പിണറായി വിജയൻ / Photo: Pinarayi Vijayan, Fb

വേണം, ഒരിടതു ദിശ

വരുന്ന അഞ്ചുവർഷത്തിനിടയിൽ വലതുപക്ഷ മനുഷ്യരാഹിത്യത്തിൽ നിന്നുള്ള രക്ഷയ്ക്ക് ആവശ്യമായ രാഷ്ട്രീയ രോഗപ്രതിരോധം കേരളജനതക്ക് നൽകാനാവുമോ എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം.

കേരളത്തിലെ പുതിയ ഇടതുപക്ഷസർക്കാർ ഏതുതരം രാഷ്ട്രീയ ദിശയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യത്തിന് തീർച്ചയായും "ഒരിടത് ദിശ' എന്നുതന്നെ ഞാൻ പറയും. കാരണം, ഇടതല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനുള്ള അതിശക്തമായ പ്രവണത പലതലങ്ങളിൽ കാണിച്ചുതുടങ്ങിയ ഒരു സർക്കാരാണിപ്പോൾ കാലാവധി പൂർത്തിയാക്കിയത്.

പൗരജനങ്ങളെ അധികപക്ഷവും ഗുണഭോക്താക്കളാക്കുന്ന ജനക്ഷേമം, വികസനകാര്യങ്ങളിൽ ജനങ്ങളുടെ സാന്നിധ്യം കേവലം സൈഡ്‌ഷോ, പുതിയ ടെക്‌നോ- യുട്ടോപ്യൻ സ്വപ്നങ്ങൾ, ഹിന്ദുത്വത്തിന്റെ ആശയപരമായ അധീശത്വത്തെ തങ്ങൾക്കനുകൂലമായി പാകപ്പെടുത്തിയെടുത്തതിൽ നിന്നുളവായ ആശയ- പ്രയോഗങ്ങൾ മുതലായവയുടെ മിശ്രിതം തെരെഞ്ഞെടുപ്പിൽ സി.പി.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് ഗുണമുണ്ടാക്കിയെന്ന് സംശയമില്ല. പക്ഷേ ഇന്ന് നമ്മുടെ മുന്നിൽ ഉയർന്നു നിൽക്കുന്ന ഏറ്റവും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയെയോ പാരിസ്ഥിതിക പ്രതിസന്ധിയെയോ നേരിടാൻ ഇതൊന്നും പോര. കാരണം, ഇപ്പറഞ്ഞവയിൽ രണ്ടും മൂന്നും കാര്യങ്ങളിൽ സി.പി.എമ്മിനൊപ്പമോ അപ്പുറമോ ആണ് ബി.ജെ.പി.

ബി.ജെ.പിയുടെ വോട്ടുഷെയർ അങ്ങനെ കാര്യമായി കുറഞ്ഞിട്ടൊന്നുമില്ലയെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ ഇടതിന്റെ ധാർമിക സമൂഹത്തെ വികസിപ്പിക്കുക എന്നത് വരുന്ന അഞ്ചുവർഷത്തിലെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറണം. ആ ലക്ഷ്യത്തിന് ഉതകുംവിധം ഭരണകൂട സംവിധാനത്തെ ഉപയോഗിക്കാനും ഇടതുപക്ഷത്തിനുകഴിയണം.

അപ്പോൾ ആദ്യത്തേതിനെ ശക്തമാക്കുക എന്നത് അനിവാര്യമാകുന്നു. എന്നാൽ, വരുന്ന അഞ്ചുവർഷത്തിനിടയിൽ വലതുപക്ഷ മനുഷ്യരാഹിത്യത്തിൽ നിന്നുള്ള രക്ഷയ്ക്ക് ആവശ്യമായ രാഷ്ട്രീയ രോഗപ്രതിരോധം ഇതുകൊണ്ട് കേരളജനതക്ക് നൽകാനാവുമോ എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ ചോദ്യം. ഈ സർക്കാർ ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഏതാണെന്ന് ചോദിച്ചാൽ ഇതാണെന്നേ ഞാൻ പറയൂ. ഇതുകൂടാതെ രാഷ്ട്രീയലാഭം ഒരുപക്ഷേ കാര്യമായി ഇല്ലാത്ത ചില കാര്യങ്ങളും ഈ സർക്കാരിന് ചെയ്യേണ്ടിവരും-പരിസ്ഥിതിപ്രതിസന്ധി രൂക്ഷമായാൽ.

വലതുപക്ഷ വൈറസിനെതിരെ രോഗപ്രതിരോധം

പ്രതിരോധം നിർമിക്കൽ എല്ലാതലത്തിലും ഉണ്ടാകേണ്ടതാണ്. സാമൂഹ്യതലത്തിലോ പരസ്യങ്ങളുടെ തലത്തിലോ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒരു വ്യതിയാനമല്ല, മറിച്ച് ഭരണത്തിന്റെ എല്ലാ തലങ്ങളിലും സജീവ ഇടപെടലിലൂടെ വലതുപക്ഷമെന്ന വൈറസിനെതിരായ പ്രതിരോധം നമ്മൾ ശക്തിപ്പെടുത്തേണ്ടതാണെന്ന അപേക്ഷയാണ് പുതിയ ഭരണത്തോട് എനിക്കുള്ളത്.

വലതുപക്ഷ വൈറസിനെ നേരിടാനുള്ള എളുപ്പമാർഗം സ്ത്രീകളെ ശാക്തീകരിക്കുകയെന്നതാണ്. ഇടതായാലും വലതായാലും, ശബ്ദമുള്ള സ്ത്രീകൾ മുതൽക്കൂട്ടാവുന്നത് വലതിനല്ല, മിക്കപ്പോഴും ഇടതിനാണ് / Photo: UN

ഈ രോഗപ്രതിരോധം വളർത്തിയെടുക്കാൻ ഒറ്റ മാർഗമേയുള്ളൂ- ജനാധിപത്യത്തെ വികസിപ്പിക്കുക, ജനാധിപത്യ മൂല്യങ്ങളോട് കർശനമായ കൂറ് പുലർത്തുക. കേരളത്തിൽ ജനാധിപത്യത്തിന്റെ അരികുകളിലോ അതിനു പുറത്തോ നിൽക്കുന്ന ഒരുപാട് ജനവിഭാഗങ്ങളുണ്ട്. ഇവരെ ജനാധിപത്യത്തിലേക്ക് കൂടുതൽ കൂടുതൽ ചേർക്കാൻ പറ്റുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നതായിരിക്കും ഒരുപക്ഷേ ജനാധിപത്യത്തെ വികസിപ്പിക്കാനുള്ള ഏറ്റവും പ്രധാന വഴി. രണ്ടാമത്, ജനാധിപത്യത്തിന്റെ മൂല്യങ്ങളേയും സന്നാഹങ്ങളെയും കാര്യക്ഷമമായ രീതിയിൽ പ്രവർത്തിപ്പിക്കുക എന്നതാണ്. ജനാധിപത്യമുണ്ട് എന്നുപറഞ്ഞിട്ട് കാര്യമില്ല, അത് പ്രാവർത്തികമായില്ലെങ്കിൽ അതുകൊണ്ട് ഒരു കാര്യവുമില്ല. ജനാധിപത്യ മൂല്യങ്ങളെ പ്രാവർത്തികമാക്കിയാൽ വലിയൊരളവുവരെ വലതുപക്ഷ വൈറസിനെതിരായ രോഗപ്രതിരോധം കേരളത്തിൽ ശക്തമാകുമെന്ന് ഉറപ്പുണ്ട്.

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കേ കേരള മാതൃകയുടെ രാഷ്ട്രീയ പ്രയോഗങ്ങൾ പലതും പരീക്ഷിച്ചുനോക്കിയിട്ടും ഫലം കിട്ടാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുള്ളത്. കേരള മാതൃകയെന്നു പറയുന്നത് വികസന അനുഭവം മാത്രമല്ല, ഒരു രാഷ്ട്രീയ തന്ത്രം കൂടിയായിരുന്നു. ഭരണകൂടത്തിനുമേൽ ജനങ്ങൾ സംഘടിതരായി സമ്മർദ്ദം ചെലുത്തി ജനക്ഷേമം ആവശ്യപ്പെടുന്ന ഒരു രീതിയാണത്. എന്നാൽ, അത്തരം നീക്കങ്ങളെ പാടേ തള്ളിക്കളയുന്ന ഒരു ഭരണകൂടമാണ് ഇവിടെ രൂപപ്പെട്ടുവന്നത്. അതിൽ നിന്നൊരു വ്യതിയാനം ഈ സർക്കാർ വരുത്തിയില്ലെങ്കിൽ ജനാധിപത്യത്തിന്റെ വികാസം കേരളത്തിൽ ഉണ്ടാവില്ല, വലതുപക്ഷത്തിന്റെ വൈറസ് തീർച്ചയായും വളർന്നുകൊണ്ടേയിരിക്കും.

ബി.ജെ.പിയുടെ വോട്ടുഷെയർ അങ്ങനെ കാര്യമായി കുറഞ്ഞിട്ടൊന്നുമില്ലയെന്ന് ഓർക്കണം. പതിനാലര ശതമാനത്തിൽ നിന്ന് ഏകദേശം പന്ത്രണ്ടര ശതമാനം എന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ഇടതിന്റെ ധാർമിക സമൂഹത്തെ വികസിപ്പിക്കുക എന്നത് വരുന്ന അഞ്ചുവർഷത്തിലെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറണം. ആ ലക്ഷ്യത്തിന് ഉതകുംവിധം ഭരണകൂട സംവിധാനത്തെ ഉപയോഗിക്കാനും ഇടതുപക്ഷത്തിനുകഴിയണം. ഇപ്പറയുന്നതുകൊണ്ട് തെരെഞ്ഞെടുപ്പിൽ ലാഭമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇന്നത്തെ കണക്കിന്, ഉചിതമായ ആഖ്യാനം അതിനു ചുറ്റും പണിഞ്ഞാൽ ഇടതിന് ഇതിനെ വിജയപാതയാക്കി മാറ്റാം എന്നേ പറയാൻ കഴിയുന്നുള്ളൂ. കരുതൽ എന്ന ആഖ്യാനത്തെ ജനാധിപത്യദിശകളിലേക്ക് വികസിപ്പിക്കാൻ പുതിയ ഇടതുസർക്കാരിനു കഴിയുമോ?

വനാവകാശ നിയമം, മീൻവറുതി

കേരളത്തിൽ ചെയ്യാവുന്ന, ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ആദിവാസികൾക്ക് കാര്യമായ സാന്നിധ്യമുള്ള ഇടങ്ങളിൽ വനാവകാശ നിയമം നടപ്പാക്കുകയാണ്. അതുവഴി അതിദരിദ്രരായ ജനവിഭാഗങ്ങളുടെ- ആദിവാസികളുടെ- ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം. വനാവകാശ നിയമം നടപ്പാക്കാൻ വനങ്ങളോടുചേർന്നുകിടക്കുന്ന, വനങ്ങളുള്ള പഞ്ചായത്തുകളെയും അവിടുത്തെ കുടുംബശ്രീ സംവിധാനത്തെയും സജ്ജമാക്കുക എന്ന പ്രധാനപ്പെട്ടൊരു ജോലി സർക്കാർ ഏറ്റെടുക്കണം. ഇന്ന് അഭ്യസ്തവിദ്യരായ ആദിവാസി യുവാക്കൾ ധാരാളമുണ്ട്. അവരുടെ മേൽക്കൈയോടെ വേണം ഈ സജ്ജമാക്കൽ. കൊളോണിയൽ ഫോറസ്റ്ററിയുടെ ദുഷ്ഫലങ്ങളെ ഒഴിവാക്കി ദീർഘകാലത്തിൽ ആദിവാസിസമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കേണ്ടത് മഹാമാരിക്കാലത്തെ പ്രധാന ഉത്തരവാദിത്വമാണ്. സർക്കാരിനോടുള്ള നിത്യമായ ആശ്രിതത്വത്തിൽ നിന്ന് ആദിവാസികളെ മോചിപ്പിക്കുന്ന ഈ നീക്കം ആ യുവജനതയുടെ മുൻകൈയിൽ നടക്കണം.

കേരളത്തിലെ ചെറുകർഷകരുടെ അവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. കിറ്റ് വഴി ധാരാളം അരി ലഭിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ ഫലം വിപണിയിൽ പതിയാതിരിക്കില്ല. ജെ.എൽ.ജി. ഗ്രൂപ്പുകളായും ഒറ്റക്കും ധാരാളം കുടുംബശ്രീ വനിതകളും മറ്റുള്ളവരും പാലുൽപാദനം നടത്തുന്നുണ്ട്, പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇത് മാർക്കറ്റ് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണിത്.

രണ്ട്: മത്സ്യബന്ധന സമൂഹവുമായി പുതിയൊരു ബന്ധമുണ്ടാക്കാൻ ശ്രമം നടക്കണം. ഇവിടെയും ഒരു വലിയ സാമൂഹ്യ ഇക്കോളജീയ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഫിഷ് ഫെമൈൻ എന്നറിയപ്പെടുന്ന, മീൻ വറുതി വല്ലാതെ അനുഭവപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇത് ഈ പറഞ്ഞ സമൂഹത്തെ തീവ്രമായി ബാധിക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെയെങ്കിലും കഴിഞ്ഞുപോകും, എങ്ങനെയെങ്കിലും തള്ളിനീക്കാം, കുറച്ച് അരിയും തുണിയും പരിപ്പും മരുന്നും ഒക്കെ കൊടുത്താൽ എങ്ങനെയെങ്കിലും തട്ടിനീക്കാം എന്ന അവസ്ഥയിൽ നിന്നൊക്കെ വളരെ മുന്നോട്ടുപോയി എന്ന് തിരിച്ചറിയണം. ഇക്കോളജീയ പ്രതിസന്ധിയുടെ ഫലങ്ങൾ വ്യക്തികളെ മാത്രമല്ല, സാമൂഹ്യവിഭാഗങ്ങളെ തന്നെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന മീൻവറുതി.
ഈ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കരുത് എന്ന് ഉറക്കെയുറക്കെ ബഹളം വെയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തിന്റെ ബഹളത്തെ അവഗണിച്ച് ഇടതുപക്ഷ നേതൃത്വം മത്സ്യബന്ധന സമൂഹവുമായി ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് നേരിട്ട് ചർച്ച നടത്തുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യണം.

അതിദരിദ്രർക്ക് സുരക്ഷിത വീട്, ചെറുകർഷകർക്ക് പിന്തുണ

മൂന്ന്: കേരളത്തിലെ അതിദരിദ്രരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുർഫലങ്ങളിൽ നിന്ന് കഴിവതും രക്ഷപ്പെടുത്താനുള്ള മുൻകരുതൽ ഈ സർക്കാർ ഏറ്റെടുക്കണം. ഉദാഹരണത്തിന്, നമ്മുടെ ചിറകളുടെയും ജലാശയങ്ങളുടെയുമൊക്കെ കരയിൽ ജീവിക്കുന്ന അതിദരിദ്രരായ മനുഷ്യരെ സംബന്ധിച്ച് എപ്പോൾ വേണമെങ്കിലും ജലനിരപ്പ് ഉയരാവുന്ന അവസ്ഥ കേരളത്തിലുണ്ട്. അകാലത്തിൽ പെയ്യുന്ന മഴ കൊണ്ട് അവിടങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് പാർപ്പിട കാര്യത്തിൽ തീരെ സുരക്ഷയില്ലാത്ത ഒരവസ്ഥയുണ്ട്. അങ്ങനെയുള്ളവർക്ക് പ്രത്യേകം എന്തുചെയ്യാൻ പറ്റും എന്ന് ആലോചിക്കാൻ കൂട്ടായ ശ്രമം സർക്കാറിന്റെ നേതൃത്വത്തിൽ നിന്നുണ്ടാവണം. ലൈഫ് പദ്ധതിയിൽ വീട് കൊടുക്കുകയെന്നത് മാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് "ക്ലൈമറ്റ് ചെയ്ഞ്ച് റസലിയൻ ഹൗസിങ്' നൽകാനുള്ള ശ്രമം സർക്കാറിൽ നിന്നുണ്ടാവണം. ഇനി മുതൽ കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർഥ്യം അവഗണിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ, വലതുപക്ഷ വൈറസിന്റെ പടർച്ചയും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന തളർച്ചയും അവഗണിച്ച് ഇനിയൊരു സർക്കാറിനും മുന്നോട്ടുപോകാൻ, ഭരിക്കാൻ കഴിയില്ല എന്നത് ഏറെക്കുറെ തീർച്ചയാണ്.

കുടുംബശ്രീയ്ക്കു കീഴിൽ നടത്തുന്ന കളക്ടീവ് ഫാർമിങ്ങ്‌ / Photo: thekudumbashreestory.info

നാല്: കേരളത്തിലെ ചെറുകർഷകരുടെ അവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. കിറ്റ് വഴി ധാരാളം അരി ലഭിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ ഫലം വിപണിയിൽ പതിയാതിരിക്കില്ല. കേരളത്തിൽ കുടുംബശ്രീ വഴി ദരിദ്രരായ സ്ത്രീകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ.എൽ.ജി) കൃഷി ചെയ്തുണ്ടാക്കുന്ന കപ്പയ്‌ക്കൊക്കെ വിലയിടിയുകയും കൃഷി നഷ്ടത്തിലാവുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ജെ.എൽ.ജി. ഗ്രൂപ്പുകളായും ഒറ്റക്കും ധാരാളം കുടുംബശ്രീ വനിതകളും മറ്റുള്ളവരും പാലുൽപാദനം നടത്തുന്നുണ്ട്, പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇത് മാർക്കറ്റ് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണിത്, മഹാമാരിയുടെ കാലത്ത് പ്രത്യേകിച്ചും. പലയിടത്തും പാല് എന്തു ചെയ്യണമെന്നറിയാതെ ഒഴുക്കിക്കളയുകയാണ്. ലോക്ക്ഡൗണും മറ്റും കാരണം തൊട്ടടുത്തൊന്നും കൊണ്ടുപോയി കൊടുക്കാനാകുന്നില്ല. സർക്കാർ കിറ്റുവഴി വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്നതിനൊപ്പം വിപണിയിൽ അതുണ്ടാക്കുന്ന വ്യതിയാനങ്ങൾക്കിരകളായി പോകുന്ന ചെറുകർഷകരുടെ അവസ്ഥ ശ്രദ്ധിക്കാനും അവർക്ക് സഹായവും പിന്തുണയും നൽകാനും ഈ സർക്കാർ ശ്രദ്ധിക്കണം.

മാത്രമല്ല, 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം കിട്ടിയ പലിശയില്ലാവായ്പ പോലും ഇതുവരെ തിരിച്ചടച്ചിട്ടില്ലാത്ത, മഹാമാരിയോടെ കടക്കെണിയിൽ വല്ലാതെ അകപ്പെട്ടുപോയ, അനവധി ദരിദ്രകുടുംബങ്ങൾ ഭാവിയെ ഭയത്തോടെ വീക്ഷിക്കുന്നുണ്ട്. കടത്തിന്റെ പ്രശ്‌നം, അതിന്റെ പേരിൽ ചെറിയ തുണ്ടു ഭൂമിയും അൽപം സ്വർണവും മറ്റും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഈ സർക്കാർ അഭയമാകണം.

ലിംഗതുല്യത

വലതുപക്ഷ വൈറസിനെ നേരിടാനുള്ള എളുപ്പമാർഗം സ്ത്രീകളെ ശാക്തീകരിക്കുകയെന്നതാണ്. കാരണം ഇടതായാലും വലതായാലും, ശബ്ദമുള്ള സ്ത്രീകൾ മുതൽക്കൂട്ടാവുന്നത് വലതിനല്ല, മിക്കപ്പോഴും ഇടതിനാണ്.

അതുകൊണ്ടുതന്നെ സ്ത്രീകളുടെ ശബ്ദങ്ങൾ കേൾക്കുംവിധം സമൂഹത്തെ ക്രമീകരിക്കേണ്ട ബാധ്യത വലതുപക്ഷത്തിനല്ല, ഇടതുപക്ഷത്തിനാണ്. ആ ധർമം ഇടതുപക്ഷം ഇത്തവണയെങ്കിലും നിർവഹിക്കണം. അതിന് ചില സവിശേഷമായ കാര്യങ്ങൾ നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടതുണ്ട്.

വികസന പ്രവർത്തകകൾക്ക് വാക്സിനേഷൻ മുൻഗണന

ഒന്ന്, കേരളത്തിൽ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളുണ്ട്. കേരളത്തിലെ വികസന പ്രവർത്തകരിൽ വലിയൊരു ശതമാനം സ്ത്രീകളാണ്. ഇവർക്ക് വാക്‌സിനേഷനിൽ മുൻഗണന കൊടുക്കേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

ഇപ്പോൾ തന്നെ കേരളത്തിലെ വികസന പ്രവർത്തകരായ സ്ത്രീകളിൽ വലിയൊരു ശതമാനം പേർക്ക് പ്രയോറിറ്റി കിട്ടിക്കഴിഞ്ഞു. എന്നാലും വികസന പ്രവർത്തകർ എന്ന ഈ സംവർഗത്തിനെ കുറേക്കൂടെ വിശാലമായി കാണുകയും അതിലുൾപ്പെടാൻ സാധ്യതയുള്ളവരെ വാക്‌സിനേഷനിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം. പ്രത്യേകിച്ചും ഗ്രാമതലത്തിൽ എ.ഡി.എസിലും സി.ഡി.എസിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് അത് ആവശ്യമാണ്.

സ്ത്രീകൾക്ക് ജീവിതമാർഗങ്ങൾ തുറക്കുക

നേരത്തെ പറഞ്ഞതുപോലെ, കുടുംബശ്രീക്കുകീഴിൽ കൃഷിയും പശുവളർത്തലുമൊക്കെ ചെയ്യുന്ന ജെ.എൽ.ജികളുടെ പ്രതിസന്ധി പഠിക്കാനും അതിന് പരിഹാരം കണ്ടെത്താനും കുടുംബശ്രീ വഴിയോ സ്വതന്ത്രമായോ ഒരു സമിതി രൂപീകരിച്ച് പരിഹാരം കണ്ടെത്തണം എന്നതാണ് രണ്ടാമത്തെ കാര്യം. കടകളിലും മറ്റും ജോലി ചെയ്യുന്നവരും തൊഴിൽനഷ്ടം സംഭവിച്ചവരും തൊഴിൽ അസ്ഥിരത നേരിടുന്നവരുമായ ഒരുപാട് വനിതകളുണ്ട്. പഞ്ചായത്തുതലത്തിൽ അവരുടെ കൃത്യമായ കണക്കെടുപ്പ് നടക്കണം. അവർക്ക് പഞ്ചായത്ത് തലത്തിലോ മറ്റ് പ്രാദേശിക തലങ്ങളിലോ രജിസ്റ്റർ ചെയ്യാനും മുൻഗണനാക്രമം നോക്കി ജോലി സംഘടിപ്പിച്ചുകൊടുക്കാനും ശ്രമമുണ്ടാവണം.

വടക്കേക്കാട് സി.ഡി.എസിൽ നടത്തിയ കോവിഡ് വാക്സിൻ ബോധവൽകരണം / Photo: Kudumbashree.org

ഉദാഹരണത്തിന്, ഇപ്പോൾ ഫ്‌ളാറ്റ് സമുച്ചയങ്ങളും മറ്റും പഞ്ചായത്ത് പരിധിയിലാണ് വരുന്നത്. പഞ്ചായത്തിൽ നിന്ന് ഇതിന് അനുമതി കൊടുക്കുമ്പോൾ അവിടെ ക്ലീനിങ് പോലുള്ള ജോലികൾ ചെയ്യാൻ അതാത് പഞ്ചായത്ത് അതിർത്തിയിൽ നിന്നുള്ളവരെ തന്നെ തെരഞ്ഞെടുക്കണം എന്ന ആവശ്യം മുന്നോട്ടുവെക്കേണ്ടതാണ്. കാരണം, കോവിഡ് വന്നപ്പോഴുണ്ടായ ഒരു പ്രധാന പ്രശ്‌നം, ദൂരെ പോയി സ്ത്രീകൾക്ക് ജോലി ചെയ്യാൻ പറ്റുന്നില്ല എന്നതാണ്. പ്രത്യേകിച്ച് മധ്യവയസ്‌കരായ സ്ത്രീകൾക്ക്. ചെറുപ്പക്കാരായ സ്ത്രീകൾ വണ്ടിയോടിക്കാനൊക്കെ പഠിക്കും. മധ്യവയസ്‌കർ പലർക്കും ആ കഴിവ് ഇല്ലാത്തവരാണ് (ഉണ്ടെങ്കിലും രണ്ടു വണ്ടികളുടെ സിസി അടയ്ക്കാൻ പറ്റില്ലെന്ന് പലരും എന്നോട് ഫീൽഡ് വർക്കിനിടയിൽ പറഞ്ഞിട്ടുണ്ട്). പ്രത്യേകിച്ച് വീട്ടുജോലിക്കാരായ സ്ത്രീകളെ സംബന്ധിച്ച് പൊതുഗതാഗതം ഇല്ലെങ്കിൽ ജോലി സ്ഥലത്ത് എത്താൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് തൊട്ടടുത്തുപോയി ജോലി ചെയ്താലേ ജീവിക്കാൻ പറ്റൂ. അതുകൊണ്ട്, ഫ്‌ളാറ്റുകളിലും സമാന സ്ഥലങ്ങളിലുമുള്ള ജോലികൾ, വീട്ടുജോലിയടക്കം, അതായത് പഞ്ചായത്തിലെ വീടുകളിൽ നിന്നുവരുന്ന സ്ത്രീകൾക്ക് കൊടുക്കണം എന്ന നിബന്ധന കൊണ്ടുവരണം. അതുപോലെ ഓഫീസ് സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ഇത്തരം ജോലികൾ തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നിയമമോ സംവിധാനമോ ഉണ്ടാക്കണം.

കമ്യൂണിറ്റി കിച്ചൺ

ഇന്ന് നമ്മൾ അംഗീകരിക്കേണ്ട ഒരു കാര്യം, വീടെന്നു പറയുന്നത് പഴയതു പോലെ ആണുങ്ങൾക്കു പോലും വിശ്രമിക്കാനുള്ള ഒരു ഇടമല്ല. വിശ്രമിക്കാനുള്ള ഒരു ഇടമായിട്ടായിരുന്നു നേരത്തെ വീടിനെ കണ്ടിരുന്നത്. വീട് ഇപ്പോൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണ്, നമ്മൾക്ക് ജോലി ചെയ്യാനുള്ള ഇടമാണ്. അങ്ങനെ മറ്റുപല ധർമങ്ങളും നിർവഹിക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ, വീട്ടുജോലിയെന്നു പറയുന്നത് വല്ലാത്ത അവസ്ഥയിലാണ്. വീട്ടിലിരുന്നാൽ വീട്ടുജോലിയും ചെയ്യണം, മറ്റു ജോലികളും ചെയ്യണം. പിന്നെ, കുട്ടികളുടെ പഠിത്തവും നോക്കണം. ഇതെല്ലാം സ്ത്രീകളെ കാര്യമായ പ്രതിസന്ധിയിലാക്കുന്നുവെന്ന സത്യം നമ്മൾ അംഗീകരിച്ചാൽ പോരാ, അതിനെ സമർത്ഥമായ രീതിയിൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ മുൻകൈയിൽ നടക്കണം.

ഒന്നാം ഘട്ട ലോക്ക്​ഡൗൺ സമയത്ത് കേരളത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളിലൊന്ന്‌

ഉദാഹരണത്തിന്, കേരളത്തിന്റെ ചില ഭാഗങ്ങളിൽ കമ്യൂണിറ്റി അടുക്കളകൾ വിജയകരമായി നടത്തുന്നുണ്ട്. ഇവ നടത്തുന്നവരുമായി ബന്ധപ്പെട്ട്, അവരിൽ നിന്ന് എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് മനസിലാക്കി, കേരളത്തിലെ ചില ഭാഗങ്ങളിലെങ്കിലും പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് പത്തുമുപ്പത് വീട്ടുകാർ ഒരുമിച്ചുചേർന്ന് കമ്യൂണിറ്റി കിച്ചൺ തുടങ്ങാൻ സൗകര്യമൊരുക്കണം. കുടുംബശ്രീയിലെ നെയ്ബർഹുഡ് ഗ്രൂപ്പ് എന്നതുപോലെ, ഏതാനും വീട്ടുകാർ ചേർന്ന് ഇത്തരം സംവിധാനം തുടങ്ങാൻ താൽപര്യമുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമമുണ്ടാകണം. ഇത് വളരെ പ്രധാനമാണ്.
പുരുഷന്മാർക്കാണ് എപ്പോഴും വീട് വിശ്രമത്തിന്റെ ഇടമായിരുന്നത്. പക്ഷേ ഇപ്പോൾ അവരെ സംബന്ധിച്ചും ജോലിയുടെ ഇടമാണ്. സ്ത്രീയെ സംബന്ധിച്ചാകട്ടെ, ജോലി പതിന്മടങ്ങാകുകയും ചെയ്തു. അങ്ങനെയാകുമ്പോൾ വീടെന്നു പറയുന്ന ഇടം സ്ത്രീകൾക്ക് തീരെ താങ്ങാനാവാത്ത വിധത്തിലുള്ള സമ്മർദ്ദം ഏൽപ്പിക്കും. ഇതിൽ നിന്ന് അൽപമെങ്കിലും മോചനം കിട്ടാനുള്ള സംവിധാനമാണ് കമ്യൂണിറ്റി കിച്ചൺ. അതുകൊണ്ട്, അതിനി നമ്മുടെ പ്രയോറിറ്റിയായി മാറണം. വീട് പലതരം ജോലികൾ ഒരുമിച്ച് ചെയ്യേണ്ട ഇടമാവുമ്പോൾ, വിശ്രമത്തിന്റെ ഇടം എന്നത് പല ധർമങ്ങളിൽ ഒന്നായി മാറുമ്പോൾ, ഇത്തരം സംവിധാനം അനിവാര്യമാകുന്നു.

വനിത കമീഷനെ രാഷ്ട്രീയ വാലാട്ടികൾക്ക് വിട്ടുകൊടുക്കരുത്

മറ്റൊന്ന്, കേരളത്തിൽ ലിംഗനീതിക്കുവേണ്ടിയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തിൽ വലതുപക്ഷ വൈറസിനെതിരെയുള്ള ഇനോകുലേഷൻ പരിപാടിയിൽ ഏറ്റവും പ്രധാനപ്പെട്ട ഇനം ലിംഗനീതി തന്നെയാണ് എന്നു പറഞ്ഞല്ലോ. കേരളത്തിൽ നടന്ന ദുരഭിമാനക്കൊല പോലുള്ള പ്രശ്നങ്ങൾ ഗുരുതരമാണെന്ന് അംഗീകരിക്കുകയും ചെറുപ്പക്കാരെ ഈ മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നും കാര്യമായി ആലോചിക്കേണ്ട സമയമായി. അതിനെതിരെ നിയമനിർമാണം വേണോ അതോ തദ്ദേശ തലത്തിലുള്ള സഹായം ചെറുപ്പക്കാർക്ക് എത്തിച്ചുകൊടുക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചൊക്കെ സർക്കാർ കാര്യമായി ചിന്തിക്കേണ്ട സമയമായി. കാരണം, ചെറുപ്പക്കാരാണ് ഭാവി. ദുരഭിമാനക്കൊലയെന്നു പറയുന്നത്, അവരുടെ സകല സ്വാതന്ത്ര്യങ്ങളെയും, അവരുടെ ശരീരത്തെ മാത്രമല്ല, സ്പിരിറ്റിനെ തന്നെയും അവരുടെ ആത്മാവിനെ തന്നെയും കൊന്നുകളയുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയാണ്. അത് ബാധിക്കുന്നത് മരിച്ചുപോകുന്ന വ്യക്തികളെ മാത്രമല്ല, ആ തലമുറയിൽപ്പെട്ട എല്ലാവരെയുമാണ്. അതുകൊണ്ടുതന്നെ അത് വെറും കുറ്റകൃത്യമല്ല, സമൂഹത്തിന്റെ ഭാവിയെ തന്നെ ഇരുട്ടിലാക്കുന്ന കുറ്റകൃത്യമായി പരിഗണിക്കപ്പെടണം. അതിനെ നേരിടാനുള്ള സജീവ ശ്രമം സർക്കാർ പക്ഷത്തുനിന്നുണ്ടാവണം.

കഴിഞ്ഞ സർക്കാറിൽ അങ്ങേയറ്റം നിരാശപ്പെടുത്തിയ പെർഫോമെൻസായിരുന്നു വനിത കമീഷന്റേത്. തീർച്ചയായും വനിതാ കമീഷനെ മാനസിക വാർധക്യം ബാധിച്ച രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും സാംസ്‌കാരിക നായികമാരിൽ നിന്നും രക്ഷിക്കേണ്ട ബാധ്യത ഈ സർക്കാറിനുണ്ട് / Photo: Subin K. Sasi, Google Maps

ഇതിന് ചെയ്യേണ്ട ഒരു കാര്യം; വനിത കമീഷൻ എന്ന സ്ഥാപനത്തെ ഏതെങ്കിലുമൊക്കെ രാഷ്ട്രീയക്കാരിയുടെയോ രാഷ്ട്രീയ വാലാട്ടിയുടേയോ ഒരു "റിട്ടയർമെന്റ് ബെനഫിറ്റ്' ആക്കാതിരിക്കുകയെന്നതാണ്. തൽക്കാലം അതങ്ങനെയാണ്. സട കൊഴിഞ്ഞ ഏതെങ്കിലും രാഷ്ട്രീയക്കാരിയെ, സാംസ്‌കാരിക നായികയെ, കുടിയിരുത്തി അവർ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി മിക്കവാറും ലിംഗഅനീതിക്കൊക്കെ കൂട്ടുനിൽക്കുന്നതാണ് കാണാനാവുന്നത്. ഒരുപക്ഷേ, കഴിഞ്ഞ സർക്കാറിൽ അങ്ങേയറ്റം നിരാശപ്പെടുത്തിയ പെർഫോമെൻസായിരുന്നു വനിത കമീഷന്റേത്. തീർച്ചയായും വനിതാ കമീഷനെ മാനസിക വാർധക്യം ബാധിച്ച രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും സാംസ്‌കാരിക നായികമാരിൽ നിന്നും രക്ഷിക്കേണ്ട ബാധ്യത ഈ സർക്കാറിനുണ്ട്.

മെയിൽ ഷോവനിസ്റ്റ് പന്നികൾക്കുവേണം, മൂക്കുകയർ

കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന മറ്റൊരു സംഗതി, മധ്യവർഗ പുരുഷന്മാരുടെ സ്ത്രീവിരുദ്ധതയാണ്. മധ്യവർഗ പുരുഷന്മാർ, വളരെ കാര്യമായി, പച്ചയായി, അക്രമാസക്തമായ രീതിയിൽ സ്ത്രീവിരുദ്ധത പ്രദർശിപ്പിക്കുന്ന അനുഭവമാണ് കേരളത്തിൽ പലയിടത്തും ഉണ്ടായിട്ടുള്ളത്. അത് തുടരുന്നു. മധ്യവർഗ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കേരളത്തിലെ സ്ത്രീകളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കണം എന്ന് ആണയിട്ടു പറയുന്ന ഒരു സർക്കാർ തന്നെയാണ് ഇതും എന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ സർക്കാറും അങ്ങനെയായിരുന്നു. ആ സ്ഥിതിക്ക് തൊഴിലിട സുരക്ഷയില്ലാതെ സ്ത്രീകൾ ആരും പുറത്തേക്ക് വരാൻ പോകുന്നില്ലയെന്നത് ഏറെക്കുറെ തീർച്ചയാണ്.

മാത്രമല്ല, കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായി പരിഷ്‌കരിക്കാൻ പോകുന്നുവെന്നും വിദേശ സർവകലാശാലകളുമായൊക്കെ വളരെ അടുത്ത സാമീപ്യം നേടിയെടുക്കാൻ പോകുന്നുവെന്നും അവിടത്തെ അധ്യാപകർ ഇവിടെ വന്ന് പഠിപ്പിക്കുന്ന രീതിയും മറ്റുമുണ്ടാകാൻ പോകുന്നു എന്നുമൊക്കെ പ്രഖ്യാപനങ്ങളുണ്ടായി. ഇതൊക്കെ സത്യവും സാർത്ഥകവും ആകണമെങ്കിൽ കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ലിംഗനീതിയുണ്ടായേ പറ്റൂ.

ഇന്ന് ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ മെയിൽ ഷോവനിസ്റ്റ് പന്നികൾ യു.ജി.സി. ശമ്പളം വാങ്ങി ചീർത്തുവളരുന്ന ഇടങ്ങളാണ് കോളജ് പരിസരങ്ങൾ (എല്ലാവരും അങ്ങനെയാണെന്നല്ല. ഒന്നുരണ്ടു മതി, അന്തരീക്ഷം തികച്ചും മോശമാകാൻ). ഈ മെയിൽ ഷോവനിസ്റ്റ് പന്നികൾ വിഹരിച്ചു നടക്കുന്ന ഇടങ്ങളിലേക്ക് ഈ പറയുന്ന സർവകലാശാലകളിലുള്ളവരൊന്നും വരാൻ സാധ്യതയില്ല. മിക്ക വിദേശ സർവകലാശാലകളിലും പഠിപ്പിക്കുന്ന സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ, കുറേക്കൂടി തുല്യതയാർന്ന ലിംഗസംസ്‌കാരം ശീലിച്ചവരാണ്. അവിടെനിന്ന് ഇവിടേക്ക് പഠിപ്പിക്കാൻ വരുന്ന സ്ത്രീകൾക്കുനേരെ ഈ പറയുന്ന മെയിൽ ഷോവനിസ്റ്റ് പന്നികൾ മെക്കിട്ട് കേറിയാൽ വലിയ പ്രത്യാഘാതമായിരിക്കും കേരള സർക്കാറിന് ഉണ്ടാക്കുക. മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ തന്നെ നാണക്കേടുണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട. ഇന്നാണെങ്കിൽ മലയാളി സ്ത്രീകളും പഴയതുപോലെ കിട്ടിയതുകൊണ്ട് പിന്മാറുന്നവരല്ല, അതുകൊണ്ടുതന്നെ ഈ കോളേജുകളിലെ മെയിൽ ഷോവനിസ്റ്റ് പന്നികൾ സർക്കാറിന് വലിയ ബാധ്യതയാകും.

അതുകൊണ്ട് അവർക്ക് മൂക്കുകയറിടാൻ ശക്തമായൊരു ശ്രമം സർക്കാറിൽ നിന്നുമാത്രമല്ല, സർക്കാറിന്റെ നട്ടെല്ലായ കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ഉണ്ടാവണം. എല്ലാ കോളേജുകളിലും ആന്തരിക പരാതി സമിതികൾ അഥവാ ഇന്റേണൽ കംപ്ലയ്ന്റ് കമ്മിറ്റികൾ സ്ഥാപിക്കണം. ഇത് യു.ജി.സി. സർക്കുലർ 2015 പ്രകാരമുള്ള മാന്റേറ്ററിയായ റിക്വയർമെന്റാണ്. എന്നിട്ടുപോലും ആ ഉത്തരവിനെയൊക്കെ കാറ്റിൽ പറത്തിയാണ് കേരളത്തിൽ കോളജുകൾ പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ മെയിൽ ഷൊവനിസ്റ്റ് പന്നികളെ രക്ഷിക്കാൻ മാത്രമായി തട്ടിക്കൂട്ടിയുണ്ടാക്കിയ ചില പൊട്ടസമിതികളുണ്ട്. അവയെ പിരിച്ചുവിട്ട് ജനാധിപത്യ പ്രക്രിയയിലൂടെ കോളേജുകളിലും സ്‌കൂളുകളിലും സ്ത്രീകൾ ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ എല്ലാ ഇടങ്ങളിലും കാലബന്ധിതമായ രീതിയിൽ- അതായത് ആറുമാസത്തിനുള്ളിലോ എട്ടുമാസത്തിനുള്ളിലോ- പുതുതായി ഇന്റേണൽ കമ്മിറ്റികൾ സൃഷ്ടിക്കപ്പെടണമെന്ന് ഉത്തരവുണ്ടാകുകയും അതിന് വനിതാശിശുക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിൽ കൃത്യമായ ചുവടുകളെടുക്കുകയും വേണം. ചുമ്മാ എന്തെങ്കിലും തട്ടിക്കൂട്ടി, മെയിൽ ഷോവനിസ്റ്റ് പന്നികളെത്തന്നെ ഇതിൽ ഇരുത്തുകയല്ല വേണ്ടത്. അതാത് കലാലയങ്ങളിൽ ജനാധിപത്യപരമായ പ്രക്രിയയിലൂടെ ഈ സമിതികളുണ്ടാക്കുകയാണ് വേണ്ടത്.

ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം

അതുപോലെ തന്നെയാണ് ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കേണ്ട കാര്യവും. ഇതുവരെ കേരളത്തിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ ജനക്ഷേമം സ്വീകരിക്കുന്ന ഏറെക്കുറെ നിഷ്‌ക്രിയരായ ഗുണഭോക്താക്കൾ എന്ന നിലയിലാണ് നമ്മൾ കൽപ്പിച്ചിട്ടുള്ളത്. ഒരു ദൃശ്യതയും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് അത്രയും വരെ എത്തിയത് തീർച്ചയായും സന്തോഷകരമായ കാര്യമാണ്. എങ്കിലും ഈ സർക്കാറിന് അടുത്ത ചുവടുവെയ്ക്കാൻ അവസരം കൈവന്നിരിക്കുകയാണ്.

ഈയടുത്ത്, സർക്കാർ പുറത്തുവിട്ട സ്ത്രീവിമോചന പരസ്യങ്ങൾ ഒരു ഫെമിനിസ്റ്റ് മുഖം ഈ സർക്കാരിനുണ്ടെന്ന് തെളിയിക്കുന്നുവെന്ന് പലരും പറയുന്നു. നല്ലത്. പക്ഷേ വാക്കു പറയുക എളുപ്പമാണ്, പ്രവൃത്തിയാണ് പ്രയാസം.

പഞ്ചായത്തീരാജ് ചട്ടക്കൂടിൽ രാഷ്ട്രീയമായ ഇടം തന്നെ ഇവർക്കു കൊടുക്കാം. ഒരുകാലത്ത് എസ്.സി / എസ്.ടി പ്രതിനിധിയെ കോ- ഓപ്റ്റ് ചെയ്തിരുന്നതുപോലെ പഞ്ചായത്ത് സമിതിയിലേക്ക് ലിംഗ-ലൈംഗിക ന്യൂനപക്ഷ പ്രതിനിധിയെ കോ- ഓപ്റ്റ് ചെയ്യാം. അതിന് നിയമനിർമാണവും മറ്റും വേണ്ടിവരും. സുദീർഘ പ്രക്രിയയാണത്. അതിനൊരു മുൻകൈ കേരള സർക്കാർ എടുത്താൽ തീർച്ചയായും അന്താരാഷ്ട്ര ശ്രദ്ധയും അംഗീകാരവും ലഭിക്കും. സക്രിയമായ രാഷ്ട്രീയ കർതൃത്വമുള്ളവരായി അവരെ അംഗീകരിക്കുകയെന്നു പറഞ്ഞാൽ, അത് ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും. ലോകത്തുതന്നെ അത് ഏറെ ആഹ്‌ളാദത്തിനും പ്രതീക്ഷയ്ക്കും ഇടവരുത്തും എന്നത് തീർച്ചയാണ്.

ലിംഗനീതിയെ ഒരു നാടകമാക്കരുത്

അവസാനമായി എനിക്ക് മുന്നോട്ടുവെക്കാനുളളത്, തീവ്രമായ ഒരു അപേക്ഷയാണ്. വലതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധത കണ്ടില്ലെന്ന് നടിക്കരുത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എനിക്കുണ്ടായ ഏറ്റവും വലിയ നിരാശ, വലതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധതയെ അങ്ങേയറ്റം തലോടിക്കൊടുക്കുന്ന ഒരു നയം സർക്കാർ കൈക്കൊണ്ടുവെന്നതാണ്. ഹാദിയ എന്ന പെൺകുട്ടിയെ, ഇന്ത്യൻ പൗരയെന്ന നിലയ്ക്കുള്ള അവകാശങ്ങൾ മുഴുവൻ ഇല്ലാതാക്കി ഹിന്ദുത്വവാദികൾ തടവിലാക്കിയപ്പോൾ ഈ സർക്കാർ അങ്ങേയറ്റം നിഷ്‌ക്രിയമായി നോക്കിനിന്നുവെന്നതാണ് കഴിഞ്ഞ ഭരണകാലത്തെ ഏറ്റവും വേദനാജനകമായ സംഭവം. അതുപോലെ തൃപ്പൂണിത്തുറ യോഗാകേന്ദ്രം എന്ന പേരിൽ നടത്തിയ ഹിന്ദുത്വവാദികളുടെ പീഡനകേന്ദ്രം പിടിക്കപ്പെട്ടപ്പോൾ അതിൽ കുറ്റവാളികളെ കൃത്യമായി ശിക്ഷിക്കാൻ എം.എൽ.എ. മുൻകൈയെടുക്കേണ്ടിയിരുന്നു. ആ പ്രദേശത്തെ എം.എൽ.എ ആ വിഷയം കണ്ടില്ലെന്നു നടിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് ആ എം.എൽ.എയ്ക്ക് ഒരു ഗുണവുമുണ്ടായില്ല. കാരണം, കുറച്ചു ഹിന്ദുത്വവാദികളുള്ള ഒരു സ്ഥലത്ത് ഹിന്ദുത്വവാദത്തിനുനേരെ കണ്ണടച്ചു എന്ന ഒറ്റക്കാരണംകൊണ്ടുമാത്രം ഇടതുപക്ഷക്കാരനായ ഒരാൾക്കുവേണ്ടി വോട്ട് ചെയ്യാനൊന്നും പോകുന്നില്ല. മാത്രമല്ല, ആ ഒരു വോട്ടുകൊണ്ട് കേരളം മാറിമറിയും എന്ന് കരുതാനും നിവൃത്തിയില്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ വളരെ ഡ്രമാറ്റിക്കായി ചാടിക്കേറി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ പറയില്ല. അങ്ങനെ ചെയ്യുന്നത് മണ്ടത്തരവുമാണ്.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ വിവേചനങ്ങൾക്കും മുൻവിധികൾക്കും എതിരെ വനിത ശിശുക്ഷേമ വകുപ്പ് സമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ക്യാമ്പയ്നിന്റെ ഭാഗമായി അന്താരാഷ്ട്ര മാതൃദിനത്തിൽ പ്രസിദ്ധീകരിച്ചത്. / Photo: Department of Women and Child Development, Fb

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ശബരിമല വിഷയത്തിൽ ചാടിവീണ് കാണിച്ച ഡ്രമാറ്റിക്‌സ് ഒന്നും ആവശ്യമില്ലായിരുന്നു. അത് വളരെ കൂളായി, "ഞങ്ങൾ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുണ്ട്, പക്ഷേ ഞങ്ങളിവിടെ പ്രളയാനന്തര പുനർനിർമാണത്തിന്റെ തിരക്കിലാണ്, ഈ വിധി സമ്പാദിച്ചുകൊണ്ടുവന്നത് ആർ.എസ്.എസിലെ വനിതകളാണ്, ആ സ്ഥിതിക്ക് ആർ.എസ്.എസിലെ വനിതകൾ തന്നെ മുൻകൈയെടുത്ത് ഒരു നൂറ് യുവതികളെ ശബരിമലയിലേക്ക് പോകാൻ തയ്യാറാക്കിക്കൊണ്ടുവരണം, അങ്ങനെ കൊണ്ടുവന്ന ഉടൻ സർക്കാർ അവർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം ഏർപ്പാടാക്കും' എന്നു പറഞ്ഞ് പന്ത് വലതുപക്ഷത്തിന്റെ കോർട്ടിലേക്ക് ഇട്ടുകൊടുക്കുന്നതിനു പകരം, ഭയങ്കരമായ നാടകം, ഇപ്പോഴത്തെ ഇടതുപക്ഷത്തിന് താങ്ങാൻ പറ്റാത്തതുപോലത്തെ നാടകം നടത്തുകയായിരുന്നു സർക്കാർ. നവോത്ഥാനം എന്നൊക്കെ പറഞ്ഞ്, പറയുന്ന നവോത്ഥാനം പ്രവർത്തിപ്പിക്കാനുള്ള ത്രാണിയില്ലാതെ ഇടതുപക്ഷം പരിഹാസ്യമാകുന്നതാണ് കണ്ടത്.
അത്തരം ചിന്താശൂന്യമായ എടുത്തുചാട്ടം ആവശ്യമില്ല. ഭരണഘടനയിൽ സ്ത്രീകൾക്ക് നൽകിയ അവകാശങ്ങൾ നിശ്ശബ്ദമായി നടപ്പാക്കിയാൽ മാത്രം മതി. അതായത് ഹിന്ദുത്വവാദിയായ ഗുണ്ടകൾ ഒരു സ്ത്രീയെ ആക്രമിച്ചാൽ കൂടുതൽ ഒന്നിനും പോകണ്ട, അവർക്കെതിരെ കേസെടുക്കുക. നിശബ്ദമായി ചെയ്താൽ മതി. ആ കേസ് മര്യാദയ്ക്ക് കോടതിയിലെത്തുംവിധം കാര്യങ്ങൾ നീക്കുക. ഇടയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾ വരാതെ സൂക്ഷിക്കുക. ആ സ്ത്രീയ്ക്ക് ആവശ്യമുള്ള കൗൺസിലിംഗും മറ്റും കൊടുക്കുക. ഇതൊക്കെ ചെയ്താൽ മാത്രം മതി. വലതുപക്ഷ വാദികളല്ല, ഇടതുപക്ഷ വാദികളായ ഗുണ്ടകളാണ് ആ സ്ത്രീയെ ആക്രമിക്കുന്നതെങ്കിൽ അതേപോലെ, അതായത് സർക്കാർ പൊലീസ് നടപടികളിൽ ഇടപെടാതിരിക്കുക, പൊലീസുകാർ കൃത്യമായി നീതി നടപ്പാക്കുക. അല്ലാതെ വലിയ നാടകം കളിക്കേണ്ട കാര്യമില്ല.

ഈയടുത്ത്, സർക്കാർ പുറത്തുവിട്ട സ്ത്രീവിമോചന പരസ്യങ്ങൾ ഒരു ഫെമിനിസ്റ്റ് മുഖം ഈ സർക്കാരിനുണ്ടെന്ന് തെളിയിക്കുന്നുവെന്ന് പലരും പറയുന്നു. നല്ലത്. പക്ഷേ വാക്കു പറയുക എളുപ്പമാണ്, പ്രവൃത്തിയാണ് പ്രയാസം.

അതുകൊണ്ട് ഈ സർക്കാറിനോട് എനിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപേക്ഷ, ലിംഗനീതിയെ ഒരു വലിയ നാടകമായിട്ടൊന്നും കാണേണ്ട, ലിംഗനീതിയെ സാധാരണ മനുഷ്യരുടെ അടിയന്തരമായ, പ്രാണവായുപോലെ അത്യാവശ്യമായ കാര്യമായി കണക്കാക്കി നോർമലായ രീതിയിൽ അതിനുവേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കണം. ലിംഗനീതിയെ അതിലംഘിക്കുന്നത് ഇടതായാലും ശരി, വലതായാലും ശരി ഞങ്ങൾ അത് അനുവദിക്കില്ല എന്ന് വളരെ സൗമ്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ മാത്രം മതി. ▮


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments