സിപിഎമ്മിലെ വിഭാഗീയത ഐഡിയോളജിക്കലായിരുന്നില്ലെന്ന് വിഭാഗീയതയെതുടർന്ന് 14 കൊല്ലം മുമ്പ് പാർട്ടിയിൽ നിന്ന് സസ്‌പെൻറ് ചെയ്യപ്പെട്ട ടി. ശശിധരൻ. വിഭാഗീയത മൂപ്പിളമ തർക്കങ്ങളായിരുന്നെന്നും അതിനെ ഐഡിയോളജിക്കലെന്ന് പറയുന്നതുതന്നെ ഐഡിയോളജിക്കലല്ലാതാവുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി.ശശിധരൻ പറഞ്ഞു. ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായി നടത്തിയ അഭിമുഖത്തിലാണ് ശശിധരൻ ഇക്കാര്യം പറഞ്ഞത്.
"" നിങ്ങളെ സുഖിപ്പിക്കാനോ എന്റെയൊരു സമാധാനത്തിനോ വേണ്ടി വേണമെങ്കിൽ അത് ഐഡിയോളജിക്കലായിരുന്നു എന്ന് പറയാം. പക്ഷെ അതൊരിക്കലും അങ്ങനെയായിരുന്നില്ല. അത് രണ്ട് താൽപര്യങ്ങളുടെ വൈരുധ്യമാണ്. അതിൽ മിസ് അണ്ടർസ്റ്റാന്റിംഗ് ഉണ്ടാവാം, എനിക്കും ഉണ്ടാവാം അപ്പുറത്തും ഉണ്ടാകാം. ഇപ്പൊൾ അതൊന്നുമില്ലല്ലോ. എല്ലാം കഴിഞ്ഞില്ലേ.''
വിഭാഗീയത വ്യക്ത്യാധിഷ്ഠിത താൽപര്യങ്ങളുടെ പുറത്ത് സംഭവിച്ചതാണോ എന്ന ചോദ്യത്തിന് മറുപടിയായി ശശിധരൻ പറഞ്ഞു: ""കുറേ താൽപ്പര്യങ്ങളുമുണ്ടാകും, നടപടി എടുക്കുന്നവർക്ക് മാത്രമല്ലല്ലോ താൽപര്യം ഉണ്ടാവുക. നടപടിക്ക് വിധേയമാകുന്നവന്റേയും താൽപര്യമുണ്ട്. ആ രണ്ട് താൽപര്യങ്ങളിൽ വൈരുധ്യം വരും, താൽപര്യങ്ങൾ വേറെ വേറെ ആവുമ്പോഴല്ലേ വ്യത്യസ്ത സമീപനങ്ങൾ വരുക. ആ താൽപര്യങ്ങളുടെ വൈരുധ്യങ്ങളുടെ ഒരു ഭാഗത്ത് ഞാനുമുണ്ടായിരുന്നല്ലോ, അപ്പോൾ, വ്യത്യസ്തമായ വൈരുധ്യ നിലപാട് സ്വീകരിക്കുന്നവർ ആ നടപടി സ്വീകരിക്കും.''.
പലതും പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഉണ്ടാക്കിയെടുത്ത പ്രതീതികളാണെന്നും അദ്ദേഹം പറഞ്ഞു. പലതും ആകസ്മിതകളാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വലിയൊരു യുദ്ധം നടന്നതുപോലെ വി.എസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്നൊരു പ്രതീതിയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും ശശിധരൻ അഭിമുഖത്തിൽ പറയുന്നു.
വി.എസിനെ കണ്ണേ കരളേ വിഎസ്സേ എന്ന് വിളിച്ചിരുന്നൊരു ജനക്കൂട്ടം ഇന്ന് അങ്ങനെ വിളിക്കുന്നുണ്ടോ?. കാലം എപ്പോഴും രക്ഷകരെ ഉണ്ടാക്കിക്കൊണ്ടിരിക്കും. യേശു പോലും കാലം ഉണ്ടാക്കിയ രക്ഷകനാണ്. ഓരോ കാലത്തും ഒരോ രക്ഷകരുണ്ടതിൽ. ഇം.എം.എസ്, നായനാർ, വി.എസ്, ഇപ്പൊൾ പിണറായി. അങ്ങനെ രക്ഷകരിങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കും. അത് കാലത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽ ഉണ്ടാകുന്നതാണ്. പലപ്പോഴും നമുക്ക് അതിന്റെ രുചിഭേദങ്ങളെ മനസിലാക്കാൻ കഴിയാത്തതുകൊണ്ട് നമുക്ക് വിയോജിക്കാം, യോജിക്കാം... പക്ഷെ അതിലൊന്നും യാതൊരു അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല- അദ്ദേഹം പറയുന്നു.