ഗൾഫിനെ ഇനിയും പ്രകോപിപ്പിക്കരുത്

"ജോലി പോവാനോ ജയിലിൽ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോൾ ഭയപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഗൾഫിൽ ഇന്ത്യാ വിരുദ്ധ വികാരം പടരുന്നത് മോദി സർക്കാറിനെ ഭയപ്പെടുത്തുന്നത്? ലോകത്ത് മുഴുവൻ വിശിഷ്യാ പശ്ചാത്യമാധ്യമങ്ങളിൽ, കടുത്തവിമർശനങ്ങൾ വന്നപ്പോഴും കൂസാത്തവർ എന്തുകൊണ്ടാണ് ഗൾഫിലെ പ്രതികരണങ്ങളെ പേടിക്കുന്നത്?"

ൾഫ് പ്രായേണ രാഷ്ട്രീയ നിരപേക്ഷമായ ഒരു മേഖലയാണ്. രാജഭരണ പ്രദേശങ്ങളായതിനാൽ പൊതുവെ ജനക്ഷേമവിഷയങ്ങളും സാമ്പത്തിക കാര്യങ്ങളുമാണ് ഗൾഫ് പൗരന്മാരുടെ മുഖ്യചർച്ചാ വിഷയങ്ങളാകാറുള്ളത്. അന്തർദേശീയ രാഷ്ട്രീയവും അമേരിക്കൻ നയങ്ങളും ചില പ്രത്യേക സാഹചര്യങ്ങളിൽ പൊതുചർച്ചകൾക്ക് വിഷയീഭവിക്കാറുണ്ട്. ഏതെങ്കിലുമൊരു രാജ്യത്തെ ആന്തരിക രാഷ്ട്രീയം ഗൾഫ് പൗരന്മാർ വ്യാപകമായി ചർച്ച ചെയ്യുന്നത് അപൂർവ്വമായേ കണ്ടിട്ടുള്ളൂ.

ഈ പ്രവണതയ്ക്ക് ഇപ്പോൾ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. അതിന് കാരണമായത് അമിതാവേശം ബാധിച്ച, സംഘപരിവാരമനോഭാവമുള്ള ചില പ്രവാസി ഇന്ത്യക്കാരാണെന്നത് രസകരമായ ഒരു സംഗതിയാണ്. മോദി പലവട്ടം ഗൾഫ് സന്ദർശനം നടത്തിയപ്പോളോ യു.എ.ഇ നേതാക്കളടക്കം ഗൾഫ് ഭരണാധിപർ ഇന്ത്യ സന്ദർശിച്ചപ്പോളോ ഒന്നും ഇന്ത്യയുടെ ആന്തരിക രാഷ്ട്രീയമോ മോദിയുടെ വർഗ്ഗീയ രാഷ്ട്രീയമോ സാധാരണ അറബികളുടെ ശ്രദ്ധയിൽ വന്നിരുന്നില്ല. മോദി യു.എ.ഇയിൽ വമ്പിച്ച സ്വീകരണമേറ്റുവാങ്ങുമ്പോഴുള്ള എന്റെ നിർവികാരത പല യു.എ.ഇ സുഹൃത്തുക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. "നിങ്ങളുടെ സമുന്നതനായ നേതാവിനെ ഞങ്ങൾ സാവേശം ആദരിക്കുന്നു. പക്ഷേ നിങ്ങളുടെ മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ!' ജർമ്മനിയിലെ ജൂതന് ഹിറ്റ്‌ലറുടെ ഉയർച്ചയിൽ അഭിമാനമല്ല ഭീതിയാണ് തോന്നിയിരുന്നതെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാൻ?!

പ്രകോപനങ്ങൾ

ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയുടെ സമകാലിക മഹത്വം മനസ്സിലാക്കാനിടയാക്കിയ പ്രധാന സംഗതി ഗൾഫിൽ ജീവിക്കുന്ന ചില സംഘപരിവാറുകാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ്. അതോടൊപ്പം താരതമ്യേന ഉന്നതോദ്യോഗങ്ങളിലിരിക്കുന്ന ചില സംഘപരിവാറുകാരുടെ തനിനിറം പുറത്തുവന്ന ചില സംഭവങ്ങളുമുണ്ടായി. ജോലിക്കപേക്ഷ അയച്ച ഒരു ഇന്ത്യൻ മുസ്‌ലിം യുവാവിന് ദുബായിലെ ഒരു കമ്പനിയുടെ എച്ച്.ആർ വകുപ്പിന്റെ തലവനായ സംഘപരിവാറുകാരൻ മറുപടി അയച്ചത് "തനിക്ക് പാക്കിസ്താനിൽ പോയിക്കൂടേ?' എന്നായിരുന്നു. ഇങ്ങനെയുള്ള ചില സംഭവങ്ങൾ "ഗൾഫ് ന്യൂസ്' പോലുള്ള പത്രങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഇവയൊന്നും പക്ഷേ ഗൾഫ് സ്വദേശികളുടെ ശ്രദ്ധയിൽ അധികം പെട്ടിരുന്നില്ല.

ജോലിക്കപേക്ഷ അയച്ച ഒരു ഇന്ത്യൻ മുസ്‌ലിം യുവാവിന് ദുബായിലെ ഒരു കമ്പനിയുടെ എച്ച്.ആർ വകുപ്പിന്റെ തലവനായ സംഘപരിവാറുകാരൻ മറുപടി അയച്ചത് "തനിക്ക് പാക്കിസ്താനിൽ പോയിക്കൂടേ?' എന്നായിരുന്നു.

അതിനിടയിലാണ് ഇന്ത്യയിൽ കൊറോണ വൈറസും വർഗ്ഗീയ വൈറസും തമ്മിലുള്ള മത്സരയോട്ടം തുടങ്ങുന്നത്. കൊറോണയെ ഇസ്‌ലാമിലേക്ക് മാർക്കം കൂട്ടിയതിന്റെ അനുരണനങ്ങൾ ഗൾഫിലുള്ള സംഘപ്രവാസികളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കൊറോണയെ ഉപയോഗിച്ച് മുസ്‌ലിം വിരോധം വർധിപ്പിക്കാനുള്ള വ്യാജ രാജ്യസ്‌നേഹികളുടെ തത്രപ്പാട് കണ്ട ഗൾഫിലെ സംഘപരിവാറുകാരും "അണ്ണാറക്കണ്ണനും തന്നാലായതെ'ന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വിഷവ്യാപനം നടത്തുകയും അത് അവിടുത്തെ പത്രങ്ങൾ വെണ്ടക്ക നിരത്തുകയും ചെയ്തു. വലിയ ജോലിത്തിരക്കൊന്നുമില്ലാതെ എല്ലാവരും വീട്ടിലിരിക്കുന്ന കൊറോണക്കാലമായത് കൊണ്ടാവണം ഇത് പലരുടേയും ശ്രദ്ധയാകർഷിച്ചു.

വിഷം വമിപ്പിക്കാനിറങ്ങിത്തിരിച്ച ഗൾഫ് സംഘപരിവാറുകാരിൽ പലർക്കും ജോലി പോകുകയും ചിലർക്കെതിരെ നിയമനടപടികൾ ഉണ്ടാവുകയും ചെയ്തപ്പോൾ പ്രവാസി സംഘപരിവാറുകാരോട് ഐക്യദാർഢ്യവുമായി വാസി സംഘപരിവാറുകാരുടെ ട്രോൾ കൂട്ടങ്ങൾ രംഗത്തിറങ്ങി. ഇസ്‌ലാമിനേയും മുസ്‌ലീംകളേയും കൂടാതെ അറബികളേയും അറബ് ഗൾഫ് നാടുകളേയും കൂടി ചീത്തപറയാൻ തുടങ്ങി സംഘട്രോളുകൾ. യു.എ.ഇയെ സാമ്പത്തികമായി ബഹിഷ്‌കരിക്കാനുള്ള ട്വിറ്ററാഹ്വാനങ്ങൾ വരെ ഉണ്ടായി.

ഗൾഫിലിരുന്ന് മുസ്‌ലിം വിരുദ്ധ വിഷം വമിച്ചിരുന്ന പല സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ഒരല്പം ജാഗ്രതയും മര്യാദയും ഇപ്പോൾ ദൃശ്യമാകുന്നുണ്ട്. ജോലി പോവാനോ ജയിലിൽ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോൾ ഭയപ്പെടുന്നുണ്ട്.

വാസി സംഘപരിവാറുകാരുടെ ആവേശപ്പുറപ്പാടിൽ രോമാഞ്ചകഞ്ചുകമണിഞ്ഞ ചില പ്രവാസി സംഘപരിവാറുകാർ തലമറന്നെണ്ണ തേയ്ക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ പിടിവിട്ടത്. ഗൾഫ്, രാജ്യങ്ങൾ കെട്ടിപ്പടുത്തത് തന്നെ ഹിന്ദുക്കളാണെന്ന മട്ടിലുള്ള ഗീർവ്വാണം നടത്തിയാണ് ഒരു സംഘപരിവാർ വിദ്വാൻ ആത്മത്യാഗം നടത്തിയത്! ദുബായിൽ വർഷങ്ങളോളം ബിസിനസ്സ് നടത്തി സമ്പാദിച്ച പണവും മോദിയുടെ സൂപ്പർമാൻ പരിവേഷത്തിലുള്ള അമിതമായ വിശ്വാസവുമായിരിക്കണം കക്ഷിയെ ദുബായിലിരുന്നുകൊണ്ട് തന്നെ അത്തരമൊരു ഗീർവ്വാണം നടത്താൻ പ്രേരിപ്പിച്ചത്. അറിയാൻ കഴിഞ്ഞിടത്തോളം പുള്ളിയുടെ കാര്യത്തിൽ തീരുമാനമായിക്കഴിഞ്ഞിട്ടുണ്ട്.

കാര്യങ്ങൾ ഇത്രത്തോളമായപ്പോഴാണ് പ്രമുഖരായ ചില അറബ് വ്യക്തിത്വങ്ങൾ പരസ്യമായി രംഗത്ത് വന്നത്. ഷാർജ രാജകുടുംബാംഗമായ ശൈഖ ഹിന്ദ് അൽഖാസിമിയായിരുന്നു അവരിൽ ഏറ്റവും പ്രമുഖ. താനിത്രകാലവും സ്‌നേഹിക്കുകയും അറിയുകയും ചെയ്ത ഇന്ത്യ എങ്ങനെയാണ് വംശീയ വിദ്വേഷത്തിന്റേയും മതവെറിയുടേയും കേന്ദ്രമായി മാറിയതെന്ന് അവർ അത്ഭുതം കൂറി. കുവൈറ്റിലും സൗദിയിലുമൊക്കെയുള്ള മറ്റു ചിലരും സമാനപ്രതികരണങ്ങളുമായി വന്നതോടെ വിഷയം മാധ്യമങ്ങളിൽ ചർച്ചയായി. ചില പത്രങ്ങൾ ശക്തമായ പത്രാധിപക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. ഇതൊരു തലവേദനയായി മാറുന്നത് തിരിച്ചറിഞ്ഞ ഇന്ത്യൻ ഗവൺമെന്റും ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും "ഡാമേജ് കൺട്രോളി'നുള്ള പ്രയത്‌നം ആരംഭിച്ചു. കൊറോണയ്ക്ക് മതത്തിന്റെ പേരിൽ വിവേചനം നടത്താനറിയില്ലെന്നും വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്നുമൊക്കെപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി 'ലിങ്ക്ഡ് ഇന്നി'ൽ പ്രസ്താവനയിറക്കുന്നത് ഈ സാഹചര്യത്തിലാണ്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ബലത്തിൽ സമാനവികാര പ്രകടനങ്ങളുമായി ഇന്ത്യൻ സ്ഥാനപതിമാരും രംഗത്തെത്തി. ഗൾഫിലിരുന്ന് മുസ്‌ലിം വിരുദ്ധ വിഷം വമിച്ചിരുന്ന പല സോഷ്യൽമീഡിയ അക്കൗണ്ടുകളിലും ഒരല്പം ജാഗ്രതയും മര്യാദയും ഇപ്പോൾ ദൃശ്യമാകുന്നുണ്ട്. ജോലി പോവാനോ ജയിലിൽ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോൾ ഭയപ്പെടുന്നുണ്ട്.

എന്തുകൊണ്ടാണ് ഗൾഫിൽ ഇന്ത്യാ വിരുദ്ധ വികാരം പടരുന്നത് മോദി സർക്കാറിനെ ഭയപ്പെടുത്തുന്നത്? ലോകത്ത് മുഴുവൻ വിശിഷ്യാ പശ്ചാത്യമാധ്യമങ്ങളിൽ, കടുത്തവിമർശനങ്ങൾ വന്നപ്പോഴും കൂസാത്തവർ എന്തുകൊണ്ടാണ് ഗൾഫിലെ പ്രതികരണങ്ങളെ പേടിക്കുന്നത്? ഊർജ്ജ സുരക്ഷയും സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ട ഉത്കണ്ഠകളാണിതിന്റെ പ്രധാനകാരണം. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജോലിയേയും ബിസിനസ്സുകളേയും ഇത് ബാധിക്കാമെന്ന ആശങ്ക തീർച്ചയായും മറ്റൊരു പ്രധാന ഘടകമാണ്. അവയേക്കാളേറെ പ്രധാനം ഇന്ത്യാവിരുദ്ധവികാരം ഗൾഫിൽ ശക്തിപ്പെട്ടാൽ അതിന്റെ പ്രാഥമിക ഗുണഭോക്താവ് പാക്കിസ്താനായിരിക്കുമെന്ന തിരിച്ചറിവാണ്. പാക്കിസ്താന്റെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ പരസ്യമായും രഹസ്യമായും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചു വന്നിട്ടുള്ളത്. മാത്രവുമല്ല, അറിബികൾക്ക് ഇന്ത്യക്കാരേയാണ് പാക്കിസ്താനികളേക്കാൾ കൂടുതൽ ഇഷ്ടവും വിശ്വാസവും. ഗൾഫിലെ വെള്ളം കലങ്ങിയാൽ മീൻപിടിക്കാൻ പാക്കിസ്താൻ സർവ്വസന്നാഹങ്ങളോടെ തുനിഞ്ഞിറങ്ങുമെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതാണ് ഏതാനും അറബ് പ്രമുഖരുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ വന്നപ്പോഴേക്ക് മതസൗഹാർദ്ദ പ്രസ്താവനയിറക്കാൻ മോദിയെ പ്രേരിപ്പിച്ച പ്രധാന സംഗതി.


Summary: "ജോലി പോവാനോ ജയിലിൽ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാറുകാർ ഇപ്പോൾ ഭയപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഗൾഫിൽ ഇന്ത്യാ വിരുദ്ധ വികാരം പടരുന്നത് മോദി സർക്കാറിനെ ഭയപ്പെടുത്തുന്നത്? ലോകത്ത് മുഴുവൻ വിശിഷ്യാ പശ്ചാത്യമാധ്യമങ്ങളിൽ, കടുത്തവിമർശനങ്ങൾ വന്നപ്പോഴും കൂസാത്തവർ എന്തുകൊണ്ടാണ് ഗൾഫിലെ പ്രതികരണങ്ങളെ പേടിക്കുന്നത്?"


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments