കെ.കെ. ശൈലജ

പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ

കെ.കെ. ശൈലജ മുഖ്യമന്ത്രിയായാൽ? ജാതിപരവും ലിംഗാധിപത്യപരവുമായ അനേകം വിലക്കുകളെ മറികടന്ന് വ്യത്യസ്ത തുറകളിലേക്കു കടന്നുവന്ന മലയാളിസ്ത്രീകളുടെ മുന്നോട്ടുപോക്കിന് ആത്മവിശ്വാസവും ഊർജ്ജവും പകരാൻ ഈ തീരുമാനത്തിനു കഴിയുമായിരുന്നു. വൈകാരികമായിത്തന്നെ!

ധികാരത്തോടുള്ള സംവാദം സാധ്യമാകുന്നതിനെക്കുറിച്ചുള്ള ഭാവന ഏറെ വിപുലമാണ്. അധികാരത്തോടുള്ള ജനാധിപത്യപരമായ ചോദ്യങ്ങളും സംവാദങ്ങളും സാധ്യമാണ് എന്ന പ്രതീതി വാസ്തവത്തിൽ അധികാരനിലയെ കൂടുതൽ ഉറപ്പിച്ചു നിർത്താനാണ് സഹായിക്കുക. ആ പ്രതീതിയിലേക്ക്​ സംശയം നിറഞ്ഞ നോട്ടങ്ങളെറിയുക എന്നതും അവ കൂടുതൽ മുനയോടെ തെളിച്ചത്തോടെ പ്രത്യക്ഷീകരിക്കുക എന്നതുമാണ് ജനായത്ത രാഷ്ട്രീയത്തെ കൂടുതൽ ഈടുള്ളതാക്കുക.

പിന്നീടെപ്പോഴെങ്കിലും നല്ലൊരു പുതിയ വീടുവെച്ച് "അന്തസ്സു'ണ്ടാവുമ്പോൾ ഊണുമുറിയിലെ ചില്ലലമാരയിൽ വെച്ചു പ്രദർശിപ്പിക്കാൻ പാകത്തിൽ വിലകൂടിയ നല്ല തിളങ്ങുന്ന പാത്രങ്ങൾ എടുത്തു കട്ടിലിനടിയിൽ നിധിപോലെ സൂക്ഷിക്കുന്ന അമ്മയെക്കുറിച്ചുള്ള ഒരു കവിത യുവകവികളിലൊരാളായ അലീന ആകാശമിഠായി എഴുതിയിട്ടുണ്ട്. അപരർക്കു മുമ്പിൽ അന്തസ്സുകാട്ടാൻ വേണ്ടി മാറ്റിവെച്ചതിന്റെ ഭാഗമായി ഇപ്പഴത്തെ അനിവാര്യതകളെ നിഷേധിക്കുന്നതും നീട്ടിവെയ്ക്കുന്നതും നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയായി (തെറ്റി)ധരിപ്പിക്കുന്നത് ഇവിടെ കാണാം. അത് അപ്പപ്പോൾ തന്നെ കുറ്റകരമായിത്തീരും.

‘‘എന്നോ വരാനിരിക്കുന്ന സുന്ദരഭാവിയിലേക്കു വേണ്ടി അമ്മയുടെ സൂക്ഷിപ്പാണിത്. വരുമെന്നുറപ്പില്ലാത്ത വിരുന്നുകാർക്ക് അമ്മയുടെ കരുതലാണ്. പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ. അതുവരേക്കും, നമ്മളോളം ദയനീയമായ പാത്രങ്ങളിൽ ഉണ്ടുറങ്ങിയാൽ മതി.''

സമത്വത്തെക്കുറിച്ചും തുല്യപ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ഭരണവിഭാഗത്തിന്റെ നയരൂപീകരണം തിരുതകൃതിയാണ്. തത്വത്തിലുള്ള സമഗ്രതയും കൃത്യതയും ഇതുപോലെതന്നെ ഭാവിയിലെ തിളങ്ങുന്ന പാത്രങ്ങളും തീൻമേശയും പോലെ നമ്മെ കൊതിപ്പിക്കും. നാം കാത്തിരിക്കുക തന്നെയാണ്. വിരുന്നുകാർക്കു മാത്രമല്ല, നമുക്കുതന്നെയും ഭംഗിയും തിളക്കവുമുള്ള ചായക്കോപ്പയിലെ ഉശിരൻ ചായക്കായി!

കെ.കെ. ശൈലജയും ഗൗരിയമ്മയും

തെരഞ്ഞടുപ്പിന്റെ പരിസമാപ്തിയിൽ ഉയർന്നു വന്ന പ്രതീക്ഷകളെ നേരിടാനൊരുങ്ങുമ്പോൾ വിഭവങ്ങളിലും സാമൂഹിക സാംസ്‌കാരിക മെച്ചങ്ങളിലുമുള്ള തുല്യ അവകാശത്തെ, പങ്കാളിത്തത്തെ ഭാവിയിലേക്കു വെറുതെ നീട്ടിവെയ്ക്കപ്പെടാൻ ജനാധിപത്യവാദികളാരും ആഗ്രഹിക്കുന്നില്ല. കാരണം വൈവിധ്യപൂർണമായ ലിംഗ, ജാതി മതവിഭാഗങ്ങളെ സംബന്ധിച്ച് ജനാധിപത്യമെന്നത് തുല്യതയിലാണ്, അത്രതന്നെ ധാർമികമായ പാരസ്പര്യത്തിലാണ് ഊന്നുന്നത്. തുല്യതയെപ്പോലെ തന്നെ പ്രധാനമാണ് വ്യത്യാസത്തെയും കണ്ടറിയൽ എന്നർത്ഥം. അപ്പോഴേ അത് ധാർമികവും ആകുന്നുള്ളു.

ധാർമികബദലിന് ഒരവസരം

സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിസ്ഥാനങ്ങളിലും സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുള്ള പരാതികൾ പുരോഗമന സ്വഭാവമുള്ള സാമൂഹികപ്രവർത്തകരും ചിന്തകരും ഏറെ പറഞ്ഞ കാലമാണിത്. ഏതാനും ദിവസം മുമ്പ് അന്തരിച്ച ഗൗരിയമ്മയുടെ മരണം കക്ഷിരാഷ്ട്രീയത്തിലെയും ഭരണനേതൃത്വങ്ങളിലെയും സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള ചരിത്രപരമായ ചോദ്യങ്ങൾ ഉയർത്തുവാനിടയാക്കി. ഒരു വനിതാമുഖ്യമന്ത്രിയെ വിഭാവനം ചെയ്യാൻ എന്താണ് തടസ്സം എന്നതായിരുന്നു സ്വാഭാവികമായ ചോദ്യം. യു.പിയിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം അതു സാധ്യമായപ്പോഴും എന്തുകൊണ്ട് പ്രബുദ്ധതയുടെ ഇന്ത്യൻ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലതു സാധ്യമാകുന്നില്ല എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. ആയതുകൊണ്ടാണ് എല്ലായ്​പ്പോഴുമെന്നപോലെ സ്ത്രീപ്രതിനിധാനത്തെയും പങ്കാളിത്തത്തെയും സംവരണത്തെയും കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും ഉത്തരം കിട്ടാതലയുന്നത്.

ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും ഏറെ പുകഴ്ത്തിയ ആരോഗ്യരംഗത്തെ കേരളമാതൃകയുടെ നേതൃത്വമായ ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാനുള്ള ആഹ്വാനം പൊതുമനസ്സാക്ഷിയിൽ സ്ത്രീനേതൃത്വം നേടിയെടുത്ത വിശ്വാസം തന്നെയാണ്.

ശൈലജ ടീച്ചർ വരെയെത്തി നിൽക്കുന്ന സ്ഥാനപരിഗണനകളെ നേതൃത്വപദവിയിലേക്ക് എത്തിക്കുന്നതിനുള്ള തടസ്സത്തെയാണ് നീട്ടിവെയ്ക്കലിന്റെ യുക്തിയിലേക്ക്, പലിശയേറിക്കൊണ്ടിരിക്കുന്ന ജനാധിപത്യപ്രതീക്ഷയിലേക്ക് ചേർത്തുവെയ്ക്കുന്നത്. സാമൂഹികസ്ഥാപനങ്ങൾക്കും ഇതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും കുടുംബത്തിനും പുരുഷാധിപത്യത്തിനു തന്നെയും നിഷ്‌ക്രിയമായി കീഴ്പ്പെട്ടു നിൽക്കുന്നതാണ് സ്ത്രീയുടെ പദവി എന്ന ധാരണക്ക് ഉടവു വന്നിരിക്കുന്ന പുതിയ കാലത്ത് നിലനിൽക്കുന്ന അവസ്ഥയിൽ നിന്ന് സ്ത്രീകൾ പല തലങ്ങളിലും ഏറെ മുന്നേറി വരുന്ന കാലത്ത് ഈ നീട്ടിവെയ്ക്കലിനെ എങ്ങനെ കാണണം?

ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഏറെ പുക​ഴ്​ത്തിയ ആരോഗ്യരംഗത്തെ കേരളമാതൃകയുടെ നേതൃത്വമായ ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാനുള്ള ആഹ്വാനം പൊതുമനസ്സാക്ഷിയിൽ സ്ത്രീ നേതൃത്വം നേടിയെടുത്ത വിശ്വാസം തന്നെയാണ്. ഒറ്റവാക്യത്തിൽ പറഞ്ഞാൽ അതു സാക്ഷാൽക്കരിക്കുക വഴി സ്ത്രീകളെ കൂടുതലായി ശാക്തീകരിക്കുവാൻ സർക്കാരിനു കഴിയും. ജാതിപരവും ലിംഗാധിപത്യപരവുമായ അനേകം വിലക്കുകളെ മറികടന്ന് വിദ്യാഭ്യാസം, തൊഴിൽ, കല, സാഹിത്യം തുടങ്ങിയ സാമൂഹിക- സാംസ്‌കാരിക ഇടങ്ങളുടെ വ്യത്യസ്ത തുറകളിലേക്കു കടന്നുവന്ന മലയാളി സ്ത്രീകളുടെ മുന്നോട്ടുപോക്കിന് ആത്മവിശ്വാസവും ഊർജ്ജവും പകരാനും ഈ തീരുമാനത്തിനു കഴിയുമായിരുന്നു. വൈകാരികമായിത്തന്നെ! ലോക്ക്​ഡൗൺ കാലത്ത് വീട്ടകങ്ങളിലെ പെൺജീവിതത്തെക്കുറിച്ചു വേവലാതിപ്പെടുകയും സ്ത്രീയുടെ ഗാർഹികാധ്വാനത്തെക്കുറിച്ചു അവബോധനിർമിതിക്കായി ശ്രമിക്കുകയും ചെയ്യുന്ന കക്ഷി തന്നെ ഭരണത്തുടർച്ചയിലെത്തുമ്പോഴതു പ്രതീക്ഷിക്കാൻ കേരളത്തിനു അവകാശമുണ്ടല്ലോ.

ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനമാണ് കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയത്. പലപ്പോഴും ഇസ്‌ലാമോഫോബിയയുടെ ഏറ്റവും നിർലജ്ജമായ പ്രകടനമായിരുന്നു ഈ വകുപ്പിന്റേത്.

പരീക്ഷണാത്മകമായിത്തന്നെ ഒരവസരം സൃഷ്ടിക്കുവാനുള്ള സാധ്യത എത്ര മനോഹരമാണ്! ആൺകോയ്മയെ തത്വത്തിലും പ്രയോഗത്തിലും കയ്യൊഴിയാൻ കാണിക്കുന്ന അർപ്പണബോധം കേരളം ഇരുകയ്യാലെ ഏറ്റെടുക്കും. 16 ഇലക്ഷനുകളിൽ മൽസരിക്കുകയും അതിൽത്തന്നെ 13 എണ്ണത്തിൽ വിജയിക്കുകയും ദീർഘകാലം എം.എൽ.എ ആയിത്തുടരുകയും ചെയ്ത ഗൗരിയമ്മയെപ്പോലെയൊരു തീപ്പൊരി നേതാവിന്റെ പിൻഗാമിയായ ഒരു സ്ത്രീനേതാവിന് എന്തെല്ലാം സാധ്യമല്ല, ഏറെയും പുരുഷന്മാർ മാത്രമായ രാഷ്ട്രീയത്തിൽ സ്ത്രീകൾക്കെന്തു മാറ്റമാണ് സാധ്യമാവുക എന്നവരും ഒന്നുപയറ്റി നോക്കട്ടെ. സോവിയറ്റ്കാലത്ത് ക്ലാരാ സെത്കിനിൽ നിന്ന് അതിശയകരമായി പഠിക്കാനും തിരുത്താനും കഴിഞ്ഞ ലെനിനെപ്പോലെ സ്ത്രീരാഷ്ട്രീയക്കാരോടും സാമൂഹികപ്രവർത്തകരോടും ഇടപെട്ടുകൊണ്ടുയരാനും അഹിംസാത്മകമായി വളരാനും ഒരു സാഹചര്യം ആണധികാരികൾക്കും ലഭിക്കട്ടെ! ഇത് സ്ത്രീകളുടെ അധികാരത്തിന്റെ പ്രശ്നത്തിൽ മാത്രമല്ല, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെയും പരിഗണയുടെ പ്രശ്നമാണ്.
​അതെന്തുമാകട്ടെ, പ്രതിലോമ യാഥാർത്ഥ്യത്തെ തിരുത്താൻ പാകത്തിൽ പണിതെടുക്കേണ്ട ധാർമിക ബദൽ ഇനിയങ്ങോട്ട് നിയുക്തസർക്കാരിന്റെ ചുമതലയാണ്.

സാമൂഹികശാസ്ത്രവൽക്കരിക്കുക

വിവിധ ഭരണവകുപ്പുകൾ ഏറെക്കുറെ സ്വയംപൂർണമായ അധികാരപരിധി കയ്യാളുമ്പോഴും അവയെല്ലാം നിശ്ചയമായും സാമൂഹികശാസ്ത്രത്തിന്റെയും സാംസ്‌കാരിക ചിന്തകരുടെയും ഉൾക്കാഴ്ചകളെ ഉപയോഗിക്കാൻ തക്കവണ്ണമായാൽ എത്രയോ ശുഭകരമായിരിക്കും. എല്ലാ വകുപ്പുകളിലും തന്നെ കഴിവുള്ള തഴക്കവും പഴക്കവും ചെന്ന സാമൂഹികശാസ്ത്രജ്ഞരുടെ നിരന്തരസാന്നിധ്യമുണ്ടാവുന്നത് പലപ്പോഴും കാര്യങ്ങളെ കുറച്ചുകൂടി ജനാധിപരമാകാൻ സഹായിക്കും.

കേരളത്തിൽ വിതരണം ചെയ്യാനായി സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിച്ച 350000 ഡോസ് കോവിഡ് വാക്‌സിൻ സംസ്ഥാനത്തെത്തിച്ചപ്പോൾ

ഉദാഹരണത്തിന്, ഇന്ന് ആരോഗ്യമേഖലയിൽ സമീപകാലത്തു കണ്ടുവരുന്ന വാക്സിൻ സംബന്ധമായ പ്രശ്നങ്ങൾ നോക്കൂ. സർക്കാർ ഇതിനകം വാക്സിൻ സൗജന്യമാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും ലഭ്യതക്കുറവ് ഒരു യാഥാർത്ഥ്യം തന്നെയായി നിലകൊള്ളുന്നു. വാക്സിൻ ക്ഷാമം പരിഹരിച്ചാൽത്തന്നെ വാക്സിനിലേക്കെത്തുക വിഭവക്കുറവുളളവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാവും. കർണാടകയിലും മറ്റും ഇതൊരു യാഥാർത്ഥ്യമായിക്കഴിഞ്ഞു. മറ്റു പല മേഖലകളിലുമെന്നതുപോലെ ഇവിടെയും പ്രകടമായ ഒരു ഡിവൈഡ് രൂപം കൊണ്ടുവരുന്നുണ്ട്. "ഡിജിറ്റൽ ഡിവൈഡ്' താമസിയാതെ "അർബൻ ഡിവൈഡി'ന്റെയും ആത്യന്തികമായി "വാക്സിൻ ഡിവൈഡി'ന്റെയും രൂപത്തിൽ അവതരിക്കും. പ്ലാനിംഗ് രംഗത്തു തന്നെ സാമൂഹികമായ ധാരണാശേഷി ഉൾക്കൊള്ളണമെന്നാണിതു സൂചിപ്പിക്കുന്നത്.

ആ ഉന്മേഷം നീട്ടിവെയ്ക്കാവതല്ല

ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനമാണ് കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയത്. പലപ്പോഴും ഇസ്‌ലാമോഫോബിയയുടെ ഏറ്റവും നിർലജ്ജമായ പ്രകടനമായിരുന്നു ഈ വകുപ്പിന്റേത്. സംഘപരിവാർ രാഷ്ട്രീയത്തോടുള്ള സഹിഷ്ണുതയും മുസ്‌ലിം പ്രതിനിധാനങ്ങളോടുള്ള അസഹിഷ്ണുതയും പ്രകടമായിത്തന്നെ തിരിച്ചറിയപ്പെട്ടു. പൗരത്വ ഭേദഗതിനിയമത്തിനെതിരെയുള്ള സമരക്കാലത്ത് ഇത് അതിന്റെ പാരമ്യത്തിലെത്തി. പ്രസ്താവനയിൽ ഒപ്പുവെച്ചവർ പോലും ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടു. ഒരുപക്ഷേ, കേരള ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു അനുഭവം. രാഷ്ട്രീയ നേതൃത്വം എന്തൊക്കെ അവകാശപ്പെട്ടാലും താഴെത്തലത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരായി മാറുന്നുവെന്നത് സിവിൽ സർവീസിൽ വന്നുചേർന്ന വംശീയചിന്തയുടെ ഫലമാണ്. പുതിയ സർക്കാർ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഇടം ഇതുതന്നെ.

മറ്റൊന്ന്, മറ്റു പല സംസ്ഥാന സർക്കാരുകൾക്കും അവകാശപ്പെടാനാവാത്ത പോലെ നമുക്കൊരു ട്രാൻസ്ജെന്റർ നയമുണ്ട്. പക്ഷേ, തെരുവിൽ ട്രാൻസ്ജെന്ററുകളെ ആക്രമിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് പലപ്പോഴും പൊലീസ് തന്നെയാണ്. ദലിതരോടും ആദിവാസികളോടും സ്ത്രീകളോടും ഒക്കെ ഇതേസമീപനമാണ് താഴെത്തലത്തിൽ പ്രാവർത്തികമാകുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഏറ്റുമുട്ടൽ കൊലകൾ ഈ വിസമ്മതത്തെ അധികാരം സമീപിച്ചരീതിയെ പുറത്തുകൊണ്ടുവരുന്നു. ഇതും പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. നിലപാടുകളെ, ശരികളെ ഭാവിയിലേക്ക് മാറ്റിവയ്ക്കുന്ന ഈ ശൈലി പുന:പരിശോധിക്കപ്പെടണം. വിമതചിന്തകളോടുള്ള വിസമ്മതം ആരോഗ്യപരമാവുകയാണ് ഒരു ജനാധിപത്യസമൂഹത്തിന്റെ കാതൽ.

സാമ്പത്തികസംവരണം എന്ന പുതിയ വാദവുമായി നീങ്ങുമ്പോൾ തുല്യത എന്ന ആശയം അട്ടിമറിക്കപ്പെടുന്നു. അവ പിൻവലിച്ച് പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ കൃത്യമാക്കുന്ന ഘടനകൾ സ്വരൂപിക്കേണ്ടതുണ്ട്. സാമ്പത്തികമായി താഴ്ന്ന സവർണർക്ക് കിട്ടുന്ന സംവരണം സവർണ സംവരണം തന്നെയാണ്.

വിദ്യാഭ്യാസരംഗത്ത് തൊഴിൽപരമായ തീരുമാനങ്ങളെടുക്കുന്നതിൽ തൊഴിലാളരായ അധ്യാപകരുടെ താൽപര്യങ്ങളെയും തെരഞ്ഞെടുപ്പിനെയും ഉറപ്പുവരുത്തുന്ന, പുതുകാലത്തെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ തക്കവണ്ണം അവരെ സജ്ജരാക്കുന്ന തരം നീക്കങ്ങൾ ഇനിയുമേറെ ഉണ്ടാവേണ്ടിയിരിക്കുന്നു. മാനവികവിഷയങ്ങളെ കൂടുതലളവിൽ കേന്ദ്രീകരിക്കുന്ന ഇന്റർഡിസിപ്ലിനറി സമീപനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിലധികം തൊഴിലിടങ്ങളിലെ മാന്യവും സുരക്ഷിതവുമായ ഇടപെടൽ ഉറപ്പുവരുത്തുംവിധം നിർബ്ബന്ധമായും ജെന്റർ, ജാതി അവബോധം നടപ്പിലാക്കേണ്ടതുണ്ട്. സ്ത്രീകൾക്കു നേരെ വർധിച്ചുവരുന്ന അസഹിഷ്ണുത പോലെതന്നെ പ്രധാനമായി ദളിത്, മുസ്‌ലിം, ക്വിയർ, ഭിന്നശേഷി വിഭാഗങ്ങൾക്കു നേരെയുള്ള സമീപനങ്ങളെയും കാണേണ്ടതുണ്ട്. കൃത്യമായ നിയമനിർമാണവും അവ നടപ്പിലാക്കാനുള്ള ഔപചാരികമായ നിയമസംവിധാനങ്ങളും ശക്തമാകണം.

2016 നവംബർ 24ന് കരുളായി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുദേവരാജും അജിതയും. ഒന്നരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വാദം. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാണ്.

സംവരണനിയമങ്ങളിൽ വന്ന പുതിയ സമീപനങ്ങൾ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. സാമ്പത്തികസംവരണം എന്ന പുതിയ വാദവുമായി നീങ്ങുമ്പോൾ തുല്യത എന്ന ആശയം അട്ടിമറിക്കപ്പെടുന്നു. അവ പിൻവലിച്ച് പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ കൃത്യമാക്കുന്ന ഘടനകൾ സ്വരൂപിക്കേണ്ടതുണ്ട്. സാമ്പത്തികമായി താഴ്ന്ന സവർണർക്ക് കിട്ടുന്ന സംവരണം സവർണ സംവരണം തന്നെയാണ്. മറ്റൊന്ന്, വലിയൊരു തൊഴിൽ മേഖലയായ എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനരീതികൾ പി.എസ്.സിക്കു വിടുക എന്നതാണ്. വർധിച്ചു വരുന്ന തൊഴിലില്ലായ്മയും നിയമനരംഗത്തെ അഴിമതികളും യുവാക്കളുടെ മാനസികോർജ്ജം കെടുത്തുക തന്നെയാണ്. വ്യാവസായികവകുപ്പിനു തദ്ദേശീയമായ സാധ്യതകളിൽ കൂടുതൽ ഊന്നുന്ന തരം സമീപനം ഗുണം ചെയ്യുമെന്ന തോന്നലുണ്ട്. അതാതു പ്രദേശങ്ങളിലെ വിഭവസാധ്യതകളും തൊഴിൽരീതികളും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാൻ കഴിയണം.

വിദ്യാർത്ഥികളും തൊഴിലാളികളും കൃഷിക്കാരും വീട്ടമ്മമാരും ബുദ്ധിജീവികളും ദലിതരും ന്യൂനപക്ഷങ്ങളും എല്ലാം ചേർന്നു ഉന്നയിക്കുന്ന ജനാധിപത്യഭാവനയിലേക്കു എത്തുവാൻ കഴിയുമ്പോൾ മെച്ചപ്പെട്ട കേരളമായതു തിളങ്ങും.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ - അവ പൊതുവിടത്തിലോ ഓൺലൈനിലോ ആകട്ടെ- ശക്തമായി നേരിടാനും ശിക്ഷയേർപ്പെടുത്താനും കഴിയുന്ന നിയമസംവിധാനമുണ്ടാവണം. ഓൺലൈനിൽ വർധിച്ചുവരുന്ന പ്രതിപക്ഷബഹുമാനം തീണ്ടാത്തതും വ്യക്തിഹത്യ ചെയ്യുന്നതുമായ ഹിംസാത്മകമായ ആൺകൂട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമം ശക്തമാക്കണം. തൊഴിൽസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അന്തസ്സോടെ പ്രവർത്തിക്കാൻ കഴിയുന്നുണ്ട് എന്നതുറപ്പിക്കും വിധം ഈ കാര്യങ്ങൾ കാലികമായി അവലോകനം ചെയ്യേണ്ടതുണ്ട്. വനിതാശിശുക്ഷേമവകുപ്പ് പുറത്തുവിട്ട പോസ്റ്ററുകളിൽ ഇനി വിട്ടുവീഴ്ച വേണ്ട എന്നു തന്നെ ആവർത്തിച്ചു പറയുന്നുണ്ട്. ആ ഉന്മേഷം നീട്ടിവെയ്ക്കാവതല്ല

കേരളം ഇനിയും പരിഗണിക്കേണ്ട പ്രശ്നങ്ങളിലൊന്നാണ് ഭൂപ്രശ്നം. ഭൂപ്രശ്നത്തെ വാസസ്ഥലത്തിന്റെ പ്രശ്നമായി ചുരുക്കുന്ന സമീപനം കേരളത്തിൽ ശക്തമാണ്. ഏറ്റവും പരിഗണന അർഹിക്കുന്ന ഒരു പ്രശ്നങ്ങളിലൊന്നാണ് ഇത്.
എല്ലാ വകുപ്പുകളിലും നിർവഹണത്തിനുശേഷമുളള സാമൂഹിക ഓഡിറ്റിങ് പ്രധാനം തന്നെ. അതേസമയം അതിനേക്കാൾ പ്രധാനമാണ് നിർവഹണ സമയത്തുതന്നെയുളള സാമൂഹികശാസ്ത്രപരമായ പരിഗണനകൾക്കുളളിൽ പ്രവർത്തിക്കുകയെന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, വ്യവസായം തുടങ്ങിയ എല്ലാ വകുപ്പുകളിലും നിർവഹണതലത്തിൽ മുതിർന്ന സാമൂഹിക ശാസ്ത്രജ്ഞരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സമിതികൾക്ക് രൂപം കൊടുക്കണം.
വിദ്യാർത്ഥികളും തൊഴിലാളികളും കൃഷിക്കാരും വീട്ടമ്മമാരും ബുദ്ധിജീവികളും ദലിതരും ന്യൂനപക്ഷങ്ങളും എല്ലാം ചേർന്നു ഉന്നയിക്കുന്ന ജനാധിപത്യഭാവനയിലേക്കു എത്തുവാൻ കഴിയുമ്പോൾ മെച്ചപ്പെട്ട കേരളമായതു തിളങ്ങും. എല്ലാവരുടേതുമാകുക എന്നത് ഉട്ടോപ്പിയയേ അല്ലാതാകും.▮

(*തലക്കെട്ടിന് അലീന ആകാശമിഠായിയുടെ കവിതയിലെ പ്രയോഗത്തിനോട് കടപ്പാട്)


ജി. ഉഷാകുമാരി

എഴുത്തുകാരി, സാമൂഹിക വിമർശക. പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ അസോസിയേറ്റ് പ്രൊഫസർ. ഉടൽ ഒരു നെയ്​ത്ത്​: സംസ്​കാരത്തിന്റെ സ്​ത്രീവായന, വയലറ്റുനാവിലെ പാട്ടുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments