1977. അടിയന്തരാവസ്ഥയുടെ ഉരുക്കുമുഷ്ഠിയിൽ നിന്ന് ഉയിർത്തെണീറ്റ രാജ്യം വീണ്ടും ജനാധിപത്യം ശ്വസിച്ച് തുടങ്ങിയ സമയം. തെരഞ്ഞെടുപ്പ് തോൽവിയുടെ തിരിച്ചടിയിൽ നിൽക്കുന്ന ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് ഡൽഹി ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള മാർച്ച്. തെരഞ്ഞെടുപ്പ് തോൽവിക്കുശേഷവും ജെ എൻ യുവിൻെറ ചാൻസലറായി തുടരുകയായിരുന്ന ഇന്ദിരാഗാന്ധി ആ സ്ഥാനം രാജിവെക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സമരത്തിന് നേതൃത്വം നൽകിയത് മുഷിഞ്ഞ വെളുത്ത ജുബ്ബയും പാൻറുമണിഞ്ഞ ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരൻ.
മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർഥികളെ കണ്ട് ഇന്ദിര പുറത്തിറങ്ങി. തൻെറ കയ്യിലുള്ള, ആവശ്യങ്ങളടങ്ങിയ നിവേദനം വിദ്യാർഥി നേതാവ് വായിച്ചു. അടിയന്തരാവസ്ഥയിൽ ഇന്ദിരയുടെ ഭരണകൂടം സാധാരണ മനുഷ്യരോട് കാണിച്ച അക്രമങ്ങളെക്കുറിച്ചായിരുന്നു ആ കുറിപ്പിലെ ആദ്യഭാഗം. അതുവരെ പുഞ്ചിരിച്ച് നിന്ന ഇന്ദിരയുടെ മുഖം മാറിത്തുടങ്ങി. അവർ തിരിച്ചുപോയി. എന്നാൽ, അടുത്ത ദിവസം അവർക്ക് ചാൻസിലർ സ്ഥാനം രാജിവെക്കേണ്ടിവന്നു.
ഇന്ദിരയെ മുട്ടുകുത്തിച്ച ജെ എൻ യു വിദ്യാർഥികളുടെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് 25കാരനായ സീതാറാം യെച്ചൂരിയായിരുന്നു (Sitaram Yechury). ആന്ധ്രയിലെ സർക്കാർ ജീവനക്കാരായ ദമ്പതികൾക്ക് പിറന്ന മകൻ. ഹൈദരാബാദിലെ സ്കൂൾ പഠനകാലത്തിനും ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെ ഡിഗ്രി പഠനത്തിനും ശേഷമാണ് യെച്ചൂരി ജെ എൻ യുവിലെത്തുന്നത് (JNU). 1974-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ കോഴ്സിനാണ് അദ്ദേഹം സർവകലാശാലയിൽ ചേർന്നത്. എന്നാൽ പ്രായോഗിക രാഷ്ട്രീയവും സമരങ്ങളും ഇടതു സംഘടനാ പാഠങ്ങളുമാണ് (Left Politics) യെച്ചൂരി ജെ എൻ യുവിൽനിന്ന് പഠിച്ചത്.
1974-ൽ തന്നെയാണ് അദ്ദേഹം എസ്.എഫ്.ഐയിൽ ചേരുന്നത്. 1975-ൽ അടിയന്തരാവസ്ഥയുടെ കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിൻെറ മുൻനിരയിൽ പ്രവർത്തിച്ചു. ആ വർഷം തന്നെ സി പി ഐ-എമ്മിലും യെച്ചൂരിക്ക് അംഗത്വം ലഭിച്ചു. ജെ എൻ യുവിൽ വിദ്യാർഥി സംഘാടകനായി തുടങ്ങിയ യെച്ചൂരി പിന്നീട് സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻറുമായിരുന്നു. പക്വതയുള്ള രാഷ്ട്രീയ നേതാവായി യെച്ചൂരി വളർന്നുതുടങ്ങുന്നത് അവിടെ നിന്നാണ്. ജെ എൻ യുവിൽ യെച്ചൂരിയുടെ സഹപ്രവർത്തകനായിരുന്നു പ്രകാശ് കാരാട്ട്. വിദ്യാർഥി രാഷ്ട്രീയത്തിൽ ഒരുമിച്ച് തുടങ്ങിയ ഇരുവരും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും സി പി എമ്മിനെ ഒരുമിച്ച് നയിച്ചു.
1978-ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനൊപ്പം ഒരു ചരിത്രം കൂടി യെച്ചൂരി എഴുതിച്ചേർക്കുന്നുണ്ട്. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമല്ലാതെ ഒരാൾ ആദ്യമായിട്ടായിരുന്നു എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറാവുന്നത്. 1984-ൽ സി പി എം കേന്ദ്ര കമ്മിറ്റിയിലും 1992-ലെ പതിനാലാം പാർട്ടി കോൺഗ്രസിന് ശേഷം പോളിറ്റ് ബ്യൂറോയിലും എത്തിയ യെച്ചൂരി 2015-ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിൻെറ പിൻഗാമിയായി സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായത്. കാരാട്ടിൻെറ പിൻഗാമിയായാണ് യെച്ചൂരി ജെ എൻ യു സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻറാവുന്നത് എന്ന കൗതുകം കൂടിയുണ്ട്.
1978-ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനൊപ്പം ഒരു ചരിത്രം കൂടി യെച്ചൂരി എഴുതിച്ചേർക്കുന്നുണ്ട്. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമല്ലാതെ ഒരാൾ ആദ്യമായിട്ടായിരുന്നു എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറാവുന്നത്.
“ഞാൻ ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണ്. ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം 11ാം വയസ്സിൽ ചെയ്തു. എല്ലാ വേദങ്ങളും പഠിച്ചു. ഇപ്പോൾ നിങ്ങൾ എന്നോട് ചോദിക്കുന്നു, സീതാറാം എന്ന പേരുള്ള, എല്ലാ വേദങ്ങളിലും അറിവുള്ള നിങ്ങളെങ്ങനെ കമ്മ്യൂണിസ്റ്റായി മാറിയെന്ന്. ഞാൻ കമ്മ്യൂണിസ്റ്റായത് ഇതെല്ലാം പഠിച്ച് വളർന്നത് കൊണ്ട് തന്നെയാണ്,” എം.പിയായിരിക്കേ പാർലമെൻറിനകത്ത് ഒരു ചർച്ചക്കിടയിൽ യെച്ചൂരി പറഞ്ഞതാണിത്. അദ്ദേഹത്തിൻെറ രാഷ്ട്രീയ ദിശാബോധം ഉരുവപ്പെട്ടത് സ്വയമുണ്ടായ തിരിച്ചറിവുകളിൽ നിന്നും ആഴത്തിലുള്ള വായനയിൽ നിന്നുമായിരുന്നു. അതിനാൽ തന്നെ ഉറച്ച ബോധ്യത്തോടു കൂടിയാണ് യെച്ചൂരി ഇടതുരാഷ്ട്രീയ മണ്ഡലത്തിൽ നിലയുറപ്പിച്ചതും നിലപാടെടുത്തതും.
സി പി എം പോലൊരു കേഡർ സംവിധാനത്തെ അച്ചടക്കത്തോടെ നയിച്ച ജനകീയ നേതാവായിരുന്നു യെച്ചൂരി. മാധ്യമ പ്രവർത്തകരോട് പാർട്ടി കാര്യങ്ങൾ വിശദീകരിക്കുമ്പോഴോ പാർലമെൻറിൽ, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴോ യെച്ചൂരി ഒരിക്കലും തൻെറ സ്വതസിദ്ധമായ സൗമ്യത കൈവിട്ടിട്ടില്ല. സി പി എം രാഷ്ട്രീയത്തിൽ ഇ എം എസ്സിൻെറയും ജ്യോതിബസുവിൻെറയും കൈപിടിച്ച് വളർന്ന യെച്ചൂരി ഹർകിഷൻ സിങ് സുർജിത്ത് തെളിച്ച പാതയിലൂടെയാണ് പാർട്ടിയെ നയിച്ചത്. 1996-ൽ ജ്യോതിബസുവിനെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ കിട്ടിയ അവസരം വേണ്ടെന്ന് വാദിച്ചവരിൽ പ്രധാനപ്പെട്ട ഒരാൾ യെച്ചൂരിയായിരുന്നു.
വ്യക്തിബന്ധങ്ങൾക്കപ്പുറം രാഷ്ട്രീയത്തിൽ നിലപാടിനും പാർട്ടി തീരുമാനങ്ങൾക്കും തന്നെയാണ് യെച്ചൂരി എന്നും വിലകൽപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരന് ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള അവസരം തുലച്ചുവെന്ന് പിന്നീട് പാർട്ടി നേതാക്കളിൽ തന്നെ പലരും വിലയിരുത്തിയിട്ടും, ‘ചരിത്രപരമായ മണ്ടത്തരം’ എന്ന പ്രയോഗമായി പാർട്ടിക്കെതിരെ അത് വികസിച്ചപ്പോഴും ആ തീരുമാനത്തിൽ പുനർവിചിന്തനമോ നിലപാട് മാറ്റമോ യെച്ചൂരി വരുത്തിയില്ല. ജ്യോതിബസുവിനുപകരം ജനതാദൾ നേതാവായ എച്ച്.ഡി ദേവഗൗഡയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയ തീരുമാനത്തിലേക്ക് നയിച്ച ചർച്ചകളിലും യെച്ചൂരിയുടെ ഇടപെടലുകൾ നിർണായകമായിരുന്നു.
കോൺഗ്രസ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന കാലത്തുനിന്ന് മുന്നണി രാഷ്ട്രീയത്തിലേക്ക് ഇന്ത്യ ചുവടുമാറിയ കാലത്ത് പ്രായോഗിക രാഷ്ട്രീയത്തിൽ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തിൽ ഏറ്റവും വ്യക്തതയുള്ള കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു സീതാറാം യെച്ചൂരി. വർഗീയ കക്ഷികളെ പാർലമെൻറി രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താനുള്ള പ്രായോഗിക രാഷ്ട്രീയ ചർച്ചകളിലെല്ലാം യെച്ചൂരി എപ്പോഴും നിറഞ്ഞ് നിന്നിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം, 1990-കളുടെ മധ്യകാലത്ത് ഇന്ത്യൻ രാഷ്ട്രീയം അസ്ഥിരമായിപ്പോയ ഘട്ടത്തിൽ വർഗീയ വിരുദ്ധ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ യെച്ചൂരി മുന്നിൽ നിന്നിട്ടുണ്ട്. 2004 മുതൽ 2014 വരെ മൻമോഹൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരുന്ന ഘട്ടത്തിൽ, ആദ്യ യു.പി.എ സർക്കാറിന് ഇടതുപക്ഷത്തിൻെറ പിന്തുണയുമുണ്ടായിരുന്നു. പാർലമെൻറിനകത്ത് ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള അക്കാലത്ത് പൊതുമിനിമം പരിപാടിയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അത് നടപ്പാക്കിയെടുക്കുന്നതിലും പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന യെച്ചൂരിക്ക് വലിയ പങ്കുണ്ട്. യു പി എ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുമ്പോഴും ആ നിലപാടിന് പിന്നിൽ യെച്ചൂരിയടങ്ങുന്ന നേതൃത്വമായിരുന്നു. പിന്തുണ പിൻവലിക്കുന്നതിൽ യെച്ചൂരിക്ക് വിയോജിപ്പുണ്ടായിരുന്നുവെങ്കിലും പ്രകാശ് കാരാട്ടിൻെറ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുകയാണ് അദ്ദേഹം ചെയ്തത്. കോൺഗ്രസിനോട് ചേർന്നുനിന്ന് ഇടതുപക്ഷത്തെ നയിച്ചപ്പോഴും കോൺഗ്രസിൻെറ നവ-ഉദാരീകരണ നയങ്ങളോട് യെച്ചൂരിയെന്ന നേതാവ് എക്കാലത്തും വിയോജിച്ച് കൊണ്ടേയിരുന്നു. രണ്ടാം യു പി എ സർക്കാരിൻെറ കാലത്ത് അഴിമതിയിൽ കുളിച്ച പല പദ്ധതികളേയും തുറന്നെതിർക്കുകയും അത് പാർലമൻെറിൽ അവതരിപ്പിക്കാൻ മുൻകയ്യെടുക്കുകയും ചെയ്തിട്ടുണ്ട് യെച്ചൂരി.
2005 ജൂലൈയില്‍ യെച്ചൂരി ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ ജനകീയ പ്രശ്‌നങ്ങളുടെ ചര്‍ച്ചാവേദിയാക്കുന്നതില്‍ യെച്ചൂരിയുടെ ഇടപെടല്‍ ഏറെ സഹായിച്ചു.
2005 ജൂലൈയില്‍ യെച്ചൂരി ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ ജനകീയ പ്രശ്‌നങ്ങളുടെ ചര്‍ച്ചാവേദിയാക്കുന്നതില്‍ യെച്ചൂരിയുടെ ഇടപെടല്‍ ഏറെ സഹായിച്ചു. 2005- 2017 കാലത്ത് രണ്ടുതവണ യെച്ചൂരി രാജ്യസഭാംഗമായി. 2017-ല്‍ യെച്ചൂരിയുടെ അംഗത്വത്തിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പശ്ചിമബംഗാളില്‍നിന്ന് അദ്ദേഹത്തിന് മത്സരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് സി.പി.എം തള്ളി. 2020-ലും, യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചു. യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ഒരു നേതാവിനെ രണ്ടു തവണയില്‍ കൂടുതല്‍ നാമനിര്‍ദേശം ചെയ്യേണ്ടതില്ലെന്ന നിലപാടിലായിരുന്നു പാര്‍ട്ടി.
പത്ത് വർഷത്തിനിപ്പുറത്ത് 2024-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരിനെതിരെ കോൺഗ്രസും ഇടതുകക്ഷികളും പ്രാദേശിക പാർട്ടികളുമെല്ലാം ചേർന്നുള്ള ‘ഇന്ത്യ’ മുന്നണി രൂപീകരിക്കുമ്പോഴും ചർച്ചകളിൽ സീതാറാം യെച്ചൂരി മുന്നിൽ തന്നെ നിന്നു. രാഹുൽഗാന്ധിയുമായുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ സൗഹൃദവും അടുപ്പവും ദേശീയതലത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള വിനിമയങ്ങളുടെ അടിത്തറയായി വർത്തിച്ചു. ‘ഇന്ത്യ’ മുന്നണിയുടെ പുരോഗമനപരമായ പല രാഷ്ട്രീയനീക്കങ്ങൾക്കും ഈ ബന്ധം രാസത്വരകമായി വർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 12ന് യെച്ചൂരിക്ക് 72 വയസ്സ് തികഞ്ഞപ്പോൾ, അദ്ദേഹവുമൊത്തുള്ള പടം എക്സിൽ പങ്കുവെച്ച് രാഹുൽ കുറിച്ചു: ‘‘Wishing a very happy birthday to Sitaram Yechury ji. May this year bring you good health and happiness. Together, INDIA will persist in our fight against injustice and inequality, striving for a more inclusive and equitable development of our nation’’.
സി പി എമ്മിൽ എക്കാലത്തും ബംഗാൾ ഘടകത്തിൻെറ പിന്തുണയുള്ള നേതാവാണ് യെച്ചൂരിയെന്ന പൊതുവിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. ബംഗാളിൽ പാർട്ടി ശിഥിലമായിപ്പോയ ശേഷം കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാമെന്ന ധാരണയുണ്ടാക്കുന്നതും യെച്ചൂരിയാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് ചേർന്ന് നിന്നാണ് ബംഗാളിൽ സി പി എം മത്സരിച്ചത്. നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസിനോടൊപ്പം മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് സി പി എം എത്തുന്നത്. ചർച്ചകളുടെ തുടക്കം മുതൽ പാർലമെൻററി രാഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പം മത്സരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് പാർട്ടി സെക്രട്ടറി കൂടിയായ യെച്ചൂരിയെടുത്തത്.
കേരളത്തിൽ സി പി എമ്മിലെ വിഭാഗീയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദനൊപ്പമാണ് യെച്ചൂരി നിന്നതെന്ന വിലയിരുത്തലുകളുണ്ടായിട്ടുണ്ട്. പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയാവുന്ന തീരുമാനമെടുത്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വി.എസിനെ ‘കേരള ഫിദൽ’ എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്.
പാർലമെൻററി രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറഞ്ഞ ഘട്ടത്തിലാണ് യെച്ചൂരി സി.പി.എമ്മിന്റെ ദേശീയ സെക്രട്ടറിയാവുന്നത്. കേരളത്തിൽ മാത്രമാണ് പാർട്ടി നിലവിൽ ഭരിക്കുന്നത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ഭരിക്കുകയും ലോക്സഭയിലും രാജ്യസഭയിലുമായി നിരവധി എം.പിമാരുമുണ്ടായിരുന്ന പാർട്ടി ഇക്കാലത്ത് നേരിട്ടത് വലിയ തിരിച്ചടിയാണ്. സി പി എമ്മിന് പാർലമെൻററി രാഷ്ട്രീയത്തിൽ വലിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും അത് തിരുത്താൻ ആവശ്യമായ നടപടികൾ വേണമെന്ന് തുറന്നുപറയുകയും ചെയ്തിട്ടുണ്ട് യെച്ചൂരി.
പാർലമെൻററി രാഷ്ട്രീയത്തിൽ പാർട്ടി ദുർബലമായിപ്പോയ ഘട്ടത്തിൽ നേതൃത്വത്തിൽ ഇരുന്നപ്പോഴും ദേശീയ തലത്തിൽ കേന്ദ്ര സർക്കാരിനെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ യെച്ചൂരി മുൻകയ്യെടുത്തിട്ടുണ്ട്. കർഷകരുടെ ഐതിഹാസികമായ സമരത്തിലും തൊഴിലാളി പ്രക്ഷോഭങ്ങളിലും യെച്ചൂരി നേതൃപരമായ പങ്ക് വഹിച്ചിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിലും പ്രതിപക്ഷം മുന്നേറ്റം നടത്തിയതിനും പിന്നിൽ ഈ സമരങ്ങളുടെ ഊർജ്ജമായിരുന്നുവെന്നത് നിസ്തർക്കമാണ്.
വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി, ഇടതു സംഘടനാ നേതൃത്വത്തിൻെറ മുൻനിരയിൽ നിന്ന്, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും സംഘപരിവാറിനെതിരെയും അടിയുറച്ച നിലപാടുകളെടുത്ത്, വലതുപക്ഷത്തിൻെറ നവ-ഉദാരീകരണ നയങ്ങൾക്ക് ബദൽ വേണമെന്ന് വാദിച്ച്, കർഷക-തൊഴിലാളി-ബഹുജനങ്ങളെ ചേർത്തുനിർത്തി സമരങ്ങൾ നയിച്ച്, പ്രായോഗിക രാഷ്ട്രീയത്തിൽ തന്ത്രപരമായ ചുവടുകൾ വെച്ച്, ഇന്ത്യയിൽ മുന്നണി രാഷ്ട്രീയത്തിന് അടിത്തറയുണ്ടാക്കിയ കമ്മ്യൂണിസ്റ്റ് നേതാവ് എന്നായിരിക്കും കാലം സീതാറാം യെച്ചൂരിയെ അടയാളപ്പെടുത്തുക.