തർക്കം, സംവാദം, ഇ.എം.എസ്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

സംവാദത്തെ ആധുനികതയിലെ അർഥോത്പാദനവഴി എന്നു വിശേഷിപ്പിക്കുന്നുണ്ട് ഇ.വി.രാമകൃഷ്ണൻ ഒരിടത്ത്. ആധുനികപൂർവമായ ഒരു സമൂഹഘടനയിൽ അർഥങ്ങൾ സ്വയംസിദ്ധമാണ്; ആധുനികതയിലാവട്ടെ അത് പരസ്പര സംവാദത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടാവേണ്ട ഒന്നാണ്. ആദ്യത്തേത് being ആണെങ്കിൽ രണ്ടാമത്തെത് becoming ആണ് എന്നു പറയാം. ആ നിലയിൽ ആധുനികതയുടെ അടിസ്ഥാനബലമാണ് സംവാദം. വ്യക്തികൾ തങ്ങളുടെ ആശയങ്ങളെ ഭയാശങ്കകളില്ലാതെ പ്രക്ഷേപിപ്പിക്കുകയും അവ തമ്മിൽ തമ്മിൽ സംവാദത്തിലേർപ്പെട്ട് രാഷ്ട്രീയഘടനയെ നിർണയിക്കുകയും ചെയ്യുന്ന ഒന്നിനെയാണല്ലോ പൊതുമണ്ഡലം എന്നുവിളിക്കാറുള്ളത്.

ജനാധിപത്യത്തിന്റെ മുന്നുപാധിയാണ് സംവാദാത്മക പൊതുമണ്ഡലം. "എന്താണ് പ്രബുദ്ധത' (What is Enlightenment) എന്ന് വിശദീകരിക്കുമ്പോൾ ഇമ്മാനുവൽ കാന്റ് സംവാദത്തിന്റെ പ്രാധാന്യത്തിൽ ഊന്നുന്നത് കാണാം. മധ്യകാല മതപരതയുടെ പൗരോഹാധിപത്യം എല്ലാ സമൂഹങ്ങളും മറി കടന്നത് പരസ്പര സംവാദങ്ങളുടെ ഉൾക്കരുത്തിൽ കൂടിയാണ്. സാമൂഹ്യപരിണാമത്തിന്റെ ഉയർന്ന ഘട്ടത്തിലേക്കുള്ള സഞ്ചാരത്തിൽ ആശയങ്ങളുടെ സർവ്വസ്വതന്ത്ര്യമായ സഞ്ചാരത്തിന് വലിയ പങ്കുതന്നെയാണുള്ളത്. അതു കൊണ്ട് കൂടിയാണ് എല്ലാ ആധുനികസമൂഹങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തെ മൗലികാവകാശമായി സ്ഥാനപ്പെടുത്തുന്നത്. വ്യക്തിയുടെ ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യം കരുത്തു നേടുന്നത് എന്ന് മറ്റൊരു ഭാഷയിൽ പറയാം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഏത് നീക്കവും ജനാധിപത്യത്തിന്റെ അടിത്തറയ്ക്കിട്ടുള്ള അടിയാവുന്നത് അങ്ങനെയാണ്. എല്ലാ ജനാധിപത്യ സമൂഹവും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭരണഘടനാപരമായി സംരക്ഷിക്കുന്നതിന്റെ കാതലും ഇതുതന്നെയാണ്. ഇന്ത്യൻ ഭരണഘടനയും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മറ്റെന്തിനെക്കാളും വില മതിച്ചു പോരുന്നു.

ഉദാരമാനവവാദത്തിന്റെ വിശാലമായ ആകാശത്തിലാണ് ഭരണഘടന ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സ്ഥാനപ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയിൽ 19 മുതൽ 22 വരെയുള്ള വകുപ്പുകൾ സ്വാതന്ത്യത്തിനുള്ള അവകാശം ഉറപ്പ് നൽകുന്നുണ്ട്. ഇതിൽ 19-ാം വകുപ്പാണ് ഏറ്റവും പ്രധാനപ്പെട്ടത്. അത് എല്ലാ പൗരന്മാർക്കും 6 മൗലികസ്വാതന്ത്ര്യങ്ങൾക്കുള്ള അധികാരമുറപ്പാക്കുന്നു.അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഭിപ്രായസ്വാതന്ത്യവും ആവിഷ്‌കാരസ്വാതന്ത്യവും. ജനാധിപത്യ വ്യവസ്ഥയിൽ പൗരൻമാർക്ക് ലഭിക്കുന്ന ഏറ്റവും സുപ്രധാനമായ അവകാശങ്ങളാണ് അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരസ്വാതന്ത്യത്തിനുമുള്ള അവകാശങ്ങൾ. സ്വന്തം നിർവാഹകശേഷിയുടെ ഏറ്റവും രചനാത്മകമായ ആവിഷ്‌കാരമാണ് ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രക്ഷേപണം. അവയിലൂടെ കൂടുതൽ ജനാധിപത്യപരമായ പോളിറ്റി കെട്ടിയുയർത്തപ്പെടുകയാണുണ്ടാവുന്നത്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

ആദ്യം നാം തർക്കത്തെയും സംവാദത്തെയും വകതിരിച്ചു മനസിലാക്കേണ്ടതുണ്ട് എന്നു തോന്നുന്നു. തർക്കം മുൻപേ ഇവിടെ നിലനിന്നിരുന്ന ഒന്നാണ്; ബ്രാഹ്മണ്യം ജ്ഞാനാധികാരം നേടിയത് താർക്കികതയിലൂടെയാണ്. ബ്രാഹ്മണിസത്തിന്റെ രീതിശാസ്ത്രമാണ് തർക്കം. പൂർവപക്ഷത്തെ ഖണ്ഡിച്ചാണല്ലോ സിദ്ധാന്തപക്ഷം സ്ഥാപിക്കപ്പെടുക. ഖണ്ഡനം, സ്ഥാപനം എന്നീ പ്രയോഗങ്ങൾ ശ്രദ്ധാർഹമാണ്. ആ വഴിയിൽ ആഴമേറിയ വൈജ്ഞാനികത രൂപപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണെങ്കിലും ഒരു ആധുനിക സമൂഹം താർക്കികത വർജ്ജിക്കേണ്ടതുണ്ട്. ട്രൂകോപ്പിയിൽ തന്നെ വന്ന ഒരു ലേഖനത്തിൽ polemics എന്ന വാക്കിന്റെ ഗ്രീക്ക് മൂലപദത്തിന് "യുദ്ധസമാനമായ ശത്രുതയുള്ളത്' (war like hostile) എന്ന അർഥമാണുള്ളത് എന്ന് വായിച്ചിട്ടുണ്ട്.

യുദ്ധം എന്നർഥമുള്ള polemos ൽ നിന്നാണത്രേ polemics ഉരുത്തിരിഞ്ഞുവന്നത്. തർക്കം എന്നത് സ്വന്തം അഭിപ്രായത്തിൽ ഇളകാതെ നിന്ന് മറുപക്ഷത്തിന് മുകളിൽ നേടിയെടുക്കുന്ന സമ്പൂർണാധിപത്യമാണ്. സംവാദമാകട്ടെ നാരായണഗുരു പറയുന്നതുപോലെ അറിയാനും അറിയിക്കാനുമായുള്ളതും. സംവാദത്തിൽ പ്രക്ഷേപണം എന്നതുപോലെ സ്വാംശീകരണവുമുണ്ട്. കർത്താവിന്റെ ബോധ്യങ്ങളെ അതിളക്കും. നാം പലപ്പോഴും തർക്കത്തെ സംവാദമായി തെറ്റിദ്ധരിക്കാറുണ്ട്. താർക്കികതയും അതിന്റെ ഭാഷാസ്വരൂപവും ഈയിടെ രൂപപ്പെട്ടതൊന്നുമല്ല. കേരളത്തിന്റെ ആധുനികീകരണഘട്ടത്തിൽ സംവാദം എന്നതുപോലെ തർക്കവും പ്രബലമായിരുന്നു. പുല്ലേലിക്കുഞ്ചു പോലുള്ള ആദ്യകാലനോവലുകൾ തർക്കരൂപത്തിലാണ്. ചട്ടമ്പി സ്വാമികളോ മക്തി തങ്ങളോ അന്യമതഖണ്ഡനം നടത്തുന്നത് താർക്കികമായാണ്. കൗതുകകരമായ ഒരുദാഹരണം ചൂണ്ടിക്കാട്ടാനുള്ളത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലത്ത് നടന്ന നായർ-നമ്പൂതിരി തറവാട്ടു മഹിമയെക്കുറിച്ചുള്ള തർക്കങ്ങളാണ്. ഒരു ഭാഗത്ത് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടും മറുഭാഗത്ത് എ സി വേണുഗോപാലൻ നമ്പ്യാരും അണിനിരന്ന ഈ ധർമ്മയുദ്ധം (?) ചരിത്രപരമായ യാതൊരു സാധുതയുമില്ലാത്ത പരസ്പരാധിക്ഷേപമായിരുന്നു. ഇരുവിഭാഗവും മറുപക്ഷത്തെ സ്ത്രീകളെ അധിക്ഷേപിച്ച വിധം സൂക്ഷ്മമായി പഠിക്കേണ്ടതാണ്. "മദയാനയെപ്പോലെ പുളപ്പിളകി നടക്കുന്നവർ' എന്നൊക്കെയാണ് പ്രയോഗിച്ചിട്ടുള്ളത്. ഹീനമായ ഭാഷാപ്രയോഗങ്ങൾ സോഷ്യൽമീഡിയയുടെ വരവോടെ ഉണ്ടായതല്ല എന്നർഥം. പക്ഷേ, ആധുനികീകരണത്തെ സംബന്ധിച്ചുള്ള സുപ്രധാനമായ രാഷ്ട്രീയതലം തർക്കത്തിനേക്കാൾ സംവാദപരതയ്ക്ക് മേൽക്കൈ കിട്ടി എന്നുള്ളതാണ്.

തർക്കത്തിന്റെ ഭാഷ എല്ലായ്‌പ്പോഴും ജനാധിപത്യവിരുദ്ധമായിരിക്കും. മുറിവേൽപ്പിക്കുക എന്നതാണ് അതിന്റെ താത്പര്യം തന്നെ. സംവാദത്തിന്റേത് മറുപക്ഷത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കും. വാദം ഷാർപ്പായിരിക്കെത്തന്നെ ഭാഷ സ്വയം പ്രതിഫലനാത്മക (self reflexive) മായിരിക്കും; ആയിരിക്കണം. ഉണ്ണി ആർ, ട്രൂകോപ്പിയിൽ എഴുതിയ ലേഖനത്തോട് പല അംശത്തിൽ വിയോജിക്കുമ്പോഴും അതിൽ ഇ.എം.എസിനെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്ന കാര്യത്തോട് നാം യോജിക്കേണ്ടതുണ്ട്. തർക്കത്തിന് അതിര് കല്പിച്ച് അതിനെ സംവാദത്തിലേക്ക് പരാവർത്തനം ചെയ്യാനുള്ള അനിതരസാധാരണസിദ്ധി ഇ.എം നുണ്ടായിരുന്നു. ഞാനതിൽ 'കേസരി ബാലകൃഷ്ണപിള്ള; ബൂർഷ്വാ പണ്ഡിത മൂഢന്മാരുടെ ഉത്തമമാതൃക' എന്ന ഇ.എം ന്റെ ലേഖനത്തെ മാതൃകയായി തന്നെ എടുക്കും. കടുത്ത ഭാഷയിൽ കേസരിയെ വിമർശിച്ച് സ്വപക്ഷം സ്ഥാപിക്കുമ്പോഴും കേസരിയുടെ ചരിത്രപ്രാധാന്യം തള്ളിക്കളയാതിരിക്കാനും അതാവർത്തിച്ചുറപ്പിക്കാനുമുള്ള ജാഗ്രത ഇ.എം സ്വീകരിക്കുന്നതു കാണാം.

അതദ്ദേഹത്തിന്റെ വ്യക്തിവൈഭവം മാത്രമല്ല; കേരളീയ ആധുനികീകരണത്തിന്റെ പൊതു സ്പിരിറ്റായിരുന്നു. കേസരിയുടെ ഷഷ്ടിപൂർത്തിക്ക് സ്വീകരണം നൽകുമ്പോൾ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന് മറ്റൊന്നുമാലോചിക്കേണ്ടി വരാത്തതും ഈ സ്പിരിറ്റ് കൊണ്ടാണ്. 1949 ൽ എക്കാലത്തെയും വലിയ മാർക്‌സിസ്റ്റ് വിരുദ്ധനായി വിലയിരുത്തപ്പെട്ട മുണ്ടശ്ശേരി ഏഴുവർഷം കഴിയുമ്പോഴേക്കും വിദ്യഭ്യാസമന്ത്രിയാവുന്നതും മറ്റൊന്നു കൊണ്ടല്ല. പി.പി.രവീന്ദ്രൻ "ഇടതുവഴക്കം' എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ഇപ്പോൾ സംഭവിക്കുന്ന വലിയ വീഴ്ച ഈ ഇടതുവഴക്കം നമ്മുടെ പ്രാക്ടീസിൽ നിന്നുപോകുന്നു എന്നതാണ്. തർക്കം പൂർണമായി രംഗം കീഴടക്കുകയും അത് നിതാന്തശത്രുതയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. ടെലിവിഷൻ ചർച്ചകളുടെ വ്യാകരണം ഏകദേശം നമ്മുടെ പൊതുവ്യവഹാരങ്ങളെ വിഴുങ്ങിക്കഴിഞ്ഞു.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സോഷ്യൽ മീഡിയ -വിശിഷ്യാ ഫെയ്‌സ്ബുക് - ഒരു നാൽക്കൂട്ടപ്പെരുവഴിയാണ്. നാനാതരം മനുഷ്യരവിടെയുണ്ടാകും. അതിൽ വർഗീയവാദികൾ മുതൽ ശിശുരതി സപ്പോർട്ടേഴ്‌സ് വരെയുണ്ടാകും. സംവാദം എന്നത് പരസ്പരബഹുമാനം പുലർത്തുന്ന പ്രക്രിയ കൂടിയാണ്. അതിനകത്ത് കൊടുക്കലും വാങ്ങലുമുണ്ട്. ഡയലക്ടിക്കൽ പ്രോസസാണത്. ഒരു മതവർഗീയവാദിയോട് നമുക്കെന്താണ് വാങ്ങാനുള്ളത്. ഒരു പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റിനോട്, ഹിന്ദുത്വവാദിയോട് സംവാദം സാധ്യമാകുന്നതെങ്ങനെ. സിക്കുലർ, മാപ്ലാവ്, ജിഹാദി തുടങ്ങിയ ഒട്ടുപേരുകൾ അവരുടെ കൈയിൽ സ്റ്റോക്കുണ്ട്. അവരത് കൊണ്ടുവന്ന് ഒട്ടിക്കുന്നത് നമ്മെ അധിക്ഷേപിക്കാൻ മാത്രമല്ല; പൊതുമണ്ഡലത്തിൽ വെറുക്കപ്പെട്ട ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും നിരന്താരാവർത്തനത്തിലൂടെ സാധുത ചമയ്ക്കാൻ കൂടിയാണ്.

രൂപപ്പെടാൻ സാധ്യതയുള്ള തർക്കത്തെ മുളയിലേ നുള്ളുക എന്നതാണ് അവിടെ സ്വീകരിക്കാൻ കഴിയുന്ന തന്ത്രമെന്നു തോന്നുന്നു. ബ്ലോക്ക് ചെയ്യൽ ഒരു രാഷ്ട്രീയപ്രയോഗം കൂടിയാണെന്നർഥം. പിന്നെ പക്വതയെ സംബന്ധിച്ച്; സൈബർ സ്‌പേസിലെ സാധാരണക്കാരായ ഐ ഡികൾക്ക് മാത്രമായുണ്ടാവേണ്ട ഒന്നല്ല ഈ പക്വത. നമ്മുടെ തലമുതിർന്ന ആദരണീയരായ ചില അക്കാദമീഷ്യന്മാരും പത്രപ്രവർത്തകരുമൊക്കെ എത്ര ഹീനവും നിന്ദ്യവുമായ പ്രയോഗമാണ് സോഷ്യൽ മീഡിയയിൽ നടത്തിക്കാണുന്നത്. പക്വതയുള്ളവർ എന്നു സമൂഹം പൊതുവെ കരുതുന്നവരാണല്ലോ അവർ.

അക്കൂട്ടർക്കില്ലാത്ത ഭാഷാപരമായ ജനാധിപത്യം സോഷ്യൽ മീഡിയ ഹാൻഡിലുകൾ കീപ്പ് ചെയ്യണം എന്നു പറയുന്നതിൽ അർഥമില്ല. അത്തരം ഉന്നതരിൽ നിന്നുവേണം തിരുത്തുതുടങ്ങാൻ എന്നെനിക്കു തോന്നുന്നു. വർഗീയവാദികളോടോ, ശിശുരതിസപ്പോർട്ടേഴ്‌സിനോടെ അല്ലാതെ സംസാരിക്കുമ്പോൾ ഭാഷാപരമായ ഒരു കരുതൽ നാമെല്ലാം സൂക്ഷിക്കണം. സാംസ്‌കാരിക / വൈജ്ഞാനിക മേഖലകളിൽ പ്രവർത്തിക്കുന്നവർ അതിന് മാതൃക സൃഷ്ടിക്കുകയും വേണം. അതിരിക്കെ തന്നെ, ഫേസ്ബുക്കിനെ സംബന്ധിച്ച് എനിക്കു തോന്നിയ ഒരുകാര്യം; പുച്ഛം എന്നത് അതിന്റെ സ്ഥായീഭാവമാണ് എന്നതാണ്. മലയാളം സോഷ്യൽമീഡിയ കെട്ടിയുയർത്തിയ പല സുഹൃത്തുക്കൾക്കും അവിടെ പിഴച്ചു എന്നു തോന്നുന്നു. തേച്ചൊട്ടിക്കലും പേസ്റ്റാക്കലുമാണ് എഫ് ബി യുടെ അടിസ്ഥാനഭാവുകത്വം. ഈയിടെ അത് വർധിച്ചു എന്നത് വിഷമകരമാണ്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഞാൻ കണ്ട ഏറ്റവും ഹീനമായ ആക്രമണങ്ങളിലൊന്ന് എഫ്.ബി.സുഹൃത്തുക്കളിലൊരാളുടെ ജോലി കളയാനുള്ള കാമ്പയിനായിരുന്നു. വർഗീയവാദികൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റിലെ ഒരു പ്രയോഗത്തെ മുൻനിർത്തി ഒറ്റപ്പെടുത്തലോ ചീത്തവിളിക്കലോ മാത്രമല്ല ഉണ്ടായത്. തൊഴിൽ കളയുന്നതിലേക്കു വരെ അതെത്തിച്ചേർന്നു. മറ്റൊരു സുഹൃത്തിനെതിരെ അദ്ദേഹത്തിന്റെ മകളുടെ ചിത്രം ദുരുപയോഗം ചെയ്തു കൊണ്ടുള്ള ആക്രമണമുണ്ടായി. സൈബർ സ്‌പേസിലെ ആൾക്കൂട്ട ആക്രമണത്തിന്റെ ഏറ്റം രൂക്ഷമായ രണ്ടു മുഖങ്ങളാണവ. ശാരീരികമായി നാം ആക്രമിക്കപ്പെടുന്നതിനെക്കാൾ ഭീകരമാണത്. ഒരു എഫ്.ബി.പോസ്റ്റിന്റെ പേരിൽ പ്രതികാരം എന്ന നിലയിൽ ജോലി കളയിക്കുക എന്നതൊക്കെ നാമെത്തിച്ചേർന്ന പതനത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

കഴിഞ്ഞ ഒന്നരവർഷമെങ്കിലുമായി ഞാൻ സൈബർ ഇടത്തിൽ ആക്ടീവല്ല. ആക്ടീവായിരുന്ന സമയത്തും സെലിബ്രിറ്റി ഒന്നുമായിരുന്നില്ല. മിനിമം സർക്കിളായിരുന്നു എന്റേതൊക്കെ. അതുകൊണ്ടു തന്നെ ഈ ചോദ്യത്തിന് മറുപടി പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും, സൈബർ ലിഞ്ചിംഗ് എന്നൊന്നും പറഞ്ഞുകൂടെങ്കിലും ആക്രമണം ഒക്കെ ഉണ്ടായിട്ടുണ്ട്. അധിക്ഷേപപരമായ കമന്റുകൾ, വീട്ടുകാരെ ചീത്ത വിളിക്കുക തുടങ്ങിയവയൊക്കെ ആദ്യം മനഃസ്വാസ്ഥ്യം കെടുത്തിയിരുന്നു. പിന്നെപ്പിന്നെ അത്തരം കമന്റുകൾ നീക്കം ചെയ്യുകയോ ബ്ലോക് ചെയ്യുകയോ ചെയ്തുപോന്നു.

അതിനപ്പുറം വലിയ ആക്രമണമൊന്നും ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ചേർത്തുപറയട്ടെ അക്കാലത്ത് തർക്കത്തിന്റെ സ്വരൂപം പലയിടങ്ങളിലും ഞാനും സ്വീകരിച്ചിരുന്നു. ഒരകലത്തിൽ നിന്നു തിരിഞ്ഞുനോക്കുമ്പോൾ ചില പരിഹാസങ്ങളും ചിരിയുമൊക്കെ അനാവശ്യമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.


Summary: പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.


Comments