സവർക്കർ, മാർക്സിന്റെ ചെറുമകൻ, പിന്നെ ഇ.പി. ജയരാജനും

വി.ഡി. സവര്‍ക്കറെ ദേശീയ രാഷ്ട്രീയ ചരിത്രത്തോട് ചേര്‍ത്തു വെക്കാനുള്ള വലതുപക്ഷ ചരിത്രനിർമിതിയോട് കൂറു പ്രഖ്യാപിക്കുന്ന ഒന്നാണ്, ഇ.പി. ജയരാജൻ ഈയിടെ നടത്തിയ ​പരാമർശം. എന്തുകൊണ്ട് ഇത്തരം ഒരു പ്രസ്താവനയുണ്ടായി എന്നത് ഗൗരവമായി പഠിക്കേണ്ടതാണ്. എന്തുകൊണ്ട് മാർക്സിസ്റ്റ് ചരിതകാരന്മാര്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചില്ല എന്നതും കൗതുകകരമാണ്.

സ്വാതന്ത്ര്യസമര കാലത്ത് വി.ഡി. സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു എന്നും പിന്നീടാണ് വര്‍ഗീയവാദിയായത് എന്നും സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ നടത്തിയ അഭിപ്രായപ്രകടനം വലിയ വിവാദങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ വഴിവെച്ചില്ല. ഇദ്ദേഹത്തോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതായും അറിയില്ല.

വിമര്‍ശനമുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണ് സവര്‍ക്കര്‍. എന്നാല്‍, സവര്‍ക്കറെ എങ്ങനെ രേഖപ്പെടുത്തണം എന്നതില്‍ ദേശീയ- ഇടതു ചരിത്ര കാരന്മാര്‍ക്ക് ആശങ്കയൊന്നും ഇല്ലായിരുന്നു. അതു കൊണ്ടുതന്നെയാണ് അദ്ദേഹം മുഖ്യധാരാ ബോധത്തില്‍നിന്ന് അപ്രത്യക്ഷനായത്. അത് ഒരു ശരിയും ആയിരുന്നു എന്നതാണ് വസ്തുത. സ്വാതന്ത്ര്യസമരത്തോടുള്ള സവര്‍ക്കറുടെ നിലപാടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാത്രന്ത്യം എന്നതിനേക്കാള്‍ 'ഹിന്ദു ദേശീയതിലൂന്നിയ' ദേശരാഷ്ട്രമായിരുന്നു സവര്‍ക്കറുടെ ലക്ഷ്യം. പല കാരണം കൊണ്ടും ഈ ലേഖകനും സവര്‍ക്കറെ വായിക്കേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും സവര്‍ക്കറുടെയും ഗോള്‍വാൾക്കറുടെയും കൃതികള്‍ വായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. വായിക്കണം എന്നുതന്നെയാണ് ഈ ലേഖകന്റെയും നിലപാട്.

ഇ.പി. ജയരാജൻ

എന്നാല്‍, സവര്‍ക്കറുടെ കൃതികളില്‍ സഖാവ് ജയരാജന്‍ പറയുന്നപോലെ അദ്ദേഹം തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ട്രൂകോപ്പിയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ (17 Aug 2023) എഴുതിയ ലേഖനത്തില്‍ സവര്‍ക്കര്‍ എങ്ങനെയാണ് ഒരു ബ്രിട്ടീഷ് കലക്ടറുടെ കൊലപാത കേസില്‍ പ്രതിയായി എന്ന് പറയുന്നുണ്ട്.

അടുത്തകാലത്തായി വലതുപക്ഷ പത്രങ്ങള്‍ വലിയ വാര്‍ത്തയാക്കിയ ഒരു സംഭവമാണ്, കാൾ മാര്‍ക്‌സിന്റെ ചെറുമകന്‍ ജീന്‍ ലോറന്റ് ഫ്രെഡറിക് ലോംഗ്വെറ്റ്, ബ്രിട്ടീഷ് തടവില്‍ നിന്ന് ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സവര്‍ക്കറിനുവേണ്ടി വാദിച്ച സംഭവം. ഈ കേസിന്റെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ തനിക്കെതിരായി ഉണ്ടായിരുന്ന കേസുകളുടെ വിചാരണക്ക് ഇന്ത്യയിലേക്ക് കൊണ്ടു വരികയായിരുന്ന സവര്‍ക്കര്‍, ‘മോറിയ' എന്ന ബ്രിട്ടീഷ് കച്ചവടക്കപ്പലില്‍നിന്ന് സാഹസികമായി രക്ഷപ്പെട്ട് ഫ്രഞ്ച് തീരമായ പോര്‍തോള്‍, മാര്‍സെയില്‍സിൽ 1910 ജൂലൈ 8-ന് എത്തി എന്നാണ് രേഖകള്‍ പറയുന്നത്. അരുണ്‍ ആനന്ദ് (ദി പ്രിന്റ്, 28 മെയ് 2021) എഴുതിയ ലേഖനത്തില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്. ഈ കേസിലാണ് മാര്‍ക്‌സിന്റെ ചെറുമകന്‍ സവര്‍ക്കറുടെ വക്കീലാകുന്നത്. സവര്‍ക്കറെ ഒരു വിപ്ലവകാരിയായി ഈ അഭിഭാഷകൻ ചിത്രീകരിക്കുന്നുണ്ട്. അതിന് കാരണമായി പറയുന്നത്, Indian War of Independence 1857 എന്ന സവര്‍ക്കറുടെ പുസ്തകമാണ്.

1909-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ 1857- ലെ വിപ്ലവത്തെ 'സ്വാതന്ത്ര്യയുദ്ധം' എന്ന് വിളിക്കുന്നു. ബഹദൂർ ഷായുടെ നേതൃത്വത്തിലുണ്ടായ സർക്കാറിനെ സവര്‍ക്കര്‍ കണ്ടത് അധിനിവേശക്കാരായ മുസ്‍ലിംകളും അധിനിവേശത്തിന് വിധേയരായ ഹിന്ദുക്കളും ഒരു പോലെ ഭാരത് മാതാവിന്റെ മക്കളായി എന്നാണ്. എന്നാല്‍ സവര്‍ക്കറുടെ വരികള്‍ മുന്നോട്ട് വച്ചത് മറ്റൊരാശയമായിരുന്നു: 'It was proclaimed first that the Hindus and the Mahomedans are not rivals, not conquerors and the conquered, but brethren! Bharatmata (Mother Ind) who was, in times past, freed from Mahomedan yoke by Shivaji, Pratap Singh, Chattrasal, Pratapaditya, Guru Govind Singh, and Mahadaji Scindia - that Bharatmata gave the sacred mandate that day, 'Henceforward you are equal and brothers; I am equally the mother of you both!'.
ഒരു മുഗള്‍ രാജാവിനെ സ്വതന്ത്ര ഭാരതത്തിന്റെ അധികാരിയാക്കിയത് സവര്‍ക്കര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഈ പുസ്തകത്തില്‍ സവര്‍ക്കര്‍ ഇത്രയും കൂടി പറയുന്നുണ്ട്. മുഗള്‍ രാജവംശത്തെ രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല. പകരം അതിശക്തരും സാഹസികരുമായ ഒരു കൂട്ടം അന്യരും സ്വദേശീയരുമായ സ്വാര്‍ത്ഥന്മാരും ചേര്‍ന്ന് അത് ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. അതു കൊണ്ടുതന്നെ, നൂറുകണക്കിന് ഹിന്ദു രക്തസാക്ഷികളുടെ രക്തം ചൊരിഞ്ഞ, നൂറ്റാണ്ടുകളായി ഹിന്ദു നാഗരികത അതിന്റെ ജന്മാവകാശങ്ങള്‍ക്കുമേലുള്ള വിദേശ കടന്നുകയറ്റത്തിനെതിരെ നടത്തിവരികയായിരുന്ന പ്രതിരോധ യുദ്ധത്തിന്റെ വിജയമാണ് 1857-ലെ വിജയം എന്നാണ് സവര്‍ക്കര്‍ എഴുതിയത്. അദ്ദേഹം ഇത്രയും കൂടി എഴുതി: ഇന്ത്യ വീണ്ടും സ്വതന്ത്രമായി, അടിമത്തത്തിന്റെയും പരാജയത്തിന്റെയും കളങ്കം തുടച്ചുനീക്കപ്പെട്ടു. ഹിന്ദുക്കള്‍ വീണ്ടും ഹിന്ദുക്കളുടെ ഭൂമിയുടെ ഉടമകളായി.
1857-ലെ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ദേശീയ ചരിത്രം രേഖപ്പെടുത്തുബോള്‍ സവര്‍ക്കര്‍ അതിനെ നിഷേധിക്കുന്നില്ല. പകരം, മതദേശീയതയിൽനിന്ന് ആ സമരത്തെ വിശദീകരിക്കുകയാണ് ചെയ്ത്.

ഇന്ത്യന്‍ സാമൂഹിക ചരിത്രത്തില്‍ അപകോളനിവല്‍ക്കരത്തിന് മതദേശീയതയുടെ പിന്‍ബലം നൽകിയതാണ് സവര്‍ക്കറുടെ സംഭാവന. മിശ്ര (1999) ഒരു പഠനത്തില്‍ ചൂണ്ടിക്കാണിച്ചത്, സവര്‍ക്കറുടെ ദേശീയതയുടെ സ്വഭാവം ഇന്ത്യയുടെ അപകോളനിവല്‍ക്കരണത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു, എന്നാല്‍ അത് ഒരു പടി കൂടി മുന്നോട്ടുപോയി, ഹിന്ദു സ്വത്വത്തിലും ആദര്‍ശങ്ങളിലും അധിഷ്ഠിതമായ ഒരു മത- സാംസ്‌കാരിക സംയോജനത്തെ ലക്ഷ്യമാക്കി എന്നതാണ് വസ്തുത.

മുസ്‍ലിംകളെ അവരുടെ രാഷ്ട്രീയ- മത ബോധത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി നിര്‍വചിച്ചതും സവര്‍ക്കര്‍ ആയിരുന്നു. സവര്‍ക്കറുടെ നിരീക്ഷണത്തില്‍ മുസ്‍ലിംകൾ ഹിന്ദുക്കളുടെ ഭൂമിയുടെ മേലും അധികാരത്തിനുമേലും അവകാശവാദമുന്നയിക്കുകയും അവ തട്ടിയെടുക്കുകയും ചെയ്യുന്നവരാണ്. മുസ്‍ലിം ഭരണത്തിന്റെ ഓര്‍മ്മകളില്‍ അല്ല ഹിന്ദു ജീവിക്കുന്നത് എന്നും അവര്‍ മുസ്‍ലിം അധിനിവേശത്തിന് മുന്‍പുള്ള ഒരു കാലത്തെ ഓര്‍മ്മകളില്‍ ജീവിക്കുന്നു എന്നും സ്ഥാപിക്കുക വഴി 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് പുതി വ്യാഖ്യാനം നല്‍കുകയാണ് സവര്‍ക്കര്‍ ചെയ്തത്.

വിനായക് ദാമോദർ സവർക്കർ

മാര്‍ക്‌സിന്റെ ചെറുമകന്‍ ഇദ്ദേഹത്തെ വിപ്ലവകാരിയയായി കോടതിയില്‍ അവതരിപ്പിച്ചത് ഈ പുസ്തകം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു. ടി.കെ. ഉമ്മന്‍ എഡിറ്റ് ചെയ്ത ഒരു പുസ്തത്തില്‍ സവര്‍ക്കറുടെ ദേശീയതയുടെ പ്രശ്നങ്ങളെ വിശദീകരിച്ചിട്ടുണ്ട്. സവര്‍ക്കര്‍ തന്നെ 1942- ല്‍ എഴുതിയ പുസ്തകത്തിൽ പറയുന്നത്, മാതൃദേശമായി മാത്രമല്ല പിതൃദേശവുമായി ഭാരതത്തെ കാണാന്‍ കഴിയാത്തവരെല്ലാം ഭാരതീയരല്ല എന്നാണ്.

ഒരു നീണ്ട കാലം ഇന്ത്യന്‍ സര്‍വകലാശാലകളില്‍ സവര്‍ക്കരുടെ ചിന്തകളെ പഠനവിഷയമായി പരിഗണിച്ചിരുന്നില്ല, എന്നാല്‍ മതദേശീയത പഠന വിഷയമാകുന്നവര്‍ സവര്‍ക്കര്‍ ഗൗരവമായി തന്നെ പഠിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ അവസ്ഥക്ക് ഇന്ന് മാറ്റം വരുന്നുണ്ട്. സവര്‍ക്കര്‍ അദ്ദേഹം പോലും ആഗ്രഹിക്കാത്ത ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായി ചിത്രീകരിക്കപ്പെടുന്നു. സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷക്കാരനായിരുന്നു എന്ന വാദം അറിവില്ലായ്മ എന്നതിനേക്കാള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയമായി കൂടി കാണണം. സവര്‍ക്കാര്‍ ജീവിച്ചിരുന്നു എങ്കില്‍ ഇന്നത്തെ ബി. ജെ. പി സര്‍ക്കാരിനെ ഹിന്ദു വിരുദ്ധമെന്ന് വിശേഷിപ്പിക്കുമായിരുന്നു. അധികാരം കിട്ടിയിട്ടും താൻ വിഭാവനം ചെയ്തതു പോലെയുള്ള ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയാത്ത ബി.ജെ.പി സര്‍ക്കാരിനെ ഒരുപക്ഷെ അധിനിവേശ സര്‍ക്കാര്‍ എന്ന് സവര്‍ക്കര്‍ വിശേഷിപ്പിച്ചേനെ. ഇല്ലാത്ത ഒരു ഭൂതകാലം സൃഷ്ടിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സവര്‍ക്കറെ ദേശീയ രാഷ്ട്രീയ ചരിത്രത്തോട് ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്നതും.
സവര്‍ക്കറെ തീവ്ര ഇടതുപക്ഷക്കാരനാക്കുക വഴി, ഈ ചരിത്രനിര്‍മ്മിതിയോട് കൂറു പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷനേതാക്കള്‍ ചെയ്യുന്നതും. ഈ പ്രസ്താവനയെ വേണമെങ്കില്‍ അവഗണിക്കാം. എന്നാല്‍, എന്തുകൊണ്ട് ഇത്തരം ഒരു പ്രസ്താവനയുണ്ടായി എന്നത് ഗൗരവമായി തന്നെ പഠിക്കേണ്ടതാണ്. എന്തുകൊണ്ട് മാർക്സിസ്റ്റ് ചരിതകാരന്മാര്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചില്ല എന്നതും കൗതുകകരമായ ഒന്നാണ്.

ഗ്രന്ഥ സൂചിക:
- Misra, Amalendu.1999, Savarkar And The Discourse On Islam In Pre-Independent India Source: Journal of Asian History, Vol. 33, No. 2 (1999), pp. 142-184)
- Oommen, T. K. (ed.): 1997, Citizenship and National Identity: From Colonialism to Globalism (New Delhi: Sage Publication
- Savarkar, v.d. Indian War of Independence 1857 (ഓണ്‍ലൈന്‍).
- Savarkar, Vinayak Damodar, 1942, Hindutva: Who is a Hindu

Comments