2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടെ നിലവിൽവന്ന തരൂർ 2011ലും 2016ലും എ.കെ. ബാലനാണ് ജയിച്ചത്. 2011ൽ ബാലന്റെ ഭൂരിപക്ഷം പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്നതായിരുന്നു; 25,756. 2016ൽ 23,068 വോട്ടായി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമോദാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചിറ്റൂർ നഗരസഭ അധ്യക്ഷയായിരുന്ന കെ.എ. ഷീബയാണ് കോൺഗ്രസ് സ്ഥാനാർഥി. 2014ൽ ആലത്തൂരിൽ ലോക്സഭാ സ്ഥാനാർഥിയായിരുന്നു ഷീബ. യുവനേതൃത്വങ്ങളുടെ ആവേശം മണ്ഡലം ഏറ്റുവാങ്ങിയിട്ടുണ്ട്.
സി.പി.എമ്മിന് ഉറച്ച വോട്ടുബേസുള്ള മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ ആറെണ്ണവും കുഴൽമന്ദം, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഒരു അട്ടിമറിയുടെ സാധ്യത ഇത്തവണ മണക്കുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രമ്യ ഹരിദാസിന് തരൂർ മണ്ഡലത്തിൽ 24,839 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.
തുടർച്ചയായി രണ്ടു തവണ ജയിച്ചതിനെതുടർന്ന് ബാലനെ മാറ്റി അദ്ദേഹത്തിന്റെ ഭാര്യ ഡോ.പി.കെ. ജമീലയെ മത്സരിപ്പിക്കുമെന്ന പ്രചാരണം തരൂരിന് വ്യാപക ശ്രദ്ധ നേടിക്കൊടുത്തു. സ്ഥാനാർഥിത്വം ചിലരുടെ തിരക്കഥയാണെന്നായിരുന്നു ബാലന്റെ നിലപാട്. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റാണ് ജമീലയുടെ പേര് നിർദേശിച്ചതെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതെല്ലാം ബാലൻ നിഷേധിച്ചു.
ജമീലയുടെ പേരുയർന്നുപ്പോൾ തന്നെ മണ്ഡലത്തിലെ സേവ് സി.പി.എം കാർ ഉണർന്നു: ""കുടുംബവാഴ്ച അറപ്പ്''എന്ന പോസ്റ്ററുകൾ മണ്ഡലത്തിലുടനീളം പതിഞ്ഞു. പോസ്റ്റിനുപിന്നിൽ ഇരുട്ടിന്റെ സന്തതികളാണ് എന്ന് ബാലനും തിരിച്ചടിച്ചു. ഒടുവിൽ ജമീലയുടെ നടക്കാതെ പോയ സ്ഥാനാർഥിത്വം ഒരു പാർട്ടി രഹസ്യമായി അവശേഷിക്കുന്നു. 2008ലെ പുനർനിർണയത്തലാണ് തരൂർ നിലവിൽ വന്നത്. പട്ടികജാതി സംവരണ മണ്ഡലമാണ്.