ഞങ്ങൾ, കണ്ണൂർ പുതിയാപ്പിളമാർക്ക് ഭാര്യയുടെ വീട്ടിൽ ഒരു മുറിയുണ്ട്. "മണിയറ'. അതുമായി ബന്ധപ്പെട്ട വിശദമായ ഒരു ലേഖനം "ഡൂൾ' ന്യൂസിൽ എഴുതിയതുകൊണ്ട് വീണ്ടുമെടുത്തു പറയുന്നില്ല. മണിയറ, പുതിയാപ്പിളമാരുടെ ഒരു സ്വതന്ത്ര ലോകമാണ്. അതു പോലെ ‘മാധ്യമം’ പത്രത്തിൽ സി.പി.എം. വിരുദ്ധതയ്ക്ക് മാത്രമായി ഒരു മണിയറയുണ്ട്. "മാധ്യമ'ത്തിലെ ആ സി.പി.എം വിരുദ്ധ മണിയറയിലെ പുതിയാപ്പിള സി.ദാവൂദ് ആണ്. "പുരോഗമനത്തിൽ മുസ്‌ലിം വിരുദ്ധതയ്ക്ക് ഒരു മുറിയുണ്ട്- ' എന്ന് സി. ദാവൂദ് ‘മാധ്യമ’ത്തിൽ എഴുതുന്നത്, ‘മാധ്യമ’ത്തിലെ ആ സി.പി.എം വിരുദ്ധ മണിയറയിലിരുന്നു കൊണ്ടാണ്. സംശയമില്ല, വിമർശിക്കാൻ ആയിരം കാരണങ്ങൾ മുന്നിലിട്ടു തരുന്ന പ്രസ്ഥാനമാണ് സി.പി.എം / അല്ലെങ്കിൽ ഇടതുപക്ഷം. എന്നാൽ, സി. ദാവൂദ് പറയുന്നവ കുടിലന്യായങ്ങളാണ്.
പുരോഗമനപരമെന്നു തോന്നുന്ന ഏതു വിഷയവും ചർച്ചക്കെടുക്കുമ്പോൾ എന്തുകൊണ്ടാണ് മലയാളി ഇസ്ലാമിസ്റ്റുകൾക്ക് ഹാലിളകുന്നത്? മാളിയേക്കൽ മറിയുമ്മയെക്കുറിച്ച് ഷഫീക്ക് താമരശ്ശേരി ഫേസ് ബുക്കിൽ ഒരു കുറിപ്പിട്ടപ്പോഴും ഈ ഇളക്കം പലരിൽ നിന്നുമുണ്ടായി. ഇസ്ലാമിന്റെ
രക്ഷാകർതൃത്വം "മുസ്‌ലിം പ്രസ്ഥാന ആണി'നാണ് എന്ന ബോധം കൊണ്ടാണ് ഈ ഹാലിളക്കം. ജെൻഡർ ന്യൂട്രാലിറ്റി എന്ന വാക്കു തന്നെ കുഴപ്പം പിടിച്ച ഒന്നാണ്. സ്വാതന്ത്ര്യം, സമത്വം, ലിംഗ തുല്യത - തുടങ്ങിയവ. വിശദീകരിച്ചു പോകുമ്പോൾ ഏതു മതവും സംഘടിത പ്രസ്ഥാനങ്ങളും അടി തെറ്റി വീഴാൻ സാധ്യതകൾ ഏറെയുള്ള അടരുകളുള്ള ഒരു പ്രയോഗമാണ്, ജെൻഡർ ന്യൂട്രാലിറ്റി. സ്കൂളിൽനിന്ന് യൂണിഫോം തന്നെ റദ്ദാക്കേണ്ട ഒരു ആശയമാണ് എന്ന ബദൽ ചിന്താധാരയുമുണ്ട്. ഇസ്ലാമായാലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായാലും ആൺ- പെൺ തുല്യതകളെക്കുറിച്ചുള്ള പ്രായോഗിക പാഠങ്ങളിൽ കട്ടപ്പൊകയാണ്.
മതങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും ഇപ്പോഴും പിച്ച വെക്കുന്ന ഒരാശയെത്തയാണ്, വസ്ത്രത്തിൽ ചുരുക്കിക്കെട്ടി അവതരിപ്പിക്കുന്നത് എന്നതാണ് അതിലെ വലിയ വിരുദ്ധോക്തികൾക്കും അതിശയോക്തി നിറഞ്ഞതോ ബാലിശമോ ആയ അവതരണങ്ങൾക്കുമുള്ള കാരണം. ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചർച്ചയിൽ സി. ദാവൂദും ഡോ. എം.കെ. മുനീറും "പ്രസ്ഥാന ആണു' ങ്ങളുടെ ബാലിശവും ഉത്കണ്ഠാകുലവുമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. അതുകേട്ട് കയ്യടിക്കേണ്ടവർ കൈയടിക്കട്ടെ. ലോകവും കാലവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഏതുതരം ആധുനികമായ മൂല്യങ്ങളെയും അവരവർ ജനിച്ചുവളരുന്ന മത സംസ്കാരങ്ങളുടെ (എന്നെന്നും നില നിൽക്കുന്നതും, ഒരു തരത്തിലുള്ള കുറ്റവും കുറവുമില്ലാത്തതുമായ ഇരുമ്പുലക്കാ വാദം) പരിസരങ്ങളിൽ നിന്ന് വായിക്കുമ്പോൾ, ഏതു ചർച്ചയും ആ മതത്തിനെതിരായ നീക്കമായി വായിക്കാൻ, അങ്ങനെ മുൻവിധികളോടെ വായിക്കേണ്ടവർക്ക് സാധിക്കും. ഏതു പ്രശ്നത്തിനും "ഇസ്ലാമിന്റെ മതപരമായ അംഗീകാരമാണ് ' വലുത് എന്നു കാണുന്നവർ, ആൺകോയ്മയാലുള്ള ആധിപത്യവാസനകളുള്ള ഒരു വ്യവസ്ഥയെ മാനസികമായി പുണർന്നവരാണ്. അത് സി. ദാവൂദ് ആയാലും ഡോ. എം.കെ. മുനീറായാലും.
ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ആശയങ്ങൾ അവരിലുണ്ടാക്കിയ ഉത്കണ്ഠകളും ആശയക്കുഴപ്പങ്ങളും ആ നിലയിൽ, "മുസ്‌ലിം പ്രസ്ഥാന ആണുങ്ങ'ളുടെ സംവാദത്തിന്റെ ഭൂമികയിൽ നിന്നുതന്നെ കാണാം. സ്കൂൾ യൂണിഫോം തന്നെ റദ്ദാക്കണം എന്ന ചിന്താധാരയുണ്ട് എന്നുപറഞ്ഞല്ലൊ. ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ച് പറയുമ്പോൾ നാം ഓർക്കേണ്ടത്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചു തുടങ്ങിയത്, മതത്തിനുപുറത്തുള്ള സംവാദങ്ങളിൽ നിന്നാണ് എന്ന കാര്യമാണ്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഉടമ്പടികൾ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്നവയാണ്. അതായത്, മതമല്ല, മതമല്ല, മതമല്ല - തുല്യത എന്ന ആശയത്തെ മനോഹരമായി നിർവ്വചിക്കാൻ ശ്രമിച്ചത്. എന്നാൽ, തുല്യതയെക്കുറിച്ച് അവയുടേതായ രീതിയിൽ, മതങ്ങൾ, പ്രത്യേകിച്ച് ഇസ്ലാം, അവ രൂപം കൊണ്ട ആ നൂറ്റാണ്ടുകളിൽ അന്നത്തെ ഗോത്രസമൂഹത്തെ മുന്നിൽ കണ്ട് നിസ്തുലമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിട്ടുമുണ്ട്.
സി. ദാവൂദിന്റെ ( പുരോഗമനപ്പനി പിടിച്ചവരുടെ പ്രോക്രൂസ്റ്റസ് കട്ടിൽ / 2022 ആഗസ്റ്റ് 8, 9 ) ലേഖനത്തിൽ "ഷാബാനു കേസ്' ഉദ്ധരിക്കുന്നുണ്ട്. ഈ ലേഖനത്തിലെ മാരകമായ വേർഷൻ അതാണ്. ‘മാധ്യമ’ത്തിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ കലർപ്പിലാത്ത പ്രചാരനാവുകയാണ് ഒരിക്കൽ കൂടി സി. ദാവൂദ്.
മുസ്ലിംലീഗും മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്ലാമിയും സുന്നികളും ഒരേ പളളികളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുനിന്നു നമസ്കരിച്ചതും സലാം വീട്ടിയതും ആ കാലത്താണ്. ജമാഅത്തെ ഇസ്ലാമിക്കാരനായ, വളരെ സൗമ്യനായ ഒരാളുടെ മുഖത്തേക്ക് മത്തിച്ചെല്ല് വലിച്ചെറിഞ്ഞ ഒരാൾ കമ്മിറ്റി അംഗമായ ഞങ്ങളുടെ നാട്ടിലെ പള്ളിയിലെ സ്‌റ്റേജിലും സുന്നികളോടൊപ്പം വഅള് ( മത പ്രസംഗം) പറയാൻ ജമാഅത്തെ ഇസ്ലാമിയിലെ വി. മൂസ മൗലവിക്ക് അവസരം കിട്ടിയത് "മുസ്‌ലിം പ്രസ്ഥാന ആണുങ്ങൾ' എപ്പോഴും ഉദ്ധരിക്കാറുള്ള "ശരീയത്ത് വിരുദ്ധ സമര' കാലത്താണ്. ഷാബാനുകേസ് കോടതി വിധിയെ "അങ്ങേയറ്റം സ്ത്രീവിരുദ്ധവും വിചിത്രവുമായ വിധിപ്രസ്താവം' എന്നാണ് സി. ദാവൂദ് വിശേഷിപ്പിക്കുന്നത്. തുടർന്ന് ദാവൂദ് എന്ന "മുസ്‌ലിം പ്രസ്ഥാന ആൺ' മതിമറന്ന് തുള്ളിച്ചാടുന്നത് പോലെ എഴുതുന്നു: വിവാഹമോചനം മോശം കാര്യമാണെന്നും വിധവകൾ ദുശ്ശകുനമാണെന്നുമുള്ള ഭാരതീയ സംസ്കാരത്തിന്റെ ബോധമണ്ഡലത്തിൽ നിന്നാണ് ആ കാമ്പയിൻ രൂപപ്പെടുന്നത്.
മനോഹരമായി തുടരുക , സാധ്യമല്ലെങ്കിൽ മനോഹരമായി പിരിയുക എന്നാണ് വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഖുർആൻ പറയുന്നത്. അത്തരമൊരു സമൂഹത്തിൽ വിവാഹ മോചിതരും വിധവകളുമെല്ലാം പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തി ജീവിതത്തെ ആഘോഷിക്കുന്നവരാണ്. അവരെ (വിധവകളെ എന്നായിരിക്കാം ) മുൻ ഭർത്താവിന്റെ ദയാദാക്ഷിണ്യത്തിൽ കെട്ടിയിടുന്ന വിചിത്ര വിധിയെ സംരക്ഷിക്കാനാണ് രാജ്യമാസകലം സി.പി.എമ്മുകാരും പുരോഗമനക്കാരും ഫെമിനിസ്റ്റുകളെല്ലാം തെരുവിലിറങ്ങിയത്.
ഇത് "പ്രബോധനത്തി'ലെ വരികൾ അല്ല, വായനക്കാർ തെറ്റിദ്ധരിക്കരുതേ. "മാധ്യമത്തി'ലെ ഒരു ലേഖനത്തിൽ നിന്നാണ്.
വിവാഹമോചിതരും വിധവകളുമെല്ലാം പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തി ജീവിതത്തെ "ആഘോഷിക്കുന്നവരാണ് ' എന്ന് സ്വയം മറന്ന്, സി.പി.എം. വിരുദ്ധതയിൽ തുള്ളിച്ചാടി സി. ദാവൂദ് എഴുതുമ്പോൾ "പുതിയ ബന്ധങ്ങൾ ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "മറ്റൊരു വിവാഹം' എന്നു തന്നെയായിരിക്കില്ലേ? അല്ലാതെ പ്രണയമോ വിവാഹേതര ലൈംഗിക ആഘോഷമോ സ്വവർഗാനുരാഗ ആഘോഷമൊന്നുമല്ലല്ലൊ? അതൊക്കെ "ഹറാ'മായതു കൊണ്ട് "പ്രസ്ഥാന ആൺ' ആയ ദാവൂദ്, മറ്റൊരു നിക്കാഹ് എന്നു തന്നെയായിരിക്കാം ഉദ്ദേശിച്ചത്.
എന്താണ് ഷാബാനു കേസ് (1985) എന്ന് ഇന്ന് എഴുതാനും വായിക്കാനുമറിയുന്ന തലയിൽ വെളിവുള്ള എല്ലാവർക്കുമറിയാം.
മധ്യപ്രദേശുകാരനായ മുഹമ്മദ് അഹമ്മദ് ഖാൻ 1932-ൽ ഷാബാനുവിനെ വിവാഹം ചെയ്യുന്നു. ആ ബന്ധത്തിൽ അഞ്ചു മക്കളുണ്ടായി. പിന്നീട് ഏതാണ്ട് ഇരുപത് വർഷം അവർ ഒന്നിച്ചുജീവിച്ചു. 1975-ൽ അയാൾ ഷാബാനുവിനെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീടവർക്ക് ചെലവിനും കൊടുത്തില്ല. 1978 ഏപ്രിലിൽ ജീവനാംശനത്തിനായി, Cr PC 125 വകുപ്പ് പ്രകാരം ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അവർ കേസ് ഫയൽ ചെയ്തു. കേസ് നടന്നു കൊണ്ടിരിക്കേ, 1978 നവംബറിൽ ഖാൻ, ഷാബാനുവിനെ മുത്തലാഖ് ചൊല്ലി. ആ സൂത്രത്തിലൂടെ, ഷാബാനു ബീഗം തന്റെ ഭാര്യയല്ലാത്തതിനാൽ, ജീവനാംശം അർഹിക്കുന്നില്ല എന്ന് ഖാൻ കോടതികളിൽ വാദിച്ചു.1979-ൽ മാസത്തിൽ 75 രൂപ ജീവനാംശമായി ഷാബാനുവിന് നൽകാൻ കോടതി വിധിച്ചു. അതിനെതിരെ, ഖാൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഖാന്റെ
അന്യായം തള്ളി എന്നു മാത്രമല്ല, ജീവനാംശം 179 രൂപ 20 പൈസയായി വർദ്ധിപ്പിച്ചു. അപ്പോൾ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന് ഹാലിളകുന്നു. അവർ കോടതിവിധിയെ ശക്തമായി എതിർത്തു. ഹൈക്കോടതി വിധിക്കെതിരെ ഖാൻ, സുപ്രീംകോടതിയിൽ പോയി. എന്നാൽ, ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ചു തന്നെ, ഷാബാനുവിന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതിയിൽ വിധിയുണ്ടായി.
ഷാബാനു എന്ന വനിത എങ്ങനെ ജീവിതം ആഘോഷിക്കുമെന്നാണ് നാം കരുതേണ്ടത്? വാസ്തവത്തിൽ അവർ നിർഭയയായി പുരുഷ ഇസ്ലാമിനെ ചോദ്യമുനയിൽ നിർത്തി. അന്ന് പരാജിതരായ മുസ്‌ലിം പ്രസ്ഥാന ആണുങ്ങൾക്ക് ഇപ്പോഴും ഷാബാനുവിനോടുള്ള കലിപ്പ് തീരുന്നില്ല. ‘മാധ്യമ’ത്തിലെ സി.പി.എം വിരുദ്ധ മുറിയിലിരുന്ന് ദാവൂദ്, താങ്കൾ, മരിച്ചുപോയ ആ ചരിത്രവനിതയുടെ മുഖത്ത് തുപ്പരുത്, പ്ലീസ്.
ശീതീകരിച്ച ആ മുറിയിലിരുന്ന് എഴുതുന്നതിനേക്കാൾ എത്രയോ ചൂടുണ്ട് ചരിത്രത്തിന്.