മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ സമരത്തിനിടെ SFI ദേശീയ പ്രസിഡന്റ് ആദർശ് എം. സജിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.

ജനാധിപത്യത്തെ വീണ്ടെടുക്കാൻ ഉയരും ഒരായിരം ജന്തർ മന്തറുകൾ

“ഈ ക്രമക്കേടുകൾക്കെതിരെ രാജ്യത്തെവിടെയും അക്രമ സമരങ്ങൾ ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം എന്ന മുദ്രാവാക്യം മാത്രമാണ് മുന്നോട്ടുവെച്ചത്. എന്നാൽ ഇന്ന് ഇന്ത്യയിൽ സമരം ചെയ്യാനുള്ള അവകാശം പോലും പൗരർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സമരം ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമായി മാറുന്ന അവസ്ഥയാണുള്ളത്,” ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ SFI ദേശീയ പ്രസിഡന്റ് ആദർശ് എം. സജി സംസാരിക്കുന്നു. സകരിയ എം.കെ. പാലത്തുങ്കര നടത്തിയ അഭിമുഖം.

സകരിയ എം.കെ. പാലത്തുങ്കര: നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് പിന്നാലെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് ശക്തമായ ജനാധിപത്യ പ്രതിഷേധ പരമ്പരകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സമരങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ആദർശ് എം. സജി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം വലിയ പ്രക്ഷോഭങ്ങളാണുണ്ടായത്. ഈ പ്രക്ഷോഭങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി മാറിയ സമരവേദിയായിരുന്നു ജന്തർ മന്തർ. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കു നേരെ വലിയ തോതിലുള്ള അടിച്ചമർത്തലുകൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായപ്പോഴും ആ സമരത്തെ വിജയത്തിലെത്തിക്കാൻ വിദ്യാർത്ഥിൾക്ക് സാധിച്ചു. രാജ്യത്തെ ജനങ്ങളൊന്നാകെ ആ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയതും നാം കണ്ടതാണ്.

അതേ സാഹചര്യത്തിലൂടെയാണ് രാജ്യം ഇന്നും കടന്നുപോകുന്നത്. ബിജെപി സർക്കാരും ആർഎസ്എസും അതോടൊപ്പം ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും കൊലപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പ് ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഈ പോരാട്ടത്തിന് കരുത്തുപകരുന്നത് രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളുമാണ്. അതുകൊണ്ടുതന്നെ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആറുമായി (SIR) ബന്ധപ്പെട്ട ക്രമക്കേടുകളും ഇന്ന് രാജ്യത്താകമാനം വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കുക എന്നത് രാജ്യത്തെ പൗരരുടെ ഉത്തരവാദിത്വമാണ്. രാജ്യതലസ്ഥാനത്ത് ആരംഭിച്ച ഈ സമരം ഇന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും ആളിപ്പടരുകയാണ്. ഒരു 'ജന്തർ മന്തർ 2.0' ആവർത്തിക്കുമെന്നതിൽ സംശയമില്ല. ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആർ റദ്ദാക്കലുമുൾപ്പെടെയുള്ള ആവശ്യങ്ങൾ വിജയത്തിലെത്തുമെന്ന ആത്മവിശ്വാസം ജനാധിപത്യ സംരക്ഷണത്തിനായി തെരുവിലിറങ്ങി സമരം ചെയ്യുന്ന ഏവർക്കും വലിയ ആവേശമാണ് പകരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികൾക്ക് ഈ സമരം വലിയ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്താകമാനമുള്ള ജനങ്ങളിൽ നിന്ന് വലിയ ഐക്യദാർഢ്യമാണ് ഈ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യ തലസ്ഥാനത്ത് എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള ഇടതു വിദ്യാർത്ഥി സംഘടനകളും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങളും സമര മുഖത്താണ്. നിങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തൊക്കെയാണ്?

ഇന്ത്യയെ വീണ്ടെടുക്കാനുള്ള വലിയൊരു സമരമായി ഇന്ന് ഈ പ്രക്ഷോഭം മാറിയിരിക്കുകയാണ്. ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ക്രമക്കെടുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകം തന്നെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ യോഗം ഡൽഹിയിലെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേരുകയുണ്ടായി. ജനാധിപത്യപരവും പുരോഗമനപരവുമായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും ഏകോപിപ്പിച്ച് വിപുലമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആ യോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേടുകളിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ യുവജന-വിദ്യാർത്ഥി, കർഷക, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഈ അധികാരലബ്ധിക്ക് വഴിയൊരുക്കിയത് ഇത്തരം ക്രമക്കേടുകളായതിനാൽ, അതിനെതിരെ പോരാടാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥി-യുവജന സംഘടനകൾ ഏറ്റെടുക്കണമെന്ന നിലപാടാണ് വിഷയം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐ സ്വീകരിച്ചത്.

ഈ സമരവുമായി ബന്ധപ്പെട്ട് പ്രധാനമായും ആവശ്യപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തകർത്ത ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ്. ബി.ജെ.പിക്കും ആർ.എസ്.എസിനും സംഘപരിവാറിനും അധികാരത്തിൽ തുടരുന്നതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. ഇന്ന് രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനം പോലും ക്രമക്കേടുകളിലൂടെയാണ് നടക്കുന്നത്. കമ്മീഷനിൽ സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിയാലോചിച്ച് ഏകാഭിപ്രായമോ ഭൂരിപക്ഷാഭിപ്രായമോ ആണ് സ്വീകരിക്കേണ്ടത്. എന്നാൽ സംഘപരിവാറിന്റെ നിർദ്ദേശപ്രകാരം ഗ്യാനേഷ് കുമാർ ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുത്തത്. കഴിഞ്ഞ 10 മാസത്തിനിടെ സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 14 വിയോജനക്കുറിപ്പുകൾ നൽകിയിട്ടും അവയൊന്നും മുഖവിലക്കെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തയ്യാറായില്ല. സംഘപരിവാർ നിർദ്ദേശാനുസരണം ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നൽകിയതിനാൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണ്.

ഈ ക്രമക്കേടുകൾക്കായി സംഘപരിവാറും ഗ്യാനേഷ് കുമാറും ഉപയോഗിച്ച ആയുധമാണ് എസ്.ഐ.ആർ (SIR). ഇതിലൂടെ 13.5 കോടിയോളം ജനങ്ങളെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ എന്നിവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ നടത്തിയത്. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇന്നുവരെയില്ലാത്ത പുതിയ ഭേദഗതികൾ കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടത്തുന്നതിനു വേണ്ടിയാണ്. അതിനാൽ എസ്.ഐ.ആർ റദ്ദാക്കുക, അതുവഴി നടപ്പാക്കിയ നടപടികൾ പിൻവലിക്കുക, ചട്ടവിരുദ്ധമായി ഉൾപ്പെടുത്തിയവ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളും ഈ സമരത്തിലൂടെ ശക്തമായി ഉന്നയിക്കുന്നു.

2024 ൽ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്ന പ്രക്രിയയിൽ തന്നെ വലിയ ക്രമക്കേടുകൾ നടന്നതായി കാണാം. സർക്കാർ അദ്ദേഹത്തെ അവരോധിച്ചതിന്റെ ആത്യന്തിക ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറിയാണ് എന്ന് കരുതേണ്ടി വരുമോ?

ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്ന പ്രക്രിയയിൽ വലിയ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രണത്തിലാക്കാനും സ്വാധീനിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ 2023-ൽ നിയമ ഭേദഗതി കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ക്രമക്കേടുകളുടെ പേരിൽ ചീഫ് ഇലക്ഷൻ കമ്മീഷണറെയോ കമ്മീഷണർമാരെയോ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയാത്ത വിധം ആജീവനാന്ത നിയമപരിരക്ഷ ഈ ഭേദഗതിയിലൂടെ ഉറപ്പാക്കുന്നു.

മുൻപ് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സംയുക്ത സമിതിയായിരുന്നു കമ്മീഷണർമാരെ നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതിയിലൂടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തി. ഇതോടെ നിയമനത്തിൽ സർക്കാരിന് പൂർണ്ണ മേൽക്കൈ ലഭിച്ചു.

ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ഇനി അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്ന ബോധ്യത്തിൽ നിന്നാണ് ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം ഇടപെടലുകളിലേക്ക് ബിജെപി മുന്നോട്ടുപോയത്. ഭരണസ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പ് സംവിധാനത്തിൽ കൃത്രിമം കാണിക്കാനും, അതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ നിയമനടപടികളിൽ നിന്ന് പൂർണ്ണമായി സുരക്ഷിതരാക്കാനുമാണ് ഈ ഭേദഗതികളിലൂടെ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് 2023-ൽ ഭേദഗതി കൊണ്ടുവന്ന് ഇലക്ഷൻ കമ്മീഷണർക്ക് ഇത്തരത്തിലുള്ള സംരക്ഷണവും, അതോടൊപ്പം തന്നെ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് ഇത്തരം ക്രമക്കേടുകളും നടത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയും അതിലൂടെ സംഘപരിവാറിനും ആർ.എസ്.എസിനും വിധേയപ്പെടുത്തി നിർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതുവരെ നടന്നിട്ടുള്ള എല്ലാ ഭേദഗതികളെയും, അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച സമീപനങ്ങളെയുമെല്ലാം ഇതിന്റെ ഭാഗമായാണ് നാം കാണേണ്ടത്.

സമരത്തിന്റെ പ്രധാന ആവശ്യം ഗ്യാനേഷ് കുമാറിന്റെ രാജിയാണ്. അദ്ദേഹത്തിന്റെ രാജിയിലൂടെ മാത്രം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകുമെന്ന് കരുതാനാകുമോ?

സമരത്തിന്റെ ഒരു പ്രധാന ആവശ്യം മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ രാജി. അതോടൊപ്പം തന്നെ ഈ സമരം ഉയർത്തിപ്പിടിക്കുന്നത് എസ്.ഐ.ആർ. (SIR) പ്രക്രിയയിലെ ജനാധിപത്യ വിരുദ്ധതയെയാണ്. ഈ തെരഞ്ഞെടുപ്പിനെ മാനിപ്പുലേഷന് വിധേയമാക്കിയതിന് പ്രധാന ആയുധമായി ഉപയോഗിച്ച എസ്.ഐ.ആർ പ്രക്രിയ നിർത്തിവെക്കുക എന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. അതോടൊപ്പം തന്നെ, തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് നിലവിൽ സംഘപരിവാറിന് വിധേയരായവരെ അവരോധിക്കുന്നതിനു വേണ്ടിയാണ് നിയമഭേദഗതികൾ വരുത്തിക്കൊണ്ട് ഇടപെടലുകൾ നടക്കുന്നത്. അതിനാൽ ആ നിയമനത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ കൂടി ഉണ്ടാകേണ്ടതുണ്ട്. നിലവിലുള്ള എസ്.ഐ.ആർ. നടപടികൾ ഉടൻ നിർത്തിവെക്കേണ്ടതുണ്ട്. അത് പോലെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വിധേയരായവരെ നിയമിക്കാൻ ലക്ഷ്യമിട്ടുള്ള ഭേദഗതികളിലും ഇടപെടലുകളിലും മാറ്റം ആവശ്യമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന പ്രക്രിയ സുതാര്യമാക്കാൻ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ ഉറപ്പാക്കേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നതിനു പകരം ഇന്ന് 'ഇലക്ഷൻ കമ്മീഷൻ ഓഫ് ഗവൺമെൻ്റ് ഓഫ് ഇന്ത്യ' എന്ന നിലയിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾ മാറിക്കൊണ്ടിരിക്കുകയാണ്. അത് പൂർണ്ണമായും സർക്കാരിനും സർക്കാരിന് നേതൃത്വം നൽകുന്ന ശക്തികൾക്കും വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രക്രിയയിൽ മാറ്റം വരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. കേവലം ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൊണ്ടാണ് ഈ സമരം മുന്നോട്ടുപോകുന്നത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

പതിമൂന്ന് കോടി മനുഷ്യരുടെ വോട്ടവകാശമാണ് SIR പ്രക്രിയയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത്. തീർത്തും ജനാധിപത്യവിരുദ്ധമായ ഇത്തരം നിലപാടുകൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെയാണ് കാണുന്നത്?

13.5 കോടി ജനങ്ങളെ ഒഴിവാക്കിക്കൊണ്ട്, ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളെയെല്ലാം തന്നെ കേന്ദ്ര സർക്കാർ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനുശേഷം പുറത്താക്കപ്പെട്ടവർ തിരിച്ച് തെരഞ്ഞെടുപ്പ് ലിസ്റ്റിലേക്ക് വരുന്ന സാഹചര്യം പല സംസ്ഥാനങ്ങളിലും ഉണ്ടായി. ജനാധിപത്യവിരുദ്ധമായ നിലയിൽ നേടിയെടുത്ത വിജയമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുകൊണ്ടും പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടും നമുക്ക് കാണാൻ സാധിക്കുന്നത്. അത് കൃത്രിമ വിജയം മാത്രമാണ്. യഥാർത്ഥത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ഭരണാധികാരിയല്ല, അല്ലെങ്കിൽ ഒരു ഗവൺമെന്റല്ല ഇന്ന് അധികാരത്തിലിരിക്കുന്നത്. കേന്ദ്രത്തിലും രാജ്യത്താകമാനമുള്ള പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ കൃത്രിമത്വത്തിലൂടെയാണ് അധികാരത്തിൽ വന്നിരിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ബി.ജെ.പി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അവിടെയാണ് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിലെ വിദ്യാർത്ഥികളും യുവജനങ്ങളും ഭരണഘടനയിൽ വിശ്വസിക്കുന്ന ജനങ്ങളും സമരത്തീയായി തെരുവിലേക്ക് വരുന്നത്. എല്ലാ മേഖലകളെയും സംഘപരിവാറിന് കീഴ്പ്പെടുത്തുക എന്ന സമീപനവുമായിട്ടാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ അവർ ബോധപൂർവം നടത്തുന്നത്. ഈ ക്രമക്കേടുകളിലൂടെ അധികാരത്തിലിരിക്കുന്ന സർക്കാരാണ് ബി.ജെ.പി.യുടേത്. അത് ജനങ്ങളുടെ അഭിലാഷമായി മാറിയ ഗവൺമെന്റല്ല. ഇത് പൂർണ്ണമായും ക്രമക്കേടിലൂടെ അധികാരത്തിൽ വന്ന ഗവൺമെന്റാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശത്രുവാണ്, ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയായിട്ടുള്ള സർക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കുക എന്ന ഉത്തരവാദിത്തമാണ് ഇന്ത്യയിലെ ജനങ്ങൾ ഇന്ന് ഏറ്റെടുത്തിട്ടുള്ളത്.

ജനാധിപത്യപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെയും പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളെയും സമരങ്ങളെ റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമ പ്രവർത്തകരെയും അതിക്രൂരമായാണ് ഡൽഹി പോലീസ് വേട്ടയാടുന്നത്. സഞ്ചരിക്കുന്ന ജയിൽ സെല്ലുകൾ വരെ നാം കണ്ടു. താങ്കളും ജോൺ ബ്രിട്ടാസ് അടക്കമുള്ള മുതിർന്ന നേതാക്കളും ഡൽഹി പോലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയായതാണ്. ആ ഭീകര നിമിഷങ്ങൾ പങ്ക് വെക്കാമോ?

ഈ ക്രമക്കേടുകൾക്കെതിരെ രാജ്യത്തെവിടെയും അക്രമ സമരങ്ങൾ ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം എന്ന മുദ്രാവാക്യം മാത്രമാണ് മുന്നോട്ടുവെച്ചത്. എന്നാൽ ഇന്ന് ഇന്ത്യയിൽ സമരം ചെയ്യാനുള്ള അവകാശം പോലും പൗരർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സമരം ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമായി മാറുന്ന അവസ്ഥയാണുള്ളത്. ഇന്ത്യൻ ദേശീയപതാകയുമായി നിന്നാൽ പോലും ഇന്ത്യാവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്ന സമീപനമാണ് നിലനിൽക്കുന്നത്. ദേശീയപതാകയേന്തുന്നവരെപ്പോലും ജയിലിലടയ്ക്കുന്ന നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഓരോ പൗരർക്കും ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും (Freedom of Speech and Freedom of Expression) പൂർണ്ണമായും ലംഘിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണിത്. ഭരണഘടന നൽകുന്ന അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുകയോ മുദ്രാവാക്യം ഉയർത്തുകയോ ചെയ്താൽ, കൊടുംകുറ്റവാളികളോടെന്ന പോലെയാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം ജനങ്ങളോട് പെരുമാറുന്നത്.

സമരങ്ങളെ അടിച്ചമർത്താനായി അമ്പതിനായിരത്തിലധികം വരുന്ന ഡൽഹി പോലീസിനെയും കേന്ദ്രസേനയെയുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ വലിയ തോതിലുള്ള അക്രമമാണ് ഇവർ അഴിച്ചുവിടുന്നത്. അർദ്ധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ചുള്ള ഈ നരനായാട്ട് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കു നേരെപ്പോലും ക്രൂരമായ മർദ്ദനവും ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നു. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനും ജയിലിലടയ്ക്കാനും ക്രൂരമായി ഉപദ്രവിക്കാനുമുള്ള ശ്രമങ്ങൾ പല ഘട്ടങ്ങളിലായി നാം കണ്ടതാണ്.

കൊടുംകുറ്റവാളികളെ കൊണ്ടുപോകുന്ന പ്രിസണർ വാനുകളിലാണ് വിദ്യാർത്ഥികളെ പിടിച്ചുകൊണ്ടുപോയത്. പ്രിസണർ വാനിനുള്ളിലിട്ട് വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഭയാനകമായ ക്രൂരമർദ്ദനത്തിനാണ് വിദ്യാർത്ഥികൾ ഇരയായിക്കൊണ്ടിരിക്കുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവരുൾപ്പെടെ നിരവധി നേതാക്കളെയും ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ ഉൾപ്പെടെയുള്ള എംപിമാരെയും ക്രൂരമായി നേരിടുന്ന സാഹചര്യമാണുണ്ടായത്. ഡൽഹി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമണ്ണിനെ മർദ്ദിക്കുന്നത് തടഞ്ഞതിന്റെ പേരിലാണ് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എസ്എഫ്ഐ മുൻ ഭാരവാഹിയുമായ ജെയ്ക് സി. തോമസിനെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.

നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് പ്രിസണർ വാനിലിട്ട് അതിക്രൂരമായി മർദ്ദിച്ച് അവശരാക്കിയത്. ബോധംകെട്ടു വീണ വിദ്യാർത്ഥികളെപ്പോലും ക്രൂരമായി മർദ്ദിക്കുന്ന സ്ഥിതിയുണ്ടായി. സഞ്ചരിക്കുന്ന ഈ ജയിൽ സെല്ലുകൾക്കകത്ത് പുരുഷ പോലീസുകാർ വനിതാ പ്രവർത്തകരെപ്പോലും മർദ്ദിക്കുകയുണ്ടായി. കേവലം പത്തുപേരെ മാത്രം കൊണ്ടുപോകാൻ ശേഷിയുള്ള സെല്ലിനകത്ത് ഏകദേശം അറുപതോളം പേരെ കുത്തിനിറച്ചാണ് പോലീസ് സംവിധാനം കൊണ്ടുപോയത്. വളരെ ഭീകരമാംവിധമാണ് പോലീസ് തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് സമരക്കാരെ അടിച്ചമർത്താൻ ശ്രമിച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമര പോരാട്ടത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സജീവ സാനിധ്യമുണ്ട്. പക്ഷെ, സമരത്തെ വഴി തിരിച്ചു വിടാനുള്ള സംഘപരിവാറിന്റെ ആയുധമാണ് സിജെപി എന്ന പ്രചരണം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നേരത്തെ തന്നെ ഏറ്റെടുത്ത വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോടും ആവശ്യങ്ങളോടും ചേർന്നുനിൽക്കുന്ന സമീപനമാണ് ആദ്യഘട്ടം മുതൽ തന്നെ സി.ജെ.പി.യും സ്വീകരിച്ചിട്ടുള്ളത്. വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളും ഇതേ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നത്. ഈ സമരത്തെ വഴിതിരിച്ചുവിടാനും അടിച്ചമർത്താനും ബോധപൂർവ്വമായ വ്യാജപ്രചാരണങ്ങളിലൂടെ സമരം ഉയർത്തിപ്പിടിക്കുന്ന ആവശ്യങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അതിനെയെല്ലാം ഈ സമരം ശക്തമായി പ്രതിരോധിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെ തകർത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെയുള്ള നടപടിയുമാണ് നാമെല്ലാവരും ആവശ്യപ്പെടുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ പോരാട്ടമായി ഈ സമരം മാറിക്കഴിഞ്ഞു.

ഈ സമരത്തിന്റെ വിജയം സുനിശ്ചിതമാണ്. ഗ്യാനേഷ് കുമാർ പുറത്തുപോവുക തന്നെ ചെയ്യുമെന്നതിൽ യാതൊരു തർക്കവുമില്ല. ഈ ജനകീയ മുന്നേറ്റത്തെയും അത് ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളെയും ഭയപ്പെടുന്നതുകൊണ്ടാണ് സംഘപരിവാർ ഇത്തരം വ്യാജപ്രചാരണങ്ങൾ തുടർച്ചയായി അഴിച്ചുവിടുന്നത്. സി.ജെ.പി.യുമായി യോജിച്ചുകൊണ്ട് നീറ്റ് പരീക്ഷാ സമയത്തും നിലവിലെ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ടും ഉയർത്തിപ്പിടിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സമരൈക്യം രൂപീകരിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ മുൻനിർത്തി രാജ്യത്താകമാനം വിപുലമായ വിദ്യാർത്ഥി സംഘടനകളുടെ ഐക്യമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം. ജനാധിപത്യത്തെ തകിടംമറിച്ചും ദുരുപയോഗം ചെയ്തുമുള്ള വിജയത്തിന്റെ ഭാഗമായാണ് സംഘപരിവാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ സംഘപരിവാർ മാധ്യമങ്ങളും, അവർ ഫണ്ട് ചെയ്യുന്ന കോർപ്പറേറ്റ് മാധ്യമങ്ങളും ഏതൊക്കെ തരത്തിൽ വ്യാജ പ്രചാരണങ്ങൾ (പ്രൊപ്പഗണ്ടകൾ) ഉയർത്താൻ ശ്രമിച്ചാലും അതിനെ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും. എല്ലാ ഘട്ടത്തിലും ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത് തികച്ചും വിഷയാധിഷ്ഠിതമായ പിന്തുണയാണ്. എസ്‌.ഐ.ആർ വിഷയത്തിലും നീറ്റ് പരീക്ഷാ വിഷയത്തിലും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന, ഇന്ത്യയിലെ ജനങ്ങൾ പൊതുവെ മുന്നോട്ടുവെക്കുന്ന, രാഷ്ട്രീയത്തോടൊപ്പം തന്നെയാണ് സി.ജെ.പി.യും നിലകൊണ്ടിട്ടുള്ളത്. ആ നിലപാടിന്റെയും പിന്തുണയുടെയും ഭാഗമായാണ് ഞങ്ങൾ ഒരുമിച്ച് ഈ സമരം ഏറ്റെടുത്തിരിക്കുന്നത്.

ഭരണകൂട അനീതികൾക്കെതിരെയുള്ള ജനായത്ത സമരങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ പൊതു ജന മധ്യത്തിൽ നിന്ന് മറച്ചു വെക്കാൻ വളരെ ആസൂത്രിതമായ ശ്രമം വലതുപക്ഷ ഗോദി മീഡിയകൾ നടത്തുന്നുണ്ട്. എന്നാൽ സമാന്തരമായി സമര മുഖത്തെ യാഥാർഥ്യങ്ങളെ സമൂഹത്തിലേക്കെത്തിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് സിറ്റിസൺ ജേർണലിസ്റ്റുകൾ നടത്തുന്നുമുണ്ട്. ഈയൊരു മാധ്യമ ശ്രേണിയെ എങ്ങനെ നോക്കിക്കാണുന്നു?

ജന്തർ മന്തറിൽ നടന്ന ആദ്യ നീറ്റ് (NEET) സമര സമയത്ത് തന്നെ നാം ഇത് കണ്ടതാണ്. 'ഗോദി മീഡിയകൾ' വ്യാജ പ്രചാരണങ്ങളിലൂടെ (മിസ്-പ്രൊപ്പഗണ്ട) സമരത്തെ തകർക്കാൻ ശ്രമിച്ചപ്പോൾ, സിറ്റിസൺ ജേണലിസ്റ്റുകളും സ്വതന്ത്ര മാധ്യമങ്ങളും ഇടപെട്ട് അതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവന്നു എന്നത് ഒരു വസ്തുതയാണ്. പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളും സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ളതോ കോർപ്പറേറ്റ് മൂലധന താല്പര്യങ്ങൾക്ക് വഴങ്ങുന്നതോ ആയ മാധ്യമങ്ങളും ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, അതിനെ പ്രതിരോധിക്കാൻ പുതിയ മാധ്യമ സംവിധാനങ്ങൾക്കും സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും സാധിക്കുന്നു എന്നത് രാജ്യത്തെ ജനങ്ങൾക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.

ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് മാധ്യമങ്ങൾ. പലപ്പോഴും ആ നാലാം തൂൺ ഭരണകൂടത്തിന്റെയും ബിജെപിയുടെയും താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒന്നായി മാറുന്ന സാഹചര്യമുണ്ടായി. എന്നാൽ അതിനെ പ്രതിരോധിച്ചുകൊണ്ടുള്ള പുതിയ മാധ്യമപ്രവർത്തകരുടെ ഇടപെടലുകൾ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രാജ്യത്തെ ഓരോ പൗരർക്കും വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് പകരുന്നത്.

ഡൽഹിയിലെ സമരമുഖത്ത് രാഹുൽ ഗാന്ധി, നേഹ ബോറ, എ.എ. റഹീം, മമതാ ബാനർജി തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കൾ ഒരേ നിരയിൽ അണിനിരന്നത് നാം കണ്ടു. ഭരണകൂടത്തിനെതിരെയുള്ള ഈ വിശാല പ്രതിപക്ഷ ഐക്യം എത്രത്തോളം നിർണ്ണായകമാണ്? അതേസമയം ഐസ പ്രസിഡന്റ് നേഹ ബോറക്ക് ലഭിക്കുന്ന സാമൂഹിക ശ്രദ്ധ മറ്റു വിദ്യാർത്ഥി നേതാക്കൾക്ക് ലഭിക്കാതെ പോകുന്നു എന്ന പരിഭവം പ്രത്യേകിച്ച് NSUI പോലുള്ള വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

എസ്എഫ്ഐ തുടക്കം മുതൽ തന്നെ വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടിയാണ് ഈ സമരത്തെ നോക്കിക്കണ്ടത്. ഒരു വിദ്യാർത്ഥി സംഘടന എന്ന നിലയിൽ രാജ്യത്തെ മുഴുവൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും ഒരൊറ്റ വേദിയിൽ അണിനിരത്തിക്കൊണ്ട് ഈ പോരാട്ടത്തിന് നേതൃത്വം നൽകുക എന്ന സമീപനമാണ് സംഘടന സ്വീകരിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും മറ്റ് ഇതര വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും ഏകോപന യോഗങ്ങൾ വിളിച്ചുചേർത്തത് ഇതിന്റെ ഭാഗമായാണ്.

ഇന്ന് ഈ സമരം 'ഇന്ത്യ vs ആർ.എസ്.എസ്' എന്ന നിലയിലേക്കും, 'ജനാധിപത്യം vs ഏകാധിപത്യം' എന്ന പോരാട്ടത്തിലേക്കും വളർന്നിരിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളും യുവജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നതാണ് എസ്എഫ്ഐയുടെ ഉറച്ച നിലപാട്. അതിനായുള്ള സജീവ ഇടപെടലുകളാണ് സംഘടന എല്ലാ ഘട്ടത്തിലും നടത്തുന്നത്. ഏതെങ്കിലും ഒരു വ്യക്തിക്ക് ലഭിക്കുന്ന സ്വീകാര്യതയോ പ്രാധാന്യമോ അല്ല ഈ ഘട്ടത്തിൽ വിഷയം. മറിച്ച്, സമരത്തിന്റെ വിജയവും ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണവുമാണ് പരമപ്രധാനം. വ്യക്തിഗത നേട്ടങ്ങൾക്കോ വലിപ്പച്ചെറുപ്പങ്ങൾക്കോ എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം യാതൊരു പ്രസക്തിയുമില്ല.

ദേശീയപതാക ഉയർത്തിപ്പിടിച്ചും ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ചും പോരാടിയതിന്റെ പേരിൽ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായവരും കള്ളക്കേസുകളിൽ പ്രതികളാക്കപ്പെട്ടവരും കേൾവിശക്തിയും ശാരീരിക സൗഖ്യവും നഷ്ടപ്പെട്ടവരുമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നമ്മുടെ കൂടെയുള്ളത്. ത്യാഗങ്ങൾ സഹിച്ച ആ സാധാരണ വിദ്യാർത്ഥികളും യുവജനങ്ങളുമാണ് ഈ സമരത്തിന്റെ യഥാർത്ഥ മുഖങ്ങൾ. അത്തരം പതിനായിരങ്ങളെ അണിനിരത്തി ഈ സമരത്തെ അന്തിമ വിജയത്തിലേക്ക് എത്തിക്കുക എന്നതുമാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരം ചോർത്തപ്പെടുന്നതിൽ സുപ്രീം കോടതി ഇടപെടലുകളിൽ നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ? അതോ തെരുവ് പോരാട്ടങ്ങൾക്ക് മാത്രമേ ഇനി ഈ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നുണ്ടോ?

ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നത്. എന്നാൽ, ഇന്ന് സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന പല ഇടപെടലുകളും രാജ്യത്തെ ജനങ്ങളിൽ വലിയ സംശയങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. ക്രമക്കേടുകൾക്കെതിരെ ജനങ്ങളുടെ താത്പര്യങ്ങൾക്കനുസൃതമായ നിലപാടുകൾ പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആശങ്ക രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ ജനങ്ങൾ പൂർണ്ണമായും കൈവിട്ടിട്ടില്ല. ആ പ്രതീക്ഷയ്ക്ക് അനുയോജ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് പൗരർ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ, ശക്തമായ ജനകീയ സമരങ്ങൾ തെരുവുകളിൽ ഉയർന്നുവരേണ്ടതുണ്ട്. ഇത് കേവലം ഡൽഹിയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല, മറിച്ച് രാജ്യമൊട്ടാകെ ആയിരക്കണക്കിന് 'ജന്തർ മന്തറുകൾ' രൂപപ്പെടണം. രാജ്യമെമ്പാടും പടരുന്ന അത്തരം ജനകീയ പ്രക്ഷോഭങ്ങൾക്ക് മാത്രമേ ഏകാധിപത്യത്തെ മുട്ടുകുത്തിക്കാൻ സാധിക്കൂ.

ചരിത്രപ്രാധാന്യമുള്ള അനേകം സമരങ്ങൾക്ക് വേദിയായ മണ്ണാണ് ജന്തർമന്തർ. എന്നാൽ ഇപ്പോൾ ജന്തർമന്തറിൽ പ്രതിഷേധിക്കുന്നതിന് ഡൽഹി പോലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടന നൽകുന്ന 'പ്രതിഷേധിക്കാനുള്ള അവകാശത്തിന്' മേലുള്ള ഈ കടന്നുകയറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?

ജന്തർ മന്തർ എന്നത് ഒരു സമരത്തിന്റെ പ്രതീകമാണ്. ഇന്ന് ഇന്ത്യയിൽ സമരം ചെയ്യണമെങ്കിൽ പണമടച്ച്, സർക്കാർ സംവിധാനങ്ങൾ അനുവദിക്കുന്ന ദിവസം മാത്രം സമരം ചെയ്യേണ്ട അവസ്ഥയാണുള്ളത്. നാലു ദിവസം മുൻപാണ് ജന്തർ മന്തർ സമരകേന്ദ്രമല്ല എന്ന് ഡീ-നോട്ടിഫൈ ചെയ്തത്. എന്നാൽ അതിനു മുൻപുതന്നെ, സെപ്റ്റംബർ 22-ന് ഇന്ത്യൻ എക്സ്പ്രസ് ഈ വിഷയം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജന്തർ മന്തറിൽ സമരം നടത്തുന്നതിനായി നൽകിയ ഇരുപതോളം അപേക്ഷകളിൽ ഒന്നുപോലും അധികൃതർ അനുവദിച്ചിരുന്നില്ല.

ജന്തർ മന്തറിൽ സമരം ചെയ്യാനെത്തിയ വിദ്യാർത്ഥികളെയും യുവാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും ക്രൂരമായി മർദ്ദിക്കുന്നതും, അവർക്കെതിരെ കേസെടുത്ത് ദിവസം മുഴുവൻ തടങ്കലിൽ വെക്കുന്നതുമായ സാഹചര്യങ്ങളാണുണ്ടായത്. സമരം ചെയ്യാനായി നിശ്ചയിക്കപ്പെട്ട സ്ഥലത്തുതന്നെ അനുമതി നിഷേധിക്കുന്ന സാഹചര്യമാണുണ്ടായത്. അതിനാൽ, യഥാർത്ഥത്തിൽ നിയമവ്യവസ്ഥയെ ലംഘിച്ചത് ഇന്ത്യൻ ഭരണകൂടമാണ്. ജന്തർ മന്തർ ഡി-നോട്ടിഫൈ ചെയ്തതിനെ തുടർന്ന് സമരം ചെയ്യാനായി അനുവദിച്ചിരിക്കുന്ന മൂന്ന് സ്ഥലങ്ങളും ഡൽഹി അതിർത്തി പ്രദേശങ്ങളിലാണ്. കൂടാതെ, രാംലീല മൈതാനിയിൽ സമരം ചെയ്യണമെങ്കിൽ ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകേണ്ടതുണ്ടെന്നാണ് അവർ പറയുന്നത്.

ഇന്ത്യയിൽ സമരം ചെയ്യുന്നതിന് ആരുടെയും ഔദാര്യം കാത്തുനിൽക്കേണ്ട സാഹചര്യം ഇന്ന് ഇന്ത്യയിലെ ജനങ്ങൾക്കില്ല. അതുകൊണ്ടുതന്നെ ജന്തർ മന്തർ സമരകേന്ദ്രമാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ പ്രഖ്യാപിച്ചത്, 'ടു റിക്ലെയിം ജന്തർ മന്തർ' (To Reclaim Jantar Mantar) എന്നതും കൂടെ ഇന്ന് ഈ സമരത്തിന്റെ ഭാഗമായി ഉയർത്തുന്ന വിഷയമാണ്. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ സന്തതസഹചാരിയായിരുന്ന ധർമേന്ദ്ര പ്രധാനെ രാജിയിലേക്ക് നയിച്ച ഐതിഹാസികമായ പ്രക്ഷോഭം നടന്ന ഇടമാണ് ജന്തർ മന്തർ. അതോടൊപ്പം തന്നെ കഴിഞ്ഞ പതിറ്റാണ്ടുകളായി ഇന്ത്യയിലെ പ്രധാന സമരകേന്ദ്രമാണ് ജന്തർ മന്തർ. അവിടെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ആ സമരകേന്ദ്രത്തെപ്പോലും സംഘപരിവാർ ഭയക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ജന്തർ മന്തർ പോലുള്ള ഇടത്തെ ഡി-നോട്ടിഫൈ ചെയ്ത സാഹചര്യം.

അതുകൊണ്ടുതന്നെ ഏതൊക്കെ സമരകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ശ്രമിച്ചാലും ഇന്ത്യൻ ജനാധിപത്യത്തെയും ഇന്ത്യയെയും വീണ്ടെടുക്കുന്നതിനും ഇന്ത്യയുടെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സമരത്തിൽ ശക്തമായി മുന്നോട്ടുപോകും. കേവലം ഒരു ജന്തർ മന്തറിനെ ഡി-നോട്ടിഫൈ ചെയ്യാൻ മാത്രമേ സംഘപരിവാറിന് സാധിച്ചിട്ടുള്ളൂ. രാജ്യത്താകമാനം ആയിരക്കണക്കിന് ജന്തർ മന്തറുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ ജന്തർ മന്തറുകളുടെ മുന്നിൽ സംഘപരിവാറിന് മുട്ടുകുത്തേണ്ടി വരുമെന്നത് തീർച്ച.

Comments