഒഴിവാക്കി നിസ്സാര പിഴ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ് സർക്കാർ. ജനറിക് മരുന്നുകൾ കർശനമാക്കുമ്പോൾ നിയമങ്ങളും ശിക്ഷകളും കർശനമാക്കുന്നതിനു പകരം ലഘൂകരിക്കുന്നത് കമ്പനികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് വ്യക്തം. ഇക്കാര്യങ്ങൾ മുൻ നിർത്തി ഇന്ത്യയിലെ ഡോക്ടർമാർ ഒന്നടങ്കം പ്രതിഷേധ പാതയിലേക്ക് നീങ്ങിയപ്പോൾ, വളരെ പെട്ടെന്ന് തന്നെ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് എൻ.എം.സി അധികാരികൾ ഒരിക്കൽ കൂടി അപഹാസ്യരായി മാറുകയായിരുന്നു.

ഇക്കാര്യങ്ങൾ മുൻ നിർത്തി ഇന്ത്യയിലെ ഡോക്ടർമാർ ഒന്നടങ്കം പ്രതിഷേധ പാതയിലേക്ക് നീങ്ങിയപ്പോൾ, വളരെ പെട്ടെന്ന് തന്നെ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് എൻ.എം.സി അധികാരികൾ ഒരിക്കൽ കൂടി അപഹാസ്യരായി മാറുകയായിരുന്നു.

ഏറ്റവും ഒടുവിലായി എൻ.എം.സി കൈവെച്ചത് അതിന്റെ തന്നെ ലോഗോവിലാണ്. ഇക്കഴിഞ്ഞ നവംബർ 29-നാണ് എൻ. എം. സി വെബ് സൈറ്റിൽ പുതിയ ലോഗോ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കി മാറ്റുകയും പഴയ ലോഗോവിന്റെ നടുവിൽ വളരെ ചെറുതായി തെളിയാതെ കിടന്ന കറുത്ത കൊച്ചു രൂപം കളറിലേക്ക് മാറ്റുകയും ചെയ്തു കൊണ്ടാണ് ഇത്തവണ എൻ. എം. സി വിശ്വരൂപം കാണിച്ചത്. ലോഗോവിന്റെ നടുവിലെ രൂപം വലുതാക്കുകയും വർണ്ണാഭമാക്കുകയും ചെയ്തപ്പോഴാണ് ആ ചിത്രം ധന്വന്തരിയുടേതാണെന്ന് ആളുകൾ തിരിച്ചറിയുന്നത്. ഒരു മതേതര രാഷ്ടത്തിന്റെ ഏറ്റവും ഉയർന്ന ഒരു ശാസ്ത്ര സമിതിയുടെ മുദ്രയിൽ വിഷ്ണുവിന്റെ അവതാരമായി ഭാഗവതം അവതരിപ്പിക്കുന്ന ധന്വന്തരി പ്രത്യക്ഷപ്പെടുന്നത് ഒട്ടും ഭൂഷണമായി കരുതാനാവില്ല. ധന്വന്തരി (വിഷ്ണു) ആയുർവേദത്തിന്റെ ദൈവിക രൂപം എന്ന നിലയിലാണ് ഹിന്ദു വിശ്വാസികൾ ആരാധിച്ചു പോരുന്നത്. ആയുർവേദവുമായി രോഗനിദാനത്തിലോ, രോഗനിർണ്ണയത്തിലോ ഔഷധ ചികിത്സയിലോ ഒരുതരത്തിലും സാമ്യമില്ലാത്ത ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൂടി ഉന്നത സമിതിയായ എൻ.എം.സി യുടെ ലോഗോയിൽ ധന്വന്തരിയുടെ ചിത്രത്തിന് എന്ത് സാംഗത്യമാണുള്ളത് ? ആയുർവേദത്തിന്റെയോ ഹോമിയോപ്പതിയുടേയോ ലോഗോയിൽ ഹിപ്പോക്രാറ്റസിന്റേയോ, ഗാലന്റേയോ ചിത്രം എത്രമാത്രം സംഗതമാവും? ശാസ്ത്രത്തിന് ശാസ്ത്രീയത മാത്രമാണ് അടിസ്ഥാനം.

മതമോ ജാതിയോ, സമ്പന്ന ദരിദ്ര വത്യാസങളോ സാമൂഹികമായ ഉച്ചനീചത്വങ്ങളോ വർഗ്ഗ-വർണ്ണ വത്യാസങ്ങളോ ജെന്റർ വിവേചനങ്ങളോ ശാസ്ത്രത്തിന് ഒട്ടും ബാധകമല്ല എന്നിരിക്കേ മത ചിഹ്നങ്ങൾ ശാസ്ത്ര സമിതികളിൽ ഒരിക്കലും അനുവദനീയമല്ലാത്തവയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ലോഗോവിലെ ചിഹ്നവ്യവസ്ഥകളിൽ പ്രാചീന ഗ്രീക്ക് ദൈവങ്ങളായ ഹെർമിസിന്റെ ദണ്ഡും എസ്ക്ലിയേപ്പസിന്റെ പാമ്പുകളും പ്രാതിനിദ്ധ്യം നേടുന്നത് ധന്വന്തരിയുടെ ചിത്രത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത് കൗതുകകരമാണ്. എന്നോ മണ്ണടിഞ്ഞു പോയ പ്രാചീന ഗ്രീക്ക് ജീവിത വ്യവസ്ഥയായ ഹെല്ലനിസ (Hellenism) ത്തിലെ ആരാധനാ മൂർത്തികളായിരുന്നു അവർ. നിയതാർത്ഥത്തിൽ ഹെല്ലനിസം ഒരു മതം പോലുമായിരുന്നില്ല. ഹെല്ലനിസവുമായി ബന്ധപ്പെട്ട പ്രാചീന ഗ്രീക്ക് മിഥോളജിയിലെ വൈദ്യശാസ്ത്ര സംബന്ധിയായ രണ്ട് ചിഹ്നങ്ങൾ മാതമാണ് ദണ്ഡും പാമ്പുകളും. സമാധാനത്തെക്കുറിച്ചും സൗഖ്യത്തെക്കുറിച്ചുമാണ് ആ ചിഹ്നങ്ങൾ തലമുറകളോട് സംസാരിച്ചത്. ഇന്ത്യയൊട്ടാകെ ജാതി മത ഭേദമെന്യേ എൻ. എം. സി യുടെ വിവേചനപരമായ ഈ നടപടിക്കെതിരെ ശക്തമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. ഐ എം എ കേരള ഘടകം അതിശക്തമായ ഭാഷയിൽ ഈ നീക്കത്തെ അപല പിച്ചുകൊണ്ട് ഇന്ത്യയൊട്ടാകെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയാണ്..

ഒരു വ്യായാമപദ്ധതി മാത്രമായ, ശാസ്ത്രീയം എന്ന് ഒരിക്കലും വ്യവഹരിക്കാനാവാത്തതുമായ യോഗയെ മെഡിക്കൽ കരിക്കുലത്തിൽ ഉൾപ്പെടുത്തുകയും, ആധുനിക വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ പഠനം പൂർത്തീകരിക്കാൻ ആയുഷ് പരിശീലനം നേടണമെന്ന് വ്യവസ്ഥപ്പെടുത്തുകയുമൊക്കെ ചെയ്തുകൊണ്ട് നാഷണൽ മെഡിക്കൽ കമ്മീഷൻ ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്രത്തെ എത്ര നൂററാണ്ടു പിറകിലേക്ക് നയിക്കുമെന്ന് ആശങ്കപ്പെടുകയാണ് സാമൂഹിക ശാസ്ത്രജ്ഞരും വൈദ്യശാസ്ത്ര വിശാരദരും.

നാഷണൽ മെഡിക്കൽ കമ്മീഷൻറെ പഴയ ലോഗോയും പുതിയ ലോഗോയും

ദേശീയ ആരോഗ്യ മന്ത്രാലയവും എൻ. എം. സിയും ചേർന്നു നടത്തുന്ന മറ്റൊരു കൈക്രിയ കൂടി സൂചിപ്പിക്കാതെ അവസാനിപ്പിക്കാൻ വയ്യ. ഇന്ത്യയിലെമ്പാടുമുള്ള ഒരു ലക്ഷത്തി പതിനാറായിരം കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുപ്പത്തിനാലു കോടി എൺപത് ലക്ഷം രൂപ ചിലവിട്ടു കൊണ്ട് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പുനർ നാമകരണം ചെയ്യാൻ ദേശീയ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നു. ദേശീയ ബജറ്റിൽ നിന്ന് അവർക്ക് കഷ്ടിച്ച് ലഭിക്കുന്ന വെറും രണ്ട് ശതമാനം വിഹിതമാണ് ഇതിനുപയോഗിക്കുന്നത്രെ. ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ ശമനത്തിനുമായി ഉപയോഗിക്കേണ്ട ഈ തുക പാഴായി പോവുന്നത് നോക്കൂ, ആരേയും ഒട്ടും വേദനിപ്പിക്കുന്നില്ല..

അലൻ പേറ്റന്റെ പ്രശസ്തമായ നോവലിന്റെ പേര് വീണ്ടും വീണ്ടും ഓർക്കേണ്ടി വരുന്നു.

ക്രൈ മൈ ബിലവഡ് കൺട്രി ....

Comments