തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ

ഇ.ഡി രാഷ്​ട്രീയം തമിഴ്​നാട്ടിൽ നടക്കില്ല, ബി.ജെ.പീ…

‘‘ബി.ജെ.പി. ഭരണത്തിലെത്തിയശേഷം, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മാത്രം മൂവായിരത്തിലധികം റെയ്ഡ് നടത്തിക്കഴിഞ്ഞു. അതില്‍ കുറ്റം തെളിയിക്കപ്പെട്ടത് 0.05 ശതമാനത്തില്‍ മാത്രം. ഇങ്ങനെ, റെയ്ഡുകളെല്ലാം വിരട്ടലും ഭീഷണിയും മാത്രമാണ്. ഈ റെയ്ഡ് വിരട്ടലില്‍ പേടിച്ച് ബി.ജെ.പിയോടൊപ്പം ചേര്‍ന്നാല്‍ പിന്നെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കും.’’- തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ ഇന്ന്​ ട്വിറ്ററിൽ പോസ്​റ്റു ചെയ്​ത വീഡിയോ പ്രസ്​താവനയുടെ പൂർണരൂപം

National Desk

ന്ത്രി ശെന്തില്‍ ബാലാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് നടത്തിയത് നഗ്നമായ രാ്ഷ്ട്രീയ പകപോക്കലാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. 10 വര്‍ഷം മുമ്പത്തെ പരാതിയുടെ പേരില്‍ 18 മണിക്കൂര്‍ തടഞ്ഞുവെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ച് ജീവനു പോലും അപകടമാകുന്ന നിലയില്‍ ഹൃദ്രോഗം വരെ ഉണ്ടാക്കിയെന്നു പറഞ്ഞാല്‍, ഇതിലും വലിയ രാഷ്ട്രീയപകപോക്കല്‍ വേറെ ഉണ്ടാകുമോ?

ശെന്തില്‍ ബാലാജിക്കെതിരെ പരാതിയുണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുണ്ടെങ്കില്‍ അവരെ വിളിച്ചുവരുത്തി അന്വേഷണം നടത്തുന്നത് തെറ്റാണെന്ന് ഞാന്‍ പറയില്ല. ഒളിച്ചോടിപ്പോവാന്‍ സാധ്യതയുള്ള ആളല്ല ശെന്തില്‍ ബാലാജി. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയാണ്. അതും അഞ്ചു തവണ എം.എല്‍.എ ആയ വ്യക്തി. രണ്ടു തവണ മന്ത്രിയായ ആള്‍. ദിസവസും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്. അങ്ങനെയൊരാളെ തീവ്രവാദിയെപ്പോലെ തടഞ്ഞുവെച്ച ചോദ്യം ചെയ്യേണ്ട കാര്യമെന്താണ്?

ശെന്തില്‍ ബാലാജി

ഇ.ഡി. എത്തിയപ്പോള്‍ അദ്ദേഹം പൂര്‍ണമായി സഹകരിക്കുകയുണ്ടായി. എന്തു രേഖ കാണിച്ചാലും അതിന് വ്യക്തമായ വിശദീകരണം തരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹത്തെ 18 മണിക്കൂറാണ് തടഞ്ഞുവെച്ചത്. ആരെയും കാണാന്‍ അനുവദിച്ചില്ല. അവസാനം ശാരീരികമായി അവശനായി നെഞ്ചുവേദന അധികമായപ്പോളാണ് ആശുപത്രിയിലേക്കു കൊണ്ടു പോയത്. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ അദ്ദേഹത്തെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ഇങ്ങനെയൊരു അന്വേഷണം നടത്താന്‍ മാത്രം എന്ത് എമര്‍ജന്‍സിയാണ് ഇവിടെയുള്ളത്? അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണോ നാട്ടില്‍? ഇ.ഡിയുടെ നടപടി കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്.

എതിരാളികളെ രാഷ്ടീയമായോ ആശയപരമായോ നേരിടാന്‍ കഴിയാത്തതിനാല്‍ അവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണ് ബി.ജെ.പിയുടെ രീതി. അവര്‍ക്ക് അറിയാവുന്ന ഏക രീതിയും അതു തന്നെ. ഇന്ത്യ മുഴുവന്‍ അതേ രീതിയാണ്. തിരക്കഥ എല്ലായിടത്തും ഒന്നു തന്നെ.

ചുരുക്കിപ്പറഞ്ഞാല്‍, ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ബി.ജെ.പി. തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളെ നേരിട്ടു കണ്ട് രാഷ്ട്രീയം നടത്താന്‍ ബി.ജെ.പി. തയ്യാറല്ല. ബി.ജെ.പിയെ വിശ്വസിക്കാന്‍ ജനങ്ങളും തയ്യാറല്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ള രാഷ്ടീയം നടത്തിയാലേ ജനങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കൂ. ജനവിരുദ്ധമാണ് ബി.ജെ.പിയുടെ രാഷ്ട്രീയശൈലി. എതിരാളികളെ രാഷ്ടീയമായോ ആശയപരമായോ നേരിടാന്‍ കഴിയാത്തതിനാല്‍ അവരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണ് ബി.ജെ.പിയുടെ രീതി. അവര്‍ക്ക് അറിയാവുന്ന ഏക രീതിയും അതു തന്നെ. ഇന്ത്യ മുഴുവന്‍ അതേ രീതിയാണ്. തിരക്കഥ എല്ലായിടത്തും ഒന്നു തന്നെ. ഓരോ സംസ്ഥാനത്തും വെവ്വേറെ ഡബ്ബിങ് നടത്തുന്നുവെന്നു മാത്രം. മഹാരാഷ്ട്രയില്‍ ശിവസേന എതിര്‍ത്താല്‍ അവരുടെ നേതാവ് സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്യും. ആം ആദ്മി എതിര്‍ത്താല്‍ അവരുടെ ഡല്‍ഹിയിലെ മന്ത്രി മനീഷ്​ സിസോദിയയെ അറസ്റ്റ് ചെയ്യും. ആര്‍.ജെ.ഡി. എതിര്‍ത്താല്‍ ബീഹാറിലെ അവരുടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തും. ബംഗാളില്‍ മമതാ ബാനര്‍ജി എതിര്‍ത്താലോ അവരുടെ നേതാക്കളുടെ സ്ഥലങ്ങളില്‍ റെയ്ഡ് വരും. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം ജനങ്ങളെ സമീപിച്ച് തിരഞ്ഞെടുപ്പില്‍ ജയിച്ച് ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി. തെലുങ്കാനയില്‍ മന്ത്രിമാരുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ റെയ്ഡ്. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ്. പക്ഷേ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊന്നും റെയ്ഡ് നടക്കില്ല. കാരണം അവിടെയെല്ലാം ഭരിക്കുന്ന ബി.ജെ.പിയുടെ ഉത്തമപുത്രന്മാരാണല്ലോ. ആ സംസ്ഥാനങ്ങളെയൊന്നും ആദായനികുതി വകുപ്പിനോ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റിനോ സി.ബി.ഐക്കോ അറിയില്ല. ബി.ജെ.പിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളുടെ വീടുകളില്‍ ബി.ജെ.പിയുടെ ഈ അനുബന്ധ ഏജന്‍സികള്‍ റെയ്ഡ് നടത്തിക്കഴിഞ്ഞു. അണ്ണാ ഡി.എം.കെയെപ്പോലുള്ള അടിമപ്രസ്ഥാനങ്ങളെ ഈ അന്വേഷണ ഏജന്‍സികളെ വെച്ച് വിരട്ടി കാല്‍ക്കീഴില്‍ നിര്‍ത്തും.

എം.കെ. സ്​റ്റാലിൻ ട്വിറ്ററിൽ പോസ്​റ്റു ചെയ്​ത വീഡിയോയുടെ ദൃശ്യം

ബി.ജെ.പി. കേന്ദ്രത്തില്‍ ഭരണത്തിലെത്തുന്നതിനു മുമ്പത്തെ 10 വര്‍ഷം ഇ.ഡി. ഇന്ത്യയില്‍ ആകെ നടത്തിയത് 112 റെയ്ഡുകളായിരുന്നു. ബി.ജെ.പി. ഭരണത്തിലെത്തിയശേഷം, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മാത്രം ഇതുവരെ മൂവായിരത്തിലധികം റെയ്ഡ് നടത്തിക്കഴിഞ്ഞു. അതില്‍ കുറ്റം തെളിയിക്കപ്പെട്ടത് 0.05 ശതമാനത്തില്‍ മാത്രം. ഇങ്ങനെ, റെയ്ഡുകളെല്ലാം വിരട്ടലും ഭീഷണിയും മാത്രമാണ്. ഈ റെയ്ഡ് വിരട്ടലില്‍ പേടിച്ച് ബി.ജെ.പിയോടൊപ്പം ചേര്‍ന്നാല്‍ പിന്നെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കും. അങ്ങനെ ബി.ജെ.പിയോടൊപ്പം പോയതിന്റെ പേരില്‍ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പട്ടിക തന്നെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഇവിടെയുള്ള അണ്ണാ ഡി.എം.കെ. തന്നെ അതിനൊരു ഉദാഹരണം. ഈ റെയ്ഡുകളുടെയെല്ലാം ലക്ഷ്യവും അതുതന്നെ. തമിഴ്‌നാട്ടില്‍ എടപ്പാടി പഴനിച്ചാമിയുടെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ. എന്നൊരു പാര്‍ട്ടിയുണ്ട്. ആ പാര്‍ട്ടിയെ തങ്ങളുടെ അടിമകളാക്കാന്‍2014- 2018 കാലഘട്ടത്തില്‍ ബി.ജെ.പി. പല തവണ റെയ്ഡുകള്‍ നടത്തി. ആ റെയ്ഡുകളുടെ പേരില്‍ എന്തെങ്കിലും കേസെടുത്തിട്ടുണ്ടോ? കുറ്റപത്രം കൊടുത്തിട്ടുണ്ടോ? ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? ഇല്ലല്ലോ.

അണ്ണാ ഡി.എം.കെയെ തങ്ങളുടെ അടിമക്കൂട്ടമാക്കാന്‍ ഇ.ഡിയെയും ആദായനികുതി വകുപ്പിനെയും സി.ബി.ഐയെയും ബി.ജെ.പി. ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവരാകട്ടെ ഭയന്നുവിറച്ച് ബി.ജെ.പിയുടെ കാലടിയില്‍ പോയി കിടക്കുകയും ചെയ്തു. ഇങ്ങനെയുള്ള 'പാദം താങ്ങി' പളനിസ്വാമിയാണ് ശെന്തില്‍ ബാലാജിയെ കുറ്റപ്പെടുത്തുന്നത്.

തമിഴ്‌നാട്ടിലെ വിജിലന്‍സിന്‌റെ പക്കല്‍ അണ്ണാ ഡി.എം.കെയുടെ മുന്‍മന്ത്രിമാര്‍ക്കെതിരെ എത്രയോ പരാതികളുണ്ട്. അവയിലെല്ലാം റെയ്ഡ് നടത്തി കേസെടുത്ത് ഓരോന്നിലായി കുറ്റപത്രം നല്‍കിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വരാത്തത് എന്തു കൊണ്ടാണ്? അണ്ണാ ഡി.എം.കെയുടെ ഈ അഴിമതിപ്പെരുച്ചാഴികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ അമിത് ഷാ ആണ് തമിഴ്‌നാട്ടില്‍ വന്ന് അഴിമതിക്കെതിരെ വീരവാദം മുഴക്കിയത്. അണ്ണാ ഡി.എം.കെയെ തങ്ങളുടെ അടിമക്കൂട്ടമാക്കാന്‍ ഇ.ഡിയെയും ആദായനികുതി വകുപ്പിനെയും സി.ബി.ഐയെയും ബി.ജെ.പി. ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവരാകട്ടെ ഭയന്നുവിറച്ച് ബി.ജെ.പിയുടെ കാലടിയില്‍ പോയി കിടക്കുകയും ചെയ്തു. ഇങ്ങനെയുള്ള 'പാദം താങ്ങി' പളനിസ്വാമിയാണ് ശെന്തില്‍ ബാലാജിയെ കുറ്റപ്പെടുത്തുന്നത്. 2021 വരെ അവരല്ലേ ഭരണത്തിലിരുന്നത്? അപ്പോളൊന്നും ഒരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ അഴിമതിക്കെതിരെ ഘോരഘോരം പറയുന്ന അണ്ണാ ഡി.എം.കെ.ക്കാര്‍ ഇതുവരെ എവിടെയായിരുന്നു?

അമിത്​ ഷാ

4000 കോടി രൂപയുടെ ടെന്‍ഡറുകള്‍ സ്വന്തക്കാര്‍ക്ക് കൊടുത്തതിന് പളനിസ്വാമിക്കെതിരെ സി.ബി.ഐ. അന്വേഷത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതിനെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച യോഗ്യശീലാമണിയാണ് ഈ പളനിസ്വാമി. അവര്‍ക്കൊന്നും അഴിമതിയെപ്പറ്റി പറയാന്‍ ഒരു വിധത്തിലും അര്‍ഹതയില്ല. ഈ പളനിസ്വാമിയെപ്പോലുള്ള അടിമകളാണ് മറ്റു പാര്‍ട്ടികളും എന്നാണ് ബി.ജെ.പി. കരുതുന്നത്. അങ്ങനെയുള്ള പാര്‍ട്ടിയല്ല ഡി.എം.കെ. ഉരുട്ടലിലും മിരട്ടലിലുമൊന്നും പേടിച്ചുപോകുന്നവരല്ല ഡി.എം.കെ. പ്രവര്‍ത്തകര്‍. ചുവരിലേക്കെറിഞ്ഞ പന്ത് തിരികെവന്ന് മുഖത്തിലടിക്കുന്ന പോലെയാണ് ഓരോ പ്രവര്‍ത്തകനെയും ഡി.എം.കെ.വളര്‍ത്തിയിരിക്കുന്നത്. കലൈഞ്ജര്‍ കരുണാനിധിയുടെ പ്രസംഗത്തിന്റെ ഒരു വീഡിയോ ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നുണ്ട് : ഓര്‍ത്തോളൂ. എന്നെ അടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് അത് താങ്ങാനാവില്ല.

ശെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന സ്റ്റാലിന്‍

ആ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള നേതാവിനാല്‍ വളര്‍ത്തപ്പെട്ടവരാണ് ഞങ്ങള്‍. ഇതെല്ലാം കുറേ കണ്ടവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സ്വന്തമായ രാഷ്ട്രീയ തത്വശാസ്ത്രമുണ്ട്. മതവാദം, ജാതിവാദം, സനാതനവാദം, ജന്മം കൊണ്ടുള്ള ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ മനുഷ്യവിരുദ്ധ സമ്പ്രദായങ്ങള്‍ക്കെല്ലാം എതിരായി പ്രവര്‍ത്തിക്കുന്നൊരു രാഷ്ട്രീയപ്രസ്ഥാനമാണിത്. അത്തരം ശക്തികളെ രാഷ്ടീയമായി നേരിടുന്നതാണ് ഞങ്ങളുടെ രീതി. രാഷ്ട്രീയമായ വാദപ്രതിവാദങ്ങള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്. അല്ലാതെ, പേടിപ്പിച്ച് കീഴടക്കാന്‍ ശ്രമിച്ചാല്‍ തലകുനിക്കുന്നവരല്ല ഞങ്ങള്‍. തലയുയര്‍ത്തിപ്പിടിച്ചു തന്നെ നില്‍ക്കും. നേര്‍ക്കുനേരെ നില്‍ക്കും. ഞങ്ങള്‍ അധികാരത്തിനുവേണ്ടി രാഷ്ട്രീയം നടത്തുന്നവരല്ല. ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണു ഞങ്ങളുടെ രാഷ്ട്രീയം. രാഷ്ട്രീയ ആദര്‍ശം സംരക്ഷിക്കാന്‍ അവസാനംവരെ പോരാടും. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചരിത്രം അതിനു സാക്ഷിയാണ്. അധീശത്വ മനോഭാവത്തോടെ ഞങ്ങളെ എതിര്‍ത്താല്‍ ആദര്‍ശസൈന്യത്തോടെ ശക്തമായി നേരിടും. ഹിന്ദി വിരുദ്ധ സമരകാലത്തും മിസാ കാലത്തും ഞങ്ങള്‍ നേരിട്ടിട്ടില്ലാത്ത അടിച്ചമര്‍ത്തലുകളില്ല. ഞങ്ങള്‍ നടത്താത്ത സമരങ്ങളില്ല. ഡി എം കെയുടെ സമര പോരാട്ടങ്ങള്‍ എത്തരത്തിലുള്ളതാണെന്ന് അറിയണമെങ്കില്‍ ചരിത്രം മറിച്ചുനോക്കൂ. അല്ലെങ്കില്‍ ഡല്‍ഹിയിലുള്ള പഴയ ആളുകളോട് ചോദിച്ചു നോക്കൂ. അല്ലാതെ തോണ്ടാന്‍ വരണ്ട. ഡി.എം.കെയെയോ ഡി.എം.കെക്കാരെയോ തോണ്ടിയാല്‍ നിങ്ങള്‍ താങ്ങില്ല. ഞങ്ങള്‍ക്കും എല്ലാ രാഷ്ടീയവും അറിയാം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്.

ഉത്തരവാദിത്തപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയുള്ള ബി.ജെ.പി. ആ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണം. സ്വേച്ഛാധിപത്യ നടപടികള്‍ ഇനിയെങ്കിലും നിര്‍ത്തുക.

Comments