ഒ. പന്നീർ സെൽവം

OPS:
രാഷ്ട്രീയ വനവാസമോ
നിൽക്കക്കള്ളി രാഷ്ട്രീയമോ?

ജയലളിതയോടുള്ള വിശ്വസ്തത മാറ്റിവെച്ചാൽ, അവസരവാദപരമായ നിലപാടുകൾ കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ പഴികേട്ട രാഷ്ട്രീയ നേതാവാണ് ഒ. പന്നീർ ശെൽവം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ‘OPS ഫാക്ടർ’ പരിശോധിക്കുന്നു, ടി. അനീഷ്. ‘അരസിയൽ സുവരൊട്ടികൾ’ തുടരുന്നു.

അരസിയൽ
സുവരൊട്ടികൾ-
മൂന്ന്

മേരിക്കൻ കൊമേഡിയനും എഴുത്തുകാരനുമായ ഗ്രോച്ചോ മാർക്സ് ഇങ്ങനെ പറയുന്നു: "രാഷ്ട്രീയത്തിൽ, തുറന്ന മനസ്സ് ജ്ഞാനത്തിലേക്കുള്ള തുറന്ന വാതിലാണെങ്കിലും അത് അവസരവാദത്തിലേക്കുള്ളതുമാകാം". പരിഹാസച്ചുവയോടെയാണ് ഗ്രോച്ചോ ഇക്കാര്യം പറയുന്നതെങ്കിലും രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് ഈ ഇരട്ടസ്വഭാവം സാധൂകരിക്കപ്പെടാറുണ്ട്. രാഷ്ട്രീയത്തിലെ ആകസ്മിക ഏണിപ്പടികളിലൂടെ നേതൃതലങ്ങളിലെത്തപ്പെട്ടവരുടെ ചരിത്രസാക്ഷ്യങ്ങളുമുണ്ട്. അതിജീവനത്തിനായി വഴക്കവും വിധേയത്വവും, സാധ്യമാകുന്ന ഇടങ്ങളിൽ വിലപേശലുകളും കൊണ്ട് അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിച്ചവരെയും കാണാം.

ജയലളിതയോടുള്ള വിശ്വസ്തത മാറ്റിവെച്ചാൽ, അവസരവാദ നിലപാടുകൾ കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ പഴികേട്ട രാഷ്ട്രീയ നേതാവാണ് ഒ. പന്നീർ ശെൽവം. തുറന്ന മനസ്സ് ജ്ഞാനത്തിലേക്കല്ല, വിനീതവിധേയത്വത്തിന്റെയും പിൽക്കാലത്ത് നിൽക്കക്കള്ളി രാഷ്ട്രീയത്തിന്റെയും പ്രയോക്താവായി മാറാനാണ് ഒട്ടക്കാരതേവർ പന്നീർ ശെൽവം എന്ന ഒ.പി.എസിന് പ്രേരണയായത്.

അപ്രതീക്ഷിതമായി, മുഖ്യമന്ത്രി സ്ഥാനം കൈവന്ന ആദ്യ അവസരത്തിൽ ഹാളിന്റെ ഒരു മൂലയിൽ കൂനിക്കൂടി നിൽക്കുന്ന ഒ പി എസിന്റെ ചിത്രം ഒരു 'ബലിയാടി'നെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

പ്രസംഗപാടവം കൊണ്ടോ നേതൃശേഷി കൊണ്ടോ ആളെ കയ്യിലെടുക്കാനുള്ള കോപ്പൊന്നും കൈവശമില്ലാത്ത പന്നീർ ശെൽവം നിശ്ശബ്ദമായി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചലനങ്ങൾക്കൊത്ത് കയറിവന്ന ആളാണ്. പരിഹാസ കഥാപാത്രമായും, വിനീതവിധേയനായും, വിശ്വസ്തതയുടെ പര്യായമായും ഒക്കെ ചിത്രീകരിക്കപ്പെട്ട പന്നീർ ശെൽവം നിർണ്ണായകഘട്ടത്തിലെ ചില ചുവടുവെപ്പുകൾ കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പാർട്ടിയിലും ഭരണത്തിലും, ജയലളിതയുടെ അനുഗ്രഹാശിസ്സുകളോടെ കൈവന്ന അധികാരം ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിൽ വി.കെ. ശശികലക്കെതിരെ 'ധർമയുദ്ധം' പ്രഖ്യാപിക്കാനും, എടപ്പാടി പളനിസ്വാമിക്കെതിരെയുള്ള ഉൾപ്പാർട്ടിസമരത്തിൽ തരാതരം പോലെ നിലപാടുകൾ കൈക്കൊള്ളാനും അദ്ദേഹത്തിന് മടിയുണ്ടായില്ല, ഈ അവസരങ്ങൾ ഒഴിച്ചാൽ നിരന്തരമായ ഒരു കലഹമനസ്സ് അദ്ദേഹം സൂക്ഷിച്ചിരുന്നില്ല, വൈകാരികമായ തള്ളിച്ചകൾ പൊതു ഇടങ്ങളിൽ തുറന്നു പ്രകടിപ്പിക്കുന്നതിൽ മടികാണിച്ചതുമില്ല.

ജയലളിതയോടുള്ള വിശ്വസ്തത മാറ്റിവെച്ചാൽ, അവസരവാദ നിലപാടുകൾ കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ പഴികേട്ട രാഷ്ട്രീയ നേതാവാണ് ഒ. പന്നീർ ശെൽവം.
ജയലളിതയോടുള്ള വിശ്വസ്തത മാറ്റിവെച്ചാൽ, അവസരവാദ നിലപാടുകൾ കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ പഴികേട്ട രാഷ്ട്രീയ നേതാവാണ് ഒ. പന്നീർ ശെൽവം.

തേനി ജില്ലയിലെ പെരിയകുളത്ത് തെൻകരൈ ഗ്രാമത്തിൽ, തേവർ സമുദായത്തിൽ പെട്ട കർഷക കുടുംബത്തിൽ പിറന്ന പന്നീർ ശെൽവത്തിനു 'പേച്ചിമുത്തു' എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. പി. യു. സി പൂർത്തിയാക്കിയ ശേഷം ഉത്തമപാളയം ഹാജി കരുത റാവു ഗൌഡിയ കോളേജിൽ ചേർന്നു. കൂട്ടുകൂടലുകളോട് വിമുഖമായിരുന്ന കോളേജ് ജീവിതത്തിലെ ഏകാന്തത പിൽക്കാലത്ത് രാഷ്ട്രീയത്തിലും പന്നീർ ശെൽവം കൊണ്ടുനടക്കുന്നത് കാണാം. അപ്രതീക്ഷിതമായി, മുഖ്യമന്ത്രി സ്ഥാനം കൈവന്ന ആദ്യ അവസരത്തിൽ ഹാളിന്റെ ഒരു മൂലയിൽ കൂനിക്കൂടി നിൽക്കുന്ന ഒ പി എസിന്റെ ചിത്രം ഒരു 'ബലിയാടി'നെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

പെരിയകുളത്തെ കൈലാസനാഥർ ക്ഷേത്രത്തിനടുത്തുള്ള കുടുംബഭൂമിയിൽ കൃഷി ആരംഭിച്ച പന്നീർ, ചുറ്റുമുള്ള ചായക്കടകളിൽ പാലിന് ആവശ്യക്കാർ ധാരാളമുണ്ട് എന്ന് മനസ്സിലാക്കി, സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ ഒരു വിതരണകേന്ദ്രം സ്ഥാപിച്ചു. ബാക്കിയാകുന്ന പാൽ പാഴാകാതിരിക്കാൻ ‘പി. വി കാന്റീൻ' എന്ന പേരിൽ ഒരു ചായക്കടയും തുടങ്ങി. ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്ന വിജയൻ എന്ന സുഹൃത്തിന്റെയും തന്റെയും പേരിലെ ആദ്യാക്ഷരങ്ങളാണ് ‘പി.വി’.
ഇപ്പോഴും ആ കടയുണ്ട്, പക്ഷേ പേര് മറ്റൊന്നാണ്.

ശിവാജി ഗണേശന്റെ കടുത്ത ആരാധകനായിരുന്നു പന്നീർ. എങ്കിലും സുഹൃത്തുക്കൾക്കൊപ്പം എം.ജി. ആറിന്റെ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന് പ്രവർത്തിക്കാൻ അത് തടസ്സമായില്ല. പാർട്ടി മധുര ജില്ലാ യുവജനവിഭാഗത്തിന്റെ അന്നത്തെ സെക്രട്ടറി കമ്പം സെൽവേന്ദ്രന്റെ പ്രീതി സമ്പാദിച്ച് പെരിയകുളം ടൗൺ എം.ജി.ആർ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായി. എം.ജി.ആറിന്റെ മരണശേഷം പാർട്ടി ജയലളിത - ജാനകി (ജെ - ജാ) വിഭാഗങ്ങളായി പിളർന്നപ്പോൾ നടൻ ശിവാജി ഗണേശന്റെ പിന്തുണ ജാനകി ടീമിനായിരുന്നു. ആരാധകനായ പന്നീരും ആ വിഭാഗത്തേക്കു ചാഞ്ഞു.

കരൂർ ആൾക്കൂട്ട ദുരന്തത്തിനുശേഷം നിലവിൽ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, വിജയ് യുടെ ടി.വി.കെയുടെ മുന്നേറ്റം എ.ഐ.എ.ഡി.എം.കെയിലെ വിള്ളലുകളെ മുതലെടുത്തുകൊണ്ടായിരിക്കും എന്ന കാര്യത്തിലും സംശയമില്ല.

1989-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്നാണ് ജയലളിത മത്സരിച്ചത്. നടിയും നർത്തകിയുമായിരുന്ന വെണ്ണിറാടൈ നിർമ്മലയായിരുന്നു ജാനകി വിഭാഗം സ്ഥാനാർഥി. ജയലളിത നാമനിർദേശപത്രിക സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞും നിർമ്മല രംഗത്തെത്താഞ്ഞത് പല അഭ്യൂഹങ്ങൾക്കും കാരണമായി. നിയമസഭയിലെ എം.എൽ.സി (അസംബ്ലയിലെ ഉപരിസഭ) അംഗമായി നിർമ്മലയെ എം.ജി.ആർ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ തുടർന്ന് രാഷ്ട്രീയം വിട്ട നിർമ്മല, ജാനകിയുടെ നിർബന്ധത്താലാണ് മനസ്സില്ലാമനസ്സോടെ മത്സരിക്കാമെന്നേറ്റത് (പാപ്പരായ വ്യക്തിക്കു പ്രതിനിധിസഭയിൽ അംഗമാകാൻ അർഹതയില്ല എന്ന ഭരണഘടനാ വകുപ്പനുസരിച്ച് നാമനിർദ്ദേശം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ എം.ജി. ആർ അവരുടെ കടബാധ്യതകൾ തീർത്തുകൊടുത്തെങ്കിലും നിർമല പത്രിക പിൻവലിച്ചു. ഇതിൽ എം.ജി. ആറിനുണ്ടായ അതൃപ്തിയാണ് തമിഴ്‌നാട് അസംബ്ലിയിൽ നിന്ന് ഉപരിസഭ എന്ന സംവിധാനം തന്നെ നിർത്തലാക്കപ്പെടുന്നതിലേക്കു നയിച്ചത്). ഈ സമയത്ത് കമ്പം സെൽവേന്ദ്രന്റെ നിർദ്ദേശമനുസരിച്ച്, അന്ന് പ്രാദേശിക തലത്തിൽ പ്രവർത്തിച്ചിരുന്ന പന്നീർ ശെൽവമാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നിർമ്മലയെ എത്തിക്കുന്നത്. ആർ.എം. വീരപ്പനടക്കമുള്ള നേതാക്കളുടെ തുടർച്ചയായ ആവശ്യവും പന്നീരിന്റെ നിശ്ശബ്ദ ഇടപെടലുകളും നിർമ്മലയ്ക്ക് നിരസിക്കാനായില്ല.

നിർമ്മലയ്ക്കുവേണ്ടി പന്നീർ, കളം നിറഞ്ഞു പ്രചാരണം നടത്തി. ജയലളിതയെ തോൽപ്പിക്കാൻ ബോഡിനായ്ക്കന്നൂരിൽ വീടുവീടാന്തരം കയറിയിറങ്ങിയ പന്നീർ പിൽക്കാലത്ത് അവരുടെ തന്നെ ഏറ്റവും വിശ്വസ്തനും പിൻഗാമിയുമായി തീർന്നത് ചരിത്രം.

ഈ തെരഞ്ഞെടുപ്പിൽ നിർമ്മല ജയലളിതയോട് പരാജയപ്പെട്ടു. പി.എച്ച്. പാണ്ഡ്യനും പി. മുത്തുസ്വാമിയും ഒഴികെ, ജാനകിയടക്കം എല്ലാ 'ജാ' വിഭാഗം സ്ഥാനാർത്ഥികളും തോൽവി രുചിച്ചു. കരുണാനിധിയുടെ നേതൃത്വത്തിൽ ഡി എം കെ അധികാരത്തിലെത്തി. 27 സീറ്റുകളുമായി ജയലളിത പ്രതിപക്ഷ നേതാവായി. പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗത്തിന്റെയും പിന്തുണ ജയലളിതയ്ക്കാണെന്നു തിരിച്ചറിഞ്ഞ ജാനകി പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് രാഷ്ട്രീയം വിട്ടു. ഇരുവിഭാഗങ്ങളും ഒന്നായതോടെ പന്നീർ ശെൽവവും ജയലളിതയുടെ നേതൃത്വം സ്വീകരിച്ചു. അദ്ദേഹം പാർട്ടി പെരിയകുളം ടൗൺ സെക്രട്ടറിയും പിന്നീട് പെരിയകുളം മുനിസിപ്പാലിറ്റി ചെയർമാനുമായി. ആർക്കെതിരെയും കരുനീക്കം നടത്താത്ത, തന്റെ വളർച്ചയ്ക്കിടെ മറ്റുള്ളവരോട് അസൂയപ്പെടാത്ത ഒരു സാധുമനുഷ്യനായാണ് പന്നീർ ശെൽവം അക്കാലത്ത് കണക്കാക്കപ്പെട്ടത്.

1989-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്നാണ് ജയലളിത മത്സരിച്ചത്. നടിയും നർത്തകിയുമായിരുന്ന വെണ്ണിറാടൈ നിർമ്മലയായിരുന്നു ജാനകി വിഭാഗം സ്ഥാനാർഥി. ജയലളിത നാമനിർദേശപത്രിക സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞും നിർമ്മല രംഗത്തെത്താഞ്ഞത് പല അഭ്യൂഹങ്ങൾക്കും കാരണമായി.
1989-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്നാണ് ജയലളിത മത്സരിച്ചത്. നടിയും നർത്തകിയുമായിരുന്ന വെണ്ണിറാടൈ നിർമ്മലയായിരുന്നു ജാനകി വിഭാഗം സ്ഥാനാർഥി. ജയലളിത നാമനിർദേശപത്രിക സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞും നിർമ്മല രംഗത്തെത്താഞ്ഞത് പല അഭ്യൂഹങ്ങൾക്കും കാരണമായി.

1999-ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് പന്നീർ ശെൽവത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. മുഖ്യമന്ത്രിസ്ഥാനം മുതൽ പാർട്ടിയിലെ മുഖ്യ പദവികൾ വരെ ലഭിക്കാൻ പന്നീരിന് വഴിതെളിഞ്ഞത് ഇക്കാലത്ത് അദ്ദേഹം നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ്.

ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ അനന്തരവൻ ടി. ടി. വി. ദിനകരനായിരുന്നു പെരിയകുളം ലോക്സഭാ മണ്ഡലം പാർട്ടി സ്ഥാനാർഥി. പന്നീർ ശെൽവത്തിന്റെ ഇളയ സഹോദരൻ രാജയുടെ വീടായിരുന്നു ദിനകരന്റെ തെരഞ്ഞെടുപ്പ് ഓഫീസ്. തെരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്കുകൾ പരിശോധിക്കുക എന്നതായിരുന്നു പന്നീർ ശെൽവത്തിന്റെ ചുമതല. എതിർക്യാമ്പിലെ പ്രമുഖരായ പലരെയും അനുനയിപ്പിച്ചും നിശ്ശബ്ദരാക്കിയും ദിനകരന്റെ വിജയമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രചാരണ ചുമതലയുള്ള മറ്റു നേതാക്കളെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു പന്നീരിന്റെ പ്രകടനം. ഫലം വന്നപ്പോൾ ദിനകരൻ വൻ ഭൂരിപക്ഷത്തിനു വിജയിച്ചു. ദിനകരന്റെ പ്രീതി പിടിച്ചുപറ്റിയ പന്നീറിനെ കാത്തിരുന്നത് എ.ഐ.എ.ഡി.എം.കെയുടെ ജില്ലാ സെക്രട്ടറി സ്ഥാനം.

എടപ്പാടി പാർട്ടി പിടിച്ചടക്കിയ ശേഷം, എ.ഐ.എ.ഡി.എം.കെയുടെ വോട്ടുബാങ്കിൽ പ്രബലമായ തേവർ സമുദായത്തിന് പ്രാതിനിധ്യം നഷ്ടമായെന്നും ഗൗണ്ടർ പാർട്ടിയായി അത് മാറിയെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ 2011- ൽ രണ്ടാമത് അധികാരത്തിലെത്തിയപ്പോൾ, പെരിയകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ച് കന്നി എം എൽ എ ആയ പന്നീർ ശെൽവത്തിനു അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവും കൈവന്നു. മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ ഏറ്റവും ഒടുവിൽ ആസനസ്ഥനായ അദ്ദേഹത്തിന് ലഭിച്ചത്, റവന്യു വകുപ്പ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കിടെയുള്ള പന്നീരിന്റെ ചില ഇടപെsലുകൾ അക്കാലത്തെ വലിയ തമാശകളായിരുന്നു. കാര്യപ്രാപ്തിയോ, വിഷയഗ്രാഹ്യമോ ഇല്ലാത്ത പന്നീർ തന്റെ ഊഴമെത്തുമ്പോൾ ആവശ്യങ്ങ​ളൊന്നുമുന്നയിക്കാതെ 'എന്റെ വകുപ്പിന് ധനം അനുവദിക്കുക' എന്നുമാത്രം പറഞ്ഞുനിർത്തിയത് സഭയിൽ പൊട്ടിച്ചിരിയുണ്ടാക്കി. തുടർന്ന് മുതിർന്ന നേതാക്കൾ അദ്ദേഹത്തെ വിളിച്ച് സഭയുടെ നടപടിക്രമങ്ങൾ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. ‘മാനിയ കൊറിക്കൈ’ (ധനാഭ്യർഥന) എന്ന സഭാനടപടികളിലെ സാധാരണ പ്രയോഗം പോലും മാണിക്യ കൊറിക്കൈ ('മാണിക്യങ്ങൾക്കായുള്ള അഭ്യർഥന') എന്ന് തെറ്റായി ഉച്ചരിച്ച ആളാണ് പിന്നീട് മൂന്നു തവണ തമിഴ്നാട് ഇടക്കാല മുഖ്യമന്ത്രികസേരയിലെത്തുന്നതും ജയയുടെ വിശ്വസ്തനായ ധനമന്ത്രിയാകുന്നതും.

ആദ്യം, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ടാൻസി കേസിലും രണ്ടാമത്, അനധികൃത സ്വത്ത് സമ്പാദനകേസിലും അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം പന്നീരിനെ ഏൽപ്പിക്കേണ്ടിവന്നത്. 2000 -ൽ ടാൻസി കേസിൽ സ്പെഷ്യൽ കോടതി ഉത്തരവിന്റെ പേരിൽ പദവി നഷ്ടപ്പെട്ടപ്പോൾ ദിനകരനടക്കം പലരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ജയലളിത, പന്നീരിനോട് പകരം ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. അപ്പോഴുണ്ടായ അതേ അന്ധാളിപ്പും നടുക്കവും അധികാരമേറ്റെടുക്കുന്ന ചടങ്ങിൽ പോലും പന്നീരിന്റെ ശരീരഭാഷയിൽ ദൃശ്യമായിരുന്നു.

സത്യപ്രതിജ്ഞാചടങ്ങിൽ ജയലളിതയ്ക്കും ശശികലയ്ക്കും അരികിൽ, കസേരയുടെ വിളുമ്പിൽ മനസ്സില്ലാമനസ്സോടെ എന്ന വണ്ണം ഇരിക്കുന്ന പന്നീരിന്റെ ചിത്രം, കാണുന്നവരിൽ പരിഹാസവും സഹതാപവും ഉളവാക്കുന്നതായിരുന്നു. കേസിൽ നിന്ന് ജയ കുറ്റവിമുക്തയാക്കപ്പെട്ടപ്പോൾ യാതൊരു മടിയുമില്ലാതെ പന്നീർ സ്ഥാനം തിരിച്ചുനൽകി. പന്നീറിന്റെ പോലുള്ള ഒരു വിശ്വസ്ത അനുയായിയെ കിട്ടിയ താൻ ഭാഗ്യം ചെയ്തയാളാണ് ജയലളിത മാധ്യമ സമ്മേളനത്തിൽ തുറന്നു പറയുകയുമുണ്ടായി. പന്നീരിന് പാർട്ടിയിലും ഭരണത്തിലും രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ഈ സംഭവങ്ങൾ ഇടയാക്കി. വിനീതവിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ ജയലളിതയുടെ കാലിൽ വീഴുന്ന 'ആചാര'ത്തിന് തുടക്കമാകുന്നതിങ്ങനെയാണ്. ജയലളിത ഹെലികോപ്ടറിൽ പോകുമ്പോൾ പോലും താഴെ നിലത്തു വീണു കിടന്ന് നമസ്‌കരിക്കുന്ന മന്ത്രിമാർ ആ കാലത്തിന്റെ സവിശേഷ ദൃശ്യമായിരുന്നു.

ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ 2011- ൽ രണ്ടാമത് അധികാരത്തിലെത്തിയപ്പോൾ, പെരിയകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ച് കന്നി എം എൽ എ ആയ പന്നീർ ശെൽവത്തിനു അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവും കൈവന്നു.
ജയലളിതയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെ 2011- ൽ രണ്ടാമത് അധികാരത്തിലെത്തിയപ്പോൾ, പെരിയകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ച് കന്നി എം എൽ എ ആയ പന്നീർ ശെൽവത്തിനു അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവും കൈവന്നു.

2014 -ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ അകത്തുപോകുമ്പോഴും പകരക്കാരനായി പന്നീരിനെ നിയോഗിക്കാൻ ജയലളിതയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. പന്നീർ സെൽവം എന്ന പേര് വിശ്വസ്തതയുടെ പര്യായപദമായി. പോയസ്ഗാർഡനിൽ നിന്നുള്ള നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കലായിരുന്നു പന്നീരിന്റെ 'മുഖ്യമന്ത്രിചുമതല'. ജാമ്യത്തിൽ പുറത്ത് വന്നെങ്കിലും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന ജയയുടെ 67 -ാം പിറന്നാൾ വൻ ആഘോഷമാക്കാൻ പന്നീർ നേതൃത്വം നൽകി. ജയലളിത വീണ്ടും തിരിച്ചെത്തിയതോടെ പാർട്ടിയിലും ഭരണത്തിലും കൂടുതൽ പിടിമുറുക്കാൻ പന്നീറിനായി. പാർട്ടിയിൽ ട്രഷററായും മന്ത്രിസഭയിൽ ധനമന്ത്രിയായും ജയയുടെ വലംകൈയായി. 11 തവണയാണ് തമിഴ്‌നാട് നിയമസഭയിൽ പന്നീർ ബജറ്റ് അവതരിപ്പിച്ചത്.

ജയയുടെ അഭാവത്തിൽ സ്ഥാനങ്ങൾ ഏറ്റെടുക്കുമ്പോഴെല്ലാം വികാരാധിനീനാവുകയും വിതുമ്പിക്കരയുകയും ചെയ്തത് അടവും അഭിനയവുമാണെന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ മനസ്സിന്റെ വികാരാവേഗങ്ങളുടെ ശരീരപ്പകർച്ച തടയാനാവാത്ത വിധം ഹൃദയദൗർബല്യങ്ങളുള്ള സാധു മനുഷ്യനാണ് പന്നീർ ശെൽവം എന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. (എന്നാൽ രാഷ്ട്രീയത്തെ സാമ്പത്തിക നേട്ടങ്ങൾക്കു പ്രയോജനപ്പെടുത്തുന്നതിൽ അത്ര സാധുത്വം അദ്ദേഹത്തിനാവകാശപ്പെടാനാവില്ല എന്ന വിമർശക പക്ഷത്തോട് അവർ വിയോജിക്കുന്നുമില്ല). പകരക്കാരനായി മുഖ്യമന്ത്രിപദം എറ്റെടുക്കുന്നതിന്, ജയലളിതയുടെ ഫോട്ടോ തന്റെ ടേബിളിൽ എത്തിക്കണം എന്ന് നിർബന്ധം പിടിച്ചതുതൊട്ട്, ജയ ആശുപതിയിൽ പ്രവേശിക്കപ്പെട്ട്, ഭരണാനിശ്ചിതത്വം നേരിട്ട കാലത്ത് ചുമതല ഏൽക്കേണ്ടിവന്നപ്പോൾ രാജ്ഭവനിൽ നടന്ന നാടകീയവും വൈകാരികവുമായ രംഗങ്ങൾ വരെ ഒട്ടനവധി ഉദാഹരണങ്ങൾ കാണാം.

ജയയുടെ അനുഗ്രഹാശിസ്സുള്ള ഏക പിൻഗാമി താനാണെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്നു പന്നീർ. പാർട്ടി ജനറൽ കൗൺസിലിന്റെ പിന്തുണയോടെ സെക്രട്ടറി സ്ഥാനവും ഭരണനേതൃത്വവും പിടിച്ചടക്കാനുള്ള ശശികലയുടെ നീക്കങ്ങളിൽ പന്നീർ ശെൽവം അസ്വസ്ഥത കൊണ്ടത് അതിനാലാണ്. പാർട്ടി എം എൽ എമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികലയുടെ പേര് നാമനിർദ്ദേശം ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതും, ജയലളിതയുടെ സമാധി മണ്ഡപത്തിൽ ധ്യാനത്തിലിരുന്ന ശേഷം ശശികലയ്ക്കെതിരെ ധർമ്മയുദ്ധം പ്രഖ്യാപിക്കുന്നതും ഒക്കെ ഇതിന്റെ തുടർച്ചയാണ്. പന്നീർ ശെൽവം മുഖ്യമന്ത്രി സ്ഥാനം സ്വമേധയാ രാജിവെച്ചതാണെന്ന് ശശികലയും രാജി നിർബന്ധിച്ച് എഴുതിവാങ്ങിച്ചതാണെന്ന് പന്നീരും ഇക്കാര്യത്തിൽ പരസ്പര വിരുദ്ധമായ വിശദീകരണങ്ങൾ നൽകി.

പന്നീർ ശെൽവത്തോടെയൊപ്പം 11 എം എൽ എമാർ ചേർന്നതോടെ ഗ്രൂപ്പ് വടംവലിയിലായി, എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയം. എം എൽ എ മാർ മറുകണ്ടം ചാടാതിരിക്കാൻ ചെന്നൈയുടെ പ്രാന്തപ്രദേശമായ കൂവത്തൂരിലെ ഒരു റിസോർട്ടിൽ ശശികല വിഭാഗം തങ്ങളുടെ എം എൽ എമാരെ മാറ്റിപാർപ്പിച്ചതും ഇതിനിടെ ഒരു എം എൽ എ വേഷം മാറി പന്നീർ ശെൽവം ഗ്രൂപ്പിലെത്തുന്നതും പോലുള്ള രസകരമായ സംഭവങ്ങളുമുണ്ടായി.

മുഖ്യമന്ത്രി സ്ഥാനത്തിനായി കുപ്പായം തയ്ച്ചു കാത്തിരുന്ന ശശികലയ്ക്ക്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബന്ധുക്കളായ മറ്റു മൂന്നു പേർക്കൊപ്പം ജയിൽശിക്ഷ ലഭിക്കുന്നതോടെയാണ് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയം വീണ്ടും കുഴമറിയുന്നത്. ശശികലയുടെ അനുമതിയോടെ എം എൽ എമാരുടെ യോഗം എടപ്പാടിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നു. വിശ്വാസ വോട്ടെടുപ്പിൽ 11 അംഗങ്ങളെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുകയും പ്രതിപക്ഷമായ ഡി എം കെയുമായി സഭയിൽ വലിയ സംഘർഷം ഉണ്ടാകുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാവ് എം. കെ. സ്റ്റാലിൻ കീറിയ ഷർട്ടോടെ സഭയിൽ നിന്ന് പുറത്തുവന്ന് പ്രതിഷേധിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞു. എന്തായാലും ആ വിശ്വാസവോട്ടെടുപ്പിൽ ഔദ്യോഗിക വിഭാഗം ജയിച്ചു.

ശശികല ജയിലിലടക്കപ്പെട്ടതോടെ ഇരു ഗ്രൂപ്പുകളും ഒന്നായി പ്രവർത്തിക്കാനുള്ള അരങ്ങൊരുങ്ങി. പാർട്ടിയിലേക്ക് മടങ്ങാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തി പന്നീർ, എടപ്പാടി പളനിസ്വാമിയുമായി ധാരണയിലെത്തുന്നു. ഇരുവിഭാഗത്തിനും ഭീഷണിയായ ശശികലയെ പാർട്ടിയിൽനിന്ന് പുറത്താക്കി. അങ്ങനെ എ.ഐ.എ.ഡി.എം.കെയുടെ ചരിത്രത്തിലാദ്യമായി ഇരട്ട നേതൃത്വം നിലവിൽവന്നു. എടപ്പാടിക്ക് പിന്നിൽ ഉപമുഖ്യമന്തിയായി ഭരണത്തിലും കോ ഓർഡിനേറ്റർ ആയി പാർട്ടിയുടെ തലപ്പത്തും എന്നനിലയിലുള്ള ധാരണ ഒരു കെണിയാണെന്നു മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ശീതസമരങ്ങൾക്കിടയിലും ഇരട്ട നേതൃത്വം നിലനിർത്താനുള്ള ശ്രമം പന്നീർ തുടർന്നെങ്കിലും എടപ്പാടിയുടെ തന്ത്രങ്ങളെ അതിജീവിക്കാൻ പന്നീരിനുള്ള നേതൃശേഷി ദുർബലമായിരുന്നു.

ഉൾപാർട്ടിസംഘർഷങ്ങളും ഭരണവിരുദ്ധ വികാരവും കൊണ്ട് പാർട്ടിപ്രവർത്തകർ പോലും നിരാശരായ സാഹചര്യത്തിലായിരുന്നു 2021 - ലെ നിയമസഭാ തെരഞ്ഞെടുപ്പ്. പി എം കെ പോലുള്ള പ്രബല പ്രാദേശിക കക്ഷികളും ബി ജെ പിയുമടക്കമുള്ള താരതമ്യേന ശക്തമായ മുന്നണി രൂപീകരിച്ചിട്ടും തെരഞ്ഞെടുപ്പിൽ വൻപരാജയമാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി എം കെ അധികാരത്തിലെത്തി. തുടർന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എടപ്പാടിയുമായുള്ള മത്സരത്തിലും പന്നീറിനു വഴങ്ങേണ്ടിവന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനായി കുപ്പായം തയ്ച്ചു കാത്തിരുന്ന ശശികലയ്ക്ക്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബന്ധുക്കളായ മറ്റു മൂന്നു പേർക്കൊപ്പം ജയിൽശിക്ഷ ലഭിക്കുന്നതോടെയാണ് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയം വീണ്ടും കുഴമറിയുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കുപ്പായം തയ്ച്ചു കാത്തിരുന്ന ശശികലയ്ക്ക്, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബന്ധുക്കളായ മറ്റു മൂന്നു പേർക്കൊപ്പം ജയിൽശിക്ഷ ലഭിക്കുന്നതോടെയാണ് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയം വീണ്ടും കുഴമറിയുന്നത്.

ഇരട്ട നേതൃത്വം റദ്ദു ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി 2022 -ൽ വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗത്തിലെത്തിയ പന്നീർ ശെൽവത്തെ വാട്ടർ ബോട്ടിൽ കൊണ്ടെറിഞ്ഞും പരിഹസിച്ചും പുറത്തുപോകാൻ ആവശ്യപ്പെട്ടും എടപ്പാടിപക്ഷം അപമാനിച്ചു. ഇരട്ട നേതൃത്വം ഒഴിവാക്കാനും ജനറൽ സെക്രട്ടറി പദവി പുനഃസ്ഥാപിക്കാനുമുള്ള തീരുമാനമെടുത്ത ജനറൽ കൗൺസിൽ പന്നീർ ശെൽവത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. ജനറൽ കൗൺസിൽ യോഗം റദ്ദാക്കാനുള്ള പന്നീരിന്റെ ആവശ്യം കോടതി നിരസിച്ചു. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് പാർട്ടി ഓഫീസ് ആക്രമിക്കപ്പെടുകയും ഓഫീസ് സീൽ വെക്കപ്പെടുകയും ചെയ്തു. പാർട്ടിയിലും രണ്ടില ചിഹ്നത്തിലുമുള്ള അവകാശങ്ങൾക്കായി കോടതി കയറിയിറങ്ങിയ പന്നീരിനെ നിരാശപ്പെടുത്തുന്നതായിരുന്നു കോടതി ഉത്തരവുകൾ. കോടതി ഇടപെടലിൽ ഔദ്യോഗിക എ.ഐ.എ.ഡി.എം.കെ എന്ന പദവി എടപ്പാടിവിഭാഗം നിലനിർത്തുകയും ചെയ്തു.

പ്രായോഗിക രാഷ്ട്രീയത്തിൽ തന്റെ കൂടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനും പ്രതീക്ഷകൾ നൽകാനും കഴിയാതെ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടായാണ് കണക്കാക്കുക. ഗ്രൂപ്പിനെ ശക്തിപ്പെടുത്താനോ എടപ്പാടിക്കെതിരെ തന്ത്രപരമായി നീങ്ങാനോ ആവാത്തവണ്ണം പന്നീരിന്റെ നേതൃശേഷി പലവട്ടം ചോദ്യം ചെയ്യപ്പെട്ടു. പിൽക്കാലത്ത് ഡി എം കെയിലേക്ക് കൂറുമാറിയ മൈത്രേയനെയും അൻവർ രാജയെയും പോലുള്ള മുതിർന്ന നേതാക്കളെ പിടിച്ചു നിർത്താൻ പന്നീരിനു സാധിച്ചില്ല.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള മുന്നൊരുക്കമായി. എടപ്പാടിയുടെ നേതൃത്വം അംഗീകരിച്ച്, പന്നീർ ശെൽവം പക്ഷം കൂടി ഉൾപ്പെടുന്ന ഒരു സഖ്യം നിലവിൽ വന്നതായി അമിത് ഷാ പ്രഖ്യാപിച്ചത് പന്നീർ വിഭാഗത്തെ ചൊടിപ്പിച്ചു. എന്നാൽ എ.ഐ.എ.ഡി.എം.കെ വിമത നേതാവ് സെങ്കോട്ടയ്യന് ലഭിച്ച പരിഗണനപോലും പല സന്ദർഭങ്ങളിലും ബി ജെ പിയുടെ ഭാഗത്തുനിന്ന് പന്നീറിനു കിട്ടിയില്ല. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിൽ പലതവണ പോയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു, ബി ജെ പിയുടെ ഭാഗത്തുനിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഒടുവിൽ മുന്നണി ബന്ധം വിട്ടതായി പന്നീർ പ്രഖ്യാപിക്കുകയും ചെയ്തു.

എ.ഐ.എ.ഡി.എം.കെ വിട്ട് ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ രൂപീകരിച്ച ടി. ടി. വി. ദിനകരനുമായി ഇതിനിടെ നടത്തിയ കൂടിക്കാഴ്ച ബി ജെ പി, എ.ഐ.എ.ഡി.എം.കെ ഇതര മുന്നണി ബന്ധത്തിനുള്ള തയ്യാറെടുപ്പായി വ്യാഖ്യാനിക്കപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചതും ചില അഭ്യൂഹങ്ങൾക്കിടയാക്കി. നിലനിൽപ്പിന് കുറേക്കൂടി മെച്ചപ്പെട്ട ബന്ധം ഡി എം കെയുമായാണ് എന്നത് യാഥാർഥ്യമാണെങ്കിലും ഡി എം കെ വിരുദ്ധ, എ.ഐ.എ.ഡി.എം.കെ വോട്ടുകൾ ചോർന്നുപോകാനേ ഇത് സഹായിക്കൂ എന്ന് അദ്ദേഹത്തിനറിയാം. ഗത്യന്തരമില്ലാത്ത സാഹചര്യത്തിലെ അത്തരമൊരു തീരുമാനത്തിന് പന്നീർ തയ്യാറാകൂ.

എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്തുപോയ എല്ലാവരെയും ഉൾപ്പെടുത്തി പാർട്ടിയിൽ വിശാല ഐക്യം വേണമെന്ന സെങ്കോട്ടയ്യന്റെ ആവശ്യം പന്നീറിനു മുന്നിൽ അവശേഷിക്കുന്ന കച്ചിത്തുരുമ്പുകളിൽ ഒന്നാണ്. വിജയ് യുടെ ടി.വി. കെയുമായി ടി.ടി.വി. ദിനകരൻ കൈകോർക്കുന്ന പക്ഷം ഒരു മൂന്നാം മുന്നണിയിൽ അണിചേരാമെന്ന സാധ്യതയും പന്നീർ കണക്കുകൂട്ടുന്നുണ്ട്. രാഷ്ട്രീയത്തിൽ നിത്യശത്രുക്കളില്ല എന്ന പ്രമാണമനുസരിച്ച് എ.ഐ.എ.ഡി.എം.കെയിലെ വിശാല ഐക്യം, മുന്നണി വിജയത്തിന് അനിവാര്യമാണെന്ന് അമിത് ഷാ എടപ്പാടിക്ക് നൽകിയ താക്കീതിലും ഒരല്പം പ്രതീക്ഷ പന്നീർ വിഭാഗം പുലർത്തുന്നുണ്ട്.

തന്റെ നേതൃത്വത്തിലും രാഷ്ട്രീയ ഭാവിയിലും സംശയമുള്ള പ്രവർത്തകർ എടപ്പാടിയെ അംഗീകരിച്ചു മടങ്ങിപ്പോകാനുള്ള സാധ്യതയാണ് പന്നീർ ശെൽവത്തിന്റെ പ്രധാന തലവേദന. ഒ.പി. എസ് എന്ന ‘ചത്ത കുതിര’യ്‌ക്കൊപ്പം നീങ്ങുന്നത് തങ്ങളുടെ രാഷ്ട്രീയഭാവിയെ അപകടത്തിലാക്കും എന്ന് മനസ്സിലാക്കി ശേഷിച്ച നേതാക്കളും മറുകണ്ടം ചാടാനുള്ള രാഷ്ട്രീയ സാഹചര്യവും നിലവിലുണ്ട്.

വിജയ് യുടെ ടി.വി. കെയുമായി ടി.ടി.വി. ദിനകരൻ കൈകോർക്കുന്ന പക്ഷം ഒരു മൂന്നാം മുന്നണിയിൽ അണിചേരാമെന്ന സാധ്യതയും പന്നീർ കണക്കുകൂട്ടുന്നുണ്ട്.
വിജയ് യുടെ ടി.വി. കെയുമായി ടി.ടി.വി. ദിനകരൻ കൈകോർക്കുന്ന പക്ഷം ഒരു മൂന്നാം മുന്നണിയിൽ അണിചേരാമെന്ന സാധ്യതയും പന്നീർ കണക്കുകൂട്ടുന്നുണ്ട്.

എടപ്പാടി പാർട്ടി പിടിച്ചടക്കിയ ശേഷം, എ.ഐ.എ.ഡി.എം.കെയുടെ വോട്ടുബാങ്കിൽ പ്രബലമായ തേവർ സമുദായത്തിന് പ്രാതിനിധ്യം നഷ്ടമായെന്നും ഗൗണ്ടർ പാർട്ടിയായി അത് മാറിയെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ജാതിസമവാക്യങ്ങളുടെ ഘടനാപരമായ സമവായം ഉണ്ടാകുന്ന ഘട്ടങ്ങളിലാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് വിജയം കൈവരിക്കാനായിട്ടുള്ളത് എന്ന യാഥാർഥ്യം നിലവിലുണ്ട്. ഈ സാഹചര്യത്തെ തനിക്കനുകൂല ഘടകമാക്കാൻ പന്നീരിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല.

വോട്ടുകൾ വിഭജിക്കപ്പെടുന്ന സാഹചര്യം ആത്യന്തികമായി ഡി എം കെയ്ക്ക് വിജയം സമ്മാനിക്കാനേ ഉതകൂ. കരൂർ ആൾക്കൂട്ട ദുരന്തത്തിനുശേഷം നിലവിൽ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, വിജയ് യുടെ ടി.വി.കെയുടെ മുന്നേറ്റം എ.ഐ.എ.ഡി.എം.കെയിലെ വിള്ളലുകളെ മുതലെടുത്തുകൊണ്ടായിരിക്കും എന്ന കാര്യത്തിലും സംശയമില്ല.

പ്രതീക്ഷകളൊന്നും ഫലവത്തകാത്തപക്ഷം ഒരു രാഷ്ട്രീയ വനവാസമായിരിക്കും ആകസ്മിക രാഷ്ട്രീയത്തിന്റെ ഉച്ചിയിൽനിന്ന് പതിക്കുന്ന ഈ രാഷ്ട്രീയ നേതാവിന് തമിഴ്‌നാട് രാഷ്ട്രീയം കരുതിവെക്കുന്നത് എന്നഭിപ്രായമാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ പങ്കുവെയ്ക്കുന്നത്.

Comments