രമേശ് ചെന്നിത്തലയും നേമത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി കെ. മുരളീധരനും

മലമ്പുഴയിൽ നടന്നത്, നേമത്ത് നടക്കാനിരിക്കുന്നത്

മോദിയെ എതിർക്കുന്ന രാഹുൽഗാന്ധിക്ക് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ന്യൂനപക്ഷത്തിന് ആ നിലപാട് ആവർത്തിക്കേണ്ട ഒരു സാഹചര്യവും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലില്ല.

പലതായി ശോഷിച്ച ജനതാദൾ പരിവാറിലെ ഒരു കഷണം എങ്കിലും ഒപ്പം വേണം എന്ന ചിന്ത കൊണ്ടായിരിക്കാം ഭാരതീയ നാഷണൽ ജനതാദൾ എന്ന പാർട്ടിയെ യു.ഡി.എഫ് ഒപ്പം കൂട്ടിയത്. അങ്ങനെയൊക്കെ ആശ്വസിച്ചാലും പ്രതിപക്ഷനേതാവിന്റെ നീക്കം നിർദോഷമാണെന്ന് വിലയിരുത്താൻ കോൺഗ്രസുകാർക്ക് പോലും കഴിയുന്നില്ല എന്നതാണ് സത്യം. മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ ഭാരതീയ നാഷണൽ ജനതാദൾ എന്ന പാർട്ടിയുടെ സ്ഥാനാർഥി യു.ഡി.എഫിനു വേണ്ടി മത്സരിക്കട്ടെ എന്ന് കോൺഗ്രസ് ആദ്യഘട്ടത്തിൽ തീരുമാനിച്ചത് എന്തിനായിരിക്കും എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് മലമ്പുഴ. തുടർച്ചയായി നാലാം തവണയും വിജയിച്ച വി.എസ്. അച്യുതാനന്ദന് 73,299 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിന് 46,157 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന വി.എസ്. ജോയിക്ക് 35,333 വോട്ടുമാണ് ലഭിച്ചത്.

ഇക്കുറി വി.എസ്. അച്യുതാനന്ദൻ എന്ന കരുത്തനല്ല മലമ്പുഴയിൽ സി.പി.എം സ്ഥാനാർഥി, മണ്ഡലത്തിന് പരിചിതനായ എ. പ്രഭാകരനാണ്. കൃഷ്ണകുമാറിനെ തന്നെയാണ് ബി.ജെ.പി ഇറക്കിയിരിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മത്സരിക്കാനില്ലാത്ത സാഹചര്യം അനുകൂലമാക്കാൻ പറ്റുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എങ്കിലും, മുപ്പതിനായിരത്തിന് അടുത്ത്, കൃത്യമായി പറഞ്ഞാൽ 27,142 വോട്ടിന്റെ വ്യത്യാസം മറികടക്കാൻ കൃഷ്ണകുമാറിന് പുതിയ വോട്ടുകൾ കണ്ടെത്തിയേ മതിയാകൂ. അങ്ങനെയുള്ള സാഹചര്യത്തിലാണ് കേട്ടുകേൾവിയില്ലാത്ത ഒരു പാർട്ടിക്ക് യു.ഡി.എഫ് ഉദാരതയോടെ മലമ്പുഴ സീറ്റ് വച്ചുനീട്ടിയത്.

2016ൽ വി.എസ്. ജോയി നേടിയ 35,133 നുമുകളിലേക്ക് യു.ഡി.എഫിനെ വളർത്താൻ പോന്ന എന്ത് സംഗതിയാണ് ഭാരതീയ നാഷണൽ ജനതാദൾ എന്ന അജ്ഞാത പാർട്ടിയുടെയും അതിന്റെ നേതാവായ അഡ്വ. ജോൺ ജോണിന്റെയും കൈയിൽ രമേശ് ചെന്നിത്തല കണ്ടെത്തിയതെന്ന് മനസ്സിലാവുന്നില്ല.

കോൺഗ്രസ് പരാജയപ്പെട്ടാലും യു.ഡി.എഫ് പരാജയപ്പെട്ടാലും ആ സംവിധാനം കേരളത്തിൽ തകരില്ല എന്നതാണ് സത്യം. കാരണം കൊഴിയാനുള്ള അണികൾ ഒക്കെ മുമ്പേ കൊഴിഞ്ഞു കഴിഞ്ഞു. ഇനി പോകാനുള്ളത് ചില നേതാക്കളാണ്. അവർ പോയാലും അണികൾ ഉറച്ച അടിത്തറയായി അവിടെത്തന്നെ ഉണ്ടാകും.

എന്തായാലും നേതൃത്വത്തേക്കാൾ വകതിരിവ് അണികൾക്കുണ്ടായിരുന്നതുകൊണ്ട് മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു, കൺവെൻഷൻ സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ സമയോചിത ഇടപെടൽ മൂലം നേമത്തുനിന്ന് മലമ്പുഴയിലേക്കുള്ള വഴി അടഞ്ഞു.

അഡ്വ. ജോൺ ജോൺ

ഭാരതീയ നാഷണൽ ജനതാദൾ നേതാവും മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ആളുമായ അഡ്വ. ജോൺ ജോണിന്റെ പ്രതികരണമാണ് കോൺഗ്രസ് തീരുമാനത്തെ സംശയനിഴലിൽ നിർത്തുന്നത്. ഭാരതീയ നാഷണൽ ജനതാദൾ ഒരു ഘട്ടത്തിലും മലമ്പുഴ സീറ്റ് വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിലെ മതനിരപേക്ഷ മനസ്സ് ആശങ്കപ്പെടുന്ന ഒരു സാഹചര്യം മലമ്പുഴയിൽ നിലനിൽക്കുന്നു എന്ന് തിരിച്ചറിയാനും അത് തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാനുമുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വിശ്വസിക്കാനാവുന്നില്ല. എന്തായാലും മലമ്പുഴയിലെ കോൺഗ്രസുകാർക്ക് നന്ദി. കോൺഗ്രസിന്റെ എസ്.കെ. അനന്തകൃഷ്ണനാണ് അണികളുടെ സമ്മർദത്തിനുവഴങ്ങി നേതൃത്വം അനുവദിച്ച മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി.

അണികൾ​ കൊഴിഞ്ഞുകഴിഞ്ഞു, ഇനി ബാക്കി നേതാക്കൾ

ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഒപ്പം ഉറപ്പിച്ചുനിർത്തി വിജയിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ തന്ത്രപരമായ ഒരു നീക്കമുണ്ട്. യു.ഡി.എഫ് പരാജയപ്പെട്ടാൽ അണികൾ ബി.ജെ.പിയിലേക്ക് പോകും എന്നതായിരുന്നു അവരുടെ പ്രചാരണം. സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി പലതവണ അണികൾക്കെതിരെ ഈ ആരോപണം ഉന്നയിച്ചു. പക്ഷേ അണികളല്ല നേതാക്കളാണ് പ്രശ്‌നക്കാർ എന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നതാണ് മലമ്പുഴയിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട്.

മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി എസ്.കെ. അനന്തകൃഷ്ണൻ

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത വോട്ട് വിഹിതം കിട്ടിയവരാണ് പാർട്ടി തകരുമെന്ന ഉമ്മാക്കി കാട്ടി ന്യൂനപക്ഷത്തെ പേടിപ്പിക്കുന്നത്. കോൺഗ്രസ് പരാജയപ്പെട്ടാലും യു.ഡി.എഫ് പരാജയപ്പെട്ടാലും ആ സംവിധാനം കേരളത്തിൽ തകരില്ല എന്നതാണ് സത്യം. കാരണം കൊഴിയാനുള്ള അണികൾ ഒക്കെ മുമ്പേ കൊഴിഞ്ഞു കഴിഞ്ഞു. ഇനി പോകാനുള്ളത് ചില നേതാക്കളാണ്. അവർ പോയാലും അണികൾ ഉറച്ച അടിത്തറയായി അവിടെത്തന്നെ ഉണ്ടാകും. അങ്ങനെയാണ് കേരളത്തിലെ യു.ഡി.എഫിനെ നിലനിർത്തുന്ന സവിശേഷമായ സാമൂഹ്യഘടന. മലമ്പുഴയെ നേമം ആക്കാനുള്ള നേതാക്കളുടെ പദ്ധതി അണികളാൽ തടയപ്പെട്ടതും അതുകൊണ്ടുതന്നെയാണ്.

നേമത്തെ ‘മലമ്പുഴ പരീക്ഷണ’ങ്ങൾ

മലമ്പുഴയിലെ നാടകങ്ങളെ കുറിച്ച് പറയുമ്പോൾ നേമത്ത് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും പരിശോധിക്കാതിരിക്കാനാവില്ല. 2006 ൽ കോൺഗ്രസ് നേതാവ് എൻ. ശക്തൻ വിജയിച്ച മണ്ഡലം വെറും പത്തുവർഷംകൊണ്ട് ബി.ജെ.പിക്ക് അടിയറ വച്ചത് ഇപ്പോൾ മലമ്പുഴയിൽ സംഭവിച്ചതിന് സമാനമായ പരീക്ഷണങ്ങളിലൂടെയാണ്.

2006 ൽ രണ്ടാമതെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി വേങ്ങാനൂർ പി. ഭാസ്‌കരൻ നേടിയത് 50,135 വോട്ടാണ്. ബി.ജെ.പിയുടെ മലയിൻകീഴ് രാധാകൃഷ്ണനുകിട്ടിയത് വെറും 6205 വോട്ടും. ഒ. രാജഗോപാൽ മത്സരിക്കാനെത്തിയ 2011 ൽ ജനതാദൾ യുണൈറ്റഡിന് സീറ്റ് നൽകി അനിവാര്യമായ പതനത്തിലേക്ക് കോൺഗ്രസ് ആദ്യചുവടുവച്ചു.

2011 ൽ 50,076 വോട്ടുനേടി സി.പി.എം നേതാവ് വി. ശിവൻകുട്ടി വിജയിച്ചു. കോൺഗ്രസിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയിരുന്ന നായർ വോട്ടുബാങ്ക് ബി.ജെ.പിയിലേക്ക് ഒഴുകിയതോടെ യു.ഡി.എഫിന്റെ ചാരുപാറ രവി തോറ്റുതുന്നം പാടി മൂന്നാമെതെത്തി. വോട്ട് ബാങ്കിൽ വളർച്ചയുണ്ടായില്ലെങ്കിലും പരമ്പരാഗത വോട്ടുകൾ സി.പി.എം നിലനിർത്തി. ബി.ജെ.പി 6705 വോട്ടിൽ നിന്ന് 43661 വോട്ട് എന്ന നിലയിലേക്ക് കുതിച്ചു. യു.ഡി.എഫ് 60,884 നിന്ന് 20,248 ലേക്ക് തകർന്നടിഞ്ഞു. 2016 ൽ തിരുത്താനുള്ള ഒരു പദ്ധതിയും കോൺഗ്രസിനുണ്ടായിരുന്നില്ല. ജനതാദൾ യുണൈറ്റഡിന്റെ വി. സുരേന്ദ്രൻപിള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയായി.

മലമ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രഭാകരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

2011ലെ 20,248 വോട്ട് 13,680 ആക്കി കുറച്ചെടുക്കാനേ സുരേന്ദ്രൻ പിള്ളക്കായുള്ളൂ. സി.പി.എമ്മിന്റെ സിറ്റിങ്ങ് എം.എൽ.എ വി. ശിവൻകുട്ടി 2011ലെ 50,076ൽ നിന്ന് 59,142 വോട്ടാക്കി ഉയർത്തിയെങ്കിലും പരാജയപ്പെട്ടു. 43,661 ൽ നിന്ന് 67,813 വോട്ടിലേക്കുവളർന്ന ബി.ജെ.പി കേരള ചരിത്രത്തിൽ ആദ്യമായി നിയമസഭയിലേക്ക് ഒ. രാജഗോപാലിലൂടെ വിജയിച്ചു കയറി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ അകന്നു എന്ന ബോധ്യം യു.ഡി.എഫിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്തവണയും നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഏതെങ്കിലും ചാരുപാറ രവിയോ സുരേന്ദ്രൻപിള്ളയോ ആയേനേ. മോദിയെ എതിർക്കുന്ന രാഹുൽഗാന്ധിക്ക് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ന്യൂനപക്ഷത്തിന് ആ നിലപാട് ആവർത്തിക്കേണ്ട ഒരു സാഹചര്യവും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലില്ല. മോദിയോട് മുഖത്തുനോക്കി ചോദ്യങ്ങൾ ചോദിക്കാൻ മലപ്പുറത്തുനിന്ന് ജയിച്ചു പോയ കുഞ്ഞാലിക്കുട്ടി പോരാട്ടം മതിയാക്കി തിരിച്ചുവന്ന് കേരളത്തിൽ മന്ത്രിസ്ഥാനം ലക്ഷ്യമിടുകയാണ്. ഇതടക്കമുള്ള ഒരുപിടി കാര്യങ്ങളിൽ യു.ഡി.എഫ് ന്യൂനപക്ഷങ്ങളിൽ നിന്ന് നീരസം നേരിടുന്നുണ്ട്. രാജ്യസഭയിലേക്കുപോയ ശ്രേയാംസ്‌കുമാർ തിരിച്ചുവന്നു മത്സരിക്കുന്ന സാഹചര്യം ഉയർത്തിക്കാട്ടി പ്രതിരോധിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെങ്കിലും ശ്രേയാംസ്‌കുമാർ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുഖമാണെന്നും അദ്ദേഹം മോദി വിരുദ്ധ നിലപാട് സ്വീകരിക്കുമെന്നും വിശ്വസിച്ച് വോട്ട് ചെയ്യുന്നവർ കേരളത്തിൽ എന്നല്ല കൽപറ്റ മണ്ഡലത്തിൽ പോലും ഉണ്ടാവില്ല.

വി. ശിവൻകുട്ടി

കെ. മുരളീധരന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിലൂടെ പോരാട്ടത്തിനുള്ള ബാല്യം കോൺഗ്രസിൽ അവശേഷിക്കുന്നു എന്ന സന്ദേശം നൽകുന്നത് ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളെ ശക്തിപ്പെടുത്തുന്നതു തന്നെയാണ്. 30,000 മുതൽ 40,000 വരെ വരെ ന്യൂനപക്ഷ വോട്ടുള്ള മണ്ഡലമാണ് നേമം. ബീമാപള്ളിയും പൂന്തുറയും അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളിൽ വലിയൊരു പങ്ക് നേടിയത് വി. ശിവൻകുട്ടി ആയിരുന്നു. ഇത്തവണയും ശിവൻകുട്ടി തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കെ. മുരളീധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതുവരെ കുമ്മനം രാജശേഖരനും വി. ശിവൻകുട്ടിയും തമ്മിലാണ് പോരാട്ടം എന്നതായിരുന്നു മണ്ഡലത്തിലെ സാഹചര്യം.

‘ജനകീയ’ രാജഗോപാൽ കുമ്മനത്തിന്​ വിന

ഇപ്പോൾ സ്ഥിതി സങ്കീർണമായിട്ടുണ്ട്. സങ്കീർണം എന്നല്ല സാധ്യതകൾ വിശാലമായി എന്നുവേണം പറയാൻ. സംഘപരിവാർ പി.ആർ ഏജൻസികൾ സൗമ്യനാക്കി അവതരിപ്പിക്കാൻ എത്ര ശ്രമിച്ചാലും ഒ. രാജഗോപാലിന്റെ പതിന്മടങ്ങ് കടുപ്പമുള്ള സംഘപരിവാർ മുഖമാണ് കുമ്മനം രാജശേഖരൻ. നിലക്കൽ സംഘർഷകാലത്തും മാറാട് കലാപകാലത്തുമുള്ള കുമ്മനം രാജശേഖരന്റെ പ്രസംഗങ്ങളുടെ വീഡിയോകൾ ഏതെങ്കിലും ചാനൽ സ്റ്റുഡിയോകളിൽ അവശേഷിച്ചിരുന്നു എങ്കിൽ കുമ്മനത്തെ സൗമ്യനാക്കാനുള്ള സംഘപരിവാർ ശ്രമം സമ്പൂർണമായി പരാജയപ്പെട്ടേനേ. പക്ഷേ കലാപകാലത്ത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന എല്ലാ പ്രസംഗങ്ങളും ഒഴിവാക്കണമെന്ന അന്നത്തെ ചാനൽ എഡിറ്റർമാരുടെ തീരുമാനം ഒരുകണക്കിന് കുമ്മനം രാജശേഖരനെ രക്ഷിച്ചു. ശശികലയുടെ പ്രസംഗങ്ങളേക്കാൾ മൂർച്ചയുള്ളതായിരുന്നു അക്കാലത്തെ കുമ്മനം രാജശേഖരന്റെ പ്രസംഗങ്ങൾ. സംഘപരിവാർ എത്ര ശ്രമിച്ചാലും ഒ. രാജഗോപാലിന് ആവുന്നത്ര നിഷ്​പക്ഷ വോട്ടുകൾ സമാഹരിക്കാൻ കുമ്മനത്തിന് കഴിയില്ല.

കുമ്മനം രാജശേഖരനും ഒ. രാജഗോപാലും

ഒ. രാജഗോപാൽ അഞ്ചുവർഷം മണ്ഡലത്തിൽ നിഷ്‌ക്രിയനായിരുന്നത് കുമ്മനം രാജശേഖരന് തിരിച്ചടിയാവും. "ജനകീയ'നായ രാജഗോപാൽ തന്നെ കുമ്മനത്തിന്റെ വിജയ സാധ്യത തള്ളിക്കളയുന്നു. എങ്കിലും സംഘപരിവാർ ആഗ്രഹിക്കുന്ന തരത്തിൽ ഹിന്ദുത്വ നടപ്പായ ഒരു മണ്ഡലം തന്നെയാണ് നേമം എന്നോർക്കണം. അത് പൊളിക്കാൻ കെ. മുരളീധരന് കഴിഞ്ഞാൽ ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാവും. എൻ.എസ്.എസിന് സ്വീകാര്യനാണ് കെ. മുരളീധരൻ. എന്നാൽ അതുകൊണ്ട് ജയിക്കാനുള്ള വോട്ട് സമാഹരിക്കാൻ കഴിയും എന്ന് കരുതാനാവില്ല. ശിവൻകുട്ടി മണ്ഡലത്തിൽ സുപരിചിതനാണ്, പരാജയപ്പെട്ട ശേഷവും മണ്ഡലത്തിന് രാജഗോപാലിനെക്കാൾ ഉപകരിച്ചത് ശിവൻകുട്ടിയെ തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞതവണത്തെ വോട്ട് നിലനിർത്താനായാൽ വി. ശിവൻകുട്ടി നേമം മണ്ഡലത്തിൽ ജയിച്ചു കയറും. എന്തായാലും കെ. മുരളീധരന്റെ സ്ഥാനാർഥിത്വം മതനിരപേക്ഷ ചേരിക്ക് ഗുണം തന്നെയാണ്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ അവർക്ക് വോട്ട് ചോർച്ച ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അത് അവരുടെ തോൽവിയിലേക്ക് നയിക്കുന്ന തരത്തിൽ വളരണമെങ്കിൽ എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിൽ ചോർച്ച ഉണ്ടാവുകയുമരുത്.▮

Comments