ന്യൂനപക്ഷങ്ങൾക്കുമേൽ ബുൾഡോസർ ;
കോടതി പറഞ്ഞ വാസ്​തവം

ഹരിയാനയിലെ ഗുരുഗ്രാമില്‍ 350 കുടിലുകളും ഹോട്ടലുകളും റസ്റ്റോറന്റുകളും ഞൊടിയിടയിലാണ് തകര്‍ത്തുകളഞ്ഞത്. ഉടമകള്‍ക്കോ താമസക്കാര്‍ക്കോ നിയമാനുസൃതമായി മുന്നറിയിപ്പ് പോലും നല്‍കിയിട്ടില്ല. രാജ്യമെത്തപ്പെട്ട അതിഭീകരമായ ഒരു ചരിത്രസന്ധിയെയാണ് ഇത് കാണിക്കുന്നത്.

വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ആഭ്യന്തര ശത്രുക്കളായി കാണുന്ന മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമൊക്കെ ഉന്മൂലനം ചെയ്തില്ലാതാക്കാനുള്ള അവസരമായിട്ടാണ് സംഘപരിവാര്‍ തങ്ങള്‍ക്ക് ലഭ്യമായ ദേശീയാധികാരത്തെ ഉപയോഗപ്പെടുത്തുന്നത്. 2002-ല്‍ ഗോധ്രയില്‍ നിന്നാരംഭിച്ച ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരന്മാരായ സംഘ്​പരിവാർ നേതാക്കള്‍ ഇപ്പോള്‍ മണിപ്പുരിലും ഹരിയാനയിലുമെല്ലാം തങ്ങള്‍ അനഭിമതരായി കാണുന്ന ജനവിഭാഗങ്ങളെ വേട്ടയാടുകയാണ്. വംശീയ ഉന്മൂലന ലക്ഷ്യത്തോടെയാണ് ഗുജറാത്തിലെന്നപോലെ മണിപ്പുരിലും ഹരിയാനയിലെ നൂഹിലുമെല്ലാം ഹിന്ദുത്വ വര്‍ഗീയവാദികള്‍ അഴിഞ്ഞാടുന്നത്. ഗുജറാത്ത് വംശഹത്യയില്‍ മോദി സര്‍ക്കാര്‍ നല്‍കിയതുപോലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ മണിപ്പുരിലെയും ഹരിയാനയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ ഒത്താശ ചെയ്തുകൊടുക്കുന്നു.

സെമറ്റിക് മതങ്ങളെ ഉന്മൂലനം ചെയ്ത ജര്‍മ്മന്‍കാരില്‍ നിന്ന്​ പഠിക്കണമെന്നും അതേ മാര്‍ഗം അവലംബിക്കണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ ഉല്‍ബോധിപ്പിച്ചിട്ടുള്ളത്. ജര്‍മ്മന്‍ മാതൃക പകര്‍ത്തുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ ക്രൂരമായ പ്രയോഗവല്‍ക്കരണമാണ് ഇപ്പോള്‍ മണിപ്പുരിലും ഹരിയാനയിലുമെല്ലാം കാണുന്നത്. ന്യൂനപക്ഷങ്ങളെ ഉന്മൂലന ലക്ഷ്യത്തോടെ വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഹരിയാനയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം പറയുന്നത്. രാഷ്ട്രതലസ്ഥാനത്തോട് തൊട്ടുകിടക്കുന്ന സംസ്ഥാനമാണ് ഹരിയാനയിലെ നൂഹ് ജില്ല. അവിടെ വെച്ചാണ് മാസങ്ങള്‍ക്കുമുമ്പ് പശുക്കടത്താരോപിച്ച് രാജസ്ഥാന്‍കാരായ രണ്ട് മുസ്​ലിം യുവാക്കളെ അവര്‍ സഞ്ചരിച്ചിരുന്ന കാറില്‍പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞത്. നാസിർ, ജുനൈദ് എന്ന് പേരുള്ള ഈ യുവാക്കള്‍ യഥാര്‍ത്ഥത്തില്‍ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ടായിരുന്നു നൂഹിലെത്തിയത്. അതില്‍ പ്രതികളായ വര്‍ഗീയ ക്രിമിനലുകളെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന സംഘപരിവാറിന്റെ പ്രകോപനപരമായ നടപടികളാണ് നൂഹില്‍ അസ്വസ്ഥത പൊട്ടിപ്പുറപ്പെടാന്‍ വഴിമരുന്നിട്ടത്.

ഇപ്പോള്‍ നൂഹിലെ മുസ്​ലിം വിരുദ്ധ വര്‍ഗീയ ആക്രമണങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വീടുകളും കെട്ടിടങ്ങളും തെരഞ്ഞുപിടിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണ് ഹരിയാന സര്‍ക്കാര്‍. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഇടപെടലും രൂക്ഷമായ വിമര്‍ശനവും ഉണ്ടായതോടെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചുള്ള ന്യൂനപക്ഷപ്രദേശങ്ങളുടെ നിരത്തലുകളില്‍ നിന്നും ഹരിയാന സര്‍ക്കാര്‍ പിന്‍മാറിയതുതന്നെ. ന്യൂനപക്ഷങ്ങളെ കലാപകാരികളാണെന്ന് മുദ്രകുത്തി വര്‍ഗീയവാദികളും ഭരണകൂടവും വേട്ടയാടുന്ന അവസ്ഥയാണ് ഹരിയാനയിലുള്ളത്.

ക്രമസമാധാനപ്രശ്നം ഉന്നയിച്ച് പ്രത്യേക മതവിഭാഗത്തിന്റെ വീടുകളും കെട്ടിടങ്ങളും മാത്രം പൊളിക്കുന്നതെന്തുകൊണ്ടാണെന്നാണ് കോടതി ചോദിച്ചത്. സര്‍ക്കാർ നേതൃത്വത്തില്‍ വംശീയ ഉന്മൂലനമല്ലേ നൂഹില്‍ നടത്തുന്നതെന്നും ഹൈക്കോടതി സര്‍ക്കാർ അഭിഭാഷകനോട് ചോദിച്ചു. വി.എച്ച്.പി റാലിയെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞത്. ഹൈക്കോടതി ജഡ്ജിമാരായ ജി.എസ്.സന്ധവാലിയയും ഹര്‍പ്രീത്കൗര്‍ജീവനും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

മുന്നറിയിപ്പ്​ നോട്ടീസ്​ നല്‍കാതെ ക്രമസമാധാനപ്രശ്നം ഉന്നയിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിയമവ്യവസ്ഥയോടുതന്നെയുള്ള വെല്ലുവിളിയാണെന്നാണ് കോടതി നിരീക്ഷിച്ചത്. കലാപകാരികളെ ഇല്ലാതാക്കാനുള്ള നടപടിയാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതെന്ന ഹരിയാന ആഭ്യന്തരമന്ത്രി അനില്‍വിജിലിന്റെ പ്രസ്താവനയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളുമൊക്കെയുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ദീര്‍ഘകാലം നൂഹില്‍ നിലനില്‍ക്കുന്നതും നികുതി അടച്ചുവരുന്നതുമായ കെട്ടിടങ്ങളും തകര്‍ത്തതായുള്ള ഉടമകളുടെ നിരവധി പരാതികളും കോടതിക്ക് മുമ്പിലെത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ബെഞ്ച്, വിധിയില്‍ ഉദ്ധരിച്ചു.

ബുള്‍ഡോസര്‍ രാജിലൂടെ ന്യൂനപക്ഷങ്ങളുടെ അധിവാസമേഖലകള്‍ ഇടിച്ചുനിരത്തുന്ന ഹിന്ദുത്വവാദികളുടെയും അവരുടെ സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞവര്‍ഷം രാമനവമി- ഹനുമാന്‍ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് ഒമ്പതു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ അധിവാസമേഖലകളില്‍ വര്‍ഗീയാക്രമണം അഴിച്ചുവിടുകയുണ്ടായി. ഹരിയാനയില്‍ അതാവര്‍ത്തിക്കപ്പെടുകയാണ്​. മതഘോഷയാത്രയെതുടര്‍ന്ന് ആസൂത്രിതമായി വംശീയ ഉന്മൂലനലക്ഷ്യത്തോടെ വി.എച്ച്.പിക്കാരും സര്‍ക്കാരും ന്യൂനപക്ഷങ്ങള്‍ക്കെതിരായി നീങ്ങുകയായിരുന്നു, ബുള്‍ഡോസര്‍രാജ് നടപ്പാക്കുകയായിരുന്നു.

വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുത കഴിഞ്ഞ ഫെബ്രുവരിയില്‍ കാലിക്കടത്ത് ആരോപിച്ച് രണ്ട് മുസ്​ലിം യുവാക്കളെ കൊല ചെയ്ത കേസിലെ പ്രതിയായ ക്രിമിനലിന്റെ ആസൂത്രണമാണ് മേവാവത്ത് മേഖലയില്‍ നടന്ന ബ്രജ്മണ്ഡല്‍ ജലാഭിഷേകയാത്രയില്‍ പള്ളി ഇമാം അടക്കമുള്ള ആറ് പേരുടെ നിഷ്ഠൂരമായ കൊല എന്നതാണ്. ഈ ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ള വി.എച്ച്.പിക്കാരുടെ ഗൂഢാലോചനയിലാണ് നൂഹിന് തീകൊളുത്തിയത്. അതിനുശേഷമാണ് ന്യൂനപക്ഷ അധിവാസമേഖലകളില്‍ ബുള്‍ഡോസര്‍ ഉരുണ്ടുനീങ്ങിയത്. ഒരേ പാറ്റേണില്‍ സംഘപരിവാര്‍ ഭരണാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വംശീയഉന്മൂലനത്തോടെയുള്ള ന്യൂനപക്ഷവേട്ടയാണിത്.

മണിപ്പുരിലെന്നപോലെ വര്‍ഗീയ ഭീകരരുടെ അഴിഞ്ഞാട്ടങ്ങള്‍ തടയാന്‍ ഭരണകൂട സംവിധാനങ്ങള്‍ ഇടപെടുന്നില്ലെന്നുമാത്രമല്ല സര്‍ക്കാരും പോലീസും വര്‍ഗീയവാദികള്‍ക്കൊപ്പം ന്യൂനപക്ഷ വേട്ടയില്‍ പങ്കാളികളാവുകയാണ്. 1993-ലെ ബോംബെ കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ കമീഷന്‍ വര്‍ഗീയവാദികളും സ്റ്റേറ്റും ചേര്‍ന്ന് നടത്തുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത ആക്രമണങ്ങളെ സംബന്ധിച്ച് അടിവരയിട്ട് പറയുന്നുണ്ട്. 2014-നു ശേഷം ഈ പാറ്റേണിലുള്ള വര്‍ഗീയാക്രമണങ്ങള്‍ രാജ്യത്തെല്ലായിടത്തും നടപ്പാക്കുകയാണ് ഹിന്ദുത്വസംഘടനകളും ബി.ജെ.പി സര്‍ക്കാരുകളും ചെയ്തിട്ടുള്ളത്.

യു.പിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരും മധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാന്റെ സര്‍ക്കാരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍രാജ് നടപ്പാക്കി. എല്ലാവിധ നിയമങ്ങളെയും കാറ്റില്‍പ്പറത്തി വര്‍ഗീയ ക്രിമിനലുകളോടൊപ്പം ഭരണകൂട സംവിധാനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതാക്രമണങ്ങള്‍ അഴിച്ചുവിടുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ 350 കുടിലുകളും ഹോട്ടലുകളും റസ്റ്റോറന്റുകളും ഞൊടിയിടയിലാണ് തകര്‍ത്തുകളഞ്ഞത്. ഉടമകള്‍ക്കോ താമസക്കാര്‍ക്കോ നിയമാനുസൃതമായി ഒരു മുന്നറിയിപ്പ് പോലും നല്‍കിയിട്ടില്ല. രാജ്യമെത്തപ്പെട്ട അതിഭീകരമായ ഒരു ചരിത്രസന്ധിയെയാണ് ഇത് കാണിക്കുന്നത്. വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെ വംശീയ ഉന്മൂലനലക്ഷ്യത്തോടെ വേട്ടയാടുകയാണ് ഹിന്ദുരാഷ്ട്രവാദികളായ സംഘ്​പരിവാര്‍.

മനുഷ്യത്വത്തെ മരവിപ്പിക്കുന്ന ക്രൂരതകളും നരമേധങ്ങളുമാണ് മണിപ്പുരില്‍ നടന്നത്. മെയ്തി വംശീയ ഭീകരസംഘങ്ങള്‍ ചെയ്യുന്ന നൃശംസതകള്‍ പുറംലോകമറിയാതിരിക്കാന്‍ കലാപം ആരംഭിച്ചപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി, കേന്ദ്ര- സംസ്​ഥാന സർക്കാറുകൾ കൂട്ടക്കൊലകള്‍ക്കും കൂട്ട ബലാത്സംഗങ്ങള്‍ക്കും ഒത്താശയൊരുക്കി. വസ്തുതകള്‍ അന്വേഷിക്കാനെത്തുന്ന ജനപ്രതിനിധികള്‍ക്കോ മാധ്യമങ്ങള്‍ക്കോ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റാത്തവിധം ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ സേനകളുടെ യന്ത്രത്തോക്കുകളും ആയുധങ്ങളുമൊക്കെ ഉപയോഗിച്ചാണ് ഭീകരസംഘങ്ങള്‍ അഴിഞ്ഞാടിയത്. വര്‍ഗീയ ഭീകരരും ഭരണകൂട സംവിധാനങ്ങളും ചേര്‍ന്ന് നടത്തിയ നരവേട്ടകളെ ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായി അവതരിപ്പിക്കാനാണ് പല മാധ്യമങ്ങളും ശ്രമിച്ചത്. മെയ്തി- കുക്കി വൈരുദ്ധ്യങ്ങള്‍ ഹിന്ദു- ക്രൈസ്തവ വര്‍ഗീയ ചേരിതിരിവുകളും സംഘര്‍ഷങ്ങളുമാക്കി മാറ്റിയത് ബി.ജെ.പി സര്‍ക്കാരാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയും അവയെ തങ്ങള്‍ക്കനുകൂലമാക്കിമാറ്റിയുമാണ് ഭീകരവാദികള്‍ അഴിഞ്ഞാടിയത്. മെയ്തി ലിപൂണ്‍ സംഘങ്ങള്‍ ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറി ആയുധങ്ങള്‍ കയ്യടക്കുകയായിരുന്നു. ബിഷ്ണുപൂരില്‍ നിന്നുമാത്രം എ.കെ-47 എം.പി-3 റൈഫിള്‍സ് ഉള്‍പ്പെടെ 300-ലധികം തോക്കുകളാണ് തട്ടിയെടുത്തത്. 15000-ഓളം വെടിയുണ്ടകളും അക്രമിസംഘങ്ങള്‍ കൊള്ളയടിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തെ നയിച്ചുകൊണ്ടും പ്രതിരോധമാക്കിക്കൊണ്ടുമാണ് മെയ്തി ലിപൂണും ആരംബായ്തെങ്കൂണുമെല്ലാം പോലീസിന്റെ ആയുധപ്പുരകള്‍ കയ്യേറുന്നതും കൊള്ളയടിക്കുന്നതും. ഇംഫാലിലെ മൊറെ സൈനികകേന്ദ്രം 3000-ഓളം വരുന്ന ജനക്കൂട്ടമാണ് ആക്രമിക്കാനെത്തിയത്. ഇവിടങ്ങളില്‍ മെയ്തികളും കുക്കികളും തമ്മില്‍ തുടര്‍ച്ചയായ ഏറ്റുമുട്ടലുകള്‍ നടക്കുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയും നിയമാതീതമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍സംഘങ്ങളുടെ ബലപ്രയോഗത്തിലൂടെയുമാണ് മണിപ്പുരില്‍ വംശീയ ഉന്മൂലനലക്ഷ്യത്തോടെയുള്ള കലാപങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

Comments