എത്ര ആപൽക്കരവും പ്രതിലോമകരവുമായ ഒരിടത്താണ് എം.കെ. മുനീർ നിൽക്കുന്നത്​

വാസ്തവത്തിൽ ലെനിനല്ല മുനീറിന്റെ പ്രശ്നം​. പിണറായിയുമല്ല. മാനിഫെസ്റ്റോ ചൂണ്ടിക്കാണിച്ച ‘ഉത്പാദനോപകരണങ്ങളിന്മേലുള്ള' പൂർണവും പൊതുവുമായ ചൂഷണത്തിനുള്ള അധികാരമാണ് അദ്ദേഹത്തിന്റെ ആഗ്രഹവും പ്രത്യയശാസ്ത്രവും. അത് ഒരു ജനാധിപത്യവാദിക്കും നിരക്കുന്നതല്ല എന്ന് ലെനിൻ പറയുന്നു.

‘പിണറായിക്ക് സാരിയുടുത്തുകൂടെ’ എന്ന എം.കെ. മുനീറിന്റെ ചോദ്യം കേവലമായ വിഡ്ഢിത്തത്തിൽ നിന്നുള്ളതല്ല. തുടർന്നുള്ള അദ്ദേഹത്തിന്റെ ലെനിനെക്കുറിച്ചുള്ള മൊഴിമുത്തുകൾ അത് വ്യക്തമാക്കുന്നുണ്ട്. മുനീറിന്​ലെനിനെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചുമുള്ള പരാതികളിലാണ് അതിന്റെ വേര്​. എന്നാൽ അതോ, അത് അയാള കടന്നുനിൽക്കുന്ന വിഡ്ഢിത്തത്തിലുപരി നൂറ്റാണ്ടുകൾ കൊണ്ടുറഞ്ഞ്​ വീര്യം കൂടിയ വിഷത്തിൽ മുങ്ങിയതാണ്. ജനാധിപത്യത്തെ സംബന്ധിച്ച് എത്ര ആപൽക്കരവും പ്രതിലോമകരവുമായ ഒരിടത്താണ് മുനീറും, അയാളെ പിന്തുണയ്ക്കുന്നെങ്കിൽ അയാളുടെ പ്രസ്ഥാനവും നിൽക്കുന്നത് എന്ന് അത് കാട്ടുന്നുണ്ട്.

‘‘ലെനിന്​ കുറേ ബന്ധങ്ങളുണ്ടായിരുന്നു. ലെനിൻ ഒരു കോഴിയാണ്''. ചരിത്രത്തെ മാറ്റിയെഴുതിയ മഹാനായ ലെനിനെക്കുറിച്ചാണെന്നോർക്കണം! ലെനിൻ എന്ന് വല്യ അക്ഷരത്തിൽ എഴുതിവച്ചിട്ട് ലെനിന്റെ കുറേ പിന്തിരിപ്പൻ എഴുത്തുകൾ ലെനിന്റെ ഫോട്ടോ ഉൾപ്പടെ സ്റ്റേജിൽ വരച്ചുകാട്ടിക്കൊണ്ട് മുനീർ സാഹിബ് തന്റെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണ്. എന്തൊക്കെയാണ് കുട്ടികളേ ലെനിൻ പറഞ്ഞ പിന്തിരിപ്പൻ കാര്യങ്ങൾ?

1) വിവാഹമോചനക്കാര്യത്തിൽ പരിപൂർണ സ്വാതന്ത്ര്യം.
2) നിയമവിധേയമായ കുട്ടിയും അല്ലാത്ത കുട്ടിയും തമ്മിലുള്ള അന്തരം റദ്ദാക്കുന്ന നിയമം പാസ്സാക്കി.
3) ഇനി അധ്വാനിക്കുന്ന സ്ത്രീ സ്വതന്ത്രയാണ്.
4) ആർക്കും ആരെയും വിവാഹം കഴിക്കാം, പക്ഷേ പുരോഹിതർ ഇടപെട്ട് പ്രശനങ്ങളുണ്ടാക്കുന്നു.

ഇതിലേതെങ്കിലുമൊന്ന്, ഈ നൂറ്റാണ്ടിലെങ്കിലും, മനുഷ്യപക്ഷത്ത് നിൽക്കുന്ന ഒരാൾക്കും തള്ളിക്കളയാനാകുന്നതല്ല എന്നത് ലളിതമായ വസ്തുതയാണ്. ഒരുപാട് പോരാട്ടങ്ങൾ കൊണ്ടും ത്യാഗങ്ങൾ കൊണ്ടും മനസ്സിലാക്കലുകൾ കൊണ്ടുമെല്ലാം ആധുനിക ലോകം ഈ പരിസരത്തൊക്കെ എത്തിത്തുടങ്ങിയ ഈ കാലത്തിനും ദേശത്തിനുമെല്ലാം മുൻപേ, നൂറ്റാണ്ട് മുൻപേ, ലെനിനും അയാളുടെ പ്രത്യയശാസ്ത്രവും ഇവിടെയെത്തിയിരുന്നു. മുനീറിനെയും മുനീറിനെപ്പോലെയുള്ളവരെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിഷമിപ്പിക്കുകയും മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ശത്രുസ്ഥാനത്ത് നിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന, ലെനിൻ പറഞ്ഞ, കാര്യങ്ങളാണിവ. ലെനിൻ പറഞ്ഞതാണോ? തീർച്ചയായും ലെനിൻ ഇവ പറഞ്ഞിട്ടുണ്ട്. എന്നാൽ അവ അതിനും മുന്നേ ലോകം കേൾക്കുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലാണ്.

എം.എസ്.എഫ്. പരിപാടിയിൽ സംസാരിക്കുന്ന എം.കെ. മുനീർ
എം.എസ്.എഫ്. പരിപാടിയിൽ സംസാരിക്കുന്ന എം.കെ. മുനീർ

മുനീർ തന്റെ പാണ്ഡിത്യം കേൾക്കാൻ കൂടിയിരിക്കുന്നവരെ ഉദ്‌ബോധിപ്പിച്ച് ഭയപ്പെടുത്തുന്നത് സ്ത്രീവിമോചനത്തിന്​ ഉതകുന്ന മേൽപറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് കുടുംബവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നത് എന്ന് സൂചിപ്പിച്ചാണ്. വാസ്തവത്തിൽ ഭീഷണി കുടുംബവ്യവസ്ഥായ്ക്കാണോ? അല്ല. ഈ പറഞ്ഞ കാര്യങ്ങൾ ഭീഷണിപ്പെടുത്തുന്നത് കുടുംബവ്യവസ്ഥയെന്നാൽ തങ്ങളാണെന്ന് ധരിച്ചിരിക്കുന്ന പുരുഷവ്യവസ്ഥയെയാണ്.

ഒരു പുസ്തകം ക്ലാസിക്കാകുന്നത് അതെത്രയെത്ര സമകാലികമാണെന്നുള്ളതിനാലുമാണ് എന്നു സമ്മതിച്ചാൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒരു ക്ലാസ്സിക് തന്നെ. അത് പറയുന്നു - Abolition of the family. കുടുംബവ്യവസ്ഥയെ ഇല്ലായ്മ ചെയ്യൽ. ഏറ്റവും വലിയ പുരോഗമനവാദിയിൽപ്പോലും ഇത് എതിർപ്പുണ്ടാക്കും. നിലവിലെ കുടുംബവ്യവസ്ഥ, അതായത് മുതലാളിത്ത കുടുംബവ്യവസ്ഥ എന്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്? മൂലധനത്തിന്റെ, സ്വകാര്യലാഭത്തിന്റെ അടിസ്ഥാനത്തിൽ. മാനിഫെസ്റ്റോ തുടരുന്നു; നിങ്ങൾ കമ്മ്യൂണിസ്റ്റുകൾ സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് ബൂർഷ്വാസി ഒന്നിച്ച് അലമുറയിടുന്നു. ബൂർഷ്വാസി അയാളുടെ ഭാര്യയെ കാണുന്നത് വെറും ഒരു ഉത്പാദനോപാധി എന്ന നിലയിലാണ്. അയാൾ മനസ്സിലാക്കുന്നത് ഉത്പാദനത്തിന്റെ ഉപകരണങ്ങളെല്ല്ലാം പൊതുവായ അടിസ്ഥാനത്തിൽ ചൂഷണം ചെയ്യപ്പെടണം എന്നാണ്. മാനിഫെസ്റ്റോ ക്ലാസിക്കാകുന്നത് അത് കൃത്യമായിത്തന്നെ ഈ നൂറ്റാണ്ടിലും മുനീറിനെപ്പോലെയുള്ളവർ നിൽക്കുന്ന സ്ഥലം കാണിച്ചുതരുന്നു എന്നതുകൊണ്ടാണ്.

മാനിഫെസ്റ്റോ പറയുന്നത് കുറേക്കൂടി കൃത്യതയോടെ വിശദമാക്കുകയാണ് ലെനിൻ ചെയ്യുന്നത്. അധ്വാനിക്കുന്ന സ്ത്രീ കൂടുതൽ സ്വതന്ത്രയാണെന്ന് അന്നേ പറഞ്ഞ ലെനിൻ വിവാഹമോചനത്തെക്കുറിച്ചുള്ള തീരുമാനങ്ങളിലെ സ്ത്രീയുടെ പൂർണസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നതുകൊണ്ടും പിന്തിരിപ്പരുടെ ശത്രുവാണ്. ആ സ്വാതന്ത്ര്യാവകാശത്തിന്റെ അഭാവം അടിച്ചമർത്തപ്പെട്ട വിഭാഗമായ സ്ത്രീകളുടെ മേലുള്ള അധികപീഡനമാണെന്നും അത് മനസ്സിലാകാത്ത ഒരാൾ ജനാധിപത്യവാദിയേ അല്ലായെന്നും ലെനിൻ പറയും.

കാൾ മാർക്സ്, ലെനിൻ
കാൾ മാർക്സ്, ലെനിൻ

സ്ത്രീസ്വാതന്ത്ര്യം മുൻനിർത്തി മുനീർ ജെൻഡർ പ്രശനം ചർച്ച ചെയ്യുകയായിരുന്നോ എന്ന് നിശ്ചയമില്ല. ആണെങ്കിലും അല്ലെങ്കിലും ലെനിനും അയാളുടെ പ്രത്യയശാസ്ത്രവും ജെൻഡർ ഇഷ്യുവിൽ ബൂർഷ്വാസിയുടെയും മതത്തിന്റെയും ബ്ലാക്ക് ഹോളിലകപ്പെട്ട മുനീറിന്റെയും ലോകങ്ങളെക്കാൾ പ്രകാശകാതങ്ങൾ മുൻപിലാണ്. വിപ്ലവമെന്നാൽ സ്വത്തിലും ഉത്പാദനോപാധിയിലുമുള്ള തുല്യതയും സ്വാതന്ത്ര്യവുമെന്നതിൽ കുടുങ്ങിയതായിരുന്നില്ല. ബന്ധങ്ങളിലെ തുല്യതയിലേക്കും കടന്ന് അധ്വാനിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യം എന്നതുമെല്ലാം കടന്ന് സ്വവർഗ്ഗലൈംഗികതയെ കുറ്റകരമല്ലാതാക്കുകയും സ്വവർഗ്ഗവിവാഹത്തെ നിയമപരമാക്കുകയും ചെയ്ത വിപ്ലവമായിരുന്നു ലെനിൻ നയിച്ചത്. ആ ലെനിന്റെ ഫോട്ടോ വച്ചാണ് മുനീർ ക്ലാസെടുക്കുന്നത്.

ലെനിൻ പ്രശ്‌നമാണ്. മുനീറിനത് മനസ്സിലാകാൻ സാധ്യതയില്ല. ബ്രെഹ്റ്റിന്റെ ഒരു കവിതയിൽ പറയുന്നതു പോലെ, വിവിധ വീക്ഷണകോണുകളോട് ആരെയാണ്​ നിങ്ങൾ സേവിക്കുന്നത് എന്ന് ലെനിൻ ചോദിക്കും. അത് തീഷ്ണമായ ഒരു ചോദ്യമാണ്. ആ ചോദ്യം ചോദിക്കുന്ന ലെനിനെന്ന ഒരു കണ്ണാടിയെടുത്ത് പിടിക്കുമ്പോൾ പുരോഗമനത്തിന്റെ മേലങ്കി പുതയ്ക്കുന്ന മുനീർ എത്ര പ്രതിലോമകരമായ ഉള്ളാണ് പേറുന്നത് എന്നത് വെളിവാകുന്നു. ഏത് ബന്ധത്തിലുള്ളതായാലും കുട്ടികൾക്ക് അവകാശം തുല്യമാണെന്നും ഇഷ്ടമുള്ള വിവാഹം വ്യക്തികളുടെ തെരഞ്ഞെടുപ്പാണെന്നും, സ്ത്രീ സ്വതന്ത്രയാണ്, അവൾക്ക് തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയുന്നത് പ്രതിലോമതയാണെന്ന് ക്ലാസെടുക്കുന്ന ഒരാൾ എവിടെയാണ് നിൽക്കുന്നത് എന്ന്, എത്ര വിഷത്തിലാണ് മുങ്ങിനിൽക്കുന്നതെന്ന് സ്ത്രീകൾ മാത്രമല്ല, ജനാധിപത്യവാദികളായ സകല മനുഷ്യരും ചോദിക്കണം. വാസ്തവത്തിൽ ലെനിനല്ല മുനീറിന്റെ പ്രശ്നം​. പിണറായിയുമല്ല. മാനിഫെസ്റ്റോ ചൂണ്ടിക്കാണിച്ച ‘ഉത്പാദനോപകരണങ്ങളിന്മേലുള്ള' പൂർണവും പൊതുവുമായ ചൂഷണത്തിനുള്ള അധികാരമാണ് അദ്ദേഹത്തിന്റെ ആഗ്രഹവും പ്രത്യയശാസ്ത്രവും. അത് ഒരു ജനാധിപത്യവാദിക്കും നിരക്കുന്നതല്ല എന്ന് ലെനിൻ പറയുന്നു. അയാളൊരു ജനാധിപത്യവാദിയല്ലെന്നാണ് അതിന്റെയർത്ഥം. എന്നുവച്ചാൽ ജനാധിപത്യത്തിന്റെ ലോകത്ത് പ്രവർത്തിക്കാൻ നൂറ്റാണ്ടുകളുടെ മാലിന്യവും വിഷവും ചൂഷണകൗശലവും പേറുന്ന ഈ രീതിയിലുള്ള ചിന്തയുള്ള ഒരാൾ അർഹനല്ലെന്നുതന്നെയാണ്.


Summary: വാസ്തവത്തിൽ ലെനിനല്ല മുനീറിന്റെ പ്രശ്നം​. പിണറായിയുമല്ല. മാനിഫെസ്റ്റോ ചൂണ്ടിക്കാണിച്ച ‘ഉത്പാദനോപകരണങ്ങളിന്മേലുള്ള' പൂർണവും പൊതുവുമായ ചൂഷണത്തിനുള്ള അധികാരമാണ് അദ്ദേഹത്തിന്റെ ആഗ്രഹവും പ്രത്യയശാസ്ത്രവും. അത് ഒരു ജനാധിപത്യവാദിക്കും നിരക്കുന്നതല്ല എന്ന് ലെനിൻ പറയുന്നു.


Comments