Photos : Manilal Padavoor

നിരാശാഭരിതമായ ചില പ്രതീക്ഷകൾ

കോൺഗ്രസ്​, മതേതരത്വം, കേരളം

ബി.ജെ.പിയെ എതിർത്തുനിൽക്കാൻ കെൽപ്പുള്ള, പലപ്പോഴും കോൺഗ്രസ് മുന്നോട്ടുവക്കുന്ന മൃദുഹിന്ദുത്വക്കു പകരം യഥാർത്ഥ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കോൺഗ്രസ് വളമായി മാറിയെങ്കിൽ എന്ന് മതേതര ഭാരതീയർ ആഗ്രഹിച്ചുപോകും.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം അവിടുത്തെ ബുന്ദി എന്ന സ്ഥലത്തുനിന്ന്​, കോൺഗ്രസ് വിജയം പ്രഖ്യാപിക്കുന്ന രാജസ്ഥാൻ പത്രികയുടെ​ ഹെഡ്​ലൈനിനൊപ്പം, അപ്പോൾ കുടിച്ച ചായഗ്ലാസും വച്ചെടുത്ത ഫോട്ടോ സുഹൃത്തിനയച്ചപ്പോൾ ചേർത്ത അടിക്കുറിപ്പ് ഇപ്പോഴും ഓർമയുണ്ട്; ‘കോൺഗ്രസിന്റെ വിജയം നമ്മളൊക്കെ ഇത്ര സന്തോഷത്തോടെ പരസ്പരം അറിയിക്കുമെന്ന് എന്നെങ്കിലും കരുതിയിരുന്നോ?'

ഗാന്ധിജിക്കുപകരം ഗോഡ്സെയും ഭരണഘടനയ്ക്കുപകരം വിചാരധാരയും മുന്നോട്ടുവക്കപ്പെടുന്ന, ഇന്ത്യ ഒരു അപ്രഖ്യാപിത ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന, ഒരു വലിയ ടേണിങ് പോയന്റിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ഒരു ടേണിങ് പോയൻറ്​. എന്തെങ്കിലും രക്ഷയുണ്ടോ, എവിടെയെങ്കിലും ഒരു രക്ഷകൻ/രക്ഷക ഉദയം ചെയ്യുമോ എന്നൊക്കെ കടുത്ത നിസ്സഹായതയോടെ ചുറ്റിലും പരതിക്കൊണ്ടിരിക്കുന്ന അവസ്ഥ.

ഭരണകർത്താക്കൾക്കെതിരെയുള്ള വിമർശനം രാജ്യത്തിനെതിരെയുള്ള വിമർശനമായി വ്യാഖ്യാനിക്കപ്പെടുന്ന കാലത്ത്, പെറ്റിക്കേസുപോലെ എളുപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന കാലത്ത്, പശുവിന്റെ പേരിൽ മനുഷ്യൻ കൊലചെയ്യപ്പെടുന്ന കാലത്ത്, കോൺഗ്രസിനെ പ്രതീക്ഷയോടെ നോക്കാൻ നാം നിർബന്ധിതരാകുന്നു. അടിയന്തരാവസ്ഥയും 1984-ലെ ഗവൺമെൻറ്​ സ്പോൺസേർഡ് കൂട്ടക്കൊലയും വരെ മറക്കാൻ നാം നിർബന്ധിതരാകുന്നു.

‘കോൺഗ്രസ്​ വിത്ത്​ ഗാന്ധീസ്​’

എന്നാൽ, കോൺഗ്രസിലേക്കു നോക്കുമ്പോൾ കാണുന്നതെന്താണ്? നൂറുവർഷത്തിൽ കൂടുതൽ നിലനിന്ന ഒരു പ്രസ്ഥാനത്തിന് ഇന്നും ഒരു കുടുംബത്തിൽനിന്ന്​ മാറിനിന്നുള്ള അസ്ഥിത്വം ആലോചിക്കാനേ പറ്റുന്നില്ല! കോൺഗ്രസിനെ നയിക്കുന്ന മൂന്നു ഗാന്ധിമാർക്കും ഒരുവിധത്തിലുള്ള മാസ് ജനകീയ അടിത്തറയും ഇല്ലെന്നറിഞ്ഞിട്ടും ആ പാർട്ടിക്ക് ഏതെങ്കിലും ഒരു ഗാന്ധിക്കപ്പുറം ചിന്തിക്കാൻ കഴിയുന്നില്ല എന്നത് എന്തൊരു ദുര്യോഗമാണ്. Congress with Gandhis ഇത്രയും താഴെ എത്തിനിൽക്കുകയാണെങ്കിൽ ഒരു Congress without Gandhis ന് അതിലും താഴെ പോകാൻ, അതിലും താഴെ എന്നൊന്നില്ലല്ലോ.

നേതൃമാറ്റത്തെപ്പറ്റി ചർച്ച വരുമ്പോൾ പൊതുവെ പറയുന്ന കാര്യമാണ്, പാർട്ടി തീരുമാനിക്കും എന്നത്. സാധാരണഗതിയിൽ അതു ശരിയുമാണ്. നിർഭാഗ്യവശാൽ ഇതിപ്പോൾ കോൺഗ്രസിനെ മാത്രം ബാധിക്കുന്ന, പാർട്ടിക്കുള്ളിൽ തീരുമാനിക്കേണ്ട കാര്യമല്ല. ഇത് ഇന്ത്യയുടെ മൊത്തം പ്രശ്നമാണ്, ഇന്ത്യയുടെ ജനാധിപത്യത്തെയും മതേരതത്വത്തെയും ഒക്കെ ബാധിക്കുന്ന, ഇന്ത്യയെന്ന സങ്കൽപത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്. ഇങ്ങനെയൊരു സമയത്തുപോലും നിങ്ങൾ മാറാൻ തയ്യാറല്ലെങ്കിൽ ബി.ജെ.പി.യെപ്പോലെ ഒരു ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന് മതേതരവിശ്വാസികൾ ആഗ്രഹിക്കേണ്ട അവസ്ഥ വരും. ബി.ജെ.പി.യെ എതിർത്തുനിൽക്കാൻ കെൽപ്പുള്ള, പലപ്പോഴും കോൺഗ്രസ് മുന്നോട്ടുവക്കുന്ന മൃദുഹിന്ദുത്വക്കു പകരം യഥാർഥ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കോൺഗ്രസ് വളമായി മാറിയെങ്കിൽ എന്ന് മതേതര ഭാരതീയർ ആഗ്രഹിച്ചുപോകും. ഈ അലസസമീപനവുമായി കോൺഗ്രസ് ഇന്ത്യയുടെ പ്രധാന പ്രതിപക്ഷ പാർട്ടിയായി നിൽക്കുന്നത് ഇന്ത്യയോടു ചെയ്യുന്ന അനീതിയാണ്.

രാഹുലിനെപ്പോലെ മാനസികമായും ശാരീരികമായും ഒരു പാർട്ട്ടൈം രാഷ്ട്രീയക്കാരന് ബി.ജെ.പി.ക്കെതിരെ ഒന്നും ചെയ്യാനാവില്ല. മോദിയെപ്പോലെതന്നെ ഒരു ‘ബോൺ രാഷ്ട്രീയക്കാരനോ/കാരിക്കോ മാത്രമേ ചെറിയ ചാൻസെങ്കിലും അവിടെയുള്ളൂ.

തീർച്ചയായും രാഹുൽ ഗാന്ധി നല്ലൊരു മനുഷ്യനാണെന്ന് ഞാനും വിശ്വസിക്കുന്നു. ‘പപ്പു’ തുടങ്ങി സംഘ്പരിവാറിൽനിന്ന്​ കടുത്ത അപമാനങ്ങൾ ഏറ്റുവാങ്ങി രാഹുൽ എത്രയോ വർഷങ്ങളായി ഈ 138 കോടി മനുഷ്യർക്കുമുൻപിൽ നിൽക്കുന്നു. ഒരുവശത്ത് ഒരു മാക്കിയവെല്ലിയൻ പ്രിൻസായി മോദി നിൽക്കുമ്പോൾ മറുവശത്ത് രാഹുൽ തീർത്തും നിഷ്പ്രഭനാണ്. രാഹുലിനെപ്പോലെ മാനസികമായും ശാരീരികമായും ഒരു പാർട്ട്ടൈം രാഷ്ട്രീയക്കാരന് ബി.ജെ.പി.ക്കെതിരെ ഒന്നും ചെയ്യാനാവില്ല. മോദിയെപ്പോലെതന്നെ ഒരു ‘ബോൺ രാഷ്ട്രീയക്കാരനോ/കാരിക്കോ മാത്രമേ ചെറിയ ചാൻസെങ്കിലും അവിടെയുള്ളൂ.

ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് ഇന്ത്യയെ കുടുംബസ്വത്തായികണ്ട്, അവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാർക്ക് പുല്ലുവില കൊടുത്ത് തോന്നിയവാസം ഭരിച്ചതിന്റെ അനന്തരഫലം മാത്രമാണ് ഇന്ന് കോൺഗ്രസ് അഭിമുഖീകരിക്കുന്ന ഈ ഉന്മൂലനം. അതിന് ബി.ജെ.പി. ഒരു കാരണമാകുന്നു എന്നു മാത്രമേയുള്ളൂ. ഒന്നും രണ്ടും യു.പി.എ. സർക്കാരുകൾ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയപ്പോൾ ആ എട്ടുവർഷങ്ങൾകൊണ്ട് സംഘടനാമികവും വ്യക്തിപ്രാഭവവും പി.ആർ. വർക്കും വൻ കോർപ്പറേറ്റ് പിൻബലവും സർവോപരി ഹിന്ദുത്വയും ദേശീയതയും എല്ലാം കൃത്യമായ അളവിൽ സംയോജിപ്പിച്ച്​ മോദി അക്ഷരാർഥത്തിൽ ഇന്ത്യ കീഴടക്കുകയായിരുന്നു. സോണിയയും രാഹുലും യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോഴേക്കും അക്ബർ റോഡിലെ കോൺഗ്രസ് ഓഫീസ് ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ രണ്ടു വൻപ്രക്ഷോഭങ്ങളാണുണ്ടായത്. പൗരത്വപ്രക്ഷോഭവും കർഷകപ്രക്ഷോഭവും. ഈ രണ്ടു പ്രക്ഷോഭങ്ങളിലും ഒരു രീതിയുള്ള പങ്കാളിത്തവും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ല, അല്ലെങ്കിൽ, കോൺഗ്രസിന് അത് സാധ്യമായില്ല. ഇത് ഒരേസമയം നിർഭാഗ്യകരവും അതേസമയം പ്രതീക്ഷ നൽകുന്നതുമായ സാഹചര്യമാണ്. ഒരു രാഷ്ട്രീയപിൻബലവുമില്ലാതെ ജനങ്ങൾക്ക് ഇത്ര വിപുലമായ പ്രക്ഷോഭം സംഘടിപ്പിക്കാനും അത്​ മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നു എന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ വലിയ പ്രതീക്ഷക്കു വകനൽകുന്നു. എന്നാൽ, ഒരു ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ അവസ്ഥ ഇതാണെന്നത് ഏറെ ഖേദകരവും.

മനോഹരമായ ലോക്കൽ ഹിന്ദിയിലുള്ള, കനയ്യയുടെ പ്രസംഗം നേരിട്ടുകേട്ടപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ തോന്നിയ കാര്യം ഇതാണ്, ഇയാൾക്കുപിന്നിൽ ഒരുവലിയ ഓർഗനൈസേഷണൽ സെറ്റപ്പുണ്ടെങ്കിൽ ഇയാൾ ഇന്ത്യ കീഴടക്കിയേക്കും.

കനയ്യ എവിടെ?

ഈയൊരവസരത്തിലാണ് കനയ്യ കുമാറിനെപ്പോലെ ഒരു മാസ് ക്രൗഡ്പുള്ളറാവാൻ സാധ്യതയുള്ള, വിശേഷിച്ചും ഹിന്ദി ബെൽറ്റുമായി സംവദിക്കാൻ അസാമാന്യമായ കഴിവുള്ള ഒരാൾ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസിൽ നിൽക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സമയത്തും അതിനുശേഷവും ഒരു പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെയും പിൻബലമില്ലാതെ മോദിയെ ഒറ്റക്കെതിരിട്ട വ്യക്തിയാണ് കനയ്യ. എത്ര മനോഹരമായിട്ടാണ് കനയ്യ മോദിയെ ഓരോ പോയന്റിലും കൗണ്ടർ ചെയ്തിരുന്നത്. കനയ്യ സി.പി.ഐ. വിട്ട് കോൺഗ്രസിൽ ചേക്കേറിയതിൽ ‘കുലംകുത്തിത്തരം’ ഒന്നും കാണേണ്ട കാര്യമില്ല. സി.പി.ഐ. പോലെ ജനകീയ അടിത്തറയില്ലാത്ത ഒരു പാർട്ടിയിൽ നിന്നിട്ട് കനയ്യയുടെ കാലിബറുള്ള ഒരാൾ എന്തുചെയ്യാനാണ്? പിന്നെ കോൺഗ്രസിന് വിപ്ലവവീര്യം കുറവായാലെന്ത്? അത് അയാളുടെ ഉള്ളിൽ വേണ്ടുവോളമുണ്ട്. മനോഹരമായ ലോക്കൽ ഹിന്ദിയിലുള്ള, കനയ്യയുടെ പ്രസംഗം നേരിട്ടുകേട്ടപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ തോന്നിയ കാര്യം ഇതാണ്, ഇയാൾക്കുപിന്നിൽ ഒരുവലിയ ഓർഗനൈസേഷണൽ സെറ്റപ്പുണ്ടെങ്കിൽ ഇയാൾ ഇന്ത്യ കീഴടക്കിയേക്കും.

ഇനി കോൺഗ്രസ് കനയ്യയെ നേതാവാക്കി മുന്നോട്ടുകൊണ്ടുവന്നാൽ എല്ലാം ഭദ്രമാവുമോ? ഒട്ടുമില്ല. മതേതര ജനാധിപത്യവിശ്വാസികൾ തീർത്തും നിസ്സഹായരാകുന്ന രീതിയിൽ ഇന്ത്യ സംഘ്പരിവാറിന്റെ കയ്യിൽ ഒതുങ്ങിക്കഴിഞ്ഞു. കോർപറേറ്റ് ഭീമന്മാരും മാധ്യമങ്ങളും സ്ട്രാറ്റജിസ്റ്റുകളും പി.ആർ. ഏജൻസികളുംഒക്കെ ചേർന്ന് എത്ര സൂക്ഷ്മമായാണ്, എത്ര സമഗ്രമായാണ് ഭൂരിപക്ഷ പിന്തുണയോടെതന്നെ ഇന്ത്യയെ ഒരു ലൂപ്ഹോൾ പോലുമില്ലാതെ സംഘപരിവാർ ഇന്ത്യയാക്കി മാറ്റിയത്. മോദിജി ഗ്യാസ് കണക്ഷൻ കൊടുത്തും ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തും കുട്ടികളെ കോളേജിൽ ചേർത്തും ഒക്കെ കുടുബത്തിലെ അംഗമായി മാറിയ തികച്ചും പരിഹാസ്യമായ എത്ര പരസ്യങ്ങളാണ് നാം ദിവസവും കാണുന്നത്. വിലക്കയറ്റവും തൊഴില്ലായ്മയും രൂക്ഷമായിട്ടും ജീവിതസാഹചര്യങ്ങൾ ദുസ്സഹമായിട്ടും ക്ഷേമപ്രവർത്തനങ്ങൾ ഗ്രാസ്റൂട്ട് ലെവലിലേക്ക് എത്തുന്നു എന്ന ധാരണ പരസ്യങ്ങളിലൂടെയും മറ്റനവധി ക്യാംപയിനുകളിലൂടെയും പി.ആർ. വർക്കിലൂടെയും സർക്കാർ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് സത്യം. ഇതിനിടയിൽ സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷമായിട്ടും, ഇത്ര വർഷത്തെ ഭരണത്തിനിടയിലും, കോൺഗ്രസ് കാണാതിരുന്ന പലതും മോദി കണ്ടു. ദലിത്- ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള പ്രസിഡന്റുമാരും സ്വച്​ഛ്​ ഭാരതും ശൗചാലയവുമൊക്കെ ആ കാഴ്ചയുടെ അനന്തരഫലങ്ങളാണ്.

15 ശതമാനത്തിൽ താഴെ മാത്രം വരുന്ന മുസ്​ലിം ന്യൂനപക്ഷത്തിന്റെ ഭയാശങ്കകളും പാർശ്വവത്കരണവുമൊന്നും ആത്മനിർഭർ ഇന്ത്യക്ക് പ്രശ്നമേയല്ല. എത്രയോ തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരാണിപ്പോൾ ഇന്ത്യയിൽത്തന്നെ രണ്ടാംകിട പൗരന്മാരായി മാറുന്നത്.

ഭയം, ഭയം, ഭയം

മധ്യവർഗ ഇന്ത്യയാണെങ്കിൽ ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിൽ എന്നൊരു വലിയ ബബ്​ളിലാണ്. സാധാരണ എൻ.ആർ.ഐ.കളുമായിപോലും സംസാരിച്ചാലറിയാം, മോദിയുടെ ഇന്ത്യയെ പ്രതി അവർ എത്ര അഭിമാനിക്കുന്നുവെന്ന്. ഒബാമയെ ബരാക് എന്നും ട്രംപിനെ ഡോണൾഡ് എന്നും ഫസ്റ്റ്നെയിമിൽ വിളിച്ച് കെട്ടിപ്പിടിക്കുന്ന മോദി. ലോക സമ്മിറ്റുകളിൽ പ്രത്യേക ശ്രദ്ധയും സ്ഥാനവും കിട്ടുന്ന ഇന്ത്യ. ലോക ക്ഷേമസൂചികകളിലൊക്കെ ഏറ്റവും പിന്നാക്കം പോയാലെന്ത്? നമുക്കഭിമാനിക്കാൻ ഇതൊക്കെ പോരേ? മോദി ഇടുന്ന ലക്ഷങ്ങളുടെ ഉടുപ്പുപോലും ഇന്ത്യയുടെ അഭിമാനത്തിനായാണ്.

ഇതിനിടയിൽ 15 ശതമാനത്തിൽ താഴെ മാത്രം വരുന്ന മുസ്​ലിം ന്യൂനപക്ഷത്തിന്റെ ഭയാശങ്കകളും പാർശ്വവത്ക്കരണവുമൊന്നും ആത്മനിർഭർ ഇന്ത്യക്ക് പ്രശ്നമേയല്ല. എത്രയോ തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരാണിപ്പോൾ ഇന്ത്യയിൽത്തന്നെ രണ്ടാംകിട പൗരന്മാരായി മാറുന്നത്. തീർച്ചയായും മധ്യകാല ഇന്ത്യയിൽ മുസ്​ലിം ഇൻവേഷൻ എന്ന്​പൊതുവെ വിളിക്കപ്പെടുന്ന അധിനിവേശം നടന്നിട്ടുണ്ട്. പക്ഷേ അവയൊന്നും മതത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങളായിരുന്നില്ല. പേർഷ്യൻ, അഫ്ഗാൻ, ഉസ്ബെക് മേഖലകളിൽനിന്നൊക്കെയുള്ള ട്രൈബൽ യുദ്ധപ്രഭുക്കന്മാരുടെ നേതൃത്വത്തിൽ നടന്ന ഭൂഅധിനിവേശങ്ങളായിരുന്നു. ഫർഗാനയും സമർഖണ്ഡും ഒക്കെ നഷ്ടമായശേഷം ഭരിക്കാൻ ഒരുതുണ്ടു ഭൂമി അന്വേഷിച്ച് ഖൈബർചുരം കടക്കുന്നതിനെപ്പറ്റി ബാബർ ആത്മകഥയിൽ പറയുന്നുണ്ട്.

ഈ അധിനിവേശങ്ങളിൽനിന്ന്​ അക്ബർ മുതലിങ്ങോട്ടുള്ള മുഗൾഭരണത്തെ മാറ്റിനിർത്തുകയും വേണം. അക്ബർ മനസുകൊണ്ടും ജഹാംഗീർ മുതലിങ്ങോട്ടുള്ളവർ രക്തം കൊണ്ടും ഭാരതീയരായിരുന്നു. 75 ശതമാനവും രജപുത്രവംശജനായ ഒരു ഇന്ത്യൻ മുസ്​ലിം രാജാവായിരുന്നു ഷാജഹാൻ. ഔറംഗസേബിന്റെ കാലത്ത്​ ഒഴിച്ച്​ മതപരമായ ശത്രുതയോ വിവേചനമോ ഈ മുഗൾരാജാക്കന്മാരൊന്നും ഭൂരിഭാഗം വരുന്ന ഹിന്ദുക്കളോടു കാണിച്ചിട്ടില്ല. മുഗൾ ഭരണം ഒരർഥത്തിലും വൈദേശിക ഭരണമായിരുന്നില്ല. ശിപ്പായിലഹളയുടെ കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരേ ആയുധമുയർത്തിയ മീററ്റിൽനിന്നുള്ള സിപ്പായിമാർ ബ്രട്ടീഷ് ഭരണത്തിനുപകരം ഹിന്ദുസ്ഥാന്റെ സ്വന്തം ഭരണം കൊണ്ടുവരാനായി എത്തിയത് ചെങ്കോട്ടയിൽ മുഗൾരാജാവായ ബഹദൂർഷാ സഫറിന്റെ അടുത്താണല്ലോ. അങ്ങനെയാണ് ഒരു താത്പര്യമില്ലാതിരുന്നിട്ടും ബഹദൂർഷാ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. അന്ന് മുഗൾസാമ്രാജ്യം തീർത്തും ശോഷിച്ച്, ഡൽഹി മുതൽ പാലം വരെയുള്ള രാജാവ് എന്ന് ബഹദൂർഷായെ കളിയായും കാര്യമായും വിളിച്ചിരുന്ന കാലമായിരുന്നു എന്നോർക്കണം. എന്നിട്ടും ഇപ്പറഞ്ഞ സിപ്പായിമാരുടെ മനസ്സിൽ ഹിന്ദുസ്ഥാന്റെ രാജാവെന്നാൽ മുഗൾ രാജാവായിരുന്നു.

ഇതൊക്കെ പോകട്ടെ, ആധുനികസമൂഹത്തിന് കേട്ടുകേൾവിപോലുമില്ലാത്ത, തികച്ചും പ്രാകൃതമായ രീതിയിൽ നീതിയും ന്യായവുമൊക്കെ നടപ്പിലാക്കിയിരുന്ന മധ്യകാലഘട്ടത്തിലെ സംഭവവികാസങ്ങൾ ഇപ്പോഴും ഇന്ത്യൻ മുസ്ലിംകളെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുക എന്നുപറഞ്ഞാൽ? ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണകർത്താവായിരുന്ന അക്ബറിന്റെ പേരിലുള്ള റോഡിന്റെ പേരുപോലും കടുത്ത മുസ്​ലിം വിരോധത്തിന്റെ പേരിൽ മാറ്റാൻ തയ്യാറാവുക എന്നുപറഞ്ഞാൽ? ഇന്ത്യാചരിത്രത്തിന്റെ അവിഭാജ്യഭാഗമായ മുഗൾ ഭരണം പോലും ചരിത്രപഠനത്തിൽനിന്ന് അപ്രത്യക്ഷമാക്കുക എന്നുപറഞ്ഞാൽ?

കുറച്ചുവർഷങ്ങൾക്കുമുമ്പുണ്ടായ ഒരു സംഭവമാണ്. ഓൾഡ് ഡൽഹിയിലെ പ്രശസ്തമായ ഒരു വഴിയോര കബാബ് കടയിൽ അവിടെനിന്നുള്ള കബാബിന്റെ രുചിയോർത്ത് എക്സൈറ്റഡായി ഓടിച്ചെന്ന് ഞാൻ അൽപം ഉറക്കെ ചോദിച്ചു, ഭയ്യാ, ഏതൊക്കെ കബാബുണ്ട്? കടക്കാരനും അൽപം ഉറക്കെത്തന്നെ പറഞ്ഞു, ‘ചിക്കൻ മിലേഗാ, മട്ടൺ മിലേഗാ.' ഞാൻ സങ്കടത്തിൽ വീണ്ടും ചോദിച്ചു, ‘ബീഫ് നഹി മിലേഗാ?' പെട്ടെന്ന് ആ കടയുടെ ആംബിയൻസ് തന്നെ മാറി. കടക്കാരും കബാബ് വാങ്ങാനായി ചുറ്റുംകൂടി നിന്നിരുന്ന പത്തിരുപത്തഞ്ചോളം പേരും നിശബ്ദരായി എന്നെ നോക്കി. ബീഫ് എന്ന വാക്കിന് എത്രമാത്രം ഭയമുണ്ടാക്കാൻ പറ്റുമെന്ന് ഞാൻ നേരിട്ടുകാണുകയായിരുന്നു. ആ നിശബ്ദതയ്ക്കുശേഷം കടക്കാരൻ പതുക്കെ ശാന്തമായി പറഞ്ഞു, ‘ഹാ, ബിൽകുൽ മിലേഗാ.'

നിർഭാഗ്യവശാൽ ഇതാണ് ഇപ്പോഴത്തെ ഇന്ത്യ. അതുപോലെ നേരിൽകണ്ട മറ്റൊരു സമകാലിക ഇന്ത്യൻ ചിത്രം കൂടി. ഒട്ടേറെ വിദേശികൾ ഉൾപ്പെടെ നിരവധി സന്ദർശകർ നിറഞ്ഞ താജ്മഹലിന്റെ ഉൾഭാഗം. പെട്ടെന്ന് ഒരുസംഘം ആളുകൾ ഇടിച്ചുകയറി അകത്തേക്കുവന്ന് മുഷ്ടിയുയർത്തി ‘ജയ് ശ്രീറാം’ വിളിക്കാൻ തുടങ്ങി. പെട്ടെന്നുണ്ടായ ആ പ്രകോപനത്തിൽ ഞെട്ടിപ്പോയ ആളുകൾ പെട്ടെന്ന്​അടുത്ത മുറിയിലേക്കുനീങ്ങാൻ തുടങ്ങി. ഞാനും സഹയാത്രികനും രാഷ്ട്രീയതാത്പര്യം വച്ച് അവിടെത്തന്നെ നിന്നു. ഏതാനും മിനുട്ടുകൾ മുദ്രാവാക്യം വിളിച്ചതിനുശേഷം അവർ കൂളായി ഇറങ്ങിപ്പോയി.

കേരളത്തിലെ മതേതര പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും മീഡിയയും ഒക്കെ ‘ഹിന്ദുത്വ ഇന്ത്യ’ എന്ന അടുത്തുവന്നുകൊണ്ടിരിക്കുന്ന ആ വലിയ യാഥാർഥ്യത്തിനോടു പുലർത്തുന്ന ആലസ്യം വല്ലാതെ ഭയപ്പെടുത്തുന്ന ഒരവസ്ഥയാണ്.

പുതിയ കേരള മോഡൽ

ഇതിനിടയിൽ കേരളം ഒരു സുരക്ഷിത സ്വർഗ്ഗമാണെന്ന മൂഢവിശ്വാസം ഒരു ബ്ലാങ്കെറ്റു പോലെ പുറത്തിട്ട് നാം നമ്മുടെ തമാശകളിൽ മുഴുകിയിരിക്കുകയാണ്. ടീസ്റ്റ സെതൽവാദും എം.ബി. ശ്രീകുമാറും സഞ്​ജീവ്​ ഭട്ടും അറസ്റ്റുചെയ്യപ്പെട്ട ദിവസം കേരളത്തിലെ സെക്യുലർ ന്യൂസ് ചാനലുകളിലൊന്നും ഈ വാർത്ത പ്രൈംടൈം ചർച്ചയായില്ല. മിക്ക ചാനലുകളും ഇവിടെ തെരുവിൽനടന്ന എൽ.ഡി.എഫ്.​- യു.ഡി.എഫ്.​ അടിപിടിയാണ് ചർച്ചയാക്കിയത്. മോദിക്കെതിരെയുള്ള വാർത്ത പ്രൈം ഡിസ്‌കഷനാക്കണ്ട എന്നൊരു തീരുമാനത്തിന്റെ പുറത്തൊന്നും ആയിരുന്നില്ല അത്​. കേരളത്തിലെ പ്രേക്ഷകർക്ക് ഈ പറഞ്ഞ വിഷയത്തിൽ വലിയ താത്പര്യമുണ്ടാവില്ല എന്നും അതിലും റേറ്റിങ് കിട്ടുക ഇത്തരം സ്ട്രീറ്റ് ഫൈറ്റ് നാടകങ്ങൾക്കാണെന്നും നമ്മുടെ മീഡിയക്ക് നന്നായറിയാം. പ്രധാനമന്ത്രിയെ വിമർശിക്കുക എന്നത് രാജ്യത്തെ വിമർശിക്കുക എന്നതായി പുനർവ്യാഖ്യാനിക്കപ്പെടുമ്പോൾ, മോദിയെ എതിർക്കുന്നതിന്റെ പേരിൽ നാം ഇന്നുവരെ ബഹുമാനത്തോടെ കണ്ടിരുന്നവരൊക്കെ തടവറയിലോ തടവറവാതുക്കലോ എത്തിനിൽക്കുമ്പോൾ, നാമിവിടെ പടക്കമേറ്, വിമാനത്തള്ളൽ, ഗാന്ധിപടം മാറ്റിവക്കൽ തുടങ്ങിയ കലാപരിപാടികളുമായി വലിയ ആഘോഷങ്ങളിലേർപ്പെട്ടിരിക്കുകയാണ്.

ഇത് സത്യത്തിൽ വല്ലാതെ ഭയപ്പെടുത്തുന്ന ഒരവസ്ഥയാണ്. കേരളത്തിലെ മതേതര പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും മീഡിയയും ഒക്കെ ‘ഹിന്ദുത്വ ഇന്ത്യ’ എന്ന അടുത്തുവന്നുകൊണ്ടിരിക്കുന്ന ആ വലിയ യാഥാർഥ്യത്തിനോടു പുലർത്തുന്ന ആലസ്യം. നമ്മളെ സംബന്ധിച്ച് നാം ഇതിൽനിന്നൊക്കെ സേഫാണ്. സ്റ്റാൻ സ്വാമി ജയിലിൽ മരിച്ച ഇന്ത്യയും പെഹ്​ലുഖാനെ പശുസംരക്ഷകർ അടിച്ചുകൊന്ന ഇന്ത്യയും ഒക്കെ നമ്മെ സംബന്ധിച്ച് ഒത്തിരി ദൂരെയാണ്. പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന സവിശേഷമായ രാഷ്ട്രീയ സാമൂഹികാവസ്ഥ കാരണം ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഇപ്പോഴും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയുന്നു എന്നത് വലിയ കാര്യം തന്നെയാണ്. പക്ഷേ എത്ര നാൾ?

കടന്നുകയറ്റങ്ങളും അടിച്ചമർത്തലുകളും സാധാരണമായി മാറിയ ഈ സന്നിഗ്ധഘട്ടത്തിൽ ജാഗ്രതയുള്ള, പക്വതയുള്ള, ഉത്തരവാദിത്വബോധമുള്ള എല്ലാ രീതിയിലും സാമൂഹിക, രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ഒരു രാഷ്ട്രീയനേതൃത്വത്തെ-അതു ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും-കേരളത്തിനാവശ്യമുണ്ട്. ജയരാജനെയും മണിയെയും സുധാകരനെയും പോലെ വിടുവായത്തം പറയുന്ന നേതാക്കളെ ഞങ്ങൾ അർഹിക്കുന്നില്ല. ശരി- തെറ്റുകളെക്കുറിച്ചു നല്ല ബോധ്യമുള്ള, ജെൻഡർ സെൻസിറ്റീവായ ഒരുപുതുതലമുറയാണ് കേരളത്തിൽ വളർന്നുവരുന്നത്. കേൾക്കുന്ന ജനങ്ങളുടെ ബുദ്ധിനിലവാരത്തെപ്പറ്റി ഒട്ടും ആലോചിക്കാതെ വർത്തമാനം പറയുന്നവരും പ്രവർത്തിക്കുന്നവരും രാഷ്ട്രീയത്തിൽനിന്ന്​ അകന്നുകൊണ്ടിരിക്കുന്നു, ജനങ്ങളെ രാഷ്​ട്രീയത്തിൽനിന്ന്​കൂടുതൽ അകറ്റുന്നു.

ഇതുവരെ പറയത്തക്ക പ്രതിസന്ധികളൊന്നുമില്ലാതിരുന്ന രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ ഒരുവർഷം കൊണ്ടുതന്നെ ഒന്നാം പിണറായി സർക്കാറിൽനിന്ന്​ ഏറെ വ്യത്യസ്തമാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിക്കഴിഞ്ഞു.

സ്വർണ കള്ളക്കടത്തുകേസിൽ യഥാർഥത്തിൽ എന്തുസംഭവിച്ചു എന്ന് സകലമാന മലയാളികളേയും പോലെ എനിക്കും അറിയില്ല. ഒരു മീഡിയക്കും അറിയില്ല. അവരൊക്കെ തങ്ങൾക്കുചേരുന്ന, താത്പര്യമുള്ള ചില ഊഹാപോഹങ്ങൾ പടച്ചുവിടുന്നു എന്നല്ലാതെ. മലയാളികൾക്ക് സ്വർണക്കടത്തുകേസിലെ സത്യം അറിയണം. പക്ഷേ ഇ.ഡി. എന്ന, ഇക്കാലത്ത് യാതൊരു വിശ്വാസ്യതയുമില്ലാത്ത, എല്ലാ അർഥത്തിലും കേന്ദ്രസർക്കാർ ഏജൻസിയായ ഒരു പ്രസ്ഥാനം ആ കേസിന്റെ അന്വേഷണം നടത്തുമ്പോൾ നമുക്ക് സംശയങ്ങളുണ്ട്, വിയോജിപ്പുണ്ട്. കർണാടകയിലേക്ക്​ കേസ്​ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ നമുക്ക് കടുത്ത എതിർപ്പുമുണ്ട്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ട്രൂ കോപ്പിയിൽ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ ഏതാണ്ടിപ്രകാരം കുറിച്ചിരുന്നു; ‘പ്രതിസന്ധിഘട്ടങ്ങളിൽ നന്നായി നയിക്കുന്ന മുഖ്യമന്ത്രി എന്നതാണ് പിണറായി വിജയന് നാം ചാർത്തിക്കൊടുത്തിട്ടുള്ള പട്ടം. പക്ഷേ എല്ലാ വർഷങ്ങളും പ്രതിസന്ധി വർഷങ്ങളാവില്ല. അഡ്രിനാലിൻ റഷില്ലാത്ത പിണറായി എങ്ങനെ ഭരിക്കുന്നു എന്നതാണ് ഇനിയുള്ള വർഷങ്ങളിൽ കാണേണ്ടത്.'

ഇതുവരെ പറയത്തക്ക പ്രതിസന്ധികളൊന്നുമില്ലാതിരുന്ന രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ ഒരുവർഷം കൊണ്ടുതന്നെ ഒന്നാം പിണറായി സർക്കാറിൽനിന്ന്​ഏറെ വ്യത്യസ്തമാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിക്കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം കുറെ മനുഷ്യർ പൊലീസിന്റെ തല്ലുവാങ്ങിയത് അനുവാദം പോലും കിട്ടാത്ത ഒരു പദ്ധതിയുടെ പേരിലാണെന്നോർക്കണം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കും, പ്രതിഷേധിച്ചേക്കാം എന്ന പേരിൽ കറുത്ത മാസ്‌കുപോലും ബലം പ്രയോഗിച്ച് ഊരിച്ചത് ജനാധിപത്യകേരളത്തിലാണ്. പ്രതിഷേധിക്കണമെങ്കിൽ ജനങ്ങൾ പ്രതിഷേധിക്കട്ടെ എന്ന് കരുതിയാൽ പോരേ മുഖ്യമന്ത്രിക്ക്? അതിൽനിന്നും രക്ഷപ്പെടാൻ, അല്ലെങ്കിൽ അതു കാണാതിരിക്കാൻ ഇമ്മാതിരി അകമ്പടിയോടെ, ഞങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി ഞങ്ങൾക്കിടയിലൂടെ സഞ്ചരിക്കേണ്ടതുണ്ടോ? തീവ്ര വർഗീയത അരികെയെത്തിനിൽക്കുമ്പോൾ തെറ്റുകുറ്റങ്ങളില്ലാത്ത, ഞങ്ങൾക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒരു നേതൃത്വം മലയാളികൾക്കാവശ്യമുണ്ട്. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments