റുമാനിയയിലെ മൊഗസോയ പാലസിനടുത്ത്​ സ്​ഥാപിച്ചിരുന്ന ലെനിൻ പ്രതിമ പൊളിച്ചുനീക്കിയപ്പോൾ. മുമ്പുണ്ടായിരുന്ന ചർച്ച്​ പുനഃസ്​ഥാപിക്കാനാണ്​ പ്രതിമ മാറ്റിയത്​ / Photo: Wikimedia Commons

പോസ്റ്റിസങ്ങൾ‍ക്കെതിരെ:

മാർക്‌സ് നടത്തിയത് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ അതിനിശിതമായ വിമർശനമാണ്. വാസ്തവത്തിൽ അതൊരു ‘പോസ്റ്റ്- പൊളിറ്റിക്കൽ ഇക്കോണമി’യാണ്.

സമകാല മാർക്‌സിസ്റ്റ് വിമർശനത്തിന്റെ വെല്ലുവിളികൾ

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗത്തെപ്പോലെ ഇത്രയും രൂക്ഷമായ സംവാദങ്ങൾക്ക് കാരണമായ മറ്റൊരു രാഷ്ട്രീയപദ്ധതിയില്ല. ഒരു ദീർഘകാല ചരിത്രപശ്ചാത്തലത്തിൽ നോക്കുമ്പോൾ മുതലാളിത്തം അതിന്റെ ശൈശവദശ

കാൾ മാർക്‌സ്, 1861

പിന്നിടുന്നതിനു മുൻപേ അതിനെതിരെയുള്ള സോഷ്യലിസ്റ്റ് ആശയങ്ങളും മേൽക്കൈ നേടുന്നതായി കാണാം. സ്വകാര്യസ്വത്തും ഭരണകൂടവും മുതലാളിത്തത്തിന് മുൻപേയുള്ള സ്ഥാപനങ്ങളാണ്. എന്നാൽ മുതലാളിത്തം ആവിർഭവിച്ചശേഷമാണ് ഈ രണ്ടു സ്ഥാപനങ്ങളെയും വിമർശിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയം ശക്തമാവുന്നത്. ഇവയെ സംരക്ഷിക്കുന്നു എന്നത് മുതലാളിത്ത സംവിധാനത്തിനെതിരെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയവിമർശനത്തിന്റെ കുന്തമുനകൾ ആകുന്നുണ്ട് എന്ന് നമുക്കറിയാം. ഫ്യൂഡലിസം തകരുകയും മുതലാളിത്തം രൂപംകൊള്ളുകയും ചെയ്തു എന്ന ചരിത്രസാഹചര്യത്തിലാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയം ശക്തിപ്പെടുന്നത്. മുതലാളിത്തത്തിന്റെ സ്വകീയമായ ഉൽപാദനബന്ധങ്ങളെയും ഉൽപാദനരീതിയെത്തന്നെയും വിമർശിക്കുന്നതും മുതലാളിത്തത്തിന്റെ സൃഷ്ടിയല്ലാത്ത, മുതലാളിത്തത്തിനു മുൻപുതന്നെ ചരിത്രത്തിൽ സാമൂഹിക പരീക്ഷണങ്ങളുടെ ഭാഗമായി രൂപംകൊണ്ട ഭരണകൂടം, സ്വകാര്യസ്വത്ത് എന്നിവയെ ചോദ്യം ചെയ്യുന്നതും പരസ്പര ബന്ധമുള്ള പ്രയോഗരാഷ്ട്രീയമാണെങ്കിലും ചരിത്രപരമായ അർത്ഥത്തിലും അമൂർത്തമായ അർത്ഥത്തിലും വ്യത്യസ്തമായി കാണേണ്ടതുണ്ട്. മുതലാളിത്തം തന്നെ ഭാഗികമായ ഒരു വിമർശനം ഈ രണ്ടു സ്ഥാപനങ്ങൾക്കെതിരെയും നടത്തുന്നുണ്ട്. ആദ്യകാല സിവിൽസമൂഹം വിപണിയായിരുന്നു, സാമ്പത്തികബന്ധങ്ങളുടെ സാകല്യമായിരുന്നു. അങ്ങനെയാണ് ഹെഗലും പിന്നീട് മാർക്‌സും സിവിൽസമൂഹത്തെ വിശദീകരിച്ചത്.

2009 ഏപ്രിലിൽ ലണ്ടനിൽ ജി 20 മെൽറ്റ്ഡൗൺ പ്രതിഷേധത്തിനിടെ മുതലാളിത്തത്തിനെതിരെ ഉയർന്ന ബാനർ

ഹെഗൽ സ്വകാര്യസ്വത്തിനെ സിവിൽസമൂഹത്തിൽ ഉറപ്പിച്ച്​ ഭരണകൂടത്തെ നിഷ്​പക്ഷ സ്ഥാപനമാക്കി വിശദീകരിച്ചെങ്കിൽ മാർക്‌സ് ഭരണകൂടത്തിന്റെ ഈ നിഷ്​പക്ഷതയെ അംഗീകരിക്കുന്നില്ല. അതിന്റെ വർഗസ്വഭാവം അദ്ദേഹം തുറന്നുകാട്ടുന്നു. എന്നാൽ ഹെഗലിന്റെ ഭരണകൂട വിമർശനമാവട്ടെ, ആദ്യകാല രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെപ്പോലെ, ഭരണകൂടം സിവിൽസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളണം എന്ന പരിമിതമായ ആവശ്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നു. ഉയരുന്ന ബൂർഷ്വാസി ഭരണകൂടത്തെ മെരുക്കാനേ നോക്കുന്നുള്ളൂ, വിപുലമായ ഒരു ജനകീയ രാഷ്ട്രീയത്തിന് അത് അടിത്തറ നൽകുന്നില്ല. 18-19 നൂറ്റാണ്ടുകളിലെ ബൂർഷ്വാ വിപ്ലവങ്ങൾ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മണ്ഡലങ്ങളെ വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ മാർക്‌സ് സ്വകാര്യസ്വത്തിനും ഭരണകൂടത്തിനും എതിരെ നടത്തിയ തീഷ്ണമായ വിമർശനമാണ് പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത്.

ഭരണകൂട ഇടപെടലുകൾ വ്യക്തികളുടെ സ്വകാര്യാവശ്യങ്ങൾ നിർവഹിക്കപ്പെടുന്ന സിവിൽസമൂഹത്തിൽ ഉണ്ടാവാൻ പാടില്ലെന്ന രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെയും ജർമൻ പ്രത്യയശാസ്ത്രത്തിന്റെയും നിലപാട് ഭരണകൂട വിമർശനവും സ്വകാര്യസ്വത്തിന്റെ സംരക്ഷണവും ഉറപ്പിക്കുന്നു

അടിത്തറ- ഉപരിഘടന എന്ന രൂപകത്തിലൂടെ മാർക്‌സ് സാമ്പത്തികബന്ധങ്ങളുടെ മേഖലയായ സിവിൽസമൂഹവും അതിന്റെ ഉപരിഘടനകളായ സംസ്‌കാരവും മതവും നിയമവും അധികാരസ്ഥാപനങ്ങളുമൊക്കെത്തമ്മിലുള്ള ബന്ധത്തിന്റെ പാരസ്പര്യം വിശദീകരിച്ചതോടെ ഭരണകൂടത്തിന്​ ഉൽപാദന ബന്ധങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ഭൗതികവാദപരമായ ഒരു കാഴ്ചപാട് രൂപം കൊണ്ടു. മാർക്‌സ് ആ അർത്ഥത്തിൽ ബൂർഷ്വാ സിവിൽസമൂഹത്തിന്റെ വൈരുദ്ധ്യങ്ങളെ അനാവരണം ചെയ്യുകയും അതിനുള്ളിലെ വർഗബന്ധങ്ങളെ ഊന്നിപ്പറയുകയും അവയിലെ സ്ഥാപനങ്ങൾ തമ്മിലുള്ള നിർണയനങ്ങളുടെ ബഹുരേഖീയത വിശദീകരിക്കുകയും ചെയ്തു.

ഭരണകൂട ഇടപെടലുകൾ വ്യക്തികളുടെ സ്വകാര്യാവശ്യങ്ങൾ നിർവഹിക്കപ്പെടുന്ന സിവിൽസമൂഹത്തിൽ ഉണ്ടാവാൻ പാടില്ലെന്ന രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെയും ജർമൻ പ്രത്യയശാസ്ത്രത്തിന്റെയും നിലപാട് ഭരണകൂട വിമർശനവും സ്വകാര്യസ്വത്തിന്റെ സംരക്ഷണവും ഉറപ്പിക്കുന്നു. അതിന്റെ രാഷ്ട്രീയപ്രയോഗം കേവല ജനാധിപത്യത്തിൽ ഒതുങ്ങിനിൽക്കുന്നു. അതിന്റെ വ്യക്തിസങ്കൽപ്പം സ്വകാര്യസ്വത്തിന്റെ ഉടമ എന്ന കർതൃത്വം മാത്രമാവുന്നു. ഉൽപ്പാദന ഉപകരണങ്ങളുടെ തലമുറകളിലൂടെയുള്ള ഉടമസ്ഥത അതിന്​അതിപ്രധാനമാകുന്നു. സോഷ്യലിസ്​റ്റ്​ രാഷ്ട്രീയം ഇതിൽനിന്ന് മാറുന്നത് സ്വകാര്യസ്വത്തിനു ഈ സമ്പദ്ശാസ്ത്ര- ദാർശനിക വ്യവഹാരത്തിൽ ലഭിക്കുന്ന പരിപാവനതയും അലംഘനീയതയും ഉപേക്ഷിക്കുന്നു എന്നിടത്താണ്.

ഹെഗൽ

ബൂർഷ്വാ ഭരണകൂടത്തെ അത് നിഷ്​പക്ഷമായി കാണുന്നില്ല എന്നതും പ്രധാനമാണ്. ഇതുകൊണ്ട് ഉണ്ടാകുന്ന പ്രധാന ഗുണം വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു വ്യത്യസ്ത വീക്ഷണം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് മുന്നോട്ടുവക്കാൻ കഴിയുന്നു എന്നതാണ്. സ്വകാര്യസ്വത്ത് ഇല്ലാതാവുമ്പോൾ, ഉൽപ്പാദന ഉപകരണങ്ങൾ മുഴുവൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിൽ ആകുമ്പോൾ വർഗവ്യത്യാസങ്ങൾ ഇല്ലാതാവുകയും എല്ലാവരും ഒരുപോലെ സ്വതന്ത്രരാവുകയും ചെയ്യുന്നു. അവരുടെ എല്ലാവരുടെയും കൂടി ഒറ്റപ്പാർട്ടി വർഗപരമായ അർത്ഥത്തിൽ സാധ്യമാവുന്നു. അതിന്റെ ഭരണം അപ്പോൾ എല്ലാവർക്കും കൂടിയുള്ളതാവുന്നു. വർഗരഹിതരായ സ്വതന്ത്ര വ്യക്തികളുടെ താൽപര്യം സാമൂഹികമായ താൽപര്യങ്ങളുമായി സംഘർഷത്തിലാവാതെ വരുന്നു. അങ്ങനെ ഒടുവിൽ ഭരണകൂടം തന്നെ ഇല്ലാതാവുന്നു. ഹെഗലും രാഷ്ട്രീയ സമ്പദ്ശാസ്ത്രവും ഭരണകൂടത്തിനു നൽകിയ നിഷ്​പക്ഷ പരിവേഷവും സ്വകാര്യസ്വത്തിന്​ നൽകിയ പരിപാവനതയും ഇവിടെ തകിടം മറിയുന്നു. പക്ഷെ അപ്പോഴും ഒരു ദീർഘകാലത്തേക്ക് ഈ പരിവർത്തന പ്രക്രിയയെ നിയന്ത്രിക്കുകയും ദിശാബോധം നൽകുകയും ചെയ്യുക എന്ന കർത്തവ്യം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ഏറ്റെടുക്കേണ്ടി വരുന്നു. അതായത് സൈദ്ധാന്തികമായി സോഷ്യലിസ്റ്റ് രാഷ്ട്രീയം മാർക്‌സിസത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ബദൽ എന്നത് മുൻകാല ചരിത്രപ്രക്രിയകളെപ്പോലെ ‘വിഷയി ഇല്ലാത്ത പ്രക്രിയ' (process without subject) അല്ലാതാവുന്നു.

റൗൾ കാസ്‌ട്രോയും ചെ ഗുവേരയും 1958ലെ ക്യൂബൻ വിപ്ലവകാലത്ത്

ഇത് ഒരു രാഷ്ട്രീയപ്രയോഗം എന്നനിലയിൽ പക്ഷെ പ്രശ്‌നഭരിതമാവുന്നത് ഇതിന്റെ ആന്തരികമായ എന്തെങ്കിലും കെട്ടുറപ്പില്ലായ്മ കൊണ്ടല്ല. അത്തരം ആന്തരിക വൈരുദ്ധ്യങ്ങൾ അതിലില്ല എന്നതല്ല പറഞ്ഞുവരുന്നത്. പക്ഷെ ആ വൈരുദ്ധ്യങ്ങളോ പരിമിതികളോ അല്ല ഈ പുതിയ രാഷ്ട്രീയപ്രയോഗത്തെ പ്രശ്‌നഭരിതമാക്കുന്നത്. സോഷ്യലിസ്റ്റ് രാഷ്ട്രീയം ഈ നൂതനാശയം പ്രചരിപ്പിക്കേണ്ടിവരുന്നത് മുതലാളിത്തത്തിലെ വ്യക്തിസ്വാതന്ത്ര്യ സങ്കൽപ്പത്തെ എതിർത്തുകൊണ്ടാണ് എന്നതാണ് മുഖ്യപ്രശ്‌നം. അതായത്​, സോഷ്യലിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിൽ രണ്ടു പ്രധാന പ്രശ്‌നങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. ഒന്ന്, വിപ്ലവപൂർവകാലത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയം എങ്ങനെ ഫലപ്രദമായി വിപ്ലവത്തിലേക്ക് കൊണ്ടുപോകാൻ കഴിയും എന്നത്. രണ്ട്, വിപ്ലവാനന്തരഘട്ടത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയം എങ്ങനെ നടപ്പിൽ വരുത്തും എന്നത്. ഈ രണ്ടു കാര്യങ്ങളിലും സോഷ്യലിസ്റ്റ് പാർട്ടികൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാകാറില്ല എന്നതും, ബഹുവിധ വിപ്ലവ പരിപാടികൾ - ദേശീയവും അന്തർദേശീയവുമായവ - ഉണ്ടാകുന്നു എന്നതും യഥാർത്ഥത്തിൽ ഈ രണ്ടു പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണ് സംഭവിക്കുന്നത്.

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗചരിത്രവും അതിന്റെ സൈദ്ധാന്തികചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്നു. കെ. മുരളി (അജിത്) ഈ രണ്ടു മേഖലകളിലും ദശാബ്ദങ്ങളായി ഇടപെട്ടുകൊണ്ടിരിക്കുന്ന മാർക്‌സിസ്റ്റ് ചിന്തകനും പ്രയോക്താവുമാണ്. അദ്ദേഹത്തിന്റെ ചില സൈദ്ധാന്തിക-ദാർശനിക നിരീക്ഷണങ്ങൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ "പരികൽപ്പനകളും രീതിശാസ്ത്രവും' എന്ന പുസ്തകത്തിലെ നിഗമനങ്ങൾ പ്രാധ്യാന്യമുള്ളവയാണ് എന്ന് ഞാൻ കരുതുന്നു. മാർക്‌സിസ്റ്റിതര പരികൽപ്പനകളെയും രീതികളെയും കുറിച്ചുള്ള വിമർശനത്തിലൂടെ മാർക്‌സിസ്റ്റ് പരികൽപ്പനകളേയും രീതിയേയും കൂടുതൽ ശക്തമായി മുന്നോട്ടുവെക്കുക എന്നൊരു ദൗത്യം ഈ പുസ്തകത്തിനുണ്ട്. അത് അതിന്റെ അക്കാദമിക്- രാഷ്ട്രീയ പ്രസക്തി വർധിപ്പിക്കുന്നു. ഒട്ടേറെ വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും മേഖലയാണിത് എന്നതിനാൽ സ്വാഭാവികമായും ആശയപരമായ സംഘർഷങ്ങൾ ഇതിൽ ശക്തമായി കടന്നുവരുന്നുണ്ട്. രണ്ടുതലങ്ങളിലാണ് മുരളി ഇതിലെ വാദങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. ഒന്ന്, രാഷ്ട്രീയപ്രയോഗത്തിന്റെ തലത്തിൽനിന്നുകൊണ്ട് ആശയങ്ങളെ വിമർശിക്കുക, രണ്ടു, ആശയങ്ങളുടെ തലത്തിൽനിന്നുകൊണ്ട് ബദൽ രാഷ്ട്രീയപ്രയോഗങ്ങളെ വിമർശിക്കുക. ഒരു മാർക്‌സിസ്റ്റ് എന്നനിലയിലുള്ള മുരളിയുടെ ഈ ഇരട്ട വിമർശന പദ്ധതി ക്രിയാത്മകമായ ഒരു ചർച്ചക്ക് വഴിയൊരുക്കുന്നുണ്ട്. പുസ്തകം ചർച്ചക്കെടുക്കുന്ന സാമാന്യവും സവിശേഷവുമായ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിഫലനാത്മകമായി ചിന്തിക്കാൻ ഈ ഇരട്ടവിമർശനം പ്രചോദനമാവുന്നു.

രീതിയുടെയും പരികൽപ്പനകളുടെയും പ്രശ്‌നത്തിലെ ആശയ ലോകത്തെയും സോഷ്യലിസ്റ്റ് പ്രയോഗത്തെയും വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ശ്രമത്തോടൊപ്പം ഇവയുടെ വൈവിധ്യങ്ങളോടുള്ള മുരളിയുടെ വിമർശനം സ്വന്തം രാഷ്ട്രീയപ്രയോഗത്തിന്റെ കൃത്യത ഉറപ്പുവരുത്താനുള്ള ഒരു ആത്മപ്രതിഫലനം കൂടിയാണ്. ഒരു നിയതമായ മാർക്‌സിസ്റ്റ് പരിപ്രേക്ഷ്യം അതിന്റെ ആദർശ മാതൃകയിൽ മുരളിയുടെ നിരീക്ഷണങ്ങളിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. ഈ മാർക്‌സിസം പലരും കരുതുന്നതുപോലെ സ്റ്റാറ്റിക് ആണ് എന്ന് എനിക്ക് അഭിപ്രായമില്ല. മുരളിയുടെ മാർക്‌സിസത്തിന്റെ വികാസങ്ങൾ അതിന്റെ രാഷ്ട്രീയ പ്രയോഗവുമായി ഗാഢബന്ധം പുലർത്തുന്ന അല്ലെങ്കിൽ അതിന്റെ പ്രയോക്താക്കളായ ആക്റ്റിവിസ്റ്റ് ചിന്തകരുടെ സംഭാവനകളെ ഗൗരവമായി കണക്കിലെടുക്കുന്നതാണ്. മാർക്‌സ്, ലെനിൻ, മാവോ, ഗ്രാംഷി, ചാരു മജുംദാർ തുടങ്ങിയ മാർക്‌സിസ്റ്റ് ചിന്തകരുമായി ബന്ധപ്പെട്ട് ഇതിൽ ചർച്ച ചെയ്യുന്ന ഓരോ വിഷയവും സവിശേഷമായ പരിചിന്തനം ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം, അത്തരമൊരു ആക്ടിവിസ്റ്റ് പാരമ്പര്യത്തിന് പുറത്തു നടന്നിട്ടുള്ള വിമോചന സംവാദങ്ങൾ മാർക്‌സിസത്തിന്റെ ഈ ആദർശ പരിപ്രേക്ഷ്യത്തിന്റെ വെളിച്ചത്തിൽ വിമർശിക്കുക എന്ന നിലപാടും മുരളി കൈകൊള്ളുന്നു. അത്തരം സന്ദർഭങ്ങളിൽ സ്വാംശീകരണത്തിന്റെയും സമന്വയത്തിന്റെയും സാധ്യതകൾ ഏതാണ്ട് പൂർണമായും നിരാകരിക്കുന്നതാണ് മുരളിയുടെ സമീപനം. ഇതിന്റെ അടിസ്ഥാനം മുരളി അവയെ കാണുന്നത് ചരിത്രവികാസത്തിൽ വിവിധ സാമൂഹികവർഗങ്ങളുടെ ആപേക്ഷികമായ പങ്കും ഭരണകൂടത്തിന്റെ പങ്കും അവ എങ്ങനെ മനസിലാക്കുന്നു അല്ലെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു എന്നതിന്റെ വെളിച്ചത്തിലാണ് എന്നതാണ്.

മാർക്‌സ് നടത്തിയത് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ അതിനിശിതമായ വിമർശനമാണ്. വാസ്തവത്തിൽ അതൊരു "പോസ്റ്റ്- പൊളിറ്റിക്കൽ ഇക്കോണമി'യാണ്. പക്ഷെ അദ്ദേഹം ഒരിക്കലും അങ്ങനെ പറയുന്നില്ല. ഇന്ന് മാർക്‌സിസത്തിന്റെ ഭാഗമാണ് ആ വിമർശനം എങ്കിലും എന്താണ് താൻ പകരം വയ്ക്കുന്നതെന്ന് മാർക്‌സ് ഒരു പേരിട്ടു വിളിക്കുന്നില്ല

കർക്കശമായ ഈ മാനദണ്ഡം പുസ്തകത്തിലുടനീളം മുരളി പുലർത്തുന്നുണ്ട്. ഈ മാനദണ്ഡത്തിനു പൂർണമായും വഴങ്ങുന്നില്ലെങ്കിൽപോലും ഫ്യൂഡൽ/മുതലാളിത്ത യഥാസ്ഥിതികത്വങ്ങളെ ചോദ്യംചെയ്യുന്ന അവയുടെ വിമർശനാത്മക പാരമ്പര്യങ്ങൾ എങ്ങനെ ജനാധിപത്യ മുന്നേറ്റങ്ങളെ സഹായിക്കുന്നു എന്നത് ഈ ചട്ടക്കൂടിനുള്ളിൽ തന്നെ അന്വേഷിക്കാൻ കഴിയേണ്ടതല്ലെ? പൊതുവിൽ "പോസ്റ്റിസ'ങ്ങളെക്കുറിച്ചുതന്നെ മുരളി മുന്നോട്ടുവച്ചിട്ടുള്ള നിരീക്ഷണങ്ങളും ഈ സന്ദേഹവുമായി ചേർത്തുവായിക്കാൻ കഴിയുന്നവയാണ്.

പോസ്റ്റിസങ്ങൾ

ഗായത്രി ചക്രവർത്തി സ്പിവക്കിന്റെ (Gayatri Chakravorty Spivak) പോസ്റ്റ് കൊളോണിയൽ യുക്തിയുടെ വിമർശനം എന്ന കൃതിയെ വിമർശിച്ചുകൊണ്ട് ടെറി ഈഗിൾട്ടൻ (Terry Eagleton) എഴുതിയ വിഖ്യാതമായ കുറിപ്പ് തുടങ്ങുന്നത് പരിഹാസ ദ്യോതകമായ ഒരു നിരീക്ഷണത്തിലൂടെയാണ്. അദ്ദേഹം പറയുന്നു- ""പോസ്റ്റ് കൊളോണിയൽ വിമർശനത്തിന്റെ ഒരു രഹസ്യ കൈപ്പുസ്തകം എവിടെയെങ്കിലും ഉണ്ടായിരിക്കണം, അങ്ങനെ ഉണ്ടെങ്കിൽ അതിലെ ആദ്യത്തെ അനുസാസനം ഇതായിരിക്കും: "ആദ്യം തന്നെ പോസ്റ്റ് കൊളോണിയലിസം എന്ന ആശയത്തെ പൂർണമായും തിരസ്‌കരിക്കുക' ''. ഏതു പോസ്റ്റിസവും ഇന്ന്

ഇത്തരത്തിൽ ഒരു തിരസ്‌കാരത്തിന് അർഹമാകുന്നുണ്ട് എന്നതിൽ സത്യത്തിൽ അതിശയോക്തിയില്ല. ഇതിനുള്ള പ്രധാന കാരണം ആഴത്തിലുള്ള ഏതു വസ്തുനിഷ്ഠ വിമർശനത്തിനും അതിന്റെ തുടക്കത്തിൽ ഉണ്ടാവുന്ന ഗൗരവവും സാംഗത്യവും പിന്നീട് ചോർന്നുപോവുന്നു എന്നുള്ളതാണ്. അത്തരം പോസ്ടിസ്റ്റ് വിമർശനങ്ങളെ അനിവാര്യമാക്കുന്ന സൈദ്ധാന്തിക-രാഷ്ട്രീയ പശ്ചാത്തലത്തിനും കാലക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. അതും അവയുടെ പ്രസക്തിയെ ചുരുക്കിക്കളയുന്നു. എങ്കിലും ഓർക്കേണ്ട ഒരു വസ്തുത എല്ലാ പോസ്റ്റിസങ്ങളിലെയും പോസ്റ്റ് എന്ന പൂർവ്വപ്രത്യയം പലപ്പോഴും "അനന്തരാവസ്ഥകളെ' അറിയാനും വിവരിക്കാനും ശരിയായ പരികൽപ്പന ഉണ്ടാവാതെ പോകുന്നതിന്റെ അടയാളം കൂടിയായി മാറുന്നു. ഉത്തരാധുനികത എന്നത് ആ അർത്ഥത്തിൽ ആധുനികതക്ക് ശേഷമുള്ള അവസ്ഥയെ സൂചിപ്പിക്കാൻ മറ്റൊരു സങ്കല്പനം ഇല്ലാതെ പോവുന്നു എന്നത് കൂടി അടയാളപ്പെടുത്തുകയാണ്. മാർക്‌സ് നടത്തിയത് രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ അതിനിശിതമായ വിമർശനമാണ്. വാസ്തവത്തിൽ അതൊരു "പോസ്റ്റ്- പൊളിറ്റിക്കൽ ഇക്കോണമി'യാണ്. പക്ഷെ അദ്ദേഹം ഒരിക്കലും അങ്ങനെ പറയുന്നില്ല. ഇന്ന് മാർക്‌സിസത്തിന്റെ ഭാഗമാണ് ആ വിമർശനം എങ്കിലും എന്താണ് താൻ പകരം വയ്ക്കുന്നതെന്ന് മാർക്‌സ് ഒരു പേരിട്ടു വിളിക്കുന്നില്ല. പക്ഷെ അടിമുടി ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തെ അപ്രസക്തമാക്കുന്ന ബദൽ സൈദ്ധാന്തിക വ്യൂഹം തന്നെ അദ്ദേഹം നിർമിച്ചിരുന്നു. പോസ്റ്റിസങ്ങളുടെ പതിവ് പരിമിതി അദ്ദേഹത്തിന്റെ അന്വേഷണത്തിനില്ല.
മറ്റൊരു കാര്യം ഏതു പുതിയ ചിന്ത ആവിർഭവിച്ചാലും അതിന്റെ പ്രയോക്താക്കളായി എത്തുന്നവർ പുലർത്തുന്ന വ്യത്യസ്തതകൾ കാലക്രമത്തിൽ ആ ചിന്താ വ്യവസ്ഥയുടെ ഒരു ആദർശ മാതൃകയെ കണ്ടെത്തുന്നത്​ദുഷ്‌കരമാക്കുന്നു എന്നതാണ്. പോസ്റ്റ്- കൊളോണിയലിസത്തിന്റെയും പോസ്റ്റ്-മോഡേണിസത്തിന്റെയും രീതിപരവും ദാർശനികവുമായ ഒരു വിമർശനത്തിന്​കെ. മുരളി മുതിർന്നിട്ടുള്ള ഈ പുസ്തകത്തിൽ തന്നെ അദ്ദേഹം പ്രധാനമായും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്‌ലിയിൽ (Economic and Political Weekly) ഇവയുമായി ബന്ധപ്പെട്ടുവന്ന ലേഖനങ്ങളെ ആസ്പദമാക്കിയാണ് വിമർശനത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് വിമർശനം അസ്ഥാനത്താവുന്നു എന്നതല്ല ഞാൻ ഉദ്ദേശിക്കുന്നത്. മറിച്ച്, പലപ്പോഴും അവക്കിടയിലെ വൈജാത്യങ്ങൾ സാമാന്യം എന്നും സവിശേഷം എന്നുമുള്ള ഒരു ബൈനറിയിൽ വേർതിരിക്കാൻ കഴിയുന്നതല്ല എന്നതാണ്. പരോക്ഷമായോ പ്രത്യക്ഷമായോ മാർക്‌സിസത്തെ അവ വിമർശിക്കുന്നതുകൊണ്ട് അവ പൂർണമായും മാർക്‌സിസ്റ്റ് വിരുദ്ധമാവുന്നില്ല. മാർക്‌സിസ്റ്റ് മാതൃകയെ നവീകരിക്കുന്നതിനു അവ സഹായകമാവുന്നുണ്ടോ എന്ന ചർച്ച തീർച്ചയായും പ്രതി- വിമർശനത്തോടൊപ്പം ഉണ്ടാവേണ്ടതാണ്.

നിയോ കൊളോണിയൽ അവസ്ഥയെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാൻ പോസ്റ്റ്- കൊളോണിയൽ സിദ്ധാന്തങ്ങൾക്ക് കഴിയുന്നില്ലെന്ന വിമർശനവും മുരളിയുടെ വാദത്തിൽ തെളിയുന്നുണ്ട്.

പക്ഷെ ഈ പോസ്റ്റിസങ്ങളെക്കുറിച്ച് മുരളി മുന്നോട്ടുവച്ചിട്ടുള്ള വിമർശനങ്ങൾ പലതും അങ്ങേയറ്റം സാരവത്താണ്. അവയുടെ വീഴ്ചകൾ "പോസ്റ്റ്' എന്ന ഉപസർഗം സൂചിപ്പിക്കുന്നതുപോലെ വസ്തുനിഷ്ഠ സാഹചര്യത്തെ സമഗ്രമായി വിശകലനം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് എന്ന വിമർശനം തീർച്ചയായും പ്രാധാന്യമർഹിക്കുന്നു. ആ പൂർവപ്രത്യയം ഒരു അഭാവത്തിന്റെ സൂചകമാവുന്നു. നിയോ കൊളോണിയൽ അവസ്ഥയെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാൻ പോസ്റ്റ്- കൊളോണിയൽ സിദ്ധാന്തങ്ങൾക്ക് കഴിയുന്നില്ലെന്ന വിമർശനവും ജൈവരാഷ്ട്രീയംപോലുള്ള ഫൂക്കൊൾഷ്യൻ സങ്കല്പനങ്ങൾ ഭരണകൂടത്തിന്റെ യഥാർത്ഥ ഭൗതികരൂപം മറച്ചുവക്കുന്നു എന്നും മുരളിയുടെ വിമർശനത്തിൽ തെളിയുന്നുണ്ട്. പോസ്റ്റ്കൊളോണിയൽ എന്നത് വെറുമൊരു വിവരണാത്മക സംവർഗമായി ചുരുങ്ങിപ്പോകുന്നത് നിയോകൊളോണിയൽ ചരിത്രാവസ്ഥയുടെ സങ്കീർണ്ണമായ സാമ്രാജ്യത്വമാനങ്ങൾ കാണാതെ പോകുന്നതുകൊണ്ടും ബദൽ രാഷ്ട്രീയ പ്രയോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദതകൊണ്ടുമാണ് എന്ന മുരളിയുടെ വിമർശനം പ്രധാനമാവുന്നത് (സരോജ് ഗിരിയും ചൂണ്ടിക്കാണിക്കുന്നതുപോലെ ) അതിന്റെ നവീനത കൊണ്ടല്ല, മറിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന്റെ, പ്രത്യേകിച്ച് മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ നിലപാടിൽ നിന്നുകൊണ്ടാണ് മുരളി അത് ഉയർത്തുന്നത് എന്നതുകൊണ്ടാണ്.

എന്നാൽ "പോസ്റ്റ് കോളനി' എന്ന ഭൗതിക യാഥാർഥ്യത്തെ കൊളോണിയൽ ചരിത്രഘട്ടത്തിലെ സങ്കീർണമായ രാഷ്ട്രീയ പ്രതിഭാസങ്ങളുടെ തുടർച്ച കൂടിയായി കാണുന്ന സമീപനങ്ങൾ പോസ്റ്റ് കൊളോണിയൽ ചിന്തക്കുള്ളിൽ ഉണ്ടായിട്ടുണ്ട്. മുരളി വിമർശിക്കുന്ന ജൈവ രാഷ്ട്രീയം എന്ന പരികൽപ്പന തന്നെ നിരവധി നിർവചനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ചില ലേഖനങ്ങളിൽ ഒരു അനുഭവവാദഗണമെന്ന തരത്തിൽ അതുപയോഗിച്ച രീതിയെക്കുറിച്ചുള്ള മുരളിയുടെ വിമർശനം പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു.

അഷീൽ മ്‌ബെമ്പേ

എന്നാലതോടൊപ്പം, അത്തരം സങ്കല്പനങ്ങളെ കൂടുതൽ ആഴത്തിൽ ഭരണകൂടരൂപങ്ങളെ മനസ്സിലാക്കാൻ ഉപയോഗിച്ചിട്ടുള്ള പഠനങ്ങളെ പൂർണമായും തള്ളിക്കളയേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. അതിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് ജൈവരാഷ്ട്രീയമെന്ന സങ്കല്പനത്തിന്റെ അപര്യാപ്തതകളിൽ ഊന്നി ഭരണകൂടങ്ങളുടെ നിഗ്രഹ/മൃത്യു രാഷ്ട്രീയം (necropolitics) ചർച്ച ചെയ്യുന്ന ആഫ്രിക്കൻ ചിന്തകനായ അഷീൽ മ്‌ബെമ്പേയുടെ (Achille Mbembe) വിശകലനങ്ങളാണ്. ഭരണകൂടത്തിന്റെ പരമാധികാരം കോളനിക്കാലം മുതൽ പുലർത്തിപ്പോന്നിട്ടുള്ളത് ജൈവരാഷ്ട്രീയത്തെക്കാളധികം ഒരു മൃത്യുരാഷ്ട്രീയമാണെന്ന് ഫൂക്കൊയെയും (Michael Foucault) അഗംബനെയും (Giorgio Agamben) ബത്തായാലിനെയും (Georges Bataille) വിശദീകരിച്ചുകൊണ്ടുതന്നെ അഷീൽ മ്‌ബെമ്പേ ചൂണ്ടിക്കാട്ടുന്നു. പരമാധികാരം എന്ന കാൾ ഷ്മിഡ്ത്തിന്റെ (Carl Schmitt) പരികൽപ്പന അഗംബനും മറ്റുള്ളവരും വികസിപ്പിക്കാൻ ശ്രമിച്ചതും ജൈവരാഷ്ട്രീയത്തെ ഭരണകൂട വിമർശനത്തിന്റെ ഒരു പ്രധാന മർമ്മമായി കാണുന്നതും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് അന്യമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ അതിന്റെ വിവക്ഷകൾ വിപ്ലവാനാന്തര രാഷ്ട്രീയപ്രയോഗത്തിനുകൂടി ബാധകമാണ്. അതുന്നയിക്കുന്നതും ചർച്ചചെയ്യുന്നതും മാർക്‌സിസത്തിന്റെതന്നെ സംവാദമേഖലയായി കാണുകയാണ് അഭികാമ്യം.

നീതി രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മുരളിയുടെ രാഷ്ട്രീയ വിശകലനങ്ങൾ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികളിൽനിന്ന് ഭിന്നമാകുന്നു എന്നത് ഒരു പക്ഷെ അദ്ദേഹം പിന്തുടരുന്ന മാവോയിസ്റ്റ് രാഷ്ട്രീയം വച്ചുപുലർത്തുന്ന സുതാര്യതയാണ്. നിയോ കൊളോണിയൽ അവസ്ഥയെ അവസരവാദപരമായി കാണാതെ വിമർശിക്കുന്നു എന്നത് തീർച്ചയായും സമീപനത്തിലെ മേന്മ തന്നെയാണ്. എന്നാൽ സോവിയറ്റ് യൂണിയനിലെ വിപ്ലവാനന്തര ലെനിനിസ്റ്റ് പരിപാടിയുടെ സാമ്പത്തിക ഉദാരത, ചൈന എഴുപതുകളിൽ കൈക്കൊണ്ട ഉദാരവൽക്കരണ സമീപനം, സി.പി.എം പോലുള്ള പാർട്ടികൾ ഇന്ത്യയിലും പുറത്തും സ്വീകരിച്ചിട്ടുള്ള വികസന നയങ്ങൾ, സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷമുള്ള ക്യൂബയിലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ, വിയറ്റ്‌നാമിന്റെ സാമ്പത്തികനയങ്ങൾ തുടങ്ങി നിരവധി ഉദാഹരണങ്ങൾ - ഇവയൊന്നും സമാനമാണ് എന്നുകരുതാൻ നിർവാഹമില്ല എങ്കിൽപോലും - ആഗോള മുതലാളിത്ത സാമ്പത്തികക്രമവുമായി സോഷ്യലിസ്റ്റ് രാഷ്ട്രീയം ആഭ്യന്തര വിപ്ലവ വികാസഘട്ടങ്ങളിൽ എങ്ങനെ ബന്ധപ്പെടണം എന്നതിനെക്കുറിച്ച് കൃത്യമായ മാതൃകകൾ ഉണ്ടായിട്ടില്ല എന്നതിന്റെ നിദർശനങ്ങളാണ്. പലപ്പോഴും ഇത്തരം പ്രായോഗിക വൈഷമ്യങ്ങളെ എങ്ങനെ മറികടക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഒരു ആദർശ മാർക്‌സിസ്റ്റ് പ്രയോഗത്തിന്റെ മാത്രം ചട്ടക്കൂടിൽ വിശദീകരിക്കാൻ കഴിയണമെന്നില്ല. മൂന്നാംലോകരാജ്യങ്ങളിലെ ലിബറൽ ഭരണകൂടങ്ങൾതന്നെ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ ആദ്യം പ്രതിരോധത്തിന്റെയും പിന്നീട് കീഴടങ്ങലിന്റെയും വഴികളിലൂടെ നീങ്ങുന്നത് കൂടുതൽ വസ്തുനിഷ്ടമായി കാണേണ്ടതുണ്ട്. നൈതിക ഭൗതികവാദത്തെക്കുറിച്ചുള്ള ലേഖനത്തിൽ മുരളിതന്നെ നൈതികതയെ രാഷ്ട്രീയത്തിൽനിന്നു വേറിട്ടുകാണാൻ കഴിയില്ല എന്ന വസ്തുതക്ക് അടിവരയിടുന്നുണ്ട്.

സംവരണം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെകൂടി വിജയമാണ്. അതിനെ ഒരുപക്ഷെ അന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയാത്തരീതിയിൽ ജാതി പ്രശ്‌നവുമായി കൂട്ടിവായിച്ചു നടപ്പാക്കി എന്നതാണ് നെഹ്റു- അംബേദ്കർ നീതിരാഷ്ട്രീയത്തിന്റെ സവിശേഷത

മറിച്ച്, ലോകമുതലാളിത്തവും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ജയാപചയങ്ങൾക്കനുസരിച്ചു മാറുന്നുണ്ട്. നിയോകൊളനിവൽക്കരണം ലിബറൽ ജനാധിപത്യ രാഷ്ട്രീയങ്ങളെ ക്ഷേമരാഷ്ട്രങ്ങളാക്കി പരിവർത്തനം ചെയ്യിച്ച കാലംകൂടിയാണെന്ന് നാം കണ്ടതാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് ഇന്ത്യയിലും പോസിറ്റീവ് വിവേചനനീതിയുടെ രാഷ്ട്രീയം അംഗീകരിക്കപ്പെടുന്നത്. സംവരണം ആ അർത്ഥത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെകൂടി വിജയമാണ്. അതിനെ ഒരുപക്ഷെ അന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയാത്തരീതിയിൽ ഇന്ത്യയിലെ ജാതി പ്രശ്‌നവുമായി കൂട്ടിവായിച്ചു നടപ്പാക്കി എന്നതാണ് നെഹ്റു-അംബേദ്കർ നീതിരാഷ്ട്രീയത്തിന്റെ സവിശേഷത. ഈ ആഗോള നീതി രാഷ്ട്രീയം യഥാർത്ഥത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമായിരുന്നു.

പീകിങ്ങിലേക്ക് പ്രവേശിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി

സോവിയറ്റ് ഭരണകൂടം ആഗോളതലത്തിൽ നടത്തിയ ഇടപെടലുകൾ സോഷ്യൽ ഫാസിസ്റ്റ് സാമ്രാജ്യത്വമായി മനസിലാക്കുമ്പോൾ പോലും ഭരണകൂടത്തെക്കുറിച്ചുള്ള ലിബറൽ പരികല്പനകളെ മാറ്റിമറിക്കാൻ ആ ആശയത്തിന് കഴിഞ്ഞു എന്നതും വിസ്മരിക്കാൻ കഴിയില്ല. ആഗോളതലത്തിൽ ട്രേഡ് യൂണിയനുകൾക്ക് 1950 - 80 കാലത്തുണ്ടായ പ്രാമുഖ്യം വർഗസമരത്തിന്റെ ആപേക്ഷികമായ വിജയം തന്നെയായിരുന്നു. അതിനു സോവിയറ്റ് രാഷ്ട്രീയം ഒരു വലിയ പരിധിവരെ കാരണമായിട്ടുണ്ട്. ലിബറൽ ജനാധിപത്യ ഭരണകൂടങ്ങൾ പക്ഷെ എഴുപതുകളുടെ ഒടുവിൽ നിയോലിബറൽ സാമ്പത്തിക നവീകരണത്തിൽ ക്ഷേമരാഷ്ട്രസങ്കൽപ്പം കൈയ്യോഴിയുമ്പോൾ ചൈന സ്റ്റേറ്റ് മുതലാളിത്തം അംഗീകരിക്കുകയും സോവിയറ്റ് യൂണിയന്റെ ആന്തരിക ദ്രവീകരണത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരികയും ചെയ്തിരുന്നു. വർഗസമരത്തിന്റെ ആഗോള പാരസ്പര്യം കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള സഹായസഹകരണങ്ങളിലോ ആശയവിനിമയത്തിലോ മാത്രം ഒതുങ്ങുന്നതല്ല. ചരിത്രപരമായ ഘടനാപരമായ ഒരു പ്രക്രിയയായിക്കൂടി അത് മനസ്സിലാക്കപ്പെടെണ്ടതുണ്ട്. വർഗസമരത്തിന്റെ തീഷ്ണമായ വിജയസാധ്യതകൾ ഉണ്ടാവുന്നതും നഷ്ടപ്പെടുന്നതും ആഗോളമായിത്തന്നെയാണ്, അതിന്റെ ദേശീയരൂപങ്ങൾ വ്യത്യസ്തമായി അനുഭവപ്പെടുമ്പോൾ പോലും.

"നീതി' എന്നത് പക്ഷെ ഒരു മാർക്‌സിസ്റ്റ് പരികൽപ്പനയല്ല. എന്താണ് നീതിയുക്തമായ വിതരണം എന്നാണ് നീതിയെക്കുറിച്ചുള്ള ചോദ്യത്തെ ഭൗതികവാദപരമായി മാർക്‌സ് മനസ്സിലാക്കുന്നത്. ഉൽപ്പാദനരീതികളുടെ നിബന്ധനകൾക്കുള്ളിലാണ് നീതി എന്ന ആപേക്ഷിക സങ്കല്പം പ്രവർത്തിക്കുന്നത് എന്നത് അദ്ദേഹം വളരെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. മുതലാളിത്തത്തിനുള്ളിൽ മുതലാളിത്ത വിതരണം നീതിയുക്തമാണ് എന്നും അതുമാത്രമാണ് ആ ഉല്പാദനരൂപത്തെ അടിസ്ഥാനപ്പെടുത്തിയ ഏറ്റവും നീതിയുക്തമായ വിതരണമെന്നും മാർക്‌സ് വാഗ്‌നർക്കുള്ള മറുപടിയിൽ പറയുന്നുണ്ട്. സാമ്പത്തിക ബന്ധങ്ങളെ ഭരിക്കുന്നത് നിയമസംബന്ധിയായ ആശയങ്ങൾ അല്ല, തിരിച്ച് സാമ്പത്തിക ബന്ധങ്ങളിൽ നിന്നാണ് നിയമസംബന്ധിയായ ആശയങ്ങൾ ഉണ്ടാകുന്നത് എന്നുപറഞ്ഞുറപ്പിക്കാൻ കൂടിയാണ് മാർക്‌സ് ഈ നീതി സങ്കൽപം പങ്കുവക്കുന്നത്. തൊഴിലാളികളാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മിച്ചമൂല്യം മുഴുവൻ മുതലാളി തെറ്റായി കൈവശപ്പെടുത്തുന്നു എന്ന കാഴ്ചപ്പാടാണ് മാർക്‌സിന്റെത് എന്ന് പരിഹസിക്കുന്നവരോട് അദ്ദേഹം പറയുന്നത്, താൻ പറഞ്ഞത് അതിന്റെ നേർവിപരീതമാണ് എന്നാണ്.

ഉക്രൈയ്‌നിൽ ഖാർകിവിലെ ഫ്രീഡം സ്‌ക്വയറിലുണ്ടായിരുന്ന രാജ്യത്തെ ഏറ്റവും വലിയ ലെനിൻ പ്രതിമ പൊളിച്ചുനീക്കുന്നു (28/9/2014)

അതായത് ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ ഉൽപാദനം മൂലധനാധിഷ്ഠിത ഉൽപ്പാദനമാവുകയും ആ ഉൽപാദന പ്രവർത്തനത്തിന്റെ നിയമങ്ങൾ അനുസരിച്ച് മിച്ചമൂല്യം സ്വാഭാവികമായും തൊഴിലാളിക്കല്ല, മുതലാളിക്ക് അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കുകയും ചെയ്യണം എന്നാണ് താൻ പറയുന്നതെന്ന് മാർക്‌സ് അടിവരയിടുന്നു. അതായത് കേവലം ചൂഷണത്തെക്കുറിച്ചുള്ള ഒരു ധാർമിക വീക്ഷണമല്ല തന്റെതെന്നു മാർക്‌സ് ആവർത്തിച്ചു പറഞ്ഞുറപ്പിക്കുന്നു. അദ്ദേഹം പറയുന്നു: ""എന്റെ അവതരണത്തിൽ മൂലധനത്തിന്റെ സമ്പാദ്യങ്ങൾ വാഗ്‌നർ പറയുന്നതു പോലെ "തൊഴിലാളിയിൽനിന്ന് കൊള്ളയടിക്കപ്പെട്ടതിന്റെ ഒരു അംശം' മാത്രമല്ല. മറിച്ച് മുതലാളിത്ത വ്യവസ്ഥയുടെ നിർമ്മാണ പ്രക്രിയയിൽ അവശ്യംവേണ്ട ഒരു ഘടകമാണ് (functionary) "മുതലാളി'. മുതലാളി മൂല്യം കൊള്ളയടിക്കുക മാത്രമല്ല, മിച്ചമൂല്യം ഉൽപ്പാദിപ്പിക്കൽ നിർബന്ധിതമാക്കുകയും അതിലൂടെ കൊള്ളയടിക്കാനുള്ളത് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ചരക്കുകളുടെ ഇടപാടിൽ തുല്യമായവമാത്രം (equivalent) കൈമാറ്റം ചെയ്യപ്പെടുമ്പോളും തൊഴിലാളികൾക്ക് അവരുടെ തൊഴിലിനു ആനുപാതികമായ കൂലി നിശ്ചയിച്ചുകൊടുക്കുമ്പോൾതന്നെ ഒരു കാപിറ്റലിസ്റ്റ് മിച്ചമൂല്യം അതിന്റെ എല്ലാ അനുവദനീയമായ രൂപത്തിലും പൂർണ്ണ അവകാശത്തോടെതന്നെ നേടിക്കഴിഞ്ഞിരിക്കും എന്നും ഞാൻ വിശദമാക്കുന്നുണ്ട്'' .
കാപിറ്റലിസ്റ്റ് ഒരു ഉൽപ്പാദന ഉപകരണമോ അദ്ധ്വാനമോ വാങ്ങുന്നതു അതിന്റെ മുഴുവൻ മൂല്യവും നൽകിയിട്ടാണ്. ഈ ചരക്കിനെ ഉപയോഗിച്ചും ചൂഷണം ചെയ്തും ആദ്യം നിലവിൽ ഉണ്ടായിരുന്നതിലും കൂടുതൽ മൂല്യം മൂലധനത്തിനു നിർമ്മിക്കാൻ കഴിയുന്നു. മിച്ചമൂല്യം അതുകൊണ്ടുതന്നെ മുതലാളിക്കുള്ളതാണ്. മറ്റാർക്കും ഒരുകാലത്തും അതിൽ അവകാശം ഉണ്ടാവുകയില്ല. ഭൗതികവാദപരമായ നീതിയെക്കുറിച്ചുള്ള ചർച്ചയിൽ ഈ വിശകലനം അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്ന് ഞാൻ കരുതുന്നു. നീതിയെക്കുറിച്ചുള്ള മുരളിയുടെ ഭൗതികവാദ വിശകലനം ചരിത്രപരമായ ചില പ്രശ്‌നങ്ങളെ വളരെ വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ മൂലധനത്തിനുശേഷം മാർക്‌സ് ഊന്നിപറഞ്ഞ ഈ കാര്യങ്ങൾകൂടി വിശകലനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് മാർക്‌സിസത്തിനെതിരെയുള്ള ചില ഹ്യുമനിസ്റ്റ് വിമർശനങ്ങളെ പ്രതിരോധിക്കാൻ സഹയകമാവുന്നു എന്നതിനാലാണ് ഞാൻ ഇതിവിടെ എടുത്തുപറയാൻ ആഗ്രഹിക്കുന്നത്.

മാർക്‌സും ഇന്ത്യയും

ഇന്ത്യയെക്കുറിച്ചുള്ള മാർക്‌സിന്റെ നിഗമനങ്ങൾ പരിശോധിക്കുന്ന മുരളി മാർക്‌സിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന സമീപനം കയ്യൊഴിയുന്നു എന്ന് മാത്രമല്ല, അത്തരം പരിശ്രമങ്ങളെ വിമർശിക്കുകയും ചെയ്യുന്നു. ഇർഫാൻ ഹബീബിന്റെയും പ്രഭാത് പട്‌നായിക്കിന്റെയും മറ്റും നിഗമനങ്ങളെ മുരളി നിരാകരിക്കുന്നുണ്ട്.

മാർക്‌സിന്റെ എത്‌നോളജിക്കൽ കുറിപ്പുകളിലെ (Ethnological Notebooks) ഉൾക്കാഴ്ചകൾ ഇതിനകം വിപുലമായി ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയെക്കുറിച്ചും ഗോത്രസമൂഹങ്ങളുടെ ആഭ്യന്തര ചലനാത്മകതകളെക്കുറിച്ചും ഉപരിഘടനാ പ്രതിഭാസങ്ങളുടെ ആപേക്ഷിക സ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ ആവിർഭാവത്തെക്കുറിച്ചും പ്രാഗ്-മുതലാളിത്ത സാമൂഹികരൂപീകരണങ്ങളെക്കുറിച്ചും മാർക്‌സിന്റെ ചിന്തയിലുണ്ടായ മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന ഈ കുറിപ്പുകൾ മാർക്‌സിന്റെ ഇന്ത്യാ വിചാരങ്ങളുമായി ചേർത്ത് വായിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തിൽ മുരളിയെപ്പോലുള്ള ഒരു ചിന്തകന്റെ അഭിപ്രായങ്ങൾ തീർച്ചയായും ആ ചർച്ചക്ക് ഗുണകരമാവും എന്നാണു ഞാൻ കരുതുന്നത്. മാർക്‌സിസത്തെക്കുറിച്ചുള്ള എന്റെ പുസ്തകത്തിൽ ഇതുമായി ബന്ധപ്പെട്ടാണ് നവസാമൂഹികതയുടെ മാർക്‌സിസത്തിനെതിരെയുള്ള വിമർശനങ്ങളെ പരിശോധിക്കുന്നത്.

രണ്ടു പ്രധാന വാദങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. എത്‌നോളജിക്കൽ കുറിപ്പുകളിലെ മാർക്‌സ് മുൻകാല മാർക്‌സിനെ പൂർണമായും അപ്രസക്തനാക്കുന്നു. രണ്ട്, എത്‌നോളജിക്കൽ കുറിപ്പുകളിലെ മാർക്‌സ് മാർക്‌സിസ്റ്റ് ചിന്തയുടെ കാർക്കശ്യങ്ങൾക്ക് പകരംവക്കാൻ മാത്രം ദൃഢതയുള്ളതല്ല. എന്നാൽ സാമൂഹിക ചരിത്രവുമായി ബന്ധപ്പെട്ട്, (മുരളി, ചരിത്രത്തിന്റെ നിയമങ്ങൾ എന്ന വിഷയം ഈ പുസ്തകത്തിലെ ഒരദ്ധ്യായത്തിൽ ചർച്ചചെയ്യുന്നുണ്ട്) എത്തിച്ചേർന്നിട്ടുള്ള യഥാസ്ഥിതിക മാർക്‌സിസ്റ്റ് നിലപാടുകൾ മാർക്‌സ് പരിത്യജിച്ചിരുന്നു എന്നതിന്റെ ശക്തമായ സൂചനകൾ ഈ കുറിപ്പുകൾ നൽകുന്നുണ്ട്. ജനാധിപത്യത്തെക്കുറിച്ച്, സ്ത്രീ സമത്വത്തിന്റെ സാധ്യതകളെക്കുറിച്ച്, ഭരണകൂടത്തിന്റെയും കുടുംബത്തിന്റെയും ചരിത്രപരമായ രൂപങ്ങളെക്കുറിച്ച്, സ്വകാര്യസ്വത്തിന്റെ വൈവിധ്യമാർന്ന ഘടനകളെക്കുറിച്ച്, സാർത്ഥകമായ പുനർവിചാരങ്ങൾക്ക് മാർക്‌സ് തയ്യാറാവുന്നതിന്റെ സൂചനകൾ ഈ കുറിപ്പുകളിൽ കാണാം. ലുയീസ് ഹെന്റി മോർഗൻ (Lewis Henry Morgan), ഹെന്റി സമ്മർ മെയ്ൻ (Henry Sumner Maine), ജോൺ ബഡ് ഫിയർ(John Budd Phear), ജോൺ ലബ്ബോക്(John Lubbock) എന്നീ നരവംശശാസ്ത്രജ്ഞരുടെ കൃതികളുടെ വായനയിലൂടെയാണ് ഈ കുറിപ്പുകൾ ഉണ്ടാവുന്നത്. എംഗൽസ് എഴുതിയ "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം' എന്ന കൃതി ഈ കുറിപ്പുകളുടെകൂടി അടിസ്ഥാനത്തിലാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും ഈ കുറിപ്പുകളുടെ സ്വതന്ത്രാസ്തിത്വം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മാർക്‌സിന്റെ ചില യൂറോകേന്ദ്രിത നിലപാടുകൾ മാറുകയായിരുന്നു എന്നതിന്റെ സൂചനകളാണ് ഈ കുറിപ്പുകൾ നൽകുന്നത്. ഇതെക്കുറിച്ച് മുൻപ് വിശദമായി എഴുതിയിട്ടുള്ളതിനാൽ ആ ചർച്ചയ്ക്ക് ഇവിടെ മുതിരുന്നില്ല. പക്ഷെ മൂലധനം എഴുതുന്നതോടെ ഏതാണ്ട് പൂർണതയിലെത്തിയ മാർക്‌സിന്റെ മുതലാളിത്ത വിമർശനങ്ങളെ സൈദ്ധാന്തികമായി സ്വാധീനിക്കുന്ന നിരീക്ഷണങ്ങൾ ഇതിലുണ്ട് എന്ന് പറയാൻ കഴിയില്ല. മുരളിയുടെ പുസ്തകത്തിൽ ഈ കുറിപ്പുകൾ പരാമർശിക്കപ്പെടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. എങ്കിലും ജാതിയും ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട് മുരളി മുന്നോട്ടുവയ്ക്കുന്ന പല നിഗമനങ്ങൾക്കും ഈ കുറിപ്പുകൾ സാധൂകരണം നൽകുന്നുണ്ട്. ഇന്ത്യയിലെ യഥാസ്ഥിതിക മാർക്‌സിസ്റ്റുകളുടെ നിലപാടുകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ നിഗമനങ്ങളിൽ മുരളി എത്തുന്നത്. ആ അർത്ഥത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പുറത്തു നടന്നിട്ടുള്ള ചില മാർക്‌സിസ്റ്റ് വിമർശനങ്ങളെയും ഈ കുറിപ്പുകൾ ശരിവയ്ക്കുന്നു. ചില പോസ്റ്റ് കൊളോണിയൽ പഠനങ്ങളിലെ നിഗമനങ്ങളും ഇവയുമായി ചേർന്ന് പോകുന്നവയാണ് എന്ന കാര്യം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.

മാവോചിന്തയും പുതിയ കാലവും

മാവോയിസ്റ്റ് നിലപാടുകളുടെ ഉള്ളിൽനിന്നുകൊണ്ടാണ് മുരളി തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. മാവോയിസ്റ്റ് പാർട്ടിയെക്കുറിച്ചും സാംസ്‌കാരിക വിപ്ലവത്തെക്കുറിച്ചും സുദീർഘമായി മുരളി ഇതിൽ എഴുതുന്നുണ്ട്. മാർക്‌സിസത്തിന്റെ സർഗാത്മകത ബോധ്യപ്പെടുത്തുന്ന ഒട്ടനവധി ലേഖനങ്ങൾ മാവോയുടെതായുണ്ട്. ഒരു പക്ഷെ ലെനിനേക്കാൾ പാശ്ചാത്യലോകത്തെയും മൂന്നാംലോകത്തെയും മാർക്‌സിസ്റ്റുകളെയും ഉത്തരാധുനിക ചിന്തകരെയും ഒരുപോലെ ആകർഷിക്കാൻ കഴിഞ്ഞിട്ടുള്ളത് മാവോയുടെ രചനകൾക്കാണ്. സാംസ്‌കാരിക വിപ്ലവത്തിനുതന്നെ അകമഴിഞ്ഞ പിന്തുണയാണ് ഫ്രഞ്ച് ബൗദ്ധിക
മേഖലയിൽനിന്ന് അക്കാലത്തു ലഭിച്ചിരുന്നത്. ഫ്രഞ്ച് ചിന്തകനായ ഴാക് ലകാന്റെ (Jacques Lacan) പുത്രിയും പ്രമുഖ ഫ്രഞ്ച് മാവോയിസ്റ്റ് ചിന്തകയുമായ ജൂഡിത്ത് മില്ലെറും (Judith Miller) അലൻ ബാദ്യോയും (Alain Badiou) അടക്കം നിരവധി ദാർശനികരും മാവോചിന്തകളുടെ ആരാധകരാണ്. നോൺ- ഫിലോസോഫി എന്ന ശാസ്ത്ര ദാർശനിക സമീപനത്തിലൂടെ ശ്രദ്ധേയനായ ഫ്രഞ്ച് ചിന്തകൻ ഫ്രാൻസിസ് ലോറൽ, ബാദ്യോക്കെതിരെ എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ Anti-Badiou: The Introduction of Maoism in Philosophy എന്നാണ് .

എന്നാൽ സാംസ്‌കാരിക വിപ്ലവം അതിന്റെ സൈദ്ധാന്തിക നിലപാടുകളിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെയും വിപ്ലവ പൂർത്തീകരണത്തിന്റെ വഴിയിൽ അത്തരം വൈരുദ്ധ്യങ്ങളെ നേരിടെണ്ടതിന്റെയും പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നുവെങ്കിലും അതിന്റെ പ്രയോഗവൽക്കരണം സൃഷ്ടിച്ച രാഷ്ട്രീയമായ അനിശ്ചിതത്വങ്ങൾ നിരവധിയാണ്. മാവോയിസ്റ്റ് മാർക്‌സിസ്റ്റ് പദ്ധതി ഒരു വശത്ത് വിപ്ലവത്തെയും മറു വശത്ത് ചൈനീസ് ഫ്യൂഡലിസത്തിന്റെ ചില നൈതിക കാർക്കശ്യങ്ങളെയും സ്വാംശീകരിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പാർട്ടി ഘടനയിലും പിന്നീട് സാംസ്‌കാരിക വിപ്ലവത്തിലും ഇത്തരം നൈതിക വ്യവസ്ഥകൾ ശക്തമായി ഇടപെട്ടിരുന്നു. വ്യക്ത്യനുഭവങ്ങളും സാമൂഹികമായ അവ്യവസ്ഥകളും അനിശ്ചിതത്വങ്ങളും സൃഷ്ടിച്ച ആഘാതങ്ങളും ചെറുതായിരുന്നില്ല. മുരളി കൃത്യമായി ചൂണ്ടിക്കാട്ടുന്നതുപോലെ പാർട്ടിയും ബഹുജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോഗ്യകരമായ ഒരു ചർച്ചക്ക് തുടക്കം കുറിക്കാൻ സാംസ്‌കാരിക വിപ്ലവത്തിന് കഴിഞ്ഞു എന്നത് ആശയപരമായ അർത്ഥത്തിൽ ശരിയായിരിക്കുമ്പോൾതന്നെ അതിന്റെ പ്രയോഗരീതികൾ ആശാസ്യമായിരുന്നോ എന്ന പര്യാലോചനയും തീർച്ചയായും ആവശ്യമാണ്.

മൂന്നംലോകവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ കൊളോണിയൽ തീസിസുകളുടെ പരിമിതികളിൽനിന്ന് വിമുക്തമാക്കി ക്രിയാത്മകമായ ഒരു വിപ്ലവപദ്ധതി ചൈനീസ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വിജയിപ്പിക്കാൻ കഴിഞ്ഞു എന്നത് മാവോയുടെ സംഭാവനയാണ്. വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദാർശനിക നിഗമനങ്ങൾ രണ്ടു ഘട്ടമായിട്ടാണ് വികസിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഒന്ന് വിപ്ലവപൂർവഘട്ടത്തിലും രണ്ടാമത്തേത്​വിപ്ലവാനന്തരഘട്ടത്തിലുമാണ്. "വൈരുദ്ധ്യങ്ങളെക്കുറിച്ച്' എന്ന ആദ്യലേഖനം 1937-ലും "ജനങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്' എന്ന ലേഖനം 1957-ലുമാണ് എഴുതുന്നത്. ശത്രുതാപരമായ വൈരുദ്ധ്യങ്ങളും സാധാരണ വൈരുദ്ധ്യങ്ങളും എന്ന വേർതിരിവിലൂടെ അദ്ദേഹം വൈരുദ്ധ്യചിന്തക്ക് ഒരു പുതിയ മാനം നൽകുന്നുണ്ട്. ലെനിന്റെ നിഗമനങ്ങൾ തന്നെയാണ് മാവോക്ക് ഇതിൽ വഴികാട്ടി ആവുന്നത്. ഭൗതികവാദ വൈരുദ്ധ്യചിന്തയുടെ വലിയൊരു മുന്നേറ്റം ആദ്യലേഖനത്തിൽ ഉണ്ടെങ്കിലും അതിന്റെ സ്വാഭാവിക വികാസമായി രണ്ടാമത്തെ ലേഖനത്തെ കാണുവാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സരോജ് ഗിരി മാവോയുടെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനത്തിന് അൽത്തൂസർ നൽകിയ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ഹെഗേലിയനല്ലാത്ത, സ്പിനോസിസ്റ്റ് സമീപനം സ്വീകരിക്കുന്ന, ഒരു ദാർശനിക നിലപാടാണ് വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ മാവോ സ്വീകരിക്കുന്നത് എന്നത് അൽത്തൂസർ പറയുന്നുണ്ട്. എന്നാൽ ഈ രണ്ടു ലേഖനങ്ങളിലെയും സമീപനങ്ങളിലെ വ്യത്യസ്തമായ ഊന്നലുകളെക്കുറിച്ചാണ് തുടരന്വേഷണങ്ങൾ ഇപ്പോൾ ആവശ്യമായിട്ടുള്ളത്. സരോജ് ഗിരിയും 1957-ലെ ലേഖനത്തെ സ്പർശിക്കാതെയാണ് മാവോയുടെ വൈരുദ്ധ്യവാദത്തെക്കുറിച്ചും പിന്നീട് സാംസ്‌കാരിക വിപ്ലവത്തെക്കുറിച്ചും പറയുന്നത്. സാംസ്‌കാരിക വിപ്ലവത്തിന് രണ്ടാം വൈരുദ്ധ്യവാദ ലേഖനവുമായുള്ള ബന്ധം അതുകൊണ്ടുതന്നെ അദ്ദേഹവും കാണാതെപോവുന്നു.

നവ ചൈന പ്രഖ്യാപനം നടത്തുന്ന മാവോ സേ തുങ്​

1937-ൽ മാവോ നടത്തുന്ന അന്വേഷണവും 1957-ൽ നടത്തുന്ന നിരീക്ഷണവും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്. ആദ്യത്തെത് വിപ്ലവ പൂർവഘട്ടത്തിലെ സാമൂഹികരൂപീകരണത്തിന്റെ സങ്കീർണതകൾ എങ്ങനെ അപഗ്രഥിക്കാം എന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ്. പ്രയോഗത്തെക്കുറിച്ച് എന്ന ലേഖനവുമായി ഇത് ചേർത്ത് വച്ച് വായിക്കേണ്ടതുണ്ട്. ശത്രുതാപരമായ വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്ന വിപ്ലവത്തെക്കുറിച്ചാണ് അതിൽ അദ്ദേഹം പരിചിന്തിക്കുന്നത്. എന്നാൽ രണ്ടാമത്തെ ലേഖനം വിപ്ലവാനന്തരഘട്ടത്തിൽ ശത്രുതാപരമായ വൈരുദ്ധ്യങ്ങൾ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു എന്നും എന്നാൽ അവ വീണ്ടും രൂപംകൊള്ളാതിരിക്കാൻ ജാഗ്രത വേണമെന്നും നിഷ്‌കർഷിക്കുന്നതാണ്. പിൽക്കാല സാംസ്‌കാരിക വിപ്ലവത്തിന്റെ ആദ്യസൂചനകൾ നൽകുന്ന ലേഖനങ്ങളിൽ ഒന്നാണിത്. വർഗവൈരുദ്ധ്യങ്ങളാണ് ആദ്യത്തെ ലേഖനത്തിന്റെ മുഖ്യവിഷയമെങ്കിൽ അന്യവർഗസ്വാധീനം സൃഷ്ടിക്കുന്ന സാമൂഹികമായ ചേരിതിരിവുകളാണ് രണ്ടാമത്തെ ലേഖനത്തിലെ മുഖ്യപ്രമേയം. ദാർശനികമായ അർത്ഥത്തിൽ ആദ്യത്തെ ലേഖനമാണ് പ്രധാനമെങ്കിലും വിപ്ലവ പ്രസ്ഥാനങ്ങളുടെ പിൽകാല ചരിത്രത്തിൽ വിപ്ലവാനന്തരഘട്ടത്തിലെ വൈരുദ്ധ്യങ്ങൾ എന്തോക്കെയാവണമെന്നും അവ എങ്ങനെയാണ് പാർട്ടി കൈകാര്യം ചെയ്യുക എന്നതും കൂടുതൽ പ്രായോഗിക പ്രാധാന്യം അർഹിക്കുന്നുണ്ട്. അതിനുകൂടി വിപ്ലവപൂർവഘട്ടത്തിൽ ഉത്തരം പറയാൻ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബാധ്യതയുണ്ടാകുന്നു.

മുരളിയെപ്പോലൊരു മാർക്‌സിസ്റ്റ് ജനാധിപത്യവാദി യാഥാസ്ഥിതിക സമീപനങ്ങളോടുള്ള തന്റെ വിമർശനപദ്ധതിയിൽ മാവോയുടെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള രണ്ടാം ലേഖനത്തിന്റെ രാഷ്ട്രീയ വിവക്ഷകൾ ചർച്ചചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്

ജനാധിപത്യത്തെക്കുറിച്ച് കോളനികളിൽ നിലനിന്നിരുന്ന ധാരണകൾ വിപ്ലവഘട്ടത്തിൽ റഷ്യയിൽ അതെക്കുറിച്ചുണ്ടായിരുന്ന ധാരണകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബൂർഷ്വാ ലിബറൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ കോളനികളിലെ ദേശീയ പ്രസ്ഥാനങ്ങൾ പലതും സ്വായത്തമാക്കിയിരുന്നു. അത്തരം ലിബറൽ ദേശീയ പ്രസ്ഥാനങ്ങൾ അധികാരത്തിലേക്ക് എത്തിയ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ അവയെ ജനാധിപത്യത്തിന്റെ സ്വാഭാവികരൂപമായാണ് കണ്ടിരുന്നത്. റഷ്യയിൽ അത്തരം സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. നരോദ്‌നിക്കുകളിൽനിന്ന് റഷ്യയിലെ രാഷ്ട്രീയമേധാവിത്തം പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയായി മാറിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് പിടിച്ചെടുത്തത്. അതിന്റെ ജനാധിപത്യ സ്വഭാവം ലെനിൻ കേന്ദ്രീകൃത ജനാധിപത്യമായി തുടക്കത്തിൽതന്നെ വ്യാഖ്യാനിച്ചിരുന്നു. അതിനെതിരെ അക്കാലത്തു റോസാ ലക്‌സംബർഗ് നടത്തിയ വിമർശനം അവഗണിക്കപ്പെടുകയായിരുന്നു. സാമാന്യ ജനങ്ങൾക്കിടയിൽ ലിബറൽ ജനാധിപത്യ ധാരണകൾ ശക്തമായി പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ യൂറോപ്പിലെപ്പോലെ രൂപംകൊണ്ടിരുന്നില്ല. എന്നാൽ അത്തരം മൂല്യങ്ങൾ സമൂഹമനസ്സിൽ വേരോടുകയും ഒരു കമ്യൂണിസ്റ്റ് വിപ്ലവം അധികാരം പിടിച്ചെടുക്കുകയും ചെയ്ത ചൈനയിൽ വിപ്ലവ വിരുദ്ധത എന്നാൽ റഷ്യയിലെപ്പോലെ കുലാക്കുകളുടെ പ്രതിലോമ പ്രത്യയശാസ്ത്രം മാത്രമാവില്ല എന്ന് മാവോ തിരിച്ചറിയുന്നു എന്നതാണ് വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള രണ്ടാം ലേഖനത്തിലേക്ക് മാവോയെ നയിക്കുന്നത്. സിവിൽ അവകാശങ്ങളെക്കുറിച്ചും ആശയ പ്രകാശന സ്വാതന്ത്ര്യത്തെക്കുറിച്ചും വിപ്ലവഭരണഘടന പറയുന്നുണ്ടെങ്കിലും അവ മുഖവിലക്കെടുത്തുകൊണ്ടല്ല മാവോ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രശ്‌നം രണ്ടാം ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. സ്വാതന്ത്ര്യം അരാജകത്വമല്ല എന്ന് സൂചിപ്പിച്ചു കൊണ്ട് മാവോ പറയുന്നത് ""ഈ സ്വാതന്ത്ര്യം നേതൃത്വത്തിന് കീഴിലുള്ള സ്വാതന്ത്ര്യവും ഈ ജനാധിപത്യം കേന്ദ്രീകൃത മാർഗനിർദ്ദേശത്തിനു വിധേയമായ ജനാധിപത്യവുമാണ്'' എന്നാണ്. വിപ്ലവത്തിന്റെ ശത്രുക്കൾക്കെതിരെ മാത്രമേ പാർട്ടി സ്വേച്ഛാധിപത്യം പ്രയോഗിക്കൂ എന്നും മറ്റുള്ളവരുടെ മേൽ കുറേക്കൂടി സൗമ്യമായ അധികാര പ്രയോഗമാണ് ഉണ്ടാവുകയെന്നും മാവോ പറയുന്നു.

വിയറ്റ്‌നാമിന്റെ ഫിനാൻഷ്യൽ സെന്ററായ ഹോചിമിൻ സിറ്റി

ഇത് വളരെ വേഗംതന്നെ സാധാരണ ലിബറൽ ജനാധിപത്യ സമൂഹങ്ങളിൽ കാണാത്ത ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. എന്താണ് ഭരണകൂടത്തിനു സ്വീകാര്യമായത്, അല്ലാത്തത് എന്നതിനെക്കുറിച്ച് നിയതമായ ഒരു ധാരണ സാമാന്യജനങ്ങൾക്ക് ഇല്ലാതെപോവുന്നു. ഭരണഘടനക്ക് അപ്പുറത്ത് ഒരു ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലെന്നപോലെ സ്വേച്ഛാപരവും ഏകപക്ഷീയവും, നിയമനിബന്ധനങ്ങളില്ലാത്തതുമായ നടപടികളും ശാസനകളും അനുശാസനങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യത തുറന്നിടന്നു. ഒരുപക്ഷെ സാംസ്‌കാരിക വിപ്ലവക്കാലത്തുണ്ടായ ഹിംസാത്മക രാഷ്ട്രീയ പ്രയോഗം ഈ രണ്ടാം ലേഖനത്തിന്റെകൂടി സംഭാവനയാണ് എന്ന് പറയേണ്ടിവരും. മുരളിയെപ്പോലൊരു മാർക്‌സിസ്റ്റ് ജനാധിപത്യവാദി യാഥാസ്ഥിതിക സമീപനങ്ങളോടുള്ള തന്റെ വിമർശനപദ്ധതിയിൽ മാവോയുടെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള രണ്ടാം ലേഖനത്തിന്റെ രാഷ്ട്രീയ വിവക്ഷകൾ ചർച്ചചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. ഹംഗറിയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഉണ്ടായ ജനകീയമുന്നേറ്റത്തെക്കുറിച്ചു 1957-ലെ ലേഖനത്തിൽ മാവോ നടത്തുന്ന നിഷേധപൂർണ്ണമായ നിരീക്ഷണങ്ങൾ മുരളി ഇപ്പോൾ പങ്കുവക്കുന്നുണ്ടാവും എന്ന് ഞാൻ കരുതുന്നില്ല.

ആധുനിക ജനാധിപത്യസമൂഹങ്ങൾ മൂലധനത്തിന് കീഴ്‌പ്പെട്ടു നിൽക്കുമ്പോൾപോലും സിവിൽ അവകാശങ്ങളുടെ സങ്കീർണമായ ഒരു ജനാധിപത്യ വ്യവഹാരം സിവിൽ സമൂഹത്തിനുള്ളിൽ രൂപപ്പെട്ടിട്ടുണ്ട്. അതിനോടുള്ള മുരളിയുടെ സഹഭാവം ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലും തെളിഞ്ഞുകാണാൻ കഴിയും. എന്നാൽ ഒരു മാവോയിസ്റ്റ് ചിന്തകൻ എന്ന നിലയിലുള്ള മുരളിയുടെ ബൗദ്ധികസ്ഥാനം സാംസ്‌കാരിക വിപ്ലവത്തെയും മാവോയിസ്റ്റ് രാഷ്ട്രീയത്തെയും ഈ പുതിയ സിവിൽ സമൂഹരാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽകൂടി പരിശോധിക്കാൻ നിർബന്ധിക്കുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിചിന്തനങ്ങളിൽ തീർച്ചയായും ഈ പ്രശ്‌നം കടന്നുവരേണ്ടതുണ്ട്. കാരണം നാം ജീവിക്കുന്നത് ഒരു പോസ്റ്റ്-മാവോയിസ്റ്റ് കാലത്തുകൂടിയാണെന്ന് പോസ്റ്റിസങ്ങളോടുള്ള മുരളിയുടെ എതിർപ്പിനിടയിലും ഞാൻ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. പൗരാവകാശം എന്നതിനോടുള്ള മാർക്‌സിസ്റ്റ് സമീപനത്തിൽ കൂടുതൽ വ്യക്തതയുണ്ടാവേണ്ടത് ഇന്നത്തെ ആശയലോകത്ത് അനിവാര്യമാണ്.

പുതിയ ചർച്ചകളും പഴയ ചർച്ചകളും

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രാധാന്യമായി എനിക്ക് തോന്നിയത് ഇതിൽ മുരളി നടത്തുന്ന യാഥാസ്ഥിതിക കമ്യൂണിസ്റ്റ് സമീപനങ്ങളുടെ കൃത്യമായ പൊളിച്ചെഴുത്തുകളാണ്. ആ അർത്ഥത്തിൽ മാവോയിസ്റ്റ് രാഷ്ട്രീയത്തിനുതന്നെ വ്യത്യസ്തമായ ഒരു ദിശാബോധം നൽകുന്ന കൃതിയാണിത് എന്ന് കാണാം. എന്നാൽ പഴയ ചർച്ചകളിൽനിന്ന് മുരളി കണ്ടെടുക്കുന്ന പാർട്ടിപരമായ, വിപ്ലവപദ്ധതി സംബന്ധിയായ സ്വയംവിമർശന നിഗമനങ്ങൾ ആധുനിക ജനാധിപത്യത്തിന്റെ നവസാമൂഹിക പരിസരത്ത് നിന്നുകൊണ്ടുകൂടി നിർവഹിക്കേണ്ടതുണ്ട്. ജാതി രാഷ്ട്രീയം പരിസ്ഥിതി രാഷ്ട്രീയം എന്നീ മേഖലകളിലെ നൂതനമായ മാർക്‌സിസ്റ്റ് പരിചിന്തനങ്ങളോട് മുരളി പുലർത്തുന്ന സഹഭാവം കൂടുതൽ തുറസ്സുകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുന്നതാണ്. ഗതാനുസാരിയായ ഒരു മാർക്‌സിസ്റ്റ് പുസ്തകമല്ല മുരളിയുടെ പരികൽപനകളും രീതികളും. അത് ഒരുവശത്ത് പുതിയ സാമൂഹ്യ വിചിന്തനങ്ങളോട് തീഷ്ണമായി സംവദിക്കുന്നതും മറുവശത്ത് പുതിയ നിരീക്ഷണങ്ങളിലൂടെ വ്യത്യസ്തമായ മാർക്‌സിസ്റ്റ് പരിചിന്തനങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതുമാണ്.

മറ്റൊരു കാര്യം ഈ പുസ്തകത്തിലെ രീതിശാസ്ത്രം ഉപയോഗിച്ച് മുരളി എങ്ങനെ സമകാല ഡിജിറ്റൽ മുതലാളിത്തത്തെക്കുറിച്ചുള്ള ചർച്ചകളെ നോക്കിക്കാണുന്നു എന്നതാണ്. ഡിജിറ്റൽ മുതലാളിത്തത്തെ കൂടുതൽ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള സമീപനം അന്റോണിയോ നേഗ്രി, മൈക്കിൽ ഹാർഡ്ട്ട് തുടങ്ങിയവർ വികസിപ്പിച്ച ഓട്ടൊണമസ് മാർക്‌സിസം മുന്നോട്ടുവച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ പോസ്റ്റ് ഇൻഡസ്ട്രിയൽ വിശകലനങ്ങളിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളിവർഗം ഡിജിറ്റൽ മുതലാളിത്തത്തിൽ ഒരു വിപ്ലവവർഗം തന്നെയാണ് എന്ന് ഓട്ടോണോമസ് മാർക്‌സിസം ഊന്നിപ്പറയുന്നുണ്ട്. എന്നാൽ തൊഴിലില്ലാത്തവരെയും വിദ്യാർത്ഥികളെയുമൊക്കെ ഈ വർഗത്തിൽ ഉൾപ്പെടുത്തിയാണ് ഓട്ടൊണമസ് മാർക്‌സിസ്റ്റ് വിശകലനങ്ങൾ മുന്നേറുന്നത്. ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് മാർക്‌സിസ്റ്റ് വിപ്ലവ രാഷ്ട്രീയത്തിന്റെ ഒരു പുനർവായനയാണ് അവർ ലക്ഷ്യംവക്കുന്നത്. ഡയർ വിത്‌ഫോർഡിന്റെസൈബർ മാർക്‌സ് (Cyber Marx) എന്ന പുസ്തകവും സൈബർ പ്രോലിറ്റെറിയറ്റ് (Cyber-Proletariat: Global Labour in the Digital Vortex) എന്ന പുസ്തകവും ഈ ചർച്ചകളെ ശക്തിയായി അടയാളപ്പെടുത്തുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച എന്റെ പുസ്തകത്തിൽ രണ്ടു അദ്ധ്യായങ്ങളിലായി ഈ പ്രശ്‌നങ്ങളെ സാമ്പ്രദായിക മാർക്‌സിസ്റ്റ് സമീപനങ്ങളുടെകൂടി പശ്ചാത്തലത്തിൽ പരിശോധിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് മാർക്സിസ്റ്റ് വിപ്ലവ രാഷ്ട്രീയത്തിന്റെ ഒരു പുനർവായനയാണ് ഓട്ടോണോമസ് മാർക്സിസം ലക്ഷ്യംവക്കുന്നത്

നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ചും ഓട്ടമേഷനെക്കുറിച്ചും പോസ്റ്റ്ഹ്യുമൻ ചിന്തകളെക്കുറിച്ചുമൊക്കെയുള്ള നൂതനമായ അന്വേഷണങ്ങൾ ഉണ്ടാകുന്ന പുതിയ സാഹചര്യത്തിൽ മുരളിയുടെ സമീപനം ആ മേഖലകളിലേക്ക്കൂടി വികസിപ്പിക്കുക എന്നത് വിശകലനങ്ങൾക്ക് വ്യക്തത വരുത്താൻ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

രീതിയെക്കുറിച്ചും പരികൽപ്പനകളെക്കുറിച്ചുമാണ് മുരളി വിമർശനാത്മകമായി ചിന്തിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രാധാന്യം നിഷേധിക്കാൻ കഴിയുന്നതല്ല. പുതിയ ആശയങ്ങളെ ഉൾക്കൊള്ളാനും വിശകലനം ചെയ്യാനും കഴിയുന്ന ഒരു ചട്ടക്കൂടാണ് ഈ പുസ്തകത്തിന്റെ നൂതനത്വം. പരമ്പരാഗത മാർക്‌സിസ്റ്റ് വിമർശനപദ്ധതികളുടെ നിഴലിൽനിന്ന് ചിലപ്പോഴെങ്കിലും കുതറിമാറാൻ മുരളി വിസമ്മതിക്കുന്നുണ്ടെങ്കിലും മുരളിയുടെ ദാർശനിക- സൈദ്ധാന്തിക വിമർശങ്ങൾ കരുത്തുറ്റവയാണ്. പോസ്റ്റ്കൊളോണിയൽ, പോസ്റ്റ്മോഡേണിസ്റ്റ് പോസ്റ്റ്അംബേദ്കറിസ്റ്റ് ചിന്തകർക്കും പ്രയോക്താക്കൾക്കും ഉപരിചർച്ചകൾക്ക് ആവശ്യമായ ഇന്ധനം ഇതിലുണ്ട് എന്നത് ഭാവിയിൽ കൂടുതൽ സംവാദങ്ങൾക്ക് കളമൊരുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ അവതാരികക്കപ്പുറം, കൂടുതൽ സജീവമായി ഈ വിഷയങ്ങൾ ചർച്ചചെയ്യാനുള്ള വ്യക്തിപരമായ സന്ദർഭങ്ങളെ ഞാനും മുൻകൂർ സ്വാഗതം ചെയ്യുകയാണ്.▮

(കെ. മുരളിയുടെ (അജിത്) ""പരികൽപ്പനകളും രീതിശാസ്ത്രവും'' എന്ന പുസ്തകത്തിന്റെ അവതാരിക. പ്രസാധനം : പുസ്തക പ്രസാധക സംഘം, കോഴിക്കോട്)


ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments